വന്യജീവിസംരക്ഷണവാരവും കാട്ടുപന്നികളെ വെടിവെക്കാനുള്ള അനുമതിയും.

ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്കൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ടെന്നും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിക്കരുതെന്നും മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണമെന്നും യു എന്നിന്റെ മൃഗാവകാശ പ്രഖ്യാപനം വ്യക്തമായി പറയുന്നുണ്ട്. അതംഗീകരിച്ചാവണം ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കേണ്ടത്. മാത്രമല്ല ഇത്തരം പ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ച് വന്യമൃഗങ്ങളെ കൊന്നൊടുക്കാനുള്ള നീക്കമുണ്ടായാല്‍ അതിനെ തടയാനും സര്‍ക്കാര്‍ തയ്യാറാകണം.

ഇത്തവണത്തെ വന്യജീവി വാരാഘോഷം ആരംഭിച്ചത് മുഖ്യമന്ത്രിയുടെ കൗതുകമുണര്‍ത്തുന്ന ഒരു പ്രസ്താവനയോടുകൂടിയാണ്. ലോകത്തിലെ ഓരോ ജീവിക്കും മനുഷ്യനെപ്പോലെ തന്നെ ജീവിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഉദ്ഘോഷിക്കുകയും, സഹിഷ്ണുതയുടെയും, അഹിംസയുടെയും മഹത്വം ലോകത്തിന് കാണിച്ചു കൊടുക്കുകയും ചെയ്ത ഗാന്ധിജിയുടെ കാലടിപ്പാട് പിന്തുടര്‍ന്ന് വനങ്ങളുടെയും, വന്യജീവികളുടെയും സംരക്ഷണം ഉറപ്പുവരുത്താനുള്ള കൂട്ടായ ശ്രമങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിജയന്തി മുതല്‍ ഒരുവാരം വന്യജീവിവാരമായി ആചരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇനിമുതല്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കിയതായാണ് വന്യജീവി വാരോഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസ്താവിച്ചത്. അതാകട്ടെ ലോകമൃ8ഗദിനത്തിനു രണ്ടുദിവസം മുമ്പും. അതേസമയം മുഖ്യമന്ത്രി ഇത്തരത്തില്‍ പറയത്തവിധം സംസ്ഥാനത്തെ മനുഷ്യ – വന്യജീവി സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയാണെന്നത് കാണാതിരുന്നുകൂട.

കാസര്‍ഗോഡ് ജില്ലയിലെ മുള്ളേര്യയില്‍ കഴിഞ്ഞ ദിവസം തന്നെ കാട്ടുപന്നി ഇടിച്ച് ഇരുചക്ര വാഹനം മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നി ചാവുകയും ചെയ്തു. അടുത്തൊരു ദിവസം മയിലിനെ ഇടിച്ച് തൃ8ശൂരില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കാടിറങ്ങി വരുന്ന ആനകള്‍ നിരന്തരമായി അക്രമാസക്തമാകുന്നു. ആനകളുടെ അക്രമത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടുന്നു. കൂടാതെ പുലിയും കടവയുമടക്കമുള്ള ജീവികളും മനുഷ്യജീവനു ഭീഷണിയാകുന്നു. ആനയടക്കമുള്ള മൃഗങ്ങളുടെ അക്രമത്തില്‍ കാര്‍ഷികവിളകള്‍ക്ക് വന്‍തോതില്‍ നാശം നേരിടുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി വന്യജീവി വാരോഘോഷം ഉദ്ഘാടനം ചെയ്തത്. വന്യജീവി ശല്യം തടയാന്‍ സംസ്ഥാനത്ത് 204 ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്യജീവികളെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുമ്പോഴാണ് മുഖ്യമന്ത്ിയുടെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

പരസ്പരം ഇഴപിരിഞ്ഞ് കിടക്കുന്ന വലിയ ഭക്ഷ്യശൃംഖലാജാലികയിലെ കണ്ണികളായ ജീവികളെ ഓരോന്നിനെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് വന്യജീവിവാരം നമ്മളെ ഓര്‍മിപ്പിക്കുന്നത്. പരസ്പര ബന്ധിതമായ ഈ ലോലകണ്ണികള്‍ പൊട്ടിപ്പോയാല്‍ പ്രകൃതിയുടെയും നമ്മളുടെയും നിലനില്‍പ്പ് അപകടത്തിലാകുമെന്നതാണ് വസ്തുത. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളും പ്രകൃതിയിലും വനത്തിലുമെല്ലാമുള്ള നമ്മുടെ ഇടപെടല്‍ കാര്യങ്ങളെ ഇപ്പോള്‍ തന്നെ ഏറെ വഷളാക്കിയിരിക്കുന്നു. ഒരുകാലത്ത് വന്‍തോതില്‍ നമ്മള്‍ നടത്തിയ വനനശീകരണത്തിന്റേയും വനഭൂമിയില്‍ വ്യാപകമായി കൃഷിയാരംഭിച്ചതിന്റേയും വന്യമൃഗങ്ങളെ വ്യാപകമായി കൊന്നൊടുക്കിയതിന്റേയും വനങ്ങളിലേക്കുള്ള അമിതമായ കയ്യേറ്റങ്ങളുടേയും കാടുകള്‍ക്ക് തീ കൊടുത്തതിന്റേയും ടൂറിസത്തിന്റേയുമെല്ലാം തിക്തഫലങ്ങളാണ് ഇപ്പോള്‍ നാം അനുഭവിക്കുന്ന്ത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

20022012 കാലത്ത് കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ 269 പേര്‍ കൊല്ലപ്പെടുകയും 505 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കൃഷിക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമുണ്ടായ നാശം ഇതിന് പുറമേയാണ്. കുടിയേറ്റക്കാര്‍ മാത്രമല്ല ഈ വന്യമൃഗശല്ല്യത്തിന്റെ ഇരകള്‍. കുടിയേറ്റക്കാരെ പോലെ തന്നെ ആദിവാസികള്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. അട്ടപ്പാടിയില്‍ കാടുകളില്‍ അധിവസിക്കുന്ന കുറുമ്പ ആദിവാസികളുടെ നിരവധി ഏക്കര്‍ കൃഷി ഓരോ വര്‍ഷവും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നുണ്ട്. സാംസ്‌ക്കാരികമാറ്റത്തോടൊപ്പം വര്‍ദ്ധിച്ചുവരുന്ന ഈ ഭീഷണിയും ആദിവാസികളെ കൃഷിയില്‍നിന്ന് പിന്തിരിപ്പിക്കുന്നു. 2008ല്‍ ഇ. എ. ജയിസന്‍, ജി. ക്രിസ്റ്റോഫര്‍ (കേരളഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പീച്ചി) എന്നിവര്‍ പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രത്തില്‍ വരുന്ന അഗസ്ത്യമല മേഖലയില്‍ നടത്തിയ പഠനപ്രകാരം അവിടെ അധിവസിക്കുന്ന 17 കാണി ഊരുകളിലെ അധികം കുടുംബങ്ങളും വന്യമൃഗശല്ലൃം മൂലം കൃഷി ചെയ്യുന്നില്ല നെല്ല്,വാഴ, മരച്ചീനി, തെങ്ങ്, റമ്പര്‍,പൈനാപ്പിള്‍,മധുരക്കിഴങ്ങ്,കൂവ,ഇഞ്ചി തുടങ്ങിയ പതിനെട്ട് വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നതായും ഈ പഠനം സൂചിപ്പിക്കുന്നു. 2012നുശേഷമാകട്ടെ ഈ പ്രശ്‌നങ്ങളെല്ലാം രൂക്ഷമായിരിക്കുകയാണ് താനും.

വന്യമൃഗശല്യമെന്ന് കേട്ടാലുടനെ മനസ്സില്‍ പ്രത്യക്ഷപ്പെടുന്ന വില്ലന്‍ കാട്ടാനയാണ്. എന്നാല്‍ കാട്ടാനയില്‍ മാത്രമായി അത് ഒതുങ്ങില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് 2009-2013 കാലത്ത് തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പഠനത്തില്‍ കൃഷിക്ക് നാശം വരുത്തുന്ന പത്ത് ജീവജാതികളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആനകൂടാതെ പന്നി, മുള്ളന്‍പന്നി, മലയണ്ണാന്‍, കലമാന്‍, മയില്‍, പറക്കുന്ന അണ്ണാന്‍, പുള്ളിമാന്‍, നാട്ടുകുരങ്ങ് , തത്ത എന്നിങ്ങനെ. അവയില്‍ കാട്ടുപന്നികള്‍ക്കാണ് യഥാത്ഥത്തില്‍ പ്രഥമസ്ഥാനം നല്‍കേണ്ടത്. ആനകള്‍ ഒരിറക്കത്തില്‍ ഒരുപാട് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നത് നേരാണ്. എന്നാല്‍ പൊതുവില്‍ ആനകളുടെ കാടിറക്കത്തിന് ചില കാലങ്ങളും സ്ഥിരം സഞ്ചാരപഥങ്ങളുമുണ്ട്.. എന്നാല്‍ കാട്ടുപന്നികളുടെ കാര്യത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇരുട്ടിന്റെ മറവില്‍ അവ എവിടേയും ഏത് കാലത്തും എത്താമെന്ന സാഹചര്യം നിലവിലുണ്ട്. അവയുടെ പ്രത്യുല്പാദനക്ഷമതയും വളരെ കൂടുതലാണ്. ഒരു വയസ്സിനും ഒന്നര വയസ്സിനുമിടയില്‍ അവ പ്രജനനശേഷി കൈവരിക്കുന്നു. മൂന്നര മുതല്‍ നാലരമാസത്തിനുള്ളില്‍ പ്രജനനം നടക്കുന്നു. ഒരു പ്രസവത്തില്‍ ശരാശരി അഞ്ചും ആറും കുട്ടികളും ഉണ്ടാവുന്നു. പതിന്നാല് വര്‍ഷം വരെ ഈ പ്രജനനശേഷി തുടരുകയും ചെയ്യുന്നുണ്ട്. ഒരു ആണ്‍പന്നി 5-10 പെണ്‍പന്നികളുമായി ഇണച്ചേരുകയും ചെയ്യുന്നുണ്ട്. അതായത്, അനിയന്ത്രിതമായ രീതിയിലാണ് അവയുടെ വംശവര്‍ദ്ധന നടക്കുന്നത്. ഈ പെരുക്കത്തിന് മുഴുവന്‍ ആഹാരം നല്‍കാന്‍ ഒരു കാടും തികയില്ല. കാട്ടില്‍നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍പോലും കാട്ടുപന്നികളുടെ ആക്രമണങ്ങള്‍ നേരിടുന്നത് അതുകൊണ്ടാണ്.

ഇതെല്ലാം നടക്കുമ്പോഴും വനസംരക്ഷണത്തിനായും വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായും കേരളത്തില്‍ നിരവധി പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായും ലോകമെങ്ങും വളര്‍ന്ന പാരിസ്ഥിതികാവബോധത്തിന്റേയും കര്‍ശനനിയമങ്ങളുടേയും ഫലമായി കുറെമാറ്റങ്ങളൊക്കെ ഉണ്ടായി. വനംവകുപ്പ് കുറച്ചൊക്കെ ജാഗ്രതയോടെ നിയമങ്ങഘള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിന്റെയെല്ലാം ഫലമായി കാടുകൡ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാവ്യതിയാനവും ജലക്ഷാമവും മൂലം പലപ്പോഴും വന്യമൃഗങ്ങള്‍ നമ്മള്‍ സൃഷ്ടിച്ച കാടിന്റെയതിര്‍ത്തി കടന്നു പുറത്തുവരുന്ന സന്ദര്‍ഭങ്ങള്‍ സ്വാഭാവികമായും കൂടിവരുന്നു. കാടിനോടുചേര്‍ന്നും കയ്യേറിയുമൊക്കെ നമ്മള്‍ നടത്തുന്ന കൃഷിയെ അവ ആക്രമിക്കാതിരിക്കില്ലല്ലോ. ഒപ്പം മനുഷ്യരേയും. മുകളില്‍ സൂചിപ്പിച്ച, വര്‍ഷങ്ങളോളം നാം നടത്തിയ വനനശീകരണത്തിന്റെ ഫലങ്ങള്‍ ഇപ്പോഴാണ് പലയിടത്തും രൂക്ഷമാകുന്നത്. കാടിറങ്ങിവരുന്ന ആനയും കടുവയുമൊക്കെ ആക്രമിച്ച് നിരവധി മരണങ്ങള്‍ കേരളത്തില്‍ നടക്കുന്നു. വയനാട്ടിലും ഇടുക്കിയിലും മലക്കപ്പാറ – വാല്‍പ്പാറ മേഖലകളിലുമാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും നടക്കുന്നത്. അടുത്ത ദിവസം തൃശൂരില്‍ ഒരേ ദിവസം രണ്ടിടങ്ങളിലായി രണ്ടുപേരെ ആനകള്‍ കൊന്നു. മൂന്നാറിലും സമാനസംഭവമുണ്ടായി. നിലമ്പൂര്‍ നഗരത്തില്‍ തന്നെ ആനയിറങ്ങി. അവ അക്രമിച്ചത് വനംവകുപ്പ് ഓഫീസാണെന്നതാണ് കൗതുകകരം. ആറളം, അട്ടപ്പാടി, മണ്ണാര്‍ക്കാട്, മലക്കപ്പാറ, നിലമ്പൂര്‍, മറയൂര്‍, ചിന്നക്കനാല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സ്വാഭാവികമായും പലയിടത്തും വനംവകുപ്പിനും സര്‍ക്കാരിനുമെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുന്നു. വയനാട്ടില്‍ അടുത്തിടെ കടുവയുടെ ആക്രമണത്തിന്റെ ഫലമായുണ്ടായ മരണത്തെ തുടര്‍ന്ന് ഇത്തരം സമരങ്ങള്‍ ആളിപ്പടര്‍ന്നിരുന്നു. വയനാട് ജില്ലയുമായി അതിരു പങ്കിടുന്ന ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിനുള്ളിലൂടെയൊഴുകുന്ന കബനി നദി വറ്റിവരണ്ടുപോയതായിരുന്നു അടുത്ത കാലത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതിന് പ്രധാന കാരണമായത്. ബന്ദിപ്പൂരിനോട് ചേര്‍ന്നു കിടക്കുന്ന വയനാട് വന്യജീവിസങ്കേതത്തിന്റെയും സ്ഥിതി സമാനമായിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വളരെ ഗുരുതരമായ ഒന്നായി ഈ വിഷയം വരുംകാലത്ത് മാറുമെന്നുറപ്പ്. തീര്‍ച്ചയായും മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാരിനു ഇപ്പോള്‍ എടുത്ത പോലെയുള്ള തീരുമാനം ചിലപ്പോള്‍ എടുക്കേണ്ടിവരാം. ഇതിനെതിരെ മൗലികവാദപരമായി പരിസ്ഥിതിസ്‌നേഹം പറഞ്ഞിട്ടു കാര്യമല്ല. അതേസമയം മനുഷ്യരെപോലെതന്നെ മൃഗങ്ങളേയും കൊന്നൊടുക്കാനുള്ള അവകാശം മനുഷ്യനില്ല എന്നതും തിരിച്ചറിയണം. ധാര്‍മ്മികമായും രാഷ്ട്രീയമായും മാത്രമല്ല ഐക്യരാഷ്ട്രസഭയുടെ മൃഗാവകാശപ്രഖ്യാപനമനുസരിച്ചും അതു ശരിയല്ല. നമ്മുടെ തന്നെ തെറ്റായ നടപടികളുടെ ഭാഗമാണ് ഈയൊരവസ്ഥ ഉണ്ടായതെന്നു തിരിച്ചറിഞ്ഞുവേണം ഈയവസ്ഥയെ നേരിടാനുള്ള തീരുമാനങ്ങളെടുക്കാന്‍.

കിടങ്ങുനിര്‍മ്മാണം(ട്രഞ്ച്), ഇലക്ട്രിക്കല്‍ ഫെന്‍സിംഗ്, സോളാര്‍ ഫെന്‍സിംഗ്, റെയില്‍ ഫെന്‍സിംഗ്, മതിലുകെട്ടല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍ കൂടി തടയാവുന്ന രീതിയിലല്ല ഈ വിഷയം വളരുന്നത്. ഇവയില്‍ പലതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപരീതഫലമുണ്ടാക്കുകയും ചെയ്യും. മറുവശത്ത് കര്‍ഷകര്‍ക്കും ആദിവാസകള്‍ക്കും വനത്തിനടുത്ത് ജീവിക്കുന്നവര്‍ക്കും സ്വയം സന്നദ്ധ പുനരധിവാസപദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. പദ്ധതിപ്രകാരം ആളുകള്‍ക്ക് വനംവകുപ്പിന്റെ മറ്റു പുനരധിവാസപദ്ധതികള്‍ സ്വീകരിക്കാതെ ഒരു കുടുംബത്തിന് പത്തുലക്ഷംരൂപ കൈപ്പറ്റി താമസിക്കുന്നയിടത്തുനിന്ന് ഒഴിഞ്ഞുപോവുകയോ അല്ലെങ്കില്‍ പത്തുലക്ഷംരൂപ സ്വീകരിക്കാതെ വനംവകുപ്പ് പുനരധിവസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറിത്താമസിക്കുകയോ ചെയ്യാവുന്നതാണ്. ഈ പദ്ധതിപ്രകാരം വയനാട് വന്യ ജീവിസങ്കേതത്തിനകത്തെ മുഴുവന്‍ പേരേയും പുനരധിവസിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണ്. എന്നാല്‍ വനങ്ങളോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവര്‍ക്ക് അതിനു സാധ്യമാകുമോ, പുതിയ സ്ഥലങ്ങളില്‍ അവരുടെ ജീവിതം എങ്ങനെയായിരിക്കും, ആദിവാസികളെ സംബന്ധിച്ചിടത്തോളം വനാവകാശനിയമത്തിന്റെ ലംഘനമല്ലേ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്കൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ടെന്നും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിക്കരുതെന്നും മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണമെന്നും യു എന്നിന്റെ മൃഗാവകാശ പ്രഖ്യാപനം വ്യക്തമായി പറയുന്നുണ്ട്. അതംഗീകരിച്ചാവണം ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കേണ്ടത്. മാത്രമല്ല ഇത്തരം പ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ച് വന്യമൃഗങ്ങളെ കൊന്നൊടുക്കാനുള്ള നീക്കമുണ്ടായാല്‍ അതിനെ തടയാനും സര്‍ക്കാര്‍ തയ്യാറാകണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply