പൗരന്‍ (കഥ)
‘കരീമുല്ല എന്ന ഒരു ബംഗാളി ഇവിടെ എവിടെയോ താമസിക്കുന്നത് മോനറിയുമോ’ ഞാനൊന്നും കേട്ടിട്ടേയില്ലെന്ന മട്ടില്‍ അവന്‍ കൂട്ടം തെറ്റി മേയുന്ന ആടുകളെ തെളിച്ചു മുന്നോട്ട് പോയി. അത് ഒരു പക്ഷെ അപരിചിതത്വത്തിന്റെ പ്രശ്‌നമാകാമെന്ന് ആശ്വസിച്ചു.
കീഴ്ക്കാം തൂക്കായ കുന്നിന്റെ ഉച്ചിയില്‍ നിന്ന് മുത്തുമണികള്‍ പോലെ ചിതറിത്തെറിക്കുകയാണ് ജലധാര. കാട് മൂടിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ പ്രകൃതി രൂപപ്പെടുത്തിയ കാട്ടുചോലയിലേക്ക് ആര്‍ത്തലക്കുന്ന പേമാരി പോലെയാണത് വന്ന് പതിക്കുന്നത്. മല മുകളിലാകെ മൂടല്‍മഞ്ഞ് ആവരണം തീര്‍ത്തിരിക്കുന്നു.ആകാശത്ത് മഴവില്‍ തോരണങ്ങള്‍. ഒറ്റക്കാണെങ്കിലും മനം കുളിരുന്ന ഒരു ഉല്ലാസയാത്രയുടെ പ്രതീതിയായിരുന്നു. പക്ഷെ , അപരിചിതത്വം ഉള്ളിലല്‍പ്പം ഭീതിയുണര്‍ത്തിയിരുന്നു എന്നത് നിഷേധിക്കുന്നില്ല.
മലയുടെ ഓരം ചാരിയായിരുന്നു മുകളിലേക്കുള്ള റോഡ്. റോഡ് എന്ന് പറയാന്‍ പറ്റില്ല. ഏതോ കാലത്ത് ടാര്‍ ചെയ്ത നിരത്തായിരിക്കണം .റോട്ടില്‍ ബോളറുകളിളകി വലിയ ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടിരുന്നു. ഏതായാലും അതിലൂടെയുള്ള ഡ്രൈവിങ്ങ് ഒരു പരീക്ഷണം തന്നേയായിരുന്നു. ജീപ്പ് തെന്നിത്തെന്നി മുന്നോട്ടു നീങ്ങുമ്പോള്‍ സ്റ്റിയറിങ്ങ് വിചാരിച്ചേടത്ത് നിന്നില്ല. കുണ്ടില്‍ ചാടുമ്പോള്‍ നട്ടെല്ലിന്റെ പിരിയിളകുന്ന പോലെ. മുരുത്ത കരിങ്കല്ല് ചീളുകള്‍ വണ്ടിയുടെ ടയറുകളുമായി മല്ലിടുന്ന ശബ്ദം നെഞ്ചില്‍ അസ്വസ്ഥതയുളവാക്കി. ഒരു പക്ഷെ വണ്ടിയുടെ ലീഫുകള്‍ പലതും പൊട്ടിയുട്ടുണ്ടാവും.
വഴിയിലെങ്ങും ഒറ്റ വീടും ശ്രദ്ധയില്‍ പെട്ടില്ല. ഇരു ഭാഗത്തും മുറ്റി നില്‍ക്കുന്ന പേരറിയാത്ത കാട്ടുമരങ്ങളായിരുന്നു.എവിടേയും ആള്‍പെരുമാറ്റം പോലും ഉള്ളതായി തോന്നിയില്ല. മുകളിലേക്കുള്ള യാത്ര ഏകദേശം പത്ത് പതിനഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ആ കുന്നിന്റെ നെറുകയിലെത്തി.
ഇക്കാലത്തും ഇത്തരം ഓണം കേറാമൂലകളുണ്ടോ എന്ന് അല്‍ഭുതം തോന്നി.എങ്കിലും പ്രകൃതിയുടെ തനിമയില്‍ തഴച്ച് നില്‍ക്കുന്ന ആ കന്യാവ നങ്ങള്‍ ഉള്ളിലേതോ നിര്‍വൃതിയുണര്‍ത്തി. മരങ്ങളും മലകളും ഒക്കെ കൂടി ഉള്ളില്‍ ആസ്വാദ്യതയുടെ ഹൃദ്യമായ സംഗീതം പൊഴിച്ചു.
മലമടക്കുകള്‍ പിന്നിട്ട് എത്തിച്ചേര്‍ന്ന കുന്നിന്റെ ഉച്ചിയില്‍ ഒരു മൈതാനം പോലെ ഒഴിഞ്ഞ സ്ഥലമാണ്. കിഴക്ക് നിന്ന് വരുന്ന സൂര്യരശ്മികളേറ്റ് പുല്‍നാമ്പുകളില്‍ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികള്‍ വെട്ടിത്തിളങ്ങി. പ്രഭാതമായത് കൊണ്ട് വെയിലിന് തീഷ്ണത കൈവന്നിരുന്നില്ല. വഴിയിലെ ഉയരം കുറഞ്ഞ് പടര്‍ന്ന് പന്തലിച്ച വലിയ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു മാവിന് ചുവട്ടില്‍ ഞാന്‍ വണ്ടി നിര്‍ത്തി. നിറയെ പൂത്ത മാവിന്‍ പൂക്കള്‍ക്കിടയിലെ ഉണ്ണികള്‍ ഹിമകണങ്ങളേറ്റ് വെളുക്കെ ചിരിച്ചു.കണ്ണെത്താ ദൂരം പരന്ന് വിശാലമായ പാറപ്പുറമാണത്. മൗനം ഗനീഭവിച്ച ആ സ്ഥലത്ത് അടുത്തൊന്നും ഒരു ആളനക്കവും കണ്ടില്ല. ആകെ ഒരു വിമൂഖത.ഏതാനും ദുരെ റോട്ടിന് അല്പം ഉള്‍വശത്തേക്ക് തള്ളി ഓലകള്‍ ചായ് ച്ചുകെട്ടിയ ഒരു കുടില്‍ നില്‍ക്കുന്നത് അപ്പോഴാണ് ദൃഷ്ടിയില്‍ പെട്ടത്. അമീനുല്ല പറഞ്ഞത് വെച്ച് നോക്കിയാല്‍ സ്ഥലം ഇതു തന്നെയാവണം. അവ ന്‍ ജോലിക്ക് പുറപ്പെടും മുന്‍പ് എത്തണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു.
ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി കുടിലിനടുത്തേക്ക് നീങ്ങി. അതിന് മുന്നില്‍ കരിങ്കല്‍ ബോളറുകള്‍ പൊട്ടിക്കുകയായിരുന്നു ഒരു സത്രീ.അവര്‍ ബംഗാ ളിയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നി. നെറ്റിയില്‍ സിന്ദൂരമണിഞ്ഞിട്ടുണ്ട്. അങ്ങനെയൊരു സത്രീ ഏതായാലും അമീനുള്ളയുടെ ഭാര്യയാവാന്‍ സാ ധ്യതയില്ല.നാലിഞ്ചിലുള്ള ബോളറുകള്‍ കുടിലിന് മുന്‍വശം കുന്ന് കൂടി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കരീമുല്ലയുണ്ടോ എന്ന ചോദ്യത്തിന് ഒന്നും മറുത്ത് പറയാതെ തുറിച്ചൊരു നോട്ടം നോക്കി ആ സ്ത്രീ ചായ്ച്ചു കെട്ടിയ ആ ഓലക്കുടിലിലേക്ക് നൂ ണ് കയറി പോയി.അവര്‍ എന്തോ ഭയപ്പെടുന്നപോ ലെ. ചിലപ്പോള്‍ ഭാഷ തീര്‍ത്ത മതിലിനാലാവാം. ഞാന്‍ ചോദിച്ചത് മനസിലായിക്കാണില്ല എന്ന് കരുതി.
അമീനുല്ലയെ കണ്ടെത്തിയില്ലെങ്കില്‍ വന്നത് വെറുതെയാകും.അവന്‍ ജോലിക്ക് പോയിക്കാണുമോ? നല്ല പാറയാണെന്ന് പറഞ്ഞിരുന്നു. ഇവിടെ അടു ത്തെവിടെയെങ്കിലും ആവും കോറി. കരിങ്കല്ല് കേരളത്തില്‍ ഇഷ്ടം പോലെ കിട്ടാനുണ്ട്. പക്ഷെ, ശില്പങ്ങളും ഫര്‍ണിച്ചറും പണിയാര്‍ പറ്റിയ കല്ല് കിട്ടാനില്ല എന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് താന്‍
താമസിക്കുന്നതിനടുത്ത് തന്നെ ഇത് കിട്ടാനുണ്ട് എന്ന് കടയില്‍ ജോലി ചെയ്യുന്ന അമീനുള്ള പറഞ്ഞത്. അവന്‍ താമസിക്കുന്നതിന് അടുത്ത് നല്ല കൃഷ്ണശില യഥേഷ്ടം കിട്ടാനുണ്ട് എന്ന് കേട്ടപ്പോള്‍ ഞാന്‍ അല്‍ഭുതപ്പെട്ടു പോയി.അങ്ങിനെ യാണ് കോറി കാണാന്‍ അവന്‍ പറഞ്ഞത് പ്രകാരം ഞാന്‍ രാവിലെ പുറപ്പെട്ടത്. ഏതായാലും അവനെ കാണാനില്ല. ഞാന്‍ മൂരി നിവര്‍ന്ന് കോട്ടു വാവിട്ട് തിരിച്ചു നടന്ന് വണ്ടിയില്‍ കയറി.
എത്ര സുന്ദരമായ പ്രദേശം മനുഷ്യന് പ്രകൃതിയെക്കുറിച്ച് ഒരു ബോധവുമില്ല. .ഇവിടവും വൈകാതെ മനുഷ്യര്‍ കയ്യേറും. എത്രയെത്ര മരങ്ങളാണ് പിഴുതെറിയുന്നത്.എല്ലാം നശിപ്പിച്ച്‌കേരളം തന്നെ ഇന്നൊരു വലിയ പട്ടണമായി തീര്‍ന്നിരിക്കുന്നു. അതിനിടക്ക് ഇത്തരം ചില ഒറ്റപ്പെട്ട സ്ഥലങ്ങളും ബാക്കിയുണ്ട് എന്നത് ആശ്വാസമാണ്. ഇന്ന് ഈ കാണുന്ന പല മരങ്ങളും നാളെ ഇവിടെ ഉണ്ടാവില്ല. ഇങ്ങിനെ പോയാല്‍ …
ഏതായാലും നേരം പൊയ്‌ക്കൊണ്ടിരിക്കുന്നു. ആരോട് ചോദിും? ആരെങ്കിലും ഇതുവഴി വരുന്നത് വരെ കാത്ത് നില്‍ക്കുക തന്നെ. ആ സത്രീയാണെങ്കില്‍ ഒരു മാതിരി മനഷ്യരെ കാണാത്ത മട്ടില്‍ അകത്ത് പോയി.എന്ത് ചെയ്യണമെന്ന റിയാതെ നില്‍ക്കുമ്പോഴാണ് കുറേ ആടുകളെ തെളിച്ച് ഒരു പയ്യന്‍ ദൂരെ നിന്ന് വരുന്നത് കണ്ടത്. ഞാനങ്ങോട്ട് ചെന്നു. അവനും എന്നെ കണ്ട് പേടിച്ചമട്ടുണ്ട്. സത്യത്തില്‍ ഈ പ്രദേശത്ത് എന്തോ നിഗൂഢതയുണ്ടെന്ന് തോന്നി. ഞാന്‍ ഹൃദ്യമായി അവന്റെ മുഖത്ത് നോക്കി ചിരിച്ചു വെങ്കിലും അവന്‍ കണ്ട മട്ട് നടിച്ചില്ല. എങ്കിലും ഞാന്‍ ചോദിച്ചു
‘കരീമുല്ല എന്ന ഒരു ബംഗാളി ഇവിടെ എവിടെയോ താമസിക്കുന്നത് മോനറിയുമോ’ ഞാനൊന്നും കേട്ടിട്ടേയില്ലെന്ന മട്ടില്‍ അവന്‍ കൂട്ടം തെറ്റി മേയുന്ന ആടുകളെ തെളിച്ചു മുന്നോട്ട് പോയി. അത് ഒരു പക്ഷെ അപരിചിതത്വത്തിന്റെ പ്രശ്‌നമാകാമെന്ന് ആശ്വസിച്ചു.
ഇനിയെന്ത് എന്ന് ആധി കൊണ്ട് വീണ്ടും വണ്ടിയില്‍ വന്നിരിക്കുമ്പോഴാണ് മറ്റൊരു ജീപ്പ് മൂളിക്കിതച്ച് കയറി വന്നത്. നാലഞ്ചാളുകള്‍ വണ്ടിയിലുണ്ട്. എനിക്ക് ആശ്വാസമായി. ഒരു പക്ഷെ, അവരോട് ചോദിച്ചാല്‍ അമീനുള്ളയെക്കുറിച്ച് വല്ല വിവരവും കിട്ടിയേക്കും. ഞാന്‍ ജീപ്പില്‍ നിന്നിറങ്ങി. ആ വണ്ടി എന്റെ വാഹനത്തിന്റെ ചാരെ വന്നു നിന്നു. ഏതോ ഉദ്യോഗസ്ഥരാണ് എന്ന് ഒറ്റനോട്ടത്തില്‍ കണക്ക് കൂട്ടി. ഇനി വല്ല റവന്യൂ ഉദ്യേഗസ്ഥരോ മറ്റോ ആകുമോ?
‘ഈ അമീനുല്ല എന്നയാള്‍ ഇവിടെയാണോ താമസം?’ മുന്‍ സീറ്റില്‍ ഇടതുഭാഗത്തിരുന്നയാള്‍ തല പുറത്തിട്ട് ഗൗരവത്തില്‍ ആരാഞ്ഞു. ഇവരും അമീനുള്ളയെ തിരഞ്ഞു വന്നതാണോ? ‘
ഉള്ളിലെന്തോ ശങ്ക തോന്നിയെങ്കിലും ഞാന്‍ മറുപടി കൊടുത്തു.
‘ഇവിടെ എവിടെയോ ആണെന്നറിയാം, അവനെയാണ് ഞാനും കാത്തിരിക്കുന്നത് സര്‍’
എന്റെ മറുപടി കേട്ട് എടുത്തടിച്ച പോലെ അയാള്‍ ചോദിച്ചു.
‘നിങ്ങളും അവനും തമ്മിലുള്ള ബന്ധം?’
ദൈവമേ അവനെന്തെങ്കിലും വേലയൊപ്പിച്ച് എന്നെ കുരുക്കാന്‍ വിളിച്ചു വരുത്തിയതാണോ?
അങ്ങനെയാവില്ല, ഞാനവനെ കാണാന്‍ തുടങ്ങിയിട്ട് എട്ടുപത്ത് വര്‍ഷമായല്ലോ. ഒരു തട്ടിപ്പും അവന്‍ നടത്തുകയില്ല.ഞാന്‍ നിസ്സഹായ മട്ടില്‍ പറഞ്ഞു.
‘ഇവിടെയൊരു സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞാണ് എന്നെവയന്‍ ഇങ്ങോട്ട് ക്ഷണിച്ചത് എന്താ വല്ല പ്രശ്‌നവുമുണ്ടോ സര്‍ ?’
‘പ്രശനമൊന്നുമില്ല.എന്നാല്‍ പ്രശ്‌നമാണ് താനും. അയാള്‍ ബംഗ്ലാദേശുകാരനാണ്. ഞങ്ങള്‍ അവനെ കൊണ്ടു പോകാന്‍ വന്നതാണ്. അവന്‍ മാത്രമല്ല അങ്ങിനെയുള്ള പലരും ഇവിടെയുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്.’ അയാള്‍ മുന വെച്ച രീതിയിലാണത് പറഞ്ഞത്.എനിക്ക് അല്‍ഭുതം തോന്നി.
‘അവന്‍ ബംഗാളിയാണ് സര്‍ ,അവന്റെ കയ്യില്‍ ആധാറും വോട്ടര്‍ ഐഡിയുമൊക്കെയുണ്ടല്ലോ.’
‘വോട്ടര്‍ ഐഡിയും ആധാറുമൊക്കെയുണ്ടെങ്കില്‍ ഇന്ത്യക്കാരനാവും എന്ന് ആരാണ് നിന്നോട് പറഞ്ഞത് ?’
അയാളുടെ ചോദ്യം കേട്ട് ഞാന്‍ പകച്ചു, അവര്‍ വണ്ടിയില്‍ നിന്നിറങ്ങി കുടിലിലേക്ക് നടക്കുന്നത് കണ്ട് ഞാന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in