സിപിഎം മാറണം, പ്രാദേശിക ജനാധിപത്യ പാര്‍ട്ടിയായി

ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ വല്ല ഈനാംപീച്ചി ചിഹ്നത്തിലും മത്സരിക്കേണ്ടിവരുമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍ അണികളോട് പറയുന്നതു കേട്ടു. ഫലത്തില്‍ ഇപ്പോഴും സിപിഎം കേരളത്തിന്റെ ഒരു പ്രാദേശിക പാര്‍ട്ടിയല്ലേ? എങ്കിലത് അങ്ങനെതന്നെ പ്രഖ്യാപിക്കുന്നതല്ലേ ഉചിതം? കേരളത്തിനാകട്ടെ മറ്റു പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ ഒരു പ്രാദേശിക പാര്‍ട്ടി അനിവാര്യമാണ്. അതിനു കഴിയുക സിപിഎമ്മിനാണ്. പക്ഷെ കമ്യൂണിസ്റ്റ് എന്ന യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പേരൊക്കെ മാറ്റേണ്ടിവരും. ചിഹ്നം ഈനാംപീച്ചിയോ മരപ്പട്ടിയോ എന്തുമാകട്ടെ – ദി ക്രിട്ടിക് നേരത്തെ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.

ഇന്ത്യാമുന്നണിയുടെ ഏകോപനസമിതിയിലേക്ക് പാര്‍ട്ടി പ്രതിനിധിയെ അയക്കേണ്ടെന്ന സി.പി.എം. തീരുമാനം മറ്റൊരു ചരിത്രപരമായ വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്? കേരളത്തിലെ രാഷ്ട്രീയസാഹചര്യത്തിന്റെയും ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന കേന്ദ്ര കമ്മിറ്റി നിലപാടിന്റെയും അടിസ്ഥാനത്തിലാണത്രെ പി.ബി. തീരുമാനം. കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള സമിതിയില്‍ അംഗമാകുന്നതു കേരളത്തില്‍ പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. സഖ്യത്തിലെ കക്ഷിനേതാക്കള്‍ ഒന്നിച്ചിരുന്ന് തീരുമാനമെടുത്താന്‍ മതിയെന്നും മറ്റൊരു സംവിധാനം ആവശ്യമില്ലെന്നുമാണ് പാര്‍ട്ടി നിലപാട്. അതേസമയം, ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ഇന്ത്യ സഖ്യത്തിന്റെ ഏകീകരണത്തിനും വിപുലീകരണത്തിനുമായി പ്രവര്‍ത്തിക്കാന്‍ പി.ബി. തീരുമാനിച്ചതായി സി.പി.എം. വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയും ചെയ്തു. ബി.ജെ.പിക്കെതിരേ രാജ്യവ്യാപകമായി പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. അത്രയും നന്ന്.

ഒരു സംശയവുമില്ല, ചരിത്രപരമായ വിഡ്ഢിത്തമെന്ന് ഭാവിയില്‍ വിലയിരുത്തപ്പെടാന്‍ പോകുന്ന തീരുമാനമാണിത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതൊന്നും പുത്തരിയല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം മുതല്‍ അത്തരം നിരവധി വിഡ്ഢിത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും വലിയ വിഡ്ഢിത്തം ജ്യോതിബാസുവിന്റെ കൈയിലെത്തിയ പ്രധാനമന്ത്രിസ്ഥാനം നിരസിച്ചതായിരുന്നു. അന്നത് സ്വീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ പാര്‍ട്ടിയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ചരിത്രം ഇതാകുമായിരുന്നില്ല. ജ്യോതിബാസുതന്നെയാണ് ചരിത്രപരമായ വിഡ്ഢിത്തം എന്ന വാക്കുപയോഗിച്ചത്. അതുപോലെ 1996ല്‍ സിപിഐ നേതാക്കള്‍ കേന്ദ്ര മന്ത്രിസ്ഥാനമേറ്റെടുത്തിട്ടും സിപിഎം തയ്യാറായില്ല. രണ്ടാം യുപിഎ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ച തീരുമാനവും ചരിത്രപരമായ വിഡ്ഢിത്തമല്ലാതെ മറ്റെന്തായിരുന്നു? അതിന്റെയൊക്കെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ തീരുമാനവും. ക്വിറ്റ് ഇന്ത്യാസമരകാലത്തെടുത്ത നിലപാടും 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല അതിനായി സായുധസമരം നടത്തണമെന്നെടുത്ത നിലപാടും പാര്‍ട്ടി ഓഫീസുകളില്‍ അടുത്തകാലത്തു മാത്രം ദേശീയപതാക ഉയര്‍ത്തിയതുമൊക്കെ മറ്റ് ഉദാഹരണങ്ങള്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അധികാരത്തില്‍ താല്‍പ്പര്യമില്ല എന്നൊക്കെ വ്യാഖ്യാനിക്കാമെങ്കിലും ഈ തീരുമാനങ്ങളുടെ പുറകിലെ കാരണം അതാണെന്നു കരുതാനാകില്ല. ജനാധിപത്യത്തോടുള്ള സമീപനം തന്നെയാണ് പ്രശ്‌നം. ഈ പംക്തിയില്‍ പലപ്പോഴും ചൂണ്ടികാട്ടിയിട്ടുള്ളപോലെ ഇനിയും ജനാധിപത്യപത്യത്തെ ആശയപരമായി അംഗീകരിക്കുന്നു എന്നോ തങ്ങളുടേത് ജനാധിപത്യപാര്‍ട്ടിയാണെന്നോ പറയാന്‍ സിപിഎം തയ്യാറായിട്ടില്ല. സിപിഐ പലപ്പോഴും അത്തരത്തില്‍ അവകാശപ്പെടാറുണ്ടുതാനും സിപിഎമ്മിന്റെ ഭരണഘടനയില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് പാര്‍ട്ടിയെന്നും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നും കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട്. ജനാധിപത്യമെന്നത് അവര്‍ക്ക് ബൂര്‍ഷ്വാ പദ്ധതിയാണ്. ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള തന്ത്രവും അടവുമൊക്കെ ആയാണ് ജനാധിപത്യത്തെ കാണുന്നത്. അത്തരമൊരവസ്ഥയില്‍ ബൂര്‍ഷ്വാ ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പാര്‍ട്ടികളുടെ തുല്ല്യതയിലൂന്നുന്ന ഐക്യസംവിധാനത്തിന് തയ്യാറാകാന്‍ അവര്‍ക്കു കഴിയില്ലല്ലോ. അതാണ് ഇപ്പോഴത്തെ തീരുമാനത്തിനുള്ള പ്രധാന കാരമം. ഈ നിലപാടുവെച്ച് തങ്ങള്‍ക്ക് ആധിപത്യമില്ലെങ്കില്‍ സര്‍ക്കാരിനു നേതൃത്വം നല്‍കാനുമാകില്ല. ബംഗാളിലും കേരളത്തിലുമൊക്കെ ഭരണത്തിനു നേതൃത്വം നല്‍കുമ്പോഴും കേന്ദ്രത്തില്‍ അതിനു ലഭിച്ച അവസരം നിഷേധിക്കാനുള്ള കാരണവും മറ്റൊന്നല്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ലോകചരിത്രം പഠിച്ചാല്‍ ജനാധിപത്യത്തോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആശയപരവും പ്രായോഗികവുമായ നിലപാട് എന്തായിരുന്നു എന്നു വ്യക്തമാണല്ലോ. ഇപ്പോഴത്തെ ചൈനയും റഷ്യയും ഉത്തരകൊറിയയും മറ്റും നല്‍കുന്ന സൂചനയും മറ്റെന്താണ്?

വലിയ വലിയ അവകാശവാദങ്ങളൊക്കെ ഉന്നയിക്കുമ്പോഴും ആത്യന്തിക ലക്ഷ്യം നേടാനുള്ള പാതയിലെ ചവിട്ടുപടി മാത്രമാണ് ബൂര്‍ഷ്വാജനാധിപത്യത്തിലെ പങ്കാളിത്തമെന്നുമൊക്കെ പറയുമ്പോഴും പാര്‍ട്ടി ഭരിച്ച സംസ്ഥാനങ്ങളില്‍ നടന്നത് എന്തൊക്കെയായിരുന്നു എന്നത് തുറന്ന പുസ്തകം പോലെ ഇപ്പോള്‍ നമുക്കു മുന്നിലുണ്ടല്ലോ. പതിറ്റാണ്ടുകളുടെ ഭരണം ബംഗാളിനെ എവിടെയെത്തിച്ചു എന്ന് ഇന്നു കേരളത്തിലെ ഏതു മുക്കിലും മൂലയിലും കാണുന്ന ബംഗാളി തൊഴിലാളികളോട് ചോദിച്ചാല്‍ മതി. ത്രിപുര പരിപൂര്‍ണ്ണമായി ബിജെപിയുടെ നിയന്ത്രണത്തിലായി. കേരളത്തില്‍ പാര്‍ട്ടി അധികാരത്തില്‍ തുടരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഒരു വന്‍കിട കോര്‍്പ്പറേറ്റ് സ്ഥാപനത്തിന്റെ നിലവാരത്തിലേക്ക് പാര്‍ട്ടി മാറികഴിഞ്ഞിരിക്കുന്നു. ഏറ്റവും വലിയ തൊഴില്‍ ദായക സ്ഥാപനവും മറ്റൊന്നല്ല. അതോടൊപ്പം ബൂര്‍ഷ്വാപാര്‍ട്ടികളുടെ ഏറ്റവും വലിയ അപചയമെന്നു വിശേഷിപ്പിക്കപ്പെടുന്ന അഴിമതിയിലും സ്വജനപക്ഷപാതത്തിലും ഒന്നാം സ്ഥാനത്ത് ഇന്നു മറ്റാരാണ്? ഈ കുറിപ്പെഴുതുമ്പോഴും പുറത്തുവരുന്നത് വന്‍ അഴിമതികഥകളാണ്. അഖിലേന്ത്യാനേതൃത്വത്തിനു ഒരു സ്ഥാനവുമില്ലാത്ത വിധം കേരളഘടകം അതിനകത്ത് പിടിമുറുക്കിയിരിക്കുന്നു. എത്രയോ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിനൊപ്പമാണ് ഇന്നു പാര്‍ട്ടിയുടെ സമ്പത്തെങ്കില്‍ അതിന്റെ 90 ശതമാനവും കേരളത്തിലാണ്. അത്തരമൊരു ഘടകത്തിന്റെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഒരു തീരുമാനവുമെടുക്കാന്‍ കേന്ദ്രനേതൃത്വത്തിനു കഴിയുമോ? ഇല്ലെന്നതിന്റെ തെളിവാണ് ഇന്ത്യാ മുന്നണിയിലെ ഏകോപനസമിതി അംഗസ്ഥാനം വേണ്ട എന്ന തീരുമാനം. മറുവശത്ത് ഏകോപന സമിതിയില്‍ ്അംഗമാകുന്നത് കേരളത്തിലെ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നു സിപിഐ അഖിലേന്ത്യാനേത്വ് ബിനോയ് വിശ്വം പറയുകയും ചെയ്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം ഗൗരവമായി പരിഗണിക്കേണ്ട മറ്റൊന്നുകൂടി സൂചിപ്പിക്കട്ടെ. സി.പി.എം. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളാ അല്ലെന്ന് ഒരിക്കല്‍ സീതാറാം യെച്ചൂരി പറയുകയുണ്ടായി. എന്നാല്‍ യാഥാര്‍ത്ഥ്യം അതുതന്നെയാണെന്ന് ഓരോ തീരുമാനവും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ അതംഗീകരിക്കുകയും കേരളത്തിലെ പാര്‍ട്ടി ശരിക്കും ഒരു കേരളപാര്‍ട്ടിയായി മാറുകയുമാണ് വേണ്ടത്.. ബഹുസ്വരതയുടെ പ്രതീകമായ ഇന്ത്യയെ ഹിന്ദുത്വത്തിന്റെ പ്രതീകമായ ഭാരതമാക്കാനും വൈവിധ്യങ്ങളെയെല്ലാം കുഴിച്ചുമൂടി എല്ലാറ്റിനേയും ‘ഒറ്റ’യാക്കാനും ഫെഡറലിസത്തെ തകര്‍ക്കാനും സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരായ രാഷ്ട്രീയ പ്രതിരോോധമാകുകയും ചെയ്യുമത്. ഇന്നത്തെ സാഹചര്യത്തില്‍ മറ്റു പല സംസ്ഥാനങ്ങളിലും നിലവിലുള്ളപോലെ കേരളത്തിനാവശ്യം ശക്തമായ ഒരു പ്രാദേശിക പ്രസ്ഥാനമാണ്. കേരളകോണ്‍ഗ്രസ്സിന് അതാകാനാകില്ല എന്നു വ്യക്തമാണ്. കോണ്‍ഗ്രസ്സാകട്ടെ ഏറെ ദുര്‍ബലമാണെങ്കിലും ദേശീയതലത്തില്‍ വേരുകളുള്ള ഒന്നാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം അത്തരമൊരു പാര്‍ട്ടി ഇന്ത്യാ മുന്നണിയില്‍ ആവശ്യമാണ്. ലെനിന്റെ ദേശീയതകളുടെ സ്വയംനിര്‍ണയാവകാശമെന്ന നിലപാടിന്റെ വെളിച്ചത്തില്‍ ഇന്ത്യ ഒരു ദേശീയതയല്ലെന്നും വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള ശരിയായ നിലപാട് ഒരു കാലത്ത് സ്വീകരിച്ചിരുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നതുമോര്‍ക്കാവുന്നതാണ്.

ചുരുക്കത്തില്‍ ഒരുപാട് പരിമിതികളുണ്ടെന്നും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും അംഗീകരിച്ച് ജനാധിപത്യസവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രാദേശിക ജനാധിപത്യ പാര്‍ട്ടിയായി മാറുകയാണ് സിപിഎം ചെയ്യേണ്ടത്. ഒപ്പം ജനാധിപത്യ വിരുദ്ധമായ ഉള്ളടക്കമുള്ളതും ലോകം വലിച്ചെറിഞ്ഞതുമായ കമ്യൂണിസ്റ്റ് എന്ന നാമധേയവും ഉപേക്ഷിക്കണം. ലോകത്തെ എത്രയോ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാഷ്ട്രീയവും പേരും മാറ്റി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളായിരിക്കുന്നു. അതിന്റെ ഭാഗമായി തന്നെ വര്‍ഗ്ഗന്യൂനീകരണ സമീപനവും സാമ്പത്തിമാത്ര വാദവുമുപേക്ഷിച്ച് മാര്‍ക്‌സ് തന്നെ പറഞ്ഞപോലെ സമൂര്ത്ത സാഹചര്യങ്ങളെ സമൂര്‍ത്തമായി വിലയിരുത്തണം. ഇന്ത്യയിലെ പച്ചയായ യാഥാര്‍ത്ഥ്യമായ ജാതി – ലിംഗ വിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കണം. കൂടാതെ കേന്ദ്രത്തിന്റെ ദയക്കായി എപ്പോഴും യാചിക്കാതെ, കേരളത്തിന്റെ സ്വാശ്രയത്വത്തിനായി നിലകൊള്ളണം. ഒപ്പം ബൂര്‍ഷാജനാധിപത്യത്തിന്റെ ഭാഗമെന്നു പാര്‍ട്ടിനേതാക്കള്‍ പലപ്പോഴും പറയുന്ന, അതിന്റെ ഭാഗമായി പാര്‍ട്ടിയെ അടിമുടി ഗ്രസിച്ചിരിക്കുന്ന അഴിമതിക്ക് അന്ത്യം കുറിക്കാനുള്ള ശക്തമായ നടപടികളും വേണം. ഈ ദിശയിലെ നീക്കങ്ങള്‍ മാത്രമെ പാര്‍ട്ടിയെ ഭാവിയില്‍ നിലനിര്‍ത്താന്‍ പോകുന്നുള്ളു. കേരളീയ സമൂഹത്തിനാകട്ടെ അത് ഏറെ ഗുണകരമാകുകയും ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “സിപിഎം മാറണം, പ്രാദേശിക ജനാധിപത്യ പാര്‍ട്ടിയായി

  1. എല്ലാ കാലത്തും എല്ലാ രാജ്യങ്ങളിലും കമ്യൂണിസ്റ്റുകൾക്ക് അടവുനയം എന്ന കപടമുഖം ഉണ്ടായിരുന്നു. അതിനാൽ കമ്യൂണിസ്റ്റുകളെ ഒരിക്കലും വിശ്വസിക്കുവാൻ കൊള്ളില്ല. ഇവരുടെ ചതിപ്രയോഗങ്ങളുടെ ആദിക്യമൂലമാണ് ഹിറ്റ്‌ലർ എന്ന അതിക്രൂര ഭരണാധികാരി ജർമനിയിൽ ഉണ്ടായത്.

  2. ഇക്കാര്യത്തിൽ സി പി ഐ (എം) എടുത്ത നിലപാട് I.N.D.I.A സഖ്യത്തിലെ പാർട്ടികളുടെ പൊതു സ്ഥാനാർത്ഥിത്വം എന്ന ലക്ഷ്യത്തോടെ സീറ്റ് വിഭജനം നടത്തുന്നതിനായി അങ്ങനെ ഒരു ഏകോപന സമിതി ആവശ്യമില്ല എന്നും, സഖ്യത്തിന്റെ ആദ്യതീരുമാനം സ്ഥാനാര്ഥിനിർണ്ണയം നടത്താനുള്ള പ്രക്രിയ അതത് സംസ്ഥാനതലത്തിൽ ഓരോ പാർട്ടിയും ഏറ്റെടുത്ത് നടത്തേണ്ടതാണ് എന്നായിരുന്നു എന്നും ആണ്. അതിനാൽ, ബിജെപി യ്ക്കെതിരെ പൊതു സ്ഥാനാർഥി എന്ന ആശയം ആകാവുന്നിടത്തോളം നടപ്പാക്കാനുള്ള സഖ്യത്തിന്റെ മുൻതീരുമാനത്തെ തള്ളുന്നതിനു പകരം, ഫലത്തിൽ അതിന്റെ സ്പിരിറ്റ് ഉയർത്തിക്കാട്ടുകയാണ് സി പി ഐ (എം) ചെയ്യുന്നത്. കൂടാതെ, ബി ജെ പി വിരുദ്ധ ഐക്യം തെരഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങുന്ന ഒരു രാഷ്ട്രീയ സഖ്യം എന്നതിലേറെ വിശാലമായ ഒരു പ്ലാറ്റ്ഫോമാണെന്നും, ഫാസിസ്റ്റ് വിരുദ്ധ ഐക്യം തെരുവിലെ ജനകീയ സമരങ്ങൾക്കും പ്രയോഗികമാക്കാൻ പാർട്ടി ശ്രമിക്കുമെന്നും പറയുന്നുണ്ട്. മറ്റൊരു കാര്യമായി ഇതിൽ ചൂണ്ടിക്കാണിക്കാൻ തോന്നുന്നത് ,26 ലേറെ കക്ഷികൾ ഉള്ള ഇന്ത്യാ മുന്നണി രൂപീകരിച്ച ഏകോപന സമിതിയിൽ പ്രാതിനിധ്യം എന്തുകൊണ്ട് 14 പാർട്ടികൾക്ക് മാത്രമായി ഒതുക്കി എന്ന പ്രശ്നം ആണ്. ബിഹാറിൽ സ്റ്റേറ്റ് പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷണന്റെ അംഗീകാരം നേടിയ സിപിഐ (എം എൽ) എന്ന പ്രധാനപ്പെട്ട ഇടത് പാർട്ടിയ്ക്ക് ഏകോപന സമിതിയിൽ അംഗത്വം ഓഫർ ചെയ്യപ്പെട്ടിരുന്നുവോ എന്നതും സംശയമാണ്.

Leave a Reply