
ഗാസ : വംശമേധത്തിന്റെ മുഹൂര്‍ത്തങ്ങള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
പതിറ്റാണ്ടുകളായി പാലസ്തീന്‍ ജനതക്കുനേരെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ പൂര്‍വ്വാധികം ശക്തമായി തുടരുകതന്നെയാണ്. രണ്ടുവര്‍ഷം മുമ്പ് ഹമാസ് നല്‍കിയ തിരിച്ചടിക്കു പകരമായി ഇപ്പോഴും തുടരുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ടത് എഴുപതിനായിരത്തോളം പേര്‍. അവരില്‍ ഇരുപതിനായിരത്തോളം കുഞ്ഞുങ്ങള്‍. ഗാസ അക്ഷരാര്‍ത്ഥത്തില്‍ ചോരക്കളം. രണ്ടുവര്‍ഷം തികയുന്ന ഈ ദിവസം താല്‍ക്കാലികമായെങ്കിലും സമാധാനം സ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അക്കാര്യത്തില്‍ ഇതെഴുതുന്നതുവരേയും തീരുമാനമായിട്ടില്ല – കെ വിനോദ് ചന്ദ്രന്‍ എഴുതുന്നു.
ചരിത്രത്തിലിന്നേവരെ കാണാത്ത, സര്‍വ്വ ഭീകരതകളും സമാഹരിക്കപ്പെടുന്ന, പൈശാചികമായ ഒരു രക്തബലിവേദി ഇന്ന് ഗാസ. മനുഷ്യസാധ്യമായ സഹനത്തിന്റെ നെല്ലിപ്പടികളും കഴിഞ്ഞു. ക്രൂരതയുടെ അതിര്‍ത്തിരേഖകകളെല്ലാം തന്നെ ലംഘിക്കപ്പെട്ടു. വിശ്വമനസാക്ഷിയെ വെല്ലുവിളിച്ച് കൊണ്ട്, ലോകരാജ്യങ്ങളെയെല്ലാം വെറും കാണികളാക്കി മാറ്റിക്കൊണ്ട്, നമുക്ക് മുന്നില്‍ അരങ്ങേറുകയാണ് ഇന്നിതാ ഒരു മഹാനരമേധം: ശിശുമേധം. ജനമേധം, വംശമേധം. ഭാവിമേധം. ഒരു ജനത സ്വന്തം നാട്ടില്‍, ആക്രമിക്കപ്പെടുന്ന, കൂട്ടക്കൊലചെയ്യപ്പെടുന്ന, കുടിമുടിച്ചും കുടിയൊഴിച്ചും പുകച്ചും പുറത്താക്കപ്പെടുന്ന കാഴ്ച. ഡിജിറ്റല്‍ ക്യാമറകളുടെ, ചാനലുകളുടെ, പകല്‍വെട്ടത്തില്‍ നിര്‍വ്വികാരം നാം അത് കണ്ടു നില്‍ക്കുന്നു.
”ഇന്നത്ത ഭീകരത ഇന്നലത്തെ ഭീകരതയെ ഭീകരതയല്ലാതാക്കുന്നു” എന്ന് ഒരു മലയാള കവി പാടി (കെ.ജി.എസ്). ഗാസയെ സംബന്ധിച്ചിടത്തോളം അത് അനുനിമിഷം അക്ഷരാര്‍ഥം ശരിയായി ഭവിക്കുകയാണ്. ഓരോദിവസവും ഓരോ നിമിഷവും കൊല്ലപ്പെട്ടവരുടെ, പരുക്കേറ്റവരുടെ, ഒഴിപ്പിക്കപ്പെട്ടവരുടെ, തകര്‍ക്കപ്പെട്ടവയുടെ, എണ്ണം പെരുകുന്നു. ഓരോ നിമിഷവും കൊലക്കണക്ക് തിരുത്തിയെഴുതേണ്ടി വരുന്നു. ഇന്നലത്തെ യാതനകള്‍ ഇന്നത്തെ യാതനകള്‍ക്കു മുന്നില്‍ യാതനകളേ അല്ലാതാവുന്നു.
വടക്കന്‍ ഗാസയില്‍ അവശേഷിക്കുന്ന ലക്ഷക്കണക്കിന് പാലസ്തീനികളോട് ഉടന്‍ നാടുവിടുക അല്ലെങ്കില്‍ മരണം നേരിടുക എന്ന് ഇസ്രയേല്‍ സേന വിളംബരം ചെയ്തത് ഈ ഓഗസ്റ്റ് മാസമാണ്. ഗാസയില്‍ നരകത്തിന്റെ ഗേറ്റുകള്‍ മലക്കെത്തുറന്നിരിക്കുന്നു എന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി പ്രഖ്യാപിച്ചു. അതോടെ കഴിഞ്ഞ രണ്ട് കൊല്ലമായി (ഒരു നൂറ്റാണ്ടായി ഒളിഞ്ഞു തെളിഞ്ഞും) പാലസ്തീനില്‍ നടന്നു വന്ന വംശഹത്യായുദ്ധം അതിന്റെ ഉച്ചകോടിയില്‍, അന്തിമരൂക്ഷതയില്‍, എത്തിച്ചേര്‍ന്നിരിക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ശേഷിക്കുന്ന ഉന്നതമായ ടവറുകളും കെട്ടിടങ്ങളും ബോംബാക്രമണത്തില്‍ നിന്നനില്പില്‍ ഇടിഞ്ഞു പൊടിഞ്ഞു വീണ് പുകപടലങ്ങളാല്‍ മൂടപ്പെടുന്നത് ചാനലുകളില്‍ കാണാം. നിരവധി ആള്‍ക്കാര്‍ പാര്‍ക്കുന്ന ടവറുകളും ഫ്‌ളാറ്റുകളും, സ്‌കൂളുകളും, അഭയാര്‍ഥിക്യാമ്പുകളും ആശുപത്രികളും എല്ലാം തന്നെ ബോംബാക്രമണത്തില്‍ തകര്‍ക്കപ്പെട്ട് കൊണ്ടിരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങളുടെ ഇടയില്‍ മൂടപ്പെട്ടുപോയ കുട്ടികളുടെയും കുടുംബങ്ങളുടെയും എണ്ണം പെരുകുന്നു. വ്യോമാക്രമണത്തോടൊപ്പം നേരിട്ടുള്ള കരയുദ്ധവും നാവികയുദ്ധവും ആരംഭിച്ചു കഴിഞ്ഞു. യുദ്ധത്തോടൊപ്പം ഗാസയിലേക്കുള്ള ജല, ഭക്ഷ്യ, ഔഷധ, വൈദ്യുതി, വിതരണങ്ങളെ ഉപരോധിച്ചു കൊണ്ട് പട്ടിണിയും ക്ഷാമവും നിര്‍മ്മിച്ച് കൊണ്ട്, ആയിരക്കണക്കിനാള്‍ക്കാരെ, കുട്ടികളും സ്ത്രീകളും അടക്കം, മരണത്തിലേക്ക് നയിക്കുവാനും കുടിയൊഴിപ്പിക്കുവാനും ഇസ്രയേലിനിതിനകം കഴിഞ്ഞു. വംശഹത്യയ്ക്കായി വിശപ്പും ക്ഷാമവും ഉപയോഗിക്കപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ഘട്ടവും കഴിഞ്ഞു.
എന്താക്രമണം വന്നാലും നാടു വിട്ടു പോകില്ലെന്ന് ശപഥം ചെയ്ത ധീരരായ നാട്ടുകാരണവന്മാരും തളര്‍ന്നു. സ്വന്തം മണ്ണില്‍ അന്ത്യശ്വാസം വലിക്കണമെന്ന അന്തിമാഭിലാഷം പോലും പൊലിഞ്ഞു. സ്വന്തം നാട്ടില്‍ തുടരാനാകാതെ, എന്നാല്‍ വിട്ടുപോകാനാകാതെ ഒരു ജനത സ്തംഭിച്ചു നില്‍ക്കുന്നു. ഒരു നൂറ്റാണ്ടുകാലമായി പാലസ്തീന്‍ ജനതയെ അടിപ്പെടുത്തിയ കുടിയേറ്റ അധിനിവേശ ഭരണം സമഗ്രഭീകരരൂപിയായി ഇന്ന് ആക്രമണം കടുപ്പിച്ചിരിക്കുന്നു. സ്വന്തം നാട്ടില്‍, വേട്ടയാടപ്പെട്ടവരായി, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായി ജീവിതം താണ്ടിയവര്‍ ഇന്ന് രാജ്യമില്ലാത്തവരായി മരണത്തിലേക്ക് ഓടുന്നു. എല്ലാവഴികളും മരണത്തിലേക്ക് തുറക്കുന്നു. കുട്ടികളുടെയും ഗര്‍ഭിണികളായ സ്ത്രീകളുടെയും ബഹുകുടുംബങ്ങളുടെയും ശവപ്പറമ്പായി ഗാസ. മനുഷ്യസൃഷ്ടമായ നരകത്തിന്റെ തമോഗര്‍ത്തങ്ങള്‍ അതിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
ഗാസയെപ്പറ്റി എഴുതാന്‍ തുടങ്ങുമ്പോള്‍ വാക്കുകള്‍ സ്തംഭിക്കുന്നു, ചിന്ത വരളുന്നു, യുക്തി നിശ്ചലമാകുന്നു. ഒച്ചയില്ലാത്ത ഒരു മഹാവിലാപം, ക്രോധം, ശ്വാസത്തെ, ഞെരിക്കുന്നു. അര്‍ജ്ജുനന്റെ വിഷാദയോഗത്തിലെന്നപോലെ പ്രതിരോധത്തിന്റെ ഗാണ്ഡീവങ്ങള്‍, കയ്യില്‍ നിന്നൂര്‍ന്നു പോകുന്നു. വാക്കുകളുടെ, ചിന്തയുടെ, ഭാഷയുടെ യുക്തിയുടെ, മാനവിക സംസ്‌കൃതിയുടെ, ചരിത്രത്തിന്റെ വഴിമുട്ടലാണ് ഗാസ ഇന്ന്.
പ്രസിദ്ധ ജര്‍മ്മന്‍ ചിന്തകനായ തിയോഡര്‍ അഡോണ 1949 ല്‍ എഴുതി: ഓഷ്വിറ്റ്‌സിനു ശേഷം, കവിതയെഴുതുന്നത് സംസ്‌ക്കാരശൂന്യതയാണ്”. അതിനര്‍ഥം കവിത ഇനി മേല്‍ അസാദ്ധ്യമാണെന്നായിരുന്നില്ല. മറിച്ച് ഇനിമേല്‍ സ്വന്തം അസാദ്ധ്യതയെ, എഴുതാനാകായ്കയെ, മറികടന്നു കൊണ്ടേ ഇനി കവിത സാദ്ധ്യമാവുകയുള്ളൂ എന്നായിരുന്നു. മാത്രമല്ല ഓഷ്വിറ്റ്‌സിലെ ക്രുരനരഹത്യകള്‍ ഹെഗേലിയന്‍ തത്വചിന്തയുടെയും യൂറോപ്യന്‍ ജ്ഞാനോദയയുക്തിയുടെയും അന്ത്യം കുറിക്കുന്നു എന്ന് അഡോണയും മറ്റ് യൂറോപ്യന്‍ തത്വചിന്തകരും എഴുതി. മാനവികതയെപ്പറ്റിയുള്ള യൂറോപ്യന്‍ സ്വപ്നങ്ങള്‍, യൂറോകേന്ദ്രിതദര്‍ശനങ്ങള്‍, ആവിഷ്‌ക്കാരത്തിന്റെ, സാഹിത്യത്തിന്റെ, കലയുടെ, തത്വചിന്തയുടെ, പതിവു സങ്കേതങ്ങള്‍ എല്ലാം ഇതോടെ റദ്ദാക്കപ്പെടുന്നു എന്നര്‍ഥം. ഫാസിസത്തെ, വംശഹത്യാപ്രസ്ഥാനത്തെ, നേരിടാന്‍ പര്യാപ്തമായ പ്രതിരോധത്തിന്റെ ഒരു പുത്തന്‍ ദര്‍ശനം, സൗന്ദര്യ ശാസ്ത്രം, ഭാഷ, ഇനി കണ്ടെത്തപ്പെടേണ്ടതായി വരുന്നു എന്നും. ആധുനികതയുടെ നിയമങ്ങളെ ചോദ്യം ചെയ്യുന്ന പ്രതിരോധത്തിന്റെ കലയും, ഉത്തരാധുനിക ലോകവിമര്‍ശന ചിന്തയും, പ്രത്യക്ഷപ്പെടുന്നത് ഈ മാനവികപ്രതിസന്ധിയില്‍ നിന്നാണ്.
എന്നാല്‍ ഗാസയില്‍ ഇന്ന് ട്രമ്പിന്റെ ഒത്താശയോടെ ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം തുടര്‍ന്നു പോരുന്ന വര്‍ണ്ണ വിവേചനവും വംശഹത്യയും അതിനു യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ നല്‍കിയ നിശ്ശബ്ദ പിന്തുണയും ഈ പഴയ വിലാപങ്ങളെ അര്‍ത്ഥ ശൂന്യമായ വനരോദനങ്ങളാക്കി മാറ്റുന്നു. ഓഷ്വിറ്റ്‌സില്‍ നിന്ന് യൂറോപ്പുമാത്രമല്ല പൗരസ്ത്യരാജ്യങ്ങളും ഒന്നും പഠിച്ചില്ല എന്ന് ഗാസ വ്യക്തമാക്കുന്നു. മാത്രമല്ല ഹോളോക്കോസ്റ്റിനും ആന്റിസെമിറ്റിസിസത്തിനും ഫാസിസത്തിനും യൂറോപ്യന്മാര്‍ പ്രായശ്ചിത്തം ചെയ്തത് മറ്റൊരു ജനതയിലേക്ക്, പലസ്തീന്‍ എന്ന ഏഷ്യന്‍ ജനതയിലേക്ക് ഈ പാപഭാരം കൈമാറ്റം ചെയ്തുകൊണ്ടാണ്, അവരെ കുറ്റവാളികളെന്നു മുദ്രചുമത്തി, വേട്ടയാടിക്കൊണ്ടാണ്, അവരുടെ രാജ്യം അപഹരിച്ചു കൊണ്ടാണ്. ഈ മഹാപാതകത്തെപ്പറ്റി കാര്യമായ വിലാപങ്ങളൊന്നും തന്നെ യൂറോപ്പില്‍ നിന്നുയര്‍ന്നു വന്നില്ല. എന്നാല്‍ ജര്‍മ്മന്‍ ചിന്തകയായ ഹാനാ ആരന്റ് അന്ന് തന്നെ വിലപ്പെട്ട ചില സൂചനകള്‍ നമുക്ക് നല്കുന്നുണ്ട്: ”രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ഒരിക്കലും അവസാനിക്കില്ലെന്ന് കരുതപ്പെട്ട ജൂതപ്രശ്‌നം പരിഹരിക്കപ്പെട്ടതായി തോന്നിച്ചു-പ്രത്യേകിച്ച് അധിനിവേശം ചെയ്യപ്പെട്ട, പിന്നീട് കീഴടക്കപ്പെട്ട, ഒരു പ്രദേശത്തിലൂടെ. എന്നാല്‍ ഇത് ന്യൂനപക്ഷങ്ങളുടെയോ, രാഷ്ട്രരഹിതരുടെയോ പ്രശ്‌നങ്ങളൊന്നും തന്നെ പരിഹരിച്ചില്ല. മറിച്ച് നമ്മുടെ നൂറ്റാണ്ടിന്റെ മറ്റെല്ലാ സംഭവങ്ങളുമെന്ന പോലെ, ജൂതപ്രശ്‌നത്തിന്റെയും പരിഹാരം അഭയാര്‍ഥികളുടെ ഒരു പുതിയ തരം പ്രവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു:അറബികളെ. അങ്ങനെ രാഷ്ട്രരഹിതരുടെ എണ്ണം 700000 മുതല്‍ 800000 വരെ വരുന്ന ഒരു സംഖ്യയിലേക്ക് വര്‍ദ്ധിക്കുകയും ചെയ്തു.” ( The Origins of Totalitarianism {New York ; Harcourt Brace Jovanovich, 1973 ) , p. 290.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂതനും ഹോളോകോസ്റ്റിന്റെ അതിജീവകനുമായ നോര്‍മന്‍ ഫിങ്കെല്‍സ്റ്റെയിന്‍ പറയുന്നു: ഹോളോകോസ്റ്റിന്റെ ഓര്‍മ്മകളോടുള്ള ഏറ്റവും വലിയ നിന്ദ അതിനെ നിഷേധിക്കലല്ല പാലസ്തീന്‍ ജനതയ്‌ക്കെതിരേ വംശഹത്യ നടത്തുന്നതിനുള്ള ന്യായീകരണമായി അതിനെ ഉപയോഗിക്കലാണ്”. ആന്റിസെമിറ്റിസിസവും ഫാസിസ്റ്റുകാര്‍ നടത്തിയ ജൂതക്കൊലയുമെല്ലാം ഇന്ന് പാലസ്തീനിലെ വംശഹത്യയെ സാധൂകരിക്കുവാന്‍ ഇസ്രയേല്‍ ലോബികള്‍ ശ്രമിക്കുന്നു.
ആന്റിസെമിറ്റിസിസവും ഫാസിസവും ഹോളോകോസ്റ്റും ഒക്കെ യൂറോപ്പില്‍ മാത്രം ഒതുങ്ങിനിന്ന സംഭവങ്ങളായിരുന്നു അന്ന്. അത് ലോക മഹായുദ്ധത്തിലേക്ക് നയിച്ചെങ്കിലും അതിന്റെ പിഴ നല്‍കേണ്ടി വന്നത്, ഹിരോഷിമാ, നാഗസാക്കി തുടങ്ങിയ ഏഷ്യന്‍ നഗരങ്ങളിലെ ജനതയായിരുന്നു എന്നത് മറ്റൊരു കാര്യം. എന്നാല്‍ ഗാസയുടെ ദുരന്തം ഒരു ഏഷ്യന്‍ ജനതയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ മനുഷ്യരാശിയുടെ തന്നെ, പ്രതിസന്ധിയായി വേണം കരുതാന്‍. മനുഷ്യന്‍ എന്ന ആശയത്തിന്റെ , മനുഷ്യ ഭാവി എന്ന ആശയത്തിന്റെ പ്രതിസന്ധി. ആഗോളവല്‍ക്കരണം എന്ന ആശയത്തിന്റെ, ആഗോള ജ്ഞാന മുതലാളിത്തം, മനുഷ്യ വികസനം എന്ന സങ്കല്പങ്ങളുടെ അന്ത്യം. യൂറോപ്പും അമേരിക്കയും ജനാധിപത്യത്തിന്റെ, ലോക സമാധാനത്തിന്റെ, പുരോഗതിയുടെ, സംരക്ഷകരാണെന്ന വിശ്വാസത്തിന്റെ അന്ത്യം. വിവരസാങ്കേതികവിദ്യയും അത് സൃഷ്ടിച്ച വൈജ്ഞാനിക പുരോഗതിയും ഒന്നും മനുഷ്യരെ രക്ഷിക്കയില്ലെന്നും മറിച്ച് വംശഹത്യയുടെ സമ്പദ്വ്യവസ്ഥയെയാണ് ആഗോള കോര്‍പ്പറേറ്റുകള്‍ സൃഷ്ടിക്കുന്നതെന്നും ഗാസ നമ്മെ വിവേകികളാക്കുന്നു (ഫ്രാന്‍സെസ്‌കാ അല്‍ബെനീസിന്റെ [UN. Special rapporteur ] റിപ്പോര്‍ട്ട് നോക്കുക).
ഗാസയിലെ കുട്ടികളുടെ കൂട്ടക്കൊല യുദ്ധനീതിയെ മാത്രമല്ല നാഗരികതയുടെ അടിസ്ഥാന പ്രമാണങ്ങളെപ്പോലും വെല്ലുവിളിക്കുന്നതാണ്. കുട്ടികള്‍ മരിച്ചു വീഴുമ്പോള്‍ മരിച്ചു വീഴുന്നത് മനുഷ്യനില്‍ അവശേഷിക്കുന്ന നിഷ്‌ക്കളങ്കതയാണ് . ശൈശവനിഷ്‌ക്കളങ്കതയെപ്പറ്റിയും മനുഷ്യഭാവിയെപ്പറ്റിയും ഉള്ള നാഗരികമായ കരുതലുകളാണ്.പരിഗണനകളാണ്. പ്രാക്തനമായ ധാര്‍മ്മികമായ ഉടമ്പടികളാണ്. ലോക നീതിയുടെ നൈതികതയുടെ ഹനനമാണത്.
ഗാസയിലെ ഏകപക്ഷീയമായ യുദ്ധം, വംശ ഹത്യ, ഗാസയുടേതു മാത്രമായി ഒതുങ്ങുന്നതല്ല. ഗാസയെപ്പറ്റി നാം നിശ്ശബ്ദത ദീക്ഷിക്കുമ്പോള്‍ ലോകത്തില്‍ ഇന്ന് നടക്കുന്ന ഹീനവും ദാരുണവുമായ വംശമേധത്തിന്റെ, ശിശുമേധത്തിന്റെ, നിശ്ശബ്ദരായ കൂട്ടാളികളായി നാം മാറുകയാണ്. ഗാസയ്ക്ക് വേണ്ടി സംസാരിക്കുമ്പോള്‍, വിലപിക്കുമ്പോള്‍, വംശഘാതകരെ അവരുടെ കൂട്ടാളികളെ, ബഹിഷ്‌ക്കരിക്കുമ്പോള്‍, നാം വീണ്ടെടുക്കുന്നത് നമ്മുടെ നഷ്ടപ്പെട്ട നിഷ്‌ക്കളങ്കതയും നീതി ബോധവും കെട്ടുപോയ മനസ്സാക്ഷിയെയുമാണ്. ഗാസയെ പിന്തുണക്കുക എന്ന് നാം നമ്മുടെ ഭരണകൂടത്തോടും ലോകജനതയോടും ആവശ്യപ്പെടുമ്പോള്‍ അത് ഗാസയോട് നാം കാട്ടുന്ന ഔദാര്യമല്ല, അവശേഷിക്കുന്ന മനുഷ്യത്വത്തെ വീണ്ടെടുക്കുവാന്‍ നാം നടത്തുന്ന അന്തിമമായ ആത്മരക്ഷാപ്രവര്‍ത്തനമാണ്.