
എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍
കാസര്‍ഗോട്ടെ ദുരന്തങ്ങളുടെ ഉതച്തരവാദിത്തത്തില്‍ നിന്ന് എന്‍ഡോസള്‍ഫാനെ രക്ഷിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കാനുമുള്ള വന്‍ഗൂഢാലോചന നടക്കുന്നു എന്നുതന്നെ കരുതുന്നതില്‍ തെറ്റില്ല. ശാസ്ത്രീയമായിതന്നെ നടന്ന എത്രയോ പരീക്ഷണഫലങ്ങളെയാണ് ഇവര്‍ നിഷേധിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച പാലക്കാട്ടെ മുതലമടയിലും മറ്റും സമാന രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇവിടെ പ്രസക്തമാണ്.
തീരാത്ത ദുരിതങ്ങളുമായി കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ജീവിതം തള്ളിനീക്കുകയാണ്. വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളോ അവകാശങ്ങളോ ഇനിയും കിട്ടാത്ത അവര്‍ മുട്ടാത്ത വാതിലുകളില്ല. തലസ്ഥാനനഗരിയിലടക്കം പോരാട്ടം തുടരുകയാണ്. ഈ സാഹചര്യം തുടരുമ്പോഴാണ് അടുത്തയിടെ അവരുടെ ദുരിതങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനല്ല എന്ന പ്രചരണം വ്യാപകമായിരിക്കുന്നത്. ചില ശാസ്ത്ര – യുക്തിവാദ മൗലികവാദികളാണിത് തുടങ്ങി വെച്ചത്. പിന്നീട് പലരുമത് ഏറ്റെടുത്തു. എന്‍ഡോസള്‍ഫാന്റെ പേരുപറഞ്ഞ് തങ്ങളെ അപമാനിക്കുകയാണെന്നു ആരോപിച്ച് ഒരു സംഘടന തന്നെ രൂപം കൊണ്ടു. എന്‍ഡോസള്‍ഫാനെ വെള്ളപൂശുകയാണ് അവരുടെ ലക്ഷ്യം അതിനിടയിലാണ് എന്‍ഡോസള്‍ഫാനെ അനുകൂലിച്ചും ചില സാഹിത്യകാരന്മാരാണ് കള്ളപ്രചരണം നടത്തുന്നതെന്ന് ആരോപിച്ചും കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ സജിത് ബാബു തന്നെ രംഗത്തു വന്നത്. ഒരു വാരികയോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.
‘എന്‍ഡോസള്‍ഫാന്‍ കൈകൊണ്ട് തളിച്ച ആളുകള്‍ ഇപ്പോഴും കാസര്‍കോടുണ്ട്. അവര്‍ക്കെന്തുകൊണ്ടാണ് അസുഖം വരാത്തത്. അഗ്രികള്‍ച്ചറില്‍ ഡോക്ടറേറ്റ് കഴിഞ്ഞ് ആറര കൊല്ലം കാര്‍ഷിക ശാസ്ത്രം പഠിപ്പിച്ച ഞാന്‍ ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും വിശ്വസിക്കണോ? അതോ അംബികാസുതന്‍ മാങ്ങാടിനെപ്പോലുള്ള സാഹിത്യകാരന്‍മാര്‍ പറയുന്നത് വിശ്വസിക്കണോ. ഭരണഘടന പറയുന്നത് തന്നെ ശാസ്ത്രം വളര്‍ത്താനല്ലേ. അല്ലാതെ സാഹിത്യം വളര്‍ത്താനല്ല. സത്യം മാത്രമേ ജയിക്കാന്‍ പാടുള്ളൂ. ഇവിടെ ലിസ്റ്റുണ്ടാക്കിയ ഡോക്ടര്‍മാരെല്ലാം എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അതുണ്ടാക്കിയത്.
ഞാന്‍ പല ഡോക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ട്. അവരാരും പൊതുസമൂഹത്തിന് മുന്നില്‍ വന്ന് എന്‍ഡോസള്‍ഫാന്‍കൊണ്ടാണ് അസുഖമുണ്ടായതെന്ന് പറയില്ല. ഇവിടെ ആരും ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ശീലാബതിയെക്കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥ പോലുള്ളവ കേട്ട് ആളുകള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
നോവലുകളൊന്നും വായിച്ച് തീരുമാനമെടുക്കാന്‍ പറ്റില്ലല്ലോ. ശാസ്ത്രമാണ് മുന്നോട്ട് പോകേണ്ടത്. ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് സര്‍ക്കാരിന്റെ അഭിപ്രായമാണ് ഔദ്യോഗികമായി എന്റെ അഭിപ്രായം. പക്ഷേ, ഞാന്‍ ശാസ്ത്രീയതയില്‍ ഉറച്ചുനില്‍ക്കുന്നു.”
എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ നിന്നും പൊതുപ്രവര്‍ത്തകരില്‍ നിന്നും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് താനിങ്ങനെ പറഞ്ഞിട്ടില്ല എന്നദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ നടക്കുന്ന സമീപകാല പ്രവണതകളുടെ ദിശ ഇതാണ്. കാസര്‍ഗോട്ടെ ദുരന്തങ്ങളുടെ ഉതച്തരവാദിത്തത്തില്‍ നിന്ന് എന്‍ഡോസള്‍ഫാനെ രക്ഷിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കാനുമുള്ള വന്‍ഗൂഢാലോചന നടക്കുന്നു എന്നുതന്നെ കരുതുന്നതില്‍ തെറ്റില്ല. ശാസ്ത്രീയമായിതന്നെ നടന്ന എത്രയോ പരീക്ഷണഫലങ്ങളെയാണ് ഇവര്‍ നിഷേധിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച പാലക്കാട്ടെ മുതലമടയിലും മറ്റും സമാന രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇവിടെ പ്രസക്തമാണ്.
പുല്ലൂര്‍ ഗ്രാമത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെത്തുടര്‍ന്ന് ജീവിക്കാനാവാഞ്ഞതിനെ തുടര്‍ന്ന് കൃഷി ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മയാണ് ആദ്യമായി കോടതിയിലെത്തുന്നത്. മരുന്നു തളിച്ചു കഴിഞ്ഞാല്‍ ആ പ്രദേശത്തുകാര്‍ക്ക് പലതരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നതായി അവര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി നടന്നുവരുന്ന എന്‍ഡോസള്‍ഫാന്‍ പ്രയോഗമാണ് അതിനു കാരണമെന്ന് ആരും മനസ്സിലാക്കിയിരുന്നില്ല. ആയിടയ്ക്കാണ് അവര്‍ പുതിയ വീടിന്റെ പണി തുടങ്ങിയത്. പണിയുടെ മേല്‍നോട്ടത്തിനായി കേരളത്തിനു വെളിയില്‍ ജോലി നോക്കുകയായിരുന്ന മൂത്ത ജ്യേഷ്ഠനെ വിളിച്ചു വരുത്തുകയായിരുന്നു. പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു ജ്യേഷ്ഠന്‍, രണ്ടു വര്‍ഷത്തിനകം മാരകരോഗത്തിനടിമപ്പെട്ടു മരണത്തിനു കീഴടങ്ങി. സമാനമായ രോഗം പിടിപെട്ട് പലരും പിന്നീട് മരിച്ചു. അതോടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗമാണ് മരണങ്ങള്‍ക്ക് കാരണമെന്ന് അവരുറപ്പിച്ചു. ഹെലികോപ്ടര്‍ വഴിയുള്ള വിഷപ്രയോഗം കഴിഞ്ഞാല്‍ പിന്നെ മാസങ്ങളോളം അന്തരീക്ഷം മൂടല്‍മഞ്ഞ് പിടിച്ചപോലെയാണ്. മഴ വന്നാല്‍ മാത്രമാണ് അന്തരീക്ഷം ശുദ്ധമാകുന്നത്. അതുവരെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന വിഷാംശമാണ് അവിടത്തുകാര്‍ ശ്വസിച്ചിരുന്നത്. പിന്നെ സംശയിച്ചില്ല. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് അവര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഫലമുണ്ടായില്ല. 1994ലായിരുന്നു അത്. 1997 വരെ പരാതികള്‍ നല്‍കിക്കൊണ്ടിരുന്നു. പ്ലന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതരില്‍നിന്ന് പലതരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിക്കൊണ്ടിരിന്നു. ആ സാഹചര്യത്തിലാണ് 1997ല്‍ അവര്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കോടതി താല്‍ക്കാലിക വിധി പുറപ്പെടുവിച്ചത്. 2001ല്‍ കാസര്‍കോട് മുന്‍സിഫ് കോടതിയില്‍ ഡോ. മോഹന്‍കുമാര്‍, ദേവപ്പനായ്ക്, പരേതനായ മധുസൂദന ഭട്ട് എന്നിവര്‍ ചേര്‍ന്ന് മുളിയാര്‍ ബോവിക്കാനമടക്കമുള്ള പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളി നിര്‍ത്തണമെന്നാവശ്യപ്പെട്ട് അന്യായം ഫയല്‍ ചെയ്തു. താല്‍ക്കാലികമായി എന്‍ഡോസള്‍ഫാന്‍ പ്രയോഗം കോടതി നിരോധിച്ചു. സ്ഥിരമായി നിരോധിക്കാനായി ഡോ. മോഹന്‍കുമാര്‍ 2001ല്‍ ഹൈക്കോടതിയിലും അന്യായം ഫയല്‍ ചെയ്തു. എറണാകുളം തിരുവാംകുളത്തെ നേച്ചര്‍ ലവേഴ്സ് മൂവ്മെന്റും ഹൈക്കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു. ‘തണല്‍’ എന്ന സംഘടന എല്ലാവിധ സാങ്കേതിക സഹായങ്ങളും കേസ്സിന് നല്‍കി. സൗജന്യമായി വാദിക്കാന്‍ അഡ്വ. ഡെയ്സി തമ്പിയും തയ്യാറായി. അങ്ങനെയാണ് 2002ല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് കേരള ഹൈക്കോടതി താല്‍ക്കാലികമായി നിരോധിച്ചത്. കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റുകളില്‍ സൂക്ഷിച്ച 1500ഓളം ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ സീല്‍ ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. 2006 വരെ ആ സ്ഥിതി തുടര്‍ന്നു. 2006ല്‍ കേന്ദ്രസംഘത്തിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നു. ജനങ്ങളുടെ ഭീതിയും മറ്റും കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലറിലൂടെ എന്‍ഡോസള്‍ഫാന്‍ തളി നിരോധിച്ചു.
ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അന്യായം ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് 2011 മെയ് 13 മുതല്‍ എട്ടാഴ്ചത്തേക്ക് എന്‍ഡോസള്‍ഫാന്‍ വില്പനയും ഉപയോഗവും രാജ്യമാകെ നിരോധിച്ചു. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശവും സ്വാതന്ത്ര്യവും വ്യക്തമാക്കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലും മുന്‍കരുതലിന്റെ ഭാഗവുമായിരുന്നു ആ വിധി. അതോടൊപ്പം എന്‍ഡോസള്‍ഫാന്റെ ദോഷഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍, കാര്‍ഷിക കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് പഠനസമിതികള്‍ രൂപീകരിക്കുകയും അവയുടെ ഏകോപിതറിപ്പോര്‍ട്ട് എട്ടാഴ്ചക്കുള്ളില്‍ സുപ്രീംകോടതിക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നിരോധനത്തിനെതിരായി കേന്ദ്രഗവണ്‍മെന്റ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ ഉത്പാദനത്തിനായുള്ള ലൈസന്‍സുകള്‍ മരവിപ്പിക്കുകയും ചെയ്തു. 2011 സെപ്റ്റംബര്‍ 30നുണ്ടായ അന്തിമവിധിയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും ഉപയോഗവും രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിച്ചു.
ഇതെല്ലാം നടക്കുമ്പോള്‍ സമാന്തരമായി ജനകീയപ്രക്ഷോഭങ്ങളും നടന്നിരുന്നു. ആ ചരിത്രത്തിലേക്ക് പോകുന്നില്ല. ലോകത്തു പലയിടത്തും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഈ പ്രക്ഷോഭങ്ങള്‍ കാരണമാകുകയും ചെയ്തു.വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഇരകള്‍ ന്യായമായ നഷ്ടപരിഹാരത്തിനായുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഈ ഘട്ടത്തിലാണ് എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രചരണം വ്യാപകമാകുന്നതെന്നത് ശ്രദ്ധേയമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in