
പ്ലാച്ചിമടയില്‍ നിന്ന് എലപ്പുള്ളിയിലേക്ക്
എന്തുകൊണ്ട് ഭീമമായ തോതില്‍ ജലം ആവശ്യമായി വരുന്ന വ്യവസായസ്ഥാപനങ്ങള്‍ പാലക്കാട് ജില്ലയുടെ കിഴക്കുള്ള മഴനിഴല്‍ പ്രദേശത്ത് തന്നെ വരുന്നു? കേരളത്തില്‍ ലഭിക്കുന്ന ശരാശരി മഴയെക്കാള്‍ വളരെ താഴ്ന്ന നിലയിലാണ് ഇവിടെ ലഭിക്കുന്ന മഴ. ഇപ്പോള്‍ തന്നെ നിരവധി ഡിസ്റ്റില്ലറികളും വന്‍ തോതില്‍ ജലം ഉപയോഗിക്കുന്ന മറ്റു പല കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാലാവസ്ഥാമാറ്റവും ആഗോളതാപനവും രൂക്ഷമാകുന്ന ഈ കാലത്ത് പ്രതിദിനം 80 ദശലക്ഷം ലിറ്റര്‍ ജലം ആവശ്യമായി വരുന്ന ഒരു പുതിയ വ്യവസായത്തെ താങ്ങാന്‍ ആ നാടിനു കഴിയുമോ?
പാലക്കാട് ജില്ലയുടെ കിഴക്കു ഭാഗത്തുള്ള എലപ്പുഉളിയില്‍ പുതുതായി ഒരു മദ്യനിര്‍മ്മാണ കമ്പനിക്കു പ്രാഥമികാനുമതി നല്കിയതായുള്ള വാര്‍ത്ത ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നു. കേരളത്തില്‍ ഉപയോഗത്തിനാവശ്യമായ മദ്യം ഇവിടെ ഉത്പാദിപ്പിക്കുന്നില്ലെന്നും ആ കുറവ് നികത്താന്‍ കഴിയുന്ന വിധത്തില്‍ ഒരു കമ്പനി സ്ഥാപിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു കൊണ്ടും ഒയാസിസ് എന്ന ഒരു സ്ഥാപനം മുന്നോട്ടു വന്നു. അവര്‍ക്കു ഭൂമിയുള്ളത് എലപ്പുള്ളിയിലാണ്. അതുകൊണ്ട് അനുമതി നല്‍കി എന്നതാണ് സര്‍ക്കാര്‍ നിലപാട്. ആഗോള താപനത്തിനു കാരണമാകുന്ന പെട്രോളിയത്തിന്റെ ഉപഭോഗം കുറക്കാന്‍ അതില്‍ സസ്യങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എത്തനോള്‍ ചേര്‍ക്കാമെന്നും അതിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പിച്ച സ്ഥാപനമാണ് ഇവിടെ വരുന്നതെന്നുമാണ് സര്‍ക്കാര്‍ വാദം. ഒരു നിക്ഷേപകന്‍ തയ്യാറായി വരുമ്പോള്‍ അവരെ സഹായിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുക എന്നത് സര്‍ക്കാരിന്റെ നയമാണ്. ഇതുവഴി കുറെപ്പേര്‍ക്ക് ജോലി കിട്ടും.
എന്നാല്‍ പ്രതിപക്ഷം ഇതിനെ മറ്റൊരു രീതിയില്‍ കാണുന്നു. 1999 ലെ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്ത ഒരു തീരുമാനമാണ് കേരളത്തില്‍ പുതിയ മദ്യോത്പാദന സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ല എന്നത്. തന്നെയുമല്ല 2016 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കേരളത്തിലെ മദ്യ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറച്ചു കൊണ്ട് വന്നുകൊണ്ട്, മദ്യവിമുക്തി തുടങ്ങിയ പ്രചാരണ പരിപാടികളിലൂടെ മദ്യവര്‍ജനനം നടപ്പിലാക്കും എന്നാണ് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. അന്തരിച്ച പ്രമുഖ സിനിമാതാരങ്ങളായ ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങിയവരെ മുന്‍ നിര്‍ത്തി വ്യാപകമായ പരസ്യവും നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടച്ച് പൂട്ടിയ എണ്ണൂറിലധികം ബാറുകള്‍ തുറക്കുകയും വ്യാപകമായി ബീവറേജ് കോര്പറേഷന്റെയും കണ്‍സ്യുമര്‍ ഫെഡിന്റെയും ചില്ലറ വില്പനശാലകള്‍ തുറക്കുകയും ചെയ്തു. ഇപ്പോള്‍ വന്നിരിക്കുന്ന സ്വകാര്യ സ്ഥാപനം 2022 ല്‍ സര്‍ക്കാരിനു അപേക്ഷ നല്‍കിയ ശേഷമാണ് മദ്യനയത്തില്‍ മാറ്റം വരുത്തിയതെന്നും അതില്‍ തന്നെ അഴിമതി കാണാമെന്നും അവര്‍ പറയുന്നു. ഈ കമ്പനി ദില്ലി മദ്യനയ അഴിമതിക്കേസില്‍ (കെജ്രിവാളും സിസോദിയയും ദീഘകാലം ജയിലില്‍ കിടന്ന കേസില്‍ ) പ്രതികളാണെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നുമുള്ളത് സത്യമാണ്. പഞ്ചായത്തിന്റെ അനുമതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തേടിയിട്ടില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈ വിഷയത്തില്‍ ആദ്യത്തെ ചോദ്യമാകേണ്ടത് എന്തുകൊണ്ട് ഭീമമായ തോതില്‍ ജലം ആവശ്യമായി വരുന്ന ഇത്തരം വ്യവസായസ്ഥാപനങ്ങള്‍ പാലക്കാട് ജില്ലയുടെ കിഴക്കുള്ള മഴനിഴല്‍ പ്രദേശത്ത് തന്നെ വരുന്നു എന്നതാണ്. കേരളത്തില്‍ ലഭിക്കുന്ന ശരാശരി മഴയെക്കാള്‍ വളരെ താഴ്ന്ന നിലയിലാണ് ഇവിടെ ലഭിക്കുന്ന മഴ. ഇപ്പോള്‍ തന്നെ നിരവധി ഡിസ്റ്റില്ലറികളും വന്‍ തോതില്‍ ജലം ഉപയോഗിക്കുന്ന മറ്റു പല കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാലാവസ്ഥാമാറ്റവും ആഗോളതാപനവും രൂക്ഷമാകുന്ന ഈ കാലത്ത് പ്രതിദിനം 80 ദശലക്ഷം ലിറ്റര്‍ ജലം ആവശ്യമായി വരുന്ന ഒരു പുതിയ വ്യവസായത്തെ താങ്ങാന്‍ ആ നാടിനു കഴിയുമോ? ഭൂഗര്‍ഭജലം ഊറ്റുന്നില്ലെന്നും കേരള ജല അതോറിറ്റിയില്‍ നിന്നും ഇവര്‍ക്ക് വെള്ളം നല്‍കാനുള്ള കരാര്‍ ഉണ്ടെന്നുമുള്ള സര്‍ക്കാര്‍ അവകാശവാദം പൊള്ളയാണെന്ന് എളുപ്പം മനസിലാക്കാന്‍ കഴിയും.
കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് മലമ്പുഴയില്‍ നിന്നും വെള്ളം കൊണ്ടു പോകാനുള്ള പദ്ധതി പൈപ്പിടാനുള്ള അനുമതി ലഭിക്കാത്തതിനാല്‍ നാല് വര്‍ഷമായി മുടങ്ങിക്കിടക്കുന്നു. കിന്‍ഫ്രക്ക് പ്രതിദിനം 20 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ആവശ്യം. പാലക്കാട് നഗരമടക്കം പലയിടങ്ങളിലും കുടിവെള്ളം നല്‍കുന്നത് മലമ്പുഴ അണക്കെട്ടില്‍ നിന്നുമാണ്. കൂടാതെ ധാരാളം കൃഷിഭൂമിക്കും അവിടെ നിന്നും വെള്ളം എടുക്കുന്നുണ്ട്. അത് കഴിഞ്ഞു കിന്‍ഫ്രക്ക് 20 ദശലക്ഷം ലിറ്റര്‍ പ്രതിദിനം നല്‍കാനാവില്ലെന്ന് ജലഅതോറിറ്റി തന്നെ പറഞ്ഞിട്ടുണ്ട്. ആ സമയത്താണ് പ്രതിദിനം ഇത്രയധികം വെള്ളം ഈ പുതിയ കമ്പനിക്കു നല്‍കാമെന്ന് അവര്‍ കരാര്‍ ഒപ്പിടുന്നത്. തന്നെയുമല്ല മഴയില്‍ കുറവുണ്ടായാല്‍ മലമ്പുഴയിലെ വെള്ളം ഗാര്‍ഹിക കാര്‍ഷികാവശ്യങ്ങള്‍ക്കു തന്നെ തികയാതെ വരും. മലമ്പുഴവെള്ളം തികയാതെ വരുമ്പോള്‍ ജലഅതോറിറ്റി ആര്‍ക്കാകും മുന്‍ഗണന നല്‍കുക? ഒരു സംശയവും വേണ്ട മൂലധനം മുടക്കി ‘കഷ്ടപ്പെടുന്ന’ ഫാക്റ്ററി ഉടമക്കാകും. ഇതിനു കൊച്ചി നല്ല ഉദാഹരണം. കൊച്ചിയില്‍ ഇപ്പോള്‍ (മഴക്കാലത്ത് പോലും) ആഴ്ചയില്‍ മൂന്നു ദിവസമാണ് അതോറിറ്റിയുടെ ജലവിതരണം ഉള്ളത്. അവിടെ ഉയര്ന്നു വന്നിരിക്കുന്ന ആയിരക്കണക്കിന് ഫ്‌ളാറ്റുകള്‍ക്കു അവര്‍ ഒരു തുള്ളി വെള്ളം പോലും നല്‍കുന്നില്ല, ഒരു തരത്തിലും വിശ്വസിക്കാന്‍ കഴിയാത്ത ടാങ്കര്‍ ജലമാണ് അവരും പല ഹോട്ടല്‍ പോലുള്ള വ്യാപാരസ്ഥാപനങ്ങളും ഉപയോഗിക്കുന്നത്. എന്നാല്‍ നാശമായിക്കൊണ്ടിരിക്കുന്ന പെരിയാറില്‍ നിന്നും ഇരുപതിലധികം കിലോമീറ്റര് പൈപ്പിട്ട് കാക്കനാട്ടെ കിന്‍ഫ്രയിലേക്കു വ്യവസായത്തിന് വെള്ളം കൊടുക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. കാരണങ്ങള്‍ വ്യക്തം. ജനങ്ങളെക്കാള്‍ അതോറിറ്റിക്കും സര്‍ക്കാരിനും മേല്‍ സ്വാധീനം ഈ കമ്പനികള്‍ക്കാണ്. തന്നെയുമല്ല ജനങ്ങള്‍ക്ക് നല്‍കുന്ന നിരക്കിന്റെ പലമടങ്ങു വിലക്കാണ് വ്യവസായത്തിന് വെള്ളം കൊടുക്കുന്നത് എന്നതിനാല്‍ അതോറിറ്റിക്ക് ‘ ഇത് ലാഭകരവും’ ആണ്.
മഴവെള്ള സംഭരണം നടത്തും എന്നതാണ് ഇവരുടെ മറ്റൊരു അവകാശവാദം. വര്‍ഷത്തില്‍ നാല് മാസമേ ഇവിടങ്ങളില്‍ നല്ല മഴ കിട്ടുകയുള്ളൂ. അതില്‍ തന്നെ ഇപ്പോള്‍ കുറവുണ്ട്. എലപ്പുള്ളി പഞ്ചായത്തിന്റെ മുകളിലാകെ വീഴുന്ന വെള്ളം കണക്കാക്കിയാലും ഇത്രയും ശേഖരിക്കാനാവില്ല. അന്നാട്ടിലെ സാധാരണ മനുഷ്യരുടെ ആവശ്യത്തിനുള്ള (ഗാര്‍ഹികം, കാര്‍ഷികം) വെള്ളം ഇപ്പോള്‍ തന്നെ കിട്ടുന്നില്ല. കഴിഞ്ഞ വര്ഷം അവിടെ ടാങ്കറില്‍ ജലം വിതരണം ചെയ്യാന്‍ വേണ്ടി മാത്രം മുടക്കിയത് 12 ലക്ഷത്തിലധികം രൂപയാണ്. എലപ്പുള്ളി പഞ്ചായത്തില്‍ ഇപ്പോഴുള്ള അഞ്ഞൂറോളം കുഴല്‍ക്കിണറുകളില്‍ നൂറിലധികം എണ്ണത്തില്‍ വെള്ളമില്ല. തന്നെയുമല്ല മദ്യമോ സ്പിരിറ്റോ ഉത്പാദിപ്പനത്തിനു വേണ്ടി ആണെങ്കില്‍ ഇതേ സ്ഥലത്തിനടുത്തു തന്നെ ഒരു സര്‍ക്കാര്‍ (ഏറ്റെടുത്ത) സ്ഥാപനമുണ്ട്, ചിറ്റൂര്‍ ഷുഗര്‍ മില്‍. ആ സ്ഥാപനം വര്ഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. കാരണം അവര്‍ക്കു നല്‍കാന്‍ വെള്ളമില്ല. അതായത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനത്തിന് നല്കാന്‍ വെള്ളമില്ലെന്നു പറയുകയും ഒരു സ്വാകാര്യ മദ്യ വ്യവസായിക്ക് നല്‍കാന്‍ വെള്ളമുണ്ടെന്നു പറയുകയുമാണ് സര്‍ക്കാര്‍ സ്ഥാപനമായ ജല അതോറിട്ടി.
നമുക്കിതിന്റെ അഴിമതിയും മറ്റു കാര്യങ്ങളുമൊക്കെ വിടുക . എന്നാലും വെള്ളം എവിടെ നിന്ന് കിട്ടും എന്നത് പ്രധാനമാണല്ലോ. ഈ സ്ഥലത്തിനടുത്താണ് ചരിത്രപ്രസിദ്ധ്മായ സമരം നടന്ന പ്ലാച്ചിമട ഗ്രാമം. കാല്‍ നൂറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2000 ല്‍ അവിടെ കൊക്ക കോളയുടെ ഒരു ഫാക്ടറി വരുന്നു. പ്രതിദിനം 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ഉപഗ്രഹപഠനത്തിലൂടെ ധാരാളം ഭൂഗര്‍ഭ ജലസ്രോതസുള്ള സ്ഥലമാണത് എന്ന് കണ്ടെത്തിയതിനാലാണ് അവര്‍ അവിടെ വന്നത്. അന്നും ഒരു ഇടതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിച്ചിരുന്നത്. വെള്ളം അത്ര ഗുരുതരമായ വിഷയമായി പൊതുവെ കേരളീയര്‍ അന്ന് കണ്ടിരുന്നില്ല. വൈപ്പിന്‍ , പശ്ചിമ കൊച്ചി, കുട്ടനാട് പോലുള്ള ചില പ്രദേശങ്ങളില്‍ മാത്രമാണ് സ്ഥിരമായ ജലക്ഷാമം ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പിന്നാക്ക പ്രദേശത്തിന്റെ വലിയ വികസനപദ്ധതിയായി സര്‍ക്കാര്‍ ഇതിനെ കണ്ടു . അതേ കാലത്തു തന്നെ കഞ്ചിക്കോട്ടെ വ്യവസായമേഖലയില്‍ പെപ്‌സി കമ്പനിയും വന്നു. ഒരു കൊല്ലത്തോളം വലിയ പ്രശ്ങ്ങളില്ലാതെ മുന്നോട്ടു പോയി. എന്നാല്‍ പതിയെ ആ നാട്ടിലെ ഭൂഗര്ഭജലനിരപ്പു താഴ്ന്നു. ആ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ കുടിക്കാനും കൃഷിക്കും ഭൂഗര്ഭജലമാണ് ഉപയോഗിച്ചിരുന്നത്. ജലനിരപ്പ് താഴ്ന്നത് അവരെ ബുദ്ധിമുട്ടിലാക്കി. മുമ്പ് 50-100 അടി ആഴമുണ്ടായിരുന്ന കുഴല്‍ക്കിണറുകളുടെ ആഴം പലമടങ്ങാക്കിയിട്ടും വെള്ളം കിട്ടാത്ത അവസ്ഥയായി. കമ്പനിക്കു ചുറ്റുമുള്ള ഊരുകളിലെ ആദിവാസികളാണ് ഈ പ്രശനം ആദ്യം മനസ്സിലാക്കിയത്. തന്നെയുമല്ല അവര്‍ക്കു കൈപ്പമ്പിലൂടെ കിട്ടുന്ന വെള്ളത്തിന്റെ നിറവും സ്വാദും മോശമായി. ‘ അരിയും പരിപ്പും ഈ വെള്ളത്തില്‍ വേവിച്ചാല്‍ ചാണകം പോലെയാകുന്നു’ എന്നാണ് ആദ്യ ദിവസം അവിടെ ചെന്നപ്പോള്‍ സമരനായിക മയിലമ്മ പറഞ്ഞത്. കുടിവെള്ളത്തിനായി അവര്‍ക്കു കിലോമീറ്ററുകള്‍ കുടവുമായി പോകേണ്ട അവസ്ഥയായി.. സ്ത്രീകള്‍ക്ക് ജോലിക്കു പോലും പോകാന്‍ കഴിയാത്ത സ്ഥിതിയായി.
നാട്ടുകാരുടെ കൃഷിയെയും തൊഴിലിനേയും വരുമാനത്തെയും ബാധിച്ച ഘട്ടത്തിലാണ് അവര്‍ സമരരംഗത്തേക്കിറങ്ങിയത്. തുടക്കത്തില്‍ എല്ലാ കക്ഷികളും ( മുഖ്യധാരയില്‍ സിപിഐ ഒഴിച്ച് ) കമ്പനിക്കു വേണ്ടി നിലകൊണ്ടു. ശക്തമായ ട്രേഡ് യൂണിയന്‍ നിര തൊഴില്‍ സംരക്ഷണമെന്ന പേരില്‍ രൂപം കൊണ്ടു. ആദിവാസികളുടെ ഓലകൊണ്ട് മേഞ്ഞ സമരപ്പന്തലിനു നേരെ എതിരായി കമ്പനിയുടെ ഭാഗത്ത് തൊഴില്‍ സംരക്ഷണത്തിനെന്ന പേരില്‍ കോള സംരക്ഷണത്തിന് വളരെ വലിയ പന്തല്‍ ഉണ്ടായി. അതിനിടയില്‍ കേരളത്തിലെ ഭരണം മാറിയിരുന്നു. ഇടതുപക്ഷം പ്രതിപക്ഷത്തായി. ജനകീയ സമരത്തിന്റെ മാനങ്ങള്‍ മാറി. ലോകമെങ്ങും ജലത്തിനായി പ്രക്ഷോഭങ്ങള്‍ നടത്തുന്നവരുടെ പിന്തുണ ഇവരെ തേടി എത്തി. സാമ്രജ്യത്വ കമ്പനിയെ അനുകൂലിക്കുക എന്നത് ഇടതുപക്ഷത്തു തന്നെ അസ്വാരസമുണ്ടാക്കി. ഇടതു യുവജനസ ഘടനകള്‍ സമരത്തിനെ പിന്തുണക്കാന്‍ തുടങ്ങി. അന്ന് ഈ മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളി ആയിരുന്നു ഡിവൈഎഫ് ഐ നേതാവായിരുന്ന ഇന്നത്തെ പാലക്കാട്ടുകാരനായ എക്‌സൈസ് മന്ത്രി എന്നതും ഓര്‍ക്കാം.. ഇടതു സര്‍ക്കാരിന്റെ പദ്ധതി ആയിരുന്നതിനാല്‍ ആദ്യം ഡിവൈഎഫ്‌ഐ ഉയര്‍ത്തിയ മുദ്രാവാക്യം കോള കമ്പനിക്കു വെള്ളം അളന്നു നല്‍കണമെന്നും അതിനു വില വാങ്ങണം എന്നുമായിരുന്നു. പക്ഷെ സമരസമിതി ഇത് തള്ളിക്കളഞ്ഞു. ഒടുവില്‍ ഡിവൈഎഫ്‌ഐ നയം മാറ്റി സമരത്തെ പിന്താങ്ങി. ഈ കമ്പനിക്കു ഭൂഗര്‍ഭജലം കിട്ടാത്ത അവസ്ഥ വന്നപ്പോള്‍ ടാങ്കറില്‍ വെള്ളം കൊടുക്കാന്‍ സന്മനസ്സു കാണിച്ച ഒരാള്‍ ഇപ്പോള്‍ മന്ത്രിയാണ്. പിന്നീട് അദ്ദേഹം സമരപ്പന്തലില്‍ വന്നു മാപ്പിരക്കുകയായിരുന്നു. ലോകജലസമ്മേളനം വരെ അവിടെ നടന്നു. 2004 ല്‍ കമ്പനി അച്ച് പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പക്ഷെ അതിനകം ആ പ്രദേശമാകെ നാശമായിരുന്നു.
ശക്തമായ സമരം തുടര്‍ന്നപ്പോള്‍ ആ പ്രദേശത്തെ നാശത്തെ പറ്റി പഠിക്കാന്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. മുന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ആ സമിതി 2011 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 216 കോടി രൂപയുടെ നാശം അവിടെ ഉണ്ടായി എന്ന് കണ്ടെത്തി. ആ നഷ്ടപരിഹാരം നല്‍കാന്‍ ഒരു നിയമം ഉണ്ടാക്കി എങ്കിലും കേന്ദ്ര അനുമതി ഇല്ലെന്നതിനാല്‍ അത് നടപ്പിലായിട്ടില്ല. വര്ഷങ്ങളായി പ്ലാച്ചിമട സമരസമിതി മുട്ടാത്ത വാതിലുകളില്ല. കേന്ദ്രസര്‍ക്കാര്‍ മടക്കിയ നിയമം ഭേദഗതി ചെയ്യാനോ സംസ്ഥാനസര്‍ക്കാരിന്റെ തന്നെ ഒരു നിയമം ഉണ്ടാക്കാനോ ഇത്രയും കാലമായിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ സാഹചര്യത്തിലാണ് എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട പദ്ധതിയെ കാണേണ്ടത്. ഒയാസിസ് കമ്പനി പഞ്ചാബിലെ ഫെറോസപൂര്‍ ജില്ലയില്‍ മന്‍സൂര്‍വാളില്‍ സ്ഥാപിച്ച ഫാക്റ്ററി ചുറ്റുപാടുമുള്ള നാലു കിലോമീറ്റര് പ്രദേശം മലിനമാക്കിയതിനെതിരായ സമരം നടന്നു. ശക്തമായ ആ ജനകീയ മുന്നേറ്റത്തില്‍ അന്നാട്ടിലെ സിപിഎമ്മും അവരുടെ കര്ഷകസംഘടനയും പങ്കെടുത്തിരുന്നു. ആറുമാസത്തെ സമരത്തെ തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാര്‍ അത് അടച്ച് പൂട്ടി. ഇവിടെയും അങ്ങനെ ഒരവസ്ഥ ഉണ്ടാകണം എന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവോ?
എല്ലാ നിയമങ്ങളും പാലിച്ച് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കൂ എന്ന ഉറപ്പിനൊരു ബലവും ഇല്ല. പണം എറിഞ്ഞാല്‍ പാരിസ്ഥിതികമടക്കം എല്ലാ അനുമതികളും ഇന്ന് കിട്ടും. അങ്ങനെ തന്നെയാണ് കോള കമ്പനിയും വന്നത്. അത് വന്നതും ഗ്രീന്‍ ചാനല്‍ വഴി ആയിരുന്നതിനാല്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമായിരുന്നില്ല. തങ്ങളുടെ അബദ്ധം തിരിച്ചറിഞ്ഞ പെരുമാട്ടി പഞ്ചായത്ത് പിന്നീട് സമരത്തിനൊപ്പം വരികയായിരുന്നു. ജനകീയാസൂത്രണം, പഞ്ചായത്തീ രാജ് മുതലായവയൊക്കെ നിരന്തരം വായ്ത്താരി മുഴക്കുന്നവരാണല്ലോ ഭരിക്കുന്നത്. പ്ലാച്ചിമട സമരക്കാലത്തു ഇടതുപക്ഷമടക്കം ഉയര്‍ത്തിയ മുദ്രാവാക്യമാണ് പ്രകൃതിവിഭവങ്ങളുടെ മേലുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് എന്നത്. ഇപ്പോഴും ആ നിലപാട് അവര്‍ക്കുണ്ടോ? എങ്കില്‍ പ്രാദേശിക ജനതയുടെ ജീവിതം തകര്‍ക്കുന്ന ഇത്തരം പദ്ധതികള്‍ ഉപേക്ഷിക്കണം. ‘പ്ലാച്ചിമടയില്‍ കൊണ്ട് പഠിച്ചത് എലപ്പുള്ളിയില്‍ കണ്ട് പഠിക്കും’ എന്ന് ജനങ്ങള്‍ പ്രഖ്യാപിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in