സിനിമയ്ക്കു ചരിത്രത്തോട് നീതി പുലര്‍ത്തേണ്ടതുണ്ടോ
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ പലരും ചോദിക്കുന്നു എന്തിന് ഇങ്ങനെ ഒരു സിനിമ ഇപ്പോള്‍ എടുക്കുന്നു ? പലരും മറന്ന ചരിത്രം ഇങ്ങനെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ടോ ? നിലവിലെ മത സൗഹാര്‍ദ്ദം തര്‍ക്കപ്പെടില്ലേ ? ഇത്തരം ചോദ്യം ഉന്നയിക്കുന്നവരോട് തിരിച്ചു ചോദിക്കാനുള്ളത്; എന്ന് മുതലാണ് സിനിമയെ ചരിത്ര പഠനത്തിനുള്ള ഒരു മാധ്യമമാക്കി നിങ്ങള്‍ മാറ്റിയതെന്നാണ്?
സിനിമ; സ്വതന്ത്രമായ ഒരു കലാസൃഷ്ടി എന്ന നിലക്കാണ് ഇവിടെ ഉള്ള ഓരോ പ്രേക്ഷകനും അതിനെ സമീപിക്കേണ്ടത്. അങ്ങനെ സമീപിക്കാതിരിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഒരു കലാകാരന്റെ ശില്‍പം, ചിത്രരചന, നോവല്‍, എന്നിവ തങ്ങളുടെ മത വികാരം വ്രണപ്പെടുത്തി എന്ന് പലപ്പോഴായി വിലപിക്കുന്നവരുടെ അതേ മനോനിലയാണ് ആണ് ഒരു ചരിത്ര സംഭവം സിനിമ ആയി എടുത്താല്‍ വികാരം വൃണപ്പെടും എന്ന് വാദിക്കുന്നവരുടെ മനോനിലയും. ചരിത്രം ഓര്‍മ്മപെടുത്തുന്നതോ, അതിലെ ശരി തെറ്റുകള്‍ ചികയുന്നതോ അല്ല സിനിമയുടെ ദൗത്യം എന്നങ്കിലും ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ മനസ്സിലാക്കണം….
ചരിത്രം ഓര്‍മ്മപ്പെടുത്തുന്നത് തെറ്റായിരുന്നെങ്കില്‍, ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയും, ചരിത്രത്തെ എഴുത്തുകാരന്റ ഭാവനക്ക് വിധേയമാക്കിയും പുനഃവ്യാഖ്യാനം ചെയ്തും സിനിമകള്‍ ഉണ്ടാകുമായിരുന്നില്ല… പക്ഷേ ലോകത്ത് അത്തരത്തില്‍ നിരവധി സിനിമകളും പുസ്തകങ്ങളും ഇറങ്ങി എന്നതല്ലേ സത്യം.
1993 യില്‍ Steven Spielberg സംവിധാനം ചെയ്ത സിനിമയാണ് Schindler’s List. പോളണ്ടിലെ ജൂതന്മാരെ പീഡിപ്പിച്ചതിന് സാക്ഷ്യം വഹിച്ച ജര്‍മ്മന്‍ വ്യവസായിയും നാസി പാര്‍ട്ടി അംഗവുമായ ഓസ്‌കര്‍ ഷിന്‍ഡ്‌ലര്‍, തന്റെ ജൂത ജീവനക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. വാരിയന്‍ കുന്നതിന്റെ പുതിയ സിനിമയെ എതിര്‍ക്കുന്നവരുടെ വാദം മുഖവിലക്ക് എടുക്കുകയാണെങ്കില്‍ എല്ലാവരും മറക്കാന്‍ തുടങ്ങിയ ജൂത കൂട്ടക്കൊലകളെ ഓര്‍മ്മപ്പെടുത്തുന്ന സിനിമകള്‍ ഇറങ്ങാന്‍ പാടില്ലായിരുന്നു. അതായത് 1940 കളില്‍ ജര്‍മ്മന്‍ നാസി പട്ടാളം ജൂതരോട് ചെയ്ത കൊടും ക്രൂരത തുറന്ന് കാണിക്കുന്ന Schindler’s List പോലുള്ള സിനിമ 1993 ഇറങ്ങാന്‍ പാടില്ലായിരുന്നു. പക്ഷേ സിനിമ ഇറങ്ങി എന്ന് മാത്രമല്ല ആ വര്‍ഷത്തെ ബെസ്റ്റ് മൂവി, ബെസ്റ്റ് ഡയറക്ടര്‍ അടക്കം 7 ഓസ്‌കാര്‍ (അക്കാദമി) അവാര്‍ഡുകള്‍ ആണ് Schindler’s List നേടിയത്. iMDb Rate 8.9/10
2009 യില്‍ അമേരിക്കയിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ Quentin Tarantino സംവിധാനം ചെയ്ത സിനിമയാണ് Inglourious Basterds. ഏതാനും ജൂത സൈനികര്‍ നാസി സര്‍ക്കാരിനെ താഴെയിറക്കാനും യുദ്ധം അവസാനിപ്പിക്കാനും ഒരു രഹസ്യ ദൗത്യത്തില്‍ ഏര്‍പ്പെടുന്നു. ഒടുവില്‍ ഹിറ്റ്‌ലറെ കൊലപ്പെടുത്തി അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. Brad Pitt, Christoph Waltz, Michael Fassbender, Diane Kruger എന്നിവര്‍ അഭിനയിച്ച സിനിമ നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ചു. സാമ്പത്തികമായി വലിയ വിജയം കൈവരിച്ച സിനിമ, ആ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍ നാല് നോമിനേഷനുകള്‍ ലഭിച്ചതിന് പുറമേ സഹനടനുള്ള അക്കാദമി അവാര്‍ഡ് Christoph Waltz നേടുകയും ചെയ്തു. ചരിത്രത്തെ അതേ പടി പകര്‍ത്തുന്നതല്ല സംവിധായകന്റെ രാഷ്ട്രീയം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് Inglourious Basterds. iMDb Rate 8.3/10
തെക്കന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ വംശീയ വേര്‍തിരിവ് നടപ്പിലാക്കുന്ന സംസ്ഥാന, പ്രാദേശിക നിയമങ്ങളായിരുന്നു ജിം ക്രോ നിയമങ്ങള്‍. അമേരിക്കയുടെ പുനര്‍നിര്‍മ്മാണ കാലഘട്ടത്തില്‍ കറുത്തവര്‍ഗ്ഗക്കാര്‍ നേടിയ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങളെ വിലക്കേര്‍പ്പെടുത്തുന്നതിനും നീക്കം ചെയ്യുന്നതിനുമായി 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും വെളുത്ത ഡെമോക്രാറ്റിക് ആധിപത്യമുള്ള സംസ്ഥാന നിയമസഭകള്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കി. ജിം ക്രോ നിയമങ്ങള്‍ 1965 വരെ തെക്കന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടപ്പാക്കിയിരുന്നു. ഈ കാലഘട്ടത്തില്‍ തെക്കന്‍ അമേരിക്കന്‍ ഐക്യനാടുകളിലൂടെ സഞ്ചരിക്കുന്ന ആഫ്രോ-അമേരിക്കന്‍ വര്‍ഗ്ഗക്കാര്‍ നേരിടാന്‍ സാധ്യതകളുള്ള വിവേചനങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അവരെ സഹായിക്കുന്ന വിവരങ്ങള്‍ അടങ്ങിയ പുസ്തകമാണ് Green Book.
Dr ഡോണ്‍ ഷെര്‍ലി ലോകോത്തര ആഫ്രിക്കന്‍-അമേരിക്കന്‍ പിയാനിസ്റ്റാണ്, അദ്ദേഹം 1962 ല്‍ ഡീപ് സൗത്തില്‍ ഒരു കച്ചേരി പര്യടനം നടത്താന്‍ പോകുകയാണ്. ഷെര്‍ലിക്ക് ഒരു ഡ്രൈവറും സംരക്ഷണവും ആവശ്യമായിരുന്ന, അങ്ങനെ ദൗത്യം ടോണി ലിപ് ഏറ്റെടുക്കുന്നു. ഭിന്നതകള്‍ക്കിടയിലും, വംശീയതയുടെ ഒരു യുഗത്തിലും ഇരുവരും താമസിയാതെ അപ്രതീക്ഷിത ബന്ധം വളര്‍ത്തിയെടുക്കുന്ന കഥയാണ് Green Book എന്ന സിനിമയിലേത്. Peter Farrelly സംവിധാനം ചെയ്ത സിനിമ 2018 ലാണ് റിലീസ് ആകുന്നത്. വംശീയത നിയമപരമായി അവസാനിച്ചതിന് ശേഷം അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമ ഇറങ്ങുന്നത്. സിനിമ ഇറങ്ങുമ്പോള്‍ ഇവിടെ മലയാളികള്‍ ഉന്നയിക്കുന്ന തരത്തില്‍ ആരും തന്നെ സിനിമയെ ബഹിഷ്‌കരിക്കാനുള്ള പ്രസ്താവന ഇറക്കിയില്ല. അമേരിക്കക്കാരുടെ വികാരം വ്രണപെടും എന്ന് ആരും മുറവിളി കൂട്ടിയില്ല. ചരിത്രത്തെ കുഴിച്ചെടുത്ത് അമേരിക്കകാര്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുകയാണ് എന്ന് സ്വാതന്ത്രചിന്തകകാരും മുറവിളി കൂട്ടിയില്ല, അവര്‍ക്ക് ചരിത്രവും സിനിമയും വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള വിവേകം ഉണ്ടായിരുന്നു. സിനിമാലോകത്ത് ഏറെ പ്രശംസ നേടിയ സിനിമ 3 അക്കാദമി അവാര്‍ഡും നേടി. IMDb Rate : 8.2/10
ഇത്തരത്തില്‍ നിരവധി സിനിമകള്‍ ലോകത്ത് എല്ലാ ഭാഷയിലും ഇറങ്ങിയിട്ടുണ്ട്. ചില സിനിമകളെ ഉദാഹരിച്ച് ഇത്രയും എഴുതിയത്, ചരിത്രം സിനിമയില്‍ പകര്‍ത്തുന്നത് സംവിധായകന്റെ സ്വാതന്ത്രത്തിന്റെ ഭാഗമാണ് എന്ന് ഓര്‍മ്മപെടുത്താന്‍ വേണ്ടി മാത്രമാണ്. ഇവിടെ വാരിയന്‍ കുന്നത്ത് എന്ന വ്യക്തിയെ ദേശഭക്തനോ, വര്‍ഗീയവാദിയോ, കൊള്ളക്കാരനോ, സ്വതന്ത്രസമര സേനാനി ആയോ പുനഃരാവിഷ്‌കാരം ചെയ്യാനുള്ള അവകാശവും അധികാരവും ഒരു സംവിധായകന് ഉണ്ട്. സിനിമ ഒരു ചരിത്ര പുസ്തകമല്ല, ചരിത്രത്തെ ആസ്പദമാക്കി സിനിമ എടുക്കുന്നതിനെ വിമര്‍ശിക്കുന്നതും, ഇപ്പോഴുള്ള സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇത്തരം ചരിത്ര സിനിമ സംവിധാനം ചെയ്യുന്നതിനെ വിമര്‍ശിക്കുന്നതും ഫാസിസം തന്നെയാണ്. സിനിമയെ അതിന്റെ രാഷ്ട്രീയത്തെ ഒക്കെ വിലയിരുത്തേണ്ടതും വിമര്ശിക്കേണ്ടതും സിനിമ കണ്ടതിന് ശേഷമാകണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in