ധുരന്ധര്‍ : സാങ്കേതിക തികവിനുള്ളിലെ രാഷ്ട്രീയ നരേറ്റീവ്.

 

ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍’ ബോക്‌സ് ഓഫീസില്‍ 600 കോടിയിലധികം കളക്ഷന്‍ നേടി വലിയ തരംഗമായി മാറിയിരിക്കുകയാണ്. സാങ്കേതികമായും അവതരണപരമായും മികച്ചുനില്‍ക്കുന്ന ഈ ചിത്രം, വെറുമൊരു ആക്ഷന്‍ സിനിമ എന്നതിലുപരി ഗൗരവതരമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിതുറക്കുന്നു. ഒരു ആസ്വാദകന്‍, എന്ന നിലയിലും നിരീക്ഷകന്‍ എന്ന നിലയിലും ഈ സിനിമയെ വിശകലനം ചെയ്യുമ്പോള്‍ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ പറയണ്ടതുണ്ട് എന്ന് തോന്നുന്നു.

പുറമെ നോക്കുമ്പോള്‍ തന്നെ ഉയര്‍ന്ന കാഴ്ചാനിലവാരമുള്ള ഒരു മെയിന്‍സ്ട്രീം സിനിമയാണ് ധുരന്ധര്‍. സിനിമയുടെ മേക്കിംഗ് സെന്‍സും അവതരണ രീതിയും ഒരു സാധാരണ പ്രേക്ഷകനെ രസിപ്പിക്കുന്ന തരത്തില്‍ കൃത്യമായി ഒരുക്കിയിട്ടുണ്ട്. ക്യാമറ, എഡിറ്റിംഗ്, ആക്ഷന്‍ സീക്വന്‍സുകള്‍ എന്നിവ ഹോളിവുഡ് നിലവാരത്തോട് കിടപിടിക്കുന്നു. ശശ്വത് സച്ച്ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ ടെന്‍ഷനും സ്‌കെയിലും വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ സാങ്കേതിക തികവ് തന്നെയാണ് സാധാരണ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന് വലിയ സ്വീകാര്യത നല്‍കിയതും.

അഭിനയത്തിലേക്ക് വരുമ്പോള്‍, വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മാധവന്‍, രണ്‍വീര്‍ സിംഗ്, സഞ്ജയ് ദത്ത്, അര്‍ജുന്‍ റാംപാല്‍, സാറ അര്‍ജുന്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ സിനിമയെ കാഴ്ചയ്ക്ക് സുഖമുള്ളതാക്കുന്നു. എങ്കിലും അക്ഷയ് ഖന്നയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. അടുത്ത കാലത്ത് അദ്ദേഹം ചെയ്ത പോലീസ് വേഷങ്ങളേക്കാളും, ‘ചാവ’ലെ ഔറംഗസേബിനേക്കാളും മികച്ചതും ജീവസ്സുറ്റതുമായ പ്രകടനമാണ് ഇതില്‍ കാഴ്ചവെച്ചിരിക്കുന്നത്. തന്റെ പ്രസന്‍സും, മാനറിസങ്ങളും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയില്‍ കഥാപാത്രത്തെ ഒരു ശരാശരിക്ക് മുകളിലേക്ക് ഉയര്‍ത്താന്‍ അക്ഷയ് ഖന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സിനിമയിലെ ഒരു പ്രധാന ആകര്‍ഷണം അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്മാന്‍ എന്ന കഥാപാത്രത്തിനായി ഉപയോഗിച്ച ‘FA9LA’ (ഷേര്‍ ഇ ബലോച്ച്) എന്ന ഗാനമാണ്. ബഹ്റൈനി റാപ്പ് ആര്‍ട്ടിസ്റ്റായ ഫ്‌ലിപ്പരാച്ചി സൃഷ്ടിച്ച ഈ ട്രാക്ക് യഥാര്‍ത്ഥത്തില്‍ സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ചതല്ല. മുമ്പ് പുറത്തിറങ്ങിയ ഒരു സ്വതന്ത്ര ട്രാക്ക് ആയിരുന്നിട്ടും, അതിന്റെ ഊര്‍ജ്ജവും താളവും സിനിമയിലെ സന്ദര്‍ഭത്തിന് അനുയോജ്യമായ രീതിയില്‍ ഉപയോഗിച്ചതോടെ അത് ആഗോളതലത്തില്‍ തന്നെ വൈറലായി മാറി.

സിനിമയുടെ രാഷ്ട്രീയം ഒരു ‘യാഥാര്‍ത്ഥ്യ’ത്തിന്റെ നിര്‍മ്മിതിയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ടെക്‌നിക്കല്‍ മികവിന്റെയും രസകരമായ നാടകീയതയുടെയും ആവരണത്തില്‍, ഒരു നിര്‍ദ്ദിഷ്ട രാഷ്ട്രീയ വീക്ഷണം സൂക്ഷ്മമായി പ്രേക്ഷക ബോധത്തില്‍ ഇടംനേടുന്നു. തുറന്ന പ്രസംഗങ്ങള്‍ ഒഴിവാക്കി, ഒരു കഥയുടെ രൂപത്തില്‍ പതുക്കെ ഊന്നിവയ്ക്കുന്ന ഈ രീതിയാണ് സിനിമയുടെ രാഷ്ട്രീയ ശക്തി. ഇത് പ്രധാനമായും മൂന്ന് തലങ്ങളില്‍ സംഭവിക്കുന്നു.

ഒന്ന്, 2014-ന് മുന്‍പുള്ള ഇന്ത്യയെ ഭീകരവാദത്തെ നേരിടാനാവാത്ത നിസ്സഹായ ഭരണകൂടമായി ചിത്രീകരിക്കുന്നു, പഴയ മന്ത്രിമാര്‍ പോലുള്ളവരെപ്പോലും രാജ്യദ്രോഹികളാക്കി മാറ്റുന്നു. കള്ളനോട്ടടിക്കാന്‍ ആവശ്യമായ അച്ചുകള്‍ യുപിഎ മന്ത്രിസഭയിലെ ഒരു മന്ത്രി പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് നല്‍കിയതായി സിനിമ കാണിക്കുന്നു.

രണ്ട്, നോട്ടുനിരോധനത്തെ ദേശീയ സുരക്ഷയുമായി ബന്ധിപ്പിക്കുന്നു. 500- ആയിരം രൂപ നോട്ടുകളുടെ അച്ചുകള്‍ ഭീകരവാദികളുടെ കയ്യിലെത്തുന്നത് കാണിക്കുന്നതിലൂടെ, ആ സാമ്പത്തിക നയത്തിന് ഒരു ദേശപ്രേമപരമായ ന്യായീകരണം സൃഷ്ടിക്കുന്നു.

മൂന്ന്, മുസ്ലിം കഥാപാത്രങ്ങളെ മാനവികതയോ ആത്മസംഘര്‍ഷമോ ഇല്ലാതെ, മുസ്ലിം കഥാപാത്രങ്ങളെല്ലാം ‘അല്ലാഹു അക്ബര്‍’ വിളിച്ച് തീവ്രവാദം നടത്തുന്നവരായോ, അതിക്രമം ചെയ്യുന്നവരായോ മാത്രം ചിത്രീകരിക്കുന്നത് വലിയ അപാകതയായി അവതരിപ്പിക്കുകയും, മുഴുവന്‍ ഭീകരതയുടെ പ്രതീകങ്ങളായി മാത്രം അവതരിപ്പിക്കുന്നു. കൂടാതെ, ഇന്ത്യ ഇപ്പോഴാണ് ശത്രുവിന്റെ വീട്ടില്‍ കയറുന്ന ‘പുതിയ യുഗം’ ആരംഭിച്ചതെന്ന അവകാശവാദം. 70 കളിലെ വിജയം പോലുള്ള ചരിത്രവും ബംഗ്ലാദേശ് രൂപികരിച്ചത്തിലെ ഇന്ത്യയുടെ- പങ്ക്, ഇന്ദിരാഗാന്ധിയുടെയൊക്കെ സമയോചിത ഇടപെടല്‍ എല്ലാം വിസ്മരിക്കുന്നുണ്ട്. 2014-ന് ശേഷമുള്ള ആഭ്യന്തര സുരക്ഷാ പരാജയങ്ങളും സൗകര്യപ്രദമായി മറയ്ക്കുന്നു (hide).

കേന്ദ്രത്തില്‍ മോദി യുഗം തുടങ്ങുന്നതിനെ സൂചിപ്പിച്ച്, ശത്രുക്കളുടെ വീട്ടില്‍ കയറി പ്രതികാരം ചെയ്യുന്ന ‘പുതിയ ഇന്ത്യ’യാണ് വരാനിരിക്കുന്നത് എന്ന സന്ദേശത്തോടെയാണ് സിനിമ അവസാനിക്കുന്നത്. അടുത്ത സീക്വന്‍സ് എന്തൊക്കെയെന്നു കണ്ടുതന്നെ പറയേണ്ടിവരും. കാരണം സിനിമ ആദ്യമേ പാഞ്ഞുവയ്ക്കുന്നത് യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുമാണ് സിനിമയുടെ കഥ മെനഞ്ഞെടുത്തെതന്നു പായുമ്പോള്‍ പ്രേക്ഷകരുടെ ജിജ്ഞാസയും മുറുകുമെന്ന് ഉറപ്പിച്ചുതന്നെ പറയേണ്ടിവരും. ആകയാല്‍ സാങ്കേതികമായി മികച്ച ഒരു സിനിമ, ഭൂതകാലത്തെ വികലമാക്കിയും, നിലവിലെ നയങ്ങള്‍ക്ക് പരിവേഷമണിച്ചുമുള്ള ചരിത്രം തിരഞ്ഞെടുത്തും, ഒരു ശക്തമായ രാഷ്ട്രീയ സന്ദേശത്തിന്റെ വാഹകമാകുന്ന രീതിയാണ് ഇവിടെ വിമര്‍ശനത്തിന് വിധേയമാകുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംവിധായകന്‍ ആദിത്യ ധര്‍ ഒരു കശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ്. 2009 മുതല്‍ സിനിമാ മേഖലയില്‍ സജീവമായ ആദിത്യ ധറിന്റെ രചനകളും തിരഞ്ഞെടുപ്പുകളും പരിശോധിക്കുമ്പോള്‍, ഒരു പ്രത്യേക പാറ്റേണ്‍ ദൃശ്യമാണ്. ആദിത്യ ധറിന്റെ സിനിമകള്‍ ഹൈന്ദവ ദേശീയതയ്ക്ക് അനുകൂലമായ രീതിയില്‍ നിര്‍മ്മിക്കപ്പെടുന്നുവെന്ന് ചിലര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചരിത്രവും, പശ്ചാത്തലവും കണക്കിലെടുക്കുമ്പോള്‍ സ്വാഭാവികം മാത്രമായി കാണാം.

അതായത് ആത്യന്തികമായി ധുരന്ധര്‍ എന്ന സിനിമ ഒരു മോശം സിനിമയല്ല!. അതിന്റെ മേക്കിംഗ് നിലവാരവും, അവതരണ മികവുമാണ് അതിനെ കൂടുതല്‍ സ്വാധീനമുള്ളതാക്കുന്നുണ്ട്. ഇത്രയും ഉയര്‍ന്ന ക്വാളിറ്റിയുള്ള ഒരു സിനിമയ്ക്ക് വെറുപ്പുണ്ടാക്കിത്തീര്‍ക്കുന്ന നിലവാരത്തിലുള്ള രാഷ്ട്രീയ പ്രചാരണം ആവശ്യമുണ്ടായിരുന്നോ എന്ന സംശയം ബാക്കിയാകുന്നു. അതുകൊണ്ടുതന്നെ, ധുരന്ധര്‍ ഒരേസമയം ആസ്വദിക്കാവുന്ന ഒരു വിനോദചിത്രവും, എന്നാല്‍ വിമര്‍ശനാത്മകമായി പരിശോധിക്കപ്പെടേണ്ട ഒരു രാഷ്ട്രീയ സൃഷ്ടിയുമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply