നായ്ക്കള്‍ക്കും ഒരുപാട് പറയാനുണ്ട്
ആനകളോടുള്ള പീഡനം പോലെതന്നെയാണ് മൃഗാവകാശങ്ങളെല്ലാം കാറ്റില്‍ പറത്തി തെരുവുനായ്ക്കളേയും മലയാളികള്‍ പീഡിപ്പിക്കുന്നത്. അക്രമാസക്തരായ നായ്ക്കളെ കൊല്ലാന്‍ നിയമപരമായി ഒരു തടസ്സവുമില്ല. അതെല്ലാം എന്നും നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്. എന്നാലതല്ല പലപ്പോഴും നടക്കുന്നത്. ഭ്രാന്ത് പിടിച്ച ആള്‍ക്കൂട്ടത്തിന്റെ സമാനതയില്ലാത്ത ക്രൂരതയാണ് മിണ്ടാപ്രാണികളോട് അരങ്ങേറുന്നത്.
സാഹിത്യ സാസ്‌കാരിക രാഷ്ട്രീയ പുസ്തകങ്ങള്‍ നിരവധി പ്രസിദ്ധീകരിക്കുന്ന കേരളത്തില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വളരെ കുറവാണ്. മൃഗങ്ങളെ സുഹൃത്തുക്കളായി കാണുന്ന മനോഭാവം ഇനിയും നമുക്കില്ല എന്നതു തന്നെയാണ് പ്രധാന കാരണം. നമ്മുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുകയും ചെയ്യുന്ന സ്ഥിരം ശൈലിയാണ് മൃഗങ്ങളോടും നാം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയില്‍ വെച്ച് പ്രകാശനം ചെയ്ത, വെറ്റിറനറി കോളേജ് അധ്യാപകനായ ഡോ എം കെ നാരായണന്റെ ‘നായ മനുഷ്യരോടൊപ്പം സഞ്ചരിക്കുന്ന ജീവി’ എന്ന പുസ്തകം പ്രസക്തമാകുന്നത്. ഏതാനും വര്‍ഷം മുമ്പ് തെരുവുനായ്ക്കളെ കൂട്ടത്തോടെ തല്ലികൊല്ലുന്ന ഒരു സാഹചര്യം ഉടലെടുക്കുകയും മൃഗസ്‌നേഹികളെ രൂക്ഷമായി അധിക്ഷേപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അദ്ദേഹം ഈ രംഗത്ത് കൂടുതല്‍ പഠനം നടത്തിയത്. മനുഷ്യന്റെ ഉറ്റമിത്രമായ നായയുമായുള്ള ജൈവികമായ സഹവര്‍ത്തിത്വവും ജീവശാസ്ത്രപരമായ പ്രത്യേകതകളും ശാസ്ത്രീയ അടിത്തറയോടെ പരിശോധിക്കുന്ന പുസ്തകത്തില്‍ എന്തുകൊണ്ട് നായ തെരുവിലാക്കപ്പെടുന്നു എന്ന വിഷയമാണ് ഗൗരവത്തില്‍ പരിശോധിക്കുന്നത്. നായ്ക്കളും മനുഷ്യരുമായുള്ള സംഘര്‍ഷങ്ങലിലേക്കും പുസ്തകം വളിച്ചം വീശുന്നു.
ആനകളോടുള്ള പീഡനം പോലെതന്നെയാണ് മൃഗാവകാശങ്ങളെല്ലാം കാറ്റില്‍ പറത്തി തെരുവുനായ്ക്കളേയും മലയാളികള്‍ പീഡിപ്പിക്കുന്നത്. അക്രമാസക്തരായ നായ്ക്കളെ കൊല്ലാന്‍ നിയമപരമായി ഒരു തടസ്സവുമില്ല. അതെല്ലാം എന്നും നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്. എന്നാലതല്ല പലപ്പോഴും നടക്കുന്നത്. ഭ്രാന്ത് പിടിച്ച ആള്‍ക്കൂട്ടത്തിന്റെ സമാനതയില്ലാത്ത ക്രൂരതയാണ് മിണ്ടാപ്രാണികളോട് അരങ്ങേറുന്നത്. അക്രമാസക്തരായ നായ്ക്കളെ കൊല്ലുകയാണെങ്കില്‍ തന്നെ വേദനാരഹിതമായി കൊല്ലണമെന്ന നിയമം പോലും പാലിക്കപ്പെടുന്നില്ല. തല്ലിക്കൊല്ലുകയാണ്. ക്രമിനല്‍ സ്വഭാവമുള്ള ചില വ്യവസായികള്‍ മാത്രമല്ല, സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മുഖംമൂടിയണിഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ഈ വ്യവസായികള്‍ നല്‍കുന്ന പണത്തിനായാണ് പലയിടത്തും നായ് കൂട്ടക്കൊലകള്‍ അരങ്ങേറുന്നത്.
തെരുവുനായ്ക്കള്‍ പെരുകാനും അക്രമാസക്തമാകാനും കാരണം നമ്മള്‍ തന്നെയാണെന്നത് മറച്ചുവെച്ചാണ് ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. മെട്രോനഗരങ്ങളില്‍ പോലും നായ്ക്കള്‍ അക്രമാസക്തരല്ല. മാലിന്യനിക്ഷേപവും ഒരു ഘട്ടം കഴിഞ്ഞാല്‍ വളര്‍ത്തുനായ്ക്കളെ തെരുവില്‍ തള്ളലുമാണ് മനുഷ്യനോട് ഏറ്റവുമാദ്യം മെരുങ്ങിയ ഈ ജീവി അക്രമാസക്തമാകാന്‍ പ്രധാനകാരണം. അങ്ങനെയാണ് കേരളത്തില്‍ നായ്ക്കള്‍ അക്രമിച്ച് അപൂര്‍വ്വം ചില മരണങ്ങള്‍ നടന്നത്. തിരുവനന്തപുരത്ത് വൃദ്ധയായ വീട്ടമ്മയെ കടിച്ചുകീറി കൊന്ന സംഭവത്തോടെയാണ് തെരുവുനായ പ്രശ്നം വീണ്ടും സജീവമായത്. അതിനു കാരണം മാലിന്യപ്രശ്‌നമായിരുന്നു. അക്കാര്യത്തില്‍ ഇനിയും ഒരു നടപടിയും എടുക്കുന്നില്ല. മറിച്ച് കൂട്ടക്കൊലക്കെതിരെ സംസാരിക്കുന്നവരെല്ലാം പേവിഷബാധക്കുള്ള മരുന്നുല്‍പ്പാദിപ്പിക്കുന്ന കമ്പനികളുടെ ഏജന്റുമാരാണെന്നു ആക്ഷേപിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമല്ലോ. എന്തായാലും സംസ്‌കാരമുള്ള ഒരു ജനതക്ക് യോജിച്ച കൃത്യങ്ങളല്ല നമ്മുടെ തെരുവുകളില്‍ അരങ്ങേറുന്നത്. ‘ഒരു രാജ്യത്തെ മൃഗങ്ങളോട് മനുഷ്യന്‍ എങ്ങിനെ പെരുമാറുന്നു എന്നതില്‍ നിന്ന് ആ രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരത്തെ ദര്‍ശിക്കാനാവും’ എന്ന ഗാന്ധിവചനവും നാം മറക്കുന്നു.
മൃഗാവകാശങ്ങളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സര്‍വ്വദേശീയ പ്രഖ്യാപനത്തില്‍ മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന ഏത് മൃഗത്തിനും യഥോചിതമായ പരിപാലനത്തിനും ശുശ്രൂഷയ്ക്കും അവകാശമുണ്ട്, യാതൊരു സാഹചര്യത്തിലും മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുതെന്നു പ്രത്യേകം പറയുന്നു. ഒരു മൃഗത്തെ കൊല്ലേണ്ട അത്യാവശ്യമുണ്ടായാല്‍ തന്നെ അതിനെ ഭയാശങ്കപ്പെടുത്താതെ, വേദനാരഹിതമായി തല്‍ക്ഷണം നടപ്പാക്കണമെന്നും. പേ വിഷബാധയുള്ള നായ്ക്കളെ കൊല്ലണമെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ കേരളത്തിലെ എല്ലാ തെരുവുനായ്ക്കളേയും കൊല്ലണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതിനായി എല്ലാ നിയമങ്ങളും ലംഘിക്കാനും അവര്‍ ആഹ്വാനം ചെയ്യുന്നു. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ആക്രമണകാരികളായ നായ്ക്കളെ മാനദണ്ഡങ്ങള്‍ പാലിച്ച് കൊല്ലാവുന്നതാണ്. തെരുവുനായ്ക്കളുടെ ശാസ്ത്രീയമായ വന്ധ്യംകരണവും നിയമം അനുവദിച്ചു തരുന്നുണ്ട്. ഇതിനുവേണ്ട ധനസഹായം കേന്ദ്ര ഗവണ്മെന്റില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭിക്കും. അതിനുമപ്പുറം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്നത് അപ്രായോഗികമാണ്. നിയമ വിരുദ്ധവുമാണ്. സംസ്‌കാരവിരുദ്ധവും.
നായ്ക്കള്‍ അക്രമാസക്തമാകുന്നത് മുഖ്യമായും ഭക്ഷണം കിട്ടാത്തതിനാലാണെന്ന് ആര്‍ക്കാണറിയാത്തത്. വീടുകളില്‍ വളര്‍ത്തുന്ന വിദേശ നായ്ക്കള്‍ക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. അതിന്റെ പകുതി പരിഗണന നാടന്‍ നായ്ക്കള്‍ക്കു നല്‍കിയാല്‍ പ്രശ്നം മിക്കവാറും പരിഹരിക്കപ്പെടും. പലരും വീടുകളിലുള്ള നായ്ക്കളെ തെരുവിലേക്ക് നട തള്ളുകയാണ്. ഒപ്പം മാലിന്യങ്ങളും തെരുവിലേക്ക് തള്ളുന്നു. അപ്പോള്‍ പിന്നെ നായ്ക്കള്‍ പെരുകാതിരിക്കുന്നതെങ്ങിനെ? അക്രമികളാകാതിരിക്കുന്നതെങ്ങിനെ?
മാലിന്യ സംസ്‌കരണ കാര്യത്തില്‍ നമ്മുടെ സംവിധാനങ്ങള്‍ ഏതാണ്ട് പൂര്‍ണ പരാജയം തന്നെയാണ്. അതില്‍ തന്നെ ഇപ്പോള്‍ ഏറ്റവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് അറവു ശാലകളിലെയും മറ്റും മാംസാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ കൊണ്ട് തള്ളുന്നത്. അത് പുഴയിലാവാം, വഴിയിലാവാം. ശരാശരി മാംസ ഉപയോഗത്തില്‍ ദേശിയ തലത്തില്‍ തന്നെ ഏറെ മുന്നില്‍ നില്‍കുന്ന കേരളത്തില്‍ എന്തുകൊണ്ട് വൃത്തിയുള്ള ആധുനിക സൗകര്യങ്ങളും മാലിന്യ സംസ്‌കരണ ശേഷിയുമുള്ള അറവു ശാലകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ മുന്‍ കൈ എടുക്കുന്നില്ല? മുമ്പ് ആളുകള്‍ സ്വച്ഛമായി നീന്തിക്കുളിച്ചിരുന്ന പല പുഴക്കടവുകളിലും ഇപ്പോള്‍ നീര്‍ നായ്ക്കളെ പേടിച്ച് ഇറങ്ങാന്‍ വയ്യത്ത അവസ്ഥയാണ്. പുഴയോരങ്ങളില്‍ കൊണ്ടുവന്ന തള്ളുന്ന മാംസാവശിഷ്ടങ്ങള്‍ തിന്നു ജീവിക്കുന്ന ഇവ വേഗത്തില്‍ പെറ്റു പെരുകുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്നു. കേരളത്തെയാകെ ഞെട്ടിച്ച പുല്ലുവിളയില്‍ ശീലുവമ്മയുടെ മരണത്തിലേക്ക് നയിച്ച തെരുവുനായ ആക്രമണവും ശുചിത്വമായി ബന്ധപ്പെട്ട് ഉണ്ടായതാണല്ലോ.. ശൗചാലയത്തിന്റെ പരസ്യം കണ്ട് ചിരിച്ചവര്‍ക്ക് ഇവിടെയും ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകള്‍ ഉണ്ടെന്നും മലമൂത്ര വിസര്‍ജ്ജനത്തിന് ആളുകള്‍ വെളിമ്പ്രദേശങ്ങളെ ആശ്രയിക്കുന്നുണ്ടെന്നും മനസ്സിലാക്കാന്‍ തെരുവുനായ ആക്രമണം തന്നെ വേണ്ടി വന്നു.
തെരുവുനായകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിന്റെ മറ്റൊരു കാരണം നമ്മുടെ ഭക്ഷണ ശീലത്തില്‍ വന്ന മാറ്റമാണ്. ‘തട്ടുകടകളിലും തെരുവോര ഭക്ഷണ ശാലകളിലും ആളുകള്‍ കഴിച്ചു ബാക്കിയായ ഭക്ഷണ വസ്തുക്കള്‍ നായ്ക്കള്‍ക്ക് സുലഭമായി ലഭിക്കുന്നു. ആഹാര ശൃംഖലയില്‍ ഒരു ഭക്ഷണവും പാഴാക്കപ്പെടുന്നില്ല. ഏതെങ്കിലും ജീവികള്‍ അത് ആഹാരമാക്കി പെറ്റു പെരുകും, ഇവിടെ അത് നായ്ക്കളിലാണ് സംഭവിച്ചത്. ആവശ്യമില്ലാത്തതെല്ലാം വഴിയില്‍ ഉപേക്ഷിക്കുന്ന നമ്മുടെ ആളുകളുടെ സ്വഭാവം നായ്ക്കളുടെ കാര്യത്തിലും കാണാം. വീട്ടില്‍ അധികമായി ഉണ്ടാവുന്ന നായ് കുഞ്ഞുങ്ങളെയും അസുഖം ബാധിച്ച നായകളെയും ആളുകള്‍ തെരുവില്‍ ഉപേക്ഷിക്കും. അവിടെ സുലഭമായി കിട്ടുന്ന ഭക്ഷണം കഴിച്ച് അവ പെറ്റു പെരുകും.
പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുംതെരുവ് നായ്ക്കളെ പിടിക്കുന്നതിനും വന്ധ്യംകരിക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. എന്നാല്‍ എല്ലാ നായ്ക്കളേയും വന്ധ്യംകരണത്തിനു വിധേയമാക്കുന്നതും ശരിയാണോ എന്ന ചോദ്യവുമുണ്ട്. നമ്മുടെ നാടന്‍നായ്ക്കള്‍ വംശനാശം നേരിടുകയായിരിക്കും അതിന്റെ അവസാനഫലം. പിന്നീട് വിദേശ ഇനങ്ങള്‍ മാത്രമായി നായ്വര്‍ഗം ചുരുങ്ങും. നാടന്‍ വിത്തുകള്‍ ഇല്ലാതായപോലെ തന്നെ. അതും മൃഗാവകാശങ്ങള്‍ക്ക് വിരുദ്ധമാമാണെന്നും ചൂണ്ടികാട്ടപ്പെടുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന വാക്കുകള്‍ ഉദ്ധരിച്ച നാരായണന്‍ ഈ പുസ്തകം രചിച്ചിട്ടുള്ളത്. മഹാഭാരതത്തിനവസാനം മഹാപ്രസ്ഥാനത്തിനിറങ്ങിയ പാണ്ഡവരേയും പാഞ്ചാലിയേയും അനുഗമിച്ച നായയേും അദ്ദേഹം അനുസ്മരിക്കുന്നു. കഴിഞ്ഞ വര്‍ം കേരളം കണ്ട മഹാപ്രളയത്തെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുമ്പോഴും നാം മറക്കുന്ന, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെടുകയും അനാഥരാകുകയും ചെയ്ത സകല ജീവജാലങ്ങള്‍ക്കുമണ് അദ്ദേഹം പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.
പത്തായം ബുക്‌സ്, കണ്ണൂര്‍, വില – 150 രൂപ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Bala Chandran
July 8, 2019 at 4:35 am
Excellent write up.