
ഗൗരി ലങ്കേഷ്, ഉമര്‍ ഖാലിദ് : നീതിക്ക് ഇരട്ടമുഖം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഒരു രാജ്യത്തെ നീതി എന്താകാന്‍ പാടില്ല എന്നതിന്റെ ടെക്സ്റ്റ് ബുക്ക് എക്‌സാമ്പിള്‍ (Text book example) ആണ് ഉമര്‍ ഖാലിദിന്റെ വിചാരണ ഇല്ലാത്ത തടവും, ഗൗരി ലങ്കേഷ് ഘാതകരുടെ വിചാരണ നീളുന്ന സ്വതന്ത്ര വിഹാരവും. വര്‍ഷങ്ങള്‍ നീളുന്ന വിചാരണയില്‍ കൊടും കൊലയാളികള്‍ സമൂഹത്തില്‍ സ്വതന്ത്രരായി വാഴുമ്പോള്‍, കൃത്യമായ തെളിവുകളോ സാക്ഷികളോ ഒന്നും തന്നെ ഇല്ലാതെ, വിചാരണ പോലും നടത്താതെ നിരപരാധികളെ ജയിലില്‍ അടയ്ക്കുന്ന നീതിന്യായ വ്യവസ്ഥയുടെ ദുരന്ത പാഠങ്ങളാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും, ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജയില്‍വാസത്തിലും നമുക്ക് കാണാന്‍ കഴിയുക.
ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തിന് എട്ടു വര്‍ഷത്തിനു ശേഷവും വിചാരണ പൂര്‍ത്തിയായിട്ടില്ല. തന്റെ വീടിന്റെ മുന്നില്‍വച്ച് വെടിവെച്ചു വീഴ്ത്തപ്പെട്ടിട്ട് അഞ്ചുവര്‍ഷത്തോളം കഴിഞ്ഞ്, അതായത് 2022 മാര്‍ച്ചില്‍, മാത്രമാണ് കേസിന്റെ വിചാരണ പോലും ആരംഭിച്ചത്. 532 പേരുള്ള സാക്ഷി പട്ടികയില്‍ 193 പേരുടെ സാക്ഷി മൊഴികള്‍ മാത്രമാണ് കോടതിയില്‍ പരിശോധിക്കപ്പെട്ടത്. ഒരു മാസം മൂന്നു മുതല്‍ അഞ്ചു ദിവസം മാത്രമാണ് കോടതിയില്‍ വാദം കേള്‍ക്കുന്നത്. വിചാരണകള്‍ മാസത്തില്‍ 3-5 ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് കഴിഞ്ഞ എട്ടു വര്‍ഷമായി ഗൗരി ലങ്കേഷിന്റെ ഘാതകര്‍ ഒരു ശിക്ഷയും അനുഭവിക്കാതെ പുറത്ത് സമൂഹത്തില്‍ സുഖമായി വാഴുന്നു.
അതേ നീതിന്യായ വ്യവസ്ഥ തന്നെയാണ് ‘ഡല്‍ഹി കലാപ കേസ് ‘ എന്നറിയപ്പെടുന്ന കേസില്‍ ‘പ്രതികള്‍’ ആയി ഹിന്ദുത്വ ഭരണകൂട പോലീസിനാല്‍ എഴുതി ചേര്‍ക്കപ്പെട്ട എഴുത്തുകാരനും, മുന്‍ JNU ഗവേഷണ വിദ്യാര്‍ത്ഥിയുമായ ഉമര്‍ ഖാലിദ് ഉള്‍പ്പെട്ട ഒമ്പത് പേര്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 2, 2025) ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതെഴുതുമ്പോള്‍, ഈ വ്യക്തികള്‍ അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലാണ്, വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല! ഹൈക്കോടതി ഒരു പടി കൂടി മുന്നോട്ട് പോയി, പൊതു പ്രസംഗത്തില്‍ ഉമര്‍ ഖാലിദ് ‘ഇങ്ക്വിലബി സലാം’ (വിപ്ലവ ആശംസകള്‍) ‘ക്രാന്തികാരി ഇസ്തിക്ബാല്‍’ (വിപ്ലവാഭിവാദ്യങ്ങള്‍) എന്നീ പദങ്ങള്‍ ഉപയോഗിച്ചത് കുറ്റകരമാണെന്ന് നിരീക്ഷിക്കുന്നു! ജയില്‍വാസവും വിചാരണ വൈകുന്നതും ജാമ്യത്തിന് കാരണമല്ല എന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ‘നിരീക്ഷണം’. കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഒരു തെളിവു പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി കോടതിയെ ബോധിപ്പിക്കാന്‍ കഴിയാതെ, ജാമ്യം പോലും അനുവദിക്കാതിരിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വര്‍ഗീയമായി ഒരു വിഭാഗത്തെ സംഘടിപ്പിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. ഇതില്‍ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും പങ്ക് ഗുരുതരമാണെന്നാണ് ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരുടെ ബെഞ്ച് പറയുന്നത്. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, അഥര്‍ ഖാന്‍, ഖാലിദ് സെയ്ഫി, മുഹമ്മദ് സലീം ഖാന്‍, ഷിഫാഉ റഹ്മാന്‍, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്തിമ, ഷദാബ് അഹമ്മദ് എന്നിവര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. യുഎപിഎ ചുമത്തപ്പെട്ട ഇവര്‍ 2020 മുതല്‍ ജയിലിലാണ്. ഉമര്‍ ഖാലിദ് ഇപ്പോള്‍ അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞു. എന്നിട്ടും, അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചെങ്കിലും, എന്തുകൊണ്ട് ജാമ്യം ലഭിക്കുന്നില്ല എന്ന് യുക്തമായി ന്യായീകരിക്കേണ്ട ഒരു ബാധ്യതയും കോടതിക്ക് തോന്നിയില്ല..
തെളിവുകളുടെ ന്യായമായ വിലയിരുത്തലിനു പകരം, പ്രോസിക്യൂഷന്റെ ആധികാരികമല്ലാത്ത വിടവുകളും, പരിമിതികളും നികത്താനാണ് ഈ കോടതികള്‍ ശ്രമിക്കുന്നത്. അനാവശ്യമായ അനുമാനങ്ങള്‍ക്ക് വിധേയമായി ജാമ്യം നിഷേധിക്കാനുള്ള സാധ്യതകള്‍ നിര്‍മ്മിച്ചെടുക്കുകയാണ്‌നമ്മുടെ നീതിന്യായ വ്യവസ്ഥ. രേഖയിലുള്ള തെളിവുകള്‍ക്ക് വികലമായ വായന നല്‍കി നിയമത്തിനോ യുക്തിക്കോ അജ്ഞാതമായ ഒരു ന്യായവാദമാണ് നിയമപരമായി ലഭിക്കേണ്ട ജാമ്യം നിഷേധിച്ചുകൊണ്ട് നീതിന്യായ കോടതി നിര്‍വഹിക്കുന്നത്.
ചില രഹസ്യ യോഗങ്ങളില്‍, ഈ വ്യക്തികള്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് ആരോപിക്കുന്ന ‘സംരക്ഷിത സാക്ഷികളുടെ’ (അതായത്, അജ്ഞാതരും രഹസ്യ സാക്ഷികളുമായ) മൊഴികള്‍, വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍, കലാപത്തിനു ശേഷമുള്ള ഫോണ്‍ കോളുകള്‍, അല്ലെങ്കില്‍ ‘ദ്വയാര്‍ത്ഥം’ വഹിക്കുന്നതായി ആരോപിക്കപ്പെടുന്ന പൊതു പ്രസംഗങ്ങള്‍ തുടങ്ങിയ ദുര്‍ബല സാഹചര്യങ്ങള്‍ നിരത്തിയാണ് ഉമര്‍ ഖാലിദിനും മറ്റും ജാമ്യം നിഷേധിക്കുന്നത്. പ്രിസൈഡിങ് ജഡ്ജിമാരുടെ കറങ്ങുന്ന കസേരയില്‍ സംഭവിക്കുന്നത് പതിവ് കേസ് നീട്ടി വെക്കലുകളും മാറ്റിവയ്ക്കലുകളും, പ്രതി ഭാഗത്തുനിന്നുള്ള ആസൂത്രണങ്ങളുടെ ഭാഗമായി അനന്തമായി വിചാരണ പാളം തെറ്റിക്കുന്നതും ആണ് ഗൗരീലങ്കേഷ് കേസിലും ഉമര്‍ ഖാലിദ് കേസിലും നാം കാണുന്നത്.
ഗൗരി വധക്കേസില്‍ 18 പ്രതികളില്‍ 17 പേരും ജാമ്യത്തിലാണ്. മന്ദഗതിയിലുള്ള വിചാരണ ഒരു അപഭ്രംശമല്ല; അത് നിര്‍ഭാഗ്യകരമായ ഒരു പ്രവണതയുടെ ഭാഗമാണ്. മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള കമ്മിറ്റിയുടെ (Committee to Protect Journalists-CPJ) 1992 മുതല്‍ ഇന്ത്യയില്‍ 61ല്‍ അധികം പത്രപ്രവര്‍ത്തകര്‍ അവരുടെ ജോലിയുടെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 2014 മുതല്‍ 2024 വരെ കുറഞ്ഞത് 19 കൊലപാതകങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നും അവയില്‍ ഒന്നും തന്നെ നീതി ലഭിച്ചിട്ടില്ലെന്നും പറയുന്നുണ്ട്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുശേഷം കാശ്മീരി എഡിറ്റര്‍ ആയ ഷുജാത് ബുഖാരി തന്റെ ഓഫീസിനുമുന്നില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെടുകയുണ്ടായി. എന്നാല്‍ കൊലയാളി ആരാണെന്ന് പോലും ഇന്നുവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. ഔട്ട് ലുക്ക് കാര്‍ട്ടൂണിസ്റ്റ് ഇര്‍ഫാന്‍ ഹുസൈന്‍ സമാനമായി കൊല്ലപ്പെട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥരുടെ പരാജയം കാരണം പ്രതി കുറ്റവിമുക്തനായി. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രപ്രവര്‍ത്തകന്‍ ശിവാനി ഭട്‌നാഗര്‍ കൊല്ലപ്പെട്ട കേസിലും 9 വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം ഡല്‍ഹി ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ വെറുതെ വിട്ടു. ആസാം പത്രത്തിന്റെ എഡിറ്റര്‍ പരാഗ് കുമാര്‍ ദാസിന്റെ കൊലപാതകം ജീവിച്ചിരിക്കുന്ന അവസാന പ്രതിയും രക്ഷപ്പെടുന്ന സ്ഥിതിയിലേക്ക്, അന്വേഷണവും വിചാരണയുമായി 13 വര്‍ഷം നീണ്ടു. ഈ കേസുകള്‍ ഓരോന്നും ഭയാനകമായ അട്ടിമറികളുടേയും, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിന്റേയും കോടതികളിലെ അനിശ്ചിതത്വത്തിന്റെയും
പ്രതിഫലനങ്ങളാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗൗരീലങ്കേഷിനെ പോലെ ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകയുമായ ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ അതൊരു വ്യക്തിയുടെ മരണമോ സ്വകാര്യ ദുരന്തമോ അല്ല, മറിച്ച് പൊതു സമൂഹത്തിന് സത്യവും വസ്തുതകളും അറിയാനുള്ള അവകാശത്തെ തന്നെ ആക്രമിച്ച് ഇല്ലാതാക്കുകയാണ്. ഭരണഘടന ആര്‍ട്ടിക്കിള്‍ 19 (1)a വിശദീകരിച്ചുകൊണ്ട് സുപ്രീംകോടതി തന്നെ അതിനെ നിര്‍വ്വചിക്കുന്നത് ‘എല്ലാതരത്തിലുള്ള ജനാധിപത്യ സംഘാടനത്തിന്റെയും അസ്തിവാരം’ (Foundation of all democratic organisations) എന്നാണ്. 2023ല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ഗൗരി ലങ്കേഷിന്റെ കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റണമെന്ന ഗൗരി ലങ്കേഷിന്റെ സഹോദരി കവിതയുടെ ആവശ്യത്തെ അംഗീകരിച്ചതാണ്. എന്നാല്‍ കര്‍ണാടക ഹൈക്കോടതി 2024 ല്‍ അവരുടെ അപേക്ഷ തള്ളുകയായിരുന്നു.
ഗൗരി ലങ്കേഷിനെ കൊന്ന കൊടും ഹിന്ദുത്വ തീവ്രവാദികള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ സമൂഹത്തില്‍ സ്വതന്ത്രരായി വിഹരിക്കുമ്പോള്‍, കുറ്റവാളികള്‍ എന്ന് ഒരുതരത്തിലും തെളിയിക്കപ്പെടാതെ, വിചാരണ പോലും ഉണ്ടാകാതെ, കഴിഞ്ഞ അഞ്ചുവര്‍ഷമായി ആക്ടിവിസ്റ്റും എഴുത്തുകാരനും JNU ഗവേഷകനുമായ ഉമര്‍ ഖാലിദിനെ പോലെയുള്ളവര്‍ തടവറയില്‍ കിടക്കുമ്പോള്‍ രാജ്യം അതിന്റെ നീതിന്യായ വ്യവസ്ഥയിലൂടെ അല്ല ഭരിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. ‘കോട്ടകള്‍ അകത്തുനിന്നല്ലാതെ തകരാറില്ല’ എന്ന ചൊല്ല് ഇന്നത്തെ ഇന്ത്യന്‍ ഹിന്ദുത്വ ഫാസിസ്റ്റ് സാഹചര്യത്തില്‍, ജനാധിപത്യ-മനുഷ്യാവകാശ – മതനിരപേക്ഷ പക്ഷത്തുനിന്ന് കൂടുതല്‍ വിശദീകരണവും, പരിശോധനയും ആവശ്യപ്പെടുന്നുണ്ട്.