സംഘപരിവാരവും കോണ്‍ഗ്രസും പിന്തുടരുന്നത് ഒരു പൊതുപൂര്‍വികനെ തന്നെയാണ്.

ലാലാലജ്പത് റായിയുടേയും മദന്‍മോഹന്‍ മാളവ്യയുടേയും അസഹിഷ്ണതയെക്കുറിച്ച് മോട്ടിലാല്‍ നെഹ്‌റു മകന്‍ ജവഹറിനെഴുതിയ കത്തില്‍ ഇപ്രകാരം പറയുന്നുണ്ട് : ”മാളവ്യ ലാലാ (ലജ്പത്‌റായ്) സംഘത്തിന്റെ അനുഗ്രഹാശിസ്സുക്കളോടെ എനിക്കതിരെ ആരംഭിച്ചിട്ടുള്ള കുപ്രചരണം ലളിതമായി എനിക്ക് നേരിടാവുന്നതിലും അപ്പുറത്തുള്ളതാണ്. പരസ്യമായിട്ടെന്നെ ഹിന്ദുവിരുദ്ധനെന്നും മാട്ടിറച്ചി തിന്നുന്നവനെന്നും പറഞ്ഞ് അപലപിക്കുന്നു. യുണൈറ്റഡ് പ്രവിശ്യയിലെ മുസ്ലീം പള്ളികള്‍ക്ക് മുമ്പില്‍ തടസമില്ലാതെ വാദ്യഘോഷം നടത്താനനുവദിക്കണമെന്നാവശ്യപ്പെട്ട പ്രസ്ഥാനത്തിന് മാളവ്യ നേരിട്ട് നേതൃത്വം നല്‍കിയത് ഗുരുതരമായ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. വര്‍ഗീയ വിഘടനം പരമാവധി വര്‍ധിപ്പിക്കാന്‍ ലഭ്യമായിട്ടുള്ള എല്ലാ മാര്‍ഗങ്ങളും അദ്ദേഹം സ്വീകരിച്ചു.

1527 മുതല്‍ മുസ്ലീം ആരാധനാ കേന്ദ്രമായിരുന്ന ബാബരി മസ്ജിദ്, ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുന്പ് 1992 ഡിസംബര്‍ ആറിന് കര്‍സേവയെന്നപേരില്‍ തകര്‍ത്തൊരുക്കിയ നിലത്തിലാണ് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി രാമക്ഷേത്ര ശിലാസ്ഥാപനം നിര്‍വഹിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലേയും സ്വതന്ത്ര ഇന്ത്യയിലേതുമുള്‍പ്പെടെ134 വര്‍ഷത്തെ നിയമപ്പോരാട്ടങ്ങള്‍ക്കും ഒഴുക്കപ്പെട്ട ചോരകള്‍ക്കും കബന്ധങ്ങള്‍ക്കും ഒഴുകിത്തീരാത്ത കണ്ണീര്‍ക്കണങ്ങള്‍ക്കും മീതെ ഉയരുന്നത് കേവലമൊരു ക്ഷേത്രമല്ല; ഹിന്ദുത്വ മതരാഷ്ട്രത്തിന്റെ അടിത്തറയാണ്. ഇന്ത്യന്‍ സന്യാസി സമൂഹത്തിന്റെ പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ മൂലധന ഉടമകളായ അംബാനിയും അദാനിയും കൂടി ഇതിന് സാക്ഷികളായി.

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന വിധിയോടെ ഇന്ത്യ ഹൈന്ദവഫാസിസത്തിലേക്ക് ഒരുചുവടുകൂടി അടുത്തിരിക്കുന്നു. അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമുള്‍പ്പെട്ട പള്ളിപൊളിക്കാന്‍ നേതൃത്വംകൊടുത്തവരാകെ നിരപരാധികളാണെന്നു വിധിച്ചിരിക്കുകയാണ് സി.ബി.ഐ കോടതി. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസ്ലീം ഐക്യമാണ് ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിലേക്ക് ബ്രിട്ടീഷുകാരെ നയിക്കുന്നത്. ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന എല്‍ജിന്‍ പ്രഭു 1862ല്‍ എഴുതിയ കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു : ”ഒരു ഭാഗത്തെ മറ്റേ ഭാഗത്തിനെതിരെ കളിപ്പിച്ചുകൊണ്ടാണ് നാം ഇന്ത്യയില്‍ അധികാരംനിലനിര്‍ത്തിയത്. തുടര്‍ന്നും നാമത് ചെയ്യണം. അക്കാരണത്താല്‍, എല്ലാവര്‍ക്കും പൊതുവായ ഒരുവികാരമുണ്ടാവുന്നത് തടയാന്‍ നമുക്കാവുന്നതെല്ലാം ചെയ്യണം.”

1899ല്‍ മറ്റൊരു സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോര്‍ജ് ഫ്രാന്‍സിസ് ഹാമില്‍ട്ടന്‍ കഴ്‌സണ്‍പ്രഭുവിനെഴുതിയ കത്തില്‍ ഇത് കുറച്ചുകൂടി വിശദമാക്കുന്നുണ്ട് :”ഇപ്പോഴെന്നല്ലഅടുത്ത അമ്പതുവര്‍ഷക്കാലം പ്രക്ഷോഭത്തിനുള്ള പാശ്ചാത്യ ആശയങ്ങളുടെ ക്രമാനുഗതമായ സ്വീകാര്യതയും വ്യാപനവുമാണ് ഇന്ത്യയിലെ നമ്മുടെ ഭരണത്തിനുള്ള യഥാര്‍ഥ അപകടമെന്നുഞാന്‍ കരുതുന്നു. വിദ്യാഭ്യാസമുള്ള ഇന്ത്യക്കാരെ തികച്ചും വൈവിധ്യമുള്ള രണ്ട് വീക്ഷണങ്ങളുള്ള രണ്ട് വിഭാഗങ്ങളായി വിഘടിപ്പിക്കാന്‍ നമുക്ക് സാധിച്ചാല്‍, അത്തരമൊരു വിഘടനത്തിലൂടെ, വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ നമ്മുടെ ഭരണ സമ്പ്രദായത്തിനു നേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ നമ്മുടെ നില ശക്തമാക്കാനാവും. അതുകൊണ്ട്, സമുദായത്തിനും സമുദായത്തിനുമിടയിലെ വ്യത്യാസം കുടുതല്‍ ആഴമുള്ളതാക്കാന്‍ ഉതകുന്ന തരത്തില്‍ വിദ്യാഭ്യാസത്തിനുള്ള പാഠപുസ്തകങ്ങള്‍ നാം ആവിഷ്‌ക്കരിക്കണം.” ഇതാണ് പിന്നീട് ഏതാണ്ട് നൂറുകൊല്ലക്കാലം ഇന്ത്യയെ അടക്കിഭരിക്കാനും തുടര്‍ന്ന് ഇന്ത്യാ വിഭജനത്തിലേക്കും മഹാത്മാഗാന്ധിയുടെ വധത്തിലൂടെ ഇന്ന് രാഷ്ട്രപിതാവിന്റെ ഘാതകരുടെ പിന്‍മുറക്കാര്‍ക്ക് അധികാരത്തിലെത്തുന്നതുവരെ നയിച്ചത്.

കലാപത്തില്‍ പങ്കെടുത്തതിന് പിഴയായി ഹിന്ദുക്കളില്‍നിന്നുംവ്യത്യസ്തമായി ഉയര്‍ന്ന ശതമാനം പിഴ നല്‍കേണ്ടിവന്നതും കലാപാനന്തരം ഡല്‍ഹിയിലേക്ക് ഹിന്ദുക്കളെ മാത്രം തിരികെയെത്താന്‍ അനുവദിച്ചതും ബ്രിട്ടീഷുകാര്‍ക്കെതിരെയും അവരുടെ ഭരണസമ്പ്രദായത്തിനെതിരേയും വിദ്യാഭ്യാസ രീതിക്കെതിരെയുമുള്ള മനോഭാവമാക്കി വളര്‍ത്തിയെടുക്കപ്പെടുന്നുണ്ട്. ഉയര്‍ന്ന ജോലികളില്‍ ഉണ്ടായിരുന്ന മുസല്‍മാന്‍മാര്‍ ഒഴിവാക്കപ്പെട്ടു. ബ്രിട്ടീഷ് ആധുനികതയോട് അടുപ്പം പാലിച്ച സമൂഹത്തിലെ ഉയര്‍ന്നവിഭാഗം ഹിന്ദുക്കള്‍ ബൗദ്ധികമായി മുന്നേറിയപ്പോള്‍ മുസല്‍മാന്‍മാര്‍ പിറകോട്ടുപോയി. ഇതുണ്ടാക്കിയ അസമമായ വളര്‍ച്ചയാണ് ഹിന്ദു-മുസ്ലീം പ്രശ്‌നത്തിന് അടിത്തറയിടുന്നതും പാക്കിസ്ഥാന്റെ രൂപീകരണത്തിലേക്ക് നയിക്കുന്നതും.

1857നു ശേഷമുള്ള കൊളോണിയല്‍ അധിനിവേശത്തിന്റെ കാലത്ത് ബ്രിട്ടീഷുകാരുമായി ആദ്യമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ച ബംഗാളിലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് ഹിന്ദുദേശീയതയ്ക്ക് അടിത്തറ പാകുന്നത്. ഹിന്ദുദേശീയതയുടെ മറവില്‍ ഈ മുന്നേറ്റത്തെ നയിച്ചത് മേല്‍ജാതിക്കാരുടെമേധാവിത്വമായിരുന്നു. അരബിന്ദോ ഘോഷിന്റെ പിതാവായിരുന്ന രാജ് നാരായണ്‍ ബസു (1826-1899) ഹിന്ദുമഹാസഭയുടെ മുന്‍ഗാമിയായ ‘ഭാരത ധര്‍മ്മ മഹാമണ്ഡലി’ന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു. ഹൈന്ദവീതയ്ക്ക് മറ്റു മതങ്ങളേക്കാള്‍ മാഹാത്മമുണ്ടെന്നു വിശ്വസിച്ചിരുന്ന ഇദ്ദേഹം ജാതീയതയിലും അകമഴിഞ്ഞ് വിശ്വസിച്ചിരുന്നു. ”മഹത്വപൂര്‍ണമായ ഹിന്ദുരാഷ്ട്രം ഉറക്കം വിട്ടുണര്‍ന്നശേഷം അതിന്റെ ദിവ്യമായ കഴിവുകളോടെ പുരോഗതിയിലേക്ക് കുതിച്ചുപായും. പുനരാര്‍ജവം സിദ്ധിച്ച ഈ രാഷ്ട്രം അതിന്റെ അറിവും ആത്മീയതയും സംസ്‌കാരവും ഹിന്ദുരാഷ്ട്രയുടെ മഹാത്മ്യവും കൊണ്ടു വീണ്ടും ലോകം മുഴുവനും വ്യാപിക്കുന്നതും ലോകത്തെ വീണ്ടും പ്രകാശമാനാക്കുന്നതും ഞാന്‍ കാണുന്നു” എന്നും അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി. ഈയൊരു വികാരത്തെ മുസ്ലീംവിരുദ്ധതയിലൂടെ ഹിന്ദുദേശീയതയാക്കി വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാനപങ്കുവഹിച്ചത് ബങ്കിം ചന്ദ്രചാറ്റര്‍ജിയാണ്. ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിച്ച വിശുദ്ധനായിട്ടാണ് അരബിന്ദോ ബങ്കിമിനെ കണ്ടത്. ബങ്കിമിന്റെ സാഹിത്യസംഭാവനകള്‍ ഹിന്ദുദേശീയതയെ പരിപോഷിപ്പിക്കുന്നവയാണ്. തന്റെ ‘ആനന്ദമഠ’മെന്ന നോവലില്‍ ബങ്കിംചന്ദ്രചാറ്റര്‍ജി കടുത്ത മുസ്ലീംവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. മുസ്ലീം ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും തീവെക്കുകയും കൊള്ളമുതല്‍ പങ്കുവെക്കുകയും ചെയ്യുന്നവരെ വിവരിക്കുന്നുണ്ട്. അവരുടെ ഒരു യോഗത്തിന്റെ നടപടിക്രമം വിവരിക്കുന്നത് ഇപ്രകാരമാണ് : ”കൊല്ലൂ, കൊല്ലൂ, മുസ്ലീംങ്ങളെ കൊല്ലൂ” എന്നു ചിലര്‍ ആക്രോശിച്ചു. മറ്റു ചിലര്‍ വിജയം വിജയം മഹാരാജിന് വിജയം എന്ന് ആര്‍ത്തലച്ചു. വേറെ ചിലര്‍ പറഞ്ഞു : സഹോദരന്മാരെ ഞാന്‍ രാദാമാധബിന് ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ മോസ്‌കിനെ തകര്‍ത്തെറിയും.”

തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ സവര്‍ക്കരും കൂട്ടുകാരും ചേര്‍ന്ന് സമീപത്തെ പള്ളി തകര്‍ത്ത സംഭവം വിവരിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ ധനഞ്ജയകീര്‍. പില്‍ക്കാലത്ത് ഗുജറാത്തിലും ഇന്ത്യയിലുടനീളവും നടന്ന വര്‍ഗീയകലാപങ്ങളിലും അരങ്ങേറിയ വംശഹത്യകളിലും പരീക്ഷിച്ചത് ഈ നോവലിന്റെ പ്രയോഗവല്‍ക്കരണമാണ്. ”ധര്‍മ്മത്തിനുവേണ്ടി മരിക്കുക, മരിക്കുന്‌പോള്‍ സര്‍വ്വരേയും വധിക്കുക. വധിക്കുന്നതിലാണ് നിങ്ങളുടെ വിജയം – നിങ്ങളുടെ സ്വന്തം ഭരണത്തിന്റെ സ്ഥാപനം” എന്ന സ്വാമി രവിദാസിന്റെ വാചകമാണ് സവര്‍ക്കരുടെ പുസ്തകത്തിന്റെ സ്മാരകവാക്യമെങ്കില്‍ മറ്റൊരിടത്ത് ഉദ്ധരിക്കുന്നത് ഗുരു ഗോവിന്ദ് സിംഗിനെയാണ് :’മതത്തിനുവേണ്ടി പൊരുതുന്ന മനുഷ്യന്‍ ശരീരത്തിന്റെ ഓരോ ഭാഗവും ഛേദിക്കപ്പെട്ടാല്‍പ്പോലും പടക്കളംവിടുന്നില്ല.” ”അതേ, ശരീരങ്ങള്‍ തുണ്ടംതുണ്ടമാക്കിയാല്‍പ്പോലും പടക്കളം വിട്ടുപോകാതിരുന്ന സ്വന്തം മതത്തിനുവേണ്ടി പോരാടിയ ധീരരായ മനുഷ്യരുടെ കഥകള്‍കൊണ്ട് നിറഞ്ഞതാണ് ഹിന്ദുസ്ഥാന്റെ ചരിത്രം മുഴുക്കെ” എന്ന് സവര്‍ക്കര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

”ദേശീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള നമ്മുടെ പ്രസ്ഥാനം രാഷ്ട്രീയമല്ല. അത് മതപരവും ആധ്യാത്മികവുമാണ്. നമ്മുടെ ദേശീയത കേവലം രാഷ്ട്രീയമല്ല. അത് വിശ്വാസത്തിന്റെയും ആരാധനയുടേയും കാര്യമാണ്. സനാതന ധര്‍മ്മമാണ് നമ്മുടെ ദേശീയത. സനാതനധര്‍മ്മത്തോടൊപ്പമാണ് ഹിന്ദുരാഷ്ട്രം പിറന്നത്. അവ രണ്ടിനേയും വിഘടിപ്പിക്കാനാവില്ല. അവയുടെ ദിശയും വികാസവും അനന്യതയുള്ളതാണ്. സനാതന ധര്‍മ്മം അധപതിക്കുമ്പോള്‍ രാഷ്ട്രവും അധപതിക്കുന്നു. എന്നെങ്കിലും സാനതന ധര്‍മ്മം മരിക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ അതിനൊപ്പം രാഷ്ട്രവും മരിക്കും. തുറന്നുപറയാന്‍ എന്നെ അനുവദിക്കൂ. സനാതനധര്‍മ്മാണ് നമ്മുടെ രാഷ്ട്രത്വം ഇതാണ് ഈശ്വരന്‍ എനിക്ക് നല്‍കിയ മന്ത്രം” എന്നാണ് അരബിന്ദോ പറയുന്നത്.

ഹിന്ദുത്വത്തിന്റെ ആശയങ്ങള്‍ തന്നെയാണ് വിവേകാനന്ദനും പ്രസരിപ്പിച്ചത്. ‘ഈ രാജ്യത്തിന്റ നീളത്തിലും വീതിയിലുമുടനീളം ഒരൊറ്റ മതം അംഗീകരിക്കപ്പെട്ടേ മതിയാവൂ.” എന്നു പറഞ്ഞ വിവേകാനന്ദന്റെ ‘കേരളം ഭ്രാന്താലയ’മാണെന്ന പ്രസ്താവനയും മതം മാറ്റം സംബന്ധിച്ചുള്ള അസഹിഷ്ണതയില്‍ നിന്നുണ്ടായത് തന്നെയാണ്. വേദതത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രം നിര്‍മ്മിച്ചതിന് ദയാനന്ദയെ അരബിന്ദോ അങ്ങേയറ്റം പ്രകീര്‍ത്തിക്കുന്നുണ്ട്. ഹിന്ദുദേശീയതയുടെ സൈദ്ധാന്തികനും പ്രയോക്താവുമായിരുന്ന ഗോള്‍വര്‍ക്കര്‍ തനിക്ക് ദയാനന്ദസരസ്വതിയുമായും ആര്യസമാജവുമായുള്ള ബന്ധത്തെ ഇപ്രകാരമാണ് അടയാളപ്പെടുത്തുന്നത് : ”യഥാര്‍ഥത്തില്‍ ആര്യസമാജത്തിന്റെ വ്യാപ്തിയേറിയതും കൂടുതല്‍ സമഗ്രവുമായൊരു പതിപ്പാണ് ഹിന്ദുമഹാസഭ. ആധുനികകാലത്തെ ‘ഹിന്ദുസംഘതന്‍’ന്റെ ഒന്നാമത്തെ അപ്പോസ്തലനെന്ന ബഹുമതി എക്കാലവും ആര്യസമാജ് പ്രസ്ഥാനത്തിന്റെ വിശ്രുത സ്ഥാപകനായ ദയാനന്ദസരസ്വതിക്കായിരിക്കും.”

പഞ്ചാബിന്റെ സിംഹമെന്നും ദേശീയ വിപ്ലവകാരിയെന്നും വിശേഷിപ്പിക്കപ്പെട്ട ലാലാ ലജ്പത്‌റായിയും ഇത്തരമൊരു ദേശീയതയുടെ വക്താവായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ദേശീയവാദികളെന്നാല്‍ പൊതുവായൊരു പൈതൃകത്തിലും പൊതുവായൊരു മതത്തിലും പൊതുവായൊരു ഭാഷയിലും പൊതുവായൊരു ഭാവിയിലും അഭിമാനം കൊള്ളുന്ന സകലരു’മായിരുന്നു. ഹിന്ദുദേശീയതയുടെ സൈദ്ധാന്തികനായി സവര്‍ക്കര്‍ പ്രത്യക്ഷപ്പെടുന്നതിനും വളരെമുമ്പുതന്നെ അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ അടിത്തറപാകിയത് ലാലാലജ്പതറായിയായിരുന്നു. ഈയൊരു സ്വാധീനം ദേശീയപ്രസ്ഥാനത്തിന്റെ ആദ്യത്തെ രാഷ്ട്രീയ സ്വരൂപമായ കോണ്‍ഗ്രസിനേയും സ്വാധീനിക്കുക സ്വാഭാവികമാണ്. വര്‍ഗപരമായി ഇവര്‍ വരേണ്യതാല്‍പര്യവും വര്‍ണതാല്പര്യവും ഒരുപോലെ കാത്തുസൂക്ഷിച്ചുപോന്നു. കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കള്‍, സമരരീതികളില്‍പ്പോലും മതപരതയെ കുടിയിറക്കിയിരുന്നു.

ഇന്ത്യന്‍ ദശീയതയുടെ ഹൈന്ദവീയമായ സ്വഭാവം പ്രചരിപ്പിക്കാനും ഹിന്ദുക്കളെ സംഘടിപ്പിക്കാനും വേണ്ടിയാണ് തിലകന്‍ ഗണേശോത്സവത്തിലൂടെ ലക്ഷ്യമിട്ടത്. 1893ല്‍ ആദ്യമായി ബോംബെയില്‍ സംഘടിപ്പിച്ച ആ ഉത്സവം വമ്പിച്ച വിജയമായിരുന്നു. ഹിന്ദുരാഷ്ട്രീയ വിഘടനം പ്രോത്സാഹിപ്പിച്ചതിന് മുഖ്യ ഉത്തരവാദിയായി വരുന്ന ആദ്യത്തെ നേതാവാണ് ‘ലോകമാന്യ’ന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തിലകന്‍. ഒരു ദേശിയതാവാദിയായി പരക്കെ അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന മദന്‍മോഹന്‍ മാളവ്യയാണ് ഏറ്റവും ദേശസ്‌നേഹരഹിതമായ ‘ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാന്‍’ എന്ന മുദ്രാവാക്യത്തിന്റെ ശില്ലി. ഹിന്ദുദേശീയതയുടേയും ഇന്ത്യന്‍ ദേശീയതയുടേയും അതിര്‍വരമ്പ്് എത്രമാത്രം ശുഷ്‌ക്കമായിരുന്നുവെന്ന് തന്റെ ആയുഷ്‌ക്കാലത്ത് മദന്‍ മോഹന്‍ മാളവ്യ വഹിച്ചിട്ടുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും മനസിലാക്കാവുന്നതാണ്. 1909, 1918, 1933 വര്‍ഷങ്ങളില്‍ അദ്ദേഹം ഒരു സംയോജിത ഇന്ത്യക്കുവേണ്ടി നിലകൊണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. മറുവശത്ത് 1923, 24, 36 വര്‍ഷങ്ങളില്‍ അദ്ദേഹം ഹിന്ദുമഹാസഭയുടെ സമ്മേളനങ്ങളില്‍ ആധ്യക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളും അതിന്റെ പ്രസിഡണ്ടമായിരുന്ന മദന്‍ മോഹന്‍ മാളവ്യ സ്ഥിരമായ ആര്‍.എസ്.എസ്. ശാഖകള്‍ സന്ദര്‍ശിക്കുക മാത്രമല്ല നാഗ്പരില്‍ രൂപീകരിച്ച അതിന്റെ ആദ്യത്തെ ശാഖയ്ക്ക് വേണ്ടിയുള്ള ഇടം പുനര്‍നിര്‍മ്മിക്കാന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു.

ലാലാലജ്പത് റായിയുടേയും മദന്‍മോഹന്‍ മാളവ്യയുടേയും അസഹിഷ്ണതയെക്കുറിച്ച് മോട്ടിലാല്‍ നെഹ്‌റു മകന്‍ ജവഹറിനെഴുതിയ കത്തില്‍ ഇപ്രകാരം പറയുന്നുണ്ട് : ”മാളവ്യ ലാലാ (ലജ്പത്‌റായ്) സംഘത്തിന്റെ അനുഗ്രഹാശിസ്സുക്കളോടെ എനിക്കതിരെ ആരംഭിച്ചിട്ടുള്ള കുപ്രചരണം ലളിതമായി എനിക്ക് നേരിടാവുന്നതിലും അപ്പുറത്തുള്ളതാണ്. പരസ്യമായിട്ടെന്നെ ഹിന്ദുവിരുദ്ധനെന്നും മാട്ടിറച്ചി തിന്നുന്നവനെന്നും പറഞ്ഞ് അപലപിക്കുന്നു. യുണൈറ്റഡ് പ്രവിശ്യയിലെ മുസ്ലീം പള്ളികള്‍ക്ക് മുമ്പില്‍ തടസമില്ലാതെ വാദ്യഘോഷം നടത്താനനുവദിക്കണമെന്നാവശ്യപ്പെട്ട പ്രസ്ഥാനത്തിന് മാളവ്യ നേരിട്ട് നേതൃത്വം നല്‍കിയത് ഗുരുതരമായ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. വര്‍ഗീയ വിഘടനം പരമാവധി വര്‍ധിപ്പിക്കാന്‍ ലഭ്യമായിട്ടുള്ള എല്ലാ മാര്‍ഗങ്ങളും അദ്ദേഹം സ്വീകരിച്ചു. ഹിന്ദു മുസ്ലീം ഐക്യത്തിനുവേണ്ടി നിലകൊണ്ട കോണ്‍ഗ്രസിനെ മുസ്ലിം ഇന്ത്യയുടെ വേശ്യ’യെന്നു വിളിച്ച് അപമാനിച്ചു.”

ഹിന്ദുമഹാസഭയും ആര്‍എസ്.എസും സംഘടിപ്പിക്കുന്നതില്‍ മുന്നില്‍നിന്നും പ്രവര്‍ത്തിച്ച മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നു ഡോ..ബി.എന്‍.മുന്‍ജെ. ഇദ്ദേഹമാണ് പിന്നീട് ആര്‍.എസ്.എസിന്റെയും നേതാവായി മാറുന്നത്. ആദ്യകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് അസാധാരണമായിരുന്നില്ല. ഗാന്ധിജിയുടെ പ്രവര്‍ത്തന കേന്ദ്രമായ വാര്‍ധയിലെ സംഘ് ചാലക് പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ സെക്രട്ടറിയായ അപ്പാജി ജോഷിയായിരുന്നു. 1934ല്‍മാത്രമാണ് കോണ്‍ഗ്രസുകാര്‍ ഹിന്ദു മഹാസഭയിലോ മുസ്ലീം ലീഗിലോ ആര്‍.എസ്.എസിലോ ചേര്ന്നു പ്രവര്‍ത്തിക്കുന്നത് വിലക്കിക്കൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് പാസാക്കിയത്. എന്നിട്ടും 1936ലും മദന്‍മോഹന്‍ മാളവ്യ ഹിന്ദുമഹാസഭയുടെ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചിരുന്നുവെന്നത് ഓര്‍മ്മിക്കുക.

മനുഷ്യന്റെ മുന്‍ഗാമി കുരങ്ങനല്ല, അത് ഒരു പൊതുപൂര്‍വികനെ പങ്കിടുന്നുവെന്നു പറയുന്നതുപോലെ സംഘപരിവാരവും കോണ്‍ഗ്രസും പിന്തുടരുന്നത് ഒരു പൊതുപൂര്‍വികനെ തന്നെയാണ്. തിരിച്ചറിയാന്‍ വയ്യാത്തവിധം സാമ്യമുള്ളതാണ് അതിന്റെ ഡിഎന്‍എ.
അതൊക്കെത്തന്നെയാണ് രാജീവ് ഗാന്ധിയിലൂടേയും നരസിംഹറാവു വഴി ഇങ്ങു രമേശ് ചെന്നിത്തലവരെയെത്തുന്ന ജനിതകവഴികള്‍. അടിത്തറയാണ് പാകപ്പെട്ടുകഴിഞ്ഞിരിക്കുന്നത്. അരുന്ധതി റോയി പറഞ്ഞതുപോലെ ആരെങ്കിലും തെരുവിലിറങ്ങിയേ പറ്റൂ.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply