ജനാധിപത്യ സര്‍ക്കാര്‍ സുതാര്യമാകണം, പ്രത്യേകിച്ച് മഹാമാരി കാലത്ത്

കേരളത്തിലെ കൊവിഡ് വ്യാപനനിരക്ക് കുറയാത്തതിന് പലവിധ കാരണങ്ങള്‍ വിദഗ്ധരും സര്‍ക്കാരും പറയുന്നുണ്ട്. രണ്ടാം തരംഗം വൈകിയാണ് വന്നത്, കേരളത്തിലെ ജനസാന്ദ്രത കൂടുതലാണ്, പല സംസ്ഥാനങ്ങളിലും അറിയാതെ തന്നെ രോഗം വന്നു പോയവരുടെ എണ്ണം കൂടുതലാണ്, കേരളത്തിലത് കുറവായതിനാല്‍ ഒരുപാട് പേര്‍ക്ക് ഇനിയും വരാന്‍ സാധ്യതയുണ്ട് എന്നിങ്ങനെ കാരണങ്ങളുടെ പട്ടിക നീളുന്നു. എല്ലാ സമയത്തും ഇത്തരത്തിലുള്ള കാരണങ്ങള്‍ കണ്ടെത്തുകയായിരുന്നു അധികൃതരുടെ പ്രധാന പരിപാടി

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും മുക്തമായിട്ടും കേരളത്തിലത് ശക്തിയായി തുടരുക തന്നെയാണ്. പകുതിക്കടുത്ത് രോഗികള്‍ ഇപ്പോഴും കേരളത്തലാമ്. ടി പി ആര്‍ നിരക്ക് 10ല്‍ താഴെയാക്കാന്‍ നമുക്കായിട്ടില്ല. നിരവധി ഭാഗങ്ങളില്‍ പല രീതിയിലുള്ള നിയന്ത്രണങ്ങള്‍ തുടരുന്നു. ജനജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. സാമ്പത്തിക ബാധ്യതകളാല്‍ ആത്മഹത്യകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികരംഗവും രൂക്ഷമായ പ്രതിസന്ധിയില്‍ തന്നെ.

കേരളത്തിലെ കൊവിഡ് വ്യാപനനിരക്ക് കുറയാത്തതിന് പലവിധ കാരണങ്ങള്‍ വിദഗ്ധരും സര്‍ക്കാരും പറയുന്നുണ്ട്. രണ്ടാം തരംഗം വൈകിയാണ് വന്നത്, കേരളത്തിലെ ജനസാന്ദ്രത കൂടുതലാണ്, പല സംസ്ഥാനങ്ങളിലും അറിയാതെ തന്നെ രോഗം വന്നു പോയവരുടെ എണ്ണം കൂടുതലാണ്, കേരളത്തിലത് കുറവായതിനാല്‍ ഒരുപാട് പേര്‍ക്ക് ഇനിയും വരാന്‍ സാധ്യതയുണ്ട് എന്നിങ്ങനെ കാരണങ്ങളുടെ പട്ടിക നീളുന്നു. എല്ലാ സമയത്തും ഇത്തരത്തിലുള്ള കാരണങ്ങള്‍ കണ്ടെത്തുകയായിരുന്നു അധികൃതരുടെ പ്രധാന പരിപാടി. ഇതെല്ലാം ശരിയാകാം, തെറ്റാകാം. സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ ജനസാന്ദ്രത കൂടുതലാകാം, എന്നാല്‍ ജനസാന്ദ്രത ഏറെ കൂടി എത്രയോ നഗരങ്ങളില്‍ കൊവിഡ് വ്യാപനം കുറവാണ്, വൈകിയായിട്ടുപോലും രണ്ടാം വ്യാപനം കാര്യമായി ബാധിക്കാത്ത സംസ്ഥാനങ്ങളുണ്ട്, രോഗം വന്നുപോയവരെ കുറിച്ചുള്ള കണക്കുകള്‍ അവിശ്വസനീയമാണ് എന്നിങ്ങനെ ഇതിനെല്ലാം മറുപടി പറയുന്ന വിദഗ്ധരുമുണ്ട്. മാത്രമല്ല മുഖ്യമന്ത്രിയും വിദ്ഗ്ധരുമൊക്കെ താരതമ്യത്തിനായി എപ്പോഴും ഉപയോഗിക്കുന്നത് കേരളവും മറ്റിടങ്ങളുമെന്നാണ്. കേന്ദ്രഭരണപ്രദേശങ്ങളടക്കം 35ഓളം സംസ്ഥാനങ്ങളെയാണ് ഒന്നിച്ച് മറ്റിടങ്ങള്‍ എന്നു പറയുന്നത്. അവയില്‍ ഏറ്റവും വ്യാപനം കൂടിയ സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്താണ് നമ്മള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് എന്നു പറയുന്നത്. എത്രയോ സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാണ്. ജനങ്ങള്‍ക്കുമുന്നില്‍ സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതാണ് രോഗവ്യാപനം കുറക്കാനുള്ള നടപടികള്‍ ശക്തമാക്കാന്‍ വേണ്ടത് എന്ന യാഥാര്‍ത്ഥ്യമാണ് സര്‍ക്കാര്‍ വിസ്മരിക്കുന്നത്. മാത്രമല്ല, കേരളത്തിന്റെ അവസ്ഥ മെച്ചമാണെന്ന ധാരണ ഉണ്ടാകുന്നത് ജനങ്ങളുടെ ജാഗ്രത കുറക്കാനേ സഹായിക്കൂ. സുതാര്യതയെന്ന ജനാധിപത്യത്തിന്റെ അന്തസത്തക്കുതന്നെ അത് എതിരുമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മരണത്തിന്റെ കണക്കും അങ്ങനെതന്നെ. നമ്പര്‍ വണ്‍ എന്നു സ്ഥാപിക്കാനായി കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ പലതും കണക്കില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല എന്ന പരാതി മുമ്പേയുണ്ട്. നേരിട്ടറിയുന്ന സംഭവങ്ങള്‍ ചൂണ്ടികാട്ടുന്നവരെപോലും നാടിനെ മോശമായി ചിത്രീകരിക്കുന്നവര്‍ എന്നാക്ഷേപിക്കുന്നത് സ്ഥിരസംഭവമാണല്ലോ. ഇപ്പോഴിതാ തദ്ദേശവകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫര്‍മേഷന്‍ മിഷന്റെ കണക്കു പുറത്തുവന്നിരിക്കുന്നു. അതനുസരിച്ച് സര്‍ക്കാര്‍ കണക്കില്‍പ്പെടാത്ത 7,316 മരണങ്ങളുണ്ട്. അപ്പോഴും ചിലസംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ കൂടുതല്‍ കണക്കില്‍ പെടാത്ത മരണങ്ങളുണ്ടെന്ന് ആക്ഷേപിക്കുന്നവരേയും കണ്ടു. അത് എങ്ങനെയാണാവോ ഇതിനു ന്യായീകരണമാകുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണണെന്ന സുപ്രിംകോടതി വിധി വന്നിരിക്കുകയാണ്. പല സംസ്ഥാനങ്ങളും അതനുസരിച്ച് സഹായം പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്രവും ഉടന്‍ പ്രഖ്യാപിക്കും. മരണത്തിന്റെ കണക്കില്‍ വരാത്തവരുടെ കുടുംബങ്ങള്‍ക്ക് ആ സഹായം പോലും ലഭിക്കില്ല എന്നതാണ് വസ്തുത. നിര്‍ഭാഗ്യവന്മാരായ സ്വന്തം പൗരന്മാരോട് ഒരു ജനകീയ സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്തതാണിത്. വാസ്തവത്തില്‍ കേരളത്തിലെ രണ്ടാം തരംഗം രൂക്ഷമാകാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും ഒഴിഞ്ഞുമാറാനാകില്ല. അതിനുള്ള പ്രധാന കാരണം എല്ലാ കൊവിഡ് പ്രോട്ടോക്കോളും ലംഘിച്ചുള്ള നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണമായിരുന്നു എന്നതാണ് എല്ലാവരും മറച്ചുവെക്കുന്നത്.

കൊവിഡ് സമാശ്വാസപദ്ധതികളിലും നാം വളരെ പുറകിലാണ്. അക്കാര്യത്തില്‍ ഇവരാരും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നുമില്ല. തൊട്ടടുത്ത തമിഴ് നാട്ടില്‍ തന്നെ എത്രയോ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൊവിഡ് ടെസ്റ്റിനുതന്നെ ഇവിടെ തുടക്കത്തില്‍ വന്‍തുകയായിരുന്നല്ലോ ഈടാക്കിയിരുന്നത്. പലരും കോടതിയില്‍ കയറിയതിനുശേഷമാണ് അതില്‍ കുറവുണ്ടായത്. ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളിലൊഴികെ ചികിത്സക്ക് കാര്യമായ സഹായമൊന്നുമില്ല. ആവശ്യമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മാസം തോറും നല്‍കുന്ന 500 രൂപക്കു താഴെയുള്ള കിറ്റ് മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വാടകയിലോ ഇലക്ട്രിസിറ്റി ബില്ലിലോ ലോണുകളിലോ ഒരിളവുമില്ല. 18 മാസത്തോളമായി സ്വന്തം തൊഴില്‍ മേഖല തുറക്കാതെ, ഒരു വരുമാനമില്ലാത്തവര്‍ക്കും ഒരു സഹായവുമില്ല. പണം അക്കൗണ്ടിലെത്തിക്കുകയ.ാണ് വേണ്ടതെന്ന സിപിഎമ്മിന്റെ പഴയ നിലപാടും നടപ്പാക്കപ്പെടുന്നില്ല. കടകള്‍ തുറക്കുന്നതിലെയും നിയന്ത്രണങ്ങളിലേയും അപാകതകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പട്ടല്ലോ. എന്നിട്ടുമതിനൊന്നും പരിഹാരമായിട്ടില്ല. നിയന്ത്രണങ്ങളോടെ കൊവിഡിനൊപ്പം ജീവിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യാതൊരു നടപടികളും സര്‍ക്കാര്‍ കൈകൊള്ളുന്നില്ല. പ്രവാസികള്‍ക്കാകട്ടെ തിരിച്ചുപോകാനാകുന്നില്ല. ഈ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. ഇതേസമയത്തുതന്നെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ വേതന വര്‍ദ്ധനവ് നല്‍കിയതെന്നത് മറക്കാനാകില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാക്‌സിന്‍ വിതരണത്തിലും കാര്യമായി മുന്നോട്ടുപോകാന്‍ നമുക്കായിട്ടില്ല. കേന്ദ്രം വേണ്ടത്ര വാക്‌സിന്‍ നല്‍കുന്നില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജനസംഖ്യാനുപാതികമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നു എന്നു കേന്ദ്രവും പറയുന്നു. എന്തായാലും കൊവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ഒരുകോടിയില്‍പരം പേര്‍ രണ്ടുഡോസും എടുത്തു കഴിഞ്ഞു. സ്വന്തമായി വാക്‌സിന്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ നല്‍കുമെന്ന പ്രഖ്യാപനം എന്തായി എന്നറിയില്ല.

എന്തായാലും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നര്‍ത്ഥം. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാകണം. യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവെച്ച് നമ്പര്‍ വണ്‍ എന്നു സ്ഥാപിക്കാനും അതിനായി ന്യായീകരണങ്ങളും താരതമ്യങ്ങളും നടത്താനുമുള്ള പ്രവണത അവസാനിപ്പിക്കണം. ജനജീവിതത്തെ കുറിച്ചൊന്നുമറിയാത്ത ഏതാനും വിദഗ്ധരെ അമിതമായി ആശ്രയിക്കുന്ന രീതിയും അവസാനിപ്പിക്കണം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ മാധ്യമങ്ങളെ കാണുന്നത് ഈ വിദ്ഗ്ധര്‍ പറയുന്നതനുസരിച്ച് മാറ്റി മാറ്രി പറഞ്ഞ്, നമ്മുടെ നില മെച്ചമാണെന്ന് സ്ഥാപിക്കാനാണ്. അതു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. അത്തരമൊരു വിദഗ്ധനെ കുറിച്ച് വൈകിയാണെങ്കിലും സര്‍ക്കാര്‍ മനസ്സിലാക്കിയല്ലോ. പ്രശ്‌നങ്ങള്‍ സത്യസന്ധമായി ജനങ്ങളോടു പറയാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും തയ്യാറായി, എല്ലാവരുടേയും പങ്കാളിത്തത്തോടെ മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടത്. എല്ലാവര്‍ക്കും ആവശ്യം കിറ്റായിരിക്കില്ല എന്നു തിരിച്ചറിയണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജനാധിപത്യ സര്‍ക്കാര്‍ എന്നത് അര്‍ത്ഥവത്താകുന്നത്, പ്രത്യേകിച്ച് മഹാമാരി കാലത്ത്. തുടക്കത്തില്‍ പറഞ്ഞപോലെ സുതാര്യതയാണ് ജനാധിപത്യത്തിന്റെ അടിത്തറ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply