
യുവജനപ്രക്ഷോഭങ്ങള്‍ക്ക് പിറകിലെന്ത്?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
അഴിമതി, സ്വജനപക്ഷപാതം, സാമ്പത്തികാസമത്വങ്ങള്‍, ഏകാധിപത്യ ഭരണവ്യവസ്ഥ, സാമൂഹിക, സാമ്പത്തിക ചൂഷണം തുടങ്ങിയവയ്‌ക്കെതിരായും, വിവേചനരഹിതവും, നീതിയുക്തവുമായ തിരഞ്ഞെടുപ്പുസംവിധാനങ്ങള്‍ക്കും, പുതിയ തൊഴിലവസരങ്ങള്‍ക്കുവേണ്ടിയും ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ കൂട്ടത്തോടെ തെരുവുകള്‍ കൈയടക്കി വരുന്ന പ്രവണതയാണ് നമുക്കിന്നു കാണാന്‍ കഴിയുന്നത്. പൊതുവില്‍ സമാധാനപരമായി അങ്ങിങ്ങായി തുടക്കം കുറിക്കുന്ന ഇത്തരം രോഷപ്രകടനങ്ങള്‍ ചിലപ്പോള്‍ അക്രമാസക്തമാകാറുണ്ട്. അഴിമതിക്കും, നീതിരാഹിത്യത്തിനും എതിരായി ഉയരുന്ന യുവജനരോഷപ്രകടനത്തിന് വഴിയൊരുക്കുന്നതും, ഉത്തേജകമാധ്യമമായി നിലകൊള്ളുന്നതും, സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളാണ്. ഒറ്റപ്പെട്ട നിലയില്‍ ഉയര്‍ന്നുവരുന്ന ഈവിധത്തിലുള്ള സാമൂഹ്യമാധ്യമ വേദികള്‍ വഴിയുള്ള പ്രതിഷേധങ്ങള്‍ ക്രമേണ സംഘടിതരൂപം കൈക്കൊള്ളുക എന്നത് സ്വാഭാവികം മാത്രമാണ്. ഒടുവില്‍ ഇത് ഭരണകൂടങ്ങളെ അട്ടിമറിക്കുന്ന സാഹചര്യങ്ങള്‍ വരെ സജ്ജമാക്കാറുെണ്ടന്നതിന് നമുക്കു മുന്നിലുള്ള ഏറ്റവുമൊടുവിലത്തെ അനുഭവം നേപ്പാളിലേതാണ്. യുവജനങ്ങള്‍ ഭരണകൂട അഴിമതിക്കെതിരായി തുടക്കംകുറിച്ച തികച്ചും സമാധാനപരമായ പ്രതിഷേധം ഏറ്റെടുത്തതോടെ ശക്തവും, വ്യാപകമാകുകയും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കുന്നതിലേക്കും, പ്രധാനമന്ത്രിയുടെ രാജിയിലേക്കും മാത്രമല്ല, രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിലെ ഉന്നതഭരണസിരാകേന്ദ്രങ്ങളിലുള്ള ഓഫിസുകളും, സുപ്രീംകോടതിയും തീയിട്ടു നശിപ്പിക്കുന്നതിലേക്കും വഴിയൊരുക്കുകയുണ്ടായി. യുവജനരോഷം, ഭരണക്രമത്തിനെതിരായിത്തന്നെയായിരുന്നു. പിന്നിട്ട രണ്ടു വര്‍ഷത്തിനിടെ, ലോകമാസകലം മില്യണ്‍കണക്കിന് യുവാക്കളാണ് തിരഞ്ഞെടുക്കപ്പെട്ട ജനായത്തസര്‍ക്കാറുകള്‍ക്കെതിരായി തങ്ങള്‍ക്കുള്ള അസംതൃപ്തിയും, രോഷവും പ്രകടപ്പിച്ച് തെരുവിലിറങ്ങിയത്. നിലവിലുള്ള ഭരണകൂടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനും അവര്‍ നടപ്പാക്കിവന്നിട്ടുള്ള ജനവിരുദ്ധരാഷ്ട്രീയത്തിനും, സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ നയപരിപാടികള്‍ക്കും ബദലുകള്‍ വേണമെന്ന അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്, അമേരിക്കയിലേയും, ഇംഗ്ലണ്ടിലേയും, ലാറ്റിനമേരിക്കന്‍, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലേയും കാമ്പസുകളിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും കൂട്ടായി നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇവ പകര്‍ന്നു നല്‍കിയ ആവേശം ഉള്‍ക്കൊണ്ടാണ് ചെറുതും വലുതുമായ ഏഷ്യയിലെ രാജ്യങ്ങളിലേക്കും ഈ പ്രതിഷേധജ്വരം പടര്‍ന്നുപിടിച്ചതെന്ന് വ്യക്തമാണ്.
ഇതിനിടെ സയണിസ്റ്റ് ശക്തികള്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്‍ബലത്തോടെ, ഫലസ്തീനികളെ മുഴുവന്‍ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിസ്സഹായരായ ഗസ നിവാസികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സൈനികനടപടികള്‍ക്ക് തുടക്കമിട്ടത്, ‘എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധ’ സമരപരമ്പരക്ക് മറ്റിടങ്ങളിലേക്കും വ്യാപിക്കാന്‍ ഇടം നല്‍കുകയും ചെയ്തു. അങ്ങനെ ഇന്തോനേഷ്യ, തുര്‍ക്കി, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭകരുടെ മുന്‍കൈയോടെയുള്ള പ്രതിഷേധം ആഞ്ഞടിച്ചു. ഇതേത്തുടര്‍ന്നാണ് 2022ല്‍ ശ്രീലങ്കയിലും, 2024ല്‍ ബംഗ്ലാദേശിലും നിലവിലിരുന്ന ഭരണനേതൃത്വങ്ങള്‍ രംഗം കാലിയാക്കാന്‍ നിര്‍ബന്ധിതമായതും താല്‍ക്കാലികമായെങ്കിലും പുതിയഭരണം നിലവില്‍ വന്നതും. നേപ്പാളില്‍ ഭരണമാറ്റമുണ്ടായത്, വെറും രണ്ടു നാള്‍ക്കകമാണ് എന്നത് നിസ്സാരമായി കാണരുത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈ അവസരത്തില്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്നൊരു ചോദ്യമുണ്ട്. ലോകമാസകലമുള്ള യുവജനതയ്ക്ക് ജനാധിപത്യഭരണ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നതിന്റെ സൂചനയാണോ ഇതെന്നതാണ് ഈ ചോദ്യം. നെല്‍സണ്‍ മണ്ടേല വിപ്ലവനേതൃത്വമേറ്റെടുത്തപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നില്ലേ? അതേത്തുടര്‍ന്നല്ലേ സര്‍വ്വകലാശാല ആ വിദ്യാര്‍ത്ഥിയെ കാംപസില്‍ നിന്നും പുറത്താക്കിയത്? മ്യാന്‍മറിലെ വിപ്ലവകാരി ഓങ്ങ്‌സാന്‍ സുചിയും, യുഎസ് പ്രസിഡന്റായ ബില്‍ക്ലിന്റണും രാഷ്ട്രീയത്തിലെത്തിയത് വിദ്യാര്‍ത്ഥിനേതാക്കളുടെ പദവികളില്‍ നിന്നുമായിരുന്നില്ലേ? സമാധാനപരമായ കാംപസ് രാഷ്ട്രീയ പ്രതിഷേധത്തിന്റെ നേതാക്കള്‍ക്ക് പുറമേ, ചൈനയില്‍ 1989ല്‍ നടന്ന ടിയാന്‍മെന്‍സ്‌ക്വയര്‍ കൂട്ടക്കുരുതിക്കിടെ ചൈനിസ് സൈനികവാഹനത്തിനു മുന്നില്‍, മരണത്തെ വെല്ലുവിളിച്ചുതന്നെ നിലയുറപ്പിച്ചതും കുറെപ്പേര്‍ക്കെങ്കിലും ഓര്‍മയുണ്ടാകും. ഇതിനുപുറമേ സമരചരിത്രത്തില്‍ ഇടംനേടിയ മറ്റൊരു സംഭവം, ഹോങ്കോങ്ങിലെ പൗരന്‍മാര്‍ ചൈനീസ് അധിനിവേശത്തിനെതിരേ ജനാധിപത്യാവകാശ പോരാട്ടത്തിന്റെ അടയാളമായി, 2024ലെ ‘അംബ്രലാമൂവ്‌മെന്റില്‍’ മഞ്ഞക്കുട ഉയര്‍ത്തിക്കാട്ടി രംഗത്തുവന്നതാണ്.
എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല. യുവാക്കളുടെ ഭരണവിരുദ്ധവികാരം പുതിയരൂപവും, ഭാവവും കൈക്കൊണ്ടിരിക്കയാണ്. അവര്‍ ഇപ്പോള്‍ ജനാധിപത്യവ്യവസ്ഥയ്ക്കുതന്നെ എതിരായൊരു നിലപാടിലേക്കാണ് ക്രമേണ നടന്നുനീങ്ങുന്നതെന്നു തോന്നുന്നു. ഈ നിഗമനത്തിന് ആധികാരികമായ അടിസ്ഥാനം ‘യുനിസെഫി’ന്റെ ഒരു പഠനറിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്നെയാണ്. 2024ല്‍ പുറത്തുവന്ന ഈ റിപോര്‍ട്ടില്‍ കാണുന്നത് 30 ലോകരാജ്യങ്ങളില്‍ നിന്നുള്ള 18മുതല്‍ 35വരെ വയസ്സുപ്രായമുള്ളവരില്‍ 57 ശതമാനം പേര്‍ മാത്രമാണ് ജനാധിപത്യവ്യവസ്ഥയില്‍ വിശ്വാസം രേഖപ്പെടുത്തിയതായി കാണാന്‍ കഴിയുന്നുള്ളൂ. അതേസമയം, 56 വയസ്സിനു മുകളിലുള്ളവരില്‍ ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ 71 ശതമാനം വരെയാണ്. മാത്രമല്ല, പ്രതിഷേധപ്രകടനങ്ങളുമായി തെരുവുകള്‍ കൈയടക്കുന്ന വിദ്യാര്‍ത്ഥികളുടെയും, അഭ്യസ്തവിദ്യരായ യുവാക്കളുടെയും എണ്ണം ഈ നൂറ്റാണ്ടായതോടെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയിരിക്കുകയാണെന്നും ഈ യുഎന്‍ ഏജന്‍സി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരമൊരു പ്രവണതയാണ്, ഈയിടെ ഭരണമാറ്റത്തിലേക്ക് നയിച്ച നേപ്പാളി യുവതയുടെ പ്രതിഷേധത്തിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത്.
നേപ്പാളില്‍ നടന്നതുപോലുള്ള സംഭവങ്ങള്‍ പൊടുന്നനെ പൊട്ടിമുളച്ചുണ്ടായതല്ല. നിരവധി വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ടുവന്നൊരു പ്രക്രിയയുടെ ബാഹ്യപ്രതിഫലനമാണിത്; അതിന്റെ മൂര്‍ത്തരൂപവുമാണിത്. പിന്നിട്ട കാലയളവില്‍ യുവാക്കളുടെ ജീവിതശൈലിയില്‍ മൗലികമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ഇതിലേക്ക് അവരെ നയിച്ചത് കുടുംബാംഗങ്ങളുടെയും, ബന്ധുജനങ്ങളുടെയും ജീവിതശൈലികളോ, വിദേശസന്ദര്‍ശനങ്ങളിലൂടെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞവയോ, ആയിരിക്കാം. ഇത്തരം പുതിയ ജീവിതശൈലിയുമായി കുറെക്കാലം ഇടപഴകിക്കഴിയുമ്പോള്‍, അവരുടെ മനസ്സുകളില്‍ സ്വാഭാവികമായും ഉടലെടുക്കുന്നൊരു വികാരം, എന്തുകൊണ്ട് നമ്മുടെ നാട്ടിലും ഇതെല്ലാം നടപ്പാക്കികൂടാ എന്നായിരിക്കും. ഈ വിധത്തിലൊരു ചിന്തയില്‍ അസ്വാഭാവികതയൊന്നും കാണേണ്ടതില്ലെന്നാണ് കാഠ്മണ്ഡു ആസ്ഥാനമായി പ്രവര്‍ത്തനം നടത്തിവരുന്ന ഒരു പഠനഗവേഷണകേന്ദ്രം എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. ഭരണകൂടത്തിന്റെ അഴിമതികളിലും, നഗ്നമായ നിയമലംഘനങ്ങളിലും, നീതിനിഷേധങ്ങളിലും വിവേചനത്തിലും അസംതൃപ്തരായ യുവാക്കള്‍, ഒരു പ്രത്യേക ഘട്ടമെത്തുമ്പോള്‍, തങ്ങളുടെ ഭരണവിരുദ്ധവികാരം തെരുവുകളില്‍ സംഘടിതമായി നടത്തുന്ന പ്രതിഷേധപ്രകടനങ്ങള്‍ വഴി പ്രകടമാക്കുന്നു. തുടക്കത്തില്‍ ഈ പ്രതിഷേധം ഭരണനേതൃത്വത്തിനെതിരാണെങ്കില്‍, ക്രമേണ ഈ വികാരം അവരെ തുടര്‍ന്നും ചുമക്കാന്‍ സന്നദ്ധമായിരിക്കുന്ന വ്യവസ്ഥയ്‌ക്കെതിരായി മാറുകയാണ് ചെയ്യുന്നത്. സിസ്റ്റത്തിന്റെ തകരാറാണെന്ന വാദമുഖം ഉന്നയിച്ച് തടിതപ്പാന്‍ ശ്രമിക്കുന്ന പ്രവണതയെ അവര്‍ അപ്പാടെ തള്ളിക്കളയുകയാണ്. സിസ്റ്റത്തിന്റെ മാനേജര്‍മാരായ രാഷ്ട്രീയ നേതാക്കള്‍ മാറാന്‍ തയ്യാറാകുന്നില്ലെങ്കില്‍, സിസ്റ്റം തന്നെ തള്ളിക്കളയാന്‍ ജനം തയ്യാറാവുന്നു. നേപ്പാളില്‍ നിലവിലുണ്ടായിരുന്ന സിസ്റ്റത്തിന് മൂന്നു നൂറ്റാണ്ടുകളിലേറെ പഴക്കമുണ്ടായിരുന്നു. അത് സ്വയം മാറിയില്ലെന്നു മാത്രമല്ല, അതിന് ബാദ്ധ്യസ്ഥരായവര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് മൗനം പാലിച്ച് നിസ്സംഗരായി തുടരുകയും ചെയ്തു. ഒരു ഘട്ടമെത്തിയപ്പോള്‍, യുവാക്കള്‍ സംഘടിതമായി ‘വേണ്ട, ഇനിയും ഇതാവര്‍ത്തിക്കരുത്’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. 2022ല്‍ നേപ്പാളില്‍ തിരഞ്ഞെടുപ്പു നടന്നപ്പോളാണ് ഇത്തരമൊരു മുദ്രാവാക്യം കാഠ്മണ്ഡുവിലെയും പരിസരപ്രദേശങ്ങളിലേയും അന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ടത്. എന്നാല്‍, ഒന്നും സംഭവിച്ചില്ല. പഴയ സിസ്റ്റവും, പഴയ നേതൃത്വവും വീണ്ടും അധികാരത്തിലെത്തി. ഭരണം കൈയാളിയത് രണ്ട് വ്യത്യസ്ത സഖ്യകക്ഷി ഭരണകൂടങ്ങള്‍ മാത്രമായിരുന്നു എന്ന മാറ്റമുണ്ടായി. ഇപ്പോള്‍ നടന്നിരിക്കുന്നത് ഭരണരംഗത്ത് തുടരുന്ന തത്സ്ഥിതി വ്യവസ്ഥയ്‌ക്കെതിരായിട്ടു കൂടിയാണ്. അതായത് ജനാധിപത്യവ്യവസ്ഥ, ജനഹിതത്തിന് അനുഗുണമല്ലെങ്കില്‍, ആ വ്യവസ്ഥയും ആവശ്യമില്ല. അത്രതന്നെ.
നേപ്പാളില്‍ സംഭവിച്ചതിന് ഏറെക്കുറെ സമാനമായ മാറ്റമാണ് 2022ല്‍ ശ്രീലങ്കയിലുണ്ടായത്. അവിടെ ഒന്നര പതിറ്റാേണ്ടാളം കാലം രാഷ്ട്രീയാധികാരത്തിലിരുന്നത് രാജപക്‌സെ കുടുംബമായിരുന്നല്ലോ. ഈ കുടുംബവാഴ്ചയ്‌ക്കെതിരേ ജനവികാരം ക്രമേണ രൂപപ്പെട്ടുവരുകയായിരുന്നു. ഈ ജനവികാരം തിരിച്ചറിഞ്ഞത്, 33 വയസ്സ് മാത്രം പ്രായമുളള, മാധ്യമപ്രവര്‍ത്തകനും സിനിമാനിര്‍മാതാവുമായ സമിത് ബോധിപക്ഷയായിരുന്നു. കൊളംബോ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. വര്‍ഷങ്ങളായി രൂപപ്പെട്ടുവന്നിരുന്ന നിരാശയും, ഇഛാഭംഗവും പാരമ്യത്തിലെത്തിയത് കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതോടെയാണ്. ലോക്ഡൗണുകള്‍ മൂലം പണിയും വരുമാനവും ജീവിതസാഹചര്യങ്ങളും നഷ്ടമായ കുടുംബങ്ങള്‍ തീര്‍ത്തും നിസ്സഹായാവസ്ഥയിലായി. എല്ലാവിധ പ്രതീക്ഷകളും തകര്‍ന്നുപോയ യുവാക്കള്‍ തെരുവുകള്‍ കൈടക്കി, ശക്തമായ പ്രതിഷേധപ്രകടനങ്ങളുടെ വേദികളാക്കി മാറ്റുകയും ചെയ്തു. നിയമസമാധാനക്രമം തകരുന്ന പ്രക്രിയ നിയന്ത്രണവിധേയമാക്കാന്‍ സൈനിക ഇടപെടലുകള്‍കൊണ്ടും സാധ്യമായില്ല. ഇത്തരമൊരു അനിശ്ചിതത്വം നിറഞ്ഞ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ആഭിമുഖ്യമുള്ള പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഒരു സഖ്യകക്ഷി ഭരണകൂടം ശ്രീലങ്കയില്‍ അധികാരത്തിലെത്തിയത്. ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരമായൊരു ഭരണത്തിലേക്ക് രാജ്യത്തെ സജ്ജമാക്കുമെന്നാണ് ബോധിപക്ഷ പ്രകടമാക്കിയിരിക്കുന്ന ശുഭപ്രതീക്ഷ. മാത്രമല്ല ശ്രീലങ്കയിലെ ചെറുതും വലുതുമായ രാഷ്ട്രീയപാര്‍ട്ടികളും, ഗ്രൂപ്പുകളും, ‘സര്‍വ്വകക്ഷിഐക്യം’ ഉറപ്പാക്കിയുള്ള സമരഐക്യസംവിധാനത്തിലൂടെയാണ് വിജയത്തിലെത്തിയതെന്ന ഉറച്ച വിശ്വാസത്തിലുമാണ്. ബോധിപക്ഷയുടെ വാക്കുകള്‍ ശ്രദ്ധിയ്ക്കുക, ‘ഈ സമീപനം ഫലവത്തായിരിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍, സാവധാനത്തിലുള്ള പരിവര്‍ത്തനം ദൃശ്യമായി വരുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ മാറ്റത്തിനുവേണ്ടിയുള്ള നിലപാട് അവര്‍ തുടരുകയാണ്. സര്‍ക്കാരിനോട് ഈ ആവശ്യം നടപ്പാക്കാന്‍ അവര്‍ തങ്കളുടെ അഭ്യര്‍ത്ഥനയുമായി രംഗത്ത് നിലകൊള്ളുകയുമാണ്. അതേയവസരത്തില്‍ത്തന്നെ, ബോധിപക്ഷയും, അനുയായികളും ചേര്‍ന്ന് നേപ്പാളി ജനത അക്രമാസക്തമായ സമരമാര്‍ഗം പിന്‍തുടര്‍ന്നതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. ഇതിലേക്ക് നേപ്പാളി യുവാക്കളെ കൊണ്ടെത്തിച്ച കാരണമെന്തെന്നും അവര്‍ സൂചിപ്പിക്കുന്നു. ‘ജെന്‍സ്’ പ്രസ്ഥാനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങളെപ്പറ്റി ധാരണയുണ്ട്: എന്നാല്‍, ലോകജനതയെപ്പറ്റി അവര്‍ക്ക് ശരിയായ ബോധമില്ലെന്നു മാത്രം. യുവതലമുറ നിലവിലുള്ള ‘സിസ്റ്റ’ ത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കണം; എന്നാല്‍, അതിന്റെ ഭാഗമായ ശരികേടുകള്‍ക്കെതിരായി തുടര്‍ച്ചയായ ചെറുത്തുനില്‍പ്പും തുടരണം ബോധിപക്ഷയുടെ നിലപാട് ഇതാണ്.
2024ല്‍ ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധത്തിന്റെ സ്വഭാവവും, അതിന്റെ പര്യവസാനവും ഈ ഘട്ടത്തില്‍ വിലയിരുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ഒഴിവുകളിലേക്കുള്ള നിയമനങ്ങള്‍ക്കായി സ്വീകരിക്കപ്പെട്ടിരുന്ന മാനദണ്ഡങ്ങള്‍ക്കെതിരായ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമായിരുന്നു തുടക്കം. പരിമിതമായൊരു ആവശ്യം മുന്‍നിര്‍ത്തി ഒരു ചെറിയ വിഭാഗം തുടങ്ങിവച്ച സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധം അതിവേഗം വളര്‍ന്ന് വ്യാപകമാകുകയും ഷേക്ക് ഹസീനാ ഭരണകൂടത്തിന്റെ ഏകാധിപത്യ ഭരണവിരുദ്ധ ദേശീയസമരമായി രൂപാന്തരപ്പെടുകയുമാണുണ്ടായത്. സംഘടിതവും, ശക്തവുമായ ഈ സമരത്തെത്തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ഹസീനാ സര്‍ക്കാര്‍ പിഴുതെറിയപ്പെടുകയും, ഹസീന തന്നെ രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടുന്ന ഘട്ടം വരെ എത്തുകയും ചെയ്തു.
മുന്‍ കേന്ദ്രസിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും, മനുഷ്യാവകാശപ്രവര്‍ത്തകനും ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്ന സെന്റര്‍ ഫോര്‍ ഈക്വിറ്റി സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനുമായ ഹര്‍ഷ് മന്ദര്‍, ബംഗ്ലാദേശില്‍ അരങ്ങേറിയ സംഭവങ്ങള്‍ക്കു പിന്നില്‍ ഇസ്‌ലാമിസ്റ്റ് സ്വഭാവമുള്ള ജമാഅത്തെ ഇസ്‌ലാമി ക്രമേണ അതിന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ചതിന്റെ പ്രതിഫലനമാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഇത് ഇനിയും തെളിയിക്കപ്പെടേണ്ടതായിരിക്കുന്നു. നേപ്പാളിലെ അസ്വസ്ഥതകള്‍ക്കിടയാക്കിയിരിക്കുന്നതോ, രാജ്യവാഴ്ചയ്‌ക്കെതിരായും, നിലവിലുള്ള സര്‍ക്കാരിനെതിരായും ഒരു ഹിന്ദുരാഷ്ട്രമായി രാജ്യത്തെ രൂപപ്പെടുത്തണമെന്ന ഡിമാന്‍ഡ് മുന്‍നിര്‍ത്തിയും ആണെന്ന നിഗമനമാണ് നടത്തിയിരിക്കുന്നത്. കെനിയയിലെ വിദ്യാര്‍ത്ഥികള്‍ 2025 ആരംഭത്തില്‍ത്തന്നെ പോലിസ് അതിക്രമത്തിനെതിരായി സമരരംഗത്തുവരികയും, നിരവധി പൗരന്‍മാരുടെ മരണത്തിന് ഇടയാകുകയും ചെയ്തിരുന്നു. ഭരണകൂട അതിക്രമങ്ങള്‍ക്കും, ഭീകരതയ്ക്കും അടിച്ചമ്മര്‍ത്തലുകള്‍ക്കും, അവകാശനിഷേധങ്ങള്‍ക്കും എതിരായി പുത്തന്‍ തലമുറ ലോകരാജ്യങ്ങളിലെല്ലാം പരസ്യപ്രകടനങ്ങളുമായി അധികാരിവര്‍ഗത്തെ വെല്ലുവിളിച്ച് തെരുവുകളില്‍ തടിച്ചുകൂടുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്. പ്രതിഷേധങ്ങള്‍ക്കുള്ള ആഗോളമാനം കൂടുതല്‍ ശക്തവും വ്യാപകവുമായത് 1990കള്‍ക്ക് ശേഷമാണ് എന്ന് ലോകബാങ്ക് പഠനറിപോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. പാന്‍ പെസഫിക്കിന്റെ ആഘാതം മയപ്പെട്ടതിനുശേഷവും സ്ഥിതിഗതികളില്‍ സാരമായ മാറ്റമുണ്ടായിട്ടില്ല. ഐഎല്‍ഒ പഠനം ചൂണ്ടിക്കാട്ടുന്നത് തൊഴില്‍ വിപണി നേരിയ തോതിലെങ്കിലും മെച്ചപ്പെടുകയും, തൊഴിലില്ലായ്മ, പണപ്പെരുപ്പ നിരക്കുകള്‍ ഇടിവു രേഖപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍, ആഗോളതലത്തില്‍ 50 ശതമാനത്തിലേറെ യുവാക്കള്‍ അനൗപചാരിക തൊഴിലവസരങ്ങളെയാണ് ആശ്രയിച്ചുവരുന്നത്. ഇവരുടെ വരുമാനം നന്നേ കുറവാണെന്നതിനുപുറമേ അവര്‍ക്ക് തൊഴില്‍ സുരക്ഷയോ മറ്റ് ആനുകൂല്യങ്ങളോ കിട്ടുന്നുമില്ല.
ഇതെല്ലാം ഒരു വശത്ത് കാണപ്പെടുമ്പോള്‍ത്തന്നെയാണ്, മറുവശത്ത് ഇതേ വികസ്വരരാജ്യങ്ങളില്‍ത്തന്നെയുള്ള ഭരണാധികാരികളും അവരോട് ചേര്‍ന്നു നില്‍ക്കുന്നവരും, അവരുടെയെല്ലാം കുടുംബാംഗങ്ങളും ആഢംബരജീവിതവും മറ്റു സുഖസൗകര്യങ്ങളും ആസ്വദിച്ച് അര്‍മ്മാദിക്കുന്നതിന്റെ റീലുകളും, ഫോട്ടോകളും ബിഗ് സ്‌ക്രീനുകളിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. നിരവധിപേര്‍ മെച്ചപ്പട്ട തൊഴിലും, വരുമാന, ജീവിത സൗകര്യങ്ങളും തേടി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുകയുമാണ്. അതേസമയം, അധികാരിവര്‍ഗത്തിന്റെ ഭാഗമായവര്‍ക്കൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല.
ഇന്ത്യന്‍ ‘സോഷ്യോ ഇക്കണോമിക്ക് പൊളിറ്റിക്കല്‍ സിസ്റ്റ’ത്തില്‍ കാണപ്പെടുന്ന ചിത്രവും ഏറെക്കുറെ സമാനരൂപവും, ഭാവവും പ്രകടമാക്കുന്ന ഒന്നാണ്. ‘സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി’ (സിഎംഐഇ) ബൗദ്ധിക പഠന ഗവേഷണ ഏജന്‍സിയുടെ അഭിപ്രായത്തില്‍ സമ്പദ്‌വ്യവസ്ഥയിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനത്തോളമായിരിക്കുന്നു. അഭ്യസ്തവിദ്യരായവരടക്കം യുവജനങ്ങളില്‍ 83 ശതമാനവും തൊഴില്‍രഹിതരാണ്. ഇവരില്‍ മുഴുവന്‍പേര്‍ക്കും സെക്കന്ററി മുതല്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയുണ്ട്. 2024ലെ ഐഎല്‍ഒ പഠനറിപോര്‍ട്ടും ഇതെല്ലാം ശരിവയ്ക്കുന്നുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കായി എക്കാലവും മുന്നണിയില്‍ നിലകൊണ്ടിട്ടുള്ളത് ഇവിടത്തെ വിദ്യാര്‍ത്ഥികളും, യുവജനങ്ങളുമാണ്. പരീക്ഷാപേപ്പറുകളുടെ ചോര്‍ച്ചകള്‍ക്കും, ക്യാംപസിനകത്തെ ബലാല്‍സംഗങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും മറ്റും എതിരായി ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചുവന്നിട്ടുള്ള ഇക്കൂട്ടര്‍ തന്നെയാണ് പൗരാവകാശഭേദഗതിനിയമത്തിനെതിരായും സമരരംഗത്തെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും, യുവാക്കളുമാണ് ഇതിന്റെ ഭാഗമായി തെരുവുകളിലെത്തിയിട്ടുള്ളതും. ഹര്‍ഷ് മന്ദര്‍, വിവിധ ലോകരാജ്യങ്ങളില്‍ യുവാക്കളും, വിദ്യാര്‍ത്ഥികളും, നടത്തിവരുന്ന പരസ്യപ്രതിഷേധപ്രകടനങ്ങള്‍ക്കുള്ള മൗലിക കാരണമായി ചൂണ്ടിക്കാട്ടുന്നത് ‘ആഴമേറിയ സാംസ്‌കാരികവും, നാഗരികവുമായ പ്രതിസന്ധിയാണ്’ മുതിര്‍ന്ന തലമുറയില്‍പ്പെട്ടവരോട് അവര്‍ പറയുന്നത്, അവര്‍ നിങ്ങളില്‍ നിന്നും, അവരുടെ ഭാവി തന്നെയാണ് കവര്‍ന്നെടുത്തിട്ടുള്ളതെന്നാണ്. മുതിര്‍ന്ന തലമുറ രൂപം നല്‍കിയിരിക്കുന്ന ‘സാമ്പത്തിക മോഡല്‍’, യുവാക്കളുടെ തൊഴിലുകള്‍ നിഷേധിക്കുന്നതിലൂടെയാണ് ഈ ക്രൂരകൃത്യം നിര്‍വ്വഹിച്ചിട്ടുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. തൊഴില്‍ വരുമാന നിഷേധത്തോടൊപ്പം സാമ്പത്തിക, സാമൂഹിക അസമത്വങ്ങളും ചൂഷണവും വര്‍ദ്ധിച്ചിരിക്കുകയാണ്. തൊഴില്‍, നീതിനിഷേധം, തുടങ്ങിയവ ഫലത്തില്‍ ബ്രിട്ടീഷ് കോളനിവാഴ്ചയുടെ കാലയളവിലേതിന് സമാനമായ നിലവാരത്തിലെത്തിയിട്ടുമുണ്ടേ്രത! അങ്ങേയറ്റം സാംസ്‌കാരിക അധഃപതനത്തിലേക്കു തന്നെയാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്‍കാല തലമുറകള്‍ പൊതുലക്ഷ്യങ്ങള്‍ നേടുക എന്നതിനു വേണ്ടിയായിരുന്നു സംഘടിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആഗോള മുതലാളിത്തവ്യവസ്ഥ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോഴും, ‘ക്രോണിക്യാപ്പിറ്റലിസം’ വ്യക്തികളെ സ്വന്തം സ്വാധീനവലയത്തില്‍ അകപ്പെടുത്തിയിരിക്കുകയാണ്. ആധുനിക വിദ്യാഭ്യാസ, ആരോഗ്യമേഖലകളാണെങ്കില്‍, ആയിരക്കണക്കിന് ജനങ്ങളെ, വിശിഷ്യാ, യുവജനതയെയാണ് ഒറ്റപ്പെടുത്തലിന് വിധേയമാക്കിയിരിക്കുന്നത്. ‘ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍’ എന്നത് വെറുമൊരു പാഴ് വേലയാക്കപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. ക്രോണി ക്യാപ്പിറ്റലിസ്റ്റ് ഭരണവ്യവസ്ഥയ്ക്കു കീഴില്‍ രൂപപ്പെട്ടിരിക്കുന്ന ‘സോഷ്യോ ഇക്കണോമിക്ക് സിസ്റ്റം’, ഇന്ത്യയിലും നിലവിലുണ്ടെങ്കിലും ഇവിടെ ആസന്നഭാവിയില്‍ യുവാക്കളുടെ പ്രതിഷേധപ്രസ്ഥാനം ദേശീയരൂപം കൈക്കൊള്ളാനുള്ള സാധ്യതകള്‍ വിരളമാണെന്ന് ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ദിപ്‌സീതാധര്‍ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്ന ‘എഡ്യൂക്കേഷന്‍ ഓര്‍ എക്‌സ്‌ക്ലൂഷന്‍, ദി പ്ലൈറ്റ് ഓഫ് ഇന്ത്യന്‍ സ്റ്റുഡന്‍സ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ഘടന താരതമ്യേന സ്ഥിരതയാര്‍ന്ന ഒന്നാണ്. വലിയൊരു വിഭാഗം ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ ചെറുത്തുനില്‍പ്പുശേഷിയില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യുവജനങ്ങള്‍ നേരിട്ട് ഭരണവിരുദ്ധസമരം ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഈ വനിതാ നേതാവ് കരുതുന്നത്.
അതേയവസരത്തില്‍, ബംഗ്ലാദേശ്, നേപ്പാള്‍, കെനിയ തുടങ്ങിയ ചെറിയ രാജ്യങ്ങളില്‍ സ്ഥിതി ഭിന്നമാണ്. വിശിഷ്യാ, നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഭരണമേറ്റെടുത്തിരിക്കുന്ന വനിതാ ചീഫ്ജസ്റ്റിസ് സുശീല കര്‍ക്കി, അധികാരത്തിലെത്തിയ ഉടന്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത് ആറുമാസത്തിനകം പൊതുതിരഞ്ഞെടുപ്പുകള്‍ നടത്തുമെന്നാണ്. നേപ്പാളിലെ ജനകീയപ്രക്ഷോഭം തുടക്കത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. ഈ പ്രതീക്ഷ കെട്ടടങ്ങുന്നതിനു മുമ്പ് ഭരണമാറ്റത്തിലേക്ക് നയിക്കാന്‍ പര്യാപ്തമായൊരു സ്ഥിരതയാര്‍ന്നൊരു ബദല്‍ ഭരണം ചുരുങ്ങിയ കാലയളവില്‍ നടപ്പാക്കാന്‍ കഴിയുമോ എന്നതാണ് സംശയകരമായിരിക്കുന്നത്. ശ്രീലങ്കയിലും, ബംഗ്ലാദേശിലും ഭരണമാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും, ജനങ്ങള്‍ കാംക്ഷിച്ചിരുന്ന വിധത്തില്‍ അതിന്റെ ഗുണഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതാനുമാവില്ല. അതേസമയം, പുതുതായി അധികാരമേറ്റിരിക്കുന്ന ഭരണകൂടങ്ങള്‍ക്കുമേല്‍ പ്രക്ഷോഭനേതൃത്വത്തിലിരുന്നവര്‍ ജാഗ്രത പുലര്‍ത്തിവരുന്നുണ്ട്. ബംഗ്ലാദേശിലാണെങ്കില്‍ നിലവിലുള്ള യുനസ് സര്‍ക്കാറിനു നേരെ ഇസ്‌ലാമിസ്റ്റ് മൗലികവാദികളുടെ ഗുരുതരമായൊരു ഭീഷണി തുടരുന്നുണ്ടെന്നതും ഇനിയും തെളിയിക്കപ്പെടേണ്ടതായൊരു വസ്തുതയാണ്. നേപ്പാളില്‍, നേരെമറിച്ച്, ഹിന്ദുരാഷ്ട്രനിര്‍മിതിക്കായി കോപ്പുകൂട്ടുന്നവരുടെ ശക്തിയും കുറച്ചുകാണരുത്.
ഇതിനിടെ, മോദിഭരണകൂടത്തെ അസ്വസ്ഥമാക്കുന്ന വിധത്തിലാണ് ജമ്മുകശ്മീരില്‍ സംസ്ഥാനത്തിന്റെ ഭരണഘടനാപദവി മാറ്റത്തിന്റെ ഭാഗമായി രൂപമെടുത്തിരിക്കുന്ന ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണപ്രദേശമാക്കി നിലനിര്‍ത്തിയിരുന്ന സംവിധാനം ക്രമേണ രാഷ്ട്രീയ അസ്വസ്ഥതയിലേക്ക് വഴുതിവീഴുന്നതായി കാണപ്പെടുന്നത്. ഇവിടെ പ്രത്യേക സംസ്ഥാന പദവിക്കായി ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നു എന്നു മാത്രമല്ല, യുവജനങ്ങള്‍ തങ്ങളുടെ അസ്വസ്ഥത പ്രകടമാക്കിയിരിക്കുന്നത് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചതിലൂടെയുമാണ്. ലേയിലെ ബിജെപി ഓഫിസ് പ്രതിഷേധസൂചകമായി തീയിട്ട് നശിപ്പിക്കുക കൂടി ചെയ്തിരിക്കുകയാണ്. നാലുപേരുടെ മരണം ഇതിനകം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്ന ലഡാക്ക് വാര്‍ഷികോല്‍സവം റദ്ദാക്കുകയും ചെയ്തിരിക്കുന്നു. പ്രക്ഷോഭകാരികളുമായി കൂടിക്കാഴ്ച നടത്താമെന്നും കേന്ദ്രസര്‍ക്കാരിന് സമ്മതിക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.
ചുരുക്കത്തില്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ യുവജനങ്ങള്‍ അസ്വസ്ഥരാണ്. ഹര്‍ഷ് മന്ദര്‍ പറയുന്നതുപോലെ അവരുടെ ഡിമാന്‍ഡ് ഒന്നു മാത്രമാണ്; തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നവര്‍ക്കു നേരെ അവര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. അവര്‍ക്ക് വേണ്ടത് പൊതുആരോഗ്യവും, വിദ്യാഭ്യാസവുമാണ്. ‘സ്വാഭാവികമായും അക്ഷമരായ യുവജനത മുമ്പെന്നത്തേക്കാളുമേറെ രോഷാകുലരായി പരസ്യപ്രതിഷേധവും, പ്രതികരണവുമായി തെരുവുകളില്‍ ഇറങ്ങിയിരിക്കുകയാണ്.’ ചരിത്രം നമ്മെ ഇതെല്ലാം ഓര്‍മപ്പെടുത്തുന്നുമുണ്ട്.
കടപ്പാട് മറുവാക്ക്
(Credit – Maruvakku)
