കേരളത്തിലെ വിദ്യാഭ്യാസരംഗവും മന്ത്രി രാജീവിന്റെ ഫേസ് ബുക്ക് പോസ്റ്റും

സത്യത്തില്‍ എല്ലാവര്‍ക്കുമറിയാവുന്ന, എന്നാല്‍ പലരും പറയാന്‍ മടിക്കുന്ന വസ്തുത, കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ രംഗം മാത്രമാണ് മിക്ക സംസ്ഥാനങ്ങളേക്കാള്‍ മുന്നിലെന്നതും ഉന്നത വിദ്യാഭ്യാസ രംഗം മിക്ക സംസ്ഥാനങ്ങളേക്കാള്‍ പുറകിലുമാണെന്നതുമാണ്. മറ്റൊരുപാടു വിഷയങ്ങളിലെന്ന പോലെ കേരളം നമ്പര്‍ വണ്‍ എന്നഹങ്കരിക്കുമ്പോള്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയിലെ ഏതു കണക്കെടുത്താലും നാം വളരെ പുറകിലാണെന്നതു പകല്‍ പോലെ വ്യക്തമാണ്.

കേരളത്തിലെ വിദ്യാഭ്യാസരംഗം എപ്പോഴും ചര്‍ച്ചാവിഷയമാണ്, വിവാദവിഷയവുമാണ്. തന്റെ മകള്‍ നേടിയ ഉന്നതവിജയത്തെ കുറിച്ചുള്ള മന്ത്രി പി രാജിവന്റെ പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും വിഷയത്തെ സജീവചര്‍ച്ചയാക്കിയത്. പൊതുവിദ്യാഭ്യാസമേഖലയെ കുറിച്ച് ഇടതുപക്ഷക്കാര്‍ വാ തോരാതെ പ്രസംഗിക്കുമ്പോള്‍ അണ്‍ എയ്ഡഡ് വിദ്യാലയത്തില്‍ പഠിക്കുന്ന മകളുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്ന മന്ത്രി ശരാശരി മലയാളിയുടെ കാപട്യത്തിന്റെ ഉദാഹരണം തന്നെയാണെന്ന് ഖേദത്തോടെയാണെങ്കിലും പറയേണ്ടി വരുന്നു. അതേസമയം നമ്മുടെ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രതിസന്ധിയെ തന്നെയാണ് ഈ വൈരുദ്ധ്യം പുറത്തുകൊണ്ടുവരുന്നത്.

സത്യത്തില്‍ എല്ലാവര്‍ക്കുമറിയാവുന്ന, എന്നാല്‍ പലരും പറയാന്‍ മടിക്കുന്ന വസ്തുത, കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ രംഗം മാത്രമാണ് മിക്ക സംസ്ഥാനങ്ങളേക്കാള്‍ മുന്നിലെന്നതും ഉന്നത വിദ്യാഭ്യാസ രംഗം മിക്ക സംസ്ഥാനങ്ങളേക്കാള്‍ പുറകിലുമാണെന്നതുമാണ്. മറ്റൊരുപാടു വിഷയങ്ങളിലെന്ന പോലെ കേരളം നമ്പര്‍ വണ്‍ എന്നഹങ്കരിക്കുമ്പോള്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയിലെ ഏതു കണക്കെടുത്താലും നാം വളരെ പുറകിലാണെന്നതു പകല്‍ പോലെ വ്യക്തമാണ്. ചരിത്രപരമയാ നിരവധി കാരമണങ്ങളാല്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ താരതമ്യേന മെച്ചമാണെങ്കിലും നിരവധി പ്രശ്‌നങ്ങളാണ് അവിടേയുമുള്ളത. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വീണ്ടും ഉയര്‍ന്നുവരുന്നത്. അതാകട്ടെ പൊതു – സ്വകാര്യ മേഖലകള്‍ തമ്മിലുള്ള താരതമ്യമാണ്.

ഉന്നതവേതനം ലഭിക്കുമ്പോഴും ഔട്ട് പുട്ട് പരിശോധിക്കാനോ അതിന്റെയടിസ്ഥാനത്തില്‍ മാത്രം പ്രമോഷനും വേതനവര്‍ദ്ധനവും നല്‍കാനോ ഉള്ള സംവിധാനമില്ലാത്തതും എന്തു സംഭവിച്ചാലും ജോലിസ്ഥിരതയുള്ളതും എന്തിനേയും എതിര്‍ത്തുതോല്‍പ്പിക്കാനുള്ള സംഘടനാശേഷിയുള്ളതും സര്‍ക്കാര്‍ ജീവനക്കാരെ എങ്ങനെ അലസരും പൊതുജനങ്ങളുടെ ശത്രുത സമ്പാദിക്കുന്നവരുമാക്കുന്നു എന്നതിന് മികച്ച ഉദാഹരണം തന്നെയാണ് കേരളം. കൊവിഡ് കാലത്തുപോലും വേതന – പെന്‍ഷന്‍ വര്‍ദ്ധനവ് നേടിയെടുത്തവരാണവര്‍ എന്നതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണല്ലോ. പൊതുഖജനാവിലെ പണത്തിന്റെ ഏറ്റവും കൂടിയ ഭാഗം നല്‍കുന്നതാകട്ടെ ഇവര്‍ക്കുതന്നെ. ഈ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വലിയ വിഭാഗം അധ്യാപകരാണ്. അവരില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയും എയ്ഡഡ് മേഖലയിലേയും അധ്യാപകര്‍ ഉള്‍പ്പെടും. സംവരണമടക്കമുള്ള ഭരണഘടനാ ബാധ്യതപോലും പാലിക്കാതെയാണ് മാനേജ്‌മെന്റുകള്‍ അധ്യാപകരെ നിയമിക്കുന്നതും അവര്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കുന്നതും. എന്നാല്‍ എന്താണ് ഈ അധ്യാപകരില്‍ ഭൂരിഭാഗവും കാലങ്ങളായി ചെയ്തുകൊണ്ടിരുന്നത്? അതിനുള്ള മറുപടി ഒരു കാലത്ത് കേരളത്തിലങ്ങോളമിങ്ങോളം സജീവമായിരുന്ന പാരലല്‍ കോളേജുകളും ട്യൂഷന്‍ ക്ലാസുകളും പിന്നീട് കൂണുപോലെ പൊന്തിവന്ന അണ്‍ എയ്ഡഡ് സ്ഥാപനങ്ങളും നല്‍കും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആദ്യകാലത്ത് എല്ലാവര്‍ക്കുമറിയാവുന്നപോലെ ഉന്നതവിജയം നേടണമെങ്കില്‍ ട്യൂഷനു പോകണമെന്ന അവസ്ഥയായിരുന്നു. ബിരുദം കഴിഞ്ഞാല്‍ വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇന്ത്യയിലെ വന്‍നഗരങ്ങളിലേക്കും ഗള്‍ഫിലേക്കും മറ്റും തൊഴില്‍ തേടിപോയിരുന്ന കാലത്ത്്, ഇവിടെ തന്നെ ജോലിക്ക് ശ്രമം നടത്തുന്നവരുടെ ഇടത്താവളമായിരുന്നു പാരലല്‍ കോളേജുകള്‍. വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന തുച്ഛമായ ഫീസില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിനായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. കുറെപേരില്‍ നിന്നു ഫീസ് പോലും ലഭിക്കില്ല. മറുവശത്ത് വര്‍ഷാവര്‍ഷം വേതന വര്‍ദ്ധനക്കായി സമരം ചെയ്തിരുന്ന അധ്യാപകരുടെ നിലവാരമില്ലായ്മയായിരുന്നു ഈ പാരലല്‍ കോളേജുകളുടെ നിലനില്‍പ്പിനടിസ്ഥാനം. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒരു മാനേജ്‌നെന്റൊക്കെ ഉള്ളതിനാല്‍ സ്ഥിതി അല്‍പ്പം ഭേദമായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥയായിരുന്നു മഹാകഷ്ടം. അത്തരം സാഹചര്യത്തില്‍ ഇപ്പോള്‍ പോലും മന്ത്രി സ്വന്തം മകളെ പഠിക്കാന്‍ വിടുന്ന പ്രൈവറ്റ്് സ്‌കൂളുകള്‍ ഉയര്‍ന്നു വരാതിരിക്കുകയില്ലല്ലോ.

പിന്നീട് കേരളം കാണുന്നത് പ്രൈവറ്റ് സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍്തഥി പ്രവാഹമായിരുന്നു. ഉയര്‍ന്ന ഫീസ് കൊടുത്ത് കുട്ടികളെ അങ്ങോട്ടുവിടാന്‍ സമ്പന്നര്‍ മാത്രമല്ല, പാവപ്പെട്ടവരും തയ്യാറായി. പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെയുള്ളവരില്‍ ഭൂരിഭാഗവും മക്കളെ അങ്ങോട്ടുവിടുകയായിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത്് സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ സുദീര്‍ഘസമരകാലത്ത് ജനങ്ങള്‍ തന്നെ ഈ കണക്കുകള്‍ ശേഖരിച്ച് സ്‌കൂളുകള്‍ക്കുമുന്നില്‍ ബോര്‍ഡുകള്‍ വെക്കുകയുണ്ടായി. ഏറ്റവും പാവപ്പെട്ടവരുടെ കുട്ടികള്‍ മാത്രം പഠിക്കുന്ന ഇടങ്ങളായി പതുക്കെ പതുക്കെ പൊതുവിദ്യാലയങ്ങള്‍ മാറി. കൂടാതെ ഇംഗ്ലീഷ് മീഡിയം – മലയാളം മീഡിയം എന്ന വിഭജനവും ശക്തമായി. ഇടക്കാലത്ത് നടപ്പിലായ സിലബസ് പരിഷ്‌കാരങ്ങള്‍ പ്രശ്‌നത്തെ രൂക്ഷമാക്കി. മറുവശത്ത് സ്വകാര്യവിദ്യാലയങ്ങളില്‍ പഠിപ്പിച്ചിരുന്ന അധ്യാപകര്‍ക്ക് കിട്ടിയിരുന്നത് തുച്ഛം വേതനം. ജോലി സ്ഥിരതയോ ആനുകൂല്യങ്ങളോ ഇല്ല. എന്നാലും വന്‍വേതനം വാങ്ങുന്ന സര്‍ക്കാര്‍ അധ്യാപകരടക്കം കുട്ടികളെ അങ്ങോട്ടുവിടുകയാണുണ്ടായത്.

പിന്നീട് അനിവാര്യമായത് സംഭവിക്കുകയായിരുന്നു. കുട്ടികളില്ലാതെ സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. അപ്പോഴാണ് ഉറക്കം നടിച്ചു കിടന്നിരുന്ന പൊതുസമൂഹം അല്‍പ്പം ഉണര്‍ന്നത്. അങ്ങനെയാണ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക എന്ന യജ്ഞത്തിനു തുടക്കമായത്. ജോലി പോകുമെന്ന ആശങ്ക വ്യാപകമായതോടെ അധ്യാപകരും തൊഴിലില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. നാട്ടുകാരും സജീവമായി രംഗത്തിറങ്ങി പിടിഎകള്‍ സജീവമാക്കി. എല്ലാറ്റിലുമുപരി മലയാളത്തെ കുറിച്ചുള്ള അമിതമായ വാചാടോപങ്ങള്‍ മാറ്റിവെച്ച് മിക്ക പൊതുവിദ്യാലയങ്ങളിലും ആധുനികകാലത്തിന് അനിവാര്യമായ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം പ്രൈവറ്റ് വിദ്യാലയങ്ങളേക്കാള്‍ പൊതുവിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥിപ്രവാഹം ആരംഭിച്ചു – പലരും കൊട്ടിഘോഷിക്കുന്ന തോതിലൊന്നും ഇല്ലെങ്കിലും. ഇത്തരം ഒരു സാഹചര്യത്തിലാണ് ഈ യുവമന്ത്രി സ്വന്തം മകളെ സ്വകാര്യവിദ്യാലയത്തില്‍ പഠിപ്പിക്കുന്നതും അത് അഭിമാനപൂര്‍വ്വം വിളിച്ചുപറയുന്നതും. ആരോഗ്യരംഗത്ത് ലോകനിലവാരമെന്നൊക്കെ കൊട്ടിഘോഷിച്ച് നിസാര ചികിത്സക്കുപോലും വിദേശത്തുപോകുന്നതിന്റെ മറ്റൊരു രൂപം തന്നെ.

ഉന്നതവിദ്യാഭ്യാസത്തെ കുറിച്ചുപറഞ്ഞാല്‍ കാണാന്‍ കഴിയുന്നത് മറ്റൊരു കാഴ്ചയാണ്. പ്ലസ് കഴിയുമ്പോഴേക്കും ഉന്നതവിദ്യാഭ്യാസത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ പ്രവാഹം. സമ്പന്നര്‍ മാത്രമല്ല, പാവപ്പെട്ടവരിലും ഒരു വിഭാഗവും അതേവഴിയില്‍ തന്നെയാണ്. അതിനായി കിടപ്പാടം പോലും പണയം വെക്കുന്നവരാണ് ഭൂരിഭാഗവും. കുട്ടികള്‍ മാത്രമല്ല, വന്‍തോതില്‍ പണവും പുറത്തേക്കൊഴുകുന്നു എന്നര്‍ത്ഥം. ഈ കുട്ടികള്‍ വലിയൊരു ഭാഗവും തിരിച്ചുവരാന്‍ പോകുന്നില്ല. അവരവിടെതന്നെ സെറ്റില്‍ ചെയ്യാനാണ് സാധ്യത. മാത്രമല്ല, ഗള്‍ഫിലും മറ്റും പോയിരുന്ന പ്രവാസികള്‍ അയച്ചിരുന്നപോലെ നാട്ടിലേക്ക് പണമയക്കാനും സാധ്യത കുറവാണ്. അന്തിമവിശകലനത്തില്‍ ഈ പ്രവാസം കേരളീയസമൂഹത്തിന് കനത്ത നഷ്ടമായിരിക്കും സൃഷ്ടിക്കുക. മറുവശത്ത് പല യൂറോപ്യന്‍ രാജ്യങ്ങളേയും പോലെ വൃദ്ധരുടെ എണ്ണം വളരെ കൂടിയ ഒരു സമൂഹമായി നമ്മളും മാറുകയാണ്. അവിടങ്ങളില്‍ അവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വലിയതോതിലുള്ള ഇന്‍ഷ്വറന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ ഉള്ളതിനാല്‍ കേരളം പോലുള്ള പ്രദേശങ്ങളില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുവന്ന് പരിചരിക്കാനാകും ഇവിടത്തെയവസ്ഥ എന്താകുമെന്ന്് ഊഹിച്ചാല്‍ മതി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസ്തവത്തില്‍ നമ്മുടെ വിദ്യാഭ്യാസനിലവാരത്തിന്റെ കുറവുമാത്രമല്ല ഈ കുടിയേറ്റത്തിനു കാരണം. തൊഴില്‍ സാധ്യതയും ഒരു പ്രധാന പ്രശ്‌നമാണ്. മറ്റൊന്ന് നമ്മുടെ കൗമാരക്കാരേയും ചെറുപ്പക്കാരേയും പ്രചോദിപ്പിക്കുന്ന ഒന്നും തന്നെ ഇവിടെയില്ല എന്നതു കൂടിയാണ്. ഇവിടെ നിലനില്‍ക്കുന്ന കപടസദാചാരബോധവും അമിതമായ കക്ഷിരാഷ്ട്രീയവും അഴിമതികളും തൊഴില്‍ സാധ്യതകളുടെ കുറവും നിക്ഷേപകസൗഹൃദമല്ലാത്തതും മാതാപിതാക്കളുടെ അമിതമായ നിയന്ത്രണങ്ങളും മറ്റും കുട്ടികളെ സ്ഥലം വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന സര്‍വ്വേ റിപ്പോര്‍ട്ടും അടുത്തയിടെ പുറത്തുവന്നിരുന്നു. ഈ ചെറുപ്പക്കാര്‍ പുറത്തുപോകുമ്പോള്‍ മറുവശത്ത് ഇങ്ങോട്ടു വരുന്നത് ബംഗാള്‍, ഒറീസ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മാത്രമാണ്. അതുവഴി ബുദ്ധിപരവും വിദ്യാഭ്യാസപരവുമായ കഴിവുകള്‍ വേണ്ട മേഖലകള്‍ വികസിക്കാന്‍ പോകുന്നില്ല. യൂറോപ്പിലെ ഈ സാധ്യതകള്‍ അധികകാലം നിലനില്‍ക്കാന്‍ പോകുന്നില്ല എന്നു പല വിദ്ഗ്ധരും ചൂണ്ടികാണിക്കുന്നുണ്ട് എന്നതും ഓര്‍ക്കേണ്ടതാണ്.

മറ്റൊരു പ്രധാന വിഷയം കൂടി ഉന്നയിക്കേണ്ടതുണ്ട്. ഈ സാധ്യതകളൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ഏതൊക്കെ ജനവിഭാഗങ്ങള്‍ക്ക് അതു സാധ്യമാകുന്നു എന്നതാണത്. അതിനാവശ്യമായ പ്രാഥമിക മൂലധനം പോലുമില്ലാത്ത ലക്ഷങ്ങളുടെ നാടാണ് കേരളം. ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഉദാഹരണം. പെണ്‍കുട്ടികളിലും വലിയൊരു വിഭാഗത്തിന് ഈയവസരം ലഭിക്കുന്നല്ല. സാമൂഹ്യനീതി ഉറപ്പുവരുത്താതെയാണ് ഇതെല്ലാം നടക്കുന്നതെന്നു സാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply