കൊവിഡ് കാലത്തെ മെയ്ദിന ചിന്തകള്‍

ഇന്ത്യയിലേക്കുവന്നാല്‍ കാര്യങ്ങള്‍ അതിരൂക്ഷമാണ്. വരാന്‍ പോകുന്ന തൊഴില്‍ നഷ്ടത്തിലും ദാരിദ്ര്യത്തിലും ഇന്ത്യ മുന്‍നിരയിലാകുമെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന ചൂണ്ടികാട്ടുന്നത്. ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുന്നത് അന്തര്‍ സംസ്ഥാന തൊഴിലാളികളായിരിക്കും.

സമീപകാലത്തൊന്നും തൊഴിലാളിവര്‍ഗ്ഗം മാത്രമല്ല, ലോകം ഒന്നാകെ കടുത്ത പ്രതിസന്ധി നേരടുമ്പോഴാണ് ഈ വര്‍ഷത്തെ മെയ്ദിനം കടന്നുപോയത്. എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ ഉറക്കം എന്ന 1886ല്‍ ചിക്കാഗോ തെരുവുകളില്‍ ഉയര്‍ന്ന മുദ്രാവാക്യം ഓര്‍ക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് ലോകതൊഴിലാളിവര്‍ഗ്ഗം നേരിടുന്നത്. പകരം നിലവിലെ തൊഴില്‍ നിലനില്‍ക്കുമോ, നിലനിന്നാല്‍ ഇപ്പോഴത്തെ സേവന വേതന വ്യവസ്ഥകളും തൊഴില്‍ സുരക്ഷയും ഉണ്ടാകുമോ അതോ പട്ടിണിയുടെ നാളുകളാണോ വരാന്‍ പോകുന്നത് എന്ന ചോദ്യമാണ് മറ്റു നിരവധി വിഭാഗങ്ങള്‍ക്കൊപ്പം തൊഴിലാളി വര്‍ഗ്ഗവും നേരിടുന്നത്. ലോകമാസകലം കോടികണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നുതന്നെയാണ് ഈ മേഖലയിലെ വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടികാട്ടുന്നത്. തങ്ങളുടെ അനിഷേധ്യരായ നേതാക്കള്‍ക്കൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത അതീവഗുരുതരമായ സാഹചര്യത്തെയാണ് ലോകതൊഴിലാളി വര്‍ഗ്ഗം നേരിടാന്‍ പോകുന്നത്.

ഗുരുതരമായ ഈ സാഹചര്യത്തെ മറികടക്കാന്‍ ലോകമുതലാളിത്തത്തിനു കഴിയുമോ എന്നിടത്തുതന്നെയാണ് ഈ ചോദ്യത്തിന് ഉത്തരം കാണേണ്ടത്. മുതലാളിത്തത്തിന്റെ സൃഷ്ടിയാണ് കൊവിഡ് എന്നൊന്നു പറയാന്‍ തെളിവില്ലെങ്കിലും പ്രകൃതിക്കോ മറ്റു ജീവജാലങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാത്ത, ലാഭത്തില്‍ മാത്രം അധിഷ്ഠിതവും മനുഷ്യകേന്ദ്രീകൃതവുമായ സാമൂഹ്യ, സാമ്പത്തിക, വ്യവസായിക നയങ്ങളെല്ലാം കൊവിഡിന്റെ വ്യാപനത്തില്‍ പ്രധാന പങ്കുവഹിക്കുന്നു എന്നതില്‍ സംശയമില്ല. കൊവിഡ് വ്യാപനത്തില്‍ അമേരിക്ക ഒന്നാം സ്ഥാനത്തായതിനു കാരണം മറ്റൊന്നുമല്ല. അക്കാര്യത്തില്‍ നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ കൊട്ടിഘോഷിക്കുന്ന ചൈനയും മറ്റും പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ മാത്രം കമ്യൂണിസ്റ്റ് എന്നൊക്കെ അവകാശപ്പെടുകയും മറുവശത്ത് മുതലാളിത്ത ഉല്‍പ്പാദന, വിപണന, നയങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ചൈനക്കോ മറ്റു രാഷ്ട്രങ്ങള്‍ക്കോ ഇക്കാര്യത്തില്‍ വ്യത്യസ്ഥമായി ഒന്നും ചെയ്യാനാവില്ല. മറിച്ച് അമേരിക്കയുമായുള്ള മത്സരത്തില്‍ പലരും ചൂണ്ടികാട്ടുന്ന പോലെ ചൈന ഒന്നാമതെത്തിയേക്കാം. അപ്പോഴും ഇപ്പോള്‍ തന്നെ വളരെ മോശം അവസ്ഥയിലുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ നിലയില്‍ ഒരു മാറ്റവും ഉണ്ടാകില്ല. കമ്യൂണിസ്റ്റ് രാഷ്ട്രമെന്നു പറയുമ്പോഴും തൊഴിലാളികള്‍ക്കുപോലും സംഘടിക്കാനോ വിലപേശാനോ അവകാശമില്ലാത്ത ഒരു രാഷ്ട്രത്തില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍?

ഇന്ത്യയിലേക്കുവന്നാല്‍ കാര്യങ്ങള്‍ അതിരൂക്ഷമാണ്. വരാന്‍ പോകുന്ന തൊഴില്‍ നഷ്ടത്തിലും ദാരിദ്ര്യത്തിലും ഇന്ത്യ മുന്‍നിരയിലാകുമെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന ചൂണ്ടികാട്ടുന്നത്. ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുന്നത് അന്തര്‍ സംസ്ഥാന തൊഴിലാളികളായിരിക്കും. ദുരിതത്തിലായിരുന്നു എങ്കിലും രാജ്യത്തെ വന്‍നഗരങ്ങളിലെ അവരുടെ ജീവിതം അടുത്തൊന്നും തിരിച്ചു വരാനിടയില്ല. മറുവശത്ത് പണ്ടേ ഉപേക്ഷിച്ചുപോന്ന നാടുകളില്‍ എന്തു ജോലിയാണ് അവര്‍ക്കു ലഭിക്കുക? ഇപ്പോഴും ജാതിവ്യവസ്ഥ കൊടിക്കുത്തി വാഴുന്ന ഗ്രാമങ്ങളില്‍ തിരിച്ചെത്തുന്ന അവരുടെ ഭാവി ജീവിതം തുലാസില്‍ തന്നെ. മറുവശത്ത് സ്വകാര്യ സ്ഥാപനങ്ങളെല്ലാം നേരിടുന്ന പ്രതിസന്ധിയും ആദ്യം തന്നെ അനുഭവിക്കുക തൊഴിലാളികളായിരിക്കും. നവലിബറല്‍ നയങ്ങളില്‍ തടിച്ചുകൊഴുത്ത വന്‍കിടക്കാരില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കാനും ആകില്ല. തൊഴിലാളികളെ വെട്ടിച്ചുരുക്കാനായിരിക്കും അവരുടെ ശ്രമം. കേന്ദ്രസര്‍ക്കാര്‍ പതിവുപോല സംരക്ഷണ കവചമൊരുക്കുക അവര്‍ക്കായിരിക്കും. രാജ്യത്തെ ആദ്യത്തെ 1000 സമ്പന്നര്‍ക്ക് നാലു ശതമാനം കൊവിഡ് നികുതി ചുമത്തിയാല്‍ മറി കടക്കാവുന്നതേയുള്ളു ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് നിരവധി പ്രമുഖര്‍ ചൂണ്ടികാട്ടിയിട്ടും സര്‍ക്കാര്‍ ആ വഴിക്ക് ചിന്തിക്കുന്നതുപോലുമില്ലല്ലോ. മറുവശത്ത് ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും സ്വകാര്യവല്‍ക്കരിക്കുന്ന നീക്കങ്ങള്‍ ശക്തമാകുമ്പോള്‍ തൊഴില്‍ നഷ്ടം പതിന്മടങ്ങായിരിക്കും വര്‍ദ്ധിക്കുക. ഒപ്പം സമൂഹത്തിന്റഎ താഴെക്കിടയിലുള്ളവരുടെ ഭരണഘടനാവകാശമായ സംവരണവും നഷ്ടപ്പെടുന്ന അവസ്ഥയായിരിക്കും ശക്തമാകുക.

ഈ വര്‍ഷത്തെ മെയ്ദിനത്തിന്റെ കാര്യത്തില്‍ ലോകത്തിന്റേയും ഇന്ത്യയുടേയും മറ്റു ഭാഗങ്ങളുടെ അവസ്ഥ തന്നെയാണ് ഏറെക്കുറെ കേരളത്തിന്റേയും. അപ്പോഴും മറ്റു പലവിഷയങ്ങളിലുമെന്ന പോലെ മെയ്ദിനാഘോഷങ്ങളിലും കേരളത്തിന്റെ പൊതുസാഹചര്യം വ്യത്യസ്ഥമാണെന്നു പറയാതിരിക്കാനാവില്ല. മാര്‍ക്‌സിസത്തെകുറിച്ചും കമ്യൂണിസത്തെ കുറിച്ചും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തെ കുറിച്ചുമൊക്കെ ലോകത്തുതന്നെ ഏറെ ചര്‍ച്ചകള്‍ നടക്കുന്ന പ്രദേശമാണ് കേരളം. മെയ്ദിനാഷോഘങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. എന്നാല്‍ മറ്റു വിഷയങ്ങളിലെന്നപോലെ മലയാളികളുടെ സഹജമായ കാപട്യം ഇവിടേയും കാണാം. ആരാണ് ഇവിടെ മെയ് ദിനം ആഘോഷിക്കുന്നത്? ഉത്തരം വ്യക്തം. സംഘടിത തൊഴിലാളിവര്‍ഗ്ഗം മാര്‍ഗ്ഗം. ചുമട്ടു തൊഴിലാളികള്‍, സംഘടിത വ്യവസായിക തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി ഡോക്ടര്‍മാര്‍ വരെയുള്ളവരാണ് ഇവിടെത്തെ സംഘടിത തൊഴിലാളി വിഭാഗങ്ങള്‍. പൊതുവില്‍ ജീവനക്കാര്‍ എന്നു പറയാവുന്ന ഇവരൊക്കെ എങ്ങനെയാണാവോ നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്ത തൊഴിലാളികളാകുന്നത്. എട്ടുമണിക്കൂര്‍ പോയിട്ട് നാലു മണിക്കൂര്‍ പോലും ജോലി ചെയ്യാത്തവര്‍ ഇവരിലുണ്ട്. ഒപ്പം ലക്ഷങ്ങള്‍ വേതനം വാങ്ങുന്നവരും. അതേസമയം തൊഴിലാളികള്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലായതിനാല്‍ അവരുടെ വിമോചനം സമൂഹത്തിന്റെ വിമോചനമാകുമെന്ന സങ്കല്‍പ്പത്തിന് ഇവിടെ എന്തു പ്രസക്തിയാണുള്ളത്? ഉണ്ടായിരുന്നെങ്കില്‍ ഈ ഗുരുതരാവസ്ഥയിലും വേതനത്തില്‍ നിന്നൊരു ഭാഗം ദുരിതമനുഭവിക്കുന്നവര്‍ക്കു നല്‍കുന്നതില്‍ ഇതുപോലെ എതിര്‍പ്പുണ്ടാകുമായിരുന്നില്ലല്ലോ. സംസ്ഥാനത്തെ പല വ്യവസായശാലകളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ അനുഭവിക്കുന്നവരെ പോരാട്ടങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗ്ഗം മുതലാളിമാര്‍ക്കൊപ്പം നില്‍ക്കുകയില്ലല്ലോ. സംസ്ഥാനത്തെ പല ക്വാറി വിരുദ്ധ സമരങ്ങളിലും ആദിവാസികളും ദളിതരും മറ്റും നടത്തുന്ന ഭൂസമരങ്ങളിലും തൊഴിലാളി യൂണിയനുകളുടെ നിലപാടും പരിശോധിക്കാവുന്നതാണ്.

ഇപ്പറഞ്ഞവരുടെ മൊത്തം എണ്ണമെടുത്താല്‍ എത്രവരും എന്നു പരിശോധിക്കുന്നതും നല്ലതാണ്. ഏറിയാല്‍ പതിനഞ്ചുലക്ഷത്തോളം വരും. ഇതിന്റെ മറുവശമോ? ഒരു കോടിയോളം പേര്‍ കേരളത്തിലെ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ ഉറക്കം എന്നതൊക്കെ അവരുടെ സ്വപ്നം മാത്രം. ചെയ്യുന്ന തൊഴിലിന് മാന്യമായ വേതനം അവര്‍ക്കു കിട്ടുന്നുമില്ല. പീടികത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ന്ഴ്സുമാര്‍, അണ്‍ എയ്ഡഡ് അധ്യാപകര്‍, നാടെങ്ങമുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലേയും ചെറുകിട വ്യവസായ സംരംഭങ്ങളിലേയും തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, പരമ്പരാഗത തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഹോട്ടല്‍ തൊഴിലാളികള്‍, ഇതരസംസ്ഥാനതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികളുടെ അവസ്ഥയില്‍ തന്നെയുളള ചെറുകിട കര്‍ഷകര്‍ എന്നിങ്ങനെ പട്ടിക എത്രവേണമെങ്കിലും നീട്ടാം. ഇവര്‍ക്കൊക്കെ എന്തു മൈയ് ദിനം? ഇവരൊന്നും നമ്മുടെ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ പരിധിയില്‍ വരുന്നതേയില്ല. ഇവരുടെ പ്രശ്നങ്ങളില്‍ ഒരു യൂണിയനും താല്‍പ്പര്യമില്ല. കാരണം ഒരുപക്ഷെ മാര്‍ക്സും മറ്റും വിഭാവനം ചെയ്ത ആധുനിക വ്യവസായിക വര്‍ഗ്ഗത്തില്‍ പെട്ടവരല്ലായിരിക്കാം ഇവരെന്നതാണ്. ഈ അസംഘടിത തൊഴിലാളി വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല എന്നു മാത്രമല്ല പലപ്പോഴും അവര്‍ക്കെതിരെയാണ് യൂണിയനുകള്‍ നില കൊള്ളുന്നത് എന്നതാണ് വൈരുദ്ധ്യം. നഴ്‌സ് സമരം, തോട്ടം തൊഴിലാളി സമരം, ഇതര സംസ്ഥാന തൊഴിലാളി സമരം, അണ്‍ എയ്ഡഡ് അധ്യാപകസമരം, പീടിക തൊഴിലാളി സമരം എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. മാത്രമല്ല നോക്കുകൂലി പോലുള്ള വിഷയങ്ങളിലും പല മേഖലകളിലേയും മിന്നല്‍ സമരങ്ങളിലും അടിച്ചേല്‍പ്പിക്കുന്ന ഹര്‍ത്താലുകളിലും മറ്റും ഇവര്‍ ജനങ്ങളെ ഒന്നടങ്കമാണ് വെല്ലുവിളിക്കുന്നത്. ചുരുക്കത്തില്‍ കൊവിഡ് കാലത്തെ ഈ മെയ്ദിനം നിരവധി പുനരാലോചനകളുടെ ഉത്തരവാദിത്തമാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply