കൊവിഡും യോഗിയും തകര്‍ക്കുന്ന ‘രാമരാജ്യം’

ഉത്തര്‍പ്രദേശ് നമുക്കും പാഠമാണ്. അത് ഇത്തരം മാറാവ്യാധികളെ എങ്ങിനെ നേരിടണം എന്ന് മാത്രമല്ല നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യന്റെ അഹന്തയും അസൂയയും ശമിപ്പിക്കാന്‍ പ്രകൃതിക്ക് ഒരു നിമിഷം പോലും ആവശ്യമില്ല എന്നതിന്റെ ഗുണപാഠം കൂടിയാണ്.

യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്ന ശേഷം ഉത്തര്‍പ്രദേശ് വന്യജീവികള്‍ മേയുന്ന ഒരു കൊടും കാടിന്റെ ചിത്രമാണ് മനസിലേക്ക് കൊണ്ടു വന്നിരുന്നത്. മനുഷ്യത്വത്തിന്റെ ഒരു കണിക പോലും ആ ഭരണാധികാരിയുടെ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ല. ഒരുപുഞ്ചിരി പോലും ആ വദനത്തില്‍ വിരിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങളേയും കീഴാളരേയും വേട്ടമൃഗങ്ങളെ പോലെ പിന്തുടരുകയായിരുന്നു യോഗി. മനുഷ്യത്വമെന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത മട്ടിലുള്ള നടപ്പിരുപ്പുകള്‍. സകലവും മതത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന അസഹിഷ്ണുതയുടെ മൂര്‍ത്തരൂപമായ ഇത്തരം ഒരു സാംസ്‌കാരിക ദുര്‍ഭൂതം സ്വതന്ത്രഭാരതത്തില്‍ ഇന്നോളം അധികാരത്തില്‍ ഇരുന്നതായി അറിയില്ല. ശങ്ക ബാധിച്ച് സ്വന്തത്തെ പോലും വിശ്വാസമില്ലാത്ത മട്ടില്‍ സകലരേയും സംശയദൃഷ്ടിയോടെ മാത്രം നോക്കിക്കാണുന്ന യോഗിയുടെ എത്രയോ ചിത്രങ്ങള്‍ ഒരുപക്ഷെ നിങ്ങളുടെ ഉള്ളിലും ഇപ്പോള്‍ തെളിഞ്ഞു വരുന്നുണ്ടാവാം.

കോവിഡിന്റെ തുടക്കത്തിലേ ഉത്തര്‍പ്രദേശ് രോഗവ്യാപനത്തില്‍ മുന്‍പന്തിയിലായിരുന്നു. പക്ഷെ അത് അംഗീകരിക്കാന്‍ യോഗി തയ്യാറില്ലായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ ജോലി തേടിപ്പോയ വര്‍ നിരാലംബരായി തിരിച്ചു വരുന്ന ദൃശ്യങ്ങളാല്‍ സമൃദ്ധമായിരുന്നു അന്നത്തെ സമൂഹമാധ്യമങ്ങള്‍.ഈ നിസ്സഹായരെ യുപിയിലെ അതിരുകളില്‍ തടഞ്ഞു നിര്‍ത്തി പട്ടിണിക്കിടുകയാണിയാള്‍ ചെയ്തത്.അവര്‍ക്ക് യാത്രാസൗകര്യം പോലും നിഷേധിക്കപ്പെട്ടു. ഒടുവില്‍ പ്രിയങ്കാ ഗാന്ധി ഇടപെട്ടാണ് ഇവരെ സ്വന്തം വാസസ്ഥലത്ത് എത്തിച്ചത്. മറുവശത്ത് തബ്ലീഗ് ജമാഅത്തുകാര്‍ രോഗം പരത്തുന്നു എന്ന് പറഞ്ഞ് മൊത്തം മുസ്ലിംകളെയും ഒറ്റപ്പെടുത്താനാണ് യോഗി ശ്രമിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തുടക്കത്തിലേ ഉത്തര്‍പ്രദേശില്‍ കോവിഡ് ടെസ്റ്റ് ശരാശരി പോലും നടന്നിരുന്നില്ല. സ്വാഭാവികമായും ജനങ്ങളുടെ ജീവന്‍ ഇയ്യാം പാറ്റകളെ പോലെ പൊലിഞ്ഞു വീണു കൊണ്ടിരുന്നു. അവര്‍ ചികില്‍സ കിട്ടാതെ നെട്ടോട്ടമോടുമ്പോള്‍ ഒരു ഭരണാധികാരിയെന്ന നിലക്ക് അവര്‍ക്ക് ആശ്രയമാകുന്നതിന് പകരം ആ വിഷയം പറയുന്നവരെ തേജോവധം ചെയ്യാനാണ് തുടക്കം മുതലേ യോഗി ശ്രമിച്ചത്. യുപിയിലെ കോവിഡ് മരണങ്ങള്‍ പലപ്പോഴും മറ്റു രോഗങ്ങളുടെ പേരില്‍ വരവ് വെക്കപ്പെടുന്നതായി അപൂര്‍വ്വം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാസിസ്റ്റുകള്‍ക്ക് വിടുപണി ചെയ്യുന്ന നമ്മുടെ മുഖ്യധാരാ മാധ്യമങ്ങ ളാകട്ടെ അന്നിത് മൂടിവെക്കാന്‍ പാടുപെടുന്നതി ന്റെ ചാനല്‍ ദൃശ്യങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. രാമക്ഷേത്ര പൂജയില്‍ കോവിഡിനെ നിസ്സാരവ ല്‍ക്കരിച്ച് ഒരു മാസ്‌ക് പോലും ധരിക്കാതെയാ യോഗി പങ്കെടുത്തത്.അതിന്റെ ചിത്രങ്ങള്‍ അഭിമാനപുരസ്സരം ഷെയര്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ സംഘികള്‍ തിമര്‍ത്താടുകയായിരു ന്നു. അതും പോരാഞ്ഞ് മോഡി യോഗി അമിത്ഷാ പ്രഭൃതികള്‍ കോവിഡ് അമര്‍ന്നാല്‍ പൗരത്വ ബില്ല് നടപ്പാക്കുന്നത് പൂര്‍വ്വാധികം ശക്തിയോടെ തുടരുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി.

ഏതായാലും മ്യൂട്ടേഷനിലൂടെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്ന ഈ മഹാവ്യാധിയാല്‍ ഇന്ന് ഉത്തര്‍പ്രദേശ് കണ്ണീര്‍ വാര്‍ക്കുകയാണ്. ശവങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ഭീകര ദൃശ്യങ്ങളാണെങ്ങും. ശ്മശാനങ്ങളുടെ നാടായ വരണാസിയില്‍ നിന്ന് ഒരു സംസ്ഥാനമാകെ അത് പടരുന്നതിന്റെ പേടിപ്പെടുത്തുന്ന കാഴ്ചകള്‍ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. ചുരുക്കത്തില്‍ ഉത്തര്‍ പ്രദേശ് ഇന്നൊരു ശ്മശാന്‍ഘട്ടായി രൂപാന്തരപ്പെട്ടിരി ക്കുന്നു.

ഒരു ഉപമുഖ്യമന്ത്രിയുള്‍പ്പെടെ അഞ്ചു എം എല്‍ എമാര്‍ക്കാണിവിടെ കോവിഡിന് കീഴടങ്ങി ജീവന്‍ ത്യജിക്കേണ്ടി വന്നത്.പലരും ചികില്‍സ കിട്ടാതെയാണ് മരണത്തിന് കീഴടങ്ങിയത്. ഭരണതലത്തിലെ ഉന്നതങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ താഴെക്കിടയിലുള്ള സാധാരണക്കാരുടെ സ്ഥിതി നമുക്ക് ഊഹിക്കാം.എങ്കിലും യോഗിക്കൊരു കുലുക്കവുമില്ല. എന്ന് മാത്രമല്ല, ജീവവായു കിട്ടാതെ അനുദിനം നൂറുകണക്കിന് ആളുകള്‍ മരിച്ചുവീഴുമ്പോള്‍ അതിന്റെ ഇരകളോട് ഭീഷണിയുടെ സ്വരത്തിലാണയാള്‍ സംസാരിക്കുന്നത്. ഓക്‌സിജന്‍ ഇല്ലാ എന്ന് പറഞ്ഞു പോയാല്‍ അയാളുടെ ജോലി മാത്രമല്ല നഷ്ടപ്പെടുന്നത്. അവരുടെ സ്വത്തുകള്‍ കണ്ടുകെട്ടാനാണ് ഉത്തരവ്. ആരോഗ്യരംഗത്തുള്ളവരും ചിതറിത്തെറിച്ച പ്രതിപക്ഷ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദങ്ങളും നാടിന്റെ ദയനീയമായ അവസ്ഥയില്‍ മനം നൊന്ത് മീഡിയകള്‍ക്ക് മുന്നില്‍ വന്നിരുന്ന് ഏങ്ങിയേങ്ങി കരയുന്ന എത്രയെത്ര ദൃശ്യങ്ങള്‍. ചുരുക്കത്തില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഇന്ന് ചെകുത്താനും കടലിനും മദ്ധ്യേയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ടെസ്റ്റിന് മുന്‍തൂക്കം കൊടുത്ത് ഈ മഹാവ്യാധിയെ മറികടക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ ഞങ്ങള്‍ സുരക്ഷിതരാണ് എന്ന് വീമ്പിളക്കുകയായിരുന്നു യോഗിയും പിണയാളുകളും .ഞങ്ങള്‍ക്കിതൊന്നും ബാധകമല്ല എന്ന മട്ടില്‍ അവര്‍ നിസ്സംഗരായിരിപ്പായിരുന്നു. അതിന്റെ അവസാന കാഴ്ചയാണ് നമ്മള്‍ കുംഭമേളയില്‍ കണ്ടത്. സകലതും വെറുപ്പിന്റെ കണ്ണിലൂടെ മാത്രം കണ്ടിരുന്ന യോഗി മാസ്‌ക് ധരിക്കാന്‍ തുടങ്ങിയത് പോലും കാര്യങ്ങള്‍ കൈവിട്ട് പോയ ഈ സമയത്താണ്.

എഴുപത് വയസ് പിന്നിട്ട ഒരു പടുവൃദ്ധര്‍ സ്വന്തം ഭാര്യയുടെ മൃതശരീരത്തിന് മുമ്പില്‍ നിസ്സഹായനായി നില്‍ക്കുന്ന ചിത്രസഹിതമുള്ള ഒരു ഉത്തരേന്ത്യന്‍ ന്യൂസ് പോര്‍ട്ടലിലെ വാര്‍ത്തയാണ് ഈ എഴുത്തിന് പ്രേരകം. തന്റെ ഭാര്യക്ക് കോവിഡ് ബാധിച്ചതറിഞ്ഞ് ജൗന്‍പൂര്‍ വാസിയായ തിലക് ധാരി സിംഗ് അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയെ ശരണം പ്രാപിച്ചു. രോഗം മൂര്‍ച്ചിച്ച് വിധിക്ക് കീഴടങ്ങിയ അവളുടെ ഭൗതിക ശരീരം ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ ഗ്രാമവാസികള്‍ അനുവദിച്ചില്ല. ഈ അവസ്ഥയിലാണ് തന്റെ പ്രാണ പ്രേയസിയുടെ മൃതശരീരം സ്വന്തം സൈക്കിളില്‍ കെട്ടി വെച്ച് ഈ പാവം, അവളുടെ ജന്മനാടായ അവംപൂരിലേക്ക് പുറപ്പെട്ടത്. വഴിയില്‍ ബാലന്‍സ് തെറ്റി മൃതശരീരം റോട്ടില്‍ തെറിച്ചു വീണു.സോഷ്യല്‍ മീഡിയകളും പ്രാദേശിക ലേഖകരുമാണ് ഇത് പുറത്ത് കൊണ്ടുവന്നത്. ഈ സംഭവം ഇന്ന് ഉത്തര്‍പ്രദേശില്‍ ഒരു ഒറ്റപ്പെട്ട കാഴ്ചയല്ല. ഇത്തരം തിലക് ധാരി സിംഗുമാരുടെ ആര്‍ത്തനാദങ്ങളാല്‍ ശ്രീരാമന്റെ നാട് കേഴുകയാണ്. എവിടെ നോക്കിയാലും ചിതയെരിയുന്നു. ഒരുപക്ഷെ മുന്‍പ് വസൂരിക്കാലത്തും കോളറ പടര്‍ന്ന കാലത്തു പോലും യുപി ജനത ഇത്തരം ഒരു പ്രതിസന്ധി അഭിമുഖീകരിച്ചിട്ടുണ്ടാവില്ല.

ഉത്തര്‍പ്രദേശ് നമുക്കും പാഠമാണ്. അത് ഇത്തരം മാറാവ്യാധികളെ എങ്ങിനെ നേരിടണം എന്ന് മാത്രമല്ല നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യന്റെ അഹന്തയും അസൂയയും ശമിപ്പിക്കാന്‍ പ്രകൃതിക്ക് ഒരു നിമിഷം പോലും ആവശ്യമില്ല എന്നതിന്റെ ഗുണപാഠം കൂടിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply