അധികാരത്തിലെ ലിംഗനീതിയും സാമൂഹ്യനീതിയും – ഹരികുമാര്‍
ദളിത് സ്ത്രീകളാണ് ഇന്ത്യനവസ്ഥയില്‍ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ജാതീയവും വര്‍ഗ്ഗപരവും ലിംഗപരവുമായ ചൂഷണം അവര്‍ നേരിടുന്നു. അതിനാല്‍ തന്നെ അവരെയായിരിക്കണം നാം പ്രാഥമികമായി അഭിസംബോധന ചെയ്യേണ്ടത്. ആ അര്‍ത്ഥത്തില്‍ ജാതിസംവരണമുള്‍പ്പെടുത്തി വനിതാസംവരണ ബില്‍ പാസ്സാക്കുകയാണ് വേണ്ടത്. അതിനാണ് ജനാധിപത്യവിശ്വാസികള്‍ ശബ്ദമുയര്‍ത്തേണ്ടത്. മാത്രമല്ല നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളിലും ഈ ഘട്ടത്തില്‍ സംവരണം അനിവാര്യമാണ്. അവരാണല്ലോ യഥാര്‍ത്ഥത്തില്‍ ഭരണത്തെ നിയന്ത്രിക്കുന്നത്. പാര്‍ട്ടി നേതൃത്വങ്ങളിലെ വനിതാ – ജാതി സംവരണം കൂടി ഉറപ്പാക്കുന്ന രീതിയിലാകണം ബില്‍ പാസ്സാക്കേണ്ടത്.
തീവണ്ടിയാത്രയില്‍ താന്‍ പരിചയപ്പെട്ട ഒരു യുവതിയുമായി നടത്തിയ സംഭാഷങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായ സുധാ മേനോന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റും അതെ തുടര്‍ന്ന് നടന്ന ചില ചര്‍ച്ചകളുമാണ് ഈ കുറിപ്പിനാധാരം. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ലിംഗനീതിയും സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നത്.
രാജസ്ഥാനിലെ ജോധ്പൂരിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ തുഷാര്‍ ഗാന്ധിയുടെ Let’s Kill Gandhi എന്ന പുസ്തകം വായിക്കുന്നതിനിടയില്‍ പരിചയപ്പെട്ട രാജസ്ഥാനിലെ പ്രശസ്തമായൊരു യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി അദ്ധ്യാപികയായ മധ്യവര്‍ഗ്ഗ നാഗരിക യുവതിയുമായി നടത്തിയ സംഭാഷണമാണ് സുധാ മേനോന്‍ പോസ്റ്റില്‍ വിവരിക്കുന്നത്. ചര്‍ച്ച ബജറ്റിലെത്തിയപ്പോള്‍ അതിന്റെ ഉള്ളടക്കത്തില്‍ താല്പര്യം കാണിക്കാത്ത അവര്‍ സംഭാഷണം നിര്‍മല സീതാരാമനിലും, സ്മൃതി ഇറാനിയിലും, ഫാബ് ഇന്ത്യ സാരികളിലും എത്തിച്ചു. അവരുടെ ഫോണ്‍ ഗ്യാലറി ശീമാട്ടിയുടെ ഷോറൂം പോലെ തോന്നിച്ചു. ചന്ദേരി, മഹേശ്വരി, ടസര്‍, ഇക്കത്ത്, ഗജി സില്‍ക്ക് , ജാംദാനി…എന്നിങ്ങനെ നീളുന്ന സുന്ദരമായ സാരികള്‍….ഇതൊക്കെ വാങ്ങിയോ എന്നു ചോദിച്ചപ്പോള്‍ ഭാവിയില്‍ വാങ്ങാന്‍ വേണ്ടി സെലക്ട് ചെയ്തതാണെന്നവര്‍ പറഞ്ഞു. പിന്നീട് ചര്‍ച്ച രാഷ്ട്രീയത്തെ കുറിച്ചായി. മോള്‍ പത്തു കഴിഞ്ഞാലുടന്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, presentable ആയ, articulate ചെയ്യുന്ന സ്ത്രീകള്‍ക്ക് നല്ല ഭാവിയുണ്ടെന്നും പത്തു വര്ഷം മുന്‍പ് നിര്‍മലാ സീതാരാമനെ ആരെങ്കിലും അറിയുമായിരുന്നോ? ആ തൃണമൂല്‍ MP എത്ര പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്, ബിജെപിയാണ് താല്‍പ്പര്യം എന്നിങ്ങനെ പോയി അവരുടെ സംഭാഷണം. തന്റെ വീട്ടില്‍ ബോര്‍ വെല്‍ ഉള്ളതിനാല്‍ കുടിവെള്ള പ്രശ്‌നമില്ലന്നും അവര്‍ കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ രാഷ്ട്രീയം ഇനി നിര്‍ണ്ണയിക്കുന്നതു ഇവരെ പോലുള്ള നാഗരിക – മധ്യ വര്‍ഗ വരേണ്യ കരിയറിസ്റ്റുകള്‍ ആയിരിക്കുമെന്നാശങ്കപ്പെട്ടാണ് സുധാമേനോന്‍ പോസ്റ്റവസാനിപ്പിക്കുന്നത്.
പാര്‍ലിമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം നടപ്പാക്കാനുള്ള ബില്‍ ഉടന്‍ പാസാക്കുക, തുല്ല്യ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തുല്ല്യപ്രാതിനിധ്യപ്രസ്ഥാനം എന്ന വാട്‌സ് ആപ് ഗ്രൂപ്പില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു. ഇത്തരത്തിലുള്ള സ്ത്രീകള്‍ അധികാരത്തിലെത്തിയാല്‍ അത് ശരിയായ അര്‍ത്ഥത്തില്‍ വനിതാ സംവരണമാകുമോ എന്ന ചോദ്യമാണ് ഉന്നയിക്കപ്പട്ടത്. വനിതാസംവരണമാകുമായിരിക്കും, പക്ഷെ തുല്ല്യപ്രാതിനിധ്യമാകില്ല എന്നുറപ്പ്. കാരണം പുരുഷന്മാരെ പോലെ വനിതകളും സാമൂഹ്യമായി വിഭജിക്കപ്പെട്ടു കിടക്കുകയാണ്. അതു പരിഗണിക്കാതെയുള്ള സംവരണത്തിലൂടെ എത്തിപ്പെടുക സാമൂഹ്യമായി ഉന്നതിയില്‍ നില്‍ക്കുന്ന ഇവരെ പോലുള്ളവര്‍ തന്നെയായിരിക്കും. അവിടെയാണ് സംവരണത്തിനകത്തെ സംവരണം എന്ന ആവശ്യം പ്രസക്തമാകുന്നത്.
സത്യത്തില്‍ വനിതാ സംവരണ ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിനു പറയപ്പെടുന്ന കാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നു കാണാം. ശക്തമായ തീരുമാനമെടുത്താല്‍ എന്തുവില കൊടുത്തും ബലം പ്രയോഗിച്ചും ബില്ലുകള്‍ പാസ്സാക്കിയ ചരിത്രമാണ് നമ്മുടെ ജനപ്രതിനിധി സഭകള്‍ക്കുള്ളത്. തെലുങ്കാന വിഭജന വിഷയത്തില്‍ പോലും നാമത് കണ്ടു. എന്നിട്ടാണ് കോണ്‍ഗ്രസ്സും ബിജെപിയുമടക്കം മിക്കവാറും പാര്‍ട്ടികളെല്ലാം പിന്തുണക്കുന്ന ബില്‍ പാസ്സാക്കാന്‍ കഴിയുന്നില്ല എന്നു പറയുന്നത്. യാഥാര്‍ത്ഥ്യം അതല്ല. ബില്‍ പാസ്സാക്കണമെന്നു പറയുന്നവര്‍ക്കും അതില്‍ ആത്മാര്‍ത്ഥതയില്ല എന്നതാണ് സത്യം. ഒരുപക്ഷെ സോണിയാഗാന്ധിക്കും സുഷ്മസ്വരാജിനും വൃന്ദാകാരാട്ടിനും ഉണ്ടായിരിക്കാം. എന്നാല്‍ ഇവരുടെ പാര്‍ട്ടിയിലെ പുരുഷ നേതാക്കള്‍ക്ക് ബില്ലിനോട് താല്‍പ്പര്യമില്ല. അതു മറിച്ചുവെക്കാനാണ് സംവരണത്തിനകത്തെ സംവരണം എന്ന ശരിയായ ആവശ്യമാണ് ബില്‍ പാസാകാന്‍ തടസ്സം എന്ന വാദം. എന്തുകൊണ്ടാണ് ഈ ആവശ്യത്തിനു നേരെ ബില്ലിന്റെ ശക്തരായ വക്താക്കള്‍ മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലില്‍ എഴുതി ചേര്‍ത്താല്‍ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പട്ടിക ജാതി – പട്ടികവര്‍ഗ – പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. ഇന്നത്തെ അവസ്ഥയില്‍ ബില്‍ പാസ്സായാല്‍ പാര്‍ലിമെന്റിലെത്തുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ.
വനിതാസംവരണ സീറ്റുകള്‍ നിശ്ചയിക്കുമ്പോള്‍ അതില്‍ പട്ടികജാതി – വര്‍ഗ്ഗ സംവരണ സീറ്റുകളും ഉണ്ടാകാമെന്നാണ് ഇതിനു ബില്ലിനെ പിന്തുണക്കുന്നവര്‍ പറയുന്ന മറുപടി. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അങ്ങനെ വരുന്നത് പക്ഷെ അവകാശമാകില്ലല്ലോ. അവകാശമായാണ് ഇക്കാര്യം അംഗീകരിക്കപ്പെടേണ്ടത്. ജനറല്‍ സീറ്റുകളില്‍ ദളിതരെ മത്സരിപ്പിക്കാത്തപോലെ, സ്ത്രീസംവരണ സീറ്റില്‍ ഒരു പാര്‍ട്ടിയും ദളിത് സ്ത്രീയെ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിക്കവയ്യ.
ബില്ലനുകൂലികളെന്നു പറയുന്നവരുടെ കാപട്യം വ്യക്തമാക്കാന്‍ ഒറ്റകാര്യം മാത്രം പരിശോധിച്ചാല്‍ മതി. ബില്‍ പാര്‍ലിമെന്റിലെത്തിയശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ എത്ര സ്ത്രീകള്‍ക്ക് സീറ്റുകൊടുത്തു എന്നതാണത്. ഈ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ മൂന്നിലൊന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരമൊരു ബില്‍പോലും ആവശ്യമില്ലല്ലോ. അധികാരത്തില സ്ത്രീപ്രാതിനിധ്യത്തില്‍ മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനും മുതലാളിത്ത രാഷ്ട്രമായ അമേരിക്കയും കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയും ഏറെ മുന്നിലാണെന്നു കൂടി ഓര്‍ക്കുക.
ലിംഗവിവേചനത്തിനും ജാതിവിവേചനത്തിനും സമാനതകള്‍ ഏറെയുണ്ട്. വര്‍ഗ്ഗ – ജാതി പരിഗണനകളില്ലാതെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങള്‍ നിരവധിയുണ്ടെന്നത് ശരി. അതേസമയം ദളിത് സ്ത്രീകളാണ് ഇന്ത്യനവസ്ഥയില്‍ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ജാതീയവും വര്‍ഗ്ഗപരവും ലിംഗപരവുമായ ചൂഷണം അവര്‍ നേരിടുന്നു. അതിനാല്‍ തന്നെ അവരെയായിരിക്കണം നാം പ്രാഥമികമായി അഭിസംബോധന ചെയ്യേണ്ടത്. ആ അര്‍ത്ഥത്തില്‍ ജാതിസംവരണമുള്‍പ്പെടുത്തി വനിതാസംവരണ ബില്‍ പാസ്സാക്കുകയാണ് വേണ്ടത്. അതിനാണ് ജനാധിപത്യവിശ്വാസികള്‍ ശബ്ദമുയര്‍ത്തേണ്ടത്. മാത്രമല്ലനമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളിലും ഈ ഘട്ടത്തില്‍ സംവരണം അനിവാര്യമാണ്. അവരാണല്ലോ യഥാര്‍ത്ഥത്തില്‍ ഭരണത്തെ നിയന്ത്രിക്കുന്നത്. പാര്‍ട്ടി നേതൃത്വങ്ങളിലെ വനിതാ – ജാതി സംവരണം കൂടി ഉറപ്പാക്കുന്ന രീതിയിലാകണം ബില്‍ പാസ്സാക്കേണ്ടത്.
നിര്‍ഭാഗ്യവശാല്‍ പല ഫെമിനിസ്റ്റ് പ്രവര്‍ത്തകരും ഈ വിഷയത്തെ സമഗ്രതയില്‍ കാണാന്‍ തയ്യാരാകുന്നില്ല. നിലവിലെ ബില്‍ എങ്ങനെയെങ്കിലും പാസാക്കിയാല്‍ മതിയെന്നു പറയുന്നവര്‍ തുല്ല്യ പ്രാതിനിധ്യം എന്ന ആശയം ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാത്തവരാണ്. തന്റെ കൂടെ യാത്ര ചെയ്ത ആ സ്ത്രീയെ പോലുള്ളവര്‍ അധികാരത്തില്‍ വരുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്ന സുധാമേനോനെ പോലുള്ളവരും ഒരു സ്വയം വിമര്‍ശനത്തിനു തയ്യാറാകണം. സാമൂഹ്യ അവസ്ഥയില്‍ അവരേക്കാള്‍ ഒട്ടും പുറകിലല്ല സുധാമേനോന്‍. പക്ഷെ താന്‍ അടിമുടി രാഷ്ട്രീയജീവിയാണെന്നും ശ്വസിക്കുന്നതുപോലും രാഷ്ട്രീയമാണെന്നും അവര്‍ പറയുന്നു. അതു ശരിയാണെങ്കില്‍ താനൊരു മേനോനാണെന്നു അവര്‍ ഓരോ നിമിഷവും പ്രഖ്യാപിക്കില്ല. കാര്യങ്ങള്‍ തുറന്നു പറയുന്ന ആ സ്ത്രീയില്‍ നിന്ന് സുധാമേനോനിലേക്കും വനിതാസംവരണത്തില്‍ ജാതി സംവരണം ഉള്‍പ്പെടുത്തേണ്ടതില്ല എന്നു വാദിക്കുന്നവരിലേക്കും വലിയ ദൂരമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in