
ദുരിതബാധിതരായ സ്ത്രീകളുടെ കടങ്ങള്‍ എഴുതിതള്ളണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതരായ സ്ത്രീകളുടെ കടബാധ്യതകള്‍ എഴുതി തള്ളുവാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താനാവശ്യപ്പെട്ട് കേരള ഹൈക്കോടതിക്ക് വിമന്‍ ഫോര്‍ ലോണ്‍ റിലീഫ് (ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതരായ സ്ത്രീകളുടെ കൂട്ടായ്മ) നല്‍കിയ ഹര്‍ജി.
വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഉരുള്‍പൊട്ടലിലും പ്രളയത്തിലും ദുരിതബാധിതരായ മനുഷ്യരുടെ വായ്പാ എഴുതിതള്ളലും പുനരധിവാസവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നടത്തുന്ന ജനഹിതപരമായ ഇടപെടലുകളില്‍ പ്രതികരിച്ചുകൊണ്ട് ദുരിത ബാധിതരായ സ്ത്രീകളുടെ കൂട്ടായ്മ ‘വിമന്‍ ഫോര്‍ ലോണ്‍ റിലീഫ്’ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഹര്‍ജ്ജി സമര്‍പ്പിച്ചു. ദുരിത ബാധിതരായ മനുഷ്യരുടെ വായ്പകള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് പ്രതികരണം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച മേപ്പാടി പഞ്ചായത്ത് 10, 11, 12 വാര്‍ഡുകളിലെ സ്ത്രീകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അനുയോജ്യമായ രീതിയിലുള്ള ഇടപെടലുകളും നിര്‍ദ്ദേശങ്ങളും ഉത്തരവുകളും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടാവണം എന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ച 3 വാര്‍ഡുകളിലെ (10, 11, 12) 64 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി 700ഓളം സ്ത്രീകളാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ഇതില്‍ ഏകദേശം 280 സ്ത്രീകള്‍ നേരിട്ടും ബാക്കിയുള്ളവര്‍ പരോക്ഷമായും ദുരിതബാധിതരാണ്. കൃഷി, ചെറിയ വ്യാപാരങ്ങള്‍, കന്നുകാലി വളര്‍ത്തല്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവും വിപണനവും, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികള്‍ (NREGA) അതിനോടൊപ്പം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ നടത്തുന്ന വിവിധ പദ്ധതികള്‍ തുടങ്ങി ചെറിയ തൊഴിലുകളിലൂടെയാണ് സ്ത്രീകള്‍ വരുമാനം കണ്ടെത്തി മുന്നോട്ടു പോയിരുന്നത്. 2024 ജൂലൈ 30-ന് വയനാട് ചൂരല്‍മല മുണ്ടക്കൈ പ്രദേശത്ത് ഉണ്ടായ ഉരുള്‍പൊട്ടലും പ്രളയവും അവര്‍ ഒരു ജീവിതകാലം കൊണ്ട് സ്വരൂപിച്ച സ്വത്തുക്കളും ജീവനോപാധികളും ഭൂമിയും കൃഷിയും അടക്കം സര്‍വ്വതും നശിച്ചു. സര്‍ക്കാരിന്റെ പിന്തുണയോടെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വാടക വീടുകളിലേക്കും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെ വീടുകളിലേക്കോ അവര്‍ പലായനം ചെയ്യേണ്ടതായി വന്നു. 3 വാര്‍ഡുകളിലായി 64 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 47 സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടമായി, അതിലേറെ പേര്‍ക്ക് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടമായി.
ചൂരല്‍മല മുണ്ടക്കൈ ദുരന്തം നഷ്ടപ്പെടുത്തിയത് മനുഷ്യ ജീവനുകളും കൃഷിയും വീടുകളും സ്വത്തുക്കളും വ്യാപാര സ്ഥാപനങ്ങളും മാത്രമല്ല മറിച്ച് സ്ത്രീകള്‍ ഒരു ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയ ഉപജീവന സാധ്യതകളും സാമ്പത്തിക സുരക്ഷിതത്വവും കൂടിയാണ്. ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമായി വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ യാതൊരു വഴിയുമില്ലാത്ത അവസ്ഥയിലാണ് അവര്‍ ഇപ്പോള്‍ ഉള്ളത്. മേല്‍പ്പറഞ്ഞ വാര്‍ഡുകളിലെ ദുരിതബാധിതരായ സ്ത്രീകളുടെ വായ്പകള്‍ കണക്കാക്കിയാല്‍ ആകെ ?4.10 കോടി രൂപയുടെ ലിങ്കേജ് ലോണ്‍ നിലവിലുണ്ട്. അതിനോടൊപ്പം, അയല്‍ക്കൂട്ടങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും ?1.44 കോടി രൂപയുടെ ലോണുകളും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ 50% ലിങ്കേജ് ലോണ്‍ തിരിച്ചടച്ചിട്ടുണ്ടെങ്കിലും, സമ്പാദ്യത്തില്‍ നിന്നുള്ള ലോണുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപ ഇപ്പോഴും തിരിച്ചടക്കുവാനുണ്ട്. ദുരന്തത്തില്‍ മരണപ്പെട്ട 47 സ്ത്രീകളുടെ വായ്പ ഭാരവും അയല്‍ക്കൂട്ടങ്ങളിലെ സഹപ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ട അവസ്ഥയിലാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് ചൂരല്‍മല മുണ്ടക്കൈ പ്രദേശത്തെ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ പ്രതിനിധികളെയും വിവിധ മന്ത്രിമാരെയും എം എല്‍ എ മാരെയും ബാങ്ക് അധികൃതരെയും, സാമ്പത്തിക സ്ഥാപനങ്ങളെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും ലീഡ് ബാങ്കിനെയും സമീപിച്ചിരുന്നു എങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കേരള ബാങ്ക്, ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ മാത്രമേ വായ്പകള്‍ എഴുതി തള്ളുവാനുള്ള തീരുമാനം കൈക്കൊണ്ടുള്ളൂ. സര്‍ക്കാര്‍ സര്‍ക്കാരിതര സംഘടനകളും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അടക്കം ദുരിത സമയത്ത് അവരെ സഹായിച്ചെങ്കിലും സ്ത്രീകള്‍ക്കിപ്പോഴും ആ പ്രശ്‌നങ്ങളില്‍ നിന്ന് മുഴുവനായി കര കയറാന്‍ സാധിച്ചിട്ടില്ല. വായ്പകള്‍ എഴുതി തള്ളണം എന്ന പ്രദേശ വാസികളുടെ ആവശ്യം കേരള സര്‍ക്കാര്‍ പിന്തുണയ്ക്കുകയും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയില്‍ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ ബാങ്കുകള്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല എന്ന് മാത്രമല്ല, ഒരു വര്‍ഷത്തെ പലിശ സഹിത മൊറൊട്ടോറിയം നല്‍കി ആ ചര്‍ച്ച അവസാനിപ്പിക്കുകയാണുണ്ടായത്.
പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്. തൊഴിലില്ലായ്മ മൂലവും സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ മൂലവും വായ്പകള്‍ തിരിച്ചടക്കാനുള്ള ശേഷിയില്ല എന്ന കാരണത്താല്‍ മിക്ക ധനകാര്യ സ്ഥാപനങ്ങളും പുതിയ വായ്പകള്‍ നല്‍കാന്‍ തയ്യാറാവുന്നില്ല. അതുപോലെതന്നെ നിലവിലുള്ള വായ്പകള്‍ തിരിച്ചടക്കുവാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍, കുടുംബം, കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവരോടുള്ള ഉത്തരവാദിത്വങ്ങള്‍, മറ്റു കടബാധ്യതകള്‍ എല്ലാം തന്നെ സ്ത്രീകളെ വലിയ തരത്തില്‍ മാനസികമായി സമ്മര്‍ദ്ധത്തിലാക്കുന്നുണ്ട്. അതിനാല്‍ സ്ത്രീകളെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്തുവാനും സാമ്പത്തികമായി സുരക്ഷിതമായ നിലയിലേക്ക് കൊണ്ട് വരുന്നതിനുള്ള അടിയന്തിരമായ ഇടപെടല്‍ ആവശ്യമാണ്. ഈ പശ്ചാത്തലത്തില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നടത്തുന്ന നീതിപൂര്‍വ്വമായ ഇടപെടലുകളെ കൂട്ടായ്മ അങ്ങേയറ്റം നന്ദിയോടെ സ്വാഗതം ചെയ്യുകയാണ്.
ദുരിതബാധിതരായ മനുഷ്യരുടെ സാമ്പത്തിക സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തിയാല്‍ മാത്രമേ പുനരധിവാസം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ത്തിയാവൂ എന്നത്‌കൊണ്ട് തന്നെ അതിജീവനത്തിനായി ദുരിതബാധിതരായ സ്ത്രീകള്‍ അനുഭവിക്കുന്ന ഈ പ്രതിസന്ധികള്‍ കണക്കിലെടുത്തുകൊണ്ട് അവരുടെ പേരിലുള്ള ലോണുകള്‍ എഴുതി തള്ളുവാനുള്ള മേല്‍ നടപടികള്‍ സ്വീകരിക്കണം എന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയോടും സംസ്ഥാന സര്‍ക്കാരിനോടും ധനകാര്യ സ്ഥാപനങ്ങളോടും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.
വായ്പകള്‍ എഴുതി തള്ളുന്ന വിഷയത്തില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഇടപെടലുകള്‍
ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ ദുരിതബാധിതരായവരുടെ ലോണുകള്‍ എഴുതി തള്ളണം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നടത്തിയ ഇടപെടലില്‍ ഞങള്‍ അതീവ നന്ദിയുള്ളവരാണ്. വായ്പ്പാ ഇളവുകള്‍ നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാരുകള്‍ക്കുള്ള പ്രത്യേക അധികാരങ്ങളെക്കുറിച്ചു പ്രതിപാദിച്ചതും കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി നടത്തേണ്ട ഇടപെടലുകളെക്കുറിച്ചു ഓര്‍മ്മിപ്പിച്ചതും വിഷയത്തിന്റെ ഗൗരവം അടിവരയിടുന്നതാണ്.
ദുരന്തനിവാരണ നിയമത്തിലെ ഭേദഗതികള്‍, വായ്പാ ഇളവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥ നീക്കം ചെയ്യലുകള്‍ തുടങ്ങിയവ വയനാട് ദുരന്തത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വന്നത് എന്നതുകൊണ്ട് തന്നെ പുതിയ നിയമ പരിഷ്‌കാരങ്ങള്‍/ ഭേദഗതികള്‍ ഒന്നും ഈ കേസില്‍ ബാധകമാകരുത് എന്ന് ഞങ്ങള്‍ അപേക്ഷിക്കുകയാണ്. ഈ വിഷയത്തില്‍ ഞങ്ങള്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍, സംസ്ഥാന ബാങ്കേഴ്‌സ് സമിതി, റിസേര്‍വ് ബാങ്ക്, മറ്റു സ്വകാര്യ ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവര്‍ക്കയച്ച കത്തുകള്‍ കോടതിയുടെ ശ്രദ്ധയിലേക്കായി ഇതിനോടൊപ്പം ചേര്‍ക്കുകയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒക്ടോബര് 8നു മുന്‍പ് തന്നെ കേന്ദ്രസര്‍ക്കാര്‍ വായ്പാ ഇളവിന്മേല്‍ തീരുമാനം എടുക്കണമെന്ന് ബഹുമാനപ്പെട്ട ഹൈകോടതി നിര്‍ദേശിച്ചതായി പത്രങ്ങളില്‍ വായിച്ചതിന്‍ പ്രകാരമാണ് ഞങ്ങള്‍ ഞങ്ങളുടെ പ്രതിസന്ധികളും ആശങ്കകളും മുന്നോട്ടു വച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മുന്‍പാകെ ഈ അപേക്ഷ സമര്‍പ്പിക്കുന്നത്.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മുന്‍പാകെ സമര്‍പ്പിക്കുന്ന അപേക്ഷ
മേല്‍പ്പറഞ്ഞ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തില്‍ ദുരിതബാധിതരായ മനുഷ്യരുടെ പുനരധിവാസവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്നതിലേക്കായി താഴെപ്പറയുന്ന ആവശ്യങ്ങള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നീതിപൂര്‍ണ്ണമായ പരിഗണനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി മുന്നോട്ടു വയ്ക്കുകയാണ്. നീതിപൂര്‍ണ്ണവും സമയോചിതവുമായുള്ള ഇടപെടലുകള്‍ കോടതിയുടെ ഭാഗത്തു നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
1. വയനാട് മേപ്പാടി പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശമായ 10, 11, 12 വാര്‍ഡുകളിലെ ദുരിതബാധിതരായ മനുഷ്യരുടെ എല്ലാ തരത്തിലുള്ള വായ്പകളും പൂര്‍ണ്ണമായും നിരുപാധികം എഴുതിത്തള്ളുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരുകളോടും ബാങ്കുകളോടും നിര്‍ദ്ദേശിക്കുവാന്‍ ഞങ്ങളപേക്ഷിക്കുന്നു.
2. വായ്പകള്‍ എഴുതി തള്ളുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ സ്ത്രീകള്‍, ചെറുകിട വ്യാപാരികള്‍, തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളെ മുന്‍ഗണനാപ്രകാരം പരിഗണിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.
3. ദുരന്തബാധിത പ്രദേശങ്ങളിലുള്ള അയല്‍ക്കൂട്ടങ്ങളിലെ ദുരന്തത്തില്‍ മരണപ്പെട്ട സ്ത്രീകളുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്, അയല്‍ക്കൂട്ടങ്ങളുടെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടണമെന്നും ഞങ്ങള്‍ അപേക്ഷിക്കുന്നു.
4. ദുരിതബാധിതരായവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുവാന്‍ പുതിയ പലിശ രഹിത വായ്പകള്‍ 6 മാസത്തെ പ്രത്യേക തിരിച്ചടവ് ഇളവുകളോടെ അനുവദിക്കുവാന്‍ സര്‍ക്കാരുകളോടും സ്വകാര്യ, ദേശസാല്‍കൃത ധനകാര്യ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിക്കുവാന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു.
5. വായ്പാ വീണ്ടെടുപ്പ് കാലയളവില്‍ പിഴ പലിശയോ ലേറ്റ് ഫീസുകളോ ചുമത്താതിരിക്കുവാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.
6. വായ്പകള്‍ എഴുതിതള്ളുമ്പോള്‍ ബാങ്കുകളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ ഈടായി നല്‍കിയിരുന്ന പ്രോപ്പര്‍ട്ടി പത്രങ്ങള്‍, സ്വര്‍ണ്ണം, ഗ്യാരണ്ടി ചെക്കുകള്‍ എന്നിവ തിരികെ നല്‍കുകയും അതിനോടൊപ്പം ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ലോണ്‍ ക്ലോഷര്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതടക്കമുള്ള ലളിതവും സുതാര്യവുമായ നടപടികള്‍ പിന്തുടരാന്‍ സ്വകാര്യ, ദേശസാല്‍കൃത ധനകാര്യ സ്ഥാപനങ്ങളോടു നിര്‍ദ്ദേശിക്കുവാന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു.
7. ദുരിതബാധിതരുടെ ക്രെഡിറ്റ് സ്‌കോര്‍ സംരക്ഷിക്കാന്‍ അടിയന്തിര നിര്‍ദേശങ്ങള്‍ നല്‍കുക.
8. ദുരിതബാധിതരായ മനുഷ്യരുടെ മേല്‍പ്പറഞ്ഞ അവസ്ഥകള്‍ നേരില്‍ മനസ്സിലാക്കാനും ലോണുകളുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായുള്ള നടപടികള്‍ക്കുമായി ഒരു അമികസ് ക്യൂറിയെ നിയമിക്കുക.
വിമന്‍ ഫോര്‍ ലോണ്‍ റിലീഫ്
(ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതരായ സ്ത്രീകളുടെ കൂട്ടായ്മ)
സബിത എസ് I വിനീത കെ ആര്‍ I സീനത്ത് I അശ്വതി I ബുഷറ I സെറീന
കൂടുതല്‍ വിവരങ്ങള്‍ക്ക്
9745834706 I 9947361416 I 9847153572