ജനാധിപത്യം കൂടുതല്‍ കരുത്തുള്ളതാക്കാന്‍ കോടതി നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നു പറയുമ്പോഴും ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം. രാഷ്ട്രീയപ്രവര്‍ത്തനെ തന്നെ മോശമാണെന്ന ധാരണയാണ് അതുവഴി സൃഷ്ടിക്കപ്പെടുന്നത്. അതാണ് ജനാധിപത്യത്തിനു വലിയ വെല്ലുവിളിയായി മാറുന്നത്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയുടെ കേസ് വിവരങ്ങള്‍ പാര്‍ട്ടിയുടെ വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ജനാധിപത്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഈ നിര്‍ദ്ദേശം സഹായിക്കും. കേസിന്റെ സ്വഭാവം, കേസ് നമ്പര്‍, വിചാരണ ഏതുഘട്ടത്തില്‍ തുടങ്ങിയ വിശദാംശങ്ങള്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് 48 മണിക്കൂറിനകം പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദ്ദേശം. എന്തുകൊണ്ട് ആ വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത മറ്റുള്ളവരെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും വിശദീകരിക്കണം. വിവരങ്ങള്‍ ഒരു ദേശീയ ദിനപ്പത്രത്തിലും ഒരു പ്രാദേശിക പത്രത്തിലും ഫെയ്സ്ബുക്കും ട്വിറ്ററുമടക്കം പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യ പ്ലാറ്റ്ഫോമുകളിലും പരസ്യപ്പെടുത്തണം. ഉത്തരവ് പാലിച്ചെന്നു കാട്ടി എല്ലാ പാര്‍ട്ടികളും 48 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണം. വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യമായി കണക്കാക്കും.
സാധാരണഗതിയില്‍ കേള്‍ക്കുമ്പോള്‍ ശരിയല്ല എന്നു തോന്നുന്ന നിര്‍ദ്ദേശം തന്നെയാണിത്. പ്രത്യേകിച്ച് കേസുണ്ടെങ്കിലും ഒരാള്‍ കുറ്റവാളിയാണെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍. തീര്‍ച്ചയായും കുറ്റാരോപിതന്‍ എന്ന രീതിയില്‍ തന്നെയാണ് അവരെ പരിഗണിക്കേണ്ടത്. അപ്പോഴും അവര്‍ കുറ്റാരോപിതരാണ്. കുറ്റാരോപിതരല്ലാത്ത, അര്‍ഹരായവരുള്ളപ്പോള്‍ എന്തിനിവരെ മത്സരിപ്പിക്കണമെന്ന ചോദ്യം അപ്പോഴും പ്രസക്തമാണ്. പ്രത്യകിച്ച് നിയമസഭകളിലും ലോകസഭയിലുമൊക്കെയായി നിരവധി കുറ്റവാളികള്‍ നിലവില്‍തന്നെയുള്ളപ്പോള്‍.
രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം ഗുരുതരമായ പ്രശ്നമാണെന്നു പറഞ്ഞ കോടതി, സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടതു യോഗ്യതയുടെ അടിസ്ഥാനത്തില്‍ തന്നെയാകണമെന്നും നിരീക്ഷിച്ചു. ജയസാധ്യത എന്നത് മാത്രമാകരുത് അതിനുള്ള മാനദണ്ഡം. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍കരണത്തിനെതിരായി സുപ്രീം കോടതി 2018-ല്‍ പുറപ്പെടുവിച്ച വിധി പല പാര്‍ട്ടികളും അനുസരിക്കാത്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നു പറയുമ്പോഴും ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം. രാഷ്ട്രീയപ്രവര്‍ത്തനെ തന്നെ മോശമാണെന്ന ധാരണയാണ് അതുവഴി സൃഷ്ടിക്കപ്പെടുന്നത്. അതാണ് ജനാധിപത്യത്തിനു വലിയ വെല്ലുവിളിയായി മാറുന്നത്. വാസ്തവത്തില്‍ സ്ഥാനാര്‍ത്ഥികളുടെപേരില്‍ കേസുണ്ടോ എന്നു മാത്രം പരിശോധിച്ചാല്‍ പോര. സ്ഥാനാര്‍ത്ഥികള തൈരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടാകണം. അമേരിക്കയില്‍ ഒരുപരിധിവരെ അതുണ്ടല്ലോ. സാങ്കേതികമായും കീഴ്വഴക്കമനുസരിച്ചും ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഞങ്ങളാണ് തീരുമാനിക്കുക എന്ന് പാര്‍ട്ടികള്‍ക്ക് പറയാം. എന്നാല്‍ ജനാധിപത്യസംവിധാനം വീഴ്ചകള്‍ പരിഹരിച്ച്, കൂടുതല്‍ മേന്മയോടെ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ കാണാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുകയും ഭരിക്കുകയും പ്രതിപക്ഷത്തിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടപെടാന്‍ കഴിയാത്ത ഒന്നും പാടില്ല. ജനങ്ങളോട് മറച്ചുവെക്കേണ്ട ഒന്നും പാടില്ല. ഏതുപാര്‍ട്ടിയുടേയും ഏതുവിഷയത്തിലും അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. കാരണം ജനാധിപത്യസംവിധാനത്തില്‍ പാര്‍ട്ടികാര്യവും ജനങ്ങളുടെ കാര്യമാണ്. കുടുംബകാര്യമല്ല.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി അഴിമതിയും കുറ്റകൃത്യങ്ങളും തന്നെയാണ്. അതിനാല്‍തന്നെ ആദ്യമായി നാം ഉന്നയിക്കേണ്ടത് അഴിമതി കേസുകളിലും മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളികളായിട്ടുള്ളവരെയോ കുറ്റാരോപിതരേയോ സ്ഥാനാര്‍ത്ഥികളായി അംഗീകരിക്കില്ല എന്നതായിരിക്കണം. ചില നിയന്ത്രണങ്ങളൊക്കെ ഇപ്പോള്‍ തന്നെയുണ്ടെങ്കിലും അത് പൂര്‍ണ്ണമായും നടപ്പാക്കണം. മാത്രമല്ല, അഴിമതിക്കാരും കുറ്റവാളികളുമായി രാഷ്ട്രീയപ്രവര്‍ത്തകര്‍ മാറുന്നതിന്റെ ഒരു പ്രധാന കാരണം അധികാരത്തില്‍ അനന്തമായി തുടരുന്നതാണ്. അതിനാല്‍തന്നെ പരമാവധി രണ്ടുതവണ മാത്രമേ ഒരാള്‍ ജനപ്രതിനിധിയാകേണ്ടതൂള്ളൂ എന്നു തീരുമാനിക്കണം. പിന്നീടവര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ. മാത്രമല്ല, രാഷ്ട്രീയം ഉപജീവനമാക്കിയവരെ ഒഴിവാക്കണം. ജനപ്രതിനിധിയാകുന്ന സമയത്ത് അവര്‍ക്ക് മാന്യമായ വേതനം നല്‍കണമെന്നതു ശരി. എന്നാല്‍ രാഷ്ട്രീയം തന്നെ ഉപജീവനത്തിനുള്ള തൊഴിലായി മാറ്റിയവരെ ഒഴിവാക്കണം. അവരാണ് മിക്കപ്പോഴും അഴിമതിക്കാരാകുന്നത്. വിപ്ലവപൂര്‍വ്വഘട്ടത്തില്‍ ലെനിനെല്ലാം സങ്കല്‍പ്പിച്ച വിപ്ലവത്തിന്റെ ദത്തുപുത്രന്മാരായ, മുഴുവന്‍ സമയപ്രവര്‍ത്തകരൊന്നും ഇന്നത്തെ ജനാധിപത്യ കാലഘട്ടത്തില്‍ ആവശ്യമില്ല. മറിച്ച് എല്ലാവരും രാഷ്ട്രീയക്കാരായി മാറുകയാണ് വേണ്ടത്. മാത്രമല്ല, മറ്റെല്ലാ മേഖലയിലും നിലനില്‍ക്കുന്ന റിട്ടയര്‍മെന്റ് പോലെ 60 വയസ്സു കഴിഞ്ഞവരെ പരമാവധി മാറ്റി നിര്‍ത്തണം. തീര്‍ച്ചയായും വൃദ്ധരുടെ പ്രശ്നങ്ങളും ജനപ്രതിനിധി സഭയില്‍ എത്തണം. അതിനായി ചെറിയ ഒരു ശതമാനം അവര്‍ക്കായി മാറ്റിവെക്കാവുന്നതാണെന്നു മാത്രം.
പ്രമുഖ വ്യവസായി എം എ യൂസഫലി സമാനമായ ഏതാനും നിര്‍ദ്ദേശങ്ങള്‍ ഉന്നയിച്ചിരുന്നു. രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ വേണ്ട, ഭരണാധികാരികളെ തെരഞ്ഞെടുക്കുമ്പോള്‍ ചെറുപ്പക്കാര്‍ക്കായിരിക്കണം പ്രാധാന്യം, വിദ്യാഭ്യാസമുള്ളവരെയാകമം തെരഞ്ഞെടുക്കേണ്ടത് എന്നിങ്ങനെ പോകുന്നു ആ നിര്‍ദ്ദേശങ്ങള്‍. ഔപചാരിക വിദ്യാഭ്യാസത്തിനു നല്‍കുന്ന അമിതപ്രാധാന്യം മാറ്റിവെച്ചാല്‍ അദ്ദേഹം പറയുന്ന മിക്കകാര്യങ്ങളും പരിഗണിക്കേണ്ടതാണ്. എന്നാല്‍ നിക്ഷേപകരോട് പൊതുവില്‍ നിലനില്‍ക്കുന്ന നിഷേധാത്മക സമീപനം മൂലം അദ്ദേഹത്തിന്റെ നിര്‍ദ്ദശങ്ങളെ പലരും പുച്ഛിച്ചു തള്ളുകയായിരുന്നു.
നമ്മുടെ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ഒരു സവിശേഷത അതില്‍ പാര്‍ട്ടിക്കും വ്യക്തിക്കും പങ്കുണ്ട് എന്നതാണല്ലോ. പാര്‍ട്ടികള്‍ മത്സരിച്ച് ജയിച്ച് വ്യക്തികളെ തീരുമാനിക്കല്ലല്ലോ. അതാണല്ലോ സ്ഥാനാര്‍ത്ഥി മോശമായാല്‍ ഉറച്ച മണ്ഡലങ്ങളില്‍ പോലും തോല്‍ക്കുന്നതും സ്ഥാനാര്‍ത്ഥി മികച്ചതായാല്‍ മോശം മണ്ഡലങ്ങളിലും ജയിക്കു്നതും ചിലപ്പോഴെങ്കിലും സ്വതന്ത്രര്‍ ജയിക്കുന്നതും. വ്യക്തികളുടെ ഈ പ്രാധാന്യം തിരിച്ചറിഞ്ഞ്, സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള അഭിപ്രായം പറയാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. ജനാധിപത്യം അതുവഴി കൂടുതല്‍ ചലനാത്മകമാകുകയേ ഉള്ളു.
അതുപോലെ തന്നെ പ്രധാനമാണ് തിരിച്ചുവിളിക്കാനുള്ള അവകാശവും. ഇപ്പോഴത്തെ അവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 5 വര്‍ഷത്തേക്കെങ്കിലും അവരില്‍ നേരിട്ടുള്ള അധികാരം ജനങ്ങള്‍ക്കില്ല. അതുണ്ടാകണം. ഏതുനിമിഷവും തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് അവകാശം ഉണ്ടാകുമ്പോളാണ് ജനാധിപത്യം കൂടുതല്‍ കരുത്തുറ്റതാകുന്നത്. ജനങ്ങളാണ് തങ്ങളുടെ യജമാനന്മാര്‍, തിരിച്ചല്ല എന്ന് പ്രതിനിധികള്‍ക്ക് മനസ്സിലാകുന്നത്. തീര്‍ച്ചയായും അതെങ്ങനെ നടപ്പാക്കും എന്ന വിഷയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തത്വത്തിലത് അംഗീകരിച്ച് പ്രായോഗികമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു.
ജനാധിപത്യസംവിധാനത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നത് ശരിയാണ്. പക്ഷെ അതിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ കള്ളന്മാരാണെന്നും നമുക്ക് രാഷ്ട്രിയത്തില്‍ താല്‍പ്പര്യമില്ലെന്നുമുള്ള ചിന്താഗതി വളരുന്നത് നന്നല്ല. ഒന്നുമല്ലെങ്കില്‍ 5 വര്‍ഷത്തിലൊരിക്കല്‍ ജനവിധി തേടുന്നവരാണ് രാഷ്ട്രീയക്കാര്‍. മറ്റാര്‍ക്കും അതുവേണ്ടല്ലോ. പക്ഷെ ജനങ്ങളുടെ ഇപ്പോഴത്തെ അപകടകരമായ ഈ ചിന്താഗതിക്കുകാരണം തങ്ങളുടെ പ്രവര്‍ത്തികള്‍ തന്നെയാണെന്ന് രാഷ്ട്രീയക്കാരും തിരിച്ചറിഞ്ഞ് സ്വയം നവീകരണത്തിനു വിധേയരാകണം. മുകളില്‍ പറഞ്ഞപോലെ ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്കു ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവെക്കാനില്ല എന്നംഗീകരിക്കണം. വിവരാവകാശകമ്മീഷന് തങ്ങള്‍ അതീതരാണെന്ന നിലപാട് മാറ്റണം. പാര്‍ട്ടി ഓഫീസുകള്‍ സുതാര്യമാകണം. അവിടെ ആര്‍ക്കും കയറി ചെല്ലാനാകണം. പാര്‍ട്ടി കമ്മിറ്റി യോഗങ്ങള്‍ പോലും ലൈവ് ആയി ജനം കാണട്ടെ എന്നു തീരുമാനിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. മിനിട്സും വരവുചിലവുകണക്കുകളും പ്രസിദ്ധീകരിക്കണം. ഇത്തരത്തില്‍ സുതാര്യമായ നടപടികള്‍ സ്വീകരിച്ച് രാഷ്ട്രീയത്തെ കാലത്തിനനുസരിച്ച് അടിമുടി പരിഷ്‌കരിക്കാനാണ് പ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടത്. അങ്ങനെ മാത്രമാണ് ജനാധിപത്യ സംവിധാനത്തിന് തെറ്റുകള്‍ തിരുത്തി ഇനിയും മുന്നോട്ടുപോകാനാവൂ. ജനങ്ങളാണല്ലോ അന്തിമ വിധികര്‍ത്താക്കള്‍. ഈ ദിശയിലെല്ലാം ചിന്തിക്കുന്നതിന്റെ ആദ്യപടിയാകട്ടെ കോടതിയുടേയും യൂസഫലിയുടേയും നിര്‍ദ്ദേശങ്ങള്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in