സിപിഎം കടുത്ത പ്രതിസന്ധിയില്‍

പ്രതിപക്ഷത്തുനിന്നു ശക്തമായ ഇടപെടലുകള്‍ ഇല്ലാതിരുന്നിട്ടും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാരും പാര്‍ട്ടിയും കടന്നുപോകുന്നത്. അതാകട്ടെ ആറോളം നിയമസഭാ മണ്ഡങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ആസന്നമായ വേളയില്‍. ഈ പ്രതിസന്ധികളെ അതിജീവിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നേതാക്കള്‍ക്ക് കരുത്തുണ്ടോ എന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്.

 

അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് സിപിഎം കടന്നുപോകുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലൊതുങ്ങിയെങ്കിലും എന്തെങ്കിലും ശക്തി ബാക്കി നില്‍ക്കുന്ന കേരളത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകള്‍ എതിരാളികളെ പോലും ഞെട്ടിക്കുന്നവയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്ത പ്രധാന വാര്‍ത്തകളെല്ലാം തന്നെ പാര്‍ട്ടിയുമായും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരുമായും ബന്ധപ്പെട്ട വീഴ്ചകളുടേയും തെറ്റായ നടപടികളുടേയുമായിരുന്നു ഇപ്പോഴുമത് തുടരുകയാണ്. അവയില്‍ ഭൂരിഭാഗവും സിപിഎമ്മിന്റെ ശക്തിദുര്‍ഗ്ഗമായ കണ്ണൂരില്‍ നിന്നും.
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ഇതുവരേയും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. മാത്രമല്ല കുറ്റാരോപിതര്‍ക്കെതിരെ കര്‍ക്കശ നടപടികളെടുക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ തയ്യാറാകുന്നുമില്ല. പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം നിലനില്‍ക്കുന്ന, മറ്റു പാര്‍ട്ടിക്കാര്‍ മത്സരിക്കാന്‍ പോലും ഭയപ്പെടുന്ന നഗരസഭയിലാണ് സംഭവം എന്നതാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. ആത്മഹത്യചെയത് സാജനും പാര്‍ട്ടിക്കാരനായിരുന്നല്ലോ. സംഭവത്തില്‍ നഗരസഭാധ്യക്ഷക്ക് വീഴ്ച വന്നിട്ടില്ല എന്നു വാദിക്കാന്‍ സിപിഎം നേതാക്കളോ പ്രവര്‍ത്തകരോ പോലും തയ്യാറാകുന്നില്ല. എന്നാല്‍ അത്തരം സന്ദര്‍ഭത്തില്‍ സ്വാഭാവികമായും ചെയ്യേണ്ടതെന്താണ്|? നിരപരാധിത്വം തെളിയുന്നതു വരെ മാറിനില്‍ക്കാന്‍ ആവശ്യപ്പെടുക. എന്നാലതിനുപോലും പാര്‍ട്ടി തയ്യാറാകുന്നില്ല. അധ്യക്ഷയാകട്ടെ സ്വയം അതിനു സന്നദ്ധയാകുന്നുമില്ല. പകരം നാലു ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടിയെടുത്ത് കൈകഴുകാനാണ് പാര്‍ട്ടിശ്രമം. അതിരൂക്ഷമായ പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന പദ്ധതികള്‍ക്കുപോലും അനുമതി നല്‍കുകയും എതിര്‍ക്കുന്നവരെ തീവ്രവാദികളായി മുദ്രകുത്തി അടിച്ചമര്‍ത്തുകയും ചെയ്യുന്ന കാലത്താണ് നിസ്സാര സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഒരു പ്രവാസി സംരംഭകനെ ആത്മഹത്യയിലെത്തിച്ചത് എന്നതു മറ്റൊരു വിഷയം. അതും സംരംഭകരെ ക്ഷണിക്കുകയും ഓരോ ഫയലിനു പുറകിലും നിരവധി ജീവിതങ്ങളുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോള്‍.
പാര്‍ട്ടിയെ അടിമുടി കുലുക്കുന്ന മറ്റൊന്ന് ബിനോയ് വിഷയം തന്നെ. പ്രായപൂര്‍ത്തിയായ ഒരാളുടെ പ്രവര്‍ത്തികളില്‍ മാതാപിതാക്കള്‍ക്ക് എന്തു ഉത്തരവാദിത്തം എന്ന ചോദ്യം ന്യായം തന്നെയാണ്. പക്ഷെ കോടിയേരിയുമായി ബന്ധപ്പെട്ട വിഷയം അത്ര ലളിതമല്ലെന്ന് ചൂണ്ടികാട്ടപ്പെടുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളും സമ്പന്നരായത് വി എസ് മന്ത്രിസഭയില്‍ കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലം മുതലാണെന്നതാണ് പ്രധാന ആരോപണം. കോടിയേരിക്ക് നേരിട്ട് പങ്കില്ലെങ്കില്‍ കൂടി അവരുടെ വളര്‍ച്ചക്കു കാരണമെന്താണെനന് ചോദ്യം പ്രസക്തം തന്നെയാണ്. ഇവരുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള സാമ്പത്തിക തട്ടിപ്പാരോപണവും ഉയര്‍ന്നിരുന്നു. അക്കാരണങ്ങളാല്‍ സര്‍ക്കാരിനെ നയിക്കുന്ന പ്രധാന പാര്‍ട്ടിയുടെ സെക്രട്ടറിക്ക് കൈകഴുകാനാകുമോ എന്ന ചോദ്യത്തില്‍ കഴമ്പുണ്ട് – സംഭവവുമായി ബന്ധപ്പെട്ട സദാചാര നിലപാടുകള്‍ തള്ളിക്കളയുമ്പോഴും. മുംബൈയിലെ അഭ്ഭാഷകന്റെ വെളിപ്പെടുത്തലോടെ ഈ വിഷയം തനിക്കറിയുമായിരുന്നില്ല എന്ന കോടിയേരിയുടെ വാദവും രൊളിയുകയാണ്. വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കുന്നത് കുറ്റകരവുമാണല്ലോ. എന്തായാലും പെണ്‍കുട്ടിയുടെ ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതി തീരുമാനിക്കട്ടെ.
ദിവസങ്ങള്‍ക്കുമുമ്പ് നടന്നതാണെങ്കിലും വടകരയില്‍ പി ജയരാജനെതിരെ മത്സരിച്ച മുന്‍ സിപിഎം പ്രവര്‍ത്തകന്‍ നസീറിനു നേരെയുണ്ടായ വധശ്രമത്തിന്റെ അലയൊലികളും തുടരുകയാണ്. സംഭവത്തില്‍ നസീര്‍ വിരല്‍ ചൂണ്ടുന്നത് യുവനേതാവും എംഎല്‍എയുമായ ഷംസീറിനു നേരെയാണ്. പോലീസ് അറസ്റ്റുചെയ്തവരാകട്ടെ ഷംസീറുമായി അടുത്തവരും. സിപിഎം എംഎല്‍എ ഒരാളെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കില്ല എന്നു വിശ്വസിക്കാന്‍ ആരും വിഡ്ഢികളൊന്നുമല്ലല്ലോ.
ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ മറ്റൊരു അടിയൊഴുക്ക് പാര്‍ട്ടിയില്‍ നടക്കുന്നതായും ചൂണ്ടികാട്ടപ്പെടുന്നു. പിണറായിയെ പോലും മറികടന്ന് കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനായ പി ജയരാജനെ ഒതുക്കാനായിരുന്നു വടകരയില്‍ മത്സരിപ്പിച്ചതും തെരഞ്ഞെടുപ്പിനുമുമ്പെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയതെന്നതും ഏതു രാഷ്ട്രീയ നിരീക്ഷകനും മനസ്സിലായിരുന്നു. മറ്റു ജില്ലകളിലെ സീനിയര്‍ നേതാക്കളെ പോലും പുറകിലാക്കി പാര്‍ട്ടി കൈയിലാക്കിയ കണ്ണൂരിലെ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ ഗ്രൂപ്പിസമാണ് നടക്കുന്നതെന്നും അതിന്റെ പ്രതിഫലനം ഈ സംഭവങ്ങള്‍ക്കു പുറകിലുണ്ടെന്നും വിശ്വസിക്കുന്നവരാണധികവും. സ്വാഭാവികമായും തനിക്കുനേരെ ചൂണ്ടിയ നസീര്‍ അക്രമണത്തില്‍ വളരെ തന്ത്രപൂര്‍വ്വം നിരപരാധിയെന്ന് എല്ലാവരേയും ബോധ്യപ്പെടുത്തിയ പി ജയരാജന്‍, ആന്തുര്‍ വിഷയത്തിലും വ്യത്യസ്ഥ നിലപാടെടുത്ത് കയ്യടി നേടി. ബിനോയ് വിഷയത്തില്‍ അദ്ദേഹം മൗനം അവലംബിക്കുന്നു. കണ്ണൂരിലെ പ്രമുഖ നേതാക്കളായ കോടിയേരി, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ എന്നിവരൊക്കെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആരോപണവിധേയരായിരിക്കുമ്പോഴാണ് പി ജയരാജന്റെ തിരിച്ചുവരാനുള്ള നീക്കം. അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും ഈ സംഭവങ്ങളില്‍ അടിയൊഴുക്കായി പ്രവര്‍ത്തിക്കുന്നു എന്നതില്‍ സംശയം വേണ്ട.
ഈ വിഷയങ്ങളില്‍ മുങ്ങിപോയെങ്കിലും മറ്റനവധി ഗൗരവമായ വിഷയങ്ങളും പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്നുവന്ന ദിവസങ്ങളാണ് കടന്നുപോയത്. പാര്‍ട്ടിയുടെ മറ്റൊരു കോട്ടയായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്ത സംഭവത്തിന് ഈ കോലാഹലത്തിനിടയില്‍ വലിയ ശ്രദ്ധ ലഭിച്ചില്ല. വിയ്യൂര്‍ ജയിലില്‍ ടി പി ചന്ദ്രശേഖരന്റെ ഘാതകരില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സര്‍ക്കാരുകള്‍ക്ക് എന്നും തലവേദനയായ ഋഷിരാജ് സിംഗാണ് ഈ റെയ്ഡുകള്‍ നടത്തിയത്. കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിനിടയിലാണ് രാജു നാരായണ സ്വാമിയുടെ ആരോപണവും രംഗത്തുവന്നിരിക്കുന്നത്. ജേക്കബ്ബ് തോമസിനെതിരെ ശിക്ഷാ നടപടി സ്വീകരിച്ച സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണ സ്ഥാപനത്തിനെതിരെ പോലും നടപടിയെടുക്കുന്നു. സീനിയറും ജൂനിയറുമായ പല ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും സര്‍ക്കാരുമായി ഭിന്നതകളിലാണ്. അതിനിടയിലാണ് പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാക്കിയ പ്രശ്‌നങ്ങള്‍. കാര്‍ട്ടൂണ്‍ വിവാദവും ശബരിമലയുമായി ബന്ധപ്പെട്ട എന്‍ കെ പ്രേമചന്ദ്രന്റെ ബില്ലിനോടുള്ള നിലപാടും സര്‍ക്കാരിലെയും പാര്‍ട്ടിയിലേയും അഭിപ്രായഭിന്നതകള്‍ പുറത്തുകൊണ്ടുവരുന്നു. മുഖ്യമന്ത്രിയാകട്ടെ എല്ലാവിഷയങ്ങളിലും മൗനം തുടരുകയാണ്.
ചുരുക്കത്തില്‍ പ്രതിപക്ഷത്തുനിന്നു ശക്തമായ ഇടപെടലുകള്‍ ഇല്ലാതിരുന്നിട്ടും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാരും പാര്‍ട്ടിയും കടന്നുപോകുന്നത്. അതാകട്ടെ ആറോളം നിയമസഭാ മണ്ഡങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ആസന്നമായ വേളയില്‍. ഈ പ്രതിസന്ധികളെ അതിജീവിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നേതാക്കള്‍ക്ക് കരുത്തുണ്ടോ എന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply