ഡോ എം എസ് സ്വാമിനാഥനും നെല്‍ വിത്ത് ജീനിന്റെ കൊടും കവര്‍ച്ചയും
ഹരിത വിപ്ലവത്തിന് മുമ്പുള്ള നെല്ലുല്പാദന വളര്‍ച്ചാ നിരക്കുമായി തട്ടിച്ചു നോക്കുമ്പോള്‍, അതിന് ശേഷമുള്ള വളര്‍ച്ചാ നിരക്ക് കുറയുകയാണ് ചെയ്തതെന്നു കൃഷി വകുപ്പു സെക്രട്ടറി കെ.സി.എസ് ആചാര്യ തലവനായ 33 അംഗ ഔദ്യോഗിക വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആമുഖം
മരണം ആരെയും വിശുദ്ധനാക്കുന്നില്ല, ഡോ: എം. എസ്. സ്വാമിനാഥനേയും
കെ.രാമചന്ദ്രന്‍
കാര്‍ഷികരംഗത്തെ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെയും അവയെ പ്രോത്സാഹിപ്പിക്കുന്ന, ആഗോള മൂലധനതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങള്‍ പിന്തുടരുന്ന ഭരണകൂടങ്ങളുടെയും കണ്ണിലുണ്ണിയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഇത്രയേറെ അന്താരാഷ്ട്ര അവാര്‍ഡുകള്‍ അദ്ദേഹത്തിനു ലഭിച്ചത്. ഹരിതവിപ്ലവത്തിന്റെ അപ്പോസ്തലനായി ഇന്ത്യയുടെ പട്ടിണി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ പ്പറ്റിയുള്ള കെട്ടുകഥകളും ഈ ആഗോളരാഷ്ട്രീയ പശ്ചാത്തലത്തിലേ വിലയിരുത്താവൂ. പില്‍ക്കാലത്ത് അദ്ദേഹത്തിന് മാനസാന്തരം വന്നോ, പഴയ തന്റെ പ്രവൃത്തികളില്‍ അദ്ദേഹം പശ്ചാത്തപിച്ചോ എന്നൊന്നും വ്യക്തമല്ല. എങ്കിലും അവസാന കാലത്ത് ജൈവവൈവിദ്ധ്യ സംരക്ഷണത്തിനായി ആരോഗ്യകരമായ ചില നിലപാടുകള്‍ അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ട് . വയനാട്ടിലുള്ള സ്വാമിനാഥന്‍ ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കേരള പരിസ്ഥിതി സംരക്ഷണത്തിനു എന്ത്‌സംഭാവന നല്‍കി എന്നതും വിലയിരുത്തപ്പെടണം. ആകെ കറുപ്പോ ആകെ വെളുപ്പോ ആയി ഏതു ശാസ്ത്രജ്ഞനെയും ചിത്രീകരിക്കുന്നത് ശരിയായിരിക്കില്ല. വസ്തുനിഷ്ഠമായി നോക്കിയാല്‍, മുതലാളിത്തനയങ്ങളുടെ നടത്തിപ്പുകാരനായല്ലാതെ, പരിസ്ഥിതിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനകീയ ശാസ്ത്രജ്ഞനായി അദ്ദേഹത്തെ വിലയിരുത്തുക പ്രയാസമാണ്. ഇല്ലസ്‌ട്രേറ്റഡ് വീക്ക് ലിയുടെ കവര്‍ സ്‌ടോറിയായി ക്ലോഡ്അല്‍വാരിസ് 1986ലെഴുതിയ ലേഖനത്തിന്റെ പുനര്‍ വായന ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാവുന്നത് അതുകൊണ്ടാണ്.)
ഡോ എം എസ് സ്വാമിനാഥനും നെല്‍ വിത്ത് ജീനിന്റെ കൊടും കവര്‍ച്ചയും
ക്ലോഡ് അല്‍വാരിസ്
1982-ല്‍ ഡോ.എം.എസ്.സ്വാമിനാഥന്‍ ക്യാബിനറ്റിന്റെ ശാസ്ത്രീയ ഉപദേശക സമിതി സ്ഥാനവും പ്ലാനിങ്ങ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും ഉപേക്ഷിച്ച് ഫിലിപ്പൈന്‍സിലെ ലോസ് ബാനോസ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര നെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (IRR) ഡയറക്ടര്‍ ജനറലായി സ്ഥാനമേറ്റു. ‘ഉപേക്ഷിച്ച്’ എന്ന വാക്ക് ബോധപൂര്‍വ്വമായാണ് പ്രയോഗിച്ചത്. ലോകത്ത് മറ്റൊരു രാജ്യത്തും ഇത്രയധികം തന്ത്രപ്രാധാന്യമുള്ള ഒരു സ്ഥാനം, രാജ്യത്തെ ശാസ്ത്രീയ രഹസ്യങ്ങള്‍ വിശേഷിച്ചും ഭക്ഷണവുമായി ബന്ധപ്പെട്ടവ അറിയുന്ന ഒരാളെ രായ്ക്കുരാമാനം ആ പദവി ഉപേക്ഷിച്ച് അമേരിക്കന്‍ മുതലാളിത്തത്തിന്റെയും വിദേശനയത്തിന്റെയും താത്പര്യങ്ങളുമായി അടുത്ത ബന്ധമുള്ള രണ്ട് സ്വകാര്യ ഫൗണ്ടേഷനുകളുടെ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായി മാറാന്‍ അനുവദിക്കില്ല. അന്താരാഷ്ട്ര നെല്ല് ഗവേഷണ സ്ഥാപനം 1960-ല്‍ സ്ഥാപിക്കപ്പെട്ടത് ഏഷ്യയിലെ നെല്ല് ഗവേഷണം നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായാണ്, അമേരിക്ക അരി ഭക്ഷിക്കുന്നവരുടെ രാജ്യമായതു കൊണ്ടല്ല.
സാമ്രാജ്യത്വം കണ്ടെത്തിയ ഭക്ഷണം എന്ന ആയുധം
പ്രശസ്തമായ ഒരു സസ്യപ്രജനന വിദഗ്ധന്‍ അരിയെക്കുറിച്ച് പറഞ്ഞത് ഇതാണ്; ”അരിയുടെ വിതരണം നിയന്ത്രിക്കുന്നയാള്‍ ഏഷ്യയുടെ മൊത്തം വിധി നിയന്ത്രിക്കും. ഏഷ്യയിലെ ഭൂരിപക്ഷം ആളുകളുടെയും മുഖ്യമായ പ്രശ്‌നം മുതലാളിത്തമോ സോഷ്യലിസമോ മറ്റെന്തെങ്കിലും രാഷ്ട്രീയ പ്രത്യയ ശാസ്ത്രമോ അല്ല മറിച്ച് ഭക്ഷണമാണ്. ഭക്ഷണം ജീവിതം തന്നെയാണ്; ഏഷ്യയില്‍ മിക്കയിടത്തും ഭക്ഷണം അരിയാണ്. അമേരിക്കയിലെ മുന്‍ കൃഷി സെക്രട്ടറിയായിരുന്ന ബട്ട്‌സ് പ്രഭു പറഞ്ഞ കുപ്രസിദ്ധമായ ഒരു വാചകമുണ്ട്. ”ഭക്ഷണം ഒരായുധമായി ഉപയോഗപ്പെടുത്താന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ സന്തോഷമേയുള്ളൂ.”
ഇന്ന്, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്ന രണ്ട് മുഖ്യധാന്യങ്ങളായ ഗോതമ്പും അരിയും സംബന്ധിച്ച ഗവേഷണം പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളാണ്.
വന്‍ പ്രതിഫലം തേടി സ്വാമിനാഥന്‍
അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിലുള്ള ഡോ.സ്വാമിനാഥന്റെ നിയമനം ഒരര്‍ത്ഥത്തില്‍ തരം താഴ്ത്തലായി പരിഗണിക്കാം. ആയിരക്കണക്കിന് ശാസ്ത്രജ്ഞന്‍മാര്‍ സ്വന്തം വരുതിയിലുള്ള ഇന്ത്യന്‍ ശാസ്ത്രസ്ഥാപനങ്ങളുടെ മേല്‍ നിയന്ത്രണധികാരം ഉണ്ടായിരുന്ന അദ്ദേഹത്തിന് ഫിലിപ്പൈന്‍സില്‍ തന്റെ കീഴില്‍ വെറും ഇരുന്നൂറ് ശാസ്ത്രജ്ഞന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഖ്യ ആകര്‍ഷണം നികുതിയില്ലാത്ത വന്‍ പ്രതിഫലം മാത്രം ആയിരുന്നു.
അമേരിക്കന്‍ ഡയറക്ടര്‍മാര്‍ എപ്പോഴും ഭരിച്ച അന്താരാഷ്ട്ര ഗവേഷണ സ്ഥാപനം അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങ (HYV)ളുടെ കാര്യത്തില്‍ വലിയ തകര്‍ച്ച നേരിടുകയായിരുന്നു. വികസിപ്പിച്ച ഓരോ വിത്തും വന്‍തോതിലുള്ള കീടബാധയ്ക്ക് ഇരയായി IRRI യുടെ നെല്‍വിത്ത് ജേം പ്ലാസം അടിയന്തിരമായി വന്‍തോതില്‍ വികസിപ്പിക്കേണ്ടിയിരുന്നു, HYV വിത്തുകള്‍ക്ക് പ്രതിരോധശേഷി ലഭിക്കണമെങ്കില്‍ ഇത് അത്യാവശ്യമായിരുന്നു. നെല്ല് ജേം പ്ലാസത്തിന്റെ ഉറവിടമായ നെല്‍വിത്തിനങ്ങളുടെ ഏറ്റവും വലിയ ശേഖരം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലായിരുന്നു. സ്വാമിനാഥന്റെ നിയമനം നിര്‍ണ്ണായക പ്രാധാന്യം കൈവരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
IRRI പ്രാഥമികമായും ഒരു സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് അല്ല. അത് സ്വകാര്യ നിയന്ത്രണത്തിലുള്ള കൃഷി ഗവേഷണ സ്ഥാപനമാണ്. സ്വാമിനാഥനെപ്പോലുള്ള ഒരാള്‍ അതിന്റെ ഡയറക്ടറായിത്തീരുന്നത് ചിന്തിക്കാന്‍ പോലും വിഷമമാണ്. ശാസ്ത്ര പ്രവര്‍ത്തനമെന്നതിലുപരി കാര്യങ്ങള്‍ നടത്താനുള്ള കഴിവാണ് മുഖ്യം എന്നു കരുതുന്നുവെങ്കില്‍ മാത്രമേ ഇത് സാധിക്കൂ. സ്വാമിനാഥന്റെ തത്തുല്യമായ ശാസ്ത്ര യോഗ്യതയുള്ള ഒരു ശാസ്ത്രജ്ഞനും മാക്‌സ് പ്ലാങ്ക് ഇന്‍സിറ്റിറ്റിയൂട്ടിന്റെയോ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെകനോളജിയുടെയോ അല്ലെങ്കില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ചിന്റെയോ ഒന്നും ഡയറക്ടര്‍ ആവാന്‍ അര്‍ഹത നേടുകയില്ല. ഫിലിപ്പൈന്‍സിലെ അറിവുള്ള പലയാളുകളോടും ഞാന്‍ ചോദിച്ചു എങ്ങനെയാണ് സ്വാമിനാഥന്‍ IRRI-യുടെ ഡയറക്ടര്‍ പദവിയില്‍ നിയമിക്കപ്പെട്ടത് എന്ന്. ഇതിനു ലഭിച്ച ഏറ്റവും വിശ്വസനീയമായ ഉത്തരം ആയിരുന്നു ഏറ്റവും തമാശയുള്ളത്.
ഡയറക്ടര്‍ സ്ഥാനത്തേക്ക് മൂന്ന് അപേക്ഷകള്‍ ഉണ്ടായിരുന്നു. ആദ്യത്തേയാള്‍ റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ ഒരു വൈസ് പ്രസിഡണ്ടായിരുന്നു. നിയമിക്കപ്പെടുകയാണെങ്കില്‍ തന്റെ ഭാര്യയോടും വെപ്പാട്ടിയോടുമൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരണമെന്ന് നിര്‍ബന്ധമുള്ള ഒരു ദേഹം. രണ്ടാമത്തെയാള്‍ പടിഞ്ഞാറന്‍ ജര്‍മനിയില്‍ നിന്നുള്ള ഒരാളായിരുന്നു. അയാളുടെ പേരിനൊപ്പം ചേര്‍ക്കുന്ന ബിരുദം യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വാമിനാഥന്‍ മഞ്ഞു കട്ടപോലെ വെളുത്തു നിന്നു. എന്നാല്‍ 1979-ല്‍ ബ്രിട്ടാനിക്ക സര്‍വവിജ്ഞാനകോശം ഇറക്കിയ സയന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ഇയര്‍ബുക്കില്‍ സ്വാമിനാഥനെപെടുത്തിയിട്ടുള്ളത് 20-ാം നൂറ്റാണ്ടിലെ രണ്ട് പ്രമുഖ കപട ശാസ്ത്രജ്ഞരായ പോള്‍ കാമറര്‍, സിറില്‍ ബര്‍ട്ട് എന്നിവരോടൊപ്പമാണ്.
നെല്ലിന്റെ വവൈവിധ്യം കാത്തുസൂക്ഷിച്ച ഇന്ത്യന്‍ വയലുകള്‍
നെല്ലിന്റെ രാജ്യമാണ് ഇന്ത്യ. നെല്ല് സങ്കീര്‍ണ്ണമായ ഒരു ആവാസവ്യവസ്ഥയുടെ നിര്‍ണ്ണായകമായ ഒരു ഘടകമാണ്. കഥകള്‍, ഐതിഹ്യങ്ങള്‍, പ്രതീകം, അനുഷ്ഠാനങ്ങളിലുള്ള സാന്നിദ്ധ്യം ഇതെല്ലാം നെല്ലിന്റെ പ്രാധാന്യം അടിവരയിടുന്നു. അതുകൊണ്ട് തന്നെ നെല്ല് വളര്‍ത്തിയെടുക്കുന്ന ഇന്ത്യന്‍ തന്ത്രങ്ങള്‍, പ്രത്യേകിച്ചു ആദിവാസി കര്‍ഷകരുടേത് ഏത് അന്താരാഷ്ട്ര ശാസ്ത്രത്തേയും കവച്ചുവെക്കുന്നതാണ്.
വ്യത്യസ്ത ചുറ്റുപാടുകള്‍ക്ക് അനുകൂലനം നേടിയവയും മനുഷ്യരുടെ സവിശേഷ ആവശ്യങ്ങള്‍ക്കൊത്ത് വിളയിച്ചെടുത്തവയുമായ 1,20,000 ത്തോളം വൈവിദ്ധ്യമാര്‍ന്ന നെല്ലിനങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നു. വൈവിദ്ധ്യത്തോടുള്ള പ്രകൃതിയുടെ ആഭിമുഖ്യത്തോടൊപ്പം, മനുഷ്യര്‍ക്ക് അതു പ്രയോജനപ്പെടുത്തിയെടുക്കാന്‍ കഴിവുണ്ടായിരുന്നതിന്റെ കൂടി ഫലമാണ് ഇത്രയും വൈവിദ്ധ്യം. 1950കളില്‍ കട്ടക്കില്‍ കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥാപിച്ചതോടെ, നെല്‍കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠനവിഷയമായിരുന്നു. 1959 ല്‍ ഡോ.റിച്ചാരിയ CRRIയുടെ മേധാവിയായതോടെ മിടുക്കരായ ഒരുപിടി ശാസ്ത്രജ്ഞന്മാര്‍ അദ്ദേഹത്തിന് കീഴില്‍ കൂടുതല്‍ ഉല്പാദനക്ഷമതയുള്ള നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു. ഉദാഹരണത്തിന് സി.ഗംഗാധരന്‍ എന്ന ശാസ്ത്രജ്ഞന്‍ ഉല്പാദനശേഷി കൂടിയ ഒരു കുള്ളന്‍ നെല്ലിനം വികസിപ്പിച്ചെടുത്തു. തായ്വാന്‍, ജപ്പാന്‍ ഇവിടങ്ങളിലെ നെല്ലിനങ്ങളും പരീക്ഷണ വിധേയമാക്കിയിരുന്നു. പരീക്ഷണം വളരെ സാവധാനമാണ് നടന്നത്. കാരണം, രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കുമെതിരെ കരുത്തുള്ള ഇനങ്ങള്‍ ഏതൊക്കെ എന്ന് കൃത്യമായി നിരീക്ഷിച്ചറിയാന്‍ വളരെ സമയമെടുത്തു.
ഇന്ത്യയിലെ നെല്ലുഗവേഷണത്തെ പ്രധാനമായി മൂന്ന് ഘട്ടങ്ങളായി ഗംഗാധരന്‍ വിഭജിക്കുന്നു. ആദ്യഘട്ടം 1912 മുതല്‍ 1950 വരെയുള്ളത്, ശുദ്ധ നിര്‍ദ്ധാരണത്തിലൂന്നിയായിരുന്നു. ഒടുവില്‍ 445 മെച്ചപ്പെടുത്തിയ നെല്‍വിത്തിനങ്ങള്‍ ഈ രീതിയില്‍ ഉല്പാദിപ്പിച്ചു. നേരത്തെ വിള കൊയ്യാവുന്ന അവസ്ഥ, വെള്ളപ്പൊക്കത്തെ നേരിടാനുള്ള ശേഷി, വരള്‍ച്ച നേരിടാനുള്ള ശേഷി, മണികള്‍ ഉതിര്‍ന്നു പോവാത്ത അവസ്ഥ, വിത്തിന്റെ ദീര്‍ഘ നാളത്തെ ഉപയോഗക്ഷമത, കളനെല്ലുകളെ നിയന്ത്രിക്കാനുള്ള കഴിവ്, രോഗ പ്രതിരോധം, കനത്ത വളം ചെയ്യലിന് അനുസൃതമായി പ്രതികരിക്കാനുള്ള കഴിവ് തുടങ്ങിയവയായിരുന്നു ലക്ഷ്യമിട്ടത്. ശുദ്ധഇനങ്ങളുടെ വികസനം, പ്രകൃതി നിര്‍ദ്ധാരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നതിനാല്‍ ജീനുകള്‍ തമ്മിലുള്ള പൊരുത്തക്കേട്, പരിസ്ഥിതിയുമായി പൊരുത്തക്കേട്, കീടശല്യം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.
രണ്ടാംഘട്ട ഗവേഷണം ഇത്രയും പ്രോത്സാഹജനകമായിരുന്നില്ല. ജപ്പാനീസ് ഇന്ത്യന്‍ നെല്ലിനങ്ങളുടെ സങ്കരമുണ്ടാക്കുവാനായിരുന്നു ശ്രമം. ജപ്പാന്‍ ഇനങ്ങളുടെ അത്യുല്പാദന ക്ഷമതയും വളങ്ങളോടുള്ള മികച്ച പ്രതികരണവും, പ്രാദേശിക അനുകൂലനം നേടിയ, കീടങ്ങളോടും രോഗങ്ങളോടും പൊരുത്തപ്പെട്ട ഇന്ത്യന്‍ ഇനങ്ങളിലേക്ക് പകരുവാനായിരുന്നു ലക്ഷ്യമിട്ടത്. ജപ്പാന്‍ ആദ്യഘട്ടം തൊട്ട് തന്നെ രാസവളങ്ങള്‍ ഉപയോഗിച്ചിരുന്നു; എന്നാല്‍ ഇന്ത്യന്‍ നെല്ലിനങ്ങള്‍ അത്യന്ത ഫലപുഷ്ടിയുള്ള സാഹചര്യങ്ങളില്‍ കൃഷി ചെയ്തിരുന്നില്ല. ഈ പരിപാടിയില്‍ വിജയം കണ്ടത് നാലിനങ്ങള്‍ മാത്രമാണ്. ജപ്പാനീസ് ഇനങ്ങള്‍ വെളിച്ചം, ചൂട് എന്നിവ കൂടുതല്‍ വേണ്ടാത്തവയും, വിത്ത് വളരെ തണുപ്പുള്ള പ്രാദേശങ്ങളില്‍ നിന്ന് കൊണ്ടുവന്നവയും ആയിരുന്നു. അത് ഈ ഉഷ്ണമേഖലാ പ്രദേശത്ത് കൃഷി ചെയ്തപ്പോള്‍ വിപരീതഫലങ്ങളാണുണ്ടായത്. കുറച്ചു കൂടി അനുകൂലാവസ്ഥയുള്ള ജാപ്പനീസ് പ്രദേശങ്ങളില്‍ നിന്നുള്ള വിത്തുകള്‍ കുറച്ചു കൂടി അനുയോജ്യമായിരുന്നു. ഇത്തവണ ശ്രമം വിജയിച്ചതങ്ങിനെയാണ്.
സാമ്രാജ്യത്വം ഇന്ത്യന്‍ വയലുകളില്‍ കണ്ണുവയ്ക്കുന്നു
നെല്ല് ഗവേഷണത്തിനുമേല്‍ അന്താരാഷ്ട്ര നെല്ലു ഗവേഷണകേന്ദ്രത്തിന് (IRRI) ഉണ്ടായി വന്ന നിയന്ത്രണം, ഇത്തരം ശ്രമങ്ങളെ ശാസ്ത്രത്തിന് പുറത്ത് നിര്‍ത്താനും, അറിയപ്പെടാതെ പോവാനും ഉടയാക്കി. IRRI സ്ഥാപിക്കപ്പെടുന്നത് 1960 ല്‍ ആണ്. റോക് ഫെല്ലര്‍, ഫോര്‍ഡ് എന്നീ ഫൗണ്ടേഷനുകളാണ് സ്ഥാപനത്തിന് വേണ്ടി പണം മുടക്കിയത്. 1962 ല്‍ അത് പ്രവര്‍ത്തന നിരതമായി. തുടക്കം തൊട്ട് ഒടുക്കം വരെ നമ്മുടെ CRRI ക്ക് അതിനോട് മത്സരിച്ച് ജയിക്കാനുള്ള കെല്പ്പുണ്ടായിരുന്നില്ല. IRRI ഉദ്യോഗസ്ഥര്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ള നെല്ലുഗവേഷണ ശാസ്ത്രജ്ഞരെ അക്ഷരാര്‍ത്ഥത്തില്‍ വിലയ്ക്കുവാങ്ങുകയായിരുന്നു. ഡോളറില്‍ ശമ്പളം; അതും സ്വന്തം രാജ്യത്ത് കിട്ടുന്നതിന്റെ എത്രയോ മടങ്ങ്; പാര്‍പ്പിട സൗകര്യം, കുട്ടികള്‍ക്ക് രാഷ്ട്രാന്തരീയ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇങ്ങിനെ പലതും അവര്‍ വച്ചു നീട്ടി.
1966 ലാണ് IRRI ആദ്യവിജയം കണ്ടത്. CRRI ക്ക് നെല്ലു ഗവേഷണ ത്തില്‍ ഒമ്പത് ലക്ഷ്യങ്ങളുണ്ടായിരുന്നപ്പോള്‍ IRRIക്ക് ഒറ്റ ലക്ഷ്യം മാത്ര മായിരുന്നു. IR8 എന്ന അരക്കുള്ളന്‍ (semi dwarf) നെല്ലിനം ഇന്തോനേഷ്യയിലെ പൊക്കമുള്ള ഒരിനവും തായ്വാനിലെ കുള്ളന്‍ ഇനവും തമ്മില്‍ ഒട്ടിച്ചു ചേര്‍ത്തുണ്ടാക്കിയതാണ്. എത്രവളം ചെയ്താലും താങ്ങാനുള്ള കഴിവ്, കൂടിയ ഉല്പാദന ക്ഷമത എന്നിവയായിരുന്നു ഗുണങ്ങള്‍ (അമേരിക്കന്‍ വളങ്ങള്‍ക്ക് ഏഷ്യന്‍ കമ്പോളം തുറന്നു കിട്ടിയത് ഈ ഇനത്തിന്റെ വരവോടെയാണ്. CRRI യും ഏതാണ്ടിതുപോലെ ഗവേഷണം നടത്തുന്നുണ്ടായിരുന്നു, വൈറലാക്രമണത്തിന് വഴങ്ങാത്ത തായ്വാന്‍ നെല്ലിനങ്ങള്‍ ചിലത് ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ IRRI വിദഗ്ധരുടെ സമ്മര്‍ദ്ദം മൂലം പുതിയ IRRI വിത്തുകള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചു. കേന്ദ്ര നെല്ലുഗവേഷണ സ്ഥാപനമേധാവി ഡോ. റിച്ചാരിയ ഇതിനെ എതിര്‍ത്തു.
ഡോ. റിച്ചാരിയയുടെ ഉപദേശം നേരത്തെയുള്ളതിന് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ ധരിച്ചു. നേരത്തെ അദ്ദേഹം കുള്ളന്‍ തായ്ച്ചുങ് ഇനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പറഞ്ഞതാണല്ലോ. ഇപ്പോള്‍ എന്തിനെതിര്‍ക്കുന്നു? രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമൊന്നും ജനിതകശാസ്ത്രത്തിന്റെ സവിശേഷതകള്‍ പിടിയില്ലല്ലോ. അനേകം അനുകൂലന പരീക്ഷണങ്ങള്‍ക്കും കാലാവസ്ഥ മാറ്റങ്ങള്‍ക്കും ശേഷം തിരഞ്ഞെടുത്ത് ഉല്പാദിപ്പിക്കുന്ന വിത്തും, മൊത്തത്തില്‍ ഒന്നായി ഇറക്കുമതി ചെയ്യുന്ന വിത്തും തമ്മിലുള്ള വ്യത്യാസമെന്തെന്ന് അവര്‍ക്കുണ്ടോ മനസ്സിലാവുന്നു? ഒന്നായി ഇറക്കുമതി ചെയ്യുന്നവ കലമേനി സങ്കരമായതുകൊണ്ടു തന്നെ രോഗവാഹികളും കീടങ്ങള്‍ക്ക് വഴങ്ങുന്നവയും അവയില്‍ ഉള്‍പ്പെട്ടിരിക്കും. എന്നാല്‍ IRRI അവരുടെ വിത്ത് വന്‍തോതില്‍ വ്യാപിപ്പിക്കണമെന്നും മറിച്ചൊരു തീരുമാനത്തിന് ഇട നല്‍കരുതെന്നും നിഷ്‌കര്‍ഷയുള്ളവരായിരുന്നു.
ഡോ.റിച്ചാരിയയെ പടിയിറക്കുന്നു
അമേരിക്കക്കാര്‍ക്ക് അന്ന് ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങള്‍ക്ക് മേല്‍ കനത്ത സ്വാധീനമുണ്ടായിരുന്നു. രാഷ്ട്രീയമായി ചേരിചേരാ നയമുണ്ടായി രുന്നെങ്കിലും ശാസ്ത്ര സാമ്പത്തിക നയങ്ങള്‍ അമേരിക്കക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ഫോര്‍ഡ് ഫൗണ്ടേഷന്റെ ഡള്ളസ് എംസ്വിങര്‍ പിന്നീട് പറഞ്ഞിരുന്നത്, ഏതു കാബിനറ്റ് മന്ത്രിയെക്കാളും പണ്ഡിറ്റ് നെഹ്രുവിനോട് തനിക്ക് അടുപ്പമുണ്ട് എന്നായിരുന്നു. CRRI യുടെ ഡയറക്ടറായി നിയമിക്കപ്പെടാന്‍ പോവുന്ന കാര്യം ഡോ. റിച്ചാരിയ അറിഞ്ഞത് ക്ലെയ്ം എന്ന് ഒരമേരിക്കക്കാരനില്‍ എന്നാണ്. IRRI യുടെ ഡയറക്റ്റര്‍ ഡോ റോബര്‍ട്ട് ചാന്‍ഡ്‌ലര്‍ കൃഷി മന്ത്രി സുബ്രഹ്മണ്യത്തെ നേരിട്ട് ചെന്ന് കണ്ടു. IRRI യുടെ ഡയക്ടര്‍ ആവുന്ന കാലത്ത് ഒരിക്കലും ഒരു നെല്‍ച്ചെടി താന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്ന് പിന്നീടദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ചാന്‍ഡ്‌ലറുടെ പ്രേരണമൂലമാണ്, ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ഇന്ത്യയിലേക്ക് നെല്‍വിത്തു കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ ചാന്‍ഡ്‌ലറെ തടഞ്ഞ ഡോ.റിച്ചാരിയയെ ഈ വ്യക്തിവൈരാഗ്യം വെച്ച് കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ പദവിയില്‍ നിന്ന് റിട്ടയര്‍ ചെയ്യിക്കാന്‍ അദ്ദേഹം ഇന്ത്യാഗവണ്‍മെന്റിനെ കൊണ്ട് തീരുമാനമെടുപ്പിച്ചത്. ലോകത്തെ ഏറ്റവും മികച്ച നെല്ല് സ്‌പെഷലിസ്റ്റുകളില്‍ പെടുന്ന ആളായിരുന്നു ഡോ.റിച്ചാരിയ IR8, TNI എന്നീ നെല്‍വിത്തിനങ്ങള്‍ ഇന്ത്യയില്‍ സാമാന്യമായി കൃഷി ചെയ്തു തുടങ്ങിയതോടെ, ഈ അരക്കുള്ളന്‍ ഇനങ്ങളെ കേന്ദ്രീകരിച്ചായി തുടര്‍ന്നുള്ള ഗവേഷണങ്ങള്‍. പിന്നീട് രാഷ്ട്രീയ സ്വാധീനവും പരസ്യങ്ങളുമാണ് ശാസ്ത്രീയതയ്ക്ക് പകരം നിന്നത്.
കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രത്തെ തകര്‍ക്കുന്നു
ഏഷ്യയിലെ നെല്ല് ശാസ്ത്ര ജ്ഞര്‍ക്ക് നില്‍ക്കക്കളി വേണമെങ്കില്‍ അവര്‍ IRRI ഗവേഷണത്തെ പിന്തുണച്ചു കൊള്ളണം എന്ന സ്ഥിതി വന്നുചേര്‍ന്നു. 1965-66 ലെ കൊയ്ത്തും പരോക്ഷമായി സര്‍ക്കാരിനെ ഇതിനുകൂലമായി ചിന്തിപ്പിച്ച ഒരു ഘടകമാണ്. ഇതാദ്യമായി കൃഷിക്കാരുടെ കയ്യില്‍ നിത്ത് വിത്തെടുത്തുമാറ്റി, ഭക്ഷ്യോല്‍പ്പാദനം ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളുപയോഗിച്ച് (HYV) ഏതാനും തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ കൃഷി ചെയ്താല്‍ ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കാം, കാലവര്‍ഷത്തിന്റെ ഒളിച്ചുകളികളെ ഗൗനിക്കേണ്ടതില്ല. ഈ കൃഷിക്ക് ചെലവുകൂടും. കടം വേണ്ടിവരും; ഒടുവില്‍ ധാന്യങ്ങള്‍ സര്‍ക്കാരിന്റെ ശേഖരണ ഏജന്‍സികളുടെ പക്കല്‍ത്തന്നെ എത്തി ച്ചേരും; ധാന്യങ്ങളുടെ വില പിടിച്ചുനിര്‍ത്താന്‍ ഇത് സാഹയകമാവും.
നെല്ലും തേനും ഒഴുകുന്ന വാഗ്ദത്തഭൂമിയുടെ സാധ്യത തകര്‍ത്തുകളഞ്ഞത് രണ്ട് പ്രധാന പ്രശ്‌നങ്ങളായിരുന്നു. ഒന്നാമത്തേത് സാമ്പത്തികം -1973-ലെ എണ്ണവിലക്കയറ്റം രാസവളങ്ങളുപയോഗിച്ചുള്ള കാര്‍ഷിക തന്ത്രത്തെ പരിമിതപ്പെടുത്തി. ഹരിത വിപ്ലവത്തിന് ചെലവുകൂടും, സര്‍ക്കാര്‍ സ്ബസിഡി വേണ്ടിവരും. അല്ലാത്തപക്ഷം കര്‍ഷകര്‍ പുതിയ കൃഷി അപ്പാടെ ഉപേക്ഷിച്ചു കളഞ്ഞേക്കും. രണ്ടാമത്തേത് രോഗങ്ങളുടെയും കീടങ്ങളുടെയും രൂപത്തില്‍ എത്തിച്ചേര്‍ന്ന അപരിഹാര്യമായ പ്രശ്‌നമായിരുന്നു. ഇടുങ്ങിയ ജനിതക അടിത്തറയില്‍ (എല്ലാം കുള്ള ജീനുകള്‍) കിളുര്‍ത്ത വിത്തിനങ്ങള്‍ കീടനിയന്ത്രണത്തെ തകിടം മറിച്ചു കീടങ്ങളുടെ പുതുതലമുറതന്നെ കൂട്ടത്തോടെ വരവായി. ഡോ.സ്വാമിനാഥന്‍ തന്നെ IRRI വിത്തിനങ്ങളുടെ ഈ ദുരവസ്ഥയെക്കുറിച്ച് പിന്നീട് യാതൊരുളുപ്പുമില്ലാതെ ഇങ്ങിനെ സംഗ്രഹിക്കുന്നുണ്ട്.
”ഉഷ്ണമേഖലാ സാഹചര്യങ്ങളില്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കപ്പുറം പ്രയോജനം സിദ്ധിക്കുന്ന സ്ഥായിയായ നെല്‍വിത്തിനം വികസിപ്പിച്ചെടുക്കാന്‍ പ്രതിരോധത്തിന് സജ്ജമായ ജീനുകളെ തിരിച്ചറിയുകയും അവയുടെ ഭാഗമാക്കുകയും ചെയ്യാത്ത പക്ഷം ആണ്ടോടാണ്ട് നെല്‍കൃഷി ചെയ്യുന്നത് രോഗമുണ്ടാക്കുന്നു. കീടങ്ങള്‍ പലപല തലമുറകളായി വളരുന്നു, പുതിയ ബയോടൈപ്പുകളുടെ വംശങ്ങള്‍ തന്നെ ഉത്ഭവിക്കുന്നു. പുതിയ കീടങ്ങളുടെ പ്രശ്‌നം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. 1966 ല്‍ പുറത്തിറക്കിയ IR8 എന്ന ഇനത്തിന് 1968 ലും 1970 ലും 71 ലും ബാക്ടീരിയല്‍ ബ്ലൈറ്റ് (BB) ഗുരുതരമായി ബാധിച്ചു. ഫിലിപ്പെന്‍സില്‍ RTV (Rice Tungro Virus) ബാധ IR8 കൃഷി മുഴുവന്‍ നശിപ്പിച്ചു. 1969 ല്‍ ഇറക്കിയ IR20 എന്ന വിത്തിനത്തിന് ഈ രണ്ടു ബാധകള്‍ക്കും എതിരായ പ്രതിരോധശേഷിയു ണ്ടായിരുന്നു. എന്നാല്‍ IR8 ന് പകരം IR20 കൃഷി ചെയ്തപ്പോള്‍ ബ്രൗണ്‍ പ്ലാന്റ് ഹോപ്പര്‍ (BPH), ഗ്രാസ്സ് സ്റ്റണ്ട് വൈറസ് (GSV) എന്നിവ രൂക്ഷമായി. 1973 ല്‍ ഫിലിപ്പെന്‍സിലെ മിക്ക പ്രവിശ്യകളിലും IR20 നെല്‍കൃഷി നശിച്ചു. BPH പ്രതിരോധമുള്ള IR26 1973ല്‍ ഇറക്കി. അതായി പിന്നീട് കൃഷി. പക്ഷെ BPHന്റെ ഒരു പുതിയ ബയോടൈപ്പ് ആക്രമണം തുടങ്ങി. പിന്നെ IR36 എന്ന വിത്തിറക്കി. ഇതാണ് ഇപ്പോള്‍ ഫിലിപ്പൈന്‍സിലെ മുഖ്യ ഇനം. എന്നാലിതും ”റാഗ്ഡ് സ്റ്റണ്‍ട്, വില്‍ ടഡ് സ്റ്റണ്‍ട്’ (രണ്ടും പുതിയ രോഗ ങ്ങള്‍) കൂടാതെ BPH ന്റെ മൂന്നാമതൊരു ബയോടൈപ്പ് എന്നിവയ്ക്കിരയായിക്കൊണ്ടിരിക്കുന്നു.”
ഇന്ത്യയിലും സ്ഥിതി ഇത്രതന്നെ ഭയാനകമായിരുന്നു. ഡോ. റിച്ചാരിയയുടെ പ്രവചനങ്ങളെല്ലാം തന്നെ സത്യമായി വന്നു. ”അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങള്‍ ഇറക്കിയത്, അനേകം കീടങ്ങളുടെ വര്‍ദ്ധനവിന് ഗണ്യമായി കാരണമായിട്ടുണ്ട്. 30 മുതല്‍ 100% വരെ വിളനഷ്ടം വരുത്താവുന്നരീതിയില്‍ ഗാള്‍ മിഡ്ജ് ബ്രൗണ്‍ പ്ലാന്റ് ഹോപ്പര്‍, ലീഫ് ഫോള്‍ഡര്‍, ഹോര്‍ മാഗട്ട് തുടങ്ങിയവ പെരുകിക്കഴിഞ്ഞു. ഡി.ജി.വൊ.ജെന്‍ എന്ന കുള്ളനാക്കുന്ന ജീനുള്ള IR8, TNI തുടങ്ങിയവയ്ക്ക് ഇടുങ്ങിയ ജനിതക അടിത്തറ മാത്രമേ ഉള്ളൂ, ഈ ഇടുങ്ങിയ അടിത്തറ, അപകടകരമായ വിധത്തിലുള്ള ഏകതാനത സൃഷ്ടിച്ചു. ഉയര്‍ന്ന പ്രദേശങ്ങള്‍ക്കും താഴ്ന്ന പ്രദേശങ്ങള്‍ക്കും ഒന്നും (ഇവിടങ്ങളിലാണ് നെല്‍കൃഷിയുടെ 75% വും) അനുയോജ്യമായവയല്ല, ഇപ്പോള്‍ ഇറക്കിയ നെല്‍വിത്തിനങ്ങള്‍’ പ്രശസ്ത നെല്ല് വിത്തുല്പാദകരുടെ ഒരു ടാസ്‌ക് ഫോഴ്‌സ് ഇങ്ങിനെ നിരീക്ഷിച്ചിട്ടുണ്ട്.
കീടങ്ങള്‍ പെരുകിയപ്പോള്‍ അവയ്‌ക്കെതിരായി പ്രതിരോധജീനുകള്‍ അടങ്ങിയ വിത്തിനങ്ങളിറക്കണം. ഇതായിരുന്നു IRRI യുടെ തന്ത്രം. ഈ ജീനുകള്‍ വിവിധ നെല്ലിനങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കണം. വിപുലമായ ഒരു ജനിതക അടിത്തറവേണം.
അതിന് ഒരുപാട് വൈവിധ്യമാര്‍ന്ന വിത്തിനങ്ങളുടെ അടിത്തറവേണം. അപ്പോള്‍ പഴയ നെല്‍വിത്തിനങ്ങളില്‍നിന്നു പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ധാരാളം ശേഖരിച്ച് അവയുടെ വിപുലമായ ജേംപ്ലാസ അടിത്തറ ഉറപ്പുവരുത്തണം. ഇന്ത്യയിലാണ് ഏറ്റവുമധികം ഇനങ്ങളുള്ളതെന്ന് IRRIക്ക് അറിയാം. ഇവ ശേഖരിക്കാനുള്ള തന്ത്രമായാണ് എം.എസ് സ്വാമിനാഥനെ അവര്‍ റിക്രൂട്ട് ചെയ്തത്. അപ്പോഴും വഴിമുടക്കിയായി ഡോ. ഡോ.റിച്ചാരിയ നിലകൊണ്ടു.
ചാന്‍ഡലറുടെ നിര്‍ബന്ധപ്രകാരം CRRIയില്‍ നിന്ന് റിട്ടയര്‍ ചെയ്യേണ്ടിവന്ന ഡോ. ഡോ. റിച്ചാരിയ മൂന്ന് വര്‍ഷം തനിച്ച് ഒറീസ്സ ഹൈക്കോടതിയില്‍ ഒരു നിയമയുദ്ധത്തിലേര്‍പ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസവും, ഭാര്യയുടെ ആരോഗ്യവും കുടുംബത്തിന്റെ സ്വസ്ഥതയും എല്ലാം തകര്‍ത്ത ഒരു യുദ്ധമായിരുന്നു അത്. ഒടുവില്‍ അദ്ദേഹം വിജയിച്ചു. 1970ല്‍ CRRI യുടെ ഡയറക്റ്ററായി അദ്ദേഹത്തെത്തന്നെ വീണ്ടും നിയമിക്കണമെന്ന് കോടതി വിധി യുണ്ടായി. ധാര്‍മികമായ ഒരു വിജയമായിരുന്നു അത്.
ഇന്ത്യക്കു വേണ്ടി നിലകൊണ്ട റിച്ചാരിയ.
ഇതിനിടയില്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഡോ. ഡോ. റിച്ചാരിയയെ കാര്‍ഷിക ഉപദേഷ്ടാവായി നിയമിച്ചിരുന്നു. തടസ്സപ്പെട്ട നെല്ലുഗവേഷണം അദ്ദേഹം ഉത്സാഹത്തോടെ പുനരാരംഭിച്ചു. ആറുവര്‍ഷത്തിനകം റായ്പൂരില്‍ ഒരു പുതിയ നെല്ല് ഗവേഷണ സ്ഥാപനത്തിനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചെടുത്തു. വര്‍ഷത്തില്‍ വെറും 20,000 രൂപ ചെലവില്‍ 19,000 നെല്‍വിത്തിനങ്ങള്‍ അദ്ദേഹം അവിടെ പരിപാലിച്ചുപോന്നു. ഓഫീസും ലാബും കൂടിയ മുറിയില്‍ ഒരു മൈക്രോസ്‌കോപ്പുപോലും ഉണ്ടായിരുന്നില്ല. രണ്ട് കൃഷി ബിരുദധാരികളും ആറ് ഗ്രാമീണതല പ്രവര്‍ത്തകരുമായിരുന്നു സഹായികള്‍, മാസം 250 രൂപ ശമ്പളമാണ് ഈ പ്രവര്‍ത്തകര്‍ക്ക്. ശൂന്യതയില്‍നിന്ന് ലോകത്തെ ഏറ്റവും അസാധാരണമായ ഒരു ജീന്‍ ബാങ്കാണ് ഡോ. റിച്ചാരിയ സൃഷ്ടിച്ചെടുത്തത്. വേണ്ട പ്രോത്സാഹനം ലഭിച്ചാല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിയുന്നതെന്താണ് എന്നതിനുള്ള മികച്ച ഒരുദാഹരണമാണ് ഡോ. റിച്ചാരിയ.
1977ല്‍ IRRI ഒരു നെല്ല് ജനിതക പരിരക്ഷണ ശില്‍പശാല സംഘടിപ്പിച്ചു. സ്വാമിനാഥന്‍ ഒരു നിരീക്ഷകനായി അതില്‍ പങ്കെടുത്തു. ശില്‍പ ശാലയ്ക്കുശേഷം റിച്ചാരിയയുടെ മദ്ധ്യപ്രദേശ് നെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 19,000 നെല്ലിനങ്ങളിലാണ് IRRIയുടെ കണ്ണ് പതിഞ്ഞത്. റിച്ചാരിയ ഇതിനകം ഹെക്ടറൊന്നിന് 8-9 ടണ്‍ വിളവുതരുന്ന പരമ്പരാഗത നെല്‍വിത്തുകള്‍ കണ്ടെത്തിയിരുന്നു. IRRIയുടെ ഇനങ്ങളെക്കാള്‍ വളരെ മെച്ചപ്പെട്ടവ. കുള്ളന്‍ ജീനില്ലാത്ത കുള്ളന്‍ ഇനങ്ങളും അദ്ദേഹം കണ്ടെത്തി. കൃഷിക്കാര്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം IRRIക്ക് നേരിട്ട് IRR ഉദ്യോഗസ്ഥര്‍ റായ്പൂരി ഭീഷണിയുയര്‍ത്തും എന്ന ഘട്ടമെത്തി. IRRI ഉദ്യോഗസ്ഥര്‍ റായ്പൂരിലെത്തി വിത്തുകള്‍ ആവശ്യപ്പെട്ടു. അദ്ദേഹം വിത്തുപകരം നല്‍കാനുള്ള പരിപാടിയോട് വിയോജിച്ചു. രോഗമുള്ള വിത്തുകള്‍, ഈ നല്ല വിത്തുകള്‍ ഉപേക്ഷിച്ചു വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നെ IRRI ചെയ്തത്, മദ്ധ്യപ്രദേശ് നെല്ലുഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടിക്കുകയായിരുന്നു.
ഫോര്‍ഡ് ഫൗണ്ടഷന്‍ നിയന്ത്രിച്ച ഗവേഷണ കേന്ദ്രം
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, മദ്ധ്യപ്രദേശ് കൃഷിവികസനത്തിനു ഒരു പദ്ധതി തയ്യാറാക്കി; പ്രത്യേകിച്ച് നെല്‍കൃഷിക്ക് ലോക ബാങ്ക് 4 കോടിരൂപ സംഭാവന ചെയ്തു. ഒറ്റ വ്യവസ്ഥ വെച്ചത് MPRRI അടച്ചുപൂട്ടുക എന്നതാണ്; ഒരേ ജോലി തന്നെ രണ്ടുസ്ഥാപനങ്ങളിലും നടക്കേണ്ടതില്ല എന്നതാണ് കാരണമായി പറഞ്ഞത്. ഫോര്‍ഡ് ഫൗണ്ടേഷനുമായി നേരത്തെ ബന്ധമുള്ള മദ്ധ്യപ്രദേശ് ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ എടുത്ത തീരുമാനം MPRRI അടച്ചുപൂട്ടാനും അവിടത്തെ ജേംപ്ലാസം ജവഹര്‍ലാല്‍ നെഹ്രു കൃഷി വിശ്വവിദ്യാലയത്തിന് കൈമാറാനും ആയിരുന്നു. അതിന്റെ വൈസ് ചാന്‍സലര്‍ സുഖ്‌ദേവ് സിങ് CRRI യുടെ ട്രസ്റ്റിമാരിലൊരാളായിച്ചേര്‍ന്നു. ജേംപ്ലാസം മാറ്റാന്‍ ശാസ്ത്രജ്ഞന്മാരെ സ്ഥാപനത്തിലേക്കയച്ചു. റിച്ചാരിയയുടെ സംഘാംഗങ്ങളെ പിരിച്ചുവിട്ടു.
ഇപ്രാവശ്യവും ഡോ. റിച്ചാരിയയുടെ മുറികള്‍ അവര്‍ അടച്ചുപൂട്ടിയിടുകയും ഗവേഷണ പ്രബന്ധങ്ങള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. 1982 ജൂണ്‍ 4ന് വിശ്വവിദ്യാലയത്തിലെ ഡോ. എം.എന്‍. ശ്രീവാസ്തവ, IRRI ലിയസോണ്‍ ഓഫീസര്‍ക്ക് രണ്ടു സെറ്റ് മെറ്റീരിയലുകള്‍ അയച്ചുകൊടുത്തു. ആദ്യം 264 സാമ്പിളുകള്‍; പിന്നെ 170 എണ്ണം.
റിച്ചാരിയ ചിത്രത്തിലില്ലാതായെങ്കിലും പ്രകൃതി പ്രതികരിച്ചു. കീട പ്രതിരോധമുള്ള ഇനങ്ങളില്‍ ഉല്‍പരിവര്‍ത്തനം സംഭവിച്ചു. ജീനിനെ ഭാഗമാക്കുന്ന സാങ്കേതികവിദ്യയും നിഷ്ഫലമാക്കാന്‍ പ്രകൃതിക്ക് സാധിച്ചു.
അത്യുല്‍പാദനശേഷിയുള്ള ഇനങ്ങളുടെ വിജയം അവയുടെ കാണ്ഡം ചെറുതാണ് എന്നതും കടുത്ത നൈട്രജന്‍ പ്രയോഗമുണ്ടായാലും കുലഞ്ഞു വീഴില്ല എന്നതും ആയിരുന്നു. പഴയ വിത്തിനങ്ങളില്‍നിന്ന് കൂടുതല്‍ കൂടുതല്‍ ജീനുകള്‍ പുതിയവയിലേക്ക് മാറ്റിയത് രോഗപ്രതിരോധശേഷി മാത്രമല്ല, കുലഞ്ഞുവീഴാനുള്ള പ്രവണതയും വര്‍ദ്ധിപ്പിച്ചു. ആധുനിക ഇനങ്ങള്‍ക്കുപോലും ഇപ്പോള്‍ കുലഞ്ഞുവീഴാതെ നില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. 1983ല്‍ IRRI പ്രസിദ്ധീകരണമായ റിസര്‍ച്ച് ഹൈലൈറ്റ്‌സ് എഴുതി ”ആധുനിക നെല്‍ച്ചെടികള്‍ നൈട്രജന്റെ പ്രയോഗത്താല്‍ ധാന്യോല്‍പാദനം കൂട്ടിയിട്ടുണ്ട്. കീടബാധയ്ക്കും രോഗങ്ങള്‍ക്കുമെതിരായ പ്രതിരോധവും ഈ ആധുനിക അരക്കുള്ളന്‍ ഇനങ്ങള്‍ക്ക് കൂടുതലാണ്. എന്നാല്‍ കുലഞ്ഞുവീഴുന്നതിനെതിരായ പ്രതിരോധം ക്ഷയിച്ചുവരികയാണ്.”
ഹരിതവിപ്ലവം അന്ത്യംകുറിച്ച സമൃദ്ധി
നെല്ലിലെ ഹരിതവിപ്ലവം തിരിച്ചുപോക്ക് ആരംഭിച്ചുകഴിഞ്ഞു. അപ്പോള്‍ ദുഷിച്ചതും രാഷ്ട്രീയ വകതിരിവില്ലാത്തതുമായ ഈ ശാസ്ത്രത്തിന്റെ ”നേട്ടങ്ങളെന്തായിരുന്നു? അമേരിക്കയിലെ ഏറ്റവും സൈനിക സുരക്ഷിതമായ ഫോര്‍ട്ട് കോളിന്‍സിലേക്ക് IRRI യിലെ ജേംപ്ലാസത്തിന്റെ ഒരു സെറ്റ് അപ്പാടെ ഇന്ത്യാ ഗവണ്‍മെന്റിന്റെ അനുവാദമില്ലാതെ അയച്ചു. ശാസ്ത്രം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എന്തെങ്കിലും നേടിയോ? ഭാരത്‌ഡോഗ്ര അതിങ്ങിനെ സംഗ്രഹിക്കുന്നു:
”1970-71 ല്‍ 50 ലക്ഷം ഹെക്റ്ററിലായിരുന്ന എച്ച്.വൈ.വി വിത്തിനങ്ങള്‍ 1982-83 ആവുമ്പോഴേയ്ക്കും 180ലക്ഷം ഹെക്റ്ററിലേക്ക് വ്യാപിപ്പിച്ചു. ജല സേചനവും, എന്‍.പി.കെ. വളങ്ങളും ഇവയ്ക്ക് കൂടിയതോതില്‍ ലഭിച്ചിട്ടുണ്ടാവും. എന്നാല്‍ ഇതിനൊത്ത് ഉല്‍പാദനത്തില്‍ വളര്‍ച്ചയുണ്ടായില്ല. ഇത്രയെല്ലാം ചെലവ് ചെയ്തിട്ടും 42.23 ദശലക്ഷം ടണ്ണില്‍ നിന്ന് 46.48 ദശലക്ഷം ടണ്ണായി മാത്രമാണ് 1970-71ല്‍ നിന്ന് 1982-83 ആവുമ്പോള്‍ ഉണ്ടായ വര്‍ദ്ധന. ഇതാകട്ടെ ഇത്ര ചെലവേറിയ പരിപാടികളോ, അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങളോ ഇല്ലാതെ തന്നെ സാധിക്കുമായിരുന്ന ഒരു വര്‍ദ്ധനവുമാത്രമാണ്.”
ഹരിത വിപ്ലവത്തിന് മുമ്പുള്ള നെല്ലുല്പാദന വളര്‍ച്ചാ നിരക്കുമായി തട്ടിച്ചു നോക്കുമ്പോള്‍, അതിന് ശേഷമുള്ള വളര്‍ച്ചാ നിരക്ക് കുറയുകയാണ് ചെയ്തതെന്നു കൃഷി വകുപ്പു സെക്രട്ടറി കെ.സി.എസ് ആചാര്യ തലവനായ 33 അംഗ ഔദ്യോഗിക വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ കണക്ക് പ്രസിദ്ധീകരിച്ചി ട്ടുണ്ട്.
ദശലക്ഷകണക്കിന് ഹെക്ടര്‍ നെല്‍പാടങ്ങളാണ് ഇപ്പോള്‍ ബി.പി.എച്ച് തുടങ്ങിയ കീടങ്ങള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ആധുനിക കൃഷി ഏറ്റെടുത്ത കര്‍ഷകര്‍ക്ക് ഇതിന് നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ഇന്ത്യന്‍ ചുറ്റുപാടുകളിലേക്ക് ഈ കീടബാധകള്‍, പുതുതായി ഇറക്കിവിട്ടതാണ്. IRRI ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ചെയ്യുന്നതെന്തെന്ന് നല്ലപോലെ അറിയാമായിരു ന്നു. IRRI യുടെ മേല്‍ക്കൈ നിലനിര്‍ത്തുക എന്ന വിലകുറഞ്ഞ ഒരു ലക്ഷ്യം നേടാന്‍ വേണ്ടി മാത്രമാണ് അവര്‍ ഇത് ചെയ്തത്.
എച്ച് വൈ.വി വിത്തുകള്‍ മേല്‍ നോട്ടമോ നിയന്ത്രണമോ ഇല്ലാതെ ഇവിടെ പ്രയോഗിച്ചു തുടങ്ങിയപ്പോള്‍, അത് ഭീകരമായ ജനിതക കുത്തിയൊലിപ്പിലാണ് കലാശിച്ചത്. നൂറു കണക്കിന് വിലമതിക്കാന്‍ കഴിയാത്ത ജനിതക വൈവിദ്ധ്യമാര്‍ന്ന ഇനങ്ങളാണ് മനുഷ്യരാശിക്ക് നഷ്ടമായത്. എണ്‍പതുകളില്‍ മാത്രമാണ് IRRI പഴയ വിത്തിനങ്ങളുടെ പ്രാധാന്യം തിരിച്ചറിയാന്‍ പോലും തുടങ്ങിയത്. എത്ര വിചിത്രമായ സംഭവങ്ങളാണിതൊക്കെ!
ദശകങ്ങളോളം ആവര്‍ത്തിച്ചു നടത്തിയ ശ്രമങ്ങളും പരാജയങ്ങളും അവയില്‍നിന്നുള്‍ക്കൊള്ളുന്ന പാഠങ്ങള്‍ പ്രയോജനപ്പെടുത്തി നേടുന്ന വിജയങ്ങളുമാണ് പരമ്പരാഗത കൃഷിയുടെ അടിത്തറ. IRRI ഇതിനെയൊക്കെ പരിഹസിച്ചു കൊണ്ടാണ് അവരുടെ നെല്ലു വിപ്ലവത്തിന് തുടക്കമിട്ടത്. എച്ച്. വൈ.വിക്ക് പോലും ആവശ്യമായ സംരക്ഷണം പിന്നീട് കിട്ടിയത് പരമ്പരാഗത ഇനങ്ങളുടെ അടിത്തറയില്‍ നിന്നായിരുന്നു. കടുത്ത ദുരുപയോഗമാണ് വിത്തുകളുടെ കാര്യത്തില്‍ ഇവിടെ IRRI നടത്തിയത്.
ഫിലിപ്പൈന്‍സ് നിരാകരിച്ച സാമ്യാജ്യത്വത്തിന്റെ വിത്തുകള്‍
ഇനി പുറത്തേക്കെന്തെങ്കിലുമൊരുവഴിയുണ്ടോ? സ്വാതന്ത്ര്യാനന്തരം 40 വര്‍ഷം കഴിഞ്ഞിട്ടും ശാസ്ത്രത്തിന്റെ അവസ്ഥ ഇങ്ങിനെയാവുന്നതെന്തുകൊണ്ട്? CRRI ഡയറക്ടര്‍ 1979 തൊട്ട് ഇപ്പോഴും IRRI യുടെ ട്രസ്റ്റിയായിത്തുടരുന്നതെന്തുകൊണ്ട്? IRRIക്ക് രാഷ്ട്രീയമായി ഭാവിയില്ല; ഗവേഷണത്തിന്റെ കാര്യത്തിലുമില്ല. രാഷ്ട്രീയമായി അതിന്റെ ഭാവി ഫിലിപ്പൈന്‍സ് പ്രസിഡണ്ട് മാര്‍ക്കോസുമായി ബന്ധിതമായിരുന്നു. ഫിലിപ്പൈന്‍സിലെ കൃഷിക്കാരും ശാസ്ത്രജ്ഞരും അതടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടു തുടങ്ങി. ഗവേഷണത്തെക്കുറിച്ചാണെങ്കില്‍ IRRI ക്ക് പുതിയ ആശയങ്ങളൊന്നുമില്ല. ഇപ്പോള്‍ ചൈനയില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ അവിടം സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണവര്‍. കേന്ദ്ര നെല്ലു ഗവേഷണ സ്ഥാപനത്തില്‍ ഇപ്പോള്‍ 44000 വ്യത്യസ്ത ഇനം വിത്തുകളുണ്ട്, IRRI യില്‍ 70,000 ഉം. അപ്പോള്‍ എന്താണ് ചെയ്യേണ്ടത്. ഒന്നാമതായി CRRI യെ അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനമായി ഉയര്‍ത്തണം. ഇപ്പോള്‍ അതിന് ജേംപ്ലാസത്തിനുള്ള നെല്ലു ശേഖരിച്ചു കൊണ്ടുവരാന്‍ ഒരു ജീപ്പുപോലുമില്ല.
രണ്ടാമതായി IRRIയിലേക്ക് ഇനി ജേംപ്ലാസം കയറ്റുമതി ചെയ്യുന്നത് നിരോധിക്കണം. അത് നമ്മുടെ ദേശീയ പൈതൃകത്തിന്റെ ഭാഗമാണ്. മൂന്നാമതായി IRRI ഇനങ്ങളെ മെല്ലെ മെല്ല ഉപേക്ഷിച്ച് നാടന്‍ ഇനങ്ങളിലേക്ക് കര്‍ഷകര്‍ തിരിച്ചു പോകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഫിലി\പ്പൈന്‍സില്‍ ഇത് സംഭവിച്ചു തുടങ്ങി. പഴയ വിത്തിനങ്ങള്‍ കര്‍ഷകര്‍ പരസ്പരം കൈമാറുന്നു. IRRI വിത്തുകളെ അവര്‍ തള്ളിപ്പറയുന്നു. ”സാമ്യാജ്യത്വത്തിന്റെ വിത്തുകള്‍,” ”അട്ടിമറിയുടെ വിത്തുകള്‍” എന്നൊക്കെയാണ് അവയെ വിളിക്കുന്നത്.
നമുക്ക് വേണ്ടത് നാടന്‍ ജീന്‍
പാരിസ്ഥിതികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ നെല്ലുവിപ്ലവം നിലച്ചു പോയി എന്നുള്ള ഒരു സാമാന്യബോധം ഇപ്പോള്‍ സര്‍ക്കാര്‍ തലത്തിലുണ്ടെന്ന് തോന്നുന്നു. അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നെല്ലുല്പാദനവര്‍ധനയ്ക്കുള്ള പദ്ധതികളെക്കുറിച്ച് ഡോ.റിച്ചാരിയയോട് ആരാഞ്ഞിരുന്നു. അദ്ദേഹം പദ്ധതി സമര്‍പ്പിച്ചു. പിന്നീടതെക്കുറിച്ചും ഒന്നും കേട്ടില്ല. ഡോ.യൊറേസ്, ഡോ.റിച്ചാരിയയെക്കുറിച്ച് എഴുതിയ ലേഖനം കണ്ടതിനുശേഷം മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ധൃതിപ്പെട്ട് ഫണ്ട് തേടുന്നതായി അറിയുന്നു. എന്നാല്‍ MPRRI അടച്ചു പൂട്ടിയ അതേ ശക്തികള്‍ തന്നെ പുതിയ ശ്രമങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുകയാണ്.
ചെലവേറിയ, ധൂര്‍ത്തമായ, പാരിസ്ഥിതിക വിവേകമില്ലാത്ത വിദേശജീനുമായുള്ള ചങ്ങാത്തം തുടങ്ങിയിട്ട് 25 വര്‍ഷം കടന്നു പോയി. ദുഃഖകരമായ ഈ അവസ്ഥാവിശേഷം അടിവരയിടുന്നത് ഒരു തത്വത്തിനാണ്. പാശ്ചാത്യ ശാസ്ത്രത്തിന്റെ മാസ്മരികതയില്‍ ഭ്രമിച്ചു പോയ നമ്മള്‍ എന്തെങ്കിലും മൂല്യമുള്ള യഥാര്‍ത്ഥ വികസനത്തിന് ഏറ്റവും മികച്ചത് നാടന്‍ ജീന്‍ തന്നെയാണ് എന്നു തിരിച്ചറിയണം.
(ഇല്ലസ്‌ട്രേറ്റഡ് വീക്കിലി, മാര്‍ച്ച് 1986.- ഭാഷാന്തരം : കെ.രാമചന്ദ്രന്‍)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in