ക്വാറിമാഫിയക്കുമുന്നില്‍ മുട്ടുകുത്തുന്ന സര്‍ക്കാരും പ്രസ്ഥാനങ്ങളും
ഇതിനെല്ലാം ഒരു മറുവശം കൂടിയുണ്ട്. അമിതമായതും ഭീമാകാരത്തിലുള്ളതുമായ കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് കേരളമെങ്ങും നടക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്രമാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്.
ഉരുള്‍പൊട്ടലുകളെ തുടര്‍ന്ന് സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പരിപൂര്‍ണ്ണമായും പിന്‍വലിച്ച നടപടി ദുരന്തങ്ങളില്‍ നിന്നു പോലും ഒരു പാഠവും പഠിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമാണ്. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകളില്ലാത്തതിനാലാണ് പിന്‍വലിച്ചതെന്നാണ് വിശദീകരണം. പുത്തുമലയിലും കവളപ്പാറയിലും അടക്കമുണ്ടായ ഉരള്‍പൊട്ടലടക്കം സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ കാരണമായി കെഎഫ്ആര്‍ഐ അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങള്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത് ക്വാറികളുടെ പ്രവര്‍ത്തനമായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ 9-ാം തീയതി സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചത്. എന്നാല്‍ അപകടകരവും അനധികൃതവുമായ ക്വാറികള്‍ വിശദമായ പരിശോധനക്കുശേഷം മാത്രം തുറക്കുക എന്ന നയം പോലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നത് ക്വാറിമാഫിയയുടെ സ്വാധീനത്തെ തന്നെയാണ് വ്യക്തമാക്കുന്നത്.
കേരളം നേരിടുന്ന ഏറ്റവും രൂക്ഷമായ പാരിസ്ഥിതിക ദുരന്തമേതെന്നു ചോദിച്ചാല്‍ അതു ക്വാറികള്‍ സൃഷ്ടിക്കുന്നതാണ്. അധികൃതവും അനധികൃതവുമായി 6000ത്തോളം ക്വാറികളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അവയില്‍ 750ഓളം മാത്രമേ അധികൃതമായവ ഉള്ളു എന്നാണ് കെ എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ക്വാറികളില്‍ ഭൂരിഭാഗവും പരിസ്ഥിതി ദുര്‍ബ്ബലമേഖലയായ പശ്ചിമഘട്ടത്തില്‍ തന്നെ. ഇന്നു സംസ്ഥാനത്തു ഏറ്റവും ശക്തമായ ജനകീയ സമരം നടക്കുന്നതും ക്വാറികള്‍ക്കെതിരെ തന്നെ. പണത്തിന്റേയും രാഷ്ട്രീയത്തിന്റേയും മറ്റു സാമൂഹ്യവിരുദ്ധ ശക്തികളുടേയും പിന്‍ബലത്തില്‍ ജനകീയ സമരങ്ങള്‍ക്കെതിരെ ഏറ്റവും കടന്നാക്രമണങ്ങള്‍ നടക്കുന്നതും ഈ മേഖലയില്‍ തന്നെ. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കുപോലും ക്വാറിമാഫിയുമായുള്ള ബന്ധത്തെ പറ്റി പത്തനംതിട്ട മുന്‍ എസ് പി രാഹുല്‍ നായര്‍ പരസ്യമായി തന്നെ പറഞ്ഞിരുന്നല്ലോ. അതേസമയം വികസനമെന്ന പേരില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല എന്നത് വേറെ കാര്യം. എന്നാലും യഥാര്‍ത്ഥത്തില്‍ ആവശ്യമായതിനേക്കാള്‍ പലമടങ്ങാണ് ധൂര്‍ത്തിനായി ഖനനം നടത്തുന്നെന്നതും വസ്തുതയാണ്. പുഴകളില്‍ നിന്നുള്ള മണലെടുക്കല്‍ നിരോധിച്ചപ്പോള്‍ ക്വാറിമണല്‍ അതിന്റെ സ്ഥാനം കയ്യടക്കിയതോടെ കാര്യങ്ങള്‍ നിയന്ത്രണാതാതമായി തീര്‍ന്നു.
ഇന്ന് കേരളത്തില്‍ മലയിടിച്ചിലിനും ഉരുള്‍പൊട്ടലിനും പ്രധാന കാരണമാകുന്നത് ക്വാറികളാണ്. രാജ്യമെങ്ങും കനത്ത മഴയുണ്ടായിട്ടും മലയിടിച്ചിലും ഉരുള്‍ പൊട്ടലും ഉണ്ടായത് പ്രധാനമായും പശ്ചിമഘട്ടത്തിലാണെന്നത് ഈ പ്രദേശത്തിന്റെ ദുര്‍ബ്ബലാവസ്ഥ തന്നെയാണ് വെളിവാക്കുന്നത്. മറുവശത്ത് ഭൂഗര്‍ഭ ജലവിതാനം താഴാനും വരള്‍ച്ച രൂക്ഷമാകാനും ഇത് കാരണമാകുന്നു.
ക്വാറികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഒരുപാടുണ്ട്. അതെല്ലാം പക്ഷെ ക്വാറിയുടമകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയവയാണ്. സമീപത്തെ ജനങ്ങളുടെ ദുരന്തങ്ങളോ പാരിസ്ഥിതിക പ്രത്യാഘാതങ്ങളോ ഒരു നിയമത്തിലും കാര്യമായി പരിഗണിച്ചിട്ടില്ല. നിരവധി സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം 2015ല്‍ തയ്യാറാക്കിയ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിഗല്‍ മൈനിംഗിനുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍പോലും ഇക്കാര്യങ്ങള്‍ കാര്യമായി പരിഗണിച്ചിട്ടില്ല. തുടങ്ങുന്നതിനുമുമ്പെ പബ്ലിക് ഹിയറിംഗ് നടത്തുന്നതുമുതല്‍ പരിസ്ഥിതിക്കു ഭീഷണിയായ എന്തും തുടങ്ങുമ്പോള്‍ സ്വാഭാവികയമായും നടത്തേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കുന്നില്ല. കേരളത്തേക്കാള്‍ ജനസാന്ദ്രത കുറഞ്ഞ തമിഴ്‌നാട്ടില്‍ പോലും ജനവാസസ്ഥലങ്ങലില്‍ നിന്ന് 300 മീറ്റര്‍ അകലെയാകണം ക്വാറി. എന്നാലിവിടെയത് 50 ഉം 100 ഉം മീറ്ററാണ്. 5 ഹെക്ടറിനു മേല്‍ വിസ്തീര്‍ണ്ണമുള്ള ക്വാറികള്‍ക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. ക്വാറികള്‍ പ്രവര്‍ത്തിക്കേണ്ടത് രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ. കുഴിക്കാവുന്ന ആഴം പരമാവധി 20 അടിമാത്രമായിരിക്കണം. കുഴികള്‍ ഖനനം കഴിഞ്ഞാല്‍ മൂടുക. ചുറ്റും വേലി കെട്ടി തിരിക്കല്‍, വെട്ടിമാറ്റേണ്ടി വരുന്ന മരങ്ങളുടെ 10 മടങ്ങ് വെച്ചുപിടിപ്പിക്കല്‍ .പൊടിയും ശബ്ദവും നിയന്ത്രിക്കുവാന്‍ സംവിധാനം (സ്പ്രിംഗലര്‍ പ്രവര്‍ത്തനം ശബ്ദം 55 ഡസിബല്‍ മുകളില്‍ ഉണ്ടാകരുത് ) 8 മീറ്റര്‍ വീതിയില്‍ കുറവുള്ള റോഡിലൂടെ 10 ടണ്‍ മുകളിലുള്ള ലോറി ഓടിക്കാതിരിക്കല്‍. ക്രഷര്‍ യൂണിറ്റുകള്‍ 150 മീറ്റര്‍ വീടുകളില്‍ നിന്നും അകലം പാലിക്കുക. അതിര്‍ത്തിയില്‍ 40 സെമി കനത്തില്‍ ഭിത്തി. ദൂരം 250 മീറ്റര്‍ ആണെങ്കില്‍ 23 സെ.മീ ഭിത്തി തീര്‍ക്കല്‍ എന്നിങ്ങനെ കടലാസിലുള്ള നിയമങ്ങളെല്ലാം നിരന്തരം കാറ്റില്‍ പറത്തപ്പെടുന്നു.
സ്വയംതൊഴില്‍ സംരംഭകര്‍ക്കും ചെറുകിടസംരംഭകര്‍ക്കും മറ്റും ഗുണകരമാകുമെന്നവകാശപ്പെടുന്ന ഏകാജാലകസംവിധാനം ഏറ്റവുമധികം ഇന്നുപയോഗിക്കുന്നത് ക്വാറിയുടമകളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വെറും നോക്കുകുത്തികളാണ്. അനുമതിയോടെ പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന ക്വാറികള്‍തന്നെ അനുമതിയുള്ളതിനേക്കാള്‍ എത്രയോ കൂടുതല്‍ ഖനനമാണ് നടത്തുന്നതെന്നത് പരസ്യമായ രഹസ്യമാണ്. പാരിസ്ഥിതിക അനുമതിയില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ 2013ല്‍ ഹരിത ട്രൈബ്യൂണല്‍ ശക്തമായി രംഗത്തു വന്നിട്ടുപോലും അതിനെയെല്ലാം ക്വാറിയുടമകള്‍ക്കായി തന്ത്രപൂര്‍വ്വം മറികടക്കുകയാണ് ഇരുമുന്നണി സര്‍ക്കാരുകളും ചെയ്യുന്നത്. ഹരിതട്രൈബ്യൂണല്‍ വിധിപ്രകാരം പാരിസ്ഥിതിക അനുമതി ലഭിക്കാത്ത ക്വാറികളടക്കം ഖനന കേന്ദ്രങ്ങള്‍ 2013 ആഗസ്റ്റ് അഞ്ചിനകം അടച്ചുപൂട്ടണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒപ്പം കേരളത്തിലെ ക്വാറികളെല്ലാം സമരത്തിലിറങ്ങി. നിര്‍മ്മാണമേഖലയുടെ സ്തംഭനാവസ്ഥ ചൂണ്ടികാട്ടി ഭരണപക്ഷവും പ്രതിപക്ഷവും ഈ സമരത്തെ പിന്തുണച്ചു. 2016ല്‍ സുപ്രിംകോടതിയും ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി ആവശ്യമാണെന്ന വിധി പ്രഖ്യാപിച്ചിു. എന്നാല്‍ 2012നുമുമ്പു പ്രവര്‍ത്തിച്ചിരുന്ന ക്വാറികളെ പാരിസ്ഥിതിക അനുമതിയില്‍ നിന്ന് ഒഴിവാക്കി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒരുലക്ഷം കോടിയുടെ ഖനനം നടക്കുമ്പോള്‍ സര്‍ക്കാരിനു ലഭിക്കുന്നത് 200 കോടി മാത്രമാണ്. എന്നിട്ടും ഇത്രയധികം ശുഷ്‌കാന്തി എന്തിനാണെന്നു വ്യക്തം.
പശ്ചിമഘട്ടത്തെ മൂന്നു സോണുകളായി തിരിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സോണ്‍ ഒന്നില്‍ ക്വാറികള്‍ പാടില്ല എന്നും രണ്ടില്‍ കര്‍ശനനിയന്ത്രണത്തോടെ നിലവിലെ ക്വാറികള്‍ തുടരാമെന്നും മൂന്നില്‍ കര്‍ശനനിയന്ത്രണത്തോടെ അത്യാവശ്യത്തിനുമാത്രം ക്വാറികള്‍ അനുവദിക്കാമെന്നാണ് പറയുന്നത്. എന്നാല്‍ അതിനെ അട്ടിമറിക്കുകയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചെയ്തത്. അതനുസരിച്ച് നിലവിലെ സംരക്ഷിതവന പ്രദേശങ്ങള്‍ മാറ്റി നിര്‍ത്തി എവിടേയും ക്വാറിയാരംഭിക്കാം. ചുരുക്കത്തില്‍ സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയും കേരളത്തിന്റെ പരിസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണിയും വായും കൃഷിയും കുടിവെള്ളവും നശിപ്പിക്കുകയും ഗുരുതരമായ ശബ്ദമലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന ക്വാറികളെ പിടിച്ചുകെട്ടാനുള്ള ആര്‍ജ്ജവമോ അതിനുള്ള നിയമങ്ങളോ ഇല്ല എന്നതാണ് സത്യം. അതിനെല്ലാം പുറമെയാണ് പട്ടയഭൂമിയില്‍ ഖനനമാരംഭിക്കാനുള്ള അനുമതി നല്‍കാനുള്ള നീക്കം നടക്കുന്നത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബിനാമികളാണ് പല പാറമടകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും സാധാരണക്കാരായ ജനവിഭാഗങ്ങളാണ് അനധികൃത ക്വാറികള്‍ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ക്ക് കേരളത്തിലെമ്പാടും ഇരകളായിത്തീര്‍ന്നുകൊണ്ടിരിക്കുന്നത്. കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളും (1969) ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വലിയ തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ അപര്യാപ്തമായിരിക്കുകയാണ്. ഇവ കാലോചിതമായി പരിഷ്‌കരിക്കുന്നതിന് പകരം പാറമട ലോബിക്ക് ഗുണകരമാകുന്ന തരത്തില്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതിക്കുപുറമേ എക്സ്പ്ലോസീവ് ലൈസന്‍സ്, ബ്ലാസ്റ്റ്മാന്‍ ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നല്‍കുന്ന ഡി ആന്‍ഡ് ഒ ലൈസന്‍സ് എന്നിവയെല്ലാം ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായിരിക്കെ ഇതിനെയെല്ലാം അഴിമതിയിലൂടെ മറികടക്കാന്‍ വന്‍കിട പാറമട മുതലാളിമാര്‍ക്ക് കഴിയുന്നു. ജില്ലാ അധികാരികള്‍ മുതലുള്ള പോലീസ് ഉദ്യോഗസ്ഥ സംവിധാനവും ക്വാറി മുതലാളിമാര്‍ക്കൊപ്പം നില്‍ക്കാന്‍ തുടങ്ങിയതോടെ പല സ്ഥലത്തും പ്രതിരോധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടും കേരളത്തിലെമ്പാടും ഒട്ടേറെ ജനകീയ സമരങ്ങള്‍ വന്‍കിട പാറഖനനത്തിനും ക്രഷര്‍ യൂണിറ്റുകള്‍ക്കുമെതിരെ അനുദിനം ഉയര്‍ന്നുവരുന്നുണ്ട്.
ഇതിനെല്ലാം ഒരു മറുവശം കൂടിയുണ്ട്. അമിതമായതും ഭീമാകാരത്തിലുള്ളതുമായ കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് കേരളമെങ്ങും നടക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്രമാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മുതല്‍ വീടുകള്‍ വരെ കൊട്ടാരസദൃശമായ മാളികകളാണ് ഉയരുന്നത്. ചിലവു ചുരുങ്ങിയ, പ്രകൃതിക്കനുയോജ്യമായ വീടെന്ന ലാറി ബേക്കറുടെ സന്ദേശമൊക്കെ നാം മറന്നു. അന്തസ്സിന്റെ പ്രതീകമാണ് ഇന്നു വീടുകള്‍. മാത്രമല്ല ലക്ഷകണക്കിനു വീടുകളും ഫ്‌ളാറ്റുകളുമാണ് പൂട്ടിക്കിടക്കുന്നത്. അവയുടെ ഉടമകള്‍ പലരും വിദേശത്താണ്. ഇത്തരമൊരു സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണത്തിലും അവയുടെ വലുപ്പത്തിലുമെല്ലാം നിയന്ത്രണം കൊണ്ടുവരാനുള്ള നിയമങ്ങള്‍ അനിവാര്യമാണ്. എല്ലാവരും ഒറ്റപ്പെട്ട കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുപകരം ഫ്‌ളാറ്റു നിര്‍മ്മാണം പ്രോത്സാഹിപ്പിക്കപ്പെടണം. കെട്ടിടനിര്‍മ്മാണത്തിനു ചുറ്റുപാടുമുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടെത്തണം. അത്തരത്തിലുള്ള നീക്കങ്ങലില്ലാത്തിടത്തോളം ക്വാറികള്‍ക്കെതിരെ സംസാരിക്കുന്നതില്‍ അര്‍ത്ഥമുണ്ടാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in