ഇന്ത്യ ലോകത്തിനു മുന്നില്‍ തല കുനിക്കുന്നു

കോടതി വിധി വന്നതിനെത്തുടര്‍ന്ന് അമിത് ഷാ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയും ഗുജറാത്ത് കലാപത്തിനെ തുടര്‍ന്ന് 105 ദിവസം ജയിലില്‍ കിടന്ന ബിജെപി നേതാവുമായ അമിത് ഷാ, എഎന്‍.എ വാര്‍ത്ത എന്ന ചാനലിന് ഒരു അഭിമുഖം നല്‍കി. ഇതിന് തൊട്ടു പിന്നാലെയാണ് ഗുജറാത്ത് പോലീസ് സക്കിയ ജാഫരിയെ സഹായിച്ച, ടീസ്റ്റ സെറ്റല്‍ വാദ്‌നേയും മുന്‍ ഗുജറാത്ത് ഡി.ജി.പിയും കലാപത്തെ കുറിച്ച് അന്വേഷണം നടത്തി അമിത് ഷായെ പ്രതിയാക്കി എഫ്‌ഐആര്‍ ഇട്ട ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുന്നത് .ടീസ്റ്റ ഒരു സ്ത്രീ ആണെന്ന് പരിഗണന പോലും നല്‍കുന്നില്ല എന്നതാണ് വസ്തുത.

ഭാരതം, മതേതരത്വം – കേട്ട് തഴമ്പിച്ച വാക്കുകള്‍. ഇത് പറയുമ്പോള്‍ ഒരുകാലത്ത് അഭിമാനമായിരുന്നു ഭാരതീയര്‍ക്ക്. എന്നാല്‍ ഇന്നങ്ങനെയല്ല. കാരണം വര്‍ഗീയതയ്ക്ക് കുടപിടിക്കുന്ന ഭരണകൂടവും അതിന് താങ്ങും തണലുമായി നില്‍ക്കുന്ന നിയമസംവിധാനങ്ങളുമാണ് ഇന്നിവിടെയുുള്ളത്. 2014 ല്‍ ഭരണം കിട്ടിയതു മുതല്‍ വര്‍ഗീയതയെ വളമിട്ട് വളര്‍ത്തുകയാണ് ബി.ജെ.പി സര്‍ക്കാര്‍. വിവിധ പദ്ധതികളിലൂടെ ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ബി.ജെ.പി ശ്രമം. പക്ഷേ മതേതരവാദികളായ ഭാരതീയര്‍ അതിന് പലപ്പോഴും തടയിടുന്നതിനും ഇന്ത്യ സാക്ഷിയായതാണ്. കാരണം മതേതരത്വം ജനാധിപത്യം എന്നത് ഇന്ത്യന്‍ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ഒന്നാണ്. അതിനെ തുടച്ചുനീക്കാന്‍ അത്ര എളുപ്പമല്ല.

ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കുക എന്നുള്ളത് ആര്‍.എസ്.എസിന്റെ അടിസ്ഥാനലക്ഷ്യമാണ് .അതിനായി അവര്‍ പല രീതിയിലും വര്‍ഗീയതയെ വ്യാപിപ്പിക്കുകയും, വര്‍ഗീയ കലാപങ്ങള്‍ക്ക് തിരി കൊളുത്തുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായിരുന്നു 2002ല്‍ നടന്ന ഗുജറാത്ത് കലാപം. ഭാരതം ഞെട്ടലോടെ സാക്ഷിയായ വംശഹത്യയായിരുന്നു അത്. ഗുജറാത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞു നടന്ന വംശഹത്യയാണ് എന്നതില്‍ യാതൊരു സംശയവുമില്ല .അവസാനം ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് തടിയൂരിയ നരേന്ദ്രമോദി, അവര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയ സുപ്രീംകോടതി, ഇതെല്ലാമാണ് സമകാലിക ഇന്ത്യ അനുഭവിക്കുന്നത്.

‘വെല്‍ക്കം ടു ഹിന്ദുരാഷ്ട്ര് ‘

1998 ഒക്ടോബറില്‍ ടീസ്റ്റ സെറ്റല്‍വാദ് – ജാവേദ് ആനന്ദ് ദമ്പതികള്‍ പ്രസിദ്ധീകരിക്കുന്ന കമ്മ്യൂണലിസം കോംമ്പാറ്റ് എന്ന മാസികയുടെ മുഖചിത്രം ‘വെല്‍ക്കം ടു ഹിന്ദു രാഷ്ട്ര് ‘ എന്നായിരുന്നു. ഇത് സ്വമനസ്സില്‍ തോന്നിയതോ ആരെങ്കിലുടേയും ആരോപണങ്ങളോ ആയിരുന്നില്ല. ഗുജറാത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ മുസ്ലിം ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നറിഞ്ഞ് അവിടെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ടീസ്റ്റ ആ ലക്കം ഇറക്കിയത്. സര്‍വേക്കുള്ള യാത്രയ്ക്കിടയില്‍ ഗുജറാത്തിന്റെ തെരുവുകളില്‍ ഉയര്‍ന്നു നിന്ന ബോര്‍ഡുകളില്‍ കണ്ടത് ‘വി.എച്ച്.പി നിങ്ങളെ ഹിന്ദു രാഷ്ട്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു’ എന്നായിരുന്നു.

2002 ഡിസംബര്‍ 16ന് നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയ ജയ്പൂരില്‍ പറഞ്ഞത് ‘ഗുജറാത്ത് ഹിന്ദുത്വലാബിലെ വിജയകരമായ പരീക്ഷണത്തിനുശേഷം ഇന്ത്യയില്‍ ഹിന്ദുത്വ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ രാജ്യത്തെ മുച്ചൂടും ഒരു പരീക്ഷണശാലയാക്കി മാറ്റാന്‍ വി.എച്ച്.പി ആലോചിക്കുന്നുണ്ട് എന്നാണ്. ഈ പ്രസ്താവന ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള ശക്തമായ ശ്രമത്തെ തുറന്നു കാട്ടുന്നതായിരുന്നു. ഗുജറാത്ത് കലാപത്തില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി, ദാഹോഡില്‍, നരോദ പാട്യയില്‍, വഡോദരയിലെല്ലാം നടന്ന കലാപം ഒരേ രീതിയിലായിരുന്നു. ഗുജറാത്ത് കലാപം ഒരു അപ്രതീക്ഷിത സംഭവമായിരുന്നു എന്ന് ആര്‍ക്കും പറയാന്‍ സാധിക്കുകയില്ല. മറിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു കലാപം നടത്തിയത് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഗുജറാത്തിനെ കത്തിച്ച നാള്‍

2002 ഫെബ്രുവരി 28 – അഹമ്മദാബാദ് സിറ്റിയിലെ ഹിന്ദു ഭൂരിപക്ഷമുള്ള ചമന്‍ പുരയിലാണ് 19 മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി . ഈ സൊസൈറ്റിയിലായിരുന്നു അന്ന് കലാപകാരികള്‍ കൊലപ്പെടുത്തിയ ഇഹ്‌സാന്‍ ജാഫരി താമസിച്ചിരുന്നത്. മകന്‍ സുബൈറും തന്‍വീര്‍ ഹുസൈനും മകള്‍ നശ്‌റിഫ് ഹുസൈനും പുറത്തായതിനാല്‍ ഇഹ്‌സാന്‍ ജാഫരിയും ഭാര്യ സക്കിയ ജാഫരിയും വീട്ടില്‍ തനിച്ചായിരുന്നു. ഗോധ്രയിലെ ട്രെയിനിന് തീയിട്ടതിനെത്തുടര്‍ന്ന് ആര്‍.എസ്.എസും ,ബജ്‌റംങ്ദളും സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയും ബന്ദ് പ്രഖ്യാപിച്ചിരുന്നു. തുറന്നു കിടക്കുന്ന കടകളെ അടപ്പിക്കാന്‍ എന്ന രീതിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രോശവുമായാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയുടെ മുന്നിലേക്ക് എത്തുന്നത്. തുടര്‍ന്ന് അവിടെനിന്ന് ജയ് ശ്രീറാമും ഹര ഹര മഹാദേവ മുദ്രാവാക്യം മുഴക്കി അവര്‍ കലാപത്തിന് തുടക്കം കുറിച്ചു. സൊസൈറ്റിയുടെ സമീപം താമസിച്ചിരുന്ന യൂസഫ്, അയ്യൂബ് എന്നിവര്‍ നടത്തിയിരുന്ന സൈക്കിള്‍ കടയുടെ അടുത്തേക്ക് കലാപകാരികള്‍ ഓടിവരികയും അയ്യൂബിനെ കുത്തി കൊലപ്പെടുത്തുകയാണ് ചെയ്തത്. കൂടാതെ തയ്യല്‍ക്കാരനായ ഗുലാം മാസ്റ്റര്‍ എന്നയാളുടെ മകന്റെ ഓട്ടോറിക്ഷ മറിച്ചിട്ട് കത്തിക്കുകയും ഗുല്‍ബര്‍ഗ് സൊസൈറ്റിക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. അപ്പോഴെല്ലാം സ്ഥലം എംപിയായ ജാഫരി സാഹിബ് ആരൊക്കെയോ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നു. 10:30 ഓടെ പോലീസ് കമ്മീഷണര്‍ പി സി പാണ്ഡെ സ്ഥലത്തെത്തി. പോലീസ് സൊസൈറ്റിയുടെ മുന്‍വശത്തുള്ള ഗേറ്റും ചെറിയ ഗേറ്റും അടച്ചിട്ടു .കൂടാതെ സ്ഥലത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിക്കുകയും ചെയ്തു.

അതേസമയം രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കലാപകാരികള്‍ പിറകുവശത്തുള്ള റെയില്‍വേ റെയില്‍വേ ട്രാക്കില്‍ നിന്നും കല്ലേറ് തുടര്‍ന്നു. അപ്പോള്‍ സൊസൈറ്റിയുടെ അകത്ത് ഇരുന്നൂറോളം മുസ്ലിംകള്‍ ഉണ്ടായിരുന്നു. കല്ലേറ് ശക്തമായപ്പോള്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു നോക്കി. പക്ഷെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. പിന്നീട് ഇഹ്‌സാന്‍ ജാഫരി ഒരുപാട് മുതിര്‍ന്ന നേതാക്കളെ ഫോണില്‍ വിളിച്ചു. അതില്‍ മുഖ്യമന്ത്രിയായ മോദിയുടെ മറുപടി വളരെ മോശമായിരുന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും കലാപകാരികള്‍ സൊസൈറ്റിയുടെ ഉള്ളിലേക്ക് കയറിയിരുന്നു. അവര്‍ നേരെ വന്നത് ജാഫരി സാഹിബിന്റെ വീടിന്റെ മുന്നിലേക്ക്. തുടര്‍ന്ന് ജാഫരി സാഹിബ് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചു. യുവാക്കള്‍ തടഞ്ഞെങ്കിലും അദ്ദേഹം നിര്‍ബന്ധപൂര്‍വ്വം പുറത്തേക്ക് ഇറങ്ങി. ‘എന്നെ വേണമെങ്കില്‍ നിങ്ങള്‍ എടുത്തോളു വീട്ടിലെ കുട്ടികളേയും സ്ത്രീകളേയും ഒന്നും ചെയ്യരുത് ‘ അദ്ദേഹം ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ‘ജാഫരീ സാഹിബിനെ കിട്ടിയേ ‘എന്നാര്‍ത്തലച്ച് കലാപകാരികള്‍ അദ്ദേഹത്തെ സൊസൈറ്റിയുടെ പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇരു കൈകളും കാലുകളും കഷ്ണിച്ചു കൊലപ്പെടുത്തി. പട്ടാപകല്‍ 3:30 നാണ് ഈ സംഭവം നടക്കുന്നത്. ഇങ്ങനെ ഗുജറാത്തിലെ പല തെരുവുകളിലും കലാപകാരികള്‍ മുസ്ലിം സമൂഹത്തെ വേട്ടയാടിയിരുന്നു. കലാപ ദിവസം കേന്ദ്രസര്‍ക്കാര്‍ സേനയെ അയച്ചിരുന്നു. എന്നാല്‍ അവരെ കലാപസ്ഥലത്തേക്ക് എത്തിക്കാന്‍ വൈകിയത് സംസ്ഥാന സര്‍ക്കാരിന്റെ പിഴവാണ്.

ബാക്കിവെച്ച പോരാട്ടങ്ങള്‍

ഗുജറാത്ത് കലാപത്തിനുശേഷം ജാഫരിയുടെ പ്രിയതമ സക്കിയ ജാഫരി ഭര്‍ത്താവിന്റെ കൊലപാതകം തെളിയിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ പറഞ്ഞിരുന്ന പേരുകള്‍ നരേന്ദ്രമോദിയടക്കമുള്ളവരുടേതായിരുന്നു. കോടതി അത് തള്ളി. മോദിക്കും കൂട്ടര്‍ക്കും ക്ലീന്‍ ചീറ്റ് നല്‍കുകയും ചെയ്തു. ജനാധിപത്യത്തിന്റെ കാവലാളായിട്ടുള്ള കോടതി പോലും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്.

പിന്നീട് ആ ഹര്‍ജി രാജ്യത്തെ ഏറ്റവും വലിയ നിയമ പോരാട്ടം നടക്കുന്ന സുപ്രീംകോടതിയുടെ മുന്നില്‍ സക്കിയ ജാഫരി സമര്‍പ്പിച്ചു. വേണ്ട എല്ലാ സഹായങ്ങളും ചെയ്തത് മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്റ്റ സെറ്റല്‍വാദ് ആയിരുന്നു. ഗുജറാത്തിന്റെ തെരുവുകളിലെ ബോര്‍ഡും വാക്യവുമെല്ലാം കണ്ട സാക്ഷിയായിരുന്നു ടീസ്റ്റ. പക്ഷേ കലാപത്തിലെ വംശഹത്യയെ പറ്റി യാതൊന്നും അറിയില്ല എന്ന നരേന്ദ്രമോദിയുടെ വാദം തന്നെയായിരുന്നു സുപ്രീംകോടതിയും സ്വീകരിച്ചത്. കൂടാതെ ഗുജറാത്ത് കലാപത്തെ പറ്റി ഇനിയൊരു പരിശോധന വേണ്ട എന്നും കോടതി വിധിച്ചു. ഇതെല്ലാം ജനാധിപത്യവിരുദ്ധമല്ലേ? മതേതരമായ രാജ്യത്ത് ഒരു മതത്തിനെ മാത്രം വേട്ടയാടപ്പെടുന്നതാണ് നാം ഇന്ന് കാണുന്നത്.

അമിത് ഷാ അഭിമുഖം, ടീസ്റ്റ അറസ്റ്റില്‍ !

കോടതി വിധി വന്നതിനെത്തുടര്‍ന്ന് അമിത് ഷാ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയും ഗുജറാത്ത് കലാപത്തിനെ തുടര്‍ന്ന് 105 ദിവസം ജയിലില്‍ കിടന്ന ബിജെപി നേതാവുമായ അമിത് ഷാ, എഎന്‍.എ വാര്‍ത്ത എന്ന ചാനലിന് ഒരു അഭിമുഖം നല്‍കി. ഇതിന് തൊട്ടു പിന്നാലെയാണ് ഗുജറാത്ത് പോലീസ് സക്കിയ ജാഫരിയെ സഹായിച്ച, ടീസ്റ്റ സെറ്റല്‍ വാദ്‌നേയും മുന്‍ ഗുജറാത്ത് ഡി.ജി.പിയും കലാപത്തെ കുറിച്ച് അന്വേഷണം നടത്തി അമിത് ഷായെ പ്രതിയാക്കി എഫ്‌ഐആര്‍ ഇട്ട ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുന്നത് .ടീസ്റ്റ ഒരു സ്ത്രീ ആണെന്ന് പരിഗണന പോലും നല്‍കുന്നില്ല എന്നതാണ് വസ്തുത. സമകാലിക ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ്. എന്നാല്‍ തുടക്കത്തില്‍ സൂചിപ്പിച്ചപോലെ മതേതരത്വം, ജനാധിപത്യം എന്നത് ഇന്ത്യന്‍ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ഒന്നാണ്. അതിനെ തുടച്ചുനീക്കാന്‍ അത്ര എളുപ്പമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply