ടി എന്‍ ജോയിയും നജ്മല്‍ ബാബുവും രാഷ്ട്രീയമായി ഏറ്റുമുട്ടുമ്പോള്‍

രാഷ്ട്രീയ കേരള ചരിത്രത്തില്‍ ഏറെ പ്രസക്തമായ കൊടുങ്ങല്ലൂരില്‍ ടി എന്‍ ജോയിയും നജ്മല്‍ ബാബുവും തമ്മില്‍ നടക്കുന്നത് ഒരു രാഷ്ട്രീയ പോരാട്ടമാണ്. ഈ ഈ രാട്ടവും
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മാറുമെന്നു കരുതാം.

മുന്‍കാല നക്സലൈറ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ടി എന്‍ ജോയ് അഥവാ നജ്മല്‍ ബാബു മരിച്ച് ഒരു വര്‍ഷം തികഞ്ഞിട്ടും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയഭിന്നതകളും തുടരുകയാണ്. അതിന്റെ ഭാഗമായി തന്നെ കൊടുങ്ങല്ലൂരിലെ രണ്ടുവിഭാഗങ്ങള്‍ വ്യത്യസ്ഥമായാണ് അദ്ദേഹത്തിന്റെ അനുസ്മരണ സമ്മേളനം നടത്തുന്നത്. ഒരു വിഭാഗം ജോയോര്‍മ്മപെരുന്നാള്‍ എന്ന പേരിര്‍ ഒക്ടോബര്‍ രണ്ടിന് പരിപാടി സംഘടിപ്പിച്ചു. മറ്റൊരു വിഭാഗം നജ്മലിനൊപ്പം, മര്‍ദ്ദിതര്‍ക്കൊപ്പം എന്ന പേരില്‍ 11ന് അനുസ്മരണം നടത്തുന്നു. ആദ്യവിഭാഗം ജോയ് എന്ന പേരും രണ്ടാം വിഭാഗം നജ്മല്‍ എന്ന പേരുമാണ് ഉപയോഗിക്കുന്നത് എന്നതില്‍ നിന്നുതന്നെ ഇവര്‍ തമ്മിലുള്ള ഭിന്നതയുടെ രാഷ്ട്രീയം പ്രകടമാണ്.
അദ്ദേഹത്തിന്റെ മൃതദേഹസംസ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ തുടര്‍ച്ചതന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. മര്‍ദ്ദിതരോടൊപ്പം നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി മുസ്ലിം മതം സ്വീകരിച്ച് നജ്മല്‍ ബാബുവായി മാറിയ ജോയ് തന്നെ ചരിത്രപ്രസിദ്ധമായ ചേരമാന്‍ പള്ളിയില്‍ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാലത് നടന്നില്ല. അദ്ദേഹത്തിന്റെ ഇസ്ലാംമത സ്വീകരണം ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന സംഘപരിവാര്‍ ഫാസിസത്തോട് വിയോജിച്ചു കൊണ്ടും , അപര വല്‍ക്കരിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹത്തോട് ഐക്യപ്പെട്ടു കൊണ്ടുമുള്ള രാഷ്ട്രീയ നിലപാടായിരുന്നു. അതേ രാഷ്ട്രീയ നിലപാടിന്റെ വിശാലതയില്‍ നിന്നുകൊണ്ടായിരുന്നു തന്റെ മൃതശരീരം മരണാനന്തരം ചേരമാന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ കബറടക്കം ചെയ്യുന്നതിനുവേണ്ടി ചേരമാന്‍ ജുമാ മസ്ജിദിലെ മൗലവിക്ക് നിവേദനം നല്‍കിയത്. പള്ളിക്കമ്മിറ്റി അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മൃതശരീരം പള്ളിയങ്കണത്തില്‍ കബറടക്കം ചെയ്യുവാന്‍ തയ്യാറായിരുന്നു. എന്നാല്‍ യുക്തിവാദികളും ഇടതുപക്ഷക്കാരുമായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അതിനു തയ്യാറായില്ല. സാമൂഹികമായി ജീവിച്ച ഒരു വ്യക്തിയുടെ രാഷ്ട്രീയത്തെ സംരക്ഷിക്കാന്‍ പോലീസോ സ്ഥലത്തെ രാഷ്ട്രീയ നേതാക്കളോ തയ്യാറായില്ല. മൃതദേഹത്തിനുമുണ്ട് ചില അവകാശങ്ങള്‍ എന്നതും അംഗീകരിക്ക്പപെട്ടില്ല. ഒരു വ്യക്തിയുടെ മരണത്തോടുകൂടി അദ്ദേഹത്തിന്റെ ശരീരം മാത്രമാണ് ഇല്ലാതാകുന്നതെന്നും രാഷ്ട്രീയം സംരക്ഷിക്കപ്പെടേണ്ടതാണെന്നും പോലീസും സാമൂഹ്യ – രാഷ്ട്രീയ പ്രവര്‍ത്തകരും തിരിച്ചറിഞ്ഞില്ല. ഒരു വിഭാഗം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും മൃതദേഹം, എന്നേ അദ്ദേഹം വിട പറഞ്ഞിരുന്ന വസതിയില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു.
ഏറെ വിവാദമായ ഈ സംഭവത്തിന്റെ തുടര്‍ച്ച തന്നെയാണ് മരണത്തിന്റെ വാര്‍ഷികത്തിലും ആവര്‍ത്തിക്കുന്നത്. ഒറ്റ ശരീരത്തില്‍ ഒരേ സമയത്ത് പല വ്യക്തിത്വങ്ങളായി ജീവിച്ച (മരണ ശേക്ഷവും അങ്ങിനെ തന്നെ!) ഒരാള്‍ ആയിരുന്നു ടി.എന്‍.ജോയി എന്നും ലോകത്തെ ആകമാനം സൗന്ദര്യവത്ക്കരിക്കാന്‍ വേണ്ടി ജീവിച്ച, അതിനായുള്ള സ്വപ്നങ്ങള്‍ മാത്രം കണ്ട ‘മനുഷ്യസ്നേഹി’യും ജീവിതം മുഴുവന്‍ സ്വാതന്ത്ര്യപ്രഖ്യാപനങ്ങള്‍ നടത്താന്‍ ശ്രമിച്ച ‘ജനാധിപത്യവാദി’യും ഒരേസമയം നക്സലേറ്റേന്നും മുന്‍ നക്സലേറ്റേന്നും സഖാക്കള്‍ വിളിച്ചിരുന്ന ‘സമര പോരാളി’യും മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബിനെ പോലെ പേടിപ്പെടുത്തും വിധം ‘സത്യസന്ധനായി’ ജീവിച്ച ആളും എല്ലാവരേയും അഗാധമായി സ്നേഹിക്കുകയും അത്രതന്നെ വെറുപ്പിക്കുകയും നിരന്തരം കലഹിക്കുകയും സംവദിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്തിട്ടുള്ള ‘പച്ചയായ മനുഷ്യനുമായിരുന്ന ആ ജീവിതത്തില്‍ ഒന്ന് മാത്രമായിരുന്നു നജ്മല്‍ എന്‍ ബാബു എന്നവകാശപ്പെടുന്ന വിഭാഗമാണ് ജോയോര്‍മ്മപെരുന്നാള്‍ സംഘടിപ്പിച്ചത്. ആ ഒന്നിനെ ഓര്‍മ്മിക്കാനാണ് അനുസ്മരണത്തിന് പെരുന്നാള്‍ എന്ന പേര്‍ നല്‍കിയത്. തങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതും അദ്ദേഹം തങ്ങള്‍ക്ക് മാത്രം സ്വന്തം; തങ്ങളുടേത് മാത്രമായിരുന്നു എന്ന് പറയുന്നത് ജോയിയുടെ ജീവിതത്തെ നിഷേധിക്കലാണെന്നും അവര്‍ ആരോപിക്കുന്നു. ജോയിയുടെ സമരജീവിതത്തില്‍ ഒന്ന് മാത്രമായിരുന്നു ‘നജ്മല്‍ എന്‍ ബാബു’, ഒരു സമരജീവിത ‘സന്ദര്‍ഭം’ എന്ന നിലയിലാണ് അതിനെ കാണേണ്ടതെന്നും അത് മാത്രമാണ് ജോയിയെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും പെരുന്നാള്‍ സംഘാടകര്‍ പറയുന്നു.
അതേസമയം 11ന് അനുസ്മരണം നടത്തുന്ന മീഡിയാ ഡയലോഗ് സെന്ററ്# വ്യവസ്ഥാപിത ഇടത് കാര്‍മികത്വത്തില്‍ നിലനിന്നിരുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ടീയത്തിന്റെ ഉപരിപ്ലവതയെ നിരന്തരം പ്രശ്നവല്‍ക്കരിക്കാനാണ് നജ്മല്‍ തന്റെ ജിവിത സായാഹ്നത്തില്‍ ഊന്നല്‍ നല്‍കിയിരുന്നതതെന്നും മര്‍ദ്ദിതരുടെ എല്ലാ വിധ സ്വത്വ പ്രത്യേകതകളേയും നിരാകരിച്ച് കേവല മനുഷ്യരായി മാത്രം തങ്ങളോപ്പം ചേരാനുള്ള ഇടത് ആഹ്വാനങ്ങളോട് കലഹിച്ചു കൊണ്ട്; അടിച്ചമര്‍ത്തപ്പെട്ട സ്വത്വങ്ങളുടെ കര്‍തൃത്വത്തെ സാര്‍ത്ഥകമായി ഉപയോഗിച്ച് കൊണ്ട് മാത്രമേ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധം മുന്നോട്ട് കൊണ്ട് പോകാനാവൂ എന്ന നിലപാടായിരുന്നു നജ്മല്‍ മുന്നോട്ട് വച്ചതെന്ന് ചൂണ്ടികാട്ടുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രിയത്തിന്റെ ഏറ്റവും സാര്‍ത്ഥകമായ പ്രയോഗം കൂടിയായിരുന്നു ടി.എന്‍ ജോയിയില്‍ നിന്നും നജ്മല്‍ എന്‍ ബാബു ആയുള്ള സ്വത്വപരിണാമം. ആ അര്‍ത്ഥത്തില്‍ തന്റെ മരണശേഷവും തന്റെ രാഷ്ട്രീയ അഭിലാഷങ്ങളുടെ ചിഹ്നവും, പ്രയോഗവുമെന്ന നിലയില്‍ ചേരമാന്‍ പള്ളിയുടെ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന് ഈ വിബാഗം പറയുന്നു. മുസ്ലിം സ്വത്വ സ്വീകരണത്തിന്റെ ആ കാലികമായ രാഷ്ട്രീയത്തെ നിര്‍വീര്യമാക്കിക്കൊണ്ട് നെറികേട് കാണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കളും യുക്തിവാദികളും വ്യവസ്ഥാപിത ഇടതുപക്ഷവും സര്‍ക്കാര്‍ സംവിധാനങ്ങളുമെന്നും അദ്ദേഹത്തിന്റെ ഇസ്ലാം സ്വീകരണത്തെ അസഹിഷ്ണുതയോടെ സമീപിച്ച മുസ്ലിം വിരുദ്ധര്‍ മരണശേഷം ‘നജ്മല്‍ എന്‍ ബാബുവിനെ’ ബാക്കിവെക്കാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. അതിനാലാണ് നീതികേടുകളോട് നിരന്തരം കലഹിച്ച അദ്ദേഹത്തിന്റെ മരണാനന്തര അവകാശത്തോട് തികഞ്ഞ നെറികേട് കാണിച്ചു കൊണ്ട് നടക്കുന്ന ഓര്‍മ്മപ്പെരുന്നാളുകള്‍ക്ക് ഭിന്നമായി, നജ്മല്‍ എന്‍ ബാബുവിന്റെ രാഷ്ട്രീയം ഓര്‍ക്കുകയും സമൂഹത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുകയാണ് തങ്ങളെന്നും ഫാസിസത്തിന്റെ അടിച്ചമര്‍ത്തല്‍ അത്രമേല്‍ രൂക്ഷമായിരിക്കെ ഇനിയങ്ങോട്ടുള്ള പ്രതിരോധത്തിന് അടിച്ചമര്‍ത്തപ്പെട്ടുന്ന എല്ലാ ഐഡിന്റിറ്റികളെയും അഡ്രസ് ചെയ്തിരുന്ന നജ്മല്‍ എന്‍ ബാബുവിന്റെ അനുസ്മരണം പ്രധാനമെന്നും മീഡിയ ഡയലോഗ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
എന്തായാലും രാഷ്ട്രീയ കേരള ചരിത്രത്തില്‍ ഏറെ പ്രസക്തമായ കൊടുങ്ങല്ലൂരില്‍ ടി എന്‍ ജോയിയും നജ്മല്‍ ബാബുവും തമ്മില്‍ നടക്കുന്നത് ഒരു രാഷ്ട്രീയ പോരാട്ടമാണ്. ഈ ഈ രാട്ടവും
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മാറുമെന്നു കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ടി എന്‍ ജോയിയും നജ്മല്‍ ബാബുവും രാഷ്ട്രീയമായി ഏറ്റുമുട്ടുമ്പോള്‍

  1. ഈ ശവം ഞങ്ങളുടേതാണ്.. .

Leave a Reply