തൃക്കാക്കരയില്‍ വിജയിച്ചത് ജനാധിപത്യം തന്നെ…
ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നത് ശക്തമായ പ്രതിപക്ഷമാണ്. എങ്ങനെയെങ്കിലും അതില്ലാതാക്കാനുള്ള ശ്രമമാണ് സമഗ്രാധിപത്യ പ്രവണതയുള്ളവര്‍ നടത്തുക. അഖിലേന്ത്യാതലത്തില്‍ ബിജെപി ചെയ്യുന്നത് അതാണല്ലോ. കേരളത്തില്‍ സിപിഎം ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാനപരമായ ലക്ഷ്യം ഏകപാര്‍ട്ടി ഭരണമാണെന്നതും ഓര്‍ക്കുന്നത് നന്ന്്. കോണ്‍ഗ്രസ്സ് രഹിത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിനു സമാനമാണ് കോണ്‍ഗ്രസ്സ് രഹിത കേരളമെന്ന അവരുടെ ലക്ഷ്യവും. അതിനായിട്ടായിരുന്നു സകലസന്നാഹങ്ങളും കേന്ദ്രീകരിച്ച്, ഏറ്റവും ജനാധിപത്യ വിരുദ്ധമായ കള്ളവോട്ടിനു പോലും ശ്രമിച്ച് തൃക്കാക്കര പിടിക്കാന്‍ ശ്രമിച്ചത്.
ഭരണപരമോ രാഷ്ട്രീയമോ ആയി പല മുന്‍കാല ഉപതെരഞ്ഞെടുപ്പുകള്‍ക്ക് തുല്ല്യമായ പ്രാധാന്യമില്ലാതിരുന്നിട്ടുപോലും വന്‍പ്രാധാന്യമാണ് ഇരുമുന്നണികളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു നല്‍കിയത്. സീറ്റിംഗ് നഷ്ടപ്പെട്ടാല്‍ യുഡിഎഫിനും കോണ്‍ഗ്രസ്സിനുമാണ് ക്ഷീണമെങ്കിലും അവരേക്കാള്‍ പ്രാധാന്യം മുഖ്യമന്ത്രി തന്നെ, സെഞ്ച്വറി തികക്കുക എന്നതാണ് ലക്ഷ്യം പ്രഖ്യാപിച്ച് ഈ തെരഞ്ഞെടുപ്പിന് ഉണ്ടാക്കിയെടുക്കുകയായിരുന്നു. സ്വാഭാവികമായും ആ വെല്ലുവിളി യുഡിഎഫും ഏറ്റെടുത്തു. നിര്‍ഭാഗ്യവശാല്‍ തുടര്‍ന്നു നടന്ന പ്രചാരണരീതികളില്‍ പലതും ജനാധിപത്യ സംവിധാനത്തിനു യോജിച്ചതായിരുന്നില്ല. എന്നാല്‍ അതിനെയെല്ലാം അവഗണിച്ച്, ആത്യന്തികവിജയം ജനാധിപത്യമൂല്യങ്ങള്‍ക്ക് തന്നെയാണെന്നാണ് തൃക്കാക്കരക്കാര്‍ പ്രഖ്യാപിച്ചത്. അതാണ് ഈ തെരഞ്ഞെടുപ്പിനെ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ശ്രദ്ധേയമായ അധ്യായമാക്കിയിരിക്കുന്നത്.
ജനാധിപത്യത്തിനു യോജിക്കാത്ത ഒരു ഘടകത്തിന്റേയും സ്വാധീനമില്ലാതെ, അഥവാ അവയെ പരാജയപ്പെടുത്തി, സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ടാകുക, അതവര്‍ വിനിയോഗിക്കുക എന്നതാണല്ലോ തെരഞ്ഞെടുപ്പുകളുടെ ആത്യന്തികവിജയം. പൂര്‍ണ്ണമായിട്ടല്ലെങ്കിലും തൃക്കാക്കരയില്‍ അതേറെക്കൂറെ സാധ്യമായി എന്നുതന്നെയാണ് കാണാനാവുക. വര്‍ഗ്ഗീയത, സാമുദായിക രാഷ്ട്ീയം, അവസരവാദ രാഷ്ട്രീയം, ഏകാധിപത്യ പ്രവണതകള്‍, ജനങ്ങളെ വെല്ലുവിളിക്കല്‍, പ്രതിപക്ഷ ബഹുമാനമില്ലായ്മ തുടങ്ങിയവയെല്ലാം അവയിലുള്‍പ്പെടുന്നു. മാത്രമല്ല, ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നു കൂടിയാണ് തൃക്കാക്കരക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറെ ചര്‍ച്ച ചെയ്തതാണെങ്കിലും ആവര്‍ത്തിക്കാതെ വയ്യ, എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെയായിരുന്നു ഈ തെരഞ്ഞെടുപ്പു കണ്ട ഏറ്റവും വലിയ അശ്ലീലം. ആരു നിഷേധിച്ചാലും ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു എന്ന യാഥാര്‍ത്ഥ്യം രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുന്ന ഒരാള്‍ക്കും നിഷേധിക്കാനാകില്ല. മറ്റു ന്യൂനപക്ഷ സമൂഹങ്ങള്‍ അധികാരത്തില്‍ പല രീതിയിലും പിടിമുറുക്കുമ്പോള്‍ കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അതിനാകുന്നില്ല എന്ന് അടുത്തകാലത്തുപോലും സുദീര്‍ഘമായി ഫേസ് ബുക്കിലെഴുതിയ വ്യക്തിയാണ് ജോ ജോസഫ്. അദ്ദേഹത്തിന്റെ ആദ്യപത്രസമ്മേളനം സഭയുടെ സ്ഥാപനത്തില്‍ വികാരിയുടെ സാന്നിധ്യത്തില്‍ നടത്തിയത് കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള ഒരു സന്ദേശമല്ലാതെ മറ്റെന്തായിരുന്നു? സംസ്ഥാനത്ത് ഏറ്റവും അപകടരമായ രീതിയില്‍ വര്‍ഗ്ഗീയ രാഷ്ട്രീയം പയറ്റാനാരംഭിച്ച ബിജെപി, ചില കൃസ്ത്യന്‍ ഗ്രൂപ്പുകള്‍, പി സി ജോര്‍ജ്ജ് എന്നിവരുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള തന്ത്രം കൂടിയായിരുന്നു അത്. എന്നാല്‍ അത്തരം നീക്കങ്ങളെ നേരിടേണ്ടത് അതേ നാണയത്തിലല്ല, ജനാധിപത്യപരമായാണെന്ന് ഇടതു നേതൃത്വം മനസ്സിലാക്കിയിരുന്നില്ല. ജാതിയും മതവും നോക്കിയായിരുന്നു മന്ത്രിമാരും നേതാക്കളും വീടുകയറിയിറങ്ങിയതെന്ന ആരോപണവും തള്ളിക്കളയാവുന്നതല്ല. പക്ഷെ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ അവര്‍ക്കത് പഠിപ്പിച്ചു കൊടുത്തിരിക്കുന്നു. അതാണ് ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന ഏറ്റവും വലിയ സന്ദേശം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഷ്ട്രീയത്തില്‍ സമുദായിക പ്രശ്‌നങ്ങളോ മതപരമായ വിഷയങ്ങളോ ഉയര്‍ന്നു വരരുത് എന്നല്ല പറയുന്നത്. സ്വത്വപരമായ വിഷയങ്ങള്‍ക്ക് ഇന്നു പ്രാധാന്യമുണ്ട് താനും. അതുപക്ഷെ ജാതിയുടേയും മതത്തിന്റേയും മറ്റും പേരില്‍ പീഡിപ്പിക്കപ്പെടുന്നവരുടേയും സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നവരുടേയുമാണ്. ജനനം കൊണ്ട് തന്നെ വലിയ സാമൂഹ്യമൂലധനം നേടുന്നവരുടേതല്ല. ചങ്ങനാശേരിയിലും അരമനയിലും മറ്റും പോകുന്നതിനു പകരം എന്തേ നമ്മുടെ നേതാക്കള്‍ ദളിത് നേതാക്കളെ കാണാന്‍ പോകുന്നില്ല എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. അക്കാര്യം യുഡുഎഫിനും ബാധകം തന്നെ.
സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ജനാധിപത്യവിരുദ്ധത വേറേയുമുണ്ട്. സ്വന്തം സംഘടനക്കകത്ത് ജനാധിപത്യം നടപ്പാക്കാത്തവര്‍ക്ക് സമൂഹത്തില്‍ എങ്ങനെയാണതിനു സാധ്യമാകുക എന്ന ചോദ്യമുണ്ടല്ലോ? സിപിഎമ്മിന്റെ അടിത്തട്ടില്‍ നിന്നുള്ള ഒരഭിപ്രായവും കണക്കിലെടുത്തായിരുന്നില്ല മുകളില്‍ നിന്നു ജോ ജോസഫിനെ കെട്ടിയിറക്കിയത്. ജില്ലാ സെക്രട്ടറി മുതല്‍ ഏറെക്കുറെ എല്ലാ പ്രാദേശിക പ്രവര്‍ത്തകരും അതില്‍ അസന്തുഷ്ടരായിരുന്നു. എല്‍ഡിഎഫ് തങ്ങളുടെ പ്രസ്റ്റീജ് പദ്ധതിയായി കാണുന്ന കെ റെയിലിന്റെ ശക്തനായ വക്താവായിരുന്ന അരുണ്‍ കുമാറിനായി ചുമരെഴുത്തുപോലും ആരംഭിച്ച ശേഷം നടത്തിയ ഈ മാറ്റം ജനാധിപത്യപരമാണെന്നു പറയാനാകുമോ? സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടിത്തട്ടില്‍ നിന്നു മാത്രമല്ല, കഴിയുമെങ്കില്‍ വോട്ടര്‍മാരോടുപോലും അഭിപ്രായമാരായുന്ന രീതിയാണ് പാര്‍ട്ടികള്‍ വളര്‍ത്തിയെടുക്കേണ്ടത്. പ്രൊഫഷണലുകളെല്ലാം രാഷ്ട്രീയത്തില്‍ വരണമെന്നതു ശരിയാണെങ്കിലും ഒരു ദിവസം പോലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാത്തവരെ ജനപ്രതിനിധികളാക്കാന്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്ന പ്രവണതയും ജനാധിപത്യപരമെന്നു പറയാനാകില്ല. ഭരണകക്ഷി സ്ഥാനാര്‍ത്ഥി വിജയിക്കുന്നതാണ് വികസനത്തിനു നല്ലതെന്ന പ്രചാരണവും ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതാണ്.
തീര്‍ച്ചയായും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും കുറ്റമറ്റതാണെന്നു പറയാനാകില്ല. നേതാവു മരിച്ചാല്‍ ഭാര്യയേയോ മക്കളേയോ രാഷ്ട്രീയത്തിലിറക്കുന്ന പ്രവണത കേരളത്തിലും ശക്തമാണല്ലോ. അതും ജനാധിപത്യപരമെന്നു പറയാനാകില്ല. പക്ഷെ ലിംഗനീതിയെ കുറച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും പൊതുവില്‍ ജനപ്രതിനിധി സഭകളില്‍ സ്ത്രീകള്‍ക്ക് അയിത്തമാണല്ലോ നിലനില്‍ക്കുന്നത്. അതിനു ചെറിയൊരു മാറ്റം വരുത്താന്‍ ഇതു സഹായകമാണെങ്കില്‍ അത്രയും നന്ന്. കെ കെ രമ ഇന്നൊരു മികച്ച നിയമസഭാംഗമാണെന്നതും മറക്കാനാകില്ലല്ലോ. ആ ദിശയില്‍ പരിശോധിച്ചാല്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തേക്കാല്‍ ഭേദം കോണ്‍ഗ്രസ്സിന്റേതാണെന്നു പറയാതിരിക്കാനാകില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നത് ശക്തമായ പ്രതിപക്ഷമാണ്. എങ്ങനെയെങ്കിലും അതില്ലാതാക്കാനുള്ള ശ്രമമാണ് സമഗ്രാധിപത്യ പ്രവണതയുള്ളവര്‍ നടത്തുക. അഖിലേന്ത്യാതലത്തില്‍ ബിജെപി ചെയ്യുന്നത് അതാണല്ലോ. കേരളത്തില്‍ സിപിഎം ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാനപരമായ ലക്ഷ്യം ഏകപാര്‍ട്ടി ഭരണമാണെന്നതും ഓര്‍ക്കുന്നത് നന്ന്്. കോണ്‍ഗ്രസ്സ് രഹിത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിനു സമാനമാണ് കോണ്‍ഗ്രസ്സ് രഹിത കേരളമെന്ന അവരുടെ ലക്ഷ്യവും. അതിനായിട്ടായിരുന്നു സകലസന്നാഹങ്ങളും കേന്ദ്രീകരിച്ച്, ഏറ്റവും ജനാധിപത്യ വിരുദ്ധമായ കള്ളവോട്ടിനു പോലും ശ്രമിച്ച് തൃക്കാക്കര പിടിക്കാന്‍ ശ്രമിച്ചത്. ജീവിതമാകെ മുഴുവന്‍ അധികാരത്തിന്റെ ആനുകൂല്യങ്ങളെല്ലാം അനുഭവിച്ച, ഇനിയുെ അധികാരകസേരകളില്‍ തുടരാനാഗ്രഹിക്കുന്ന, വൃദ്ധനായ കെ വി തോമസിന്റെ അവസരവാദരാഷ്ട്രീയത്തെ പോലും പിന്തുണച്ചതും അതിനായിട്ടായിരുന്നു. എന്നാല്‍ ജനമിപ്പോഴും അതൊന്നും അംഗീകരിക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്നത്. അതോടൊപ്പം തന്നെ ഗൗരവമായി കാണേണ്ടതാണ് ഭരണത്തിലും പാര്‍ട്ടിക്കകത്തും പുറത്തും സര്‍വ്വാധികാരിയായി പിണറായി വിജയന്‍ മാറുന്ന കാഴ്ച. കേരളം ഒരിക്കലും കാണാത്ത രീതിയിലുള്ള ഈ വ്യക്ത്യാരാധാന വിതക്കുന്നത് ഏകാധിപത്യത്തിന്റെ വിത്തുകള്‍ തന്നെ. ക്യാപ്റ്റന്‍ എന്ന പ്രയോഗം തന്നെ പ്രതീകാത്മകമാണ്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും ഒരു ജനാധിപത്യസംവിധാനത്തിലെ ഭരണത്തലവനു യോജിക്കാത്ത രീതിയിലായിരുന്നതിനു കാരണം മറ്റൊന്നല്ല. ഈ ജനവിധിയുടെ വെളിച്ചത്തില്‍ അക്കാര്യത്തില്‍ പുനപരിശോധന നടത്തിയാല്‍ അദ്ദേഹത്തിനു നന്ന്. സത്യത്തില്‍ ഇത്തരം പ്രവണതകള്‍ എല്ലാ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും കണ്ടതാണ്. അതിനുള്ള മറുപടി കൂടിയായി തൃക്കാക്കര ഫലം എന്നും പറയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഭേദം കോണ്‍ഗ്രസ്സാണെന്നും പറയേണ്ടിവരും. വി ഡി സതീശന്റെ സാന്നിധ്യം അവര്‍ക്കു നല്‍കിയിരിക്കുന്ന ഉണര്‍വ് പ്രസാദാത്മകമാണെന്നു പറയാതിരിക്കാനാവില്ല. കെ സുധാരന്റെ കേഡര്‍ പാര്‍ട്ടി സങ്കല്‍പ്പമാണ് സത്യത്തിലവര്‍ക്ക് ഭീഷണി. അടിമുടി ജനാധിപത്യവല്‍ക്കരിക്കപ്പെട്ട പാര്‍ട്ടികളാണ് ജനാധിപത്യത്തിന് അനിവാര്യം.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമാര്‍ന്ന വശം ബിജെപിയുടെ വലിയ തകര്‍ച്ചതന്നെ. ഇനിയുമവര്‍ക്ക് ബലികേറാമലയായി കേരളം തുടരണം. അതേസമയം തങ്ങള്‍ക്ക് വോട്ടുകൂടി, ബിജെപിയുടേയും ട്വന്റി ട്വന്റിയുടേയും മറ്റും വോട്ടുകള്‍ യുഡുഎഫിനു കിട്ടി തുടങ്ങിയ ന്യായീകരണമെല്ലാം നിര്‍ത്തി യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി അംഗീകരിക്കാനാണ് അവര്‍ തയ്യാറാകേണ്ടത്. എല്‍ഡിഎഫിനു വോട്ടുകൂടെയെങ്കില്‍ അതിനേക്കാള്‍ എത്രയോ കൂടുതലാണ് യുഡുഎഫിനു കൂടിയത്. ബിജെപിക്കു പോകുമായിരുന്ന വോട്ടുകള്‍ യുഡിഎഫിനു പോയെങ്കില്‍ ജനാധിപത്യ, മതേതര പാര്‍ട്ടികള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അതുപോലെ തങ്ങള്‍ അടിമുടി എതിര്‍ക്കുന്ന, ഒരു പ്രവര്‍ത്തകനെ കൊന്നു കളയുക പോലും ചെയ്ത ട്വന്റി ട്വന്റി യുടെ വോട്ടുകള്‍ പ്രതീക്ഷിച്ചതുതന്നെ എന്തടിസ്ഥാനത്തിലായിരുന്നു. പ്രശ്‌നം അതൊന്നുമല്ല, തങ്ങളുടെ ജനാധിപത്യവിരുദ്ധ നിലപാടുകളാണെന്നു അംഗീകരിക്കാനും തിരുത്താനുമുള്ള രാഷ്ട്രീയ വിവേകമാണ് ഇടതുപക്ഷം ഇപ്പോള്‍ കാണിക്കേണ്ടത്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎം അതിനു തയ്യാറായാല്‍ മറ്റുള്ളവര്‍ക്കും ആ പാത തന്നെ തുടരേണ്ടിവരും. അതാണ് ജനാധിപത്യകേരളം ഇന്നാവശ്യപ്പെടുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in