ഒറ്റമൂലിയല്ലെങ്കിലും ഗാഡ്ഗില്‍ പ്രസക്തനാണ്

ര്‍ഷവും പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുക തന്നെയാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും അതിനുള്ള അടിസ്ഥാനകാരണമാണ്. എന്നാല്‍ ദുരന്തങ്ങളെ രൂക്ഷമാക്കുന്നതില്‍ നമ്മുടെ തെറ്റായ വികസനനയങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അവക്ക് കുറെ നിയന്ത്രണം കൊണ്ടുവന്നാല്‍ ദുരന്തങ്ങളുടെ തീവ്രത കുറക്കാനാകും. അതിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൊടിത്തട്ടിയെടുക്കാനും കര്‍ഷകരേയോ സാധാരണക്കാരേയോ ബാധിക്കാത്ത നിര്‍ദ്ദേശങ്ങളെങ്കിലും നടപ്പാക്കി തുടങ്ങാനുമാണ് ഈ വൈകിയ വേളയിലെങ്കിലും കേരളം തയ്യാറാകേണ്ടത്. അല്ലെങ്കില്‍ ഭാവിയില്‍ അതിനുള്ള അവസരം ലഭിക്കനിടയില്ല..

സമീപകാലത്ത് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളിലെല്ലാം ഉയര്‍ന്നു വരുന്ന പേരാണ് മാധവ് ഗാഡ്ഗിലിന്റേത്. അതോടെ മലയാളികള്‍ പൊതുവില്‍ രണ്ടുചേരിയായി മാറുന്ന കാഴ്ചയും കാണാം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഒരു പ്രകൃതി ദുരന്തവും ഉണ്ടാകുകയില്ല എന്ന മട്ടില്‍ ഒരു വിഭാഗവും ഗാഡ്ഗില്‍ കര്‍ഷകരുടേയും മനുഷ്യരുടേയും ശത്രുവാണെന്ന മട്ടില്‍ മറ്റൊരു വിഭാഗവും അണിനിരക്കും. റിപ്പോര്‍ട്ടില്‍ ഉന്നയിക്കാത്ത വിഷയങ്ങള്‍ പറഞ്ഞായിരിക്കും പലപ്പോഴും പരസ്പരാരോപണങ്ങള്‍ മുന്നേറുക. ഇക്കുറിയും ഏറെക്കുറെ അങ്ങനെതന്നെ.

എല്ലാ പരിസ്ഥിതി പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനല്ല ഗാഡ്ഗിലിനോട് ആവശ്യപ്പെട്ടിരുന്നത് എന്ന് എല്ലാവരും മറന്നതായി തോന്നുന്നു. പശ്ചിമഘട്ട നിരകളുടെ സംരക്ഷണത്തെ സംബന്ധിച്ച് പഠനം നടത്താനും അതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ 2010ല്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചത്. കടലിനെ കുറിച്ച് പഠിക്കാനും പുഴകളെ കുറിച്ച് പഠിക്കാനുമൊക്കെ ഇത്തരം കമ്മീഷനുകളെ നിയമിച്ചിട്ടുണ്ട്. പശ്ചിമഘട്ടം വലിയൊരു നാശത്തെയാണ് നേരിടുന്നതെന്നു കണ്ടെത്തിയ കമ്മീഷന്‍ അതുതടയാനാവശ്യമായ കുറെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയായിരുന്നു. സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാവുന്നപോലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ കുറെ നിയന്ത്രണങ്ങള്‍ വേണമെന്ന നിര്‍ദ്ദേശം റിപ്പോര്‍ട്ടി്‌ലുണ്ടായിരുന്നു. എന്നാല്‍ ഒരു സംസ്‌കാരമുള്ള സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനുപകരം അത് കര്‍ഷകര്‍ക്കുമുഴുവന്‍ എതിരാണെന്നു വാദിച്ച് അക്രമാസക്തമായ സമരങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. അതിനായി വലിയൊരു മഴവില്‍ സഖ്യം തന്നെ രൂപം കൊണ്ടു. സമാധാനത്തിന്റെ ദൂതരെന്നവകാശപ്പെടുന്ന പുരോഹിതരായിരുന്നു മുന്‍നിരയില്‍. കര്‍ഷകരെ രൂക്ഷമായി ബാധിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അവ മാറ്റിവെച്ച് മറ്റു നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക എന്ന സമീപനം പോലുമുണ്ടായില്ല. ഉദാഹരണമായി അനധികൃ8തമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെങ്കിലും അടച്ചുപൂട്ടാമായിരുന്നു. അതുപോലുമുണ്ടായില്ല. കലാപങ്ങള്‍ക്കുമുന്നില്‍ സത്യത്തില്‍ സര്‍ക്കാരും മുട്ടുകുത്തുകയായിരുന്നു. പിന്നീട് വന്ന സര്‍ക്കാരുകളും ആ വഴിക്കുപോയില്ല. സത്യത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാന ഭാഗം അടിസ്ഥാനതല രാഷ്ട്രീയമാണ്. കുറെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും പരിസ്ഥിതി ലോല പ്രദേശങ്ങളെ നിര്‍ണ്ണയിക്കാനും സംരക്ഷിക്കാനുള്ള അധികാരം തദ്ദേശിയ ജനതക്ക് നല്‍കണമെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി അടിവരയിട്ടു പറയുന്നത്. അതുപോലും അവഗണികക്‌പ്പെടുകയായിരുന്നു.

ആഫ്രിക്കന്‍ നാടുകളും ആമസോണ്‍ തീരവും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം നിലനില്‍ക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയുടെ ജൈവ വൈവിധ്യശേഖരത്തിന്റെ 27 ശതമാനവും വിസ്തൃതി യുടെ 5% മാത്രം വരുന്ന പശ്ചിമഘട്ടനിരകളിലാണ് കാണപ്പെടുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതിചെയ്യുന്നത്. കാര്‍ഷികവിളകളേയും കാലാവസ്ഥയേയും സംരക്ഷിക്കുന്നതിനും സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും പശ്ചിമഘട്ടസംരക്ഷണം അനിവാര്യമാണ്. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം നദികളുടേയും പ്രഭവകേന്ദ്രവുമാണിത്. നിരവധി ആദിവാസിവിഭാഗങ്ങളുടെ ആവാസവ്യവസ്ഥ. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഏവരുടേയും കടമയാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ആദിവാസികള്‍ക്കായി പെസയും വനാവകാശനിയമവും സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭൂപ്രകൃതിയും ഭൂഘടനയും പരിഗണിച്ചുകൊണ്ടാണ് പശ്ചിമഘട്ട നിരകളെ മൂന്ന് മേഖലകളായി തിരിച്ച് സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയത്. സോണ്‍ ഒന്നില്‍ മനുഷ്യര്‍ക്ക് ജീവിക്കാം പക്ഷേ, യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും- അണക്കെട്ട്, ഖനികള്‍, ആണവനിലങ്ങള്‍, വലിയ ടൂറിസം പദ്ധതികള്‍-അനുവദനീയമല്ല. അതായത് ഒരു നഗരവല്‍കരണം അവിടെ സാധ്യമല്ല. അവിടത്തെ വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല എന്നതാണ് ശുപാര്‍ശ. സോണ്‍ രണ്ടില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ 15 വര്‍ഷത്തേക്ക് തുടരാം. പക്ഷേ, അതിനുശേഷം ഒരു സംരക്ഷണ നയത്തിലേക്ക്- അതായത് ഒരു സുസ്ഥിര വികസനത്തിലേക്ക്- എത്തണമെന്നാണ് നിര്‍ദേശം. സോണ്‍ മൂന്നില്‍ വികസനമാവാം. നഗരവല്‍ക്കരണമാവാം. ഈ മേഖലകളുടെ വ്യാപ്തി, അതിര്‍ത്തി എന്നിവ നിര്‍ണ്ണയിക്കുന്നതിലും ജനാഭിപ്രായം പരിഗണിക്കണമെന്നും ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു.

പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍, ഖനനം, ക്വാറിപ്രവര്‍ത്തനം, താപവൈദ്യുതനിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്നകെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഉണ്ടാക്കുന്നത് എന്നിവയാണ് നിരോധിച്ചിട്ടുണ്ട്. 50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗണ്‍ഷിപ്പും വികസനപദ്ധതികളും ‘ചുവപ്പ്’ വിഭാഗത്തില്‍പ്പെടുന്ന വ്യവ സായങ്ങളും നിരോധിച്ചിട്ടുണ്ട്. അതേസമയം നേരത്തെ കേന്ദ്രമന്ത്രാലയത്തിന്റെ പരിസ്ഥിതി പ്രത്യാഘാതവിലയിരുത്തല്‍ സമിതിയുടെയോ സംസ്ഥാനപരിസ്ഥിതി പ്രത്യാഘാതവിലയിരുത്തല്‍ വകുപ്പിന്റെയോ പരിഗണനയിലിരിക്കുന്ന കേസുകള്‍ ഇവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

‘ചുവപ്പ്’ വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളില്‍ കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പട്ടികയില്‍പ്പെട്ടവ മാത്രമല്ല, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പട്ടികയില്‍പ്പെട്ടവയും ഉള്‍പ്പെടും. ഡിസ്റ്റി ലറി, പഞ്ചസാര, വളം, കടലാസ്, പള്‍പ്പ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കീടനാശി നികള്‍, എണ്ണശുദ്ധീകരണം, സിമന്റ്, ടയര്‍, ട്യൂബ് വള്‍ക്കനൈസേഷന്‍, റീത്രെഡിങ്, മോള്‍ഡിങ്, ഗ്ലാസിന്റെയും ഫൈബറിന്റെയും ഉല്‍പാദനവും സംസ്‌കരണവും, സിന്തറ്റിക് റബര്‍, പെയിന്റ്, വാര്‍ണിഷ്, സിന്തറ്റിക് റെസിന്‍, സോപ്പ്, ജെലാറ്റിന്‍, അറവുശാല, മാംസസംസ്‌കരണം, പടക്ക നിര്‍മാണം തുടങ്ങിയവയുള്‍പ്പെടെ 64 തരം വ്യവസായങ്ങളാണു കേന്ദ്ര ബോര്‍ഡിന്റെ ചുവപ്പുഗണത്തിലുള്ളത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസ്തവത്തില്‍ കര്‍ഷകരെ കാര്യമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ കാര്യമായി ഉണ്ടായിരുന്നില്ല. എന്നിട്ടും അക്കാര്യം പറഞ്ഞായിരുന്നു സമരങ്ങള്‍ ആളികത്തിയത്. തുടര്‍ന്നാണ് വിഷയം വീണ്ടും പഠിക്കാന്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ ഗാഡ്ഗില്‍ ശുപാര്‍ശകളെ കുറിച്ച് പഠിക്കുക എന്നതിനേക്കാള്‍ എതിര്‍പ്പുകാരെ പ്രീണിപ്പിക്കുന്നതിനുള്ള രേഖയായി മാറുകയായിരുന്നു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. പശ്ചിമഘട്ടത്തെ രണ്ട് മേഖലകളായി പരിഗണിക്കുകയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തത്. 37% വരുന്നത് സ്വാഭാവിക ഭൂപ്രദേശവും ബാക്കിയുള്ളത് സാംസകാരിക ഭൂപ്രദേശവും. ഇതില്‍ രണ്ടാമത് പറഞ്ഞ ഭാഗത്ത് പാറപൊട്ടിക്കല്‍, മണല്‍ വാരല്‍, ഖനനം എന്നിവയൊഴികെ, മറ്റേത് ഭൗതീകപ്രവര്‍ത്തനങ്ങളും അനുവദിക്കും. പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സംരക്ഷിക്കപ്പെടാതിരിക്കും എന്നര്‍ത്ഥം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെപോലെ ഇ.എസ്.എ. യുടെ അതിര്‍ത്തി നിശ്ചയിക്കുമ്പോള്‍ വന്യജീവികളുടെ സ്വാഭാവിക ആവാസം പരിഗണിക്കുകയോ, തീരുമാനം എടുക്കുന്നതിലും നടപ്പിലാക്കുന്നതിലും ജനകീയാഭിപ്രായം തേടുന്നതിനോ ഉള്ള ശുപാര്‍ശകള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലില്ല. എങ്കിലും കേരളത്തില്‍ 12 ജില്ലകൡ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലപ്രദേശമായി കസ്തൂരിരംഗന്‍ പ്രഖ്യാപിച്ചു. പശ്ചിമഘട്ടത്തിന്റെ 60 ശതമാനവും മനുഷ്യര്‍ കുടിയേറുകയും തോട്ടങ്ങളും മറ്റും സ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞതായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 40 ശതമാനം മാത്രമാണ് സ്വാഭാവികനിലയിലുള്ളത്. ജൈവപരമായി സമ്പന്നമായതും തുടര്‍ച്ച നിലനിര്‍ത്തുന്നതുമായ ഭൂഭാഗം ഏതാണ്ട് 59,940 ചതുരശ്ര കിലോമീറ്റര്‍ വരും. അതായത് 37 ശതമാനം മാത്രം. ഇവിടെയാണ് സംരക്ഷിതവനങ്ങളും ലോകപൈതൃകപ്രദേശങ്ങളും കടുവ ആന ഇടനാഴികളും മറ്റുമുള്ളത്. ഈ മേഖലകളാണ് സമിതി പരിസ്ഥിതി ലോലപ്രദേശമായി കണ്ടെത്തിയത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മാത്രമല്ല, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേയും ശക്തമായ പോരാട്ടങ്ങളാണ് നടന്നത്. 2013 നവംബര്‍ 14ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതായി കേന്ദ്രം പ്രഖ്യാപനമിറക്കിയതോടെയാണ് സമരം ആളിക്കത്തിയത്. കൃസ്ത്യന്‍ സഭകളും സിപിഎമ്മുമായിരുന്നു പ്രധാനം. ഹൈറേഞ്ച് സംരക്ഷണസമിതിയും രംഗത്തിറങ്ങി. ഭരണത്തിലായിരുന്നതിനാല്‍ യുഡിഎഫ് ശക്തമായി രംഗത്തിറങ്ങിയില്ലെങ്കിലും നിലപാട് അതുതന്നെയായിരുന്നു. അക്രമസമരങ്ങള്‍ക്കൊപ്പം സംസ്ഥാന ഹര്‍ത്താലും നടന്നു. ഈ പ്രതിഷേധങ്ങളെ തുടര്‍ന്ന് വിഷയം കൂടുതല്‍ പഠിക്കാന്‍ സര്‍ക്കാര്‍ വി ഉമ്മന്‍ കമ്മിറ്റിയെ നിയമിച്ചു. ആ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും വെള്ളം ചേര്‍ത്തു.

എന്തായാലും ഈ സംഭവവികാസങ്ങള്‍ക്കുശേഷം ഓരോ വര്‍ഷവും പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുക തന്നെയാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും അതിനുള്ള അടിസ്ഥാനകാരണമാണ്. എന്നാല്‍ ദുരന്തങ്ങളെ രൂക്ഷമാക്കുന്നതില്‍ നമ്മുടെ തെറ്റായ വികസനനയങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അവക്ക് കുറെ നിയന്ത്രണം കൊണ്ടുവന്നാല്‍ ദുരന്തങ്ങളുടെ തീവ്രത കുറക്കാനാകും. അതിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൊടിത്തട്ടിയെടുക്കാനും കര്‍ഷകരേയോ സാധാരണക്കാരേയോ ബാധിക്കാത്ത നിര്‍ദ്ദേശങ്ങളെങ്കിലും നടപ്പാക്കി തുടങ്ങാനുമാണ് ഈ വൈകിയ വേളയിലെങ്കിലും കേരളം തയ്യാറാകേണ്ടത്. അല്ലെങ്കില്‍ ഭാവിയില്‍ അതിനുള്ള അവസരം ലഭിക്കനിടയില്ല..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply