നിര്‍ധാരണം നടത്തേണ്ടത് പ്രകൃതിയാണ്. അധിനിവേശ സംസ്‌കാരങ്ങളല്ല
മൂന്നുമുതല്‍ മുതല്‍ മുന്നൂറിലേറെ വംശീയ വൈവിധ്യമുള്ള ഹോമോസാപ്പിയന്‍സ് എന്ന മനുഷ്യന്‍ തങ്ങളുടെ പ്രകൃതിക്കും ഋതുഭേദങ്ങള്‍ക്കും കാലാവസ്ഥക്കും അനുകൂലനം പ്രാപിച്ചാണ് നിലനില്‍പ്പ് സാധ്യമാക്കിയത്. ആഗോളവല്‍ക്കരണം അതിനെ തിരസ്‌കരിച്ചിരിക്കുന്നു. ഇതിനു ബദലായി തദ്ദേശീയതയും ആഗോളീകരണവും സമാസമം ചേര്‍ക്കേണ്ടിവരും. ഇതിനായി മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രകടരൂപങ്ങളായ ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ നേടിയ അറിവും ഉപായങ്ങളും സംയോജിപ്പിക്കണം. പാരമ്പര്യ – തദ്ദേശീയ ആരോഗ്യപരിപാലന- ഭക്ഷണ രീതികളെ (ഉദാഹരണം ആയുര്‍വേദം, സിദ്ധ) ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധിപ്പിച്ച് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം.
ജീവപരിണാമത്തില്‍ അസാധാരണമല്ലാത്തതും മനുഷ്യചരിത്രത്തില്‍ അസാധാരണവും അത്യാപത്കരവുമായ ഒരു പ്രതിഭാസത്തിലൂടെയാണ് മാനവരാശി കടന്നുപോകുന്നത്. വെറും രണ്ടുലക്ഷത്തോളം വര്‍ഷങ്ങള്‍ മാത്രം പരിണാമചരിത്രമുള്ള മനുഷ്യര്‍ 350 കോടിയിലേറെ ചരിത്രമുള്ള ഭൂമിയിലെ ജീവപരിണാമത്തിന്റെ ഗതി തിരിച്ചുവിട്ടു തുടങ്ങുന്നത് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടതു മുതലാണ്. അതുതന്നെ പതിനായിരത്തിലധികം വര്‍ഷങ്ങളായിട്ടില്ല. ഇക്കാലത്തിനിടയില്‍ മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടലുകള്‍ മൂലം ജീവിലോകം ഇന്ന് നേരിടുന്നത് ഒരു മഹാവംശനാശമാണെന്ന് ശാസ്ത്രജ്ഞന്‍ വിലയിരുത്തുന്നു. ഈ മനുഷ്യ പ്രേരിത വംശനാശത്തിനു തിരിച്ചടിയായി ജൈവപരമായ വലിയൊരു വെല്ലുവിളിയാണ് കൊറോണ വൈറസ് എന്ന അജീവ – ജീവധൂളിയിലൂടെ ഇന്ന് നമ്മള്‍ നേരിടുന്നത്. ജീവപരിണാമ ശൃംഖലയില്‍ ഉന്നതസ്ഥാനീയരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനായുള്ള ജീവന്മരണ പോരാട്ടത്തിനാണ് ഇപ്പോള്‍ ഭൂമി സാക്ഷിയാകുന്നത്.് എല്ലാ ജീവിവര്‍ഗങ്ങളും തങ്ങളുടെ നിലനില്‍പ്പും തുടര്‍ച്ചയും സാധ്യമാക്കുന്നത് സാധ്യമാക്കുന്നത് ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടും മാറുന്ന പരിസ്ഥിതികളോട് അനുകൂലനം പ്രാപിച്ചുമാണെന്നുമാണ് പരിണാമശാസ്ത്രം സിദ്ധാന്തിക്കുന്നത്. ജീവന്റെ ഉത്പത്തിയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിലും ജീവപരിണാമത്തെ കുറിച്ചുള്ള നമ്മുടെ അറിവുകള്‍ ആഴത്തിലുള്ളതാണ്. ഇതിനു കാരണം പരിണാമ പ്രക്രിയ ക്രമാനുഗതവും നിരീക്ഷണ വിധേയമാണെന്നതാണ്. എങ്കില്‍ പോലും ജീവവൃക്ഷത്തിലെ ക്യാപ്‌സിസ് എന്‍കോഡിംഗ് ഓര്‍ഗാനിസങ്ങള്‍ (CEO) അല്ലെങ്കില്‍ അതില്‍ കവചനിര്‍മിത ശേഷിയുള്ള പരിണാമ ജീവകണങ്ങളായ വൈറസുകളെക്കുറിച്ചുള്ള നമ്മുടെ അറിവ് എത്രത്തോളം പരിമിതമാണെന്നാണ് കൊറോണ വൈറസ് ചൂണ്ടിക്കാട്ടുന്നത്. വിവിധ ഇനം വൈറസുകളെയും അവയുടെ ജനിതകഘടനയും സംബന്ധിച്ച് നമുക്ക് അറിയാമെങ്കിലും അവകളുടെ ഉല്‍പ്പത്തി പരിണാമങ്ങളെക്കുറിച്ചുപോലും ഏകാഭിപ്രായം രൂപീകരിക്കാനായിട്ടില്ല. ഇത്തരം ഒരു വൈറസ് ഇന്ന് മനുഷ്യവര്‍ഗത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (CEO) ആയിരിക്കുന്നു.
മനുഷ്യരുടെ നിലനില്‍പ്പിന് വൈറസുകള്‍ പലപ്പോഴും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. 1918 ലെ സ്പാനിഷ് ഫ്‌ളൂവും വസൂരിയും എയ്ഡ്‌സും എച്ച് വണ്‍ എന്‍ വണ്‍ ഉള്‍പ്പെടെ എത്ര എത്ര ഉദാഹരണങ്ങള്‍. ഇപ്പോഴാകട്ടെ മനുഷ്യ വ്യവഹാരത്തിന്റെ സമസ്തമേഖലകളെയും സ്തംഭിപ്പിക്കുന്നതിനും ലക്ഷക്കണക്കിന് പേരുടെ ജീവഹാനിക്കും കിരീടധാരിയായ ഈ വൈറസ് ഹേതുവായിരിക്കുന്നു. അവര്‍ വന്ന വഴിയാകട്ടെ മനുഷ്യന്‍ തെളിയിച്ചു കൊടുത്തതും.
ഈ വഴികളിലെല്ലാം ജീവപരിണാമത്തിന്റെ പാദമുദ്രകള്‍ കാണാം. വിവിധ പ്രദേശങ്ങളിലെ ജീവിവര്‍ഗ്ഗങ്ങളെ നിരീക്ഷിച്ചും പഠിച്ചും പരിണാമത്തെ വിശദീകരിക്കുന്നതിനായ ചാള്‍സ് ഡാര്‍വിനും ആല്‍ഫ്രഡ് റസ്സല്‍ വാലസും മുന്നോട്ടുവച്ചത് പ്രകൃതിനിര്‍ധാരണം (natural selection) എന്ന ജൈവപ്രക്രിയയാണ്. ഇക്കാര്യത്തില്‍ ഡാര്‍വിന് തുണയായത് അഞ്ച് വര്‍ഷം നീണ്ട ബീഗില്‍ കപ്പല്‍ യാത്രയും തോമസ് മാല്‍ത്തൂസ് എന്ന എന്ന ബ്രിട്ടീഷ് പാതിരി 1798ല്‍ രചിച്ച ‘ജനസംഖ്യ തത്വത്തെ കുറിച്ചുള്ള ഉള്ള ലേഖനങ്ങള്‍’ എന്ന പുസ്തകത്തിന്റെ വിശദമായ വായനയുമാണ്. ജനസംഖ്യാവര്‍ധന ക്ഷേത്രഗണിത പ്രകാരവും ഭക്ഷ്യ ഉല്‍പാദനം അങ്കഗണിതമനുസരിച്ചുമാകുമ്പോള്‍ പട്ടിണിയും രോഗങ്ങളും യുദ്ധങ്ങളും ഉണ്ടാവുകയും ജനസംഖ്യ നിയന്ത്രിക്കപ്പെടുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞു വെച്ചത . ഈ സാധ്യതയെ ജീവിലോകത്തേക്ക് സന്നിവേശിപ്പിച്ചു നിലനില്‍പ്പിനായി ജീവിവര്‍ഗങ്ങള്‍ നേരിടുന്ന മത്സരങ്ങളും അതിലൂടെ ഉരുത്തിരിയുന്ന അനുകൂലനങ്ങളും പുതിയ ജീവജാതികളുടെ ആവിര്‍ഭാവത്തിന് കളമൊരുക്കുമെന്ന് കണ്ടെത്തുകയും ചെയ്തു. ഇവിടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ അനുകൂലന സവിശേഷതകളുള്ളവയെ പ്രകൃതി തെരഞ്ഞെടുക്കുകയാണ്. പരിണാമ സിദ്ധാന്തത്തിന്റെ ആണിക്കല്ലായ പ്രകൃതിനിര്‍ധാരണ പ്രക്രിയയെ വിശദീകരിച്ച് 1859ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ജീവജാതികളുടെ ഉല്പത്തി’ എന്ന ഡാര്‍വിന്‍ പുസ്തകം ശാസ്ത്ര സാമൂഹിക മേഖലകളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇന്ന് ഈ സിദ്ധാന്തത്തിന് ശക്തമായ ശാസ്ത്രീയ അടിത്തറയും തെളിവുകളുണ്ട്. ഈ സിദ്ധാന്തത്തെ മനുഷ്യസമൂഹത്തില്‍ പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന നൈതിക പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായതിനാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ഈ കൊറോണ കാലത്ത് പരിണാമശാസ്ത്ര ചിന്തകര്‍ക്ക് എന്താണ് പ്രസക്തി എന്ന ചോദ്യം സ്വാഭാവികമാണ്.
പ്രകൃതിക്കുമേല്‍ മേല്‍ മനുഷ്യന്റെ അധിപത്യം
കഴിഞ്ഞ കുറെ നൂറ്റാണ്ടുകളിലായി മനുഷ്യസമൂഹം ആര്‍ജ്ജിച്ച കാര്‍ഷിക – സാങ്കേതിക – വ്യവസായിക വിപ്ലവം സമാനതകളില്ലാത്തതായിരുന്നു. ഇക്കാലത്ത് ജനസംഖ്യയില്‍ ഉണ്ടായ വര്‍ധനയും അത്ഭുതപൂര്‍വ്വമായിരുന്നു. 1800ല്‍ 100 കോടി ആയിരുന്ന ലോകജനസംഖ്യ രണ്ടായിരത്തില്‍ 770 കോടി കടന്നു. 2050 ആകുമ്പോള്‍ ജനസംഖ്യ 980 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ജനസംഖ്യയുടെ ഈ വര്‍ധന ഭൂമിക്കുമേല്‍ ഏല്‍പ്പിച്ചിരിക്കുന്നു ആഘാതം വളരെ വലുതാണ്. വികസനത്തിന്റേയും സാമ്പത്തിക വളര്‍ച്ചയുടെയും പേരില്‍ പ്രകൃതിക്ക് ഏറ്റിരിക്കുന്ന ക്ഷതങ്ങള്‍ ഭൂമിയുടെ സംവഹന – സഹനശേഷിക്ക്പ്പുറം എത്തിയിരിക്കുന്നു എന്നും ശാസ്ത്രലോകം ഭയപ്പെടുന്നു. ഹോളോസീന്‍ എന്നറിയപ്പെടുന്ന ഇന്നത്തെ ജിയോളജിക്കല്‍ കാലഘട്ടം അവസാനിച്ചുവെന്നും ഭൂമി ഇപ്പോള്‍ ഇപ്പോള്‍ ആന്ത്രപ്പോസിന്‍ യുഗത്തിലാണെന്നും ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. ഈ യുഗത്തില്‍ മനുഷ്യരും മറ്റു ജീവികളും നിലനില്‍പ്പിനായുള്ള കടുത്ത മത്സരത്തിലാണ്. ഇവിടെയാണ് മാല്‍ത്തൂസിന്റെ ജനസംഖ്യാ പഠനവും ഡാര്‍വിന്‍ വാലസ് പ്രകൃതിനിര്‍ദ്ധാരണം പ്രസക്തമാകുന്നത്.
ലൂയുസ് കരോളിന്റെ പ്രശസ്ത നോവലായ ‘ആലീസിന്റെ അത്ഭുത കാഴ്ചകളി’ല്‍ ആലീസ് എന്ന പെണ്‍കുട്ടിക്ക് ചുവപ്പ് റാണി (red queen) ചില ജീവിത സത്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. അതിലൊന്ന് ‘വേഗത്തില്‍ വളരെ വേഗത്തില്‍ ഓടികൊണ്ടിരുന്നാല്‍ മാത്രമേ നില്‍ക്കുന്നിടത്ത് തന്നെ തന്നെ നില്‍ക്കാന്‍ കഴിയൂ’ എന്നതാണ്. ഈ ചുവപ്പു റാണിയെ അനുസ്മരിച്ചുകൊണ്ട് കൊണ്ട് ജീവന്‍ പരിണാമ പ്രക്രിയയെ വിശദീകരിക്കുന്നതിനായി വന്‍ വേയ്‌ലന്‍ എന്ന ചിക്കാഗോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ 1973ല്‍ റെഡ് ക്യൂന്‍ ന്യൂ പരികല്പന മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇന്ന് മാനവരാശിയും ഒരോട്ടത്തിലാണ്. കൊറോണോ വൈറസുമായിട്ടാണ് ഈ മത്സര ഓട്ടം എന്ന് മാത്രം. എത്രവേഗത്തില്‍ ഓടിയാലാണ് നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുവാന്‍ കഴിയുക എന്നതിന് ഒരു പിടിയും ഇല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യകുലം നേരിടുന്ന മൂന്നാം ലോക യുദ്ധസമാനമായ (അത് രാജ്യങ്ങള്‍ പിടിച്ചടക്കുന്നതിനല്ല. അടച്ചിടുന്നതിനാണ്) ഏറ്റുമുട്ടല്‍ ജീവശാസ്ത്രപരമായിരിക്കുന്നു. പ്രകൃതിക്കുമേല്‍ ആധിപത്യം നേടി എന്ന് അഹങ്കരിച്ച് മനുഷ്യന്റെ നിലനില്‍പ്പിനുവേണ്ടിയുള്ളതായിരിക്കുന്നു. റെഡ് ക്യൂന്‍ പരികല്പനയുടെ ഒരു നേര്‍ക്കാഴ്ചയായി ഇത് മാറുന്നു. ജൈവ പരിണാമത്തിലെ ഒരു ഗതിമാറ്റത്തിനു പോലും ഇത് നിമിത്തമായേക്കാം.
പ്രകൃതിനിര്‍ധാരണത്തില്‍നിന്ന് സംസ്‌കാരിക നിര്‍ധാരണത്തിലേക്ക്
പ്രകൃതിനിര്‍ധാരണത്തിലൂടെ ഉരുത്തിരിഞ്ഞ വലിയ തലച്ചോറും ചിന്താശേഷിയും ആര്‍ജിച്ച മനുഷ്യജീവിയെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വിഭിന്നരാക്കുന്നത് ഭാഷയും സംസ്‌കാരവുമാണ്. മാനവസംസ്‌കാരം പോലും പ്രകൃതിനിര്‍ധാരണത്തിന് വിധേയമാണെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യന്റെ ഭാവി എന്ന പുസ്തകത്തിന്റെ രചയിതാവും അമേരിക്കയിലെ റൈസ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ സ്‌കോട്ട് സോളമാനെ പോലുള്ളവര്‍ പറയുന്നത്. സംസ്‌കാരം പ്രകൃതി നിര്‍ധാരണത്തിന് ബദലായി തീര്‍ന്നിരിക്കുന്നു എന്നാണ്. ജനിതകത്തിനുപകരം മെമറ്റിക്‌സും ജീനുകള്‍ക്കു പകരം മീംസുകളുമാണ് സംസ്‌കാരിക നിര്‍ധാറണത്തിലൂടെ വ്യാപിക്കപ്പെടുന്നത്. ഇന്നത്തെ ആഗോള ലോകക്രമത്തില്‍, ചങ്ങാത്ത മുതലാളിത്തത്തിന്റെ കമ്പോള സംസ്‌കാരത്തിലേക്ക് മനുഷ്യരെ ഭ്രമിപ്പിച്ചുകൊണ്ട് കൊണ്ട് കടന്നു വന്ന ആഗോളവല്‍ക്കരണത്തിന്റെ മീംസുകള്‍ പ്രാദേശികവും തദ്ദേശീയവുമായ എന്തിനെയും അപരിഷ്‌കൃതവും കാലത്തിന് നിരക്കാത്തത് എന്നും പറഞ്ഞ് തിരസ്‌കരിക്കുന്നതാണ് നമ്മള്‍ കണ്ടത്. ഭൗതിക സുഖസൗകര്യങ്ങളും അമേരിക്കന്‍ ജീവിതശൈലിയുമാണ് വികസനമെന്ന് പ്രചരിപ്പിക്കപ്പെട്ടു. മറ്റു രാജ്യങ്ങള്‍ അമേരിക്കയുടെ ഉപഭോഗ സസ്‌കാരത്തിലേക്ക് എത്തണമെങ്കില്‍ നാലിലേറെ ഭൂമികള്‍ കൂടി വേണ്ടിവരും എന്നതിനെക്കുറിച്ച് നമ്മള്‍ ആകുലരായില്ല. അതാണ് സാംസ്‌കാരിക നിര്‍ധാരണത്തിന്റെ വിജയം. പക്ഷേ പ്രകൃതി അത് അനുവദിക്കുമോ?
ജെയിംസ് ലൗലോക്കും ലിന്‍ മാര്‍ഗോളീസും 1970കളില്‍ മുന്നോട്ടുവെച്ച ഭൂമിയെക്കുറിച്ചുള്ള ഗയ സങ്കല്പനം (Gaia Hypothesis) ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. അജൈവവും ജൈവവും മനുഷ്യനടക്കം എല്ലാ ഘടകങ്ങളും പരസ്പര പൂരിതമായി, സ്വയം നിയന്ത്രിത സങ്കീര്‍ണ്ണാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഭൂമിയില്‍ ജീവനും അതിന്റെ നിലനില്‍പ്പും പരിണാമവും സാധ്യമായതെന്നാണ് ഗയ് പറയുന്നത്. ഇവിടെ നടക്കുന്നത് സഹപരിണാമവും പ്രകൃതി നിര്‍ദ്ധാരണവുമാണ്. എന്നാല്‍ മനുഷ്യന്‍ ഈ സഹപരിണാമത്തില്‍നിന്ന് വിടുതല്‍ നേടുകയും സാംസ്‌കാരിക നിര്‍ധാരണത്തെ സ്വാംശീകരിക്കുകയും ചെയ്തിരിക്കുന്നു. സാംസ്‌കാരിക വളര്‍ച്ച എന്ന പേരില്‍ പ്രകൃതിക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ക്കുള്ള തിരിച്ചടികള്‍ ജൈവപരമായ ഒരു അനിവാര്യതയായി മാറുന്നു. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മഹാമാരികള്‍, അത് സാംക്രമികരോഗങ്ങളായാലും പ്രകൃതിക്ഷോഭങ്ങളായാലും, നമ്മളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ആഗോള ചിന്താധാരകളും പദ്ധതികളും (ഉദാഹരണം കാലാവസ്ഥാവ്യതിയാനം) ദേശീയ സാമ്പത്തിക വളര്‍ച്ച, കോര്‍പ്പറേറ്റ് ലാഭം എന്നീ കാരണങ്ങളാല്‍ തിരസ്‌കരിക്കപ്പെടുന്നതും നമ്മള്‍ കാണുന്നുണ്ട്. 2019 ചൈനയിലെ വുഹാനില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് മനുഷ്യന്റെ എന്റെ സാംസ്‌കാരിക നിര്‍ധാരണത്തിനുമേല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്
എന്താണ് പോംവഴി
കൊറോണ വൈറസ് വ്യാപനം തടയുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനും മൂന്ന് സാധ്യതകളാണ് നമ്മുടെ മുന്നിലുള്ളത്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികളാണ് ഇതില്‍ ആദ്യം. അടച്ചിട്ടും അകലം പാലിച്ചും സോപ്പ് ഉപയോഗിച്ചും വൈറസിനെ തടയുക. പക്ഷേ എത്രകാലം ഇങ്ങനെ മുന്നോട്ടു പോകാനാകും? നിയന്ത്രണങ്ങള്‍ കുറയുമ്പോള്‍ പഴയ ശീലങ്ങളിലേക്ക് ആളുകള്‍ തിരിച്ചുപോകും. മറ്റൊന്ന് ജനസമൂഹങ്ങള്‍ രോഗപ്രതിരോധശേഷി ആര്‍ജ്ജിക്കുക എന്നതാണ്. ഇതിനായി വളരെ വലിയ ബലിയാണ് കൊടുക്കേണ്ടി വരിക. പ്രായം ചെന്നവരും ബലഹീനരും രോഗപ്രതിരോധശേഷി കുറഞ്ഞവരും വൈറസിനെ കീഴ്‌പ്പെട്ടു വേണം ഇത് നേടുന്നതിന്. മനുഷ്യരെ സംബന്ധിച്ചിടത്തോളം ബലിയല്ല അല്ല കരുതലാണ് വേണ്ടതെന്ന് ബൈബിള്‍ വചനം ഇവിടെ പ്രസക്തമാണ്. പ്രകൃതി ആവശ്യപ്പെടുന്നത് ബലിയാണ്. നമുക്ക് വേണ്ടത് കരുണയും. ഒരേസമയം തന്നെ വേട്ടക്കാരനും ഇരയുമാകുന്ന മനുഷ്യാവസ്ഥയുടെ നിസ്സഹായതയാണിത്. മൂന്നാമത്തെ വഴി രോഗപ്രതിരോധ വാകിസിനുകളാണ്. എളുപ്പത്തില്‍ ഉല്‍പരിവര്‍ത്തന (mutation) ശേഷിയുള്ള ജനിതക പുതുമകള്‍ (genetic noveltise) ആര്‍ജ്ജിക്കുന്ന ആര്‍ എന്‍ എ വൈറസായ കൊറോണക്കെതിരെ ആഗോളതലത്തില്‍ ഫലപ്രദമായ വാക്‌സില്‍ നിര്‍മ്മിക്കുക എന്നത് ഇത് കടുത്ത വെല്ലുവിളിയാണ് സാംക്രമിക രോഗ വിജ്ഞാനീയവും വൈറസ് വംശചരിത്രവും (Genealogy) ഏകോപിപ്പിച്ച് വംശീയബലതന്ത്ര (phylodynamics) പഠനങ്ങളാണ് ഇതിനായി പുരോഗമിക്കുന്നത്. വിവിധ ശാസ്ത്രശാഖകളുടെ ഏകോപനത്തിലൂടെയാണ് ഇത് സാധ്യമാക്കുക. കാത്തിരിക്കുക. അല്ലാതെ വേറെ വഴിയില്ല.
നേരത്തെ സൂചിപ്പിച്ച റെഡ് ക്യൂന്‍ പരികല്‍പ്പനപ്രകാരം വൈറസുകളും മനുഷ്യരും നില്‍ക്കുന്നിടത്തുതന്നെ നില്‍ക്കുന്നതിനായി വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ ഓട്ടം വിജയിക്കണമെങ്കില്‍ ഇപ്പോള്‍ ഓടുന്നതിന്റെ ഇരട്ടി വേഗതയിലും ദിശ മാറിയും നമ്മള്‍ ഓടേണ്ടതുണ്ട്. ജൈവപരമായും സാംസ്‌കാരികപരമായും ഒരു വിപല്‍സന്ധിയില്‍ എത്തിനില്‍ക്കുന്ന മനുഷ്യസമൂഹം നിലനില്‍ക്കണമെങ്കില്‍ വിവേകപൂര്‍വ്വവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള ചില സുപ്രധാന നയങ്ങളും തീരുമാനങ്ങളും വേണ്ടിവരും. അതിനായി നമ്മള്‍ കടന്നുവന്ന വന്ന വഴികള്‍ തിരിച്ചറിയേണ്ടതുണ്ട്. മൂന്നുമുതല്‍ മുതല്‍ മുന്നൂറിലേറെ വംശീയ വൈവിധ്യമുള്ള ഹോമോസാപ്പിയന്‍സ് എന്ന മനുഷ്യന്‍ തങ്ങളുടെ പ്രകൃതിക്കും ഋതുഭേദങ്ങള്‍ക്കും കാലാവസ്ഥക്കും അനുകൂലനം പ്രാപിച്ചാണ് നിലനില്‍പ്പ് സാധ്യമാക്കിയത്. ആഗോളവല്‍ക്കരണം അതിനെ തിരസ്‌കരിച്ചിരിക്കുന്നു. ഇതിനു ബദലായി തദ്ദേശീയതയും ആഗോളീകരണവും സമാസമം ചേര്‍ക്കേണ്ടിവരും. ഇതിനായി മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രകടരൂപങ്ങളായ ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ നേടിയ അറിവും ഉപായങ്ങളും സംയോജിപ്പിക്കണം. പാരമ്പര്യ – തദ്ദേശീയ ആരോഗ്യപരിപാലന- ഭക്ഷണ രീതികളെ (ഉദാഹരണം ആയുര്‍വേദം, സിദ്ധ) ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധിപ്പിച്ച് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. ഒരു ജീവി എന്ന നിലക്ക് രാത്രിയില്‍ ഉറങ്ങുകയും പകല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയുമാണ് ശരി എന്ന് തിരിച്ചറിയണം. ലോക തൊഴില്‍ സംഘടനയുടെ എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്നത് പാലിക്കത്തക്ക രീതിയില്‍ തൊഴിലിടങ്ങള്‍ (പ്രത്യേകിച്ച് കോര്‍പ്പറേറ്റ്) ക്രമീകരിക്കണം. ജൈവഘടികാര പഠനങ്ങള്‍ ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള കണ്ടെത്തലുകള്‍ പരിഗണിക്കണം. കാര്‍ഷികവൃത്തി എന്ന അടിസ്ഥാന ഉല്‍പാദന പ്രക്രിയ കൂടുതല്‍ ജൈവവും സുസ്ഥിരവും ലാഭകരവുമാകണം. രാജ്യസുരക്ഷയുടെ പേരിലുള്ള ആയുധക്കച്ചവടം ഒഴിവാക്കി ജനങ്ങളുടെ ഭക്ഷ്യ ആരോഗ്യ സുരക്ഷക്ക് കൂടുതല്‍ മുതല്‍ മുടക്കണം. വൈറസുകള്‍ മാത്രമല്ല രോഗകാരികളായ മറ്റ് സൂക്ഷ്മാണുക്കള്‍ (ബാക്ടീരിയകള്‍ അടക്കം) പ്രതിരോധശേഷി ആര്‍ജിക്കുന്നവെന്ന് സമ്മതിക്കണം. അവര്‍ക്കൊക്കെ വഴിതുറന്നു കൊടുക്കുന്ന തരത്തില്‍ ഇന്നു നമ്മള്‍ പ്രകൃതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റം അവസാനിപ്പിക്കണം. വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തില്‍ പരിണാമശാസ്ത്ര അറിവുകള്‍ കൂടി ഉള്‍കൊള്ളിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ തന്ത്രങ്ങള്‍ മെനയണം. ഇങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ ഇതുവരെ നമ്മള്‍ പുലര്‍ത്തിപ്പോന്ന സാധാരണ ജീവിത ശൈലിയില്‍ നിന്ന് ഒരു നവ സാധാരണ ശൈലിയിലേക്ക് മാറണം. എങ്കില്‍ മാത്രമേ നില്‍ക്കുന്നിടത്ത് തന്നെ കുറെ കാലം കൂടി കൂടി നില്‍ക്കുന്നതിന് മനുഷ്യനു കഴിയൂ. പ്രകൃതിക്കുമേല്‍ വിജയം നേടുന്നത് മനുഷ്യനാവില്ലെന്നും പ്രകൃതിയുമായി സമരസപ്പെട്ട് മുന്നോട്ടു പോകുന്നതാണ് ശരി എന്നും നമ്മളറിയണം. ഇവിടെ നിര്‍ധാരണം നടത്തേണ്ടത് പ്രകൃതിയാണ്. അധിനിവേശ സംസ്‌കാരങ്ങളല്ല എന്ന തിരിച്ചറിവായിരിക്കും മനുഷ്യന്റെ ഭാവി സാധ്യമാക്കുക. പരിണാമശാസ്ത്രം പഠിപ്പിക്കുന്നതും അതുതന്നെയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in