മൃതദേഹങ്ങള്‍ക്കുമുണ്ട് ചില അവകാശങ്ങള്‍.
എം എം ലോറന്‍സിന്റെ മൃതദേഹ സംസ്‌കരണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പഴയ ലേഖനം പുനപ്രസിദ്ധീകരിക്കുന്നു. REPOST
കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞ സംഭവം കേരളത്തിനു ഒന്നടങ്കം അപമാനമാണ്. ബിജെപിക്കാരനായ കൗണ്‍സിലറുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാര്‍ സംസ്‌കാരം തടഞ്ഞത്. പൊതുശ്മശാനത്തിലേക്കുള്ള റോഡ് പ്രദേശവാസികള്‍ കെട്ടിയടക്കുകയായിരുന്നു. അവസാനം വന്‍പോലീസ് സന്നാഹത്തെ ഇറക്കി അര്‍ദ്ധരാത്രിയായിരുന്നു സംസ്‌കാരം നടന്നത്. വൈറസ് ബാധയുള്ള ഒരാള്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുമ്പോഴാണ് കൊവിഡ് പകരുന്നത്. ഒരു തരത്തിലും സ്രവങ്ങള്‍ പുറത്തെത്തില്ല എന്നുറപ്പിക്കാന്‍ പ്ലാസ്റ്റിക് ബാഗിലാണ് മൃതദേഹം സംസ്‌കരിക്കാനെത്തിക്കുന്നത്. മാത്രമല്ല ഏറ്റവും സുരക്ഷിതമാണ് ദഹിപ്പിക്കല്‍ രീതയെന്ന് ഡോക്ടര്‍മാരെല്ലാം ചൂണ്ടികാട്ടുന്നു. അതിനേക്കാള്‍ എത്രയോ അപകടകരമാണ് തടയാനായി എത്തിയ ആള്‍ക്കൂട്ടം. സംഭവത്തിന് നേതൃത്വം കൊടുത്ത ബിജെപി കൗണ്‍സിലറെ മാത്രം കുറ്റപ്പെടുത്തി കൈകഴുകാനാവുമില്ല. കാരണം ഇതു കേരളത്തില്‍ ആദ്യസംഭവമല്ല. സംസ്ഥാനത്ത് പല ഭാഗത്തും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. പല പള്ളികളിലും ഇതാവര്‍ത്തിച്ചിരുന്നു. ഈ മൃതദേഹം തന്നെ സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ തയ്യാറായില്ല എന്ന ആരോപണമുണ്ട്. അവിടെ തടിച്ചുകൂടിയ ഓരോരുത്തരും കൗണ്‍സിലറോളം കുറ്റവാളികളാണ്. ഒരു ഘട്ടത്തില്‍ രാത്രി ആളൊഴിഞ്ഞ് സംസ്‌കരിക്കാമെന്നു കൗണ്‍സിലര്‍ നിര്‍ദ്ദേശിച്ചിരുന്നു. അപ്പോള്‍ പറ്റില്ല എന്നു ജനങ്ങള്‍ വിളിച്ചുപറഞ്ഞത് ലൈവ് ആയി കണ്ടിരുന്നു. മാത്രമല്ല, തെറ്റായ കാര്യങ്ങള്‍ കൗണ്‍സിലര്‍ പറയുന്നു എങ്കില്‍ അനുസരിക്കേണ്ട ഒരു ബാധ്യതയും ആര്‍ക്കുമില്ലല്ലോ. പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കൊട്ടിഘോഷിക്കപ്പെടുന്ന മലയാളികളുടെ പ്രബുദ്ധത തന്നെയാണ്. രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്ന പല സംഭവങ്ങളും ചൂണ്ടികാട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പുച്ഛിക്കുന്നവരാണ് നാം. പിന്നീട് അതേസംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നതു പലവട്ടം നാം കണ്ടതാണ്. ഇതും അങ്ങനെ തന്നെ.
മനുഷ്യാവകാശങ്ങളെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണല്ലോ ഇത്. അതുപോലെ പ്രധാനമാണ് മൃതദേഹങ്ങളുടെ അവകാശങ്ങളും എന്നതാണ് നാം മറക്കുന്നത്. മൃതദേഹത്തിന്റെ മാന്യമായ സംസ്‌കരണത്തോടേയേ സത്യത്തില്‍ മനുഷ്യാവകാശങ്ങള്‍ പൂര്‍ത്തിയാകുന്നുള്ളു. അതാകട്ടെ കഴിയുന്നത്രയും ആ വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടായിരുന്ന വിശ്വാസമനുസരിച്ചാകുകയും വേണം. മൃതദേഹമെന്നാല്‍ അചേതനമായ ഒരു വസ്തുവാണ്, അതിനാല്‍തന്നെ അതിന്റെ ആവശ്യമൊന്നുമില്ല എന്നു യുക്തിപരമായി വാദിക്കാം. എന്നാല്‍ യുക്തിയിലൊതുങ്ങുന്നതല്ലല്ലോ മനുഷ്യജീവിതം. ദശകങ്ങളോളം ഈ മണ്ണിന്റെയും വിണ്ണിന്റേയും ഭാഗമായി ജീവിച്ചവരുടെ അവകാശമാണ് ജീവനറ്റ ശരീരത്തിനു ആദരവും ബഹുമാനവും ലഭിക്കുക എന്നത്. യുദ്ധങ്ങളില്‍ പോലും അതു തത്വത്തില്‍ അംഗീ കരിക്കപ്പെടാറുണ്ട്. പലപ്പോഴും നടപ്പാകാറില്ലെങ്കിലും. തീര്‍ച്ചയായും കൊവിഡിന്റെ വ്യാപനത്തില്‍ അതുപൂര്‍ണ്ണമായി നടപ്പാക്കാനാവുമെന്നില്ല. പല രാജ്യങ്ങളിലും ചടങ്ങുകളൊന്നും ചെയ്യാതെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുകയാണ്. അതു മറ്റുമാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ്. ഇവിടെ സംഭവിച്ചത് പക്ഷെ അതല്ലല്ലോ.
മൃതദേഹങ്ങളുടെ സംസ്‌കരണം കേരളം നേരിടുന്ന വലിയൊരു വെല്ലുവിളിയായി മാറുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെല്ലാം ആധുനിക രീതിയിലുള്ള ശ്മശാ നങ്ങള്‍ നിര്‍മ്മിക്കണമെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എത്ര സ്ഥലത്ത് അത് നടക്കുന്നുണ്ട്? അതിനാല്‍ മറ്റു ശ്മശാനങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടു പോകേ ണ്ടിവരുന്നു. അത് സംഘര്‍ഷങ്ങള്‍ക്കു പോലും കാരണമാകുന്നു. അതേസമയം പൊതു ശ്മശാനങ്ങള്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറായാല്‍ ഗൗരവമല്ലാത്ത പാരിസ്ഥിതിക പ്രശ്നമുന്നയിച്ച് പോലും പലരുമത് തടയാന്‍ വരുന്നു. ഒരുപക്ഷെ അവിടെതന്നെ മൊബൈല്‍ ടവറോ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന ഫാക്ടറികളോ ഉണ്ടാകും. ചീറിപായുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം കുറക്കാന്‍ അവക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നാം തയ്യാറില്ലല്ലോ. എന്നാലും അനിവാര്യമായ ശ്മശാനം അനുവദിക്കില്ല. ചില ഭാഗങ്ങളില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ട് താനും. മറുവശത്ത് കോടികള്‍ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളിലും വില്ലകളിലും എന്തിന് ഒറ്റപ്പെട്ട വീടുകള്‍ പണിയുമ്പോഴും നമ്മുടെ അജണ്ടയില്‍ ഈ വിഷയം മാത്രം വരില്ല.
വാസ്തവത്തില്‍ മൃതദേഹ സംസ്‌കരണം സമൂഹത്തിന്റെ ബാധ്യതയായി മാറണം. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പാര്‍ക്കിംഗ്, മഴവെള്ള സംഭരണം, മാലിന്യ സംസ്‌കരണം, സോളാര്‍ പാനല്‍ തുടങ്ങിയവയോടൊപ്പം മൃതദേഹസംസ്‌കരണത്തിനുള്ള സജ്ജീക രണവും നിര്‍ബന്ധമാക്കണം. കൂടാതെ വ്യാപകമായി ആധുനിക രീതിയിലുള്ള പൊതു ശ്മശാനങ്ങള്‍ വേണം. വൈദ്യുതിയിലോ ഗ്യാസിലോ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ ദഹിപ്പിക്കുന്ന രീതി ഉപയോഗിക്കണം. നഗരപ്രദേശങ്ങളില്‍ നഗരസഭകള്‍ തന്നെ മൊബൈല്‍ ശ്മശാനങ്ങള്‍ വ്യാപകമാക്കണം. മാന്യമായി, എത്രയും വേഗം സംസ്‌കരിക്കപ്പെടുക എന്നത് മൃതദേഹത്തിന്റെ അവകാശമായി അംഗീകരിക്കണം. പല കാരണങ്ങളാലും ദിവസങ്ങള്‍ എടുത്തുവെക്കുന്ന അവസ്ഥയും മാറണം.
കൃസ്ത്യാനികള്‍ക്കും മുസ്ലിമുകള്‍ക്കും പള്ളിയുമായി ബന്ധപ്പെട്ടാണല്ലോ സംസ്‌കരണം. പലയിടത്തും അവയുടെ അവസ്ഥ പരമ ദയനീയമാണ്.പണത്തിനനുസരിച്ച് കല്ലറയുടെ സ്റ്റാന്‍ഡേഡ് കൂടും. അതേസമയം സംസ്‌കരിക്കാന്‍ തുണ്ടുഭൂമിയോ പൊതുശ്മശാനമോ ഇല്ലാതെ വീടിനകത്ത് മൃതദേഹം സംസ്‌കരിക്കുന്ന പല സംഭവങ്ങളും ഉണ്ടാകുന്നു. അവരില്‍ ഭൂരിഭാഗവും ദളിത് വിഭാഗങ്ങളില്‍ പെട്ടവരാണ്. ഓര്‍ത്തഡോക്‌സ് – യാക്കോബായ തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹത്തെ അപമാനിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന്, മൃതദേഹസംസ്‌കരണത്തെ തര്‍ക്കം ബാധിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിട്ടുണ്ട
ഭരണാധികാരികള്‍ തന്നെ മൃതദേഹങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സന്ദര്‍ഭങ്ങളും കുറവല്ല. അടിയന്തരാവസ്ഥകാലത്ത് സ്വന്തം മകന്‍ രാജന്റെ മൃതദേഹമെങ്കിലും എന്തു ചെയ്തെന്ന ചോദ്യത്തിനു മറുപടി ലഭിക്കാതെയാണല്ലോ പ്രൊഫ ഈച്ചരവാര്യരും ഭാര്യയും മരിച്ചത്. 2019 ജൂണില്‍ നെടുങ്കണ്ടം ലോക്കപ്പില്‍ കൊല്ലപ്പെട്ട, കുറിത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ മൃതദേഹം പോലീസ് ശീതികരണസംവിധാനത്തില്‍ വെക്കാതെ അഴുകിയ സംഭവമുണ്ടായി. പോലീസിന്റെ മര്‍ദ്ദനമേറ്റ് ശരീരത്തിലുണ്ടായ മുറിവുകള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാനാണ് മൃതദേഹത്തെ അപമാനിച്ച ഈ സംഭവമുണ്ടായത്. മൃതദേഹത്തില്‍ നിന്നു സമ്മതമില്ലാതെ അവയവങ്ങള്‍ നീക്കംചെയ്യുന്ന മാഫിയകള്‍ പല വന്‍കിട ആശുപത്രികളുമായി ചേര്‍ന്ന് നിലവിലുണ്ട് എന്ന ആരോപണം എന്നുമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് എയ്ഡ്‌സ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം നാട്ടിലും വീട്ടിലുമൊന്നും കൊണ്ടുവരാതെ രഹസ്യമായി ഏതെങ്കിലും പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ തൃശൂരിലെ ലാലൂര്‍ ശ്മശാനത്തില്‍ കൊണ്ടുവന്ന ഒരു മൃതദേഹം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. മൃതദേഹവുമായി കളക്ടറേറ്റ് പടിക്കല്‍ കുത്തിയിരിക്കുകയും ചെയ്തു.
മരിക്കുന്നതിനുമുമ്പ് പറയുകയോ എഴുതിവെക്കുകയോ ചെയ്യുന്ന ആഗ്രഹങ്ങള്‍ ബന്ധുക്കള്‍ സാധിപ്പിക്കാത്ത സംഭവങ്ങളും മൃതദേഹത്തിന്റെ അവകാശങ്ങളുടെ ലംഘനം തന്നെയാണ്. അത്തരത്തില്‍ പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ജീവിതത്തിന്റെ സായാഹ്നകാലത്ത് മുസ്ലിം മതത്തിലേക്ക് മാറിയ കൊടുങ്ങല്ലൂരിലെ മുന്‍ നക്‌സലൈറ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ടി.എന്‍.ജോയി അഥവാ നജ്മല്‍ ബാബുവിന്റെ അനുഭവം തന്നെ ഉദാഹരണം. അദ്ദേഹത്തിന്റ ആഗ്രഹപ്രകാരം മൃതദേഹം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ മറവു ചെയ്യാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ടി എന്‍ ജോയ് എന്ന വ്യക്തി അദ്ദേഹത്തിന്റെ ശ്വാസത്തില്‍ പോലും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഇസ്ലാംമത സ്വീകരണം ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന സംഘപരിവാര്‍ ഫാസിസത്തോട് വിയോജിച്ചു കൊണ്ടായിരുന്നു. അപരവല്‍ക്കരിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹത്തോട് ഐക്യപ്പെട്ടു കൊണ്ടുമുള്ള രാഷ്ട്രീയ നിലപാടായിരുന്നു അത്. ഒരു വ്യക്തിയുടെ മരണ ത്തോടുകൂടി അദ്ദേഹത്തിന്റെ ശരീരം മാത്രമാണ് ഇല്ലാതാകുന്നത്, രാഷ്ട്രീയം സംരക്ഷിക്കപ്പെടേണ്ടതാണ്. അതുപക്ഷെ നടന്നില്ല. കൊടുങ്ങല്ലൂരില്‍ തന്നെ പിന്നീട് മുസ്ലീമായ മുന്‍ യുക്തിവാദി ആന്റണിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പള്ളിയില്‍ സംസ്‌കരിക്കാതെ മെഡിക്കല്‍ കോളേജിലേക്ക് കൊടുത്ത സംഭവവുമുണ്ടായി. മാധവിക്കുട്ടി അഥവാ കമലാസുരയ്യ, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങി പ്രശസ്തരായ എഴുത്തുകാരുടെ മരണശേഷവും സമാനമായ ചില വിവാദങ്ങളുണ്ടായി. മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം നല്‍കണമെന്നും അവയവങ്ങള്‍ ദാനം ചെയ്യണമെന്നുമുള്ള പലരുടേയും ആഗ്രഹങ്ങളും മരണശേഷം സാധിക്കാറില്ല. ബന്ധുക്കള്‍ അവ മറച്ചുവെക്കും. തങ്ങളുടെ സ്വാഭാവികമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണല്ലോ മൃതദേഹങ്ങളുടേത്. അതിനാല്‍തന്നെ അവ നടപ്പാക്കപ്പെടുന്നു എന്നുറപ്പ് വരുത്തേണ്ട ചുമതല മനുഷ്യാവകാശ പ്രവര്‍ത്തകരുടേതാണ്.
മൃതദേഹങ്ങളെ അപമാനിക്കുന്ന വേറേയും സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നുണ്ട്.. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠനത്തിനുശേഷം ആവശ്യംകഴിഞ്ഞ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ വലിച്ചെറിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. നായ്ക്കളും കാക്കകളും മറ്റും അവ കടിച്ചുവലിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവതി യുടെ നഗ്നമായ മൃതദേഹം ജീവനക്കാര്‍ പണം വാങ്ങി ആളുകള്‍ക്ക് കാണിച്ചുകൊടുത്ത ഞെട്ടിക്കുന്ന സംഭവം പുറത്തു വന്നിരുന്നു. സ്ത്രീയുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് ലൈംഗികപൂര്‍ത്തി നടത്തിയ സംഭവവുമുണ്ടായി. മരിച്ചാലും വിവരം ബന്ധുക്കളെ അറിയിക്കാതെ ചികിത്സയുടെ പേരില്‍ വീണ്ടും പണം തട്ടുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മൃതദേഹ സംസ്‌കരണത്തിലും നാം ജാതി നോക്കുന്നു. തൃശൂര്‍ നഗരത്തില്‍ സവര്‍ണ്ണവിഭാഗങ്ങളുടെ മൃതദേഹങ്ങള്‍ മിക്കവാറും സംസ്‌കരിക്കുന്നത് പാറമേക്കാവ് ദേവസ്വത്തിന്റെ ശ്മശാനത്തിലാണെങ്കില്‍ മറ്റുള്ളവര്‍ കൂടുതലും എസ്എന്‍ഡിപിയുടെ ശ്മശാനത്തെ ആശ്രയിക്കുന്നു. അവയേക്കാള്‍ ആധുനി കമായി കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ലാലൂരിലെ പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ്. പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുമ്പോഴും പരിഹരിക്കേണ്ടതായ നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ ഇനിയും ബാക്കിയാണ്.
തീര്‍ച്ചയായും മരണശേഷം അചേതന വസ്തു തന്നെയാണ് മൃതദേഹം. അതിനാല്‍ സംസ്‌കാരത്തിന് ഇത്രമാത്രം ചടങ്ങുകളും ആചാരങ്ങളും വേണോ എന്ന ചോദ്യം പ്രസക്തം തന്നെ. എന്നാ ല്‍ അത്തരം മാറ്റങ്ങള്‍ സംഭവിക്കേണ്ടത് നമ്മുടെ വിശ്വാസങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമാണ്. അതിനിടയില്‍ ഇത്തരം സംഭവങ്ങള്‍, കൊവിഡിന്റെ പേരിലാണെങ്കിലും ഒഴിവാക്കപ്പെടേണ്ടതാണ്. കാരണം മൃതദേഹങ്ങള്‍ക്കുമുണ്ട് ചില അവകാശങ്ങള്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in