കൊറോണാനന്തരം സിനിമ
ഈ രീതിയിലുള്ള ഉള്ളിലേക്ക് വലിയല്‍ അല്ലെങ്കില്‍ വ്യക്തികളിലേക്ക് ചുരുങ്ങല്‍ വളരെ സാവധാനം സമൂഹത്തില്‍ സംഭവിക്കുന്നുണ്ടായിരുന്നു. ഗോത്രസമൂഹങ്ങളില്‍ നിന്ന് ചെറുസംഘങ്ങളിലേക്കും, അവിടെ നിന്ന് കൂട്ടു കുടുംബത്തിലേക്കും പിന്നെ അണുകുടുംബത്തിലേക്കും തുടര്‍ന്ന് പരമാണു കുടുംബത്തിലേക്കും മനുഷ്യര്‍ ഒറ്റപ്പെട്ടു. അതുപോലെത്തന്നെയാണ് സിനിമയുടെ കാഴ്ചയും. ടിവി മനുഷ്യനെ തിയ്യറ്ററിലെ സമൂഹകാഴ്ചയില്‍ നിന്ന് വീട്ടിനുള്ളിലെ കുടുംബകാഴ്ചയിലേക്ക് ചുരുക്കി. തുടര്‍ന്ന് ഇന്റര്‍നെറ്റ് സിനിമകാണല്‍ പ്രക്രിയ മൊബൈലിലെ വ്യക്തിഗത കാഴ്ചയായും ചുരുക്കി. എന്നാല്‍ കൊറോണ ഈ ചുരുങ്ങലിനെ പൂര്‍ണ്ണമാക്കി.
”ഭാവിയില്ലാത്ത ഒരു കണ്ടുപിടുത്തമാണ് സിനിമ” (Cinema is an invention without future) എന്നാണ് ആദ്യ സിനിമ പ്രദര്‍ശിപ്പിച്ച ലൂമിയര്‍ സഹോദരന്മാര്‍ അന്ന് സിനിമയെ കുറിച്ച് അഭിപ്രായപ്പെട്ടത്. അവരുടെ ചിന്തകളെ തെറ്റിച്ചുകൊണ്ട് സിനിമ വളര്‍ന്നു പന്തലിച്ചു. നിശ്ശബ്ദതയില്‍ നിന്ന് ശബ്ദത്തിലേക്ക്, കറുപ്പിലും വെളുപ്പിലും നിന്ന് നിറങ്ങളിലേക്ക്, അനലോഗില്‍ നിന്ന് ഡിജിറ്റലിലേക്ക് – പല രൂപങ്ങളില്‍, പല ഭാവങ്ങളില്‍ സിനിമ വളര്‍ന്നു. അതേ സമയം, ജനനത്തോടൊപ്പം മരണവും സിനിമയുടെ കൂടെ ഉണ്ടായിരുന്നു. ടിവി, വീഡിയോ, ഡിവിഡി എന്നിവ പ്രചാരം നേടിയപ്പോഴൊക്കെ നാം സിനിമയുടെ മരണം പ്രവചിച്ചു. വലിയ ഒറ്റ തിയ്യറ്ററില്‍ നിന്ന് മള്‍ട്ടിപ്‌ളെക്‌സുകളിലേക്ക് സിനിമ ചേക്കേറിയപ്പോഴും നാം വിലപിച്ചു. OTT പ്ലാറ്റ്ഫോമുകളിലൂടെ സിനിമ ലാപ്‌ടോപ്പിലേക്കും മൊബൈലിലേക്കും കുടിയേറിയപ്പോള്‍ തിയ്യറ്ററുകളുടെയും സിനിമയുടെയും ശവപ്പെട്ടിയില്‍ നാം ആണിയടിച്ചു. ഇപ്പോഴിതാ കൊറോണ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കി മനുഷ്യരെ വീട്ടിനുള്ളില്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ സിനിമയുടെ ഭാവിയെ കുറിച്ച് നാം ഒരിക്കല്‍ കൂടി വേവലാതിപ്പെടുന്നു.
ഈ രീതിയിലുള്ള ഉള്ളിലേക്ക് വലിയല്‍ അല്ലെങ്കില്‍ വ്യക്തികളിലേക്ക് ചുരുങ്ങല്‍ വളരെ സാവധാനം സമൂഹത്തില്‍ സംഭവിക്കുന്നുണ്ടായിരുന്നു. ഗോത്രസമൂഹങ്ങളില്‍ നിന്ന് ചെറുസംഘങ്ങളിലേക്കും, അവിടെ നിന്ന് കൂട്ടു കുടുംബത്തിലേക്കും പിന്നെ അണുകുടുംബത്തിലേക്കും തുടര്‍ന്ന് പരമാണു കുടുംബത്തിലേക്കും മനുഷ്യര്‍ ഒറ്റപ്പെട്ടു. അതുപോലെത്തന്നെയാണ് സിനിമയുടെ കാഴ്ചയും. ടിവി മനുഷ്യനെ തിയ്യറ്ററിലെ സമൂഹകാഴ്ചയില്‍ നിന്ന് വീട്ടിനുള്ളിലെ കുടുംബകാഴ്ചയിലേക്ക് ചുരുക്കി. തുടര്‍ന്ന് ഇന്റര്‍നെറ്റ് സിനിമകാണല്‍ പ്രക്രിയ മൊബൈലിലെ വ്യക്തിഗത കാഴ്ചയായും ചുരുക്കി. എന്നാല്‍ കൊറോണ ഈ ചുരുങ്ങലിനെ പൂര്‍ണ്ണമാക്കി.
ഭൗതികമനുഷ്യര്‍ തമ്മിലുള്ള അടുപ്പത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വേദിയായിട്ടാണല്ലോ നാം സാമൂഹിക ജീവിതത്തെ കാണുന്നത്. കയ്യോട് കയ്യും, മെയ്യോടു മെയ്യും ചേര്‍ന്നുള്ള സഹവര്‍ത്തിത്വം. എന്നാല്‍ സാങ്കേതിക വിദ്യ (ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവ) വളരെ മുമ്പുതന്നെ സമൂഹത്തിലുള്ള മനുഷ്യന്റെ ഭൗതികമായിട്ടുള്ള ഇടപെടല്‍ കുറെ ഇല്ലാതാക്കിയിരുന്നു. വെര്‍ച്വല്‍ ലോകത്തിരുന്നാണല്ലോ മനുഷ്യര്‍ ഇപ്പോള്‍ സാമൂഹ്യപ്രശനങ്ങളില്‍ ഇടപെടുന്നത്. എന്നാല്‍ കൊറോണ ഈ വിഛേദത്തെ പൂര്‍ണ്ണമാക്കി എന്നുപറയാം.
കൊറോണയ്ക്ക് ശേഷം സിനിമയുടെ ഭാവി എന്തായിരിക്കും എന്ന കാര്യത്തെ കുറിച്ച് പല പ്രവചനങ്ങളും നടക്കുന്നുണ്ട്. ലോകം മുഴുവന്‍ എല്ലാം സ്തംഭിച്ചിരിക്കയാല്‍ സിനിമ തന്നെ ഉണ്ടാവുമോ എന്ന് പലരും സംശയിക്കുന്നു. ഇനി അഥവാ സിനിമ ബാക്കിയുണ്ടെങ്കില്‍ത്തന്നെ ഇന്ന് മൊബൈലില്‍ ഒറ്റയ്ക്കും നെറ്റ്ഫ്‌ലിക്‌സ് പാര്ട്ടി യിലും മറ്റും സംഘമായും വീട്ടിനകത്തിരുന്ന് സിനിമ കണ്ടു ശീലിച്ചവര്‍ തിയ്യറ്ററുകളിലേക്ക് തിരിച്ചു പോവുമോ? ചെറുപ്പക്കാര്‍ ഏതായാലും നെറ്റ്ഫ്‌ലിക്‌സ് പാര്‍ട്ടിയുടെ വഴിക്കാണ്, മാതാപിതാക്കളും ഈ വഴിയേ പോകുമോ? മറ്റൊരു കാര്യം, തിയ്യറ്ററില്‍ പോയി സിനിമ കാണുന്നതിനേക്കാള്‍ ഇതിന് ചെലവ് കുറവാണ്. സാമ്പത്തിക മേഖലയാകെ തകര്‍ന്നിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ കുടുംബസമേതം തിയ്യറ്ററില്‍ പോയി സിനിമ കാണുന്നതിനുള്ള ചെലവ് കൂടുതലായതിനാല്‍ കുറെ ആളുകള്‍ അങ്ങോട്ട് പോവില്ല എന്നും ചിലര്‍ പ്രവചിക്കുന്നു.
ഇനി അഥവാ അടുത്തുതന്നെ ഇളവുകള്‍ പ്രഖ്യാപിച്ച് തിയ്യറ്ററുകള്‍ തുറക്കുമ്പോള്‍ എന്തായിരിക്കും അവസ്ഥ? അപ്പോള്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പ്രദര്‍ശനങ്ങള്‍ക്കായി തിയ്യറ്റര്‍ ഉടമകള്‍ തയ്യാറെടുക്കുകയാണ്. വിമാനത്തിലും ബസ്സിലുമൊക്കെ ചെയ്യാന്‍ സാധ്യതയുള്ളതു പോലെ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന അകലം പാലിച്ചുകൊണ്ടായിരിക്കും സീറ്റുകള്‍ ക്രമീകരിക്കുക. കൊറോണ വ്യാപനത്തിന് ഏസി കാരണമാകും എന്നതിനാല്‍ ഇതിന്റെ ഉപയോഗം നിര്‍ത്തേണ്ടി വരും. അതുപോലെ ടിക്കറ്റിനുള്ള ക്യൂവും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ളതായിരിക്കും. പക്ഷെ, ഇവിടെയുള്ള പ്രശനം, തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അടുത്തിരുന്നല്ലാതെ, ഒരോ രണ്ടോ സീറ്റുകള്‍ അകലത്തില്‍ ഇരുന്ന് സിനിമകാണാന്‍ ജനങ്ങള്‍ താത്പര്യപ്പെടുമോ? പല രാജ്യങ്ങളും പ്രദര്‍ശനത്തിനുള്ള മറുവഴികള്‍ തേടുന്നുണ്ട്. അതിലൊന്ന് മുമ്പൊരു കാലത്ത് നിലവിലുണ്ടായിരുന്ന ഡ്രൈവ്-ഇന്‍-തിയ്യറ്ററുകളുടെ തിരിച്ചു വരവാണ്. മറ്റൊന്ന് തങ്ങളുടെ ബാല്‍ക്കണിയില്‍ ഇരുന്ന് കാണാന്‍ പാകത്തിലുള്ള മൊബൈല്‍ സിനിമാ സംവിധാനങ്ങളാണ്.
പല വിദേശ രാജ്യങ്ങളും സിനിമാ ചിത്രീകരണം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി സര്‍ക്കാര്‍ പല മേഖലകളിലുള്ള വലിയ തോതിലുള്ള മുന്‍കരുതലുകളും നിയമങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചിത്രീകരണം. കൊറോണകാലത്ത് സിനിമാക്കാര്‍ വീട്ടിനുള്ളില്‍ ഇരുന്നുകൊണ്ട് പുതിയ പദ്ധതികള്‍ ആലോചിക്കുകയാണ്. പരസ്പരം ഓണ്‍ലൈനില്‍ ചര്‍ച്ചചെയ്യുകയാണ്. സിനിമാശാലകള്‍ തുറക്കുമ്പോള്‍ പുതിയ ഊര്‍ജവുമായി രംഗത്തെത്താന്‍. ഇത്രയും നാള്‍ ഓണ്‍ലൈന്‍ സിനിമകളുടെ അടിമകളായവരെ തിയ്യറ്ററിലേക്ക് ആകര്‍ഷിക്കാനുള്ള വഴികള്‍ തിയ്യറ്റര്‍ സിനിമാക്കാരും, ഓണ്‍ലൈന്‍ പ്രേക്ഷകള്‍ കൊഴിഞ്ഞുപോകാതിരിക്കാന്‍, അവരെ പിടിച്ചിരുത്താന്‍ ഓണ്‍ലൈന്‍ കമ്പനികള്‍ക്കും മത്സരിക്കേണ്ടിവരും. അതിനുള്ള തന്ത്രങ്ങളും ഈ അകത്തിരിപ്പ് കാലത്ത് ബന്ധപ്പെട്ടവര്‍ ആസൂത്രണം ചെയ്യുന്നുണ്ടാവും.
വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ സിനിമാക്കാര്‍ മാത്രമല്ല, എല്ലാവരും സിനിമ പിടിക്കുകയാണ്, ദൃശ്യങ്ങള്‍ നിര്‍മ്മിക്കുകയാണ്. കൊറോണയെക്കുറിച്ച് മാത്രമല്ല, വിവിധ വിഷയങ്ങളെ കുറിച്ച് സിനിമകള്‍ ഉണ്ടാക്കുന്നു. ഇന്ന് ഓണ്‍ലൈനില്‍ ഇത്തരം സിനിമകളുടെ പ്രളയമാണ്. ഈ സന്ദര്‍ഭത്തില്‍ ജാഫര്‍ പനാഹിയെ ഓര്‍ത്തുപോകുന്നു. ഇറാനിലെ ഭരണകൂടത്തിന് എതിരെ പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും പിന്നീട് വീട്ടുതടങ്കലില്‍ കഴിയുകയും ചെയ്യുന്ന പനാഹി ഈ സാഹചര്യത്തിലും തന്റെ മൊബൈലിലും മറ്റുമായി നാല് സിനിമകള്‍ ഉണ്ടാക്കി. സാങ്കേതിക വിദ്യക്ക് നന്ദി പറയാം.
കൊറോണ ലോകത്താകമാനം മറ്റു മേഖലകളില്‍ എന്നപോലെ സിനിമയിലും വന്‍ നാശം വിതച്ചു. ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ്, ടോളിവുഡ്, കോളിവുഡ് എല്ലായിടത്തും വന്‍ നഷ്ടം സംഭവിച്ചു. ഒപ്പം വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും. ഹോളിവുഡിലെ ജെയിംസ് ബോണ്ട് സിനിമ അടക്കമുള്ള പല വന്‍ സിനിമകളുടെയും റിലീസ് മാറ്റിവെച്ചിരിക്കയാണ്. ചില ബിഗ് ബജറ്റ് സിനിമകളുടെ റിലീസ് തിയ്യതി പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് സാധാരണ തിയ്യറ്റര്‍ റിലീസ് കഴിഞ്ഞു മാസങ്ങള്‍ക്ക് ശേഷം സംഭവിക്കാറുള്ള ഡിജിറ്റല്‍ റിലീസിങ്ങിന് തയ്യാറെടുക്കുകയാണ് റിലീസിന് മുമ്പുതന്നെ പല വിതരണക്കാരും. അതുപോലെ പല വലിയ കമ്പനികളും വീഡിയോ-ഓണ്‍-ഡിമാന്‍ഡ് വഴി സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. പലരും തിയ്യറ്റര്‍ തുറന്നതിനു ശേഷം റിലീസ് ചെയ്യാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഫിലിം ഫെസ്റ്റിവലുകള്‍ നിര്‍ത്തിവെക്കുകയോ മാറ്റിവെക്കുകയോ ചെയ്തു. തിയ്യറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ വീട്ടിലിരുന്ന് ടിവി, ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്നിവയിലൂടെ സിനിമകള്‍ കാണുകയാണ് ജനങ്ങള്‍. ഈ രംഗത്ത് കാഴ്ചക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിച്ചു. ഇന്റര്‍നെറ്റിലെ തിരക്ക് ഒഴിവാക്കാനായി നെറ്റ്ഫ്‌ലിക്‌സും ഡിസ്‌നി പ്ലസും ദൃശ്യ ഗുണം ഇരുപത്തിയഞ്ച് ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണത്രേ. ഇക്കാരണത്താല്‍ നെറ്റ്ഫ്‌ലിക്‌സ് അവരുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഒരു വീണ്ടുവിചാരം നടത്തുകയാണ്. ഏറ്റവും പുതിയ സിനിമ നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് പോവുകയാണ്. (മലയാളത്തിലും ഒരു സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയുണ്ടായി).
ഈ സാഹചര്യത്തില്‍ കൊറോണയ്ക്ക് ശേഷം കാര്യങ്ങള്‍ പഴയ രീതിയില്‍ ആയിരിക്കില്ല എന്നും ഓണ്‍ലൈന്‍ സ്ട്രീമിംഗ് കമ്പനികളും മറ്റും സിനിമയില്‍ വലിയ ആധിപത്യം സ്ഥാപിക്കും എന്നും സംശയിക്കുന്നവരും ഉണ്ട്. സിനിമ കൊറോണയ്ക്ക് മുമ്പും പിമ്പും എന്ന രീതിയില്‍പ്പോലും മാറാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ പറയുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകനായ സഞ്ജു സുരേന്ദ്രനും ഇക്കാര്യം ശരിവെക്കുന്ന രീതിയിലാണ് സംസാരിച്ചത്: ”കൊറോണ പ്രതിസന്ധിയ്ക്ക് ശേഷം ലോകം വലിയ തോതില്‍ മാറും. സിനിമയില്‍ മാത്രമല്ല, സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക രംഗത്തും വലിയ മാറ്റം ഉണ്ടാകും. ഇതുവരെ ഭരണകൂടം അമൂര്‍ത്തൂപത്തിലാണ് നമുക്ക് അനുഭവപ്പെട്ടതെങ്കില്‍ ഇപ്പോള്‍ അതിന്റെ ശക്തി നമുക്ക് നിത്യജീവിതത്തില്ത്ത്‌ന്നെ അനുഭവപ്പെട്ടുതുടങ്ങി. കൊറോണയോടെ ഭരണകൂടം ശക്തമായി, കൂടല്‍ മേല്‌ക്കോയ്മ ഉള്ളതായി. അതിന്റെ ഇടപെടല്‍ കര്‍ശ്‌നമായി. പലപ്പോഴും ഇത്തരം ദുരന്തം ഒരു പെന്‍ഡുലം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സിനിമയെ പോസിറ്റീവായും നെഗറ്റീവായും ബാധിക്കാം. യുദ്ധാനന്തരം സിനിമയില്‍ ഇറ്റാലിയന്‍ നീയോ റിയലിസം ഉണ്ടായതുപോലുള്ള ഒരു സാധ്യത തള്ളിക്കളയാനാവില്ല.
സിനിമയുടെ എല്ലാ വശങ്ങളും – Making, distribution, consumption – മാറും. ഇപ്പോള്‍ത്തന്നെ ചലച്ചിത്ര മേളകള്‍ ഓണ്‍ലൈനിലേക്ക് മാറിക്കഴിഞ്ഞു. ആളുകളുടെ കാഴ്ചാ ശീലം മാറും. പൈസയുള്ളവര്‍ ആധുനിക സംവിധാനങ്ങളുള്ള ഹോം തിയ്യറ്ററുകള്‍ വാങ്ങും. ഈ വിപണി ഇപ്പോള്‍്ത്തന്നെ സജീവമായിത്തുടങ്ങി. ബിഗ് ബജറ്റ് സിനിമകള്‍ക്ക് ഇനി എത്രമാത്രം സാധ്യതയുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ട്. വൈഡ് തിയ്യറ്റര്‍ റിലീസ് ഇല്ലെങ്കില്‍ ഇത്തരം സിനിമകള്‍ക്കു നിലനില്‍പ്പ്് ഇല്ലല്ലോ. അങ്ങിനെയാകുമ്പോള്‍ പത്തു കോടി മുടക്കിയ ഒരു സിനിമയ്ക്ക് പോലും മുടക്കിയ പണം തിരിച്ചുപിടിക്കാനാവില്ല. ലോ ബജറ്റ് സിനിമകളും, ഖണ്ഡശ്ശ സിനിമകളും വെബ് സീരീസ് പ്ലാറ്റ്‌ഫോമുകളും സജീവമാകും. പ്രേക്ഷകരുടെ കാഴ്ചാ സങ്കല്‍പ്പങ്ങളില്‍ മാറ്റം വരും. കൊറോണക്കാലത്ത് വിദേശ സിനിമകളും വെബ് സീരീസുകളും കണ്ടു ശീലിച്ച പ്രേക്ഷകരുടേത് സാമ്പ്രദായിക കാഴ്ചാശീലം ആയിരിക്കില്ലല്ലോ. വ്യക്തിപരമായ കാഴ്ച കൂടും. പറയാന്‍ പറ്റില്ല, എന്റെ സുഹൃത്തും എഴുത്തുകാരനുമായ എസ്. ഹരീഷ് ഫലിതരൂപേണ പറഞ്ഞതുപോലെ, സ്‌ക്രീനില്‍ പുകവലിയും മദ്യപാനവും കുറ്റകരമാണ് എന്ന് എഴുതിക്കാണിക്കുന്ന നിയമം ഉള്ളതുപോലെ അഭിനയിക്കുന്നവര്‍ മാസ്‌ക് ധരിക്കണം എന്ന നിയമം കൊണ്ടുവരികയാണെങ്കില്‍ ആലോചിച്ചു നോക്കൂ, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മാസ്‌ക് ധരിച്ചുള്ള അഭിനയം!”
ലോകം കൊറോണയില്‍ നിന്ന് മുക്തമാവുകയും സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു വരികയും ചെയ്യും. എല്ലാം ശരിയാവാന്‍ എത്ര കാലം എടുക്കും എന്നത് മാത്രമാണ് നമ്മെ അലട്ടുന്നത്. അപ്പോള്‍ തിയ്യറ്ററുകള്‍ തുറക്കുകയും തുടക്കത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടും സാഹചര്യം സാധാരണ ഗതിയിലായാല്‍ സാധാരണ പോലെയും പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുകയും ചെയ്യും. യുദ്ധങ്ങളെയും, ലോകത്താകമാനം ഏകദേശം 500 ദശലക്ഷം മനുഷ്യരെ ബാധിച്ച സ്പാനിഷ് ഫ്‌ളു പോലുള്ള മഹാമാരികളെയും സിനിമ അതിജീവിച്ചിട്ടുണ്ട്.
അതിജീവനത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പ്രശസ്ത സൗണ്ട് ഡിസൈനറായ പി.എം. സതീഷ് പറയുന്നത് കേള്‍ക്കാം: ”സിനിമ നിലനില്‍ക്കുകതന്നെ ചെയ്യും. പക്ഷെ, കൊറോണ വലിയ മാറ്റം കൊണ്ടുവരും. കൊറോണ തിയ്യറ്ററുകളുടെ ആധിപത്യത്തെ സ്വാധീനിക്കും. തിയ്യറ്ററില്‍ സിനിമ കാണുന്നതിന്റെ ഏറ്റവും വലിയ പ്രയോജനം എന്തെന്നാല്‍ ഒരു സൗണ്ട് ഡിസൈനര്‍ എന്ന നിലയില്‍ ഞാന്‍ ഭാവനാത്മകമായി സൃഷ്ടിച്ച ശബ്ദങ്ങള്‍ ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ എല്ലാ പ്രേക്ഷകരും കാണുന്നു എന്നതാണ്. അതു സംഭവിക്കുന്നത് Picture quality, mood, intensity എന്നിവയൊക്കെ Standardized ആണ് എന്നതാണ്. മാത്രവുമല്ല ഇവിടെ പ്രേക്ഷകര്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവരാണ്. അവരുടെ കാഴ്ച വ്യതിചലിക്കുന്നില്ല. സിനിമ കണ്ടതിനു ശേഷം പ്രേക്ഷകരില്‍ എന്ത് പ്രതികരണമാണ് ഉണ്ടാവുന്നത് എന്നത് വ്യക്തിപരമാണ്. കൊറോണയ്ക്ക് ശേഷം തിയ്യറ്ററുകളിലേക്ക് പോകാന്‍ ആളുകള്‍ക്ക് കഴിയാതെ വന്നാല്‍ മറ്റ് പ്ലാറ്റ്ഫോമുകളില്‍ സിനിമ കാണുമ്പോള്‍ സൗണ്ട് ഡിസൈനര്‍ ഉദ്ദശിച്ച രീതിയില്‍ അല്ല പ്രേക്ഷകര്‍ സിനിമ കാണുക. അതൊരു ശ്രദ്ധ കേന്ദ്രീകരിക്കാത്ത കാഴ്ചയായിരിക്കും. തിയ്യറ്ററില്‍ റിലീസ് ചെയ്യാതെ സിനിമ നേരിട്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലേക്ക് പോവുന്ന സാഹചര്യം വന്നാല്‍ അത് എന്നെ സംബന്ധിച്ച് ദു:ഖകരമാണ്.
ശബ്ദത്തില്‍ സര്‍ഗ്ഗാത്മകമായി ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍ നമ്മുടെ ഇന്ദ്രിയവുമായി സാധര്‍മ്യമുള്ള ശബ്ദത്തിന്റെ ഒരു ഫോര്‍മാറ്റിന് ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു. ഒരു ഫോര്‍മാറ്റ് എന്ന നിലയില്‍ Dolby Atmos-ല്‍ അത് സാധ്യമായിരിക്കുന്നു. Dolby Atmos വീടുകളില്‍ വന്നിട്ടുണ്ടെങ്കിലും അത് തിയ്യറ്ററിലെ എഫക്റ്റിന്റെ അടുത്തെങ്ങും വരില്ല. ഇത്തരം സിനിമകള്‍ തിയ്യറ്ററില്‍ത്തന്നെ ആസ്വദിക്കണം. കൊറോണക്ക് മുമ്പേ തന്നെ സിനിമ കാണുന്ന രീതി മാറിയിരുന്നു. കൊറോണ ഒരു ത്വരകം മാത്രമാണ്. മുമ്പ് സിനിമ എങ്ങിനെ കാണുന്നു എന്നൊരു ചോദ്യം ഉദിച്ചിരുന്നില്ല, അത് തിയ്യറ്ററില്‍ത്തന്നെ ആയിരുന്നു. ഇന്നത് മൊബൈല്‍, ടിവി, വെബ് എന്നിങ്ങനെ പലതായി മാറി. സിനിമ എന്നത് കഥ കേള്‍ക്കാനുള്ള ഒരു ഉപാധി മാത്രമായി. കൊറോണ സിനിമാ ഹാളിനെ പിടിച്ചുകുലുക്കും. മറ്റു മാധ്യമങ്ങളിലൂടെ മാത്രമാണ് കുറച്ചു കാലത്തേക്കെങ്കിലും സിനിമ കാണാന്‍ പറ്റുക എന്ന കാര്യത്തിന് കൊറോണ വേഗം കൂട്ടി. ഇതിനു പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമ എന്നും ആദ്യം റിലീസ് ചെയ്തിരുന്നത് തീയ്യറ്ററുകളില്‍ ആയിരുന്നു. പിന്നീടാണ് മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് വന്നിരുന്നത്. കൊറോണക്കാലത്ത് ഈ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് മുന്‌കൈക കിട്ടി. കൊറോണ ഈ പാരമ്പര്യത്തെ മാറ്റാം. ഇപ്പോള്‍ സിനിമ നേരിട്ട് മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വരികയാണ്. ഇത് ചെയ്യുന്നത് കുറച്ചുകാലത്തേക്ക് ആണെങ്കില്‍ പോലും തിയ്യറ്ററുകളിലെ സിനിമയുടെ റിലീസ് കുത്തക മാറുകയാണ്. സിനിമ ആദ്യം റിലീസ് ചെയ്യുന്നത് വെബ്ബില്‍ ആകുമ്പോള്‍, അതൊരു സ്വഭാവമായി വളരുമ്പോള്‍ നല്ലൊരു ഭാഗം പ്രേക്ഷകര്‍ തിരിച്ച് തിയ്യറ്ററിലേക്ക് പോവാതിരിക്കും. ഒരു സിനിമ രണ്ടിടങ്ങളിലും ഒരേ സമയം റിലീസ് ചെയ്യുകയാണെങ്കിലും ഒരു പക്ഷെ, ഏറ്റവും നല്ല സാങ്കേതിക മികവുള്ള സിനിമകള്‍ കാണാന്‍ മാത്രമായിരിക്കും പ്രേക്ഷകര്‍ തിയ്യറ്ററിലേക്ക് പോവുക എന്ന് ഞാന്‍ ഭയപ്പെടുന്നു. മറ്റുള്ള സിനിമകള്‍ വീട്ടിലിരുന്ന് ഇന്റര്‍നെറ്റില്‍ കാണാന്‍ പ്രേക്ഷകര്‍ താത്പര്യപ്പെടും. അതിന് ചെലവും കുറവാണ്”.
സാങ്കേതിക വളര്‍ച്ച സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ നാം പ്രവചിച്ച പ്രകാരം സിനിമ മരിച്ചില്ല. സിനിമാ കാഴ്ചയുടെ പരിസരം മാറുകയും സിനിമ കാണുന്ന ഉപകരണങ്ങള്‍ മാറുകയും ചെയ്തുവെങ്കിലും സിനിമ മുന്നോട്ട് പോവുകയാണ്. പല രീതിയില്‍ വിപുലീകരിക്കുകയാണ്. സിനിമ തിയ്യറ്ററില്‍ കാണാന്‍ ഉള്ളതാണോ, ഓണ്‍ലൈന്‍ വഴി മൊബൈലിലും മറ്റും കാണാനുള്ളതാണോ എന്നതിനനുസരിച്ചായിരിക്കും ജനങ്ങളുടെ തെരഞ്ഞെടുപ്പ്. ഏത് മാധ്യമത്തിലൂടെ പ്രദര്‍ശിപ്പിക്കാനാണ് സിനിമ ഉണ്ടാക്കിയത് എന്നതിനെ ആധാരമാക്കിയാണ് സിനിമയുടെ കാഴ്ച്ചാനുഭവം. തിയ്യറ്റര്‍ ഫോര്‍മാറ്റിലാണ് സിനിമയെങ്കില്‍ അത് തിയ്യറ്ററില്‍ത്തന്നെ കാണണം. സിനിമാ തിയ്യറ്ററിന്റെ ഇരുട്ടില്‍, തിയ്യറ്ററിന്റെ പ്രത്യേക അന്തരീക്ഷത്തില്‍ വലിയ സ്‌ക്രീനില്‍ സിനിമ കാണുമ്പോഴാണ് സിനിമാനുഭവം പൂര്‍ണ്ണമാകുന്നത്. അപ്പോള്‍ ആളുകള്‍ സിനിമകാണാന്‍ തിയ്യറ്ററിലേക്ക് വരികതന്നെ ചെയ്യും. എണ്ണത്തില്‍ ഇടിവ് ഉണ്ടായേക്കാം. സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം അവസ്ഥ പുതിയതല്ല എന്നു കാണാം. ഓണ്‍ലൈന്‍ സിനിമകള്‍ വന്നപ്പോള്‍ പുതിയ സംവിധാനങ്ങളോടെ ജനങ്ങളെ ആകര്‍ഷിക്കാന്‍ വന്ന മള്‍ട്ടിപ്‌ളെക്‌സുകളില്‍ പ്രേക്ഷകര്‍ കുറഞ്ഞിരുന്നു എന്ന കാര്യം ശ്രദ്ധിക്കുക. കൊറോണ സിനിമയില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. എന്നാല്‍ അത് കൊറോണ മാത്രം കൊണ്ടുവരുന്ന മാറ്റങ്ങള്‍ ആയിരിക്കില്ല. സാങ്കേതിക വിദ്യ സിനിമയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരും. അതാണല്ലോ സിനിമയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. സിനിമാ കാഴ്ചയുടെ പരിസരത്തിലും സിനിമ കാണുന്ന ഉപകരണങ്ങളിലും ഇനിയും മാറ്റങ്ങള്‍ വരുമ്പോഴും സിനിമ മുന്നോട്ട് പോവും, പല രീതിയില്‍ വിപുലീകരിക്കും.
ഈ സന്ദര്‍ഭത്തില്‍ ഒരു കാലത്ത് മലയാള സാഹിത്യത്തില്‍ സജീവമായിരുന്ന കവിതയുടെ കൂമ്പടഞ്ഞു എന്നൊരു ചര്‍ച്ച ഓര്‍മ്മവരുന്നു. പിന്നീടും കവിതകള്‍ ഉണ്ടായി. പല രൂപങ്ങളില്‍, ഭാവങ്ങളില്‍. ഫെയ്സ്ബുക്കിലും, വാട്‌സാപ്പിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കവിത സജീവമായി. ഫേസ്ബുക്ക് കവിതകളുടെ സമാഹാരങ്ങള്‍ ഇറങ്ങി. അതുപോലെ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍, ഓണ്‍ലൈന്‍ ചര്‍ച്ചകള്‍. കവിത ഇന്നും ജീവിക്കുന്നു. സിനിമയുടെ കാര്യത്തില്‍ ദെല്യൂസിന്റെ ഈ വാക്കുകളാണ് പ്രസക്തം: ”സിനിമയുടെ മരണത്തെ കുറിച്ച് സംസാരിക്കുന്നത് വിഡ്ഢിത്തമായിരിക്കും, കാരണം സിനിമ അതിന്റെ അന്വേഷണത്തിന്റെ ആരംഭത്തിലാണ്”.
വീട്ടിനകത്ത് അടച്ചിരിക്കുമ്പോള്‍ വലിയൊരു ശതമാനം പ്രേക്ഷകരും സര്‍ഫ് ചെയ്തത് വൈറസ് ആധാരമാക്കിയുള്ള സിനിമകളാണത്രേ. 2011-ല്‍ റിലീസ് ചെയ്ത Contagion എന്ന സിനിമ iTune-ന്റെ ചാര്‍ട്ടില്‍ പത്താം സ്ഥാനത്താണ്. സേര്‍ച്ചിന്റെ കാര്യത്തില്‍ അഞ്ചു വര്‍ഷത്തെ ഉയരത്തിലാണ് ഈ സിനിമ. Corona: Fear is a Virus എന്ന പേരില്‍ കൊറോണയെ ആധാരമാക്കി ഒരു സിനിമ ഒരുങ്ങുകയാണ്. ഈ കനേഡിയന്‍ സിനിമ കോറോണയുടെ സമയത്ത് ഒരു ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ ആള്‍ക്കാരെക്കുറിച്ചാണ്. സാധ്യതയുള്ള വിഷയമായതിനാല്‍ കൊറോണയെ ആധാരമാക്കി മലയാളത്തിലടക്കം ധാരാളം സിനിമകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in