ഡിജിറ്റല്‍ വിഭജനം അനന്തമായി നീളുമ്പോള്‍ തകരുന്നത് സാമൂഹ്യനീതി

കഴിഞ്ഞ വര്‍ഷം തന്നെ പരിഷത്ത് നടത്തിയ സര്‍വ്വേപ്രകാരം ഡിജിറ്റല്‍ വിദ്യാഭ്യാസം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ലഭിച്ചിരുന്നത് 67 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു. ബാക്കിയുള്ളവരില്‍ ഒരു വിഭാഗത്തിനു കുറഞ്ഞ തോതിലാണ് സൗകര്യങ്ങള്‍ ലഭിച്ചതെങ്കില്‍ ഒട്ടും തന്നെ ലഭിക്കാത്തവരും കേരളത്തില്‍ നിരവധിയാണ്. കഴിഞ്ഞ വര്‍ഷാവസാനം പരിമിതമായ തോതില്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കൊവിഡിന്റെ രണ്ടാം വരവ് കാര്യങ്ങളെ തകിടം മറച്ചിരിക്കുകയാണ്. ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് കാര്യമായി മുന്നോട്ടുപോയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഡിജിറ്റല്‍ വിദ്യാഭ്യാസവുമൊക്കെ രണ്ടാംവര്‍ഷത്തേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഒപ്പം ഡിജിറ്റല്‍ വിഭജനത്തിന്റെ രക്തസാക്ഷിയായിരുന്ന ദേവിക ആത്മഹത്യ ചെയ്തിട്ടും ഒരു വര്‍ഷം തികഞ്ഞു. എന്നാല്‍ വീട്ടിലിരുന്നുള്ള പഠിപ്പിന്റെ രണ്ടാംവര്‍ഷം ആരംഭിച്ചിട്ടും വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നാണ് വാര്‍ത്തകള്‍. അവരെല്ലാം സമൂഹത്തിലെ ഏതു തട്ടില്‍ നിന്നുള്ളവരാകുമെന്ന് വ്യക്തമാണല്ലോ. ഡിജിറ്റല്‍ വിദ്യാഭ്യാസത്തോടൊപ്പം കടുത്ത അനീതിയുടേയും രണ്ടാം വര്‍ഷം എന്നുതന്നെ പറയേണ്ടിവരുമെന്ന് സാരം.

ഇത്തരമൊരു ആശങ്ക ഏറ്റവും ശക്തമായി അവതരിപ്പിച്ചത് ഇടതുപക്ഷ സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്ത് തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ പരിഷത്ത് നടത്തിയ സര്‍വ്വേപ്രകാരം ഡിജിറ്റല്‍ വിദ്യാഭ്യാസം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ലഭിച്ചിരുന്നത് 67 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു. ബാക്കിയുള്ളവരില്‍ ഒരു വിഭാഗത്തിനു കുറഞ്ഞ തോതിലാണ് സൗകര്യങ്ങള്‍ ലഭിച്ചതെങ്കില്‍ ഒട്ടും തന്നെ ലഭിക്കാത്തവരും കേരളത്തില്‍ നിരവധിയാണ്. ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ സൗകര്യമുള്ളവര്‍ക്ക് പോലും പലവിധ കാരണങ്ങളാല്‍ എല്ലാ ക്ലാസുകളും മുടക്കമില്ലാതെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാങ്കേതികവും സാമ്പത്തികവും സാമൂഹ്യവുമായ നിരവധി കാരമങ്ങള്‍ അതിനുണ്ട്. മലയോരപ്രദേശത്തും ഗോത്രവര്‍ഗമേഖലകളിലും പ്രധാന കാരണം ഇന്റര്‍നെറ്റിന്റെ വേഗതക്കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീരപ്രദേശത്തുള്ളവര്‍, ആദിവാസികള്‍, ദളിത് കോളനികളില്‍ നിന്നുള്ളവര്‍, മലയോരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളുടെ പ്രയോജനം പൂര്‍ണ്ണമായും ലഭിച്ചില്ല. ഫോണ്‍ ഉണ്ടെങ്കില്‍ തന്നെ റേഞ്ചോ ഡാറ്റയോ ഇല്ലാത്ത അവസ്ഥയാണ് മിക്കയിടങ്ങളിലും നിലനില്‍ക്കുന്നത് എന്ന് പരിഷത്ത് റിപ്പോര്‍ട്ടില്‍ ഉദാഹരണസഹിതം ചൂണ്ടികാട്ടിയിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പരിഷത്ത് മാത്രമല്ല മറ്റനവധി സംഘടനകളും ഇക്കാര്യം സര്‍ക്കാരിന്റെ മുന്നില്‍ ഉന്നയിച്ചിരുന്നു. സ്വാഭാവികമായും ആദിവാസി – ദളിത് സംഘടനകളാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ആശങ്കകള്‍ പങ്കുവെച്ചത.് പൂര്‍ണ്ണമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാമ്പത്തികമായയും സാമൂഹ്യമായും മുന്നോക്കം നില്‍ക്കുന്നവരും പിന്നോക്കം നില്‍ക്കുന്നവരുമെന്ന നിലയില്‍ സമൂഹത്തെ വിഭജിക്കുന്നതിന് കാരണമാകുന്നതായി അവര്‍ ചൂണ്ടികാണിച്ചു. ആവശ്യമുള്ള മേഖലകളില്‍ ക്ലാസ് മുറികള്‍ക്ക് പുറത്ത് വാര്‍ഡുതലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ടി വിയും സ്മാര്‍ട്ട് ഫോണുകളും ലഭ്യമാക്കി ഗ്രുപ്പു ഗ്രൂപ്പാക്കി കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കണമെന്നവര്‍ നിര്‍ദ്ദേശിച്ചിരുന്നു. അപൂര്‍വ്വം സ്ഥലങ്ങളില്‍ ഇതെല്ലാം പരീക്ഷിച്ചെങ്കിലും അധികകാലം നീണ്ടുനിന്നില്ല. കൊവിഡ് ഭീഷണി അവസാനിക്കുമെന്നും എല്ലാം പഴയ രീതിയിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയും ഉദാസീനതക്ക് കാരണമായി. ആവശ്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ നല്‍കാനുള്ള നീക്കങ്ങളുടെ വേഗത കുറഞ്ഞു. ഉദാഹരണമായി കെ എസ് എഫ് ഇയുടെ മുന്‍കൈയില്‍ നല്‍കുമെന്നേറ്റിരുന്ന ലാപ്‌ടോപ്പുകള്‍ ഇതിനകം 5000ത്തിനു താഴെ മാത്രമാണത്രെ നല്‍കിയത്. പതിനായിരകണക്കിനു പേര്‍ ആദ്യഗഡുവടച്ച് ഇപ്പോഴും കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷാവസാനം പരിമിതമായ തോതില്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കൊവിഡിന്റെ രണ്ടാം വരവ് കാര്യങ്ങളെ തകിടം മറച്ചിരിക്കുകയാണ്. ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് കാര്യമായി മുന്നോട്ടുപോയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം അക്ഷരാര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് നടന്നത് എന്നു പറയാനാവില്ല. ടിവിയിലൂടേയും ഫോണിലൂടേയും മറ്റും വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ കേള്‍്ക്കുകയായിരുന്നു. അതിനു തുടര്‍ച്ചയായി അതതു സ്‌കൂളുകളിലെ അധ്യാപകര്‍ ഫോണ്‍ വിളിച്ചും വാട്‌സ് ആപ് ഗ്രൂപ്പുകളുണ്ടാക്കിയും മറ്റും പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഇക്കുറി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ്. അതാതു സ്‌കൂളുകളിലെ അധ്യാപകര്‍ തന്നെ ഓണ്‍ലൈനിലൂടെ ക്ലാസ്സുകളെടുക്കുകയും കുട്ടികള്‍ക്ക് അതേസമയം തന്നെ സംശയങ്ങളും മറ്റും ചോദിക്കാനുള്ള സംവിധാനമൊരുക്കാനുദ്ദേശിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ എല്ലാ കുട്ടികള്‍ക്കും സ്മാര്‍ട്ട ഫോണുകളും റേഞ്ചും ഡാറ്റയും ആവശ്യം വരും. ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള വീടുകളില്‍ എല്ലാവര്‍ക്കും ഫോണുകള്‍ വേണ്ടിവരും. ഇതു സാധ്യമാകുമെന്ന് ഇന്നത്തെ അവസ്ഥയില്‍ വിശ്വസിക്കാനാവില്ല. കൊവിഡ ഭീഷണിയൊഴിഞ്ഞ് സ്‌കൂളുകള്‍ അടുത്തൊന്നും തുറക്കുമെന്നും സങ്കല്‍പ്പിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ വിഭജനം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്ക അസ്ഥാനത്തല്ല എന്നു തന്നെ പറയേണ്ടിവരും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓണ്‍ലൈന്‍ വിദ്യാഭ്യാസം സൃഷ്ടിക്കുന്ന മറ്റനവധി പ്രശ്‌നങ്ങളും ചൂണ്ടികാട്ടപ്പെടുന്നു. തല്‍ക്കാലം പരിഹാരമില്ലെങ്കില്‍ കൂടി ഇത്തരം വിഷയങ്ങളും ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് പല ദളിത് – ആദിവാസി സംഘടനകളും ചൂണ്ടികാട്ടുന്നു. നമ്മുടെ ജീവിതത്തില്‍ ഒരു പരിധിവരെ സാമൂഹികത സൃഷ്ടിച്ചെടുക്കുന്നതിലും പൊതു ഇടം സൃഷ്ടിക്കുന്നതിലും സാര്‍വ്വത്രിക വിദ്യാഭ്യാസവും ഔപചാരിക വിദ്യാഭ്യാസവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇക്കാലഘട്ടം നീണ്ടുപോകുകയാണെങ്കില്‍ വിള്ളലേല്‍ക്കുക ഈ പൊതു ഇടങ്ങള്‍ക്കായിരിക്കും. അതു സഹായിക്കുക ആധിപത്യശക്തികള്‍ക്കും സമൂഹത്തെ പുറകോട്ടുവലിക്കാന്‍ ശ്രമിക്കുന്ന വിഭാഗങ്ങള്‍ക്കായിരിക്കും. സമൂഹത്തിലെ വ്യത്യസ്തധാരകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ കൂടിച്ചേരുകയും പരസ്പരം ഇടപഴകുകയും ചെയ്തുകൊണ്ട് സ്വായത്തമാക്കുന്ന സാമൂഹികബോധം അവരുടെ പില്‍ക്കാലജീവിതത്തെ നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. വിദ്യാര്‍ത്ഥികള്‍ ലോകത്തെ അറിയുന്നത് പഠനത്തിലൂടെ ആര്‍ജ്ജിക്കുന്ന വിജ്ഞാനത്തിലൂടെ മാത്രമല്ല, ഈ സാമൂഹികജീവിതത്തിലെ പങ്കുവയ്ക്കലുകളിലൂടെയും സൗഹൃദങ്ങളിലൂടെയും കൂടിയാണ്. ലോകമെമ്പാടും വന്‍ കുതിച്ചുചാട്ടങ്ങള്‍ക്ക് കാരണമായിട്ടുള്ളത് കലാലയങ്ങളില്‍ നിന്നുള്ള പ്രക്ഷോഭങ്ങളാണല്ലോ. പൗരത്വ ഭാദഗതിക്കെതിരായും ദളിത് പീഡനങ്ങള്‍ക്കെതിരായി സമീപകാലത്ത് ഇന്ത്യന്‍ കാമ്പസുകളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ തന്നെ ഉദാഹരണം. സാമൂഹിക അകലത്തെ ഉറപ്പു വരുത്തുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാമൂഹികബോധത്തെ തകര്‍ക്കുമെന്നുറപ്പ്. അതും പ്രതികൂലമായി ബാധിക്കുക സാമൂഹ്യമായും സാമ്പത്തികമായും പിന്‍നിരയില്‍ നില്‍ക്കുന്നവരെ തന്നെയായിരിക്കും. അതായത് പഠന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പ്രത്യക്ഷത്തിലുള്ള വിഭജനം മാത്രമല്ല, അവ ലഭ്യമാണെങ്കിലും അദൃശ്യമായതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ അപകടകരവുമായ സാമൂഹ്യവിഭജനത്തിനു കൂടി അനന്തമായി നീളുന്ന ഓണ്‍ ലൈന്‍ വിദ്യാഭ്യാസം കാരണമാകും. സാമൂഹ്യനീതിയെന്ന ജനാധിപത്യത്തിലെ ഏറ്റവും മനോഹരമായ സങ്കല്‍പ്പത്തെയാണ് അത് തകര്‍ക്കുക. കൊവിഡ് കാലഘട്ടം നീളുകയാണെങ്കില്‍ ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ചക്കെടുക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സാമൂഹ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതാണെന്നു മാത്രം പറഞ്ഞു വെക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply