സിപിഎമ്മും ഇസ്ലാമോഫോബിയയും

കേരളത്തിലെ തുടര്‍ഭരണത്തെ കുറിച്ച് അരുന്ധതി റോയ് പറയുന്നത് ഇങ്ങിനെയാണ് – ”ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേര്‍വരയില്‍ നിര്‍ത്തുകയായിരുന്നു ജനങ്ങള്‍ ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. അങ്ങനെത്തന്നെയാണ് ചെയ്യേണ്ടതും. പക്ഷേ ഇപ്രാവശ്യം ആ ചാക്രികത മുറിഞ്ഞിരിക്കുന്നു. അത് എന്നെ കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേറൊന്നിനുമല്ല, സിപിഎമ്മിന്റെ ഗുണത്തെ കരുതി തന്നെ. തുടര്‍ച്ചയായി അധികാരത്തിലിരിക്കുക എന്നത് സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള വഴിയാണ്.. കേരളം സംഘപരിവാറിനും അതിന്റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരെ ശക്തമായി നിലകൊള്ളുന്നുണ്ട്. പക്ഷെ ക്രൈസ്തവ സമൂഹത്തിലെ പല സ്ഥാപനങ്ങളും, സിപിഎമ്മിലെതന്നെ ചില വിഭാഗങ്ങളും ഉള്‍പ്പെടെ ഇസ്ലാമോഫോബിയയുടെ അസ്വസ്ഥകരമായ അടയാളങ്ങള്‍ കാണിക്കുന്നു..” (അരുന്ധതി റോയ് മാതൃഭൂമി ഓണപതിപ്പ്)

മുസ്ലിം വിരുദ്ധത നിറഞ്ഞാടുന്ന ഒരു സംസ്ഥാനമായി നമ്മുടെ കേരളം മാറുന്നതിന്റെ അടയാളങ്ങള്‍ കണ്ട് തുടങ്ങുകയാണൊ? സംഘ്പരിവാറിനോടൊപ്പം ചുവട് വെച്ച്  ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള ഒരു ചെറിയ ന്യൂനപക്ഷവും സി.പി.എമ്മും ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് എന്താണ്? ഇല്ലാത്ത ലൗ ജിഹാദിനെതിരെ മുസ്ലിം സമൂഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തി സംഘപരിവാറിനൊപ്പം മുസ്ലിം ഭീതി പടര്‍ത്തിയ െ്രകെസ്തവ സഭയിലെ ചില ആളുകള്‍ ഇപ്പോള്‍ ഈശോ എന്ന സിനിമക്കെതിരെയാണ് ഹാലിളക്കുന്നത്. ഈശോ എന്ന സിനിമയുമായി ബദ്ധപ്പെട്ട മുഴുവന്‍ ചര്‍ച്ചകളിലും ബോധ്യപ്പെടുന്നത് സിനിമയ്ക്ക് ഈശോ എന്ന പേരിടുന്നതിലല്ല മറിച്ച് നാദിര്‍ഷാ എന്ന മുസ്ലിം പേരാണ് പ്രശനം എന്നുള്ളതാണ് . നാദിര്‍ഷാ എന്ന മുസ്ലിം ഇത്തരത്തിലുള്ള സിനിമ ചെയ്താല്‍ മതേതരത്വത്തിന് വലിയ ഇടിവുകള്‍ സംഭവിക്കും എന്ന പൊതുബോധത്തെ നിര്‍മ്മിച്ചെടുക്കാനുള്ള ഗംഭീരമായ ശ്രമമാണ് നടക്കുന്നത്. അഥവാ സവര്‍ണ മതേതരത്വം കനിഞ്ഞരുളിയ ഇടത്തില്‍ നിന്ന് മാത്രം ഒരു മുസ്ലിം സിനിമയെടുത്താല്‍ മതി എന്നാണ് സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഇതിന് മുമ്പ് എത്രയോ സിനിമകള്‍ ദൈവനാമത്തിലും പ്രവാചകനാമത്തിലും ഉണ്ടായിട്ടുണ്ട് എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം മാറ്റിനിര്‍ത്തി നാദിര്‍ഷാ എന്ന മുസ്ലിം പേരുള്ള ഒരാള്‍ ഈശോ എന്ന പേരില്‍ സിനിമ എടുക്കേണ്ടതില്ല എന്ന തിട്ടൂരമാണ് ഇവര്‍ നടത്തുന്നത്. അഥവാ ഇത് പഴയ കേരളമല്ല സംഘ്പരിവാറിന്റെ മുസ്ലിം വിരുദ്ധതയെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വികസിച്ച പുതിയ കേരളമാണ് എന്നര്‍ഥം.

കേരളത്തില്‍ അധികാരമില്ലാത്ത സംഘ്പരിവാറിന്റെ അദൃശ്യ ഭരണകൂടത്തിന്റെ പിടുത്തത്തില്‍ നിന്ന് െ്രകെസ്തവ സഭക്ക് മാത്രമല്ല ഇടതുപക്ഷത്തിന് പോലും കുതറി രക്ഷപ്പെടാന്‍ കഴിയാത്തവിധം പുതിയ കേരളം രൂപപ്പെടുന്നു എന്നര്‍ഥം.. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യു.ഡി.എഫ് നടത്തിയ പ്രതീകാത്മക മന്ത്രിസഭക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം നടത്തിയ പ്രസ്താവന. ”പ്രതീകാത്മക മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സ് പുറത്താണ്. സ്പീക്കറും മുഖ്യമന്ത്രിയുമൊക്കെ ലീഗാണ്. നാടകത്തിലെങ്കിലും കോണ്‍ഗ്രസ്സിന് ഒരു നല്ല വേഷം കൊടുക്കാമായിരുന്നു.” (എ.എ റഹീം സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ.”) സി.എച്ച് മുഹമ്മദ് കോയ എന്ന മുസ്ലിം കുറഞ്ഞ കാലമാണെങ്കിലും മുഖ്യമന്ത്രിയായി ഇരുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിപദത്തിന് ശേഷം നാല് പതിറ്റാണ്ട് പിന്നിട്ട ഇന്നത്തെ കേരളത്തില്‍ പ്രതീകാത്മക മന്ത്രിസഭയില്‍ പോലും ഒരു മുസ്ലിമിന് മുഖ്യമന്ത്രിയായിരിക്കുന്നത് വലിയ അപരാധമായി അനുഭവപ്പെടുന്ന കേരളീയ പൊതുബോധത്തിന്റെ മികച്ച ഉദാഹരണമാണ് റഹീമിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. സവര്‍ണ പൊതുബോധം പതിറ്റാണ്ടുകളായി ഉല്‍പാദിപ്പിച്ച മുസ്ലിം വിരുദ്ധത എത്ര സമര്‍ത്്ഥമായാണ് പുരോഗമനമെന്ന് പറയപ്പെടുന്ന ഒരു യുവജന പ്രസ്ഥാനനേതാവിനെ പോലും സ്വാധീനിക്കുന്നത് എന്നാണ് ഇത്ിലൂടെ നാം മനസ്സിലാക്കേണ്ടത്. ലോകസഭയില്‍ നിന്ന് രാജിവെച്ച് കേരളത്തിലേക്ക് കുഞ്ഞാലികുട്ടി വരുന്നത് മുഖ്യമന്ത്രിയാവാനാണ് എന്ന പ്രസ്താവന നടത്തിയ സി.പി.എമ്മില്‍ നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ അല്‍ഭുതപ്പെടാനില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതുപോലുള്ള മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ക്ക് സവര്‍ണ പൊതുബോധം കനിഞ്ഞരുളിയ വിജയമാണ് കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ഇടതുപക്ഷത്തിന് ലഭിച്ചത് എന്ന നിരീക്ഷണം പ്രസക്തമാവുന്നത് ഇവിടെയാണ്. കുഞ്ഞാലികുട്ടി മുഖ്യമന്ത്രിയായാല്‍ എന്താണ് പ്രശ്‌നം എന്ന് ചോദിക്കേണ്ട പുരോഗമന പക്ഷത്തിന്റെ വക്താക്കള്‍ അദ്ദേഹത്തിന്റെ കേരള നിയമസഭയിലോക്കുള്ള തിരിച്ചുവരവ് വലിയ അപരാധമായി ചിത്രീകരിക്കുകയായിരുന്നു. കുഞ്ഞാലികുട്ടി ഹസന്‍ അമീര്‍ എന്നിവര്‍ ചേര്‍ന്നാണ് കേരളത്തെ നയിക്കാന്‍ പോകുന്നത് എന്ന മുന്നറിപ്പ് കൊടുത്ത പ്രസ്ഥാനമാണ് സി.പി.എം എന്ന് നമുക്കറിയാമെങ്കിലും ഇത്തരത്തിലുള്ള മുസ്ലിം വിരുദ്ധ പ്രസ്താവന ആവര്‍ത്തിക്കുന്നതിലെ അപകടം കേരളം തിരിച്ചറിയപ്പെടാതെ പോകുന്നതിന് നാം വലിയ വില കൊടുക്കേണ്ടിവരും. അഥവാ ഒരു പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കേന്ദ്രസ്ഥാനത്ത് ഒരു മുസ്ലിം വന്നാല്‍ അപകടകരമാണ് എന്ന സവര്‍ണ്ണബോധത്തെ ഊട്ടി ഉറപ്പിക്കാന്‍ മാത്രമെ റഹീമിന്റെ പ്രസ്താവനയിലൂടെ കഴിയുകയുള്ളൂ. കോണ്‍ഗ്രസ്സിനെ പരിഹസിക്കുന്നു എന്ന തോന്നലുണ്ടാക്കി മുസ്ലിംപേടി ഉല്‍പാദിപ്പിക്കാന്‍ റഹീം മുന്നോട്ട് വന്നത് സവര്‍ണാധിപത്യത്തിന്റെ വിജയമാണ്.

ഇത്തരത്തിലുള്ള പ്രസ്താവനകളുമായി രംഗത്ത് വരാറുള്ളത് റഹീം മാത്രമൊന്നുമല്ല. പൊതുവില്‍ സി.പി.എം സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനത്തില്‍ നിര്‍മ്മിക്കപ്പെട്ട സവര്‍ണതയുടെ കുടത്തില്‍ നിന്ന് പുറത്ത് ചാടുന്ന കുഞ്ഞുഭൂതങ്ങളാണ് ഇത് എന്നുമാത്രം. സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ എതിര്‍പക്ഷത്ത്, മതനിരപേക്ഷതയുടെ കാവലാളായി സ്വയം പ്രതിഷ്ടിച്ച്, വലിയ വര്‍ത്തമാനങ്ങള്‍ പറയുന്ന പാര്‍ട്ടി, ഇത്തരത്തില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് നിറഞ്ഞാടുന്ന ഒരു കേരളീയ സാഹചര്യത്തെയാണ് നാം കാണുന്നത് മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചിട്ടാണ് പരീക്ഷകളില്‍ വിജയിക്കുന്നത് എന്ന പ്രസ്താവന നടത്തിയത് വി.എസ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവാണ്. അദ്ധേഹത്തിന്റെ പ്രസ്താവന തെറ്റാണെന്നും വസ്തുതാ വിരുദ്ധമാണെന്നും മുഴുവന്‍ കേരളീയര്‍ക്കും ബോധ്യപ്പെട്ടതാണ്. ഇപ്പോഴും ബോധ്യപ്പെട്ട് കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മലപ്പുറത്ത് നിന്ന് വരുന്ന പരീക്ഷാഫലങ്ങള്‍. മാത്രമല്ല കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വിജയത്തിന് തുടര്‍പഠനത്തിന് സൗകര്യങ്ങളില്ലാതെ അവര്‍ ഇപ്പോഴും തെരുവിലാണ് എന്നത് ചരിത്രത്തിന്റെ മറ്റൊരു വിപര്യയം ആയി നിലനില്‍ക്കുന്നു. ഒരു ജനത എന്ന നിലയില്‍ മലപ്പുറത്തെ പൗരസമൂഹം ഒറ്റക്കെട്ടായി നടത്തിയ തീവ്രയത്‌നത്തിന്റെ ഫലമായി നേടിയെടുത്തതാണ് ഈ വിജയങ്ങള്‍. അവിടെയാണ് ആ വിദ്യാര്‍ഥി സമൂഹത്തെ അവര്‍ ഉള്‍ക്കൊള്ളുന്ന സമുദായം ‘ മുസ്ലിം” ആയി എന്ന ഒറ്റക്കാരന്നത്താല്‍ അവഹേളിച്ച് പ്രസ്താവന നടത്തുന്നത്. ഇത് പിന്‍വലിക്കാന്‍ മുന്‍മുഖ്യമന്ത്രിയായ വി.എസ് അച്യുതാനന്ദന്‍ തയ്യാറായിട്ടില്ല, എന്ന് മാത്രമല്ല അദ്ദേഹത്തെ തിരുത്താന്‍ സി.പിഎം എന്ന പാര്‍ട്ടിയും തയ്യാറായിട്ടില്ല എന്ന ചരിത്രയാഥാര്‍ത്യവും നമ്മുടെ മുന്നിലുണ്ട്. ജനതയെ അപഹസിക്കുന്ന വസ്തുതാ വിരുദ്ധമായ ഒരു പരാമര്‍ശം ചരിത്രത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് പാര്‍ട്ടി ഉപേക്ഷിക്കാന്‍ തയ്യാറില്ലാത്ത സവര്‍ണ ബോധത്തെ പേറുന്നത് കൊണ്ടായിരിക്കും. ഇരുപത് വര്‍ഷം കൊണ്ട് കേരളം ഇസ്ലാമിക രാജ്യമാവും എന്ന് പ്രസ്താവന നടത്തിയതും ഇതേ വി.എസ് അച്യുതാനന്ദന്‍ തന്നെയാണെന്നത് മറ്റൊരു ചരിത്രം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ മുസ്ലിം ഭീതി ഉല്‍പാദിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ ഇനിയും നമുക്കറിയാവുന്നതാണ്. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് വിജയരാഘവന്‍ നടത്തിയ പ്രതാവനയും ഈ ഗണത്തില്‍പ്പെട്ടതാണ് ഒരു പ്രദേശത്തെ ജനതയെ മുഴുവന്‍ അപമാനവീകരിക്കുന്ന വര്‍ഗീയവാദികളായി ചിത്രീകരിക്കുന്ന ഇത്തരം പ്രസ്താവനയില്‍ സി.പി.എമ്മില്‍ അന്തര്‍ഭവിച്ച സവര്‍ണ വിധേയത്വം തന്നെയാണ് പുറത്ത് വരുന്നത്. മുസ്ലിം വിരോധം ഉള്ളടക്കമായ ഒരു ഹിന്ദു ( മുസ്ലിം ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധ്യം താരതമ്യേന കുറവാണ്) പാര്‍ട്ടിയല്ല സി.പി.എം എന്ന യാഥാര്‍ഥ്യം അംഗീകരിക്കുമ്പോഴും ”ഹിന്ദുത്വ”യുടെ ആശയാവലികള്‍ സ്വീകരിക്കുന്നതായി പലപ്പോഴും കണ്ട് വരുന്നു. അഥവാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും സംഘ്പരിവാര്‍ തന്നെ വിജയിച്ച് കൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക സാമൂഹ്യ പരിസരമാണ് കേരളത്തിലുള്ളത് എന്നര്‍ത്ഥം. ഇത്തരത്തില്‍ സംഘ്പരിവാറിന്റെ സവര്‍ണ മേല്‍ക്കോയ്മാ വാദത്തെ, മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തെ ബോധത്താലൊ അബോധത്താലൊ കൊണ്ടുനടക്കുന്നവരായി പാര്‍ട്ടിയും മാറിയിരിക്കുന്നു എന്നതിന്റെ എത്രയെങ്കിലും ഉദാഹരണങ്ങളില്‍ ചിലത് മാത്രമാണ് ഇത് എന്ന് നമുക്കറിയാം.

ജനാധിപത്യത്തിന്റെ സൗന്ദര്യം, ന്യൂനപക്ഷങ്ങളും മൂലക്കിരുത്തപ്പെട്ടവരും മുകളിലേക്ക് കയറിവരുമ്പോള്‍ മാത്രമെ സാര്‍ഥകമാവുകയുള്ളൂ എന്ന പാഠം നാം ഇനിയും പഠിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്യം. മുസ്ലിംകള്‍ രാഷ്ട്രീയമായി സംഘടിച്ചാല്‍ അത് ദേശരാഷ്ട്ര സങ്കല്പങ്ങള്‍ക്ക് എതിരാണെന്ന ഇപ്പോഴും നിലനില്‍ക്കുന്ന അന്ധവിശ്വാസത്തെ തിരുത്താതെ ഇത്തരം മുസ്ലിംഭീതിയെ മറികടക്കാന്‍ നമുക്ക് സാധിക്കുകയില്ല. മുസ്ലിംഭീതി നിരന്തരം ഉല്‍പാദിപ്പിക്കുന്ന സംഘ്പരിവാര്‍ ഇന്ത്യയില്‍,അവരോടൊപ്പം റൂട്ട് മാര്‍ച്ച് ചെയ്യാന്‍ സി.പിഎമ്മിനെ ആവശ്യമില്ല എന്ന് പറഞ്ഞ് കൊടുക്കാന്‍ ആ പാര്‍ട്ടിയില്‍ ഇപ്പോള്‍ ആളുകളില്ല എന്നത് മറ്റൊരു ദുരന്തമാണ്. നമ്പൂരി ഇല്ലത്തെ പട്ടിണിയില്‍ വിഷമിക്കുന്ന പുരോഗമന കലാ സാഹിത്യ പ്രസ്ഥാനം തന്നെയാണ് സവര്‍ണ സംവരണത്തിന് വേണ്ടി സിദ്ധാന്തങ്ങള്‍ നിര്‍മ്മിച്ച് കൊടുക്കുന്നത്. ഇവിടെ സവര്‍ണ സംവരണത്തിനെതിരെ ശബ്ദിക്കുന്നവര്‍ തീവ്രവാദികള്‍ആയിതീരുന്ന ഒരു കേരളീയ പരിസരം രൂപപ്പെടുത്തുന്നതും അവര്‍ തന്നെയാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ച് പിന്നോക്കം നില്‍ക്കുന്ന ഒരു ജനത എന്ന നിലയില്‍ മുസ്ലിം സമുദായത്തിന് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്യപ്പെട്ട ഒരു സ്ഥിതി വിശേഷവും ഇവിടെ രൂപപ്പെട്ടു.

ഇത്തരത്തിലുള്ള വലിയ ചര്‍ച്ചകളില്‍നിന്നും ചിന്തകളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ മുഹറം ചന്ത പോലുള്ള പൊടിക്കൈകള്‍ കൊണ്ട് മറികടക്കാം എന്നാണ് പാര്‍ട്ടി ശ്രമിക്കുന്നത്. അഥവാ വീണ്ടും വീണ്ടും ഒരു സമുദായത്തെ അപരവല്‍ക്കരിക്കാനും ഇല്ലാത്ത ആഘോഷങ്ങള്‍ നല്‍കി അവരെ സഹായിക്കുന്ന പ്രതീതിയും സൃഷ്ടിക്കുക. ഒരേ സമയം സംഘ്പരിവാറിനോടൊപ്പം സഞ്ചരിക്കുകയും അതോടൊപ്പം ഇല്ലാത്ത ഒരു ചന്തയെ കുറിച്ച് പറയുകയും, മുസ്ലിം പ്രീണനം നടത്തുന്നവരാണ് ഇവര്‍ എന്ന് സംഘ്പരിവാറിനെ കൊണ്ട് പറയിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ കണ്ട് വരുന്ന ഒരു രീതി. അതിനാല്‍ ഇത്തരത്തിലുള്ള മുസ്ലിം വിരുദ്ധ പൊതു ബോധ നിര്‍മിതിയില്‍ നിന്ന് ക്രൈസ്തവ സഭയും സി.പി.എമ്മും പിന്മാറാവാന്‍ തയാറാവുന്നില്ലെങ്കില്‍ മുസ്ലിം അപരവല്‍ക്കരണത്തില്‍ സംഘപരിവാറിനൊപ്പം സഞ്ചരിച്ചവര്‍ എന്ന് ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply