ആത്മഹത്യകള്‍ പെരുകുമ്പോള്‍ ഓര്‍ക്കാം കുട്ടികളുടെ ഈ അവകാശ പത്രിക
സമീപകാലത്ത് നിരന്തരമായി മാധ്യമങ്ങളില്‍ ആവര്‍ത്തിക്കുന്നതും എന്നാല്‍ ഒരു വായനക്കും നെടുവീര്‍പ്പിനുമപ്പുറം നാമാരും വലിയ പ്രാധാന്യം കൊടുക്കാതിരിക്കുകയും ചെയ്യുന്ന ഒനാണ് കൗമാര പ്രായക്കാരുടെ ആത്മഹത്യാ വാര്‍ത്തകള്‍. കഴിഞ്ഞ 10 ദിവസത്തില്‍ തൃശൂരില്‍ മാത്രം ഇത്തരം മൂന്നു ആത്മഹത്യകള്‍ നടന്നു. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്ഥമല്ല. ‘കുട്ടികള്‍ നമ്മുടെ രാജ്യത്തിന്റെ സമ്പത്താണ്. രാഷ്ട്രത്തിന്റെ പുരോഗതിയും വികസനവും നിര്‍ണ്ണയിക്കുന്ന അടിസ്ഥാന ഘടകങ്ങളിലൊന്നാണ് കുട്ടികള്‍.കുട്ടികളുടെ സമഗ്ര വികസനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ടത് രാഷ്ട്രത്തിന്റെ പ്രാഥമിക കര്‍ത്തവ്യമാണ്’ എന്നൊക്കെ അവകാശപ്പെടുന്ന നാട്ടിലാണ് ഇത്തരം സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം പെണ്‍കുട്ടികളുമാണ്. കൗമാരകാലത്താണ് ആത്മഹത്യകള്‍ മിക്കവാറും നടക്കുന്നതെങ്കിലും ബാല്യം മുതലെ നേരിടുന്ന സംഘര്‍ഷങ്ങളാണ് മിക്കവാറും അതിനു കാരണമാകുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായി ജീവിതം (18791942) മുഴുവന്‍ പോരാടിയ പോളണ്ടുകാരനായ ഭിഷഗ്വരനും എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഡോ ജാനസ് കൊര്‍സാക് തയ്യാറാക്കിയ കുട്ടികളുടെ അവകാശപത്രികയാണിത്. ഒപ്പം രക്ഷിതാക്കള്‍ക്ക് 10 കല്‍പ്പനകളും. ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് യു എന്‍ കുട്ടികളുടെ അവകാശങ്ങള്‍ പ്രഖ്യാപിച്ചത്. Children’s Bill of Rights and 10 Commandments for Parents as Suicides Rise – Dr Janus Korsak
1. സ്‌നേഹത്തിനായുള്ള കുട്ടികളുടെ അവകാശം. സ്വന്തം കുഞ്ഞിനെ മാത്രമല്ല, എല്ലാ കുട്ടികളെയും സ്‌നേഹിക്കുക.
2. ബഹുമാനത്തിനായുള്ള കുട്ടികളുടെ അവകാശം. വളര്‍ന്നുവരികയെന്ന ഏറ്റവും ബുദ്ധിമുട്ടേറിയ അവസ്ഥയില്‍ നേരിടേണ്ടിവരുന്ന നിഗൂഢതകളെയും ഉയര്‍ച്ച താഴ്ചകളെയും ബഹുമാനിക്കുക, പരിഗണിക്കുക.
3. വളരാനും വ്യക്തിത്വ വികാസം നേടാനുമുള്ള ഏറ്റവും അനുകൂല സാഹചര്യത്തിന് കുട്ടികള്‍ക്ക് അവകാശമുണ്ട്. വിശപ്പ്, തിരക്കേറിയ സാഹചര്യങ്ങള്‍, അവഗണന, ചൂഷണം തുടങ്ങിയവ ഇല്ലാതാക്കണം. ദാരിദ്ര്യത്തില്‍നിന്ന് സാഡിസം, കുറ്റകൃത്യങ്ങള്‍, ക്രൂരത തുടങ്ങിയവ പെരുകുന്നു.
4. കുട്ടികള്‍ക്ക് വര്‍ത്തമാനകാലത്തില്‍ ജീവിക്കുവാന്‍ അവകാശമുണ്ട്. കുട്ടികള്‍ നാളെയുടെ പൗരന്മാരല്ല. അവര്‍ ഇന്നത്തെ പൗരന്മാര്‍ തന്നെയാണ്.
5. സ്വയം താനെന്താണോ അതായിരിക്കുവാന്‍ എല്ലാ കുട്ടികള്‍ക്കും അവകാശമുണ്ട്. ഒന്നാം സമ്മാനം കിട്ടാന്‍ അടയാളപ്പെടുത്തിയ ഭാഗ്യക്കുറിയല്ല കുട്ടി.
6. തെറ്റ് വരുത്തുവാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. മുതിര്‍ന്നവര്‍ക്കിടയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിഡ്ഢികളൊന്നും കുട്ടികള്‍ക്കിടയിലില്ല.
7. കുട്ടികള്‍ക്ക് തോല്‍ക്കാനും അവകാശമുണ്ട്. ആരും പരിപൂര്‍ണ്ണരൊന്നുമല്ല, കുട്ടികളുമല്ല.
8. കുട്ടികളെ ഗൗരവത്തില്‍ പരിഗണിക്കണം. അവരുടെ കഴിവുകള്‍ ചെറുതായി കാണരുത്. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ അഭിപ്രായവും സമ്മതവും ആരായുക തന്നെ വേണം.
9. താനായിരിക്കുന്നതിന് ഓരോ കുട്ടിയും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ചെറുതിന് വിപണിവില കുറവാകും. യഥാര്‍ത്ഥ മൂല്യമറിയുന്നവര്‍ക്ക് മാത്രമേ കണ്ണിമാങ്ങയില്‍ മൂത്തുപഴുത്ത മാങ്ങ കാണാനാവൂ.
10. സംരക്ഷണത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ട്. കുട്ടികളെ എല്ലാ അക്രമങ്ങളില്‍നിന്നും ദുരുപയോഗങ്ങളില്‍നിന്നും സംരക്ഷിക്കുവാന്‍ നമുക്ക് ചുമതലയുണ്ട്.
11. തന്റെ രഹസ്യങ്ങളെ ബഹുമാനിക്കുവാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. ഒരു കുട്ടി നമ്മെ വിശ്വസിച്ച് തന്റെ രഹസ്യം പറയുന്നുവെങ്കില്‍, നമ്മില്‍ വിശ്വാസമര്‍പ്പിച്ചതിന് ആ കുട്ടിയോട് നന്ദിയുണ്ടാകണം. വിശ്വാസമാണ് ഏറ്റവും ഉയര്‍ന്ന സമ്മാനം.
12. ‘ഒരു’ നുണപറയാന്‍, ‘ഒരു’ കള്ളത്തരം നടത്താന്‍, ‘ഒന്ന്’ കക്കാനും കുട്ടികള്‍ക്ക് അവകാശമുണ്ട്. പക്ഷെ നുണ പറയല്‍ കള്ളത്തരം നടത്തല്‍ കളവ് ചെയ്യല്‍ ഒരു ശീലമാക്കാന്‍ അവര്‍ക്ക് അവകാശമില്ല തന്നെ.
13. തന്റെ കൈവശമുള്ള വസ്തുക്കളെ ബഹുമാനിക്കുവാന്‍ എല്ലാ കുട്ടികള്‍ക്കും അവകാശമുണ്ട്. അവ എത്രയും വിലകുറഞ്ഞതോ അപ്രധാനമോ ആയിക്കൊള്ളട്ടെ, അവ വെറും ചവറല്ല തന്നെ.
14. ഓരോ കുട്ടിക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്. എല്ലായിടത്തും വിദ്യാഭ്യാസത്തിനേക്കാള്‍ കൂടുതല്‍ തുക സൈനിക മേഖലയ്ക്ക് നീക്കിവെയ്ക്കുമ്പോള്‍ ഈ അവകാശം പ്രധാനമാണ്.
15. ഈ ഭൂമിയില്‍ നല്ലൊരു ഭാവിജീവിതം എല്ലാ കുട്ടികളുടെയും അവകാശമാണ്. മലകള്‍ ഇടിച്ചും മരങ്ങള്‍ വെട്ടിയും പക്ഷിമൃഗാദികളുടെ വംശനാശം വരുത്തിയും അതില്ലാതാക്കരുത്.
16. മാപ്പിന് കുട്ടികള്‍ക്ക് അവകാശമുണ്ട്. വിഷമഘട്ടങ്ങളില്‍ അവരെ ആശ്വസിപ്പിക്കുകയും സഹാനുഭൂതിയോടെ പെരുമാറുകയും ചെയ്യേണ്ടതിന് പകരം നമ്മള്‍ അവരുടെ വിധികര്‍ത്താക്കളാകുന്നതാണ് പതിവ്.
17. അനീതിക്കെതിരെ പ്രതിഷേധിക്കുവാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. കുട്ടികളുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങള്‍ കാണുവാന്‍ കൂടി നമ്മള്‍ പഠിക്കേണ്ടതുണ്ട്.
18. സന്തോഷത്തോടെയിരിക്കുവാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. രാവിലെയവര്‍ സന്തോഷത്തോടെ ഉണരട്ടെ. അവര്‍ക്ക് സ്‌നേഹം, ദയ, പരിഗണന തുടങ്ങിയവ കാണിച്ചുകൊടുത്ത് നമ്മള്‍ മാതൃകയാവണം.
19. സ്വന്തം ദുഃഖത്തെ ബഹുമാനിക്കുവാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. വെറുമൊരു ഗോലി നഷ്ടപ്പെട്ടതിന്റെ വേദനയാണെങ്കിലും അവരെ സംബന്ധിച്ച് അത് പ്രധാനമാണ്.
20. സ്വയം വിധിക്കാനും കൂട്ടുകാരാല്‍ വിധിക്കപ്പെടാനുമായി, സ്വന്തം കോടതി അവരുടെ അവകാശമാണ്. അടുത്ത അമ്പത് വര്‍ഷത്തിനുള്ളില്‍ അത്തരമൊന്നില്ലാത്ത ഒരു വിദ്യാലയവും സ്ഥാപനവും ഭൂമിയിലുണ്ടാകില്ലെന്ന് ഞാന്‍ ആശിക്കുന്നു.
21. ജുവനൈല്‍ നിയമ സംവിധാനത്തില്‍ സ്വയം പ്രതിരോധിക്കുവാന്‍ ഓരോ കുട്ടിക്കും അവകാശമുണ്ട്. ഓരോ കുട്ടിക്കുറ്റവാളിയും ആത്യന്തികമായി കുട്ടിയാണ്. അവര്‍ കുറ്റവാളിയായി മാറിയിട്ടില്ല. തന്റെ സ്വത്വം അവര്‍ക്ക് വ്യക്തമായിട്ടില്ല. തെറ്റായ ഒരു വാചകം അവരുടെ ഭാവിയെയും സ്വഭാവത്തെയും മോശമായി ബാധിച്ചേക്കാം. സമൂഹമാണ് അവരെ പരാജയപ്പെടുത്തിയതും ഇത്തരത്തില്‍ രൂപപ്പെടുത്തിയതും എന്ന കാര്യം മറക്കരുത്.
22. കുട്ടികള്‍ക്ക് ദൈവത്തെ കണ്ടെത്തുവാന്‍ അവകാശമുണ്ട്. സ്വന്തം മനസ്സില്‍, നിശ്ശബ്ദ ചിന്തകളിലൂടെ സ്വന്തം ദൈവത്തെ കണ്ടെത്തുവാന്‍ കുട്ടികളെ അനുവദിക്കുക.
23. അകാല മരണവും കുട്ടികളുടെ അവകാശമാണ്. തന്റെ കുട്ടിയോടുള്ള അമ്മയുടെ അഗാധമായ സ്‌നേഹം, കുട്ടിക്ക് അകാല മരണത്തിനുള്ള അവകാശവും നല്‍കണം. എല്ലാ തൈകളും വൃക്ഷങ്ങളായി വളരാറില്ലല്ലോ?
രക്ഷിതാക്കള്‍ക്ക് പത്ത് കല്പനകള്‍
1. നിങ്ങളുടെ കുട്ടി നിങ്ങളെപ്പോലെയോ, നിങ്ങള്‍ പ്രതീക്ഷിക്കുന്നപോലെയോ ആകണമെന്ന് ഒരിക്കലും ആഗ്രഹിക്കരുത്. നിങ്ങളെപ്പോലാകാതെ, തന്നെപ്പോലാകാന്‍ കുട്ടിയെ സഹായിക്കുക.
2. നിങ്ങള്‍ നല്കുന്നതെല്ലാം, മുതല്‍ മുടക്കുന്നതെല്ലാം കുട്ടി തിരിച്ചുതരണമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങള്‍ കുട്ടിക്ക് ജീവന്‍ നല്‍കി. അതെങ്ങനെയാണ് തിരികെ തരിക? കുട്ടി മറ്റൊരാള്‍ക്ക് ജീവന്‍ കൊടുക്കും. കൃതജ്ഞതയുടെ മാറ്റാനാകാത്ത നിയമമാണത്.
3. നിങ്ങളുടെ നീരസം മുഴുവനും കുട്ടിയില്‍ ചൊരിഞ്ഞ് ജീവിതത്തില്‍ പിന്നീട് പശ്ചാത്തപിക്കുവാന്‍ ഇടയുണ്ടാക്കരുത്. നിങ്ങള്‍ വിതയ്ക്കുന്നതാണ്, നിങ്ങള്‍ കൊയ്യുക.
4. കുട്ടിയുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ഓരോരുത്തര്‍ക്കും സ്വയം കൈകാര്യം ചെയ്യാന്‍ കഴിയുന്നവ മാത്രമേ ജീവിതത്തില്‍ സംഭവിക്കുന്നുള്ളൂ. നിങ്ങളുടെ ജീവിതം പോലെത്തന്നെ വെല്ലുവിളികള്‍ നിറഞ്ഞതാണ് കുട്ടിയുടെ ജീവിതവും എന്ന് മറക്കാതിരിക്കുക. കുട്ടിക്ക് ജീവിത പരിചയം കുറവായതിനാല്‍ അല്പം കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടായേക്കാമെന്ന് മാത്രം.
5. കുട്ടികളെ ഒരിക്കലും അപമാനിക്കരുത്.
6. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റുമുട്ടലുകള്‍ കുട്ടികളുമായുള്ളതാണെന്ന് മറക്കാതിരിക്കുക. അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുക. കുട്ടിയുടെ രൂപത്തില്‍ ആരുമായാണ് ഏറ്റുമുട്ടുന്നതെന്ന് നമുക്കൊരിക്കലും അറിയാനാകില്ല.
7. നിങ്ങളുടെ കുട്ടിക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാനായില്ലെങ്കില്‍ അധികം വ്യാകുലപ്പെടരുത്. പക്ഷേ,നിങ്ങള്‍ക്ക് ചെയ്യാനാകുന്നത് മുഴുവനും ചെയ്യുന്നതുവരെ നിങ്ങള്‍ വേണ്ടത്ര ചെയ്തിട്ടില്ലെന്ന് എപ്പോഴും ഓര്‍ക്കുക.
8. നിങ്ങളുടെ ജീവിതം മുഴുവനും നിയന്ത്രിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സ്വേച്ഛാധിപതിയോ, രക്തത്താലും മാംസത്താലും ഉണ്ടാക്കപ്പെട്ട ഒരു ഫലമോ അല്ല കുട്ടി. സൃഷ്ടിപരമായ അഗ്‌നിയില്‍ വികസിപ്പിച്ചെടുക്കുവാന്‍ ദൈവം നിങ്ങള്‍ക്ക് നല്‍കിയ അമൂല്യമായ ഒരു സമ്മാനമായി കുട്ടിയെ പരിഗണിക്കുക.
9. മറ്റൊരാളുടെ കുട്ടിയേയും സ്‌നേഹിക്കുവാന്‍ പഠിക്കുക. നിങ്ങളുടെ സ്വന്തം കുട്ടിയോട് ചെയ്യാത്തതൊന്നും മറ്റൊരു കുട്ടിയോടും ചെയ്യരുത്.
10. കഴിവുകള്‍ കുറഞ്ഞവരോ പരാജയപ്പെട്ടവരോ മുതിര്‍ന്നവരോ എന്തുമാകട്ടെ, നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുക. കുട്ടികള്‍ നിങ്ങളോടൊപ്പമുള്ള ആഘോഷമാണ്, അവരോടൊപ്പമുള്ള ഓരോ നിമിഷവും ആഹ്‌ളാദിക്കുക.
(വിവ: പി.കൃഷ്ണകുമാര്‍, കടപ്പാട് – പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in