
കരിനിയമങ്ങളുമായി ഫാസിസം ശക്തമാകുന്നു.
നിര്‍ഭാഗ്യവശാല്‍ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നു പ്രതീക്ഷിച്ച പ്രസ്ഥാനങ്ങളൊന്നും ബില്ലിനെതിരെ ശക്തമായ നിലപാടെടുത്തില്ല. കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം എം പിമാരുടെ പ്രതിഷേധത്തെ അവഗണിച്ച് കോണ്‍ഗ്രസസ്സ് ബില്ലിനെ പിന്തുണച്ചു. ലോകസഭയില്‍ ബില്ലിനെ എതിര്‍ത്ത സിപിഎം രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. മുസ്ലിംലീഗ് പോലും ശക്തമായ നിലപാടെടുത്തില്ല
ജനകീയപ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ എന്നു ഉപയോഗിക്കുന്നത് കരിനിയമങ്ങളാണ്. ജനകീയ സമരങ്ങളെ തീവ്രവാദമെന്നാരോപിച്ചാണ് ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കുക. ഈ നിയമങ്ങളാകട്ടെ കാലത്തിനനുസരിച്ച് രൂപം മാറി കൂടുതല്‍ കൂടുതല്‍ രൂക്ഷമായി വരുകയാണ്. അതോടൊപ്പം ന്യൂനപക്ഷവ്ഭാഗങ്ങളെ വേട്ടയാടാനും എന്നും ഉപയോഗിക്കുന്നത് കരിനിയമങ്ങള്‍ തന്നെ. കാലം കഴിയുംതോറഖും കരിനിയമങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശക്തമാക്കികൊണ്ടിരിക്കുകയുമാണ്. ടാഡ, പോട്ട, അഫ്‌സ്പ, യു എ പി എ തുടങ്ങിയവയെല്ലാം ഇവക്കുദാഹരണങ്ങള്‍. ഈ പട്ടികയിലാണ് കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് പാസാക്കിയ എന്‍ ഐ എ ഭേദഗതി ബില്ലും വരുന്നത്.
എന്‍ ഐ എ യുമായി ബന്ധപെട്ട് 2008 ലുണ്ടായിരുന്ന നിയമമാണ് ഭേദഗതി ചെയ്തത്. മുസ്ലിം ഭീതി ഉണ്ടക്കുന്നതിനും മനുഷ്യാവകാശ ധ്വംസനത്തിനും ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കാനും സംഘപരിവാര്‍ ശക്തികള്‍ ഭരണകൂട സംവിധാനങ്ങളെ ഉപയോഗിക്കുന്നതിനു വീണ്ടും ഭരണഘടനാസ്ഥാപനമായ പാര്‍ലമെന്റ് സാക്ഷിയാകുകയായിരുന്നു. രാജ്യസഭയില്‍ ഐക്യകണ്ഡേനയും ലോകസഭയില്‍ 278 വോട്ടുകള്‍ക്കെതിരെ കേവലം 6 പ്രതിപക്ഷ വോട്ടിനുമാണ് ബില്‍ പാസായത്. നിര്‍ഭാഗ്യവശാല്‍ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നു പ്രതീക്ഷിച്ച പ്രസ്ഥാനങ്ങളൊന്നും ബില്ലിനെതിരെ ശക്തമായ നിലപാടെടുത്തില്ല. കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം എം പിമാരുടെ പ്രതിഷേധത്തെ അവഗണിച്ച് കോണ്‍ഗ്രസസ്സ് ബില്ലിനെ പിന്തുണച്ചു. ലോകസഭയില്‍ ബില്ലിനെ എതിര്‍ത്ത സിപിഎം രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. മുസ്ലിംലീഗ് പോലും ശക്തമായ നിലപാടെടുത്തില്ല എന്നതില്‍ നിന്നുതന്നെ കാര്യങ്ങളുടെ പോക്ക് മനസ്സിലാകുമല്ലോ. അത്തരത്തില്‍ നിലപാടെടുത്താല്‍ തങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുമെന്ന ഭയമാണത്രെ ്കാരണം.
പ്രധാനമായും മൂന്നു മാറ്റങ്ങളാണ് പുതിയ ഭേദഗതിയിലൂടെ സംഭവിക്കുക. എന്‍ ഐ എ യുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ മാറ്റം. പുതിയതായി ഉള്‍പ്പെടുത്തിയ കുറ്റകൃത്യങ്ങളടക്കം അന്വേഷിക്കുന്ന എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരുടെ അധികാരവും അധികാര പരിധിയും നല്‍കുക, ഇത്തരം കേസുകളുടെ വിചാരണക്കായി നിലവിലെ കോടതിവ്യവസ്ഥിതികള്‍ക്ക് അപ്പുറം വേറിട്ട കോടതികള്‍ രൂപീകരിക്കുക എന്നിവയാണ് പുതിയ ഭേദഗതി വഴി ഉണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍. മനുഷ്യക്കടത്ത്, കള്ളനോട്ട് നിര്‍മാണം, നിരോധിത ആയുധങ്ങളുടെ നിര്‍മാണവും വില്പനയും, സൈബര്‍ ഭീകരവാദം, 1908 ലെ സ്‌ഫോടന വസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവയാണ് പുതിയതായി പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍. എന്‍ ഐ എ ക്ക് പോലീസിന്റേതായ അധികാരങ്ങള്‍ അനുവദിച്ചു നല്‍കുന്നത് കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകും എന്നാണ് മനുഷ്യവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. അതിനായി നിലവില്‍ നിലനില്‍ക്കുന്ന കോടതി വ്യവഹാരങ്ങള്‍ക്ക് പുറമെ മറ്റു കോടതി സംവിധാങ്ങള്‍ രൂപീകരിക്കുന്നതും സംശയകരമാണെന്നു സാമൂഹ്യനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഏതു സംഘടനക്കുമേലും എളുപ്പത്തില്‍ ദേശദ്രോഹം ആരോപിക്കുകയും കുറ്റം ചാര്‍ത്തുകയും ചെയ്യാം എന്നതാണ് കരിനിയമങ്ങളുടെ അപകടം. കുറ്റം ആരോപിക്കപ്പെടുന്നതോടെ കുറ്റാരോപിതന്റെ മുഴുവന്‍ മൗലികാവകാശങ്ങളും ലംഘിക്കപ്പെടുകയും അനിശ്ചിതകാലം വിചാരണത്തടവില്‍ അകപ്പെടുന്നതിനും കാരണമാകും. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് പോലീസിന്റെ അധികാരങ്ങള്‍ നല്‍കുന്നതോടെ ഈ മനുഷ്യാവകാശ ലംഘനങ്ങളുടെ രൂക്ഷത വര്‍ധിക്കും. എന്നാല്‍ ഈ കുറ്റാരോപണത്തെ തെറ്റാണെന്നു തെളിയിക്കാന്‍ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ തടസം സൃഷ്ടിക്കുകയും ചെയ്യും.
മുകളില്‍ സൂചിപ്പിച്ച രീതിയില്‍ കരിനിയമങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ തന്നെ. കേരളവും ഇതില്‍ നിന്നു വിമുക്തമല്ല. വാസ്തവത്തില്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസ്സിനും ലീഗിനുമം ഇക്കാര്യത്തില്‍ കൈകഴുകാനാവില്ല. കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും ബി.ജെ.പിയും സിപിഐയും സമാജ് വാദി പാര്‍ട്ടിയും ഒവൈസിയുടെ എം.ഐ.എമ്മും എല്ലാം ചേര്‍ന്നാണ് 2008 ല്‍ പാര്‍ലമെന്റില്‍ യു.എ.പി.എ കുപ്രസിദ്ധ ഭേദഗതി ബില്‍ പാസാക്കിയത്. ഈ ഭേദഗതിയുടെ അനന്തര ഫലമാണ് എന്‍.ഐ.എ ആക്ട്. മുസ്ലിം ലീഗും എം.ഐ.എമ്മും യു.എ.പി.എ പിന്‍വലിക്കണമെന്ന് പിന്നീട് ആവശ്യപ്പെട്ടിരുന്നു എന്നത് ശറരി.
യു എ പി എ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ഇരുമുന്നണികളും അതില്‍ പുറകിലല്ല. ടാഡയും പോട്ടയും കേരളത്തിലെ എല്‍.ഡി.എഫോ യു.ഡി.എഫോ ഉപയോഗിച്ചിട്ടില്ല. പക്ഷേ യു.എ.പി.എ കേരളത്തില്‍ ശക്തമായി നടപ്പിലാക്കിയതും എന്‍.ഐ.എ യെ കേരളത്തിലേക്ക് ആദ്യമായി കേസ് കൈമാറി (പാനായിക്കുളം കേസ്) ഏല്‍പിച്ചതും കൊടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന അച്യുതാനന്ദന്‍ സര്‍ക്കാരായിരുന്നു. പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ഈ പാത പിന്തുടര്‍ന്നു. എന്നാല്‍ നിരവധി നിരപരാധികള്‍ അനേകവര്‍ഷം ജയിലില്‍ കിടന്ന ശേഷം പാനായിക്കുളം കേസടക്കം കെട്ടിച്ചമച്ചതാണെന്നു തെളിയുകയായിരുന്നു. പിണറായി സര്‍ക്കാറിന്റെ തുടക്കത്തില്‍ നിരന്തരമായി നിരവധി പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ എതിര്‍പ്പുയര്‍ന്നപ്പോള്‍ 162 കേസുകള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പിണറായി ശര്‍ക്കാരിന്റെ കാലത്തെ 26 കേസുകളില്‍ 25 ഉം നില നില്‍ക്കുന്നതല്ല എന്നും വേറേ 17 കേസും നിലനില്‍ക്കുന്നതല്ല ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കണ്ടെത്തിയുതുന്നു. അതിന്റെ തുടര്‍ നടപടി ഇന്നുവരെ വ്യക്തമാക്കിയിട്ടില്ല. കമ്ണൂരിലെ രാഷ്ട്രീയ കൊലകളുടെ പേരില്‍ പി ജയരാജനടക്കമുള്ളവര്‍്കകെതിരെ യു എ പി എ ചുമത്തുമെന്നായപ്പോഴാണ് സിപിഎം പോലും ഇ്ക്കാര്യത്തിലെ നിലപാട് പുനപരിശോധിച്ചത്.
യുഎപിഎ പോലുള്ള കരിനിയമങ്ങളുടെ ദുരുപയോഗമല്ല, നിയമങ്ങള്‍ തന്നെ നിയമനിര്‍മ്മാണ അധികാരത്തിന്റെ ദുരുപയോഗമാണ് എന്നതാണ് പ്രശ്നം. യാതൊരു കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയെ പോലും ഇതിലൂടെ പ്രതിയാക്കി നിയമനടപടി സ്വീകരിക്കാം. സര്‍ക്കാര്‍ നയങ്ങളെയും നടപടികളേയും വിമര്‍ശിക്കുന്ന ഏതൊരു സംഘടനയേയും ഭീകര സംഘടനയായി മുദ്ര കുത്താം. അറസ്റ്റ് ചെയ്യുന്നതിനും പീഢിപ്പിക്കുന്നതിനും പോലീസിന് അമിതാധികാരങ്ങള്‍ നല്‍കുന്നു. ജാമ്യമില്ലാതെ ദീര്‍ഘകാലം ആളുകളെ വിചാരണത്തടവുകാരായി തടവിലിടാന്‍ നിയമം അനുവദിക്കുന്നു. ഭീകരപ്രവര്‍ത്തനം ആരോപിക്കപ്പെടുന്ന കേസുകളില്‍ പ്രതിയാക്കപ്പെടുന്നതോടെ കുറ്റാരോപണം തെറ്റാണെന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിയുടേതാകുന്നു. അഭിപ്രായപ്രകടനത്തിനും ആശയപ്രചരണത്തിനും സംഘടിക്കുന്നതിനും യോഗം ചേരുന്നതിനുമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു. ടാഡ, പോട്ട നിയമങ്ങളില്‍ ആ നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ യു.എ.പി.എ. മുതല്‍ അത്തരം വ്യവസ്ഥയോ അതിനുള്ള സാധ്യതകളോ ഇല്ല. യു. എ.പി.എ പ്രകാരമുള്ള കേസുകള്‍ അന്വേഷിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ്. എന്‍ ഐ എക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഈ ബില്‍ അതിനാല്‍ തന്നെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമെതിരായ കടന്നു കയറ്റമാണ്. അതിനെ പ്രതികരിച്ചേ കഴിയൂ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in