വേണം ഭരണകൂടം ദുരുപയോഗം ചെയ്യാത്ത കര്‍ശനനിയമം

സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയില്‍ പാസാക്കിയ നിയമമാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000. ഈ നിയമത്തിന് ഒരു ഭേദഗതി എ.രാജ കേന്ദ്ര ഐ ടി വകുപ്പ് മന്ത്രിയായിരിക്കെ കൊണ്ടുവരികയും യാതൊരു ചര്‍ച്ചയും കൂടാതെ ലോകസഭ അത് പാസാക്കുകയും ചെയ്തു. അതാണ് ഐ ടി ആക്ട് സെക്ഷന്‍ 66 A എന്ന നിയമം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങളേയും ആവിഷ്‌കാരസ്വാതന്ത്ര്യത്തേയും ഇല്ലായ്മ ചെയ്യാനാണ് ആ നിയമം വ്യാപകമായി ഉപയോഗിക്കപ്പെട്ടത്.

വ്യക്തികള്‍ക്ക് തങ്ങളുടെ ആവിഷ്‌കാരങ്ങള്‍ക്കായി അനന്തമായ സാധ്യതകള്‍ നല്‍കുന്നു എന്നു വിശേഷിക്കപ്പെടുന്ന ഒന്നാണല്ലോ സോഷ്യല്‍ മീഡിയ. എഡിറ്റര്‍മാരുടേയും മാധ്യമഉടമകളുടേയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള ആവിഷ്‌കാരങ്ങള്‍ മാത്രം ജനങ്ങളിലെത്തിയിരുന്ന കാലത്തെ മാറ്റിമറിച്ച്, ഇരുകൂട്ടരോടും ബൈ പറഞ്ഞ്, സ്വന്തം ചിന്തകളും നിലപാടുകളും സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങളും ജനങ്ങളിലെത്തിക്കുന്നവര്‍ ഇന്ന് എത്രയോയാണ്. സോഷ്യല്‍ മീഡിയാ ഫ്‌ളാറ്റ്‌ഫോമുകള്‍ മിക്കവാറും സ്വകാര്യ സ്ഥാപനങ്ങളാണ്, അവക്ക് അവയുടെ ഉദ്ദേശ ലക്ഷ്യങ്ങളുണ്ട് എങ്കിലും അവയുണ്ടാക്കുന്ന വിപ്ലവം ചെറുതല്ല. അവ തുറന്നിട്ട സ്വാതന്ത്ര്യത്തിന്റെ ലോകമാകട്ടെ അനന്തമാണ്. എന്നാല്‍ അത്തരം സ്വാതന്ത്ര്യം അനുഭവിക്കാനും ഉപയോഗിക്കാനുമുള്ള പക്വത കേരളസമൂഹത്തിനില്ല എന്നാണ് സമീപകാലത്തെ സംഭവങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കുന്നത്. അതിന്റെ ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായത്.

കക്ഷിരാഷ്ട്രീയമടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്തനീതിയേയും ്‌ന്യായീകരിക്കുകയും എതിരഭിപ്രായമുള്ളവരെ അധിക്ഷേപിക്കുകയും പരസ്പരം വിഷം ചീറ്റുകയും ചെയ്യുന്ന ഒന്നായി കേരളത്തിലെ സാമൂഹ്യമാധ്യമങ്ങള്‍ മാറിയിരിക്കുന്നു. അതവിടെ നില്‍ക്കട്ടെ. അതിനേക്കാള്‍ എത്രയോ ജീര്‍ണ്ണമായ അവസ്ഥയിലാണ് സ്വന്തമായി ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങള്‍. ലിംഗനീതിയെ കുറിച്ചെല്ലാം ഏറെ സംസാരിക്കുന്ന സംസ്ഥാനത്താണ് ഇതു നടക്കുന്നത്. ഒരു താരരാജാവിന്റെ സിനിമ മോശമാണെന്നു പറഞ്ഞതിന് അങ്ങാടിപ്പുറത്തെ അപര്‍ണ്ണ നേരിട്ടത് അത്തരത്തിലുള്ള ആക്രമണമായിരുന്നു. ബി അരുന്ധതി, ദീപാ നിശാന്ത്, ശ്രീജ നെയ്യാറ്റിന്‍ കര, നിഷ ജോസ്, അനിത തിലകന്‍, ഹനാന്‍ ഹന്ന, പ്രീത ജിപി, നടികളായ പാര്‍വതി, റിമ, അമലപോള്‍ തുടങ്ങി എത്രയോ പേര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരകളായി. ചിത്രലേഖ, മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍, വി പി റജീന, ഭാഗ്യലക്ഷ്മി, കെ കെ രമ, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ എന്നിങ്ങനെ ഈ പട്ടിക നീളുന്നു. തട്ടമിടാത്തതിന്റെ പേരിലും തെരുവില്‍ ഫ്‌ളാഷ് മോബ് നടത്തിയതിന്റെ പേരിലും കലാലയങ്ങളില്‍ ആണ്‍കുട്ടികളുമായി ഇടപഴകിയതിന്റെ പേരിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിന്റെ പേരിലുമെല്ലാം ഇത്തരം അക്രമങ്ങള്‍ നിരന്തരമായി നടക്കുന്നു. വാസ്തവത്തില്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന പൊതുവീഥിയില്‍ കൂടി പകല്‍ പോലും സ്ത്രീകള്‍ക്ക് ഒറ്റക്കു നടക്കാന്‍ സാധിക്കാത്ത ഒരിടത്ത് സോഷ്യല്‍ മീഡിയയില്‍ അതെങ്ങിനെ സാധ്യമാകും?

ഫെമിനിസ്റ്റുകള്‍ക്കെതിരെ ഏറ്റവും നിന്ദ്യമായ രീതിയില്‍ ഈ നായര്‍ നടത്തിയ അധിക്ഷേപങ്ങളുടെ വീഡിയോ ഏറെ ദിവസങ്ങള്‍ക്കുമുമ്പ് പുറത്തുവന്നതാണ്. ലക്ഷകണക്കിനു പേര്‍ അതു കാണുകയും ചെയ്തിട്ടുണ്ട്. അതുപോലെ എത്രയോ വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ എന്നും കാണാം. എന്നാല്‍ ആരെങ്കിലും അതില്‍ പ്രതികരിക്കാറുണ്ടോ? അഥവാ ആരെങ്കിലും കേസുകൊടുത്താലോ, ഒരു ഫലവുമില്ല. ഇത്തരക്കാര്‍ക്കുനേരെ നടപടികളെടുക്കാന്‍ നിയമങ്ങളൊന്നുമില്ല എന്ന മറുപടിയാണ് മിക്കവാറും ലഭിക്കുക. ഈ സംഭവത്തിലും ഭാഗ്യലക്ഷ്മിയും കൂട്ടരും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒന്നും സംഭവിക്കല്ല എന്നു ബോധ്യപ്പെട്ടപ്പോഴാണ് ഇത്തരമൊരു നീക്കത്തിന് അവര്‍ മുതിര്‍ന്നത്.

ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കയ്യിലെടുക്കുന്നത് ശരിയായില്ല എന്ന പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തില്‍ തത്വത്തില്‍ അതു ശരിയാകാം. എന്നാല്‍ ഏതെങ്കിലും പുരുഷനാണ് അയാളെ ഇങ്ങനെ മര്‍ദ്ദിച്ചതെങ്കില്‍ ആരെങ്കിലുമത് ഇത്ര ഗൗരവമായി എടുക്കുമോ? പുരുഷന്‍ ചെയ്താല്‍ തെറ്റല്ലാത്തത് സ്ത്രീ ചെയ്താല്‍ തെറ്റാവുമോ? കൊലക്ക് ഉടന്‍ പകരം കൊല നടക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുന്ന ഒരു സംസ്ഥാനത്താണ് രണ്ടയിയും തള്ളും കരിഓയില്‍ പ്രയോഗവംു നടത്തിയതിനെ നിയമം കൈയി്‌ലെടുക്കുന്നതായി വിശേഷിപ്പിക്കുന്നത്. അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊന്നു കൂടി. ഈ വിഷയത്തില്‍ കയ്യിലെടുക്കാന്‍ നിയമമെവിടെ? സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാന്‍ ഫലപ്രദമായ നിയമങ്ങളില്ലെന്നും നിയമങ്ങള്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ തന്നെ സമ്മര്‍ദ്ദം ചെയുത്തണമെന്നും കഴിഞ്ഞ ദിവസം ഐ ജി തന്നെ ചാനലില്‍ പരസ്യമായി പറഞ്ഞിരുന്നു. ഈയവസ്ഥയില്‍ ഇവര്‍ പരാതി കൊടുത്താല്‍ തന്നെ എന്തു ഫലം? ഈ നേരിയ ബലപ്രയോഗം മൂലം ഈ വിഷയം സമൂഹത്തില്‍ വലിയ ചര്‍ച്ചക്കിടയായതിനാല്‍ ്‌നിയമനിര്‍മ്മാണത്തിനു സാധ്യത വന്നിട്ടുണ്ട്. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ അല്‍പ്പം ബലപ്രയോഗമാകാമെന്നും ഭീരുത്വത്തെത്തെയാണ് താനതിനേക്കാള്‍ വെറുക്കുന്നതെന്നും ഗാന്ധിതന്നെ പറഞ്ഞിട്ടുണ്ടല്ലോ.

വാസ്തവത്തില്‍ ഇത്തരം അക്രമണങ്ങള്‍ ഫെമിനിസ്റ്റുകള്‍ എന്നും നേരിട്ടുണ്ട്. ഫെമിനിസ്റ്റുകള്‍ എന്നു പ്രഖ്യാപിച്ച് കേരളത്തില്‍ ഒരുവിഭാഗം പെണ്‍കുട്ടികളും സ്ത്രീകളും സജീവമായി രംഗത്തിറങ്ങിയത് 1980കളിലാണ്. അന്നുമുതലെ അവര്‍ക്കെതിരെ അരാജകവാദികള്‍ എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ലൈംഗിക അരാജകവാദികള്‍ എന്നും വിളിച്ചാക്ഷേപിച്ചിരുന്നു. അതാകട്ടെ ഇത്തരത്തിലുള്ള നായന്മാരായ.ിരുന്നില്ല. മറിച്ച് പുരോഗമനവാദികളുടേയും വിപ്ലവകാരികളുടേയും മേലങ്കിയണിഞ്ഞവരായിരുന്നു. അവരെഴുതിവെച്ച രീതിയിലുള്ള സാമൂഹ്യമാറ്റത്തിനും അതിനാവശ്യമായ സദാചാരബോധങ്ങള്‍ക്കും ഫെമിനിസ്റ്റുകള്‍ തടസ്സമാണ് എന്ന ധാരണയായിരുന്നു അതിനു കാരണം. അതിനെതിരെ ശക്തമായി തന്നെ ഫെമിനിസ്റ്റുകള്‍ പ്രതികരിച്ചിട്ടുമുണ്ട്. ഒരു ഘട്ടത്തില്‍ ബ്രാ കത്തിക്കല്‍ സമരം വരെ അതെത്തി. അന്നു ഫെമിനിസ്റ്റുകളെ ആക്ഷേപിച്ച പലരും പിന്നീട് ഫെമിനിസ്റ്റുകളായിട്ടുമുണ്ട്. മാത്രമല്ല, സ്ത്രീപീഡനം നടത്തിയവരെ ഇതുപോലെ കൈകാര്യം ചെയ്തിട്ടുമുണ്ട്.

ഇനി നിയമത്തിന്റെ കാര്യത്തിലേക്ക് തിരിച്ചുവരാം. വാസ്തവത്തില്‍ ആ ദിശയില്‍ ചില നിയമങ്ങള്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയില്‍ പാസാക്കിയ നിയമമാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000. ഈ നിയമത്തിന് ഒരു ഭേദഗതി എ.രാജ കേന്ദ്ര ഐ ടി വകുപ്പ് മന്ത്രിയായിരിക്കെ കൊണ്ടുവരികയും യാതൊരു ചര്‍ച്ചയും കൂടാതെ ലോകസഭ അത് പാസാക്കുകയും ചെയ്തു. അതാണ് ഐ ടി ആക്ട് സെക്ഷന്‍ 66 A എന്ന നിയമം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങളേയും ആവിഷ്‌കാരസ്വാതന്ത്ര്യത്തേയും ഇല്ലായ്മ ചെയ്യാനാണ് ആ നിയമം വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. ഇതുപയോഗിച്ചാണ് സോഷ്യല്‍ മീഡിയയിലെ മുഴുവന്‍ വിമര്‍ശനങ്ങളെയും ഭരണകൂടം ഭീഷണിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയകളിലൂടെ ചെയ്യുന്ന പോസ്റ്റുകളോ കമന്റുകളോ വെറും ലൈക്കുകള്‍ തന്നെയോ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടോ ശല്യമോ ആയി തോന്നിയാല്‍ പോലും സ്ഥലം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാനും എസ്ഐക്ക് അറസ്റ്റ് ചെയ്തു ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി 3 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസ് രജിസ്റ്റര്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ ഇതേകാര്യം തന്നെ പത്രത്തിലൂടെയോ പോസ്റ്റര്‍ ഒട്ടിച്ചോ, നോട്ടീസ് അടിച്ചു വിതരണം ചെയ്‌തോ, ഫ്‌ളക്‌സ് വച്ചോ ചെയ്താല്‍ അപമാനിതനായ വ്യക്തിക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് ക്രിമിനല്‍ കോടതിയില്‍ നേരിട്ടു പരാതി കൊടുക്കുകയായിരുന്നു. സംശയത്തിനിടയില്ലാത്ത വിധം കോടതിക്കു ബോധ്യപെട്ടാല്‍ മാത്രമാണ് പ്രതിക്കെതിരെ നടപടി സ്വീകരിക്കുക. ഒരേകാര്യം വിത്യസ്ത മാധ്യമങ്ങളില്‍കൂടി ചെയ്യുമ്പോള്‍ രണ്ടുതരം ശിക്ഷ എന്നര്‍ത്ഥം. അതനുസരിച്ച് 3 വര്‍ഷം വരെ ശിക്ഷ ലഭിക്കാമെന്നതായിരുന്നു അവസ്ഥ. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായി ഭരണകൂടം നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ അനൂപ് കുമാരന്റെ നേതൃത്വത്തില്‍ നടന്ന നിയമയുദ്ധം വിജയം കാണുകയായിരുന്നു. അങ്ങനെയാണ് ആ നിയമം ഇല്ലാതായത്.

തീര്‍ച്ചയായും സൈബര്‍ അക്രമങ്ങളെ നേരിടാന്‍ ശക്തമായ നിയമം വേണം. ആര്‍ക്കെതിരേയും ഭരണകൂടം അതുപയോഗിക്കാമെന്ന അപകടം നിലനില്‍ക്കുന്നുണ്ട്. ഇതു രണ്ടും പരിഗണിച്ചാവണം ഇതിനൊരു പരിഹാരം കാണാന്‍. ആ ദിശയിലുള്ള ചിന്തകള്‍ക്ക് ഈ പോരാട്ടം സഹായകരമാകുമെന്നു കരുതാം. അപര്‍ണ്ണയുടെ മാതാവു കൂടിയായ പി ഗീത പറഞ്ഞപോലെ നീതിക്കായാണ് സ്ത്രീകള്‍ നിയമം കൈയിലെടുത്തത്. അതൊരു ഷോക് ട്രീറ്റ്‌മെന്റാകട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “വേണം ഭരണകൂടം ദുരുപയോഗം ചെയ്യാത്ത കര്‍ശനനിയമം

  1. ഐ ഗോപിനാഥിന്റെ പേരിൽ ഈ ലേഖനം സൗദിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസിൽ ഇന്നേ ദിവസം (30 /09 /2020 ) അച്ചടിച്ച് വന്നിട്ടുണ്ട്. 

Leave a Reply