കോവിഡ്-19 വാക്‌സിനുകള്‍ക്ക് അനുമതി : ആശങ്കകള്‍ അനാവശ്യം

രാജ്യത്ത് കോവിഡ്-19 വാക്‌സിനുകള്‍ക്ക് നിയന്ത്രിത ഉപയോഗത്തിനുള്ള അടിയന്തര അനുമതി ഇന്ത്യന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) നടത്തിയ വിലയിരുത്തലിന് ശേഷം ഡ്രഗ് കണ്‍ട്രോളര്‍ ജെനറല്‍ (DCGI) നല്കിയിരിക്കുകയാണ്. സൗജന്യമായി ഏതാണ്ട് 30 കോടി ആളുകളിലേക്ക് രണ്ടു പ്രാഥമികഘട്ടങ്ങളിലായി വാക്‌സിന്‍ എത്തിക്കാമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. വാക്‌സിനേഷന്‍ പൂര്‍ണമാകുന്നതിലൂടെ കോവിഡ് സാഹചര്യത്തിന് പര്യവസാനം ഉണ്ടാകുമെന്നും ‘നോര്‍മല്‍’ ജീവിതത്തിലേക്ക് നമുക്ക് മടങ്ങിപ്പോകാമെന്നും പ്രതീക്ഷിക്കാം.

രാജ്യത്ത് കോവിഡ്-19 വാക്‌സിനുകള്‍ക്ക് നിയന്ത്രിത ഉപയോഗത്തിനുള്ള അടിയന്തര അനുമതി ഇന്ത്യന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) നടത്തിയ വിലയിരുത്തലിന് ശേഷം ഡ്രഗ് കണ്‍ട്രോളര്‍ ജെനറല്‍ (DCGI) നല്കിയിരിക്കുകയാണ്. രണ്ടായിരത്തി ഇരുപത് ഡിസംബര്‍ മധ്യത്തില്‍ തന്നെ വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് വാക്‌സിന്‍ റോള്‍-ഔട്ട് ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അനുമതി നല്‍കപ്പെട്ടത് ജനുവരി ആദ്യം മാത്രമാണ്. മിക്ക രാജ്യങ്ങളിലും നിലവില്‍ കൂടുതലായി ലഭ്യമാകുന്നത് ‘എം.ആര്‍.എന്‍.എ’ (mRNA) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഫൈസര്‍/ബയോണ്‍ടെക് (Pfizer-BioNTec) വാക്‌സിനും മോഡര്‍ന (Moderna) വാക്‌സിനുമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ അനുമതി നേടിയ കോവിഷീല്‍ഡ് (Covishield) അഥവാ ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനെക്ക (Oxford-AstraZeneca) കോവിഡ്-19 വാക്‌സിന്‍ വൈറല്‍ വെക്ടര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. തദ്ദേശീയമായി വികസിപ്പെച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ (Covaxin) ആണ് രണ്ടാമത്തെ അനുമതി ലഭിച്ച വാക്‌സിന്‍. ഇതൊരു ഇനാക്റ്റിവേറ്റഡ് വൈറസ് വാക്‌സിനാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ആദ്യ കോവിഡ് വാക്‌സിനായ ഫൈസര്‍ വാക്‌സിനും ഇന്ത്യയില്‍ അതിവേഗ അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ട്.

തയ്യാറായ വാക്‌സിനുകളും അവയുടെ ഫലപ്രാപ്തിയും

എം.ആര്‍.എന്‍.എ, വൈറല്‍ വെക്ടര്‍, ഇനാക്റ്റിവേറ്റഡ് വൈറസ് തുടങ്ങി വാക്‌സിനുകള്‍ വിവിധ തരത്തില്‍ ഉണ്ടെന്ന് മനസ്സിലായല്ലോ. എങ്ങനെയാണ് ഇവയൊക്കെ പ്രവര്‍ത്തിക്കുന്നത്, എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം, ഇതില്‍ ഏതാണ് കൂടുതല്‍ ഫലപ്രദം? നേരത്തെ റഷ്യയിലെ ഗാമലെയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നിക്-V എന്ന കോവിഡ് വാക്‌സിന് രണ്ടാം ഘട്ടത്തില്‍ തന്നെ അവിടുത്തെ സര്‍ക്കാര്‍ ഏജന്‍സി അനുമതി കൊടുത്തത് ലോകവ്യാപകമായ വിവാദമുണ്ടാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നല്‍കപ്പെടുന്ന വാക്‌സിനുകള്‍ക്ക് മൂന്ന് ഫേസ് പഠനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യത്തേത് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫൈസര്‍ കമ്പനിയും ജര്‍മനിയിലെ ബയോണ്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച ഫൈസര്‍-ബയോണ്‍ടെക് വാക്‌സിനാണ്. അമേരിക്കയിലെ തന്നെ മസാച്ചുസെറ്റ്‌സിലുള്ള മോഡര്‍ന എന്ന കമ്പനിയുടെയാണ് രണ്ടാമത്തെ വാക്‌സിന്‍. ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ മൂന്നാം ഘട്ടത്തില്‍ 95% ഫലപ്രാപ്തി (efficacy) കാണിച്ചപ്പോള്‍ മോഡര്‍നയുടെ ഫലപ്രാപ്തിക്ക് അതില്‍നിന്ന് നേരിയ വ്യത്യാസമേയുള്ളൂ – 94.1%. സ്റ്റോറേജിലും ഷിപ്പിങ്ങിലുമാണ് ഈ രണ്ട് വാക്‌സിനുകള്‍ക്ക് പ്രകടമായ വ്യത്യാസമുള്ളത്. ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ വളരെ കുറഞ്ഞ താപനിലയില്‍ (deep freeze) സൂക്ഷിക്കേണ്ടി വരുമ്പോള്‍ മോഡര്‍ന വാക്‌സിന് സാധാരണ റെഫ്രിജിറേറ്റര്‍ മതിയാകും. അതായത് ഡീപ് ഫ്രീസ് (-80 മുതല്‍ -60 വരെ ഡിഗ്രി സെല്‍ഷ്യസ്) റെഫ്രിജിറേറ്ററുകളുടെ ലഭ്യതക്കുറവ് ഉള്ളതിനാല്‍ പബ്ലിക് ഇമ്മ്യൂണൈസേഷന്‍ പദ്ധതിക്ക് എം.ആര്‍.എന്‍.എ വാക്‌സിനെ ഇന്ത്യ ആശ്രയിക്കുകയാണെങ്കില്‍ ഫൈസര്‍-ബയോണ്‍ടെക്കിനെക്കാള്‍ മോഡര്‍നക്കാണ് സാധ്യത. രണ്ടും രണ്ട് ഡോസ് വീതം കുത്തിവെപ്പായാണ് എടുക്കേണ്ടത്.

നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ച ‘ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍’ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ്. ഒരു ബില്യന്‍ (100 കോടി) വാക്‌സിന്‍ ഡോസുകള്‍ നിര്‍മിക്കാന്‍ ആസ്ട്രസെനെക്ക കമ്പനി പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) യുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനെക്ക വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ‘കോവിഷീല്‍ഡ്’ എന്ന പേരിലാണ് പുറത്തിറക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് അനുയോജ്യമായ ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനെക്ക വാക്‌സിന് ആദ്യം ബ്രിട്ടീഷ് റെഗുലേറ്ററി ഏജന്‍സിയും തുടര്‍ന്ന് ഇന്ത്യയും ഇപ്പോള്‍ അനുമതി നല്കിയിട്ടുണ്ട്. സാധാരണ റെഫ്രിജിറേറ്ററില്‍ ആറ് മാസം വരെ സൂക്ഷിക്കാവുന്ന കോവിഷീല്‍ഡ് 4 മുതല്‍ 12 ആഴ്ച വരെ ഇടവിട്ടുള്ള രണ്ടു ഡോസുകളായാണ് നല്‍കേണ്ടത്. DCGI യുടെ അറിയിപ്പ് പ്രകാരം 70.42% ആണ് കോവിഷീല്‍ഡിന്റെ ഫലപ്രാപ്തി നിരക്ക്. ഇന്ത്യയിലെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ തുടരുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭാരത് ബയോടെക്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ICMR) ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ (Covaxin) നേരത്തെയുള്ള ട്രയലുകളില്‍ 60% ഫലപ്രാപ്തി കാണിച്ചിരുന്നു. ആദ്യ രണ്ടുഘട്ടങ്ങളിലെ എഫിക്കസി അനാലിസിസില്‍ മികച്ച പരിരക്ഷ നല്കുമെന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്ന കോവാക്‌സിന്റെ വിശാലമായ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. എന്നാലും നിലവില്‍ ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് കോവാക്‌സിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ഫൈസര്‍ വാക്‌സിന്‍ അതിന്റെ എഫിക്കസി തെളിയിക്കാന്‍ മതിയായ ഡേറ്റ സര്‍ക്കാര്‍ ഏജന്‍സിക്ക് സമര്‍പ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒടുവിലത്തെ വിവരമനുസരിച്ച് മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ 92% ഫലപ്രാപ്തിയവകാശപ്പെടുന്ന സ്പുട്‌നിക്-V യും ഇന്ത്യയിലെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ്.

വിവിധ വാക്‌സിന്‍ സാങ്കേതികവിദ്യകള്‍

പൊതുവില്‍ വാക്‌സിനുകള്‍ ചെയ്യുന്നത് രോഗാണുവിനെതിരെയുള്ള നമ്മുടെ ശരീരത്തിലെ ആര്‍ജിത രോഗപ്രതിരോധത്തെ ആക്ടിവേറ്റ് ചെയ്യുകയെന്നതാണ്. ആര്‍ജിത രോഗപ്രതിരോധമെന്നാല്‍ രോഗാണു ആക്രമിച്ച ശേഷം പതുക്കെ രൂപപ്പെടുന്ന പ്രതിരോധസംവിധാനം. വീണ്ടും അതേ രോഗാണുവിനെ കണ്ടുമുട്ടുമ്പോള്‍ പെട്ടന്ന് അവയെ ഇല്ലാതാക്കി നമ്മളെ രോഗം കീഴടക്കുന്നത് തടയാന്‍ സഹായിക്കുന്നത് രോഗപ്രതിരോധത്തിലെ ഈ സംവിധാനമാണ്. ആദ്യത്തെ ആക്രമണത്തില്‍ ശരീരത്തില്‍ ഉണ്ടായ ആന്റിബോഡികള്‍ (മെമ്മറി കോശങ്ങളും അവയുണ്ടാക്കുന്ന ആന്റിബോഡി ഉല്‍പ്പെടെയുള്ള പ്രോട്ടീനുകളും) പിന്നീടുള്ള ആക്രമണ സമയങ്ങളില്‍ പ്രതിരോധവ്യവസ്ഥയെ ജാഗരൂകരായിരിക്കാന്‍ പ്രാപ്തരാക്കുന്നു. അതുകൊണ്ടാണ് രണ്ടാമത് പല അസുഖങ്ങളും വരാനുള്ള സാധ്യത തുലോം തുച്ഛമാകുന്നത്. ഈ പ്രക്രിയ മുതലെടുത്ത് ആദ്യത്തെ ആക്രമണത്തെ മിമിക് ചെയ്ത് രോഗം വരാതെ തന്നെ രോഗാണുവിനെതിരെയുള്ള ആന്റിബോഡികള്‍ സൃഷ്ടിക്കുകയെന്നതാണ് വാക്‌സിനുകളുടെ ജോലി.

വാക്‌സിന്‍ ടെക്‌നോളജി പ്രധാനമായും നാലുതരത്തിലാണുള്ളത് – വൈറസ് വാക്‌സിന്‍, വൈറല്‍ വെക്ടര്‍ വാക്‌സിന്‍, ന്യൂക്ലിയോടൈഡ് വാക്‌സിന്‍, പ്രോട്ടീന്‍ ബെയിസ്ഡ് വാക്‌സിന്‍ എന്നിവ. അവയെപ്പറ്റി കൂടുതല്‍ പറയുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങളുണ്ട്. നമ്മുടെ കോശങ്ങളില്‍ പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നത് അവയെ നിര്‍മിക്കാനുള്ള വിവരം (Genetic information) ഡി.എന്‍.എ-യിലെ ജീനുകളില്‍ നിന്ന് എം.ആര്‍.എന്‍.എ-യിലേക്ക് കൈമാറി, ആ എം.ആര്‍.എന്‍.എ ഡിക്കോഡ് ചെയ്താണ്. എം.ആര്‍.എന്‍.എ-യില്‍ നിന്ന് പ്രോട്ടീന്‍ ഉണ്ടാക്കാനുള്ള സംവിധാനം കോശത്തിനുള്ളിലുണ്ട്. ഇത്തരം സംവിധാനങ്ങളെ മുതലെടുത്താണ് വൈറസുകള്‍ പെരുകുന്നത്. കൊറോണ (SARS-CoV-2) വൈറസും അതുതന്നെയാണ് ചെയ്യുന്നത്. മുള്ളുപോലെ പൊങ്ങിനില്‍ക്കുന്ന കൊറോണയുടെ സ്‌പൈക്ക് പ്രോട്ടീന്‍ അവയെ മനുഷ്യകോശങ്ങളിലേക്ക് കടക്കാന്‍ സഹായിക്കും. കോശങ്ങളുടെയുള്ളില്‍ കോറോണയുടെ ജെനറ്റിക് മറ്റീരിയലായ ആര്‍.എന്‍.എ എത്തിയാല്‍ നമ്മുടെ സംവിധാനങ്ങളുപയോഗിച്ച് വൈറസ് അവയുടെ പ്രോട്ടീനുകള്‍ ധാരാളമായുണ്ടാക്കുന്നു. അങ്ങനെ വൈറസുകള്‍ പെരുകുന്നു.

വൈറസുകളുടെ മേല്പറഞ്ഞ ഗുണങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വൈറസ് വാക്‌സിനാണ് ആദ്യത്തെ ടൈപ്പ്. അസുഖം വരുത്താതെ തന്നെ ആര്‍ജിത രോഗപ്രതിരോധത്തെ ആക്ടിവേറ്റ് ചെയ്യാന്‍ (അല്ലങ്കില്‍ ആന്റിബോഡികള്‍ ഉണ്ടാക്കാന്‍) യഥാര്‍ഥ വൈറസ് തന്നെ വീര്യം കുറച്ചോ അല്ലങ്കില്‍ പൂര്‍ണമായും നിര്‍വീര്യമാക്കിയോ നല്കുന്ന രീതിയാണിത്. ഇതിനായി വൈറസിന്റെ വീര്യം കുറയ്ക്കുന്ന, അഥവാ രോഗം വരുത്താനുള്ള അതിന്റെ ശേഷി കുറയ്ക്കുന്ന മ്യൂട്ടേഷനുകള്‍ കണ്ടെത്തണം. പോളിയോ, മീസില്‍സ് എന്നീ വൈറസ് രോഗങ്ങള്‍ക്ക് ഈ രീതി നമ്മള്‍ ഫലപ്രദമായി ഉപയോഗിച്ചു പോരുന്നുണ്ട്. പൂര്‍ണമായി വൈറസിനെ നിര്‍വീര്യമാക്കാന്‍ ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്ന ഹോള്‍-വിരിയണ്‍ ഇനാക്റ്റിവേറ്റഡ് കോവിഡ്-19 വാക്‌സിന്‍ പേര് സൂചിപ്പിക്കുന്ന പോലെ നിര്‍വീര്യമാക്കിയ കോവിഡ്-19 വൈറസ് തന്നെയാണ്. ഇത്തരം വാക്‌സിനുകള്‍ വിപണിയില്‍ എത്തുന്നതിന് മുന്‍പ് അവയുടെ സുരക്ഷ ആഴത്തില്‍ പരിശോധിക്കപ്പെടും. രണ്ടാമത്തേത് വൈറല്‍ വെക്ടര്‍ വാക്‌സിനാണ്. ഓര്‍മിക്കുക, ആന്റിബോഡികള്‍ ഉണ്ടാക്കാന്‍ യഥാര്‍ഥ വൈറസ് മുഴുവനായി ആവശ്യമില്ല. അവയുടെ ഭാഗങ്ങള്‍ മാത്രം മതി. ഉദാഹരണത്തിന് കൊറോണ വൈറസിന്റെ കാര്യത്തില്‍ നേരത്തെ സൂചിപ്പിച്ച അവയുടെ സ്‌പൈക്ക് പ്രോട്ടീന്‍ നമ്മുടെ കോശങ്ങളില്‍ എത്തിയാല്‍ അവയ്‌ക്കെതിരെ ഉണ്ടാകുന്ന ആന്റിബോഡികള്‍ക്ക് നമ്മളെ കോവിഡ്-19ല്‍ നിന്ന് സംരക്ഷിക്കാനാകുമെന്ന് കണ്ടെത്തിയിടുണ്ട്. വൈറല്‍ വെക്ടറുകള്‍ എന്നാല്‍ നമുക്ക് അസുഖങ്ങള്‍ ഉണ്ടാക്കാത്ത രീതിയില്‍ നിര്‍വീര്യമാക്കപ്പെട്ട മറ്റ് വൈറസുകളാണ്. അവയിലേക്ക് കൊറോണയുടെ സ്‌പൈക്ക് പ്രോട്ടീന്‍ ഉണ്ടാക്കാനുള്ള ജീനുകള്‍ കൂട്ടിച്ചേര്‍ത്താണ് വാക്‌സിനായി ഉപയോഗിക്കുന്നത്. കോശങ്ങളിലെത്തുന്ന വെക്ടര്‍ വൈറസുകള്‍ അവയുടെ പ്രോട്ടീനുകള്‍ ഉണ്ടാക്കുമ്പോള്‍ സ്‌പൈക്ക് പ്രോട്ടീനും ഉണ്ടാകുന്നു. തുടര്‍ന്ന് നമ്മുടെ പ്രതിരോധവ്യവസ്ഥയുമായി പ്രതിപ്രവര്‍ത്തിച്ച് ആന്റിബോഡികളും ഉണ്ടാകുന്നു. നിര്‍വീര്യമാക്കപ്പെട്ട മീസില്‍സ്, അഡിനോവൈറസ് തുടങ്ങിയവ വെക്ടറുകളായി ഉപയോഗിക്കാറുണ്ട്. ഇന്ത്യ ആദ്യം അനുമതി നല്കിയ കോവിഷീല്‍ഡും റഷ്യയുടെ സ്പുട്‌നിക്-V ഉം വൈറല്‍ വെക്ടര്‍ വാക്‌സിനുകളാണ്. വൈറസിന്റെ ന്യൂക്ലിയിക് ആസിഡുകള്‍ (ഡി.എന്‍.എ അല്ലെങ്കില്‍ എം.ആര്‍.എന്‍.എ) കോശങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന പ്രക്രിയയാണ് മൂന്നാമത്തെ വാക്‌സിന്‍ സാങ്കേതികവിദ്യ. അതില്‍ സ്‌പൈക്ക് പ്രോട്ടീനെ ഉണ്ടാക്കുന്ന എം.ആര്‍.എന്‍.എ ഉപയോഗിച്ചുള്ള ഫൈസര്‍-ബയോണ്‍ടെക് വാക്‌സിനും മോഡര്‍ന വാക്‌സിനും വിപണിയില്‍ എത്തിക്കഴിഞ്ഞു. എം.ആര്‍.എന്‍.എ-യെ പ്രോട്ടീന്‍ ആക്കുന്ന സംവിധാനം നമ്മുടെ കോശങ്ങളിലുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചത് ഓര്‍മിക്കുക. സ്‌പൈക്ക് പ്രോട്ടീന്‍ ഉണ്ടായിക്കഴിഞ്ഞാല്‍ പതിവുപോലെ ആന്റിബോഡികളും ഉണ്ടാകുന്നു. സ്‌പൈക്ക് പ്രോട്ടീനെ നേരിട്ട് നമ്മുടെ കോശങ്ങളിലെത്തിക്കുന്ന പ്രോട്ടീന്‍ വാക്‌സിന്‍ സാങ്കേതികവിദ്യയും വിവിധ പരീക്ഷണഘട്ടങ്ങളിലായുണ്ട്.

വാക്‌സിനും മാറ്റം വന്ന കൊറോണ വൈറസും

വൈറസുകളില്‍ മ്യൂട്ടേഷന്‍ (ഡിഎന്‍എ-യില്‍ ഉണ്ടാകുന്ന മാറ്റം) എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. ജലദോഷപ്പനി അഥവാ കോമണ്‍ കോള്‍ഡ് ഉണ്ടാക്കുന്ന ഇന്‍ഫ്‌ലുവെന്‍സ വൈറസ് നിരന്തരമായി മ്യൂട്ടേഷന്‍ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വൈറസാണ്. അതുകൊണ്ടാണ് രണ്ടുവര്‍ഷം കൂടുംതോറും ഇന്‍ഫ്‌ലുവെന്‍സ വാക്‌സിന്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കൊറോണ വൈറസിന്റെ ജീനുകളില്‍ തന്നെ ഒട്ടനവധി മ്യൂട്ടേഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില മ്യൂട്ടേഷനുകള്‍ കാരണം അവയില്‍നിന്നുണ്ടാകുന്ന പ്രോട്ടീനുകളിലും കാര്യമായ വ്യത്യാസം ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് പ്രോട്ടീനുകളുടെ ആകൃതിയില്‍ മാറ്റമോ അവ ചെയ്യുന്ന പ്രവര്‍ത്തികളില്‍ വ്യത്യാസമോ ഉണ്ടായേക്കാം. ഈയടുത്ത് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്‌പൈക്ക് പ്രോട്ടീനില്‍ ചെറിയ വ്യത്യാസമുള്ള ‘പുതിയ കൊറോണ വൈറസ് (new virus strain) 70% വരെ അധിക വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എങ്ങനെയാണ് പുതിയ സ്‌ട്രെയിന് ഫാസ്റ്റ് സ്‌പ്രെഡിങ് കഴിവ് കിട്ടിയതെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ആശ്വാസ്യകരമായ വാര്‍ത്ത പുതിയ സ്‌ട്രെയിന്‍ ഉണ്ടാക്കുന്ന രോഗത്തിന്റെ ഗുരുതരാവസ്ഥയോ മരണനിരക്കോ ഒന്നും പഴയതിനേക്കാള്‍ കൂടുതലല്ല എന്നതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൈറസുകളില്‍ മാറ്റം ഉണ്ടാകുന്നത് വാക്‌സിന്‍ നിര്‍മാണത്തില്‍ കുറച്ചു ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഇന്‍ഫ്‌ലുവെന്‍സ വാക്‌സിന്റെ കാര്യത്തില്‍ മനസിലായിക്കാണുമല്ലോ. അതായത് വാക്‌സിന്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കേണ്ട അവസ്ഥയുണ്ടാകുന്നു എന്നത്. നിലവിലെ സാങ്കേതികവിദ്യകള്‍ക്കൊണ്ട് അത് സാധ്യമാണ്. പ്രത്യേകിച്ച് എം.ആര്‍.എന്‍.എ ടെക്‌നോളജി ഉപയോഗിച്ചാല്‍ ദ്രുതഗതിയില്‍ പുതിയ വാക്‌സിന്‍ കൊണ്ടുവരാന്‍ നാം പര്യാപ്തരാകും. പക്ഷേ തത്കാലത്തേക്ക് അതിന്റെ ആവശ്യമില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലെ കൊറോണ-സ്‌പൈക്ക് പ്രോട്ടീനിലെ മാറ്റങ്ങള്‍ അവയുടെ ആകൃതിയെ കാര്യമായി ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ വാക്‌സിനുകളാല്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ക്ക് പുതിയ സ്‌പൈക്ക് പ്രോട്ടീനില്‍ ബൈന്‍ഡ് ചെയ്ത് ആര്‍ജിത പ്രതിരോധമുണ്ടാക്കാന്‍ കഴിയും.

അനാവശ്യ ആശങ്കകള്‍

ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുവരുത്തിയാണ് ഓരോ രാജ്യവും വാക്‌സിനുകള്‍ക്ക് അനുമതി നല്കുന്നത്. മസില്‍ സോര്‍നസ് പോലുള്ള കുത്തിവെയ്ക്കുമ്പോള്‍ ഉണ്ടാകുന്ന താത്ക്കാലിക റിയാക്ഷന്‍ അല്ലാതെ ഗുരുതരമായ സൈഡ് ഇഫക്റ്റുകള്‍ ഒന്നും ഒരു വാക്‌സിന്റെ കാര്യത്തിലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലരില്‍ ചെറിയ പനിയും അലര്‍ജിക് റിയാക്ഷനും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രതിപ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഇമ്യൂണ്‍ സിസ്റ്റം വാക്‌സിനോട് പ്രതികരിച്ചു എന്നതിന് തെളിവാണ്. അമേരിക്കയില്‍ വാക്‌സിന്‍ സ്വീകരിച്ച് ഒരു നഴ്‌സ് കുഴഞ്ഞു വീണു എന്നുപറഞ്ഞ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് വേദന ഉണ്ടാകുമ്പോള്‍ തല കറങ്ങുന്ന അവസ്ഥ നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നാണ് അവര്‍ തന്നെ പിന്നീട് പറഞ്ഞത്. വാക്‌സിന്റെ കാര്യത്തില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പുതിയ കാര്യം ഒന്നും അല്ലല്ലോ.

ലോകത്തിന് മുഴുവന്‍ പ്രയോജനപ്പെടുന്ന സുരക്ഷാസംവിധാനങ്ങളെപ്പറ്റി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യരില്‍ ഭയം സൃഷ്ടിക്കുന്നത് മനുഷ്യവംശത്തോട് തന്നെ ചെയ്യുന്ന തെറ്റാണ്. കോവിഡ്-19 ഇതുവരെ ഇല്ലാതാക്കിയത് ഏതാണ്ട് 18.5 ലക്ഷം ജീവനുകളാണ്. രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരെ, കലാ-കായിക താരങ്ങളെ. ഇനിയും കുറേ കാലം ജീവിച്ചിരിക്കേണ്ടിയിരുന്ന സാധാരണ മനുഷ്യരെ. ഈയൊരു അവസ്ഥയിലാണ് വാക്‌സിന്‍ വിരുദ്ധതക്ക് പുറമെ കോവിഡ്-19 സാധാരണ പനി പോലെയാണെന്നും മാസ്‌ക്കും മറ്റ് സുരക്ഷാസംവിധാനങ്ങളും ഉപയോഗിക്കേണ്ടതില്ലന്നും പറയുന്നവരുടെ വ്യാജപ്രചരണങ്ങള്‍. നിലവിലെ കണക്കുകള്‍പ്രകാരം സാധാരണ ഇന്‍ഫ്‌ലുവെന്‍സ വൈറസുകളെക്കാള്‍ 10 മടങ്ങ് മരണമുണ്ടാക്കാന്‍ കൊറോണ വൈറസിന് കഴിയും. അതുകൊണ്ട് തന്നെയാണ് സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ ഇതുവരെ നിലനിര്‍ത്തിപ്പോന്നത്. വാക്‌സിന്‍ വരുന്നതോടെ നിയന്ത്രണങ്ങള്‍ കുറയുമെങ്കിലും സുരക്ഷാസംവിധാനങ്ങള്‍ കുറച്ചുകാലത്തേക്ക് തുടരേണ്ടതുണ്ട്. നിലവിലെ വാക്‌സിനുകള്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത ഇന്‍ഫെക്ഷനെ (asymptomatic infection) പൂര്‍ണമായും തടയുമോ എന്നത് കൂടുതല്‍ പരീക്ഷണങ്ങളിലൂടെ ഇനിയും തെളിയിയിക്കേണ്ടിയിരിക്കുന്നു. ഇനി അഥവാ അസിംറ്റമാറ്റിക് കേസുകളില്‍ ഫലപ്രദമല്ലെങ്കില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗാണു ആക്രമണമുണ്ടായാല്‍ അവര്‍ സ്വയം രോഗിയായില്ലെങ്കിലും മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ സാധ്യതയുണ്ട്. മോഡര്‍ന വാക്‌സിന് ചില അസിംറ്റമാറ്റിക് ഇന്‍ഫെക്ഷനുകളില്‍ പ്രതിരോധം തീര്‍ക്കാന്‍ ശേഷിയുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനെക്ക വാക്‌സിന്‍ സിംഗിള്‍ ഡോസ് ട്രയലില്‍ 59% ഉം ഡബിള്‍ ഡോസ് ട്രയലില്‍ 4% ഉം ആണ് അസിംറ്റമാറ്റിക് ഇന്‍ഫെക്ഷനില്‍ ഫലപ്രാപ്തി കാണിച്ചത്.

സൗജന്യമായി ഏതാണ്ട് 30 കോടി ആളുകളിലേക്ക് രണ്ടു പ്രാഥമികഘട്ടങ്ങളിലായി വാക്‌സിന്‍ എത്തിക്കാമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. വാക്‌സിനേഷന്‍ പൂര്‍ണമാകുന്നതിലൂടെ കോവിഡ് സാഹചര്യത്തിന് പര്യവസാനം ഉണ്ടാകുമെന്നും ‘നോര്‍മല്‍’ ജീവിതത്തിലേക്ക് നമുക്ക് മടങ്ങിപ്പോകാമെന്നും പ്രതീക്ഷിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply