ഇനിയും വൈകരുത്, ഡോക്ടര്‍ നമ്പി നാരായണന്‍ ശാസ്ത്രജ്ഞ സംരക്ഷണ നിയമം
ശാസ്ത്രജ്ഞന്മാരുടെയും ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെയും ഭാവിയ്ക്കും നില നില്‍പ്പിനുമായി ഡോക്ടര്‍ നമ്പി നാരായണന്‍ ശാസ്ത്രജ്ഞ സംരക്ഷണ നിയമം അടിയന്തിരമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളെടുക്കണമെന്ന് സമാജ് വാദി ജനത പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കൂടിയായ ലേഖകന്‍ ആവശ്യപ്പെടുന്നു
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, രാജ്യത്തെയാകമാനം പിടിച്ചു കുലുക്കിയ, ഒരു കൂട്ടം മാധ്യമങ്ങള്‍ ചേര്‍ന്ന് രചിക്കപ്പെട്ട തിരക്കഥ പ്രകാരം കേരളാ പോലീസ് കെട്ടിച്ചമച്ച കുപ്രസിദ്ധമായ ചാരക്കേസില്‍, ചാരനെന്നു മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ട് ഐബി യുടെയും സിബിഐ യുടേയും കരുതല്‍ തടങ്കലിലും ജൂഡീഷ്യല്‍ കസ്റ്റഡിയിലുമായി ക്രൂരമായ പീഡനങ്ങളേറ്റ് കഴിയേണ്ടി വന്ന ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോക്ടര്‍ നമ്പി നാരായണന് പില്‍ക്കാലത്ത് രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. സംസ്ഥാന സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്റേയും കോടതിയുടേയും ഇടപെടലിന്റെ ഫലമായി കോടികളുടെ നഷ്ട പരിഹാരം അദ്ദേഹത്തിനെ ഏല്‍പ്പിച്ചു കൊണ്ട് തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയതായി കരുതി കൈകഴുകി പിന്മാറി. പക്ഷെ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ഭരണഘടന ബാധ്യതയുള്ള സര്‍ക്കാര്‍ അതിന്റെ ബാധ്യതകള്‍ പൂര്‍ ണ്ണമായി നിറവേറ്റിയോ എന്ന് ചോദിച്ചാല്‍, ഒറ്റവാക്കില്‍ ഇല്ല എന്നല്ലാതെ മറ്റൊരു ഉത്തരം കണ്ടെത്തുക പ്രയാസമാകും.
ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന, ബഹിരാകാശ ശാസ്ത്രജ്ഞരില്‍ മുന്‍നിരക്കാരില്‍ ഒരാളാണ് ഡോക്ടര്‍ നമ്പി നാരായണന്‍.അദ്ദേഹത്തെ പോലെയൊരാളെ ചാരനെന്നു മുദ്രകുത്തി ഐബിയുടെ കസ്റ്റഡിയില്‍ കരുതല്‍ തടങ്കലില്‍ വെച്ചു കൊണ്ട്,ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കാന്‍ നല്‍കാതെ, കിടക്കാനോ ഇരിക്കാനോ അനുവദിക്കാതെ മുപ്പത് മണിക്കൂര്‍ നേരം അതിക്രൂരമായി പീഡിപ്പിക്കുകയും അവസാനം ബോധം കേട്ട് നിലത്ത് വീഴുന്നത് വരെ ഒറ്റ നില്‍പ്പ് നിര്‍ത്തുകയും, അതിനിടയില്‍ ചാരനെന്നു വിളിച്ചലറിക്കൊണ്ട്, ഏതോ കുപ്രസിദ്ധ മോഷ്ട്ടാവിനോടോ കൊലപാതകിയോടൊ പെരുമാറുന്നത് പോലെ ഇടയ്ക്കിടക്ക് പുറത്തും തലയിലും കഴുത്തിലുമായി തുടരെ തുടരെ മര്‍ദ്ദിക്കുകയും ചെയ്തതിന്റെ പിന്നിലെ ചേതോവികാരങ്ങളെ കുറിച്ച് അന്വേഷണം നടത്തേണ്ടതല്ലേ.ആ മര്‍ദ്ദനോത്സവത്തില്‍ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥനെതിരെയും ഒരു നടപടി കളും ഇന്നോളം ഉണ്ടായിട്ടില്ല എന്നത് ഈ രാജ്യത്തിലെ പൗരാവകാശ ബോധമുള്ള ജനതയുടെ ശ്രദ്ധയില്‍പ്പെടേണ്ട കാര്യങ്ങളല്ലേ. ഡോക്ടര്‍ നമ്പി നാരായണനെ ക്രൂരമായി പീഡിപ്പിച്ച അദ്ദേഹത്തെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ വേണ്ട തെളിവുകള്‍ കെട്ടിച്ചമയ്ക്കാന്‍ വേണ്ടി മര്‍ദ്ദനങ്ങള്‍ അഴിച്ചു വിട്ട,അദ്ദേഹ ത്തിനെതിരായി അന്തമില്ലാത്ത അന്വേഷണങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും തുടക്കമിട്ടു കൊണ്ട് അവയിലൂടെ അവര്‍ ഉന്നയിച്ച ആരോപണങ്ങളെ അദ്ദേഹത്തിനെതിരായ തെളിവുകളാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നിയമ നടപടികളും സ്വീകരി ക്കപ്പെട്ടിട്ടില്ല.അവര്‍ക്കാര്‍ക്കെതിരെയും ഒരു ശിക്ഷ നടപടികളും സ്വീകരിച്ചിട്ടുമില്ല.രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരവ് പ്രകടിപ്പിച്ചിട്ടുണ്ടാകാം. കോടതി ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി ഉത്തരവാദിത്വങ്ങളില്‍ നിന്നും കൈ കഴുകിയിട്ടുണ്ടാക്കാം. പക്ഷേ അതുകൊണ്ട് എന്തു ഫലം. നീതി പൂര്‍ണമായി നിറവേറ്റപ്പെട്ടു എന്ന് കരുതാന്‍ കഴിയുമൊ. തന്റെ ജീവനേക്കാള്‍ വിലപ്പെട്ട പലതും ഈ രാഷ്ട്രത്തിന് സംഭാവന ചെയ്യേണ്ടിയിരുന്ന വിലപ്പെട്ട വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും തട്ടിയെടുത്തത് ആര്. അതിന് ആര് സമാധാനം പറയും. അതിനു ഉത്തരവാദികളായവര്‍ ആരൊക്കെയാണ്.എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തു. അവരെ ആരാണ് അതിനു പ്രേരിപ്പിച്ചത്, അതിന്റെ പിന്നില്‍ എന്തെങ്കിലും താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നുവൊ, ഉണ്ടെങ്കില്‍ അവ എന്തൊക്കെയായിരുന്നു തുടങ്ങിയ ഘടകങ്ങളൊക്കെ അന്വേഷിക്കേണ്ട വിഷയങ്ങളല്ലേ. രാജ്യത്തിന്റെ താല്പര്യങ്ങളെ കരുതി ഇത്തരം വിഷയങ്ങള്‍ അന്വേഷിക്കേണ്ട സര്‍ക്കാര്‍ എന്തുകൊണ്ട് അതില്‍ നിന്നും പിന്മാറുന്നു. അല്ലെങ്കില്‍ ഒഴിഞ്ഞു മാറുന്നു. ഡോക്ടര്‍ നമ്പി നാരായണന് കോടതി നിര്‍ദ്ദേശ പ്രകാരം നല്‍കിയ നഷ്ടപരിഹാരത്തുക അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാരില്‍ നിന്നും ഈടാക്കണമെന്ന സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്നതില്‍ എന്തു കൊണ്ട് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നില്ല. ഈ വക കാര്യങ്ങളൊക്കെ ഇത് പോലെയൊരു വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് പൊതുസമൂഹത്തിന്റെ ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കേണ്ടതാണ്.
കേവലം ഒരു ഒറ്റപ്പെട്ട പോലീസ് കേസന്വേഷണവും അതിന്റെ പിന്നില്‍ നടന്ന പീഡനങ്ങളുമായി ഡോക്ടര്‍ നമ്പി നാരായണന്‍ കേസിനെ ഒതുക്കാന്‍ പറ്റുമോ എന്ന കാര്യവും നാം ആലോചിക്കേണ്ടതുണ്ട്. അതിന്റെ മാനങ്ങള്‍ക്ക് ആഗോളവ്യാപ്തിയുണ്ടാകാം. അതിന്റെ പിന്നില്‍ നടന്നവന്‍ ഗൂഢാലോചന കള്‍ക്ക് ദേശാന്തര ബന്ധങ്ങളുണ്ടാകാം.രാജ്യത്തി ന്റെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള അത്തരം അന്വേഷണങ്ങളിലേക്ക് കടക്കുന്നതിന് വേണ്ടിയുള്ള ഒരു ചെറിയ വാതായനമായി മാത്രം ഡോക്ടര്‍ നമ്പി നാരായണന്‍ കേസിനെ കണ്ടാല്‍ മതി. ദുരൂഹമായ പല സാഹചര്യങ്ങളുടെ തെളിവുകളും, ഡോക്ടര്‍ നമ്പി നാരായണന്‍ കേസില്‍ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള മുന്നോട്ടുള്ള ഏതൊരു അന്വേഷണത്തേയും എതിര്‍ക്കാനുള്ള ചിലരുടെ അതിരു കവിഞ്ഞ വ്യഗ്രതയും അത്തരത്തിലുള്ള വലുതും അവിശ്വസ നീയവുമായ ഗൂഡാലോചനകളുടെ സാധ്യതകളെ അടിവരയിട്ടുറപ്പിക്കുന്നു.
ഇന്ത്യയിലെ ബഹിരാകാശ ഗവേഷണ രംഗം എക്കാലത്തും വിദേശ രാജ്യങ്ങളുടെ അസൂയാവഹമായ നിരീക്ഷണത്തിനും ശ്രദ്ധയ്ക്കും പാത്രീഭവിച്ച ശാസ്ത്ര ഗവേഷണ മേഖലയായിരുന്നു. അമേരിക്ക റഷ്യ ജര്‍മ്മനി ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ ഇക്കാര്യത്തില്‍ ഇന്ത്യയില്‍ ഉണ്ടാകുന്ന ഓരോ നേട്ടങ്ങളെയും മുന്നേറ്റങ്ങളെയും സന്തോഷത്തോടെയല്ല സ്വീകരിച്ചിരുന്നത് എന്ന് മാത്രമല്ല സംശയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നതും. ഇന്ത്യയിലെ ബഹി രാകാശ ഗവേഷണ രംഗത്തും മറ്റു ശാസ്ത്ര മേഖലകളിലും നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളെ ഏതു വിധത്തിലും ഇല്ലായ്മ ചെയ്യുന്നതിനും കാലതാമസം വരുത്തുന്നതിനും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും അവര്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചു പോന്നിരുന്നു. അതിനു സഹായകരമായ തരത്തിലുള്ള സഹായ സഹകരണങ്ങള്‍ അവര്‍ കാലാകാലങ്ങളില്‍ ഇവിടെയുള്ള വ്യക്തികള്‍, സംഘടനകള്‍, സര്‍ക്കാരുകള്‍ എന്നിവയില്‍ നിന്നും യഥേഷ്ടം സംഘടിപ്പിച്ചിരുന്നു, വില കൊടുത്തു വാങ്ങിയിരുന്നു. സംശയാസ്പദമായ ചില സാഹചര്യങ്ങളും സംഭവങ്ങളും ഇത്തരമൊരു സംശയത്തെ ബലപ്പെടുത്തുന്നുണ്ട്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് ഡോക്ടര്‍ ഹോമി ജഹാംഗീര്‍ ഭാഭാ. 1966 ജനുവരി 24 പ്രഭാതത്തില്‍ ആസ്‌ട്രേലിയയിലെ മൗണ്ട് ബ്ലാങ്കില്‍ ഉണ്ടായ എയര്‍ ഇന്ത്യ വിമാനം കാഞ്ചന്‍ ജംഗയുടെ അപകടത്തില്‍ 117 യാത്രക്കാരോടൊപ്പം ഡോക്ടര്‍ ഹോമി ജഹാംഗീര്‍ ബാബയും ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. ഡോക്ടര്‍ ബാബ സഞ്ചരിച്ചിരുന്ന,അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ലഭിച്ചുവെങ്കിലും വിമാനപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഒരു വിധത്തിലുള്ള അന്വേഷണവും ഉണ്ടായില്ല. കൃത്യം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, തുമ്പയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപകനും മേധാവിയുമായ വിക്രം സാരാഭായിയുടെ ചേതനയറ്റ ശരീരം ദുരൂഹമായ സാഹചര്യത്തില്‍ കോവളത്തെ വിജനമായ ഒരു പ്രദേശത്ത് കാണപ്പെട്ടു. സാധാരണ നിലയില്‍ സംശയകരമായ സാഹചര്യത്തില്‍ മരണപ്പെട്ടതായി കാണപ്പെടുന്ന ഒരാളുടെ മൃതശരീരത്തിന്മേല്‍ സ്വീകരിക്കുന്ന യാതൊരു വിധമായ പ്രാരംഭ നിയമ നടപടികളും വിക്രം സാരാഭായിയുടെ കാര്യത്തില്‍ ഉണ്ടായില്ല. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളും ഉണ്ടായില്ല എന്ന വസ്തുത നാം ഓര്‍ക്കേണ്ടതുണ്ട്. വിമാനപകടത്തില്‍ മരിക്കുമ്പോള്‍ ഡോക്ടര്‍ ബാബയുടെ പ്രായം 56. ദുരൂഹ സാഹചര്യത്തില്‍ വിക്രം സാരാഭായി മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 52. ബഹിരാകാശ ഗവേഷണ രംഗത്തു നിന്നും ഡോക്ടര്‍ നമ്പി നാരായണനെ ചാരനെന്ന് മുദ്രകുത്തി തട്ടിത്തെറിപ്പിക്കു മ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 53. കര്‍മ്മ മേഖലയിലൂടെ വളരെ ഈടുറ്റ സംഭാവനകള്‍ രാഷ്ട്രത്തിന് നല്‍കേണ്ടെ നല്ല പ്രായത്തിലാണ് രാജ്യത്തിലെ ശാസ്ത്രജ്ഞന്മാര്‍ ഓരോരുത്തരായി കര്‍മ്മരംഗം വിടുന്നത് എന്ന വസ്തുത ഇക്കാര്യങ്ങളെ കൂട്ടിയിണക്കി വായിക്കുന്ന ഏതൊരാളും സംശയത്തോടെ വീക്ഷിക്കുന്നതിനെ കുറ്റം പറയാനൊക്കുമോ.ബഹിരാകാശ ഗവേഷണ രംഗത്തും ആണവ ശാസ്ത്രമേഖലയിലും ഇന്ത്യ ലോകത്തിലെ വന്‍ശക്തികള്‍ക്കൊപ്പം എത്തിച്ചേരുന്നതിന് തൊട്ടു മുമ്പാണ് ദുരൂഹ സാഹചര്യങ്ങളില്‍ രംഗത്തു നിന്നുള്ള ഇവരുടെയൊക്കെ നിഷ്‌കാസനം ഉണ്ടാകുന്നത് എന്ന കാര്യവും നാം വിസ്മരിച്ചു കൂടാ. പൊഖ്‌റാനില്‍ ആദ്യത്തെ അണുവായുധ സ്‌ഫോടനം ഉണ്ടാകുന്നതിന് കൃത്യം ഒരു വര്‍ഷം മുന്‍പാണ് വിക്രം സാരാഭായുടെ ദുരൂഹമായ മരണമുണ്ടാകുന്നത്. ശാസ്ത്രജ്ഞന്മാരുടെയും ശാസ്ത്ര ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയും അകാലങ്ങളിലുള്ള തിരോധനങ്ങളെ കുറിച്ച് കൂടുതല്‍ ഗഹനമായി പഠിക്കാന്‍ നിയോഗിച്ച മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ ഭൂരാഷ്ട്രതന്ത്ര പ്രൊഫസറാണ് കഴിഞ്ഞ ദശകങ്ങളില്‍ ഇന്ത്യയില്‍ ദുരൂഹമായ സാഹചര്യങ്ങളില്‍ മരണപ്പെട്ട ശാസ്ത്രജ്ഞന്‍മാരുടെ വിവരങ്ങള്‍ ഓരോന്നായി ആദ്യമായി അക്കമിട്ട് നിരത്തുന്നത്. അതിനു ശേഷം പിന്നീട് ഇങ്ങോട്ട് വ്യക്തി പരമായ ഉന്മൂലനത്തിന്റെ കുറവുണ്ടായെങ്കിലും സ്ഥാപന മേധാവികളായി എത്തുന്നവര്‍ക്കെതിരെ കീഴുദ്യോഗസ്ഥരെ കൊണ്ട് അടിസ്ഥാനരഹിതവും അസത്യവുമായ ദുരാരോപണങ്ങള്‍ ഉന്നയിച്ചും ആ രോപിച്ചും കൊണ്ട് വ്യക്തിഹത്യ ചെയ്തു തേജോവധം ചെയ്തും നിഷ്‌ക്കാസിതരാക്കുക എന്നതായി പുതിയ തന്ത്രം.
ഡോക്ടര്‍ നമ്പി നാരായണന് നേരിടേണ്ടി വന്ന ദുരന്തം പോലൊന്ന് ഇനി നമ്മുടെ ശാസ്ത്രജ്ഞരില്‍ ഒരാള്‍ക്ക് പോലും സംഭവിക്കാതിരിക്കാന്‍, ദുരൂഹമായ സാഹചര്യങ്ങളില്‍ ഉള്ള സ്വാഭാവിക മരണങ്ങള്‍ക്കും അസ്വാഭാവികമായ മരണങ്ങള്‍ക്കും വ്യക്തിഹത്യയിലൂടെയുള്ള തേജോവധങ്ങള്‍ക്കും വിധേയരാകാതിരിക്കുവാന്‍ ഡോക്ടര്‍ നമ്പി നാരായണന്‍ ശാസ്ത്രജ്ഞ സംരക്ഷണ നിയമത്തിന് രൂപം നല്‍കേണ്ടെ കാലം അതിക്രമിച്ചിരിക്കുന്നു.ഏതൊരു പാര്‍ലമെന്റ് അംഗത്തിനും ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ബില്ല് അവതരിപ്പിക്കപ്പെടാവുന്നതും തുടര്‍ന്ന് സ ര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ ആവശ്യമായ ഭേദഗതികളോടെ സമഗ്രമായ ഒരു നിയമ നിര്‍മ്മാണത്തിനായി എത്രമാത്രം പൊതുജന അഭിപ്രായം ഇക്കാര്യത്തില്‍ സ്വരൂപിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന്റെ സാധ്യത. ഭാവിയില്‍ രാജ്യത്തിന്റെ അമൂല്യസമ്പത്തായ ശാസ്ത്രജ്ഞന്മാരും അവരുടെ വിലപ്പെട്ട കണ്ടുപിടുത്തങ്ങളും നേട്ടങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലായ്മ ചെയ്യുവാനും അട്ടിമറിക്കാനും ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും അധികാരം നല്‍കുന്ന, അവസരം പ്രദാനം ചെയ്യുന്ന ഒരു സാഹചര്യം ഒഴിവാക്കുന്നതിനായി ഇത്തരമൊരു സമഗ്രമായ ശാസ്ത്രജ്ഞ സംരക്ഷണ നിയമം കൂടിയേ കഴിയൂ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 383,386 വകുപ്പുകള്‍ ഇക്കാര്യത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നവയാണ്. ബലം പ്രയോഗിച്ച് ഈടാക്കുക, നീതി വി രുദ്ധമായി ചുമത്തുക,അന്യായമായി കൈവശപ്പെടുത്തുക, തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാകുന്നത്. പിഴയോടു കൂടിയോ അല്ലാതെയൊ ഉള്ള 10 വര്‍ഷം വരെയുള്ള കഠിനതടവാണ് ഈ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കുള്ള ശിക്ഷ. എന്നാല്‍ അത്ഭുതകരമെന്ന് തന്നെ പറയട്ടെ, നിയമവും നീതിയും നടപ്പാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രതിജ്ഞാബദ്ധരാകേണ്ട അഭിഭാഷകര്‍ പോലും ഇക്കാര്യത്തില്‍ വളരെ ഉദാസീനമായ ഒരു മനോഭാവമാണ് കൈ കൊണ്ടു വരുന്നത്. കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ക്ക് എതിരായി ഉടലെടുക്കുന്ന വ്യവഹാരങ്ങളില്‍, നീണ്ടു പോകുന്ന കോടതി നടപടിക്രമങ്ങളുടെ ഫലമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളെയും പൊല്ലാപ്പുകളെയും കണക്കിലെടുത്തു കൊണ്ട്,ശാസ്ത്രജ്ഞരുടെ നന്മയെ കൂടി കരുതി പലപ്പോഴും വ്യവഹാരങ്ങളില്‍ നി ന്നും പിന്മാറാനാണ് ശാസ്ത്രജ്ഞര്‍ക്ക് അഭിഭാഷകരില്‍ നിന്നും ലഭിക്കുന്ന വിദഗ്‌ധോപദേശം.
വ്യക്തിപരമായ നേട്ടങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടൊ ഏതെങ്കിലും ഗൂഢമായ ലക്ഷ്യത്തോടു കൂടിയൊ പ്രച്ഛന്നവേഷത്തിലൊ, മറ്റെന്തെങ്കിലും മറച്ചു വെച്ചു കൊണ്ടോ ഉള്ള അപഹരണത്തിനും തട്ടിയെടുക്കലിലും ഏര്‍പ്പെടുന്നവരെ ശിക്ഷിക്കപ്പെടുന്നതിന് സഹായകരമായ വളരെ ശക്തമായ നിര്‍ദ്ദേശങ്ങളാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുന്‍പറഞ്ഞ വകുപ്പുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് എങ്കിലും വളരെ അപൂര്‍വ്വമായി മാത്രമാണ് അവര്‍ കര്‍ശനമായി നടപ്പിലാക്കി കണ്ടിട്ടുള്ളത്. സാമ്പത്തികമൊ മറ്റെന്തെങ്കിലുമൊ ആയ താല്‍പര്യങ്ങളുടെ ഫലമായി മാധ്യമങ്ങള്‍ ശൂന്യതയില്‍ നിന്നും സൃഷ്ട്ടിക്കപ്പെടുന്ന, വളരെ നിസ്സാരമായ കാര്യങ്ങള്‍ പോലും ഉദ്വേഗജനകമായ വളരെ വലിയ വാര്‍ത്തകളായി രൂപാന്തരപ്പെടുകയും, ഡോക്ടര്‍ നമ്പി നാരായണന്റെ കേസില്‍ സംഭവിച്ചത് പോലെ അവ തന്ത്രപ്രധാനങ്ങളായ രാജ്യ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്യുന്ന കേസുകളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഈ വകുപ്പുകള്‍ വളരെ കാര്യക്ഷമതയോടെ ഉപയോഗി ക്കേണ്ടതാണെങ്കിലും അത് ഉണ്ടാകുന്നില്ല. അതുപോലെ തന്നെയാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങളുടെ ഉത്തരവാദിത്തമില്ലാത്ത ഉപയോഗവും. തികച്ചും ഒരു മാധ്യമസൃഷ്ടി മാത്രമായിരുന്ന ചാരക്കേസിന്റെ ഫലമായിട്ടാണ് കേരളത്തില്‍ അധികാരത്തിലിരുന്ന സര്‍ക്കാരിന് അധികാരത്തില്‍ നിന്ന് രാജിവെച്ചു ഒഴിയേണ്ടതായി വന്നത്.
ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടേയും സാമൂഹ്യ മാധ്യമങ്ങളുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പായി മധ്യസ്ഥതയ്ക്കും ആര്‍ബിട്രേഷനുമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് നിര്‍ദ്ദിഷ്ട ഡോക്ടര്‍ നമ്പി നാരായണന്‍ ശാസ്ത്രജ്ഞ സംരക്ഷണ നിയമം. ഡോക്ടര്‍ നമ്പി നാരായണന് എതിരായ കേസിന്റെ കാര്യത്തില്‍ സംഭവിച്ചതില്‍ നിന്നും വ്യത്യസ്തമായി അത്യന്താധുനീകമായ ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികളുടെയും മറ്റ് വസ്തുനിഷ്ടമായ അന്വേഷണ നടപടികളുടെയും സഹായത്തോടെ, കെട്ടിച്ചമച്ചതും ഉദ്വേഗജനകവുമായ, കേസുകളില്‍ അന്വേഷണം നടത്തുകയും അവയില്‍ എന്തെങ്കിലും തരത്തിലുള്ള അടിസ്ഥാനമുണ്ടോ എന്ന് അസന്നിഗ്ധമായി തീര്‍ച്ചപ്പെടുത്തിയ ശേഷം മാത്രമേ ശാസ്ത്രജ്ഞര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അന്വേഷണവുമായി മുന്നോട്ട് പോകാവു എന്ന് നിര്‍ദ്ദിഷ്ട നിയമം വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയില്‍ ഇന്നും ശൈശവദശ പിന്നിട്ടിട്ടില്ലാത്ത ഒരു മേഖലയാണ് മധ്യസ്ഥ ആര്‍ബിട്രേഷന്‍ മേഖല. ഏഷ്യയിലെ ആര്‍ബിട്രേഷന്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനം സിംഗപ്പൂരാണ്. ഒച്ചിഴയും വേഗത്തിലുള്ള ആര്‍ബിട്രേഷന്‍ മേഖലയിലെ കാലതാമസം കാരണം വിശ്വാസ്യത നേടിയെടുക്കാനാകാത്ത ഇന്ത്യന്‍ ആര്‍ബിട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് പുതുജീവന്‍ പകരും.
രാജ്യത്തിന്റെ ശാസ്ത്രലോകത്ത് ഗണ്യമായ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞര്‍ക്കും ഭിഷഗ്വരന്മാര്‍ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് അവര്‍ക്കെതിരെ കുറ്റാരോപണങ്ങള്‍ ഉയര്‍ത്തുകയും അവരുടെ മനോനിലയെ തകര്‍ക്കുകയും ചെയ്യുന്ന ദുരൂഹത നിറഞ്ഞ തുടര്‍ച്ചയായ ചില നിഗൂഢ നീക്കങ്ങള്‍ കണ്ടു വരുന്നു. ശാസ്ത്രസാങ്കേതിക മേഖലകളുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഉണ്ടായിട്ടില്ലാത്ത മറ്റേതെങ്കിലും ഔദ്യോഗിക തലങ്ങളില്‍ വിരാജിച്ചിരുന്ന ചില വ്യക്തികള്‍,രാജ്യത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞരെയും ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളേയും അനാവശ്യമായി കോടതി വരാന്തകളിലേക്ക് വലിച്ചിഴയ്ക്കാന്‍ പ്രകടിപ്പിക്കുന്ന താല്‍പ്പര്യമാണ് ഇതിന്റെ പിന്നിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹര ണമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍, രാജ്യത്തിന്റെ അഭിമാനമായ, ആരോഗ്യ ശാസ്ത്രരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ നടത്തി, വിദേശ രാഷ്ട്രങ്ങളെ പോലും അസൂയാവഹമാക്കി കൊണ്ട് 37 ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ച തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് മേധാവിയുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയം.
കഴിഞ്ഞ കാലങ്ങളില്‍ ഈ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞയെ ഡയറക്ടറായി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ചു കൊണ്ട് ഇറങ്ങിത്തിരിച്ചവരേയും അവര്‍ക്ക് പിന്തുണ നല്‍കി പ്രേരിപ്പിക്കുന്ന ശക്തികളെയും നാം തിരിച്ചറിയേണ്ടതുണ്ട്. നമ്പി നാരായണനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുയര്‍ത്തി ചാരക്കേസ് സൃഷ്ടിച്ചു അദ്ദേഹത്തെ ബഹിരാകാശ ഗവേഷണ രംഗത്ത് നിന്ന് അകറ്റുന്നതിനും, അതിന് ശേഷം പരമോന്നത നീതിപീഠം നിരപരാധിയാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടും, അതിന്റെ പേരില്‍ ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ക്കും സഹിക്കേണ്ടി വന്ന കഷ്ട്ട നഷ്ട്ടങ്ങള്‍ക്കും പരിഹാരമായ തുക വിധിച്ചപ്പോഴും, ഒടുവില്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചപ്പോഴും, ദുരാരോപണങ്ങള്‍ ആവര്‍ത്തിച്ചും നിയമയുദ്ധങ്ങളിലേക്ക് വലിച്ചിഴച്ചും തടസ്സങ്ങള്‍ സൃഷ്ടിച്ച ശക്തികള്‍ തന്നെയാണ് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിയമനത്തേയും കോടതി വരാന്തയിലേക്ക് വലിച്ചിഴച്ചത് എന്നതും കൂട്ടി വായിക്കേണ്ടതുണ്ട്. എന്താണ് ഈ ശക്തികള്‍ക്ക് രാജ്യത്തെ പ്രശസ്തരായ ശാസ്ത്രജ്ഞന്മാരും, അഭിമാനങ്ങളായ ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇത്ര താല്പര്യം എന്നുള്ള വസ്തുത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കോടതികളും വളരെ ഗൗരവത്തോടുകൂടി തന്നെ കാണേണ്ടതുണ്ട്, അന്വേഷണം നടത്തേണ്ടതുണ്ട്. അടുത്തയിടെയാണ് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഡയറക്ടര്‍ നിയമനവു മായി ബന്ധപ്പെട്ട വിഷയത്തില്‍ ചില കേന്ദ്രങ്ങള്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ നിന്നും സമ്പാദിച്ച സ്റ്റേ ഉത്തരവ് നീക്കിക്കൊണ്ട് ബഹു കേര ള ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടാകുന്നത്. ഗഹനമായ ഗവേഷണങ്ങളില്‍ വ്യാപൃതരായിരിക്കുന്ന ശാസ്ത്രജ്ഞന്മാരേയും ഭിക്ഷഗ്വരന്മാരേയും ബന്ധ പ്പെടുത്തി കൊണ്ടുള്ള കെട്ടിച്ചമച്ച ആരോപണങ്ങളുമായി കോടതികളേയും നീതി ന്യായ സ്ഥാപനങ്ങളേയും സമീപിച്ചു രാജ്യത്ത് നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ശക്തികള്‍ക്ക് എന്താണ് ഇതിന് പിന്നിലുള്ള യഥാര്‍ത്ഥ താല്‍പര്യമെന്നും, ആരാണ് ഇവര്‍ക്ക് ഇതിനു പിന്നിലെന്നും, ഏതൊ ക്കെയാണ് ഇതിന് പിന്നിലുള്ള ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെന്നും കോടതികളും സര്‍ക്കാരുകളും അന്വേഷിക്കേണ്ടതല്ലേ….
എന്തുകൊണ്ട് നമ്മുടെ രാജ്യത്ത് ശാസ്ത്രജ്ഞ സംരക്ഷണ നിയമം അനിവാര്യമാകുന്നു എന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്ന് വന്നേക്കാം. ഐഎസ്ആ ര്‍ഒ ചാരക്കേസ് കൊണ്ട് ആകെ ഉണ്ടായ നേട്ടം എന്താണ്. ക്രയോജനിക് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍, ചിലവ് കുറഞ്ഞ രീതിയില്‍ ചെറുതും ഇടത്തരവും വലുതുമായ ഉപഗ്രഹങ്ങള്‍ വിക്ഷേപി ക്കുവാനുള്ള യന്ത്രത്തിന്റെ പരീക്ഷണത്തില്‍ നമ്മുടെ രാജ്യം 15 വര്‍ഷം പിന്നോട്ടായി എന്നതും അതിലൂടെ ആ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ആഗോള മത്സരത്തില്‍ നാം ദയനീയമായി പിന്തള്ളപ്പെട്ടു എന്നതിനപ്പുറം രാജ്യത്തിന് ഒരു നേട്ടവും ഉണ്ടാ ക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അത് നേട്ടങ്ങളായി തീര്‍ന്നവര്‍ ഉണ്ട്. ആര്‍ക്കാണ് അത് നേട്ടങ്ങളായി പരിണമിച്ചത്. ആരാണവര്‍. അതാണ് കണ്ടുപിടിക്കേ ണ്ടത്. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തിലും ഇതു തന്നെയാണ് ഈ ഗൂഢശക്തികള്‍ ലക്ഷ്യം വെച്ചിരി ക്കുന്നത്. വളരെ മുമ്പേ തന്നെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്ത് വലിയ നേട്ടങ്ങള്‍ കൈ വരിച്ചിരിക്കുന്ന, ലോകത്തിലെ ഒന്നാം നിര വികസിത രാജ്യങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒന്നായിരിക്കും ആരോഗ്യ ശാസ്ത്ര ഗവേഷണ രംഗത്ത് ഇന്ത്യയെ പോലൊരു വികസ്വര രാഷ്ട്രം കൈവരിക്കുന്ന ആഗോള നിലവാരത്തിലുള്ള നേട്ടങ്ങള്‍. 500 ശതകോടി ലക്ഷം ഡോളറിന് മുകളിലാണ് ആഗോളതലത്തില്‍ ബഹി രാകാശ ഗവേഷണ രംഗത്തെ മുതല്‍ മുടക്ക്.8% മാണ് വാര്‍ഷീക വളര്‍ച്ച നിരക്ക്. വിറ്റുവരവില്‍ 75 ശതമാനവും വാണിജ്യ ഉപഗ്രഹ വിക്ഷേപണവും അതിനോടനുബന്ധിച്ചുള്ള വാണിജ്യ സംരംഭങ്ങളില്‍ നിന്നുമാണ്. അമേരിക്കയിലെ കൊളോറാഡോ ആസ്ഥാനമായുള്ള സ്‌പേയ്‌സ് ഫൌണ്ടേഷന്റെ കണക്ക് കൂട്ടലുകള്‍ പ്രകാരം അടുത്ത രണ്ട് ദശകങ്ങള്‍ ക്കുള്ളില്‍ ഇത് ആയിരം ശതകോടി ലക്ഷം ഡോളറുകള്‍ കടന്നേക്കും.ഇത്രയും വലിയ മുതല്‍ മുടക്ക് ലാഭകരമായി തിരിച്ചു പിടിക്കണമെങ്കില്‍ മൂന്നാം ലോക രാഷ്ട്രങ്ങളിലെ വിപുലമായ കമ്പോളങ്ങള്‍ അവര്‍ക്ക് അനുകൂലമായി എപ്പോഴും അതേപോലെ നിലനില്‍ ക്കണം.
കടുത്ത മത്സരാധിഷ്ഠിതമായ ബഹിരാകാശ കമ്പോളത്തില്‍ ഇന്ത്യയെപ്പോലൊരു വികസ്വര രാഷ്ട്രത്തിന്റെ കടന്ന് വരവ് അവരുടെ സാധ്യതകളെ വളരെ ദോഷകരമായി ബാധിക്കും. ഇന്ത്യയിലെ കമ്പോളം ഇല്ലാതാകുന്നു എന്ന് മാത്രമല്ല, ഇന്ത്യ വികസിപ്പിച്ചെടുത്ത ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യയും യന്ത്രങ്ങളും കയറ്റുമതി ചെയ്യുന്നതിലൂടെ അവരുടെ നിലവിലുള്ള കമ്പോളങ്ങളില്‍ പലതും അവര്‍ക്ക് നഷ്ടമാകുന്നു എന്നത് കൂടിയുണ്ട്. ഇതിന്റെ പരിഹാരം ഇന്ത്യയെ പോലൊരു മൂന്നാം ലോക രാഷ്ട്രത്തില്‍ ബഹിരാകാശ ഗവേഷണം, ആരോഗ്യ ശാസ്ത്രം തുടങ്ങി ഏതൊരു ശാസ്ത്ര മേഖലയില്‍ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളേയും ആരംഭദശയില്‍ തന്നെ നുള്ളിക്കളയുക എന്നത് മാ ത്രമാണ്.ആ വക നിഗൂഢ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേണം ഇത്തരം ദുരൂഹമായ നീക്കങ്ങളെ ഭരണ കൂടങ്ങളും കോടതികളും വീക്ഷിക്കുവാന്‍. 1994 ല്‍ ഐഎസ് ആര്‍ഒ ശാസ്ത്രജ്ഞനായ ഡോക്ടര്‍ നമ്പി നാരായണനെതിരെ ചാരപ്രവര്‍ത്തനത്തിന് കേസ് കെട്ടിച്ചമക്കുകയും അദ്ദേഹത്തെ മൃഗീയമായി പീഡിപ്പിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്നുവരെയും യാതൊരുവിധ അന്വേഷണ നടപടികളും ഉണ്ടായിട്ടില്ല. മനുഷ്യാവകാശ കമ്മീഷന്റെ തിര്‍പ്പ് അനുസരിച്ചു കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയ നഷ്ടപരിഹാരത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാനുള്ള കോടതി വിധി നടപ്പാക്കുന്നതിന് പോലും സംസ്ഥാന സര്‍ക്കാര്‍ തുനിയുന്നില്ല. അറിയപ്പെടുന്ന ഒരു ഭൗമ ശാസ്ത്രജ്ഞന്റെ ആത്മാഭിമാനത്തെ ബാധിക്കുന്ന ഒരു മനുഷ്യാവകാശ പ്രശ്‌നമായി ഇതിനെ കാണുന്നതിനുള്ള ഒരു നീക്കവും ഒരു ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.20 വര്‍ഷങ്ങള്‍ക്കിപ്പുറവും ഭരണകൂടങ്ങളുടെയും കോടതികളുടെയും ഭാഗത്ത് ഈ നിലപാടില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നുള്ളതാണ് നമ്മുടെ മുമ്പില്‍ ശ്രീചിത്ര വിഷയത്തില്‍ ഇന്ന് ഉയര്‍ന്നു വന്നിരിക്കുന്ന ഏറ്റവും പ്രസക്തവും നഗ്‌നവുമായ ചോദ്യം.
ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചു വരുന്ന ഒരു ലോകത്ത് ഏറ്റവും ശോഭനമായ ഭാവിയുള്ള ഒരു വ്യാപാര മേഖലയാണ് ആരോഗ്യ വൈദ്യ ശാസ്ത്ര ഉപകരണ നിര്‍മ്മാണ വിപണനം. 2000 ദശലക്ഷം കോടി ഡോളറിന് മുകളിലാണ് ആഗോള തലത്തില്‍ ഇതിന്റെ കമ്പോളം. നിലവില്‍ ഇന്ത്യയിലെ ഇതിന്റെ കമ്പോള വിഹിതം തന്നെ 50 ദശലക്ഷം ഡോളര്‍, ഏകദേശം മൂന്നരലക്ഷം കോടി ഉറുപ്പികയ്ക്ക് മുകളില്‍ വരും. 20% മാണ് പ്രതിവര്‍ഷ വളര്‍ച്ചനിരക്ക്. ഇന്ത്യന്‍ കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്ന 75 % ആരോഗ്യ വൈദ്യശാസ്ത്ര ഉപകരണങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത അഭിമാന പദ്ധതികളായ ‘മെയ്ക് ഇന്‍ ഇന്ത്യ ‘ ‘ആത്മനിര്‍ഭര്‍ ഭാരത് ‘ എന്നിവ ലക്ഷ്യം കാണണമെങ്കില്‍, ഡോക്ടര്‍ നമ്പി നാരായണനെതിരെ കെട്ടിച്ചമച്ച ചാരക്കേസിനെ തുടര്‍ന്നു ഐഎസ്ആര്‍ഒ യെ എപ്രകാരം സംരക്ഷിച്ചുവോ സമാനമായ തരത്തില്‍ ആധുനിക വൈദ്യശാസ്ത്ര ഉപകരണ ഗവേഷണ രംഗത്ത് ലോക നിലവാരത്തിലുള്ള നേട്ടങ്ങള്‍ കൈവരിച്ച ദേശീയ പ്രാധാന്യമുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള വൈദ്യശാസ്ത്ര സ്ഥാപനങ്ങളെ ക്ഷുദ്രകരമായ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി സംയോജിതമായ ഉന്നതതല നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഏതാനും ചില രാജ്യങ്ങളുടെ കുത്തകയാക്കി വെച്ചിരിക്കുന്ന അവര്‍ ആധിപത്യം പുലര്‍ത്തി വരുന്ന, ഹൃദയധമനികളിലേക്കുള്ള രക്തസഞ്ചാരം സുഗമമാക്കുന്നതിന് സഹായകരമായ കൊറോണറി ആര്‍ട്ടറി സ്റ്റെണ്ടുകളുടെ ആഗോള കമ്പോളം 150 ദശലക്ഷം കോടി ഡോളറിന്റേതാണ്. ഹൃദയ രക്തധമനിവീക്കത്തിനുള്ള പരിഹാരമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനോടകം തന്നെ സ്റ്റെണ്ട് ഗ്രാഫ്റ്റുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിക്കലും ടൈറ്റാനിയവും സംയോജിപ്പിച്ചു കൊണ്ടുള്ള ലോഹക്കൂട്ട് പോലെയുള്ള സവിശേഷ ഘടകങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടുള്ള സങ്കീര്‍ണ്ണമായ ആരോഗ്യ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ഗവേഷണത്തിലും നിര്‍മ്മാണത്തിലും കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള, സഹായഹസ്തമേകിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് തെളിയിച്ചിട്ടുള്ള, അന്നനാള സ്റ്റെന്റുകള്‍ പോലെയുള്ള വൈവിധ്യമാര്‍ന്ന ആരോഗ്യശാസ്ത്ര ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയുമെന്ന് ഉറപ്പുള്ള ഒരു ആരോഗ്യ വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനത്തെ തകര്‍ത്തു കളയാതെ രക്ഷിച്ചെടുക്കേണ്ടത് ഏതൊരു രാജ്യസ്‌നേഹമുള്ള പൗരന്റേയും കടമയാണ്. ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഡയറക്ടറാണ് ഇപ്പോള്‍ അതിന്റെ നേതൃപദവി അലങ്കരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ വിഖ്യാതിതയായ, ചലനശേഷി രോഗ ചികിത്സാ വിദഗ്ധയായ നാഡീവ്യൂഹ ഭിഷഗ്വരയായ അവരാണ് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ച 37 അത്യാവശ്യ വൈദ്യശാസ്‌ത്രോപകരണങ്ങളുടെ ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍ കിയത്. ബാബ അറ്റോമിക്ക് റിസര്‍ച് സെന്ററുമായി ചേര്‍ന്ന് കൊണ്ട് അവര്‍ വികസിപ്പിച്ചെടുത്ത, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട മനുഷ്യമസ്തിഷ്‌ക്കത്തിന് ഉത്തേജനം നല്‍കുന്ന ‘ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ സിസ്റ്റത്തിന്റെ ഉപജ്ഞാതാവ് കൂടിയാണിവര്‍. ഈ രംഗത്ത് രാജ്യത്തെ പ്രഥമനേട്ടമാണ് ഇത്.
കേന്ദ്രസര്‍ക്കാരിലും അതിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയത്തിലുമുള്ള സ്വാധീനം ഉപയോഗിച്ച് കൊണ്ട് ഈ രാജ്യത്തിന്റെ അഭിമാന സ്തംഭമായ, ഗവേഷണ ഫലങ്ങളിലൂടെ രാജ്യമാസകലമുള്ള ദരിദ്ര ജനകൊടികളുടെ ആശാകേന്ദ്രമായ ഒരു സ്ഥാപനത്തിനെ നിലവാരം കുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ തച്ചു തകര്‍ക്കാന്‍ മുന്നിട്ടറങ്ങുന്നവരെ പൊതു സമൂഹവും അതിന് പിന്തുണ നല്‍കുന്ന രാഷ്ട്രീയ കേന്ദ്ര നേതൃത്വങ്ങളും തിരിച്ചറിയേണ്ടതുണ്ട്. കേവലം ഒരു വ്യക്തികളുടെ സ്ഥാന മോഹങ്ങള്‍ക്കപ്പുറം നിഗൂഢമായ മാനങ്ങള്‍ ഈ നീക്കങ്ങള്‍ക്ക് ഉണ്ടെന്ന് നാം തിരിച്ചറിയണം. നൂറ് ശതമാനം ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തെയും പ്രായോഗിക പരിജ്ഞാനത്തേയും മാത്രം അടിസ്ഥാനമാക്കിയുള്ള വ്യവഹാരങ്ങള്‍ നടക്കുന്ന ഒരു സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ കയറിപ്പറ്റാനുള്ള, ആരോഗ്യ വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ പ്രാഗല്‍ഭ്യം ഇത് വരെ തെളിയിച്ചിട്ടില്ലാത്ത, പ്രായോഗിക പരിജ്ഞാനം ഉള്ളതായി അറിയാ ത്ത ചിലരുടെ നീക്കങ്ങളെ ആരെങ്കിലും സംശയത്തോടെ വീക്ഷിക്കുന്നതിനെ കുറ്റപ്പെടുത്തുവാന്‍ സാധിക്കുമോ. വൈദ്യശാസ്ത്രരംഗത്തെ ഗഹനമായ വിജ്ഞാന സാഗരം മനസ്സില്‍ പേറുന്ന, അതില്‍ ഒതുങ്ങി നിന്നുകൊണ്ട് ഏകാഗ്രമായ മനസ്സോടു കൂടി നൂറുകണക്കിന് പരിണതപ്രജ്ഞരായ ശാസ്ത്രജ്ഞന്മാരും ഭിഷഗ്വരന്മാരും അഹോരാത്രം നടത്തുന്ന ഗവേഷണ ശ്രമങ്ങളുടെ ഫലമായാണ് രാജ്യത്തിന്റെ അഭിമാനമായ ഇത്തരം നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ശ്രീ ചിത്ര പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ സാധിച്ചിട്ടുള്ളത്. അല്ലാതെ മൂന്നാം കിട രാഷ്ട്രീയ നിഴല്‍ നാടകങ്ങള്‍ കളിച്ചും പിന്‍ വാതില്‍ നിയമനങ്ങളുടെ ഫലമായിട്ടുമായിരുന്നില്ല. അവയുടെ ഉള്ളിലേക്ക് നിഗൂഢമായ താല്‍പ്പര്യങ്ങളെ മുന്‍ നിറുത്തി വൈരാഗ്യവും വിദ്വേഷവും കടത്തി വിട്ടു കൊണ്ട് ചേരിതിരിവ് സൃഷ്ടിച്ചു സ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കം മറ്റ് പലതും ലക്ഷ്യം വെച്ചു കൊണ്ടാണ് എന്ന് വ്യക്തം. നമ്മുടെ രാജ്യത്തിന്റെ താല്പര്യങ്ങളെ വളരെ ദോഷകരമായി ബാധിക്കുന്ന, ആഗോള ഭീമന്മാരായ ബഹുരാഷ്ട്ര കുത്തകകളെ കൈമെയ് മറന്നു സഹായിക്കുന്ന ഈ കൊടുംചതിക്ക് അരു നിന്നു കൊടുക്കുവാന്‍ രാജ്യസ്‌നേഹികളായ വ്യക്തികളും പ്രസ്ഥാനങ്ങളും മുതിരരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആഗോളതലത്തില്‍ ലോകരാഷ്ട്രങ്ങളില്‍ ആരോഗ്യ ശാസ്ത്ര ഗവേഷണ രംഗങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യയിലും ഗവേഷണങ്ങള്‍ നടത്തുന്നതിനും നേട്ടങ്ങള്‍ കൈവരിക്കുന്നതിനുമുള്ള അനുകൂല സാഹചര്യം സംജാതമാകണമെങ്കില്‍ ഇന്ത്യയിലും ഗവേഷണ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശവും ശാസ്ത്രജ്ഞര്‍ക്കും ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സ്വാതന്ത്ര്യവും സംരക്ഷണവും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. കേവലം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനൊ ഒരു പൊലീസ് ഉദ്യോഗസ്ഥനൊ മറ്റേതെങ്കിലും താല്‍പര്യങ്ങളുടെ പേരില്‍ വിചാരിച്ചാല്‍ ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതാണ് ഇന്ത്യയിലെ ഒരു ശാസ്ത്രജ്ഞന്റേയോ വൈദ്യശാസ്ത്രരംഗത്ത് വൈദഗ്ധ്യം തെളിയിച്ച വിദഗ്ധരുടെയൊ ഭാവിയെന്ന് വരുന്നത് രാജ്യത്തിന്റെ ഭാവിയെ തന്നെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.രാജ്യത്ത് ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും രാജ്യത്തിന്റെ തന്ത്രപ്രധാനമായ ശാസ്ത്ര താല്പര്യങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിന് വേണ്ടി ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ ഡോക്ടര്‍ നമ്പി നാരായണന്‍ ശാസ്ത്രജ്ഞ സംരക്ഷണ ബില്‍ അവതരിപ്പച്ചു പാസാക്കി നിയമമാക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
എം പി മണി.
September 3, 2020 at 10:57 am
https://www.facebook.com/Asthma-New-Dimension-1044406765584084/