തൊലിപ്പുറത്തെ ചികിത്സയല്ല മന്ത്രീ, വിദ്യാഭ്യാസമേഖലയില്‍ വേണ്ടത്

കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നു പറഞ്ഞ ഡെല്‍ഹി സര്‍വ്വകലാശാല അധ്യാപകന്റെ വര്‍ഗ്ഗീയലക്ഷ്യം വ്യക്തമാണ്. അതേസമയം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ക്ക് വാരിക്കോരി കൊടുക്കുകയാണ് കേരള ബോര്‍ഡ് ചെയ്യുന്നതെന്നതില്‍ സംശയമില്ല. പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനമായെടുക്കുന്ന സ്ഥാപനങ്ങളിലെല്ലാം മലയാളി സാന്നിധ്യം കൂടുമ്പോള്‍ മത്സരപരീക്ഷകള്‍ വഴി പ്രവേശനം നടക്കുന്നിടങ്ങളില്‍ അതല്ലല്ലോ കാണുന്നത്. എന്തിനേറെ, കേരളത്തിലെ തന്നെ എഞ്ചിനിയറിംഗ് പ്രവേശനത്തില്‍ പോലും സി ബി എസ് സിക്കാര്‍ക്കാണല്ലോ ആധിപത്യം.

ഇല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ച് സ്വയം മഹത്വവല്‍ക്കരിക്കുക എന്നത് മലയാളികളുടെ ചോരയില്‍ അലിഞ്ഞ സ്വഭാവമാണ്. ഒപ്പം മറ്റുള്ളവരെ പുച്ഛിക്കലും. സമീപകാലത്താകട്ടെ ഈ പ്രവണത കൂടുതല്‍ ശക്തമായിരിക്കുകയാണ്. നാഴികക്ക് നാല്‍പ്പതുവട്ടം നമ്പര്‍ വണ്‍ ജനത എന്ന് കൊട്ടിഘോഷിക്കുകയും മറ്റുജനവിഭാഗങ്ങള , പ്രത്യേകിച്ച് തമിഴരേയും ഉത്തരേന്ത്യക്കാരേയും, അധിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ നമ്മുടെ വിനോദം.

ശരിയല്ലാത്ത അവകാശവാദങ്ങള്‍ നമ്മള്‍ നിരന്തരമായി ഉന്നയിക്കുന്ന ഒന്നാണ് വിദ്യാഭ്യാസമേഖല. കേരളത്തിന്റെ വിദ്യാഭ്യാസം ലോകനിലവാരത്തില്‍ തന്നെ മുന്നിലാണെന്നെല്ലാം പറയുന്നതു കേട്ടിട്ടുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം അതില്‍ നിന്നെല്ലാം എത്രയോ അകലെയാണ്. ഒന്നു ശരിയാണ്. സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസത്തിലും ഇന്ത്യയില്‍ നമ്മള്‍ മുന്നില്‍ തന്നെയാണ്. തീര്‍്ച്ചയായും അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ദേശീയപ്രസ്ഥാനവും നവോത്ഥാനപ്രസ്ഥാനവും കൃസ്ത്യന്‍ മിഷണറിമാരും ഇടതുപക്ഷ പ്രസ്ഥാനവുമൊക്കെ അതില്‍ പങ്കുവഹിച്ചിട്ടുണ്ട്. മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്കും അതില്‍ പങ്കുണ്ട്. അതിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. എന്തായാലും എല്ലാവരുടേയും ശ്രമഫലമായാണ് സമ്പൂര്‍ണ്ണസാക്ഷരതയും മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസ നിലവാരവും നാം നേടിയത്. എന്നാല്‍ ആ നേട്ടം നിലനിര്‍ത്താനോ അതിന്റെ തുടര്‍ച്ച ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കു വ്യാപിപ്പിക്കാനോ നമുക്ക് കഴിയുന്നില്ല. അതിന്റെ പ്രതിഫലനമാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്തു പുറത്തുവരുന്ന വാര്‍ത്തകളും വിവാദങ്ങളും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ ആദ്യകാലനേട്ടങ്ങള്‍ക്കുശേഷം പൊതുവിദ്യാഭ്യാസമേഖല രൂക്ഷമായ പ്രതിസന്ധികളെ നേരിടുകയായിരുന്നു. അധ്യാപകരുടെ മാഗ്‌നാകാര്‍ട്ട എന്നറിയപ്പെടുന്ന 1957ലെ വിദ്യാഭ്യാസബില്‍ മുതല്‍ അതാരംഭിച്ചു. അതോടെ സ്വകാര്യവിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം സര്‍ക്കാര്‍ നല്‍കാന്‍ തുടങ്ങി. എന്നാല്‍ നിയമനാധികാരം മാനേജ്മെന്റില്‍ തന്നെ തുടര്‍ന്നു. സ്‌കൂള്‍ കൊണ്ടുനടക്കാനുള്ള ചിലവ് മാനേജ്മെന്റ് വഹിക്കണമെന്നതിനാല്‍ നിയമിക്കുന്ന അധ്യാപകരില്‍ നിന്ന് വാങ്ങിയിരുന്ന വലിയ കോഴ ന്യായീകരിക്കപ്പെട്ടു. അതേസമയം സര്‍ക്കാര്‍ വേതനം നല്‍കിയിട്ടും സംവരണം നിഷേധിക്കപ്പട്ടു. മാത്രമല്ല, ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന അധ്യാപകരുടെ നിലവാരം സ്വാഭാവികമായും താഴെയായിരുന്നു. എന്നാല്‍ മറുവശത്ത് സമൂഹത്തോടോ വരും തലമുറയോടോ ഒരു പ്രതിബദ്ധതയുമില്ലാത്തവരായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ മാറിയപ്പോള്‍ എയ്ഡഡ് സ്‌കൂളുകളിലേക്കായി കുട്ടികളുടെ പ്രവാഹം. പക്ഷെ അതിനിടയിലായിരുന്നു ഇരുകൂട്ടര്‍ക്കും ഭീഷണിയായി അണ്‍ എയ്ഡഡ് സിബിഎസ്ഇ സ്‌കൂളുകളുടെ രംഗപ്രവേശം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ നിലവാരകുറവും സിബിഎസ്ഇയിലും ഇംഗ്ലീഷ് മീഡിയത്തിലും കുട്ടികളെ പഠിപ്പിക്കല്‍ അന്തസ്സിന്റെ പ്രതീകവുമായപ്പോള്‍ കുട്ടികളുടെ പ്രവാഹം അങ്ങോട്ടായി. തുച്ഛം വേതനം വ്ാങ്ങി ജോലിചെയ്തിരുന്ന അധ്യാപകരായിരുന്നു അവിടെ പഠിപ്പിക്കുന്നതെന്നതുപോലും ആരും ഓര്‍ത്തില്ല. സര്‍ക്കാര്‍ – എയ്ഡഡ് അധ്യാപകരില്‍ ഭൂരിഭാഗവും സ്വന്തം മക്കളെപോലും അവിടേക്കയക്കാനാരഭിച്ചു. എന്തായാലും പെട്ടന്നുതന്നെ സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളുടെ തകര്‍ച്ചയുമാരംഭിച്ചു. ഇടക്കാലത്തെ ഡിപിഇപി അടക്കമുളള പരിഷാരങ്ങള്‍ ഈ തകര്‍ച്ചക്ക് ആക്കം കൂട്ടുകയാണുണ്ടായത്. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളില്ലാതായി.

അതിനെയെല്ലാം മറികടക്കാനുള്ള നീക്കങ്ങളാണ് പിന്നീടുണ്ടായത്. ജോലി പോകുമെന്ന ഭയം വന്നപ്പോള്‍ അധ്യാപകര്‍ ആത്മാര്‍ത്ഥമായി തൊഴില്‍ ചെയ്യാനാരംഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന സര്‍ക്കാര്‍ തന്നെ വ്യപകമായ പ്രചാരണമാരംഭിച്ചു. കടംവാങ്ങിയ കോടികള്‍ ചിലവഴിച്ച് വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. അതാകട്ടെ പലയിടത്തും കുട്ടികളുടെ കളിസ്ഥലങ്ങള്‍ ഇല്ലാതാക്കിയായിരുന്നു. ഏറ്റവും പ്രധാനകാര്യം സര്‍ക്കാര്‍ നയങ്ങളില്‍ നിന്നു വ്യത്യസ്ഥമായി പൊതുവിദ്യാലയങ്ങളില്‍ വ്യാപകമായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു എന്നതാണ്. അതോടെയാണ് പൊതുവിദ്യാലയങ്ങലില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചത്. അന്ധമായ ഭാഷാ മൗലികവാദം ഉപേക്ഷിച്ചത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത പ്രവണതയും ശക്തമായി. വാരിക്കോരി മാര്‍ക്ക് കൊടുക്കുക എന്നതാണത്. പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടു എന്നു കാണിക്കാനുള്ള ആവേശമായിരുന്നു അതിന്റെ പുറകില്‍. ഓരോ വര്‍ഷവും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിജയശതമാനമുണ്ടാക്കുകയായിരുന്നു ഓരോ സര്‍ക്കാരും ചെയ്തത്. ഇപ്പോഴത് ഏറെക്കുറെ നൂറുശതമാനത്തിലെത്തിയിരിക്കുന്നു. എസ് എസ് എല്‍ സിക്കും പ്ലസ് ടുവിനും അതുതന്നെ അവസ്ഥ. ഫുള്‍ എ പ്ലസുകാരുടെ എണ്ണം, ഫുള്‍ വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം എന്നിവയെല്ലാം വര്‍ദ്ധിച്ചു, അഥവാ വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ അതിനനുസരിച്ച് ഉന്നത പഠനത്തിനുള്ള സൗകര്യങ്ങള്‍ നിലവിലില്ല എന്നത് ആരുമൊര്‍ത്തില്ല. അതിന്റെ തിക്തഫലമാണ് ഈ വര്‍ഷം പ്ലസ് വണ്‍ അഡ്മിഷനില്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഓണ്‍ ലൈന്‍ വിദ്യാഭ്യാസം വന്‍വിജയമാണെന്നു സ്ഥാപിക്കാനുള്ള ശ്രമവും ഇക്കുറിയുണ്ടായിരുന്നു. ഉത്തരകേരളത്തില്‍ സ്ഥിതി അതിരൂക്ഷമാണ്. മലബാറിനോടുള്ള അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ് പ്ലസ് വണ്‍ സീറ്റിലുള്ള വന്‍ അന്തരം. കൃത്യമായ ഒരു മറുപടി പറയാന്‍ പോലുമാകാതെ വിദ്യാഭ്യാസമന്ത്രി ഉരുണ്ടുകളിക്കുകയാണ്. ഒരുപക്ഷെ ആവശ്യത്തേക്കാള്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പണിത് പണം ധൂര്‍ത്തടിച്ച സര്‍ക്കാര്‍ പറയുന്നത് കൂടുതല്‍ ബാച്ചുകള്‍ ആരംഭിക്കാന്‍ പണമില്ലെന്നാണ്. എല്ലാ സ്‌കൂളിലും പ്ലസ് വണ്‍ കോഴ്‌സ് ആരംഭിച്ച് എസ് എസ് എല്‍ സി ബോര്‍ഡ് പരീക്ഷ ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നതേയില്ല. ഇല്ലാത്ത മികവ് ഉണ്ടെന്നു വരുത്താനുള്ള ശ്രമമാണ് വാസ്തവത്തില്‍ ഈ പ്രതിസന്ധിക്ക് കാരണം.

ഇതുതന്നെ പ്ലസ് ടു റിസള്‍ട്ടിന്റേയും അവസ്ഥ. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നു പറഞ്ഞ ഡെല്‍ഹി സര്‍വ്വകലാശാല അധ്യാപകന്റെ വര്‍ഗ്ഗീയലക്ഷ്യം വ്യക്തമാണ്. അതേസമയം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ക്ക് വാരിക്കോരി കൊടുക്കുകയാണ് കേരള ബോര്‍ഡ് ചെയ്യുന്നതെന്നതില്‍ സംശയമില്ല. പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനമായെടുക്കുന്ന സ്ഥാപനങ്ങളിലെല്ലാം മലയാളി സാന്നിധ്യം കൂടുമ്പോള്‍ മത്സരപരീക്ഷകള്‍ വഴി പ്രവേശനം നടക്കുന്നിടങ്ങളില്‍ അതല്ലല്ലോ കാണുന്നത്. എന്തിനേറെ, കേരളത്തിലെ തന്നെ എഞ്ചിനിയറിംഗ് പ്രവേശനത്തില്‍ പോലും സി ബി എസ് സിക്കാര്‍ക്കാണല്ലോ ആധിപത്യം. ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസില്‍ ചെറിയ നേട്ടമുണ്ടായപ്പോള്‍ അതു നമ്മള്‍ ആഘോഷിക്കുന്നതിനു കാരണവും മറ്റൊന്നല്ല. രാജ്യത്തെ മിക്ക ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതുതന്നെയാണ് അവസ്ഥ. കേരളത്തിനകത്താകട്ടെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോ സര്‍വ്വകലാശാലകളോ ഇല്ലതാനും. അക്കാര്യത്തില്‍ എത്രയോ പുറകിലാണു നാം. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം മറച്ചുവെച്ചാണ് വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് ഇല്ലാത്ത അവകാശവാദങ്ങള്‍ നമ്മള്‍ മുഴക്കുന്നത്. അതുകൊണ്ട് സംഭവിക്കുന്നതോ? യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നതിനാല്‍ അതിനെ അഭിമുഖീകരിക്കാനോ പരിഹാരം കാണാനോ ആരും ശ്രമിക്കുന്നില്ല, മറിച്ച് നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ്, അല്ലെങ്കില്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കല്‍ മാത്രമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply