പൗരത്വപ്രക്ഷോഭത്തിനും കര്‍ഷകസമരത്തിനും സമാനതകളേറെ
പൌരത്വനിയമം ഭേദഗതി ചെയ്യപ്പെട്ടത് അടിസ്ഥാനപരമായി മുസ്ലം ജനവിഭാഗത്തിനെതിരാണ്. അവരുടെ സ്വത്വത്തെ വിലക്കുന്നതും സ്വാതന്ത്ര്യത്തെയും അടിസ്ഥാന പൌരവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആ സമൂഹം ഇതിനെ വൈകാരികതയോടെ കാണും. അതിനപ്പുറം പൌര സമൂഹം മുസ്ലിം സമൂഹത്തിന്റെ സ്വത്വ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥി സമരക്കാര്‍ (അതില്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും അണിചേര്‍ന്നിരുന്നു) മുസ്ലിം സ്വത്വത്തെ അംഗീകരിച്ച് ഉയര്‍ത്തിയ ചില മുദ്രാവാക്യങ്ങളെ അവധാനതയില്ലാതെ പ്രശ്‌നവത്കരിക്കാനാണ് പ്രതിപക്ഷ നേതൃ നിരയിലുള്ള ചിലര്‍ മുന്നോട്ട് വന്നത് എന്നത് ഖേദകരമായി എടുത്തു പറയേണ്ട കാര്യമാണ്. ഇന്ത്യന്‍ സ്വാതന്ത്ര പ്രക്ഷോഭം സ്വത്വങ്ങളെയും വര്‍ഗങ്ങളെയും എങ്ങനെയാണ് സാംശീകരിച്ചത് എന്ന് മറന്നതുപോലെയാണ് ദേശീയ നേതാക്കളില്‍ ചിലരെങ്കിലും പെരുമാറിയത്.
ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാട്ടങ്ങള്‍ക്ക് ശേഷം രാജ്യത്തെ മുക്കു മൂലകളിലെല്ലാം അലയടിച്ച പ്രക്ഷോഭമാണ് പൌരത്വ പ്രക്ഷോഭം. ഒരു പക്ഷേ കോവിഡ് മഹാമാരി ലോകത്തെ ഗ്രസിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യ കണ്ട വലിയ ദേശീയ പ്രസ്ഥാനമായി മാറാവുന്ന തരത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ അണിനിരന്ന പ്രക്ഷോഭമാണിത്.
1955 ലെ ഇന്ത്യന്‍ പൌരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ട് പൗരത്വ (ഭേദഗതി) ബില്‍ 2019 കേന്ദ്ര മന്ത്രിസഭ 2019 ഡിസംബര്‍ 4 ന് അംഗീകരിക്കുകയും 2019 ഡിസംബര്‍ 10 ന് ലോക്‌സഭയിലും പിന്നീട് 2019 ഡിസംബര്‍ 11 ന് രാജ്യസഭയിലും പാസാക്കുകയും ചെയ്തതോടെയാണ് പ്രക്ഷോഭങ്ങളാരംഭിച്ചത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടുന്നതിനാണ് ബില്‍ എന്നു പറയപ്പെടുന്നു എങ്കിലും അതിലുപരി ഇന്ത്യയിലെ മുസ്ലം ജനവിഭാഗങ്ങളുടെ പൌരത്വം റദ്ദു ചെയ്യുക എന്ന ഗൂഢോദ്ദേശമാണ് ഈ ബില്ലിലുള്ളത്.
1955 ലെ പൌരത്വ നിയമം ഇന്ത്യന്‍ ഭരണഘടനാനുസൃതമായി ജാതി-മത-ദേശ-ഭാഷ വ്യത്യാസമില്ലാത്ത ഇന്ത്യന്‍ ഭരണഘടനയോട് കൂറു പുലര്‍ത്തുന്നവരും നിയമവ്യവസ്ഥയെ അംഗീകരിക്കുന്നവരും ഈ രാജ്യത്ത് സ്ഥിരവാസമാക്കുന്നവരുമായ ആര്‍ക്കും പൌരത്വം അനുവദിക്കുന്നതാണെങ്കില്‍ നിലവിലെ ഭേദഗതിയോടെ ചിലര്‍ക്ക് പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് പുതുതായി പൌരത്വം അനുവദിക്കുന്നതല്ല. ഇതു കേള്‍ക്കുമ്പോഴേക്ക് പുതുതായി പൌരത്വം നേടുന്നതില്ലേ പ്രശ്‌നമുള്ളൂ എന്നവാദം ചിലരുന്നയിക്കാറുണ്ട്. ആദ്യം തന്നെ ഇത് ഭരണഘടനാ വിരുദ്ധവും രാജ്യം പുലര്‍ത്തിപ്പോന്ന മൂല്യങ്ങള്‍ക്കെതിരുമാണ് എന്ന താണ് വസ്തുത. രാജ്യത്തെ നിലവിലെ പൌരന്‍മാരായ മുസ്ലിം ജനവിഭാഗത്തെ പുറം തള്ളാനും ഇതുവഴി സാധിക്കും. അവര്‍ അനധികൃത കുടിയേറ്റക്കാരാണ് എന്ന് സ്ഥാപിച്ചാല്‍ മതി. അതിനായാണ് പൌരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) കൊണ്ടുവരുന്നത്. അനധികൃത കുടിയേറ്റക്കാരല്ല എന്ന് ഒരോ ഇന്ത്യക്കാരും രേഖാ പരമായി തെളിയിക്കണം. തലമുറകളുടെ താവഴി പരിശോധിച്ച് അത് രേഖാപരമായി തെളിയിക്കാന്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അത് തൊണ്ണൂറ് ശതമാനം ഇന്ത്യക്കാര്‍ക്കും സാദ്ധ്യമാകില്ല. അപ്പോള്‍ മേല്‍ പറഞ്ഞ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങില്‍ നിന്ന് കുടിയേറി എന്ന ആനുകൂല്യത്തില്‍ മുസ്ലിങ്ങളല്ലാത്ത എല്ലാ വര്‍ക്കും പൌരത്വം പുനസ്ഥാപിച്ച് കിട്ടുകയും മുസ്ലിങ്ങളായവര്‍ രാജ്യവും ഭൂമിയുമില്ലാത്ത ജനതയായി അഭയാര്‍ത്ഥിക്യാമ്പുകളെന്നു വിശേഷിപ്പിക്കപ്പെടുന്ന ജയിലറയിലേക്ക് അടക്കപ്പെടുകയും ചെയ്യും. ഇതാണ് സംഘ്പരിവാര്‍ പൌരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും എന്‍.പി.ആറുമെല്ലാം കൊണ്ടുവന്നതിന്റെ ഉദ്ദേശ്യം
ഇന്ത്യയിലെ പ്രതിപക്ഷം നിസംഗമായാണ് ഈ ഗുരുതരമായ പ്രശ്‌നത്തെ സമീപിച്ചത്. പാര്‍ലമെന്റില്‍ പൌരത്വ ഭേദഗതിയെ കോണഗ്രസും ഇടതുപക്ഷവും അടക്കമുള്ള ചില പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു എന്നത് ശരിയാണ്. പക്ഷേ അവരാരും ഇതിനെ ബഹുജന പ്രക്ഷോഭമായി വളര്‍ത്തി രാജ്യത്ത് പ്രതിഷേധമുയര്‍താതന്‍ മെനക്കെട്ടില്ല. അതിനര്‍ത്ഥം അവര്‍ രാജ്യത്തെ സംഘ്പരിവാര്‍ ഭരണകൂടത്തിന് സമ്പൂര്‍ണ്ണ വിധേയത്വം പ്രഖ്യാപിച്ചു എന്നാണ്.
പക്ഷേ രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹം ഈ അപകടത്തെ കൃത്യതയോടെ തിരിച്ചറിഞ്ഞു. ന്യൂഡല്‍ഹിയിലെ അതി പ്രശ്‌സ്തമായ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് കഴിഞ്ഞ ഡിസംബറിലെ ഡല്‍ഹിയിലെ കൊടും ശൈത്യത്തെ മറികടന്ന് പൌരത്വ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. ഡല്‍ഹിയോടടുത്തു കിടക്കുന്ന അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലും സമാനമായ പ്രക്ഷോഭം രൂപപ്പെട്ടു. പിന്നീട് അതിവേഗം രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്ര സര്‍വ്വകലാശാലകളിലെല്ലാം പ്രക്ഷോഭം ആളിപ്പടര്‍ന്നു. അയഷ റെന്ന എന്ന മലയാളി വിദ്യാര്‍ത്ഥിനി ഡല്‍ഹി പോലീസിന് നേരെ ചൂണ്ടിയ വിരല്‍ പൌരത്വ പ്രക്ഷോഭത്തിനറെ ഐക്കണായി ഉയര്‍ന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഡല്‍ഹിയിലെ മരം കോച്ചുന്ന തണുപ്പിനെ അതിശയിച്ച് ഷഹിന്‍ ബാഗിലെ സ്ത്രീകളുടെ സമരം ആംഭിച്ചതോടെ പ്രക്ഷോഭം രാജ്യത്തെ പൌരസമൂഹം ഏറ്റെടുത്തു. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ”ഷഹീന്‍ ബാഗുകള്‍” ഉയര്‍ന്നു. അക്ഷരാര്‍ത്ഥത്തില്‍ സംഘ്ഭരണകൂടത്തിന്റെ കോട്ടകള്‍ ആടി ഉലയുന്ന പ്രക്ഷോഭമായി പൌരത്വ പ്രക്ഷോഭം രാജ്യമാകെ കത്തിപ്പടര്‍ന്നു. രാജ്യമെങ്ങും ആസാദി മുദ്രാവാക്യങ്ങളാല്‍ മുഖരിദമായി. ഇന്ത്യന്‍ ഭരണഘടനയെ ആഴത്തില്‍ ഇന്ത്യന്‍ ജനത പഠിക്കാനാരംഭിച്ചു. അപ്പോഴും രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ സമരങ്ങളോട് പുലര്‍ത്തിയ നിസംഗ സമീപനത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളൊന്നും സമരത്തെ ഗൌരവമായി പിനതുണക്കാന്‍ തയ്യാറായില്ല. ആരും എതിര്‍ത്തില്ല എന്നത് ശരിയായിരിക്കെ തന്നെ പ്രതിപക്ഷ നേതാക്കള്‍ പൌരത്വ സമരങ്ങളെ നിരുല്‍സാഹപ്പെടുത്തുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് അഴിച്ച വിട്ടത്.
പൌരത്വനിയമം ഭേദഗതി ചെയ്യപ്പെട്ടത് അടിസ്ഥാനപരമായി മുസ്ലം ജനവിഭാഗത്തിനെതിരാണ്. അവരുടെ സ്വത്വത്തെ വിലക്കുന്നതും സ്വാതന്ത്ര്യത്തെയും അടിസ്ഥാന പൌരവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആ സമൂഹം ഇതിനെ വൈകാരികതയോടെ കാണും. അതിനപ്പുറം പൌര സമൂഹം മുസ്ലിം സമൂഹത്തിന്റെ സ്വത്വ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥി സമരക്കാര്‍ (അതില്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും അണിചേര്‍ന്നിരുന്നു) മുസ്ലിം സ്വത്വത്തെ അംഗീകരിച്ച് ഉയര്‍ത്തിയ ചില മുദ്രാവാക്യങ്ങളെ അവധാനതയില്ലാതെ പ്രശ്‌നവത്കരിക്കാനാണ് പ്രതിപക്ഷ നേതൃ നിരയിലുള്ള ചിലര്‍ മുന്നോട്ട് വന്നത് എന്നത് ഖേദകരമായി എടുത്തു പറയേണ്ട കാര്യമാണ്. ഇന്ത്യന്‍ സ്വാതന്ത്ര പ്രക്ഷോഭം സ്വത്വങ്ങളെയും വര്‍ഗങ്ങളെയും എങ്ങനെയാണ് സാംശീകരിച്ചത് എന്ന് മറന്നതുപോലെയാണ് ദേശീയ നേതാക്കളില്‍ ചിലരെങ്കിലും പെരുമാറിയത്.
പൌരത്വ പ്രക്ഷോഭത്തെ ഒരു സംഘടതിത പ്രസ്ഥാനമാക്കി ഉയര്‍ത്താനുള്ള ഒരു നേതൃ നിര രൂപപ്പെട്ടിരുന്നില്ല. അത്തരം ഒരു നേതൃ നിര രൂപപ്പെടാനുള്ള സൂചകങ്ങള്‍ പലേടത്തും ആരംഭിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളാരും സമരത്തിന്റെ മുന്‍ നിരയിലില്ലാത്തത് പരിചയ സമ്പന്നതയുള്ള നേതൃത്വത്തിന്റെ അഭാവത്തിന് കാരണമായിട്ടുണ്ട്. പക്ഷേ ഡല്‍ഹി കേന്ദ്രീകരിച്ച് ഷഹിന്‍ ബാഗ് കേന്ദ്ര ബിന്ദുവായി ഉയരുന്ന സമരശൃഖല ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.
ഈ സമരസശൃഖലയില്‍ ഉറക്കം നഷ്ടപ്പെട്ട സംഘ്പരിവാര്‍ ഭരണകൂടം കണ്ടെത്തിയ ഒന്നായിരുന്നു ഡല്‍ഹി വംശഹത്യാ കലാപം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദ്, ഷഹീന്‍ബാഗ് എന്നിവിടങ്ങളില്‍ ആരംഭിച്ച സമരങ്ങള്‍ക്ക് നേരെ ഹിന്ദുത്വ വാദികള്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി അംഗവും, മുന്‍ നിയമസഭാംഗവുമായ കപില്‍ മിശ്ര 2020 ഫെബ്രുവരി 23 ആം തീയതി ഡല്‍ഹി പോലീസിനോടാവശ്യപ്പെട്ടു. പോലീസ് ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ താന്‍ തന്നെ അതു ചെയ്യുമെന്നാണ് അയാള്‍ പ്രസ്താവിച്ചത്. ഈ പ്രസ്താവന ആയിരുന്നു കലാപാഹ്വാനം. കപില്‍ മിശ്രയുടെ പ്രസ്താവനക്കു പിന്നാലെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. മൂന്നു മുസ്ലീം പള്ളികള്‍ കലാപകാരികള്‍ തീവെച്ചു നശിപ്പിച്ചു. നിരവധി വിദ്യാലയങ്ങളും, കടകളും, വീടുകളും വാഹനങ്ങളും കലാപകാരികള്‍ നശിപ്പിച്ചു. കലാപം നടക്കുമ്പോള്‍, ഡല്‍ഹിയിലെ പോലീസ് നിഷ്‌ക്രിയമായി ദൃക്‌സാക്ഷികള്‍ മാത്രമായി നില്‍ക്കുകയായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകരേയും കലാപകാരികള്‍ ആക്രമിച്ചു. ഒറ്റപ്പെട്ട ചില ചെറുത്ത് നില്‍പുകള്‍ ഗലികളിലും കോളനികളിലും ഉണ്ടായി. പക്ഷേ പോലീസിന്റെ പിന്തുണയോടെ സംഘ്പരിവാര്‍ ആസൂത്രിതമായി നടത്തിയ ആക്രമണം വലിയ നാശ നഷ്ടങ്ങള്‍ വരുത്തി.
കലാപത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നു കാണിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ സാമൂഹ്യപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദറും, ഫാറാ നഖ്വിയും ചേര്‍ന്ന് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയുടെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത് ഫെബ്രുവരി 26 ന് ആയിരിക്കുമെന്ന് ഹൈക്കോടതി വാദം കേട്ടു. കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗം കേട്ടിരുന്നോ എന്ന് ഡി.സി.പി രാജേഷ് ഡിയോയോടും, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടും കോടതി വാദത്തിനിടെ ചോദിച്ചു. അനുരാഗ് താക്കൂറിന്റേയും, പര്‍വേഷ് ശര്‍മ്മയുടേയും പ്രസംഗങ്ങള്‍ കേട്ടുവെങ്കിലും, കപില്‍ മിശ്രയുടേത് കേട്ടില്ല എന്നായിരുന്നു രാജേഷ് കോടതിയോട് പറഞ്ഞത് തുടര്‍ന്ന് കപില്‍ മിശ്രയുടെ വിവാദ പ്രസംഗം തുറന്ന കോടതിയില്‍ കേള്‍പ്പിച്ച കോടതി, വിദ്വേഷപ്രസംഗം നടത്തിയ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരേ കേസ് എടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു
ഡല്‍ഹി പോലീസിന്റെ കഴിവുകേടു ചൂണ്ടിക്കാട്ടി വിമര്‍ശിച്ച മുരളീധറിനെ പഞ്ചാബ് ഹരിയാന കോടതിയിലേക്കു സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് അന്നു വൈകീട്ടോടെ പുറത്തിറങ്ങി .കലാപത്തില്‍ കുറ്റക്കാരായ സംഘ്പരിവാര്‍ നേതാക്കളെ സംരക്ഷിക്കാനുള്ള ഒരു നടപടിയാണ് ഈ സ്ഥലംമാറ്റം എന്നതില്‍ സംശയമില്ല. ഡല്‍ഹി ഹൈക്കോടതി ബാര്‍ അസ്സോസ്സിയേഷന്‍ ഈ നടപടിയെ നിശിതമായി വിമര്‍ശിക്കുകയും, മുരളീധറിന്റെ സ്ഥലംമാറ്റം റദ്ദു ചെയ്യണമെന്ന് സുപ്രീംകോടതി കൊളീജിയത്തോട് ആവശ്യപ്പെടുകയും ചെയ്തു. ന്യായാധിപന്മാരായ ഡി.എന്‍.പട്ടേല്‍, സി.ഹരിശങ്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പുതിയ ബഞ്ചിനു മുന്നാകെ ഈ കേസ് കോടതി വാദം കേള്‍ക്കാന്‍ തുടങ്ങി. കലാപത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹിപോലീസിനു കോടതി 24 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മുന്‍ ബഞ്ച് ഇതു നിരസിച്ചുവെങ്കിലും, പുതിയ ബഞ്ച് ഈ വാദം അംഗീകരിക്കുയും, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തു.
ഇതോടെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളില്‍ പുതിയ പുതിയ പ്രതികളുടെ പേരുകള്‍ എഴുതിച്ചേര്‍ത്തു തുടങ്ങി. കാലപകാരികളിയല്ല കലാപത്തിന്റെ ഇരകളെ പ്രതി ചേര്‍ത്തുകൊണ്ട് പൌരത്വ പ്രക്ഷോഭത്തില്‍ അണിനിരന്ന വിദ്യാര്‍ത്ഥി നേതാക്കളെ വേട്ടായാടാനാരംഭിച്ചു. സഫൂറ സര്‍ഗര്‍, ദേവാംഗന കലിത, ഷര്‍ജീല്‍ ഇമാം, ഷര്‍ജില്‍ ഉസ്മാനി, ആസിഫ് ഇഖബാല്‍ തന്‍ഹ, ഉമര്‍ ഖാലിദ്, എന്നിവരടക്കം നിരവധി വിദ്യാര്‍ത്ഥി നേതാക്കളെ രാജ്യദ്രോഹകുറ്റവും യു.എ.പി.എ നിയമവും ചാര്‍ത്തി ജിയിലിലടച്ചു. നിരവധി പൊതു പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും പലരുടെയും പേരി എഫ്.ഐ.ആറിലും ചാര്‍ജ്ജു ഷീറ്റിലും പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലീസ് പൌരത്വ സമരത്തിന്റെ ചാലക ശക്തികളായിരുന്നവരെ ഒന്നാകെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
കോവിഡ് മൂലമുള്ള സമൂഹ്യ നിയന്ത്രണങ്ങള്‍ സംഘപരിവാര്‍ ഭരണകൂടത്തിന് വലിയ തണലായി. കോവിഡിന്റെ മറവിലാണ് വിദ്യാര്‍ത്ഥി വേട്ട ആരംഭിച്ചത്. പക്ഷ രാജ്യത്തെ പ്രതിപക്ഷം അപ്പോഴും പാലിക്കുന്ന നിസംഗത കൊടിയ അപകടമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡല്‍ഹി കലാപത്തെക്കുറിച്ച് സിപിഎം പുറത്തിറക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സംഘ്പരിവാറിന് സഹായകമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. തങ്ങളുടെ നേതാവായ സീതാറാം യെച്ചൂരിയുടെ വരെ പേര് ചാര്‍ജ് ഷീറ്റില്‍ എഴുതിവെച്ച ഡല്‍ഹി പോലീസിന്റെ കപട വാദങ്ങളെ സ്ഥാപിക്കുന്ന തരത്തില്‍ ചില മുസ്ലിം സംഘടനകള്‍ കലാപത്തില്‍ ഉത്തരവാദികളാണ് എന്ന് സ്ഥാപിക്കുകയാണ് സിപിഎം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ചെയ്തത്. ഒരു പക്ഷേ കേരളാ സിപിഎം തുടര്‍ ഭരണത്തിനായി നടത്തുന്ന സവര്‍ണ്ണ-ഹിന്ദത്വ പ്രീണനത്തിനും കൃസ്ത്യന മുസ്ലിം വിരോധം വളര്‍ത്തുന്ന സാമൂഹ്യാന്തരീക്ഷ സൃഷ്ടിക്കും വേണ്ടിയാകും അവരങ്ങന്‍െ അടിസ്ഥാന രഹിതമായി എഴുതിചേര്‍ത്തതെങ്കിലും സംഘ്പരിവാര്‍ ഭരണകൂടത്തിന് രാജ്യത്തെ മുസ്ലിം ജനതയെ ഒറ്റിക്കൊടുക്കുന്ന നടപടിയായി എന്ന് പറയാതിരിക്കാനിവില്ല.
പൌരത്വ പ്രക്ഷോഭം കേരളത്തില്‍
കേരളത്തിലും പൌരത്വ പ്രക്ഷോഭം അതി ശക്തമായിരുന്നു. മുന്‍കാലങ്ങളില്‍ സംഘ്പരിവാര്‍ കൊണ്ടു വന്ന ഭരണഘടനാ വിരുദ്ധ നിയമങ്ങളിലെന്നപോലെ ചടങ്ങ് പ്രതിഷേധമാണ് തുടക്കത്തില്‍ കേരളത്തിലുണ്ടായതെങ്കിലും കേരളത്തിലെ നാലു ചെറിയ രാഷ്ട്രീയ പാര്‍ട്ടികളും (വെല്‍ഫെയര്‍ പാര്‍ട്ടി,എസ്.ഡി.പിഐ,ബി.എസ്.പി, ഡി.എച്ച്.ആര്‍.എം പാര്‍ട്ടി ) ചില സാമൂഹ്യപ്രവര്‍ത്തകരും ഒത്തു ചേര്‍ന്ന് ഡിസംബര്‍ 17 ന് ജനകീയ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതോടെ സ്ഥിതി മാറി. ഹര്‍ത്താലിനെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രതിപക്ഷ സഹായത്തോടെ ശ്രമിച്ചെങ്കിലും വലിയ ബഹുജന പിന്തുണ ഹര്‍ത്താലിന് ലഭിക്കും എന്ന തിരിച്ചറിവില്‍ വളരെ പെട്ടെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒത്തുചേര്‍ന്ന് ഉപവാസം പ്രഖ്യാപിച്ചു. ഇത് ഹര്‍ത്താലിനെ തകര്‍ക്കാനിയിരുന്നു എന്ന് പിന്നീട് കോണഗ്രസ് നേതാവും യു.ഡി.എഫ് കണവീനറുമായ ബന്നി ബഹ്നാന്‍ വെളിപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ സംയുക്ത ഉപവാസത്തിനും വിവധ സംഘടനകള്‍ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താലിനും ശേഷം കേരള മാകെ പൌരാവലികളൊന്നാകെ സമര പ്രക്ഷോഭങ്ങളാരംഭിച്ചു. ഇതിനെയും തകര്‍ക്കാന്‍ കേരള ഭരണകൂടം ശ്രമിച്ചു. പൌരത്വം നിഷേധിക്കപ്പെടുന്നതിനെ സമരം ചെയ്യുന്ന ചിലരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു. പൌരത്വ സമരങ്ങള്‍ക്കെതിരെ നിരവധി കേസുകളെടുത്തു വേട്ടയാടി. പക്ഷേ കേരളത്തിലെ പൌര സമൂഹവും വിവിധ ജനവിഭാഗങ്ങളും സമര പക്ഷത്ത് ഉറച്ചു നിന്നു.
പൌരത്വ പ്രക്ഷോഭത്തിന്റെ ഭാവി
രാജ്യത്ത് ഒരു ദേശീയ പ്രസ്ഥാന സ്വഭാവത്തിലേക്ക് ഉയര്‍ന്ന് വന്ന പൌരത്വ പ്രക്ഷോഭം കോവിഡ് മൂലം വളരെപ്പെട്ടെന്ന് പിന്‍വലിയേണ്ടി വന്നത് വലിയ തിരിച്ചടിയായി. ശക്തമായ നേതൃ നിരയില്ലെങ്കിലും ആശയ പ്രബുദ്ധതയോടെ സമരരംഗത്ത് ചാലക ശക്തികളായ വിദ്യാര്‍ത്ഥി നേതാക്കലെയെല്ലാം കള്ളക്കേസുകളില്‍ ജയിലിലടച്ചിരിക്കുകയാണ് ഭരണകൂടം. ഇന്ത്ല്‍ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കോണ്‍ഗ്രസും ഇടതുപക്ഷവും മറ്റ് പ്രാദേശിക പാര്‍ട്ടികളുമടങ്ങിയ പ്രതിപക്ഷം കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ സംഘ്ഭരണകൂടത്തിനോട് രാജിയിലാണ് അവര്‍. കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചാലുടന്‍ സി.എ.എ എന്‍.ആര്‍.സി നടപടികള്‍ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത് ഈ സമൂഹ്യാവസ്ഥയുടെ ആനുകൂല്യത്തിലാണ്.
രാജ്യ തലസ്ഥാനത്ത് ഇന്ന് അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനും പൌരത്വ പ്രക്ഷോഭങ്ങള്‍ക്കും ഒരുപാട് സാമ്യതകളുണ്ട്. പൌരത്വ പ്രക്ഷോഭത്തിന് മുസ്ലിം സമുദായമായിരുന്നു മുന്നണിയിലുണ്ടായിരുന്നത്. സിഖ് സമുദായം സര്‍വ്വ പിന്തുണയും നല്‍കി എങ്കില്‍ കര്‍ഷക പ്രക്ഷോഭത്തിന് സിഖ് സുദായമാണ് പ്രദാനമായും മുന്നണിയില്‍. അതിനെ മുസ്ലിം സമുദായം പിന്തുണക്കുന്നുണ്ട്. രണ്ട് പ്രക്ഷോഭങ്ങളെയും രാജ്യത്തെ പൌര സമൂഹം സര്‍വാത്മനാ പിന്തുണയ്ക്കുന്നു. ഇവയെ കൃത്യമായി ഏകോപിപ്പിക്കാനായില്‍ രാജ്യത്തിന്റെ ജനാധിപത്യം തിരിച്ചു പിടിക്കാനാവുന്ന ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനാവുന്ന വലിയ ബഹുജന പ്രസ്ഥാനം രൂപപ്പെടും. പ്രതിപക്ഷ പാര്‍ട്ടികളുടെ എട്ടുകാലി മമ്മൂഞ്ഞ് വാദങ്ങളല്ല സമര മുഖത്തെ നേരനുഭവങ്ങളാണ് പ്രക്ഷോങ്ങളെ മുന്നോട്ട് നയിക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in