ജനാധിപത്യവും പാര്‍ട്ടി തെരഞ്ഞെടുപ്പുകളും

മനുഷ്യസമൂഹത്തിന്റെ ചരിത്രം എവിടേയും അവസാനിക്കില്ല എന്നതുതന്നെയാണ് സത്യം. ജനാധിപത്യവും അവസാനമല്ല. പക്ഷെ ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് നമുക്ക് മുന്നോട്ടുപോകാനാകുക അതില്‍ നിന്നാണ്. ഇതുവരെയുള്ള അനുഭവങ്ങളുടെ പാഠത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ പരിമിതികളെ മറികടക്കുന്നതില്‍ നിന്നാണ്. അതിനുള്ള സാധ്യതയെങ്കിലുമുള്ളത് ജനാധിപത്യത്തിലാണ്. അത്തരമൊരു കാഴ്ചപ്പാടോടെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കകത്തെ തെരഞ്ഞെടുപ്പുകളേയും നോക്കികാണേണ്ടത്.

കേരളത്തില്‍ രണ്ടു പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടനാ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുകയാണ്. സിപിഎം അവരുടെ ചിട്ടയായ ശൈലിയില്‍ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ക്കുശേഷം ഏരിയാ സമ്മേളനങ്ങളിലേക്കു കടന്നു. ഇനി ജില്ലാ, സംസ്ഥാന സമ്മേളനങ്ങളും പിന്നെ പാര്‍ട്ടി കോണ്‍ഗ്രസ്സും നടക്കും. സമ്മേളനങ്ങളുടെ ഭാഗമായി ഒരോ ഘടകത്തിലും ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നു. മുമ്പുപലപ്പോഴും ഉണ്ടായപോലെ രാഷ്ട്രീയചര്‍ച്ചകളിലോ ഭാരവാഹി തെരഞ്ഞെടുപ്പിലോ കാര്യമായ ഭിന്നതയൊന്നും ഇക്കുറിയില്ലെന്നാണ് വിവരം. അതിന്റെ കാരണങ്ങളിലേക്ക് പിന്നാലെ വരാം. മറുവശത്ത് സമവായത്തോടെ ഭാരവാഹികള്‍ എന്ന നയത്തിനു പകരം, കാലങ്ങള്‍ക്കുശേഷം സംഘടമാതെരഞ്ഞെടുപ്പ് നടത്താനാണ് കോണ്‍ഗ്രസ്സിന്റേയും തീരുമാനം. ജനാധിപത്യസംവിധാനത്തില്‍ ഭരണത്തെ നിയന്ത്രിക്കുന്നതും നയപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളെടുക്കുന്നതുമെല്ലാം രാഷ്ട്രീയപാര്‍ട്ടികളാണ്. ജനാധിപത്യസംവിധാനത്തിന്റെ നട്ടെല്ലാണ് പാര്‍ട്ടികള്‍ എന്നു പറയാം. പാര്‍ട്ടികളെ നിയന്ത്രിക്കുന്നതാകട്ടെ അവയുടെ ഭാരവാഹികളും. അക്കാരണങ്ങളാല്‍ തന്നെ ഈ തെരഞ്ഞെടുപ്പുകള്‍ക്ക് ജനാധിപത്യത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. അത് പാര്‍ട്ടികളുടെ ആഭ്യന്തപ്രശ്‌നമല്ല, മുഴുവന്‍ ജനങ്ങളുടേയും പ്രശ്‌നമാണ്. അവരെ നേരിട്ടുതന്നെ ബാധിക്കുന്ന വിഷയമാണ്.

എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ലോകം പരീക്ഷിച്ച രാഷ്ട്രീയസംവിധാനങ്ങളില്‍ ഭേദം ജനാധിപത്യമാണെന്നതില്‍ സംശയമില്ല. അടിമയില്‍ നിന്നും പ്രജയില്‍ നിന്നും മനുഷ്യരെ പൗരരാക്കി മാറ്റിയത് ജനാധിപത്യമാണ്. അതിനുമുമ്പരുതന്നെയുള്ള രാജഭരണം, ഫ്യൂഡല്‍ കാലഘട്ടം, മതരാഷ്ട്രം തുടങ്ങിയ മാത്രമല്ല, അതിനുശേഷം വന്ന സോഷ്യലിസം പോലും പൗരത്വത്തെ അംഗീകരിച്ചില്ല. സ്വന്തം ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ പങ്കാളിത്തം എന്നത് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവമാണ്. അതിലെ പോരായ്മകളെ കുറിച്ച് ചര്‍ച്ച ചെയ്യാം. അപ്പോഴും അതിനേക്കാള്‍ പുരോഗമനപരമായ ഒരു സംവിധാനവും ഇന്നോളം പരീക്ഷിക്കപ്പെട്ടിട്ടില്ല.

തീര്‍ച്ചയായും കേരളത്തില്‍ ഇത്തരമൊരു അഭിപ്രായം പറയുമ്പോള്‍ ശക്തമായ പ്രതിരോധമുണ്ടാകുമെന്നറിയാം. സോഷ്യലിസത്തെ കൂടി ഈ പട്ടികയില്‍ പെടുത്തുന്നത് അംഗീകരിക്കാന്‍ വലിയൊരു വിഭാഗം മലയാളികള്‍ തയ്യാറല്ലല്ലോ. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്ന് പഴയ ചരിത്രത്തിലേക്കൊന്നും പോകേണ്ട. കഴിഞ്ഞ ആഴ്ച ചൈനീസ് പ്രധാനമന്ത്രിക്ക് ആജീവകാലം അധികാരം നല്‍കിയ നടപടി മാത്രം നോക്കിയാല്‍ മതി. ഏകപാര്‍ട്ടി ഭരണം നിലനില്‍ക്കുന്ന രാജ്യത്ത് തെരഞ്ഞെടുപ്പുകളില്ല. സ്വന്തം ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതില്‍ ജനത്തിനു ഒരു പങ്കുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകപാര്‍ട്ടിഭരണം. പാര്‍ട്ടി നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിലും തെരഞ്ഞെടുപ്പില്ല. സാമ്പത്തിക മേഖലയിലെ മുഴുവന്‍ കമ്യൂണിസ്റ്റ് ആശയങ്ങളും ഉപേക്ഷിച്ച ശേഷമാണ് ചൈന രാഷ്ട്രീയരംഗത്ത് ഈ ജനാധിപത്യവിരുദ്ധ നടപടി തുടരുന്നത് എന്നതാണ് കൗതുകകരം. വടക്കന്‍ കൊറിയയില്‍ എന്താണ് നടക്കുന്നത്? എന്തിനേറെ, കൊട്ടിഘോഷിക്കുന്ന ക്യൂബയില്‍ പോലും നടന്നത് കുടംബഭരണമല്ലേ?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചൂഷിതവിഭാഗങ്ങള്‍ക്ക് മോചനത്തിന്റെ സ്വപ്‌നങ്ങള്‍ വാഗ്ദാനം ചെയ്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ ഉദയം കൊണ്ട, വളരെ വേഗം ഒരു പാട് രാഷ്ട്രങ്ങളിലേക്ക് വ്യാപിച്ച, നിരവധി രാഷ്ട്രങ്ങളില്‍ ഭരണകൂടങ്ങള്‍ക്ക് രൂപം കൊടുത്ത കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും ആ ഭരണകൂടങ്ങളും അതിനേക്കാള്‍ വേഗതയില്‍ തകര്‍ന്നടിയാന്‍ കാരണം സമൂഹത്തിലും പാര്‍ട്ടിയിലും ജനാധിപത്യത്തിന് ഇടം കൊടുക്കാത്തതായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫലത്തില്‍ അതിന്റെ നേതാവിന്റെ സമഗ്രാധിപത്യഭരണമാണ് എല്ലായിടത്തും അരങ്ങേറിയത്. വ്യത്യസ്ഥ ആശയങ്ങളോ പാര്‍ട്ടികളോ ഇല്ല. സ്വന്തം ഭരണാധികാരികളെ തെരഞ്ഞെടുക്കുക എന്ന മഹത്തായ വിപ്ലവം അട്ടിമറിക്കപ്പെട്ടു. അതിനേക്കാള്‍ ഭയാനകം ഏതെങ്കിലും രീതിയില്‍ പ്രതിഷേധിച്ചവരെയെല്ലാം ഒരു ദയാദാക്ഷിണ്യവും കൂടാതെ കൊന്നൊടുക്കി എന്നതായിരുന്നു. അവരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ തന്നെ ഉന്നതനേതാക്കളും പെട്ടിരുന്നു. എന്നാല്‍ ചരിത്രത്തിന് ഒരിടത്തും നിശ്ചലമായി നില്‍ക്കാനാകാല്ലല്ലോ. പൗരനില്‍ നിന്ന് തിരിച്ചുപോയി വീണ്ടും പ്രജയാകാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിച്ച് ഈ രാഷ്ട്രങ്ങളിലെല്ലാം നടന്നത് ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളായിരുന്നു. ചൈനയിലും മറ്റും അവയെ നേരിട്ട രീതി ലോകം മറന്നിട്ടില്ല. എന്നാല്‍ എല്ലാ ബര്‍ലിന്‍ മതിലുകളും ആ പോരാട്ടങ്ങള്‍ക്കു മുന്നില്‍ തകരുകയായിരുന്നു. ഇപ്പോഴും തുടക്കത്തില്‍ പറഞ്ഞപോലെ ചില രാജ്യങ്ങളില്‍ ഇനിയും ആ ലേബലില്‍ നിലനില്‍ക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം. ഇവിടേയും അതാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ ചരിത്രപരമായ വികാസത്തേയും ഭാവിസാധ്യതകളേയും തള്ളികളഞ്ഞാണ് അവരതിനെ ബൂര്‍ഷ്വാജനാധിപത്യമെന്ന് ആരോപിക്കുന്നത്.

മനുഷ്യസമൂഹത്തിന്റെ ചരിത്രം എവിടേയും ്അവസാനിക്കില്ല എന്നതുതന്നെയാണ് സത്യം. ജനാധിപത്യവും അവസാനമല്ല. പക്ഷെ ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് നമുക്ക് മുന്നോട്ടുപോകാനാകുക അതില്‍ നിന്നാണ്. ഇതുവരെയുള്ള അനുഭവങ്ങളുടെ പാഠത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ പരിമിതികളെ മറികടക്കുന്നതില്‍ നിന്നാണ്. അതിനുള്ള സാധ്യതയെങ്കിലുമുള്ളത് ജനാധിപത്യത്തിലാണ്. അത്തരമൊരു കാഴ്ചപ്പാടോടെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കകത്തെ തെരഞ്ഞെടുപ്പുകളേയും നോക്കികാണേണ്ടത്. ജനാധിപത്യമെന്ന വാക്കു സൂചിപ്പിക്കുന്നപോലെ അത് ജനങ്ങളുടെ ആധിപത്യമാണ്. സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളിലും ജനങ്ങളുടെ ഇച്ഛയാണ് നടപ്പാക്കേണ്ടത്. മുഴുവന്‍ ജനങ്ങളുടെയും ഇച്ഛ ഒന്നാവില്ല എന്നതിനാല്‍ ഭൂരിപക്ഷതീരുമാനം ത്‌ന്നെയാണ് നടപ്പാക്കുക. സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളിലും എന്നു പറയുമ്പോള്‍ അതില്‍ തീര്‍ച്ചയായും ഈ വ്യവസ്ഥയെ നിയന്ത്രിക്കുന്ന പാര്‍ട്ടികളും ഉള്‍പ്പെടുമല്ലോ. ജനാധിപത്യത്തില്‍ പാര്‍ട്ടികള്‍ക്ക് ആഭ്യന്തരകാര്യം എന്ന ഒന്നില്ല. ജനങ്ങളില്‍ നിന്നു മറച്ചുവെക്കേണ്ടതായ ഒന്നുമില്ല. പാര്‍ട്ടി സമ്മേളനങ്ങളിലെ ചര്‍ച്ചകളിലും ഭാരവാഹികളുടെ തെരഞ്ഞെടുപ്പിലും മറ്റും ജനങ്ങളെ കൂടി പങ്കാളികളാക്കുക, അവരുടെ അഭിപ്രായം അറിയുക എന്നത് ജനാധിപത്യത്തിലെ ഒരടി മുന്നോട്ടുള്ള പ്രയാണമാണ്. പാര്‍ട്ടിഭാരവാഹികളുടെ തെരഞ്ഞെടുപ്പിലും ജനപ്രതിനിധികളായി മത്സരിക്കുന്നവരുടെ തെരഞ്ഞെടുപ്പിലും ജനകീയാഭിപ്രായം കൂടി കണക്കിലെടുക്കാനുള്ള സംവിധാനം പാര്‍ട്ടികള്‍ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എന്നാല്‍ ഇവിടെ നടക്കുന്നത് അതൊന്നുമല്ല എന്നതാണ് വസ്തുത. കൃത്യമായ രീതിയില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവകാശവാദത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഒരിക്കലെങ്കിലും അവയില്‍ പ്രവര്‍ത്തിച്ചവര്‍ക്കറിയാം. മുകളില്‍ നിന്നു കൊണ്ടുവരുന്ന ലിസ്റ്റ് അംഗീകരിക്കല്‍ മാത്രമാണ് തൊണ്ണൂറു ശതമാനവും നടക്കുന്നത്. അപൂര്‍വ്വം ചിലയിടങ്ങളില്‍ അതിനെതിരെ ആരെങ്കിലും മത്സരിച്ചാല്‍ എന്തു കുതന്ത്രം നടത്തിയും തോല്‍പ്പിക്കും. അഥവാ അതിനു കഴിയില്ലെങ്കില്‍ അധികം താമസിയാതെ ആ ഘടകം പിരിച്ചുവിടും. ഇതാണ് എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും നടക്കുന്നത്. വി എസ് പിണറായി ഗ്രൂപ്പിസം രൂക്ഷമായ കാലത്ത് ഇത് പകല്‍പോലെ പ്രകടമായതുമാണ്. ഇപ്പോള്‍ പാര്‍ട്ടി ഏറെക്കുറെ ഒരാളുടെ നിയന്ത്രണത്തിലായതിനാല്‍ അതുപോലും ഇല്ലതായി. എന്നിട്ടും അപൂര്‍വ്വം ചിലയിടങ്ങളില്‍ നിന്ന് അത്തരം വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വര്‍ക്കല ഏരിയാസമ്മേളനത്തില്‍ മത്സരിക്കാന്‍ തയ്യാറായവരെ നേതൃ8ത്വം അനുവദിക്കാതിരുന്നതിനാല്‍ കൂട്ടത്തല്ല് നടന്ന വാര്‍ത്ത വന്നിരുന്നല്ലോ. ഇത്തരം സംഭവങ്ങള്‍ പലയിടത്തും നടക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടിക്കകത്തെ തെരഞ്ഞെടുപ്പു മാത്രമല്ല, പോഷകസംഘടനകളിലെ തെരഞ്ഞെടുപ്പും നിയന്ത്രിക്കുനന്ത് പാര്‍ട്ടിതന്നെ. അതിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഫ്രാക്ഷനുകള്‍ ഇന്നു പരസ്യമായ രഹസ്യമാണല്ലോ. ഫലത്തില്‍ ജനാധിപത്യമൂല്യങ്ങളൊന്നും പാലിക്കാതെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. കോണ്‍ഗ്രസ്സിലാകട്ടെ അതുമുണ്ടാകാറില്ല. സമവായം, അല്ലെങ്കില്‍ ഹൈക്കമാന്റ് തീരുമാനം. അതാണവിടെ നടപ്പാക്കുക. പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഒരു തെരഞ്ഞെടുപ്പു നടന്നത്. അന്ന് കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആന്റണിയെ വയലാര്‍ രവി പരാജയപ്പെടുത്തി. ഇത്തവണ തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യപരമായി നടക്കുമോ എന്നു കാത്തിരുന്നു കാണാം. അതിനു തയ്യാറാകുകയും അക്കാര്യത്തില്‍ ജനങ്ങളുടെ കൂടി അഭിപ്രായമാരായുകയുമാണ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും ചെയ്യേണ്ടത്.

വാല്‍ക്കഷ്ണം – സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്നു. വാസ്തവത്തില്‍ അവ രാഷ്ട്രീയകൊലകളല്ല, അരാഷ്ട്രീയകൊലകളാണ്. രാഷ്ട്രീയത്തില്‍ കൊലക്കെന്തു സ്ഥാനം? ഇത്തരം കൊലപാതകം നടത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന പ്രസ്ഥാനങ്ങളെ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒന്നുണ്ട്. അവ സത്യസന്ധമായി പറഞ്ഞാല്‍ ജനാധിപത്യസംവിധാനത്തെ അംഗീകരിക്കുന്നില്ല. വര്‍ഗ്ഗത്തിന്‍രേയോ മതത്തിന്റേയോ മറ്റോ പേരിലുള്ള സമഗ്രാധിപത്യമാണ് അവയുടെ ആത്യന്തികലക്ഷ്യം. അതിനിടയിലെ ഒരു പടി മാത്രമാണ് അവക്ക് ജനാധിപത്യം. ജനാധിപത്യത്തിനു അന്യമായ രഹസ്യപ്രവര്‍ത്തനവും സായുധപരിശീലനവും കൊലപാതകകവുമൊക്കെ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നത് ജനാധിപത്യത്തെ രാഷ്ട്രീയമായി അംഗീകരിക്കാത്തതിനാലാണ്. ഈ കാപട്യം അവസാനിപ്പിച്ച്, ജനാധിപത്യത്തോട് സത്യസന്ധമായ നിലപാടെടുക്കാനും അത് പ്രായോഗികമാക്കാനും യഥാര്‍ത്ഥ ജനാധിപത്യ പാര്‍ട്ടികളാകാനുമാണ് ഈ പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply