ചിത്രലേഖ പോരാട്ടം തുടരുകതന്നെയാണ്.
തൊഴിലെടുക്കാനും സ്വന്തം കാലില്‍ നില്‍ക്കാനുമായി രണ്ടു പതിറ്റാണ്ട് പോരാടിയ പയ്യന്നൂര്‍ സ്വദേശിനി ചിത്രലേഖ അവസാനം മരണത്തിനു മുന്നില്‍ കീഴടങ്ങി. അവരുടെ പോരാട്ടത്തെ കുറിച്ചുള്ള പഴയ പോസ്റ്റ് REPOST
തൊഴിലെടുക്കാനും സ്വന്തം കാലില്‍ നില്‍ക്കാനുമുള്ള ഒരു ദളിത് വനിതയുടെ പോരാട്ടം ഒരു ഡസന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടരുന്ന അവസ്ഥ മറ്റെവിടേയുമല്ല, കേരളത്തില്‍ തന്നെയാണ്. പയ്യന്നൂര്‍ സ്വദേശിനിയായ ചിത്രലേഖ ഇപ്പോഴും പോരാട്ടത്തിന്റെ പാതയില്‍ തന്നെയാണ്. ഏതൊരു സാധാരണക്കാരന്റേയും മനുഷ്യാവകാശങ്ങള്‍ ചിത്രലേഖക്ക് നിഷേധിക്കുന്നത് മറ്റാരുമല്ല, കണ്ണൂരിലെ ഓരോ ചലനങ്ങളും തങ്ങളുടെ കാല്‍കീഴിലാക്കുന്ന സിപിഎം തന്നെയാണ്. എന്നാല്‍ തികഞ്ഞ ആത്മധൈര്യത്തോടെ സിപിഎമ്മിന്റെ വെല്ലുവിളികള്‍ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം തുടരുന്നത്്. ഇപ്പോഴിതാ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റ് ഭൂമി ചിത്രലേഖയില്‍ നിന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിക്കുന്നു. എന്നാല്‍ സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ താന്‍ തയ്യാറല്ല എന്നാണ് ചിത്രലേഖയുടെ ധീരമായ തീരുമാനം..
ചിത്രലേഖ അനുഭവിച്ച പീഡനങ്ങള്‍ക്ക് കാരണം രണ്ടാണ്, സ്ത്രീയായതും ദളിതയായതും. 2005ലാണ് സംഭവങ്ങളുടെ ആരംഭം. ഓട്ടോ ഓടിച്ച് സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കാന്‍ തീരുമാനിച്ചതാണ് ചിത്രലേഖ ചെയ്്ത ഏകകുറ്റം. പാര്‍ട്ടി നേതാവിന്റെ മകനെ മിശ്രവിവാഹം ചെയ്തുവെന്നതിന്റെ പേരില്‍ അതിനുമുമ്പെ അവര്‍ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു. എടാട്ട് സെന്ററിലെ ഓട്ടോഡ്രൈവര്‍മാരില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചത് സഹകരണം മാത്രമായിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ‘പുലച്ചിയും ഓട്ടോ ഓടിക്കുകയോ’ എന്ന ചോദ്യമായിരുന്നു അവരെ എതിരേറ്റത്. അതാകട്ടെ മുഖ്യമായും സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോഡ്രൈവര്‍മാരില്‍ നിന്ന്. പിടിച്ചുനില്ക്കാന്‍ ശ്രമിച്ച അവരുടെ ഓട്ടോ കത്തിച്ചു. പിന്നീട് നിയമയുദ്ധമായി. സംസ്ഥാനത്തെമ്പാടുനിന്നും മനുഷ്യാവകാശ – ഫെമിനിസ്റ്റ്് – ദളിത് പ്രവര്‍ത്തകര്‍ പയ്യന്നൂരിലെത്തി ചിത്രലേഖയെ പിന്തുണച്ച് സമ്മേളനവും മറ്റും നടത്തി. അവര്‍ക്ക് പുതിയ ഓട്ടോ വാങ്ങികൊടുത്തു. ഗ്രോ വാസുവിന്റെ സാന്നിധ്യത്തില്‍ സി കെ ജാനുവായിരുന്നു ഓട്ടോയുടെ താക്കോല്‍ ചിത്രലേഖക്ക് കൈമാറിയത്. എന്നാല്‍ ഡ്രൈവര്‍മാര്‍ വിട്ടുവീഴ്ചക്കു തയ്യാറായില്ല. അയിത്തവും പുരുഷാധിപത്യവും ആന്തരവല്ക്കരിച്ചിരിക്കുന്ന അവരോ മുഖ്യധാരാ പ്രസ്ഥാനങ്ങളോ സംഘടനകളോ ചിത്രലേഖക്കനുകൂലമായി രംഗത്തിറങ്ങിയുമില്ല. അപ്രഖ്യാപിത ഊരുവിലക്കു മൂലം അവര്‍ക്ക് ഓട്ടം പോലും ലഭിക്കാതായി. അതിനിടെ ഓട്ടോ കത്തിച്ച സംഭവത്തില്‍ തലശ്ശേരി സെഷന്‍സ് കോടതി ഒരാളെ ശിക്ഷിച്ചു.
ആഗ്രഹിച്ചപോലെ ജീവിക്കാന്‍ കഴിയാതായപ്പോള്‍ ചിത്രലേഖ ഓട്ടോ ഉപേക്ഷിച്ച് പായ മെടഞ്ഞ് ജീവിക്കാന്‍ തുടങ്ങി. അതും അനുവദിക്കപ്പെട്ടില്ല. എതിരാളികള്‍ അവരുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. കൂടെ അപ്രഖ്യാപിത ഊരുവിലക്കും. ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെതിരെയും അനുജത്തിയുടെ ഭര്‍ത്താവിനെതിരേയും അക്രമം നടന്നു. അവരുടെ വീടുപൊളിച്ചു. എന്നാല്‍ കേസ് ചിത്രലേഖക്കും ഭര്‍ത്താവിനുമെതിരെയായി. ശ്രീഷ്‌കാന്ത് 32 ദിവസം ജയിലിലായി. ചിത്രലേഖക്ക് ഹൈകോടതി ജാമ്യം നല്‍കി. കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ടോയ്ലറ്റിന്റെ തുക പോലും എതിരാളികള്‍ തടഞ്ഞുവെപ്പിച്ചു. ഇതിനെ ചോദ്യം ചെയ്തതിന് ഉദ്യോഗസ്ഥന്‍ പരാതി നല്‍കി. തുടര്‍ന്ന് ചിത്രലേഖയും ജയിലിലായി. ഭര്‍ത്താവ് ഗുണ്ടാലിസ്റ്റിലും. എന്നിട്ടും പീഡന പരമ്പര തുടര്‍ന്നു. ഒരു ദലിത് സ്ത്രീയെ നിലക്കുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മാര്‍ച്ച് നടത്തിയ സംഭവവുമുണ്ടായി. അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രവും പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന തെയ്യങ്ങളുടേയും നാട്ടിലാണിത് സംഭവിച്ചത്.
പിന്നീട് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിത്രലേഖ കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തി. അവര്‍ക്കെതിരെയുള്ള വധശ്രമക്കേസ് റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്യാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. മുഖ്യമന്ത്രി തന്നെ നേരിട്ട് പുനരധിവാസം നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 122 ദിവസം നീണ്ടുനിന്ന സമരം 2015 ജനുവരിയില്‍ പിന്‍വലിച്ചു. എന്നാല്‍ ആ വാക്കു പാലിക്കപ്പെടാതായപ്പോള്‍ സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്കുമാറ്റി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് യുഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് 5 സെന്റ് സഥലം നല്‍കിയത്. ഈ ഭൂമിയില്‍ വീട് വെയ്ക്കുന്നതിന് 5 ലക്ഷം രൂപ അനുവദിക്കാനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ വീടിന് ധനസഹായം നല്‍കാനുള്ള തീരുമാനം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ റദ്ദാക്കപ്പെട്ടു. സര്‍ക്കാര്‍ തന്നെ ഭൂമിയില്‍ സന്നദ്ധസംഘടനയുടെ സഹായത്തോടെ വീടുപണി നടക്കവേയാണ് ഇപ്പോള്‍ ഭൂമി നല്‍കിയ തീരുമാനവും സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. അതുവഴി തങ്ങളുടെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നാണ് ചിത്രലേഖ പറയുന്നത്. നിയമപരമായും സമരം ചെയ്തും സര്‍ക്കാരിനെതിരെ ഏതറ്റംവരെയും പോകാനാണ് ചിത്രലേഖയുടെ തീരുമാനം. ചിത്രലേഖയ്ക്ക് പിന്തുണയുമായി ജില്ലയിലെ യുഡിഎഫ് നേതൃത്വം രംഗത്തുണ്ട്. വിവാദഭൂമിയില്‍ വീടുപണി തുടരാന്‍ തന്നെയാണ് ചിത്രലേഖയുടെ തീരുമാനം. ‘ഞാന്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി… അതിന്റെ പകര്‍പ്പാണ് താഴെ… എന്നെ ഇനിയും ജീവിക്കാന്‍ വിടുന്നില്ലാ എങ്കില്‍ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത്’ എന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. ദളിതുകലോടുള്ള തങ്ങളുടെ സമീപനം എന്താണെന്ന് വീണ്ടും വീണ്ടും സിപിഎം തുറന്നു പ്രഖ്യാപിക്കുകയാണ്. 12 വര്‍ഷമായിട്ടും ഈ പ്രസ്ഥാനത്തിനു നേരെ നിവര്‍ന്നു നിന്ന് പോരാട്ടം തുടരുന്ന ഈ ദളിത് യുവതിക്കൊപ്പം നില്‍ക്കാനാവുന്നില്ലെങ്കില്‍ എന്താണ് നമ്മുടെ കാട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതയും സാക്ഷരതയും എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in