G20 അധ്യക്ഷപദവിയും ‘ലോകഗുരു’ നരേന്ദ്ര മോദിയും

”ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി’ എന്ന ‘ആദര്‍ശസൂക്ത’ മാണ് G20ക്ക് ഇന്ത്യാ ഗവണ്‍മെന്റ് കൊടുത്തിട്ടുള്ള പരസ്യവാചകം. ഒരുപക്ഷേ ലോകത്ത് ഒരു രാജ്യവും ചെയ്തിട്ടില്ലാത്ത ഭീകരമായ വിവേചനവും, ന്യൂനപക്ഷ അപരവല്‍ക്കരണവും, തല്ലിക്കൊലകളും, സ്ത്രീ പീഡനങ്ങളും, ജാതി മേല്‍ക്കോയ്മയും നിലനിര്‍ത്തുന്ന ഒരു വര്‍ഗീയ നവഫാസിസ്റ്റ് ഭരണകൂടം ”ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി’ എന്ന് ലോകത്തോട് ആഹ്വാനം ചെയ്യുന്നതിലും പരിഹാസജനകമായി മറ്റെന്തുണ്ട്..! ജനാധിപത്യത്തിന്റെ ഏതു ഭാരതമാതാവാണ് ഇന്ത്യയിലുള്ളത്..?

2022 ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെയുള്ള ഇന്ത്യയുടെ G20 അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് രാജ്യത്ത് മഹത്തായ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന വ്യാജപ്രതീതിയാണ് നരേന്ദ്രമോദിയും മയില്‍പീലി മാധ്യമങ്ങളും ചേര്‍ന്ന് പ്രചരിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് അധ്യക്ഷ സ്ഥാനം ഇതാദ്യമല്ല എന്ന് മാത്രമല്ല, ഓരോ വര്‍ഷവും അംഗരാജ്യങ്ങള്‍ക്ക് ഊഴമായി ലഭിക്കുന്ന ഈ സ്ഥാനം പ്രത്യേകിച്ച് ഒരു സാമ്പത്തിക മോക്ഷ മാര്‍ഗ്ഗത്തെയും അഭിസംബോധന ചെയ്യുന്നതുമില്ല.

”ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി’ എന്ന ‘ആദര്‍ശസൂക്ത’ മാണ് G20ക്ക് ഇന്ത്യാ ഗവണ്‍മെന്റ് കൊടുത്തിട്ടുള്ള പരസ്യവാചകം. ഒരുപക്ഷേ ലോകത്ത് ഒരു രാജ്യവും ചെയ്തിട്ടില്ലാത്ത ഭീകരമായ വിവേചനവും, ന്യൂനപക്ഷ അപരവല്‍ക്കരണവും, തല്ലിക്കൊലകളും, സ്ത്രീ പീഡനങ്ങളും, ജാതി മേല്‍ക്കോയ്മയും നിലനിര്‍ത്തുന്ന ഒരു വര്‍ഗീയ നവഫാസിസ്റ്റ് ഭരണകൂടം ”ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി’ എന്ന് ലോകത്തോട് ആഹ്വാനം ചെയ്യുന്നതിലും പരിഹാസജനകമായി മറ്റെന്തുണ്ട്..! ജനാധിപത്യത്തിന്റെ ഏതു ഭാരതമാതാവാണ് ഇന്ത്യയിലുള്ളത്..?

ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍, ധരം സന്‍സദുകളില്‍ ന്യൂനപക്ഷങ്ങളെ കൊല്ലാനുള്ള ആഹ്വാനങ്ങള്‍, ന്യൂനപക്ഷ വീടുകളുടെ അടുക്കള വരെ കയറിയിറങ്ങുന്ന ബുള്‍ഡോസറുകള്‍, ‘ലൗ ജിഹാദിന്റെ’ പേരില്‍ തടവറയിലേക്ക് തള്ളപ്പെടുമെന്ന് ഭയന്ന് ഹിന്ദുക്കളുടെ അടുത്ത് പോലും പോകാന്‍ ഭയക്കുന്ന മുസ്ലീങ്ങള്‍, ‘അസ്പൃശ്യ’ യായ ഒരു ദളിത് ‘ഉന്നത’ ജാതിക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ പരാതിപ്പെടാന്‍ പോലും ധൈര്യപ്പെടാത്ത രാജ്യം, ഭരണകൂട അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന രാജ്യം, ആ രാജ്യത്തെ പ്രതിച്ഛായാമോഹിയായ, വീരബിംബമാകാന്‍ ശ്രമിക്കുന്ന ഒരു പ്രധാനമന്ത്രി ‘ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി’ എന്നു മൊഴിഞ്ഞ് സ്വയം ‘ലോകഗുരു’ ചമയുകയാണ്. G20 പോലെയുള്ള രാജ്യാന്തര കൂട്ടായ്മയുടെ അടയാള ചിഹ്ന (Logo)മായി സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ ചിഹ്നം ഉപയോഗിച്ച ഏറ്റവും നിന്ദ്യവും, മാനംകെട്ടതുമായ സന്ദര്‍ഭം നരേന്ദ്രമോഡിയുടെ ആര്‍എസ്എസ് ഭരണ കാലത്തല്ലാതെ ലോകചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാകില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ വര്‍ഷത്തെ G20 ഇന്ത്യന്‍ അധ്യക്ഷ പദവിയുടെ ലോഗോ, ഒരു ഭൂഗോളം താങ്ങിനില്‍ക്കുന്ന ബിജെപി ചിഹ്നമായ താമരയാണ്.! പശ്ചാത്തലത്തില്‍ കീഴെ പിന്നെയും വലിയ താമര ഇതളുകള്‍! ഉപനിഷത്തിന്റെ ആറാം അധ്യായത്തില്‍ കാണുന്ന ഉപരിപ്ലവ കല്പിത വേദാന്ത ചിന്ത ‘വസുധൈവ കുടുംബക’ ത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണത്രേ ലോഗോയും ‘ലോകം ഒരു കുടുംബം ‘ എന്ന തീമും സൃഷ്ടിച്ചത്. ലോകം ഒരു കുടുംബമാണെന്നും ഈ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളും ഒന്നാണെന്നും പറയുന്ന മഹത് ചിന്തയാണതെന്ന് നരഹത്യയുടെ കര്‍മ്മ ശാലയിലിരുന്ന് സംഘി ഭരണകൂടം അവകാശപ്പെടുന്നു..

എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന തികച്ചും മതേതരവും ചരിത്രപരവും സാമൂഹ്യവുമായ ആശയത്തെ അവഗണിച്ചുകൊണ്ട്, ബ്രാഹ്മണ്യത്തിന്റെ ഏറ്റവും നൃശംസവും, അസ്പൃശ്യവും, അമാനവികവുമായ പ്രത്യയശാസ്ത്രത്തിന് ദേശീയ പ്രചാരം ലഭ്യമാക്കാനുള്ള നിഗൂഢ ശ്രമമാണ് G20 പോലെയുള്ള രാജ്യാന്തര കൂട്ടായ്മയിലൂടെ പോലും ഫാസിസ്റ്റ് ഭരണകൂടം നടത്തുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കാനാകാത്ത തകര്‍ച്ചയും, ആശങ്കാജനകമായ തലത്തിലുള്ള തൊഴിലില്ലായ്മയും, ആഭ്യന്തര സംഘര്‍ഷങ്ങളും, ദളിത് ന്യൂനപക്ഷ സ്ത്രീ പീഡനങ്ങളും, പട്ടിണിയും സാമൂഹ്യ അരക്ഷിതത്വവും മറച്ചു പിടിക്കാന്‍, വീമ്പിളക്കുന്ന വിദേശനയ അവകാശവാദം G20യുടെ അധ്യക്ഷപദവിയിലൂടെ പൊലിപ്പിച്ച് മോദിയുടെ അനുയായികളുടെയും, സംഘപരിവാര്‍ സവര്‍ണ്ണ വോട്ടര്‍മാരുടെയും ‘അഭിമാനം’ ഉയര്‍ത്താനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണ് ഇപ്പോള്‍ അവലംബിച്ചു കൊണ്ടിരിക്കുന്നത്.

സൈനിക പ്രാധാന്യമുള്ള പ്രദേശത്തിന്റെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടപ്പെടുന്നതും, ചൈനയുമായുള്ള ലഡാക്ക് അതിര്‍ത്തി പ്രതിസന്ധി മറച്ചുവെക്കുവാനും കൂടി വേണ്ടിയാണ് ഈ ഊതി വീര്‍പ്പിച്ച വ്യാജസ്തുതിയുടെ മോദി രൂപം പ്രദര്‍ശിപ്പിക്കുന്നത്.

കിഴക്കന്‍ ഏഷ്യയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ അനന്തരഫലമായി ലോക സമ്പദ്വ്യവസ്ഥ ആടിയുലഞ്ഞപ്പോള്‍ ധനമൂലധന സഞ്ചാരം കൂടുതല്‍ സുഗമമാക്കാന്‍ കോര്‍ രാജ്യങ്ങള്‍ക്ക് (Core Countries) പുറമ്പോക്ക് രാജ്യങ്ങളായ മൂന്നാം ലോക രാജ്യങ്ങളില്‍ തടസ്സങ്ങളില്ലാതെ ഇടപെടുന്നതിന് ചാനലുകളാകാന്‍ വേണ്ടിയാണ് 1999 സെപ്റ്റംബറില്‍ G20 രൂപീകരിച്ചത്. പ്രത്യേകിച്ച് ഒരു തീരുമാനങ്ങളും ഉണ്ടാകാതെ കോടികള്‍ പൊടിച്ച് കൊണ്ടാടുന്ന ഉച്ചകോടി മഹോത്സവങ്ങളാണ് ഇപ്പോള്‍ നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ കുചേലന്മാരായ മാധ്യമങ്ങളും ആഘോഷരാവുകളാക്കുന്നത്.. എല്ലാ രാജ്യങ്ങള്‍ക്കും ഊഴം അനുസരിച്ചു ലഭ്യമാകുന്നതാണ് ഈ അധ്യക്ഷ പദവി. 2024-ല്‍ ബ്രസീലിനാണ് അധ്യക്ഷ പദവി, 2025-ല്‍ ദക്ഷിണാഫ്രിക്ക. എന്നിട്ടും, ലോകത്തെ പ്രതിസന്ധിയും, അരാജകത്വവും പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് സവിശേഷ കഴിവുള്ളതിനാല്‍ ലോകം ഇന്ത്യക്ക് നല്‍കിയ പ്രത്യേക ഉത്തരവാദിത്തമാണ് ഈ പദവി എന്ന് പ്രധാനമന്ത്രി ലജ്ജാരഹിതനായി, നാണമാനാദികളുടെ അംശം പോലുമില്ലാതെ ജനങ്ങളോട് വിളിച്ചുപറയുന്നു. അയാളുടെ ബുദ്ധി കാര്യസ്ഥന്‍മാരായ മാധ്യമങ്ങള്‍ അതേറ്റുപാടുന്നു.. ഒരു ജനതയെ മുഴുവന്‍ തന്നോളം പൊതുവിജ്ഞാനം ഇല്ലാത്തവരായി ഭരണാധികാരി കാണുന്ന ദുരന്താവസ്ഥ!

ലോഗോയും തീമും വെബ്സൈറ്റും ലോഞ്ച് ചെയ്യവേ, G20 അധ്യക്ഷ പദവി ഒരു പുതിയ ഉത്തരവാദിത്തമാണെന്നും ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസത്തിന്റെ അളവുകോലാണെന്നും പ്രധാനമന്ത്രി വീണ്ടും വീണ്ടും ഊന്നിപ്പറഞ്ഞ് G20 എന്നാല്‍ എന്താണെന്നറിയാത്ത മൂഢന്‍മാരാണ് തന്റെ രാജ്യത്തെ പ്രജകള്‍ എന്ന് ഉറപ്പിച്ചെടുക്കുന്നു. എന്നിട്ടും നിര്‍ത്തുന്നില്ല, പ്രധാനമന്ത്രി തന്റെ പാപ മസ്തിഷ്‌കം കൊണ്ട് കോപ്രായം തുടരുകയാണ്. അവസാനം മോദി പറഞ്ഞത് ‘ലോകം നേരിടുന്ന ഈ വെല്ലുവിളികള്‍ അദ്വൈതത്തിന്റെ തത്വശാസ്ത്രത്തിലൂടെ, ജീവജാലങ്ങളുടെ ഐക്യത്തിലൂടെ പരിഹരിക്കാന്‍ കഴിയും’ എന്നാണ്. ഇതോടെ വിദ്യാഭ്യാസത്തെക്കുറിച്ചും, ബാലാകോട്ട് എയര്‍ സ്‌ട്രൈക്കിനെ കുറിച്ചും, തന്റെ പ്രാവീണ്യം നിരത്തിയ അതിസാഹസികമായ മലിന വീമ്പുപറച്ചില്‍ ഓര്‍ക്കാത്തവര്‍ ഉണ്ടാകില്ല. ഇന്ത്യയെ ഇത്രമേല്‍ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത മറ്റൊരു ഭരണാധികാരി ഉണ്ടായിട്ടില്ല. ഉള്ളുപൊള്ളയായ ആഭ്യന്തര ധീരതയുടെ ബലിപീഠത്തില്‍ നിന്നുകൊണ്ടാണ് മോദി പൊങ്ങച്ചത്തിന്റെ ഈ അമ്മാനമാട്ടം നടത്തുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേപ്പാളില്‍ നിന്ന് ഗൂര്‍ഖ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അഗ്‌നിപഥ് പദ്ധതി കൊണ്ടുവന്നതിലൂടെ ശ്രീലങ്കയുടെ ശത്രുത നേടി. അയല്‍ രാജ്യങ്ങളെ മുഴുവന്‍ ശത്രുവാക്കുന്ന മോദി, ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയും നേരിട്ടിട്ടില്ലാത്ത, ഏറ്റവും അപമാനകരമായ അനുഭവമുണ്ടയി. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപം തടയാന്‍ ധാക്കയിലെ സുഹൃത്ത് ഷെയ്ഖ് ഹസീന സര്‍ക്കാരിന് കഴിഞ്ഞില്ല.

ആഗോള കോര്‍പ്പറേറ്റ് രാജസൂയ യജ്ഞത്തിന്റെ അനുകരണമായി മാത്രമേ മോദിയുടെ G20 അധ്യക്ഷപദവിയെ കാണേണ്ടതുള്ളൂ. കഴിഞ്ഞവര്‍ഷം ഏറ്റെടുക്കേണ്ടിയിരുന്ന ഈ അധ്യക്ഷപദവി 2024ലെ പാര്‍ലമെന്റ് ഇലക്ക്ക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ട് അതിന്റെ പ്രചാരണത്തിന് ഉപയോഗിക്കാന്‍ ഈ വര്‍ഷത്തേക്ക് മാറ്റിക്കിട്ടുന്നതിന് വേണ്ടി മോദി അപേക്ഷിക്കുകയായിരുന്നുവത്രേ. എന്തായാലും ഈ ‘ഷോപീസ് ജി20’ വൃഥാസ്ഥൂലതയുടെ വമ്പിച്ച ഭാരം ചുമക്കുന്ന വിവിധ അലങ്കാര വസ്ത്രങ്ങള്‍ ധരിച്ച വെറും ‘ഇവന്റ് മാനേജര്‍’ മാത്രമായ ഒരു പ്രധാനമന്ത്രിക്ക് തണലേകുന്ന ആല്‍മരമായി അടുത്ത തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കപ്പെടും എന്നുറപ്പാണ്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply