അമേരിക്കയിലെ ഇടതും വലതും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

രക്തസാക്ഷികള്‍ ഏതൊരു പ്രസ്ഥാനത്തിന്റെയും ജീവരക്തമാണ്. അവരുടെ അനുയായികള്‍ മാത്രമല്ല, സാധാരണ ജനങ്ങളും ചരിത്ര പുസ്തകങ്ങളും അവരുടെ വിശ്വാസങ്ങളുടെയും ലക്ഷ്യങ്ങളുടെയും ആത്യന്തിക സാക്ഷികളായായാണ് രക്തസാക്ഷികളെ പരിഗണിക്കുന്നത്. രക്തസാക്ഷികള്‍, അവരുടെ ലക്ഷ്യത്തിന്‌വേണ്ടി മരണം വരിച്ച, അല്ലെങ്കില്‍ കൊല്ലപ്പെട്ട, അവരുടെ ഉറച്ച നിലപാടിലൂടെ, അവരുടെ അനുയായികളുടെ വിശ്വാസങ്ങളെ വീണ്ടും വീണ്ടും സാധൂകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മതപരമോ രാഷ്ട്രീയവുമോ ആയ കാരണങ്ങളാല്‍ കൊല്ലപ്പെട്ടവര്‍, ഭാവി തലമുറകളെ അവരുടെ ലക്ഷ്യത്തിലേക്ക് നിശ്ശങ്കമായി നീങ്ങാന്‍ നിരന്തരം പ്രചോദിപ്പിക്കുകയും അനുയായികള്‍ക്ക് മുന്നില്‍ ശക്തമായ മാതൃകയായി മാറുകയും ചെയ്യുന്നു. അവരുടെ അനുയായികള്‍ അവരുടെ ഓര്‍മ്മകള്‍ നിരന്തരം പുതുക്കിപ്പണിയുന്നു. കൂട്ടായ പൊതു സ്വത്വത്തിനും സാമൂഹിക മാറ്റത്തിനും രക്തസാക്ഷി ഉത്തേജകമായി മാറുന്നു.

സെപ്റ്റംബര്‍ 10 ന് അമേരിക്കയിലെ തീവ്ര വലതുപക്ഷത്തിന്റെ യുവവക്താക്കളില്‍ പ്രമുഖനായ ചാര്‍ളി കെര്‍ക് കൊല്ലപ്പെട്ടപ്പോള്‍, അയാളുടെ മരണവും രക്തസാക്ഷിത്വത്തിന്റെ ഭാഷയിലാണ് അവതരിപ്പിക്കപ്പെട്ടത്. കെര്‍ക്കിന്റെ കൊലപാതകത്തോടെ അയാള്‍ പ്രതിനിധാനം ചെയ്തിരുന്ന ക്രിസ്ത്യന്‍ നാഷണലിസവും ക്രിസ്ത്യന്‍ ഫാഷിസവും അവയുടെ ഏറ്റവും പ്രസിദ്ധനായ രക്തസാക്ഷിയ്ക്ക് ജന്മം നല്‍കി.

രക്തസാക്ഷിയുടെ പേരിന്റെയും ഓര്‍മ്മയുടെയും മുന്നില്‍ പരിപൂര്‍ണ്ണമായ സമര്‍പ്പണം എന്നല്ലാതെ മറ്റേതെങ്കിലും ഭാഷയില്‍ കൊലപാതകത്തെക്കുറിച്ചുള്ള പൊതുവ്യവഹാരം, ചര്‍ച്ച എന്നിവ രൂപപ്പെടുത്താനുള്ള ഏതൊരു ശ്രമവും അധാര്‍മ്മികമായി അപലപിക്കപ്പെടുന്നതായും കാണാം. കെര്‍ക്കിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഉടനെ തന്നെ അമേരിക്കന്‍ പൊതുജീവിതത്തിലെ ‘തീവ്ര ഇടതുപക്ഷത്തെ’ ലക്ഷ്യം വയ്ക്കാനുള്ള തന്റെ ശ്രമങ്ങളുടെ ഭാഗമായി, തീവ്ര വലതുപക്ഷ, വംശീയ, ഫാഷിസ്റ്റ് ഗ്രൂപ്പുകളെ എതിര്‍ക്കുന്ന വികേന്ദ്രീകൃത, ഇടതുപക്ഷ പ്രസ്ഥാനമായ ‘ആന്റിഫയെ’ ‘വലിയ ഭീകരസംഘടന’യായി പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കെര്‍ക്കിന്റെ കൊലപാതകം അമേരിക്കയെന്ന ക്ഷയിച്ച ജനാധിപത്യത്തെ ഏകീകരിച്ചിട്ടില്ല എന്ന് മാത്രമല്ല, മറിച്ച് കൂടുതല്‍ വിഘടിപ്പിച്ചിരിക്കുന്നു.

ക്രിസ്ത്യന്‍ ദേശീയതയുടെയും തീവ്ര വലതു പക്ഷത്തുള്ള ക്രിസ്ത്യന്‍ ഫാഷിസം അഥവാ ക്രിസ്‌റ്റോഫാസിസം എന്നത് ഫാഷിസത്തിന്റെ ഘടകങ്ങളെ ക്രിസ്തുമതവുമായി ലയിപ്പിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. 1970കളില്‍ ജര്‍മ്മന്‍ ലിബറേഷന്‍ തിയോളജിസ്റ്റ് ആയ ഡൊറോത്തി സോളെയാണ് ‘ക്രിസ്‌റ്റോഫാസിസം’ എന്ന പദം ഈയര്‍ത്ഥത്തില്‍ ആദ്യമായി ഉപയോഗിച്ചത്. ക്രിസ്ത്യന്‍ ചിഹ്നങ്ങളും ഭാഷയും ക്രിസ്ത്യന്‍ ദേശീയത, സമൂഹത്തില്‍ പുരുഷാധിപത്യ കേന്ദ്രീകൃതമായ നിയന്ത്രണം… സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക വ്യവഹാരങ്ങളില്‍ പ്രത്യേക വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും മതങ്ങളുടെയും സമൂഹങ്ങളുടെയും കരുതിക്കൂട്ടിയുള്ള പുറത്താക്കലിലും ഒഴിവാക്കലിലും കേന്ദ്രീകരിച്ചുള്ള സ്വേച്ഛാധിപത്യ രാഷ്ട്രീയ അജണ്ട പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വിശേഷിപ്പിക്കാന്‍ വിമര്‍ശകര്‍ ഈ പദം ഉപയോഗിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കൊല്ലപ്പെട്ട കെര്‍ക്ക് ഇത്തരമൊരു പ്രസ്ഥാനത്തിന്റെ വക്താവായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്. കെര്‍ക്ക് സ്ഥാപിച്ച ടേണിംഗ് പോയിന്റ് യു.എസ്.എ എന്ന സംരംഭം, ഇദ്ദേഹത്തിന്റെ പോഡ്കാസ്റ്റുകള്‍, പുസ്തകങ്ങള്‍, റേഡിയോ പ്രഭാഷണങ്ങള്‍, ദേശമുടനീളമുള്ള കോളേജ് ക്യാംപസുകളില്‍ യുവതലമുറയുമായിട്ടു നടത്തുന്ന ഡിബേറ്റുകള്‍- ഇവയെല്ലാംവഴി അമേരിക്കയെ നശിപ്പിക്കാനുള്ളൊരു ‘തീവ്ര ഇടതുപക്ഷ ഗൂഢാലോചനയെ’ പറ്റിയാണ് കെര്‍ക്ക് സംവദിച്ചുകൊണ്ടിരുന്നത്. ‘ഫ്രീ സ്പീച്ച്’ എന്ന ഭരണഘടനാ ഭേദഗതിയുടെ സംരക്ഷകനായ കെര്‍ക്ക് ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍, അമേരിക്കയിലെ ഇടതു പക്ഷം, ഫെമിനിസ്റ്റുകള്‍, ഘഏആഠ+ക്വിയര്‍ സമൂഹത്തിലെ അംഗങ്ങള്‍, കറുത്ത വംശജര്‍, മാര്‍ക്‌സിസ്റ്റുകള്‍, അമേരിക്കയിലെ മുസ്ലീങ്ങള്‍, അമേരിക്കയിലെ ജൂതസമൂഹം, അന്യദേശത്തുനിന്നും അമേരിക്കയില്‍ കുടിയേറിപ്പാര്‍ക്കുന്ന ഇമ്മിഗ്രന്റ്‌സ്- എന്നിങ്ങനെയുള്ളവരെയാണ്.

ട്രംപിന്റെ ആഭ്യന്തര രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ സ്വാധീനവും അധികാരവുമുള്ള ഒരാള്‍ എന്ന നിലയില്‍, പ്രത്യേകിച്ചും യുവതലമുറയുടെ കണ്ണില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അതിലെ തീവ്ര വലതുപക്ഷ പ്രസ്ഥാനമായ മാഗാ, അമേരിക്ക ഫസ്റ്റ് മുതലായ സംരംഭങ്ങളുടെ ചുക്കാന്‍പിടിക്കുന്ന നേതാവെന്ന നിലയിലും, കെര്‍ക്കിന്റെ മരണത്തിന് തൊട്ടു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലോ സ്വന്തം പേജുകളിലോ കെര്‍ക്കിന്റെ തീവ്ര വലതുപക്ഷ മൂല്യങ്ങളെയും വിശ്വാസങ്ങളെയും ലക്ഷ്യങ്ങളെയും ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കുന്നു എന്ന് തോന്നപ്പെടാവുന്ന പോസ്റ്റുകള്‍ ഇട്ട പലരെയും ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി വാര്‍ത്തകള്‍ വരുന്നുണ്ട്. കെര്‍ക്കിന്റെ കൊലപാതത്തിനു പിന്നാലെ ട്രംപിനെ അനുസരിച്ചുകൊണ്ട് അമേരിക്കയിലെ ഇടതുപക്ഷത്തെ ഒരു ‘തീവ്രവാദ സംഘടന’ എന്ന തരത്തിലാണ് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ രാഷ്ട്രീയമായ വിയോജിപ്പ് ഇപ്പോള്‍ അനുവദനീയമല്ല. കെര്‍ക്കിന്റെ മരണത്തെക്കുറിച്ച് അനുചിതമെന്ന് കരുതുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇട്ടു എന്ന പേരില്‍ പൈലറ്റുകള്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, പല സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപകര്‍, ഒരു സീക്രട്ട് സര്‍വീസ് ജീവനക്കാരന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്തതായി വാര്‍ത്തകള്‍ ഉണ്ട്. അമേരിക്കന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍, എ.ബി.സി. എന്ന പ്രമുഖ ന്യൂസ് ചാനല്‍, പ്രശസ്ത അവതാരകനും കോമേഡിയനുമായ ജിമ്മി കിമ്മല്‍ 2003 മുതല്‍ മുടങ്ങാതെ നടത്തിവരുന്ന അമേരിക്കന്‍ ടെലിവിഷനിലെ പ്രൈംടൈം പരിപാടിയായ ‘ജിമ്മി കിമ്മല്‍ ലൈവ്’എന്ന ടോക്ക് ഷോ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു.

അമേരിക്കയിലെ കോളേജ് ക്യാംപസ്സുകളില്‍ ‘തീവ്ര ഇടതുപക്ഷം’ എന്ന് വലതുപക്ഷം മുദ്ര കുത്തിയിരിക്കുന്ന അദ്ധ്യാപകരുടെ ലിസ്റ്റ് ഉണ്ടാക്കി, ആ ലിസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലും വലതുപക്ഷ റേഡിയോ, ടെലിവിഷന്‍ പരിപാടികളിലും പ്രസിദ്ധപ്പെടുത്തി, അവയില്‍ക്കൂടി ആ ലിസ്റ്റില്‍ പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്താനായി കെര്‍ക്ക് സ്ഥാപിച്ച ‘പ്രൊഫസര്‍ വാച്ച് ലിസ്റ്റ്’ ചെയ്തിരുന്നത് പോലെത്തന്നെ, ഇപ്പോഴത്തെ വൈസ് പ്രസിഡന്റും കെര്‍ക്കിന്റെ ഉറ്റ സുഹൃത്തുമായ ജെ.ഡി. വാന്‍സ് അമേരിക്കക്കാരോട് കെര്‍ക്കിനെ വിമര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ അന്യോന്യം പരസ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഡോക്‌സിംഗ്’ എന്നറിയപ്പെടുന്ന ഈ തന്ത്രത്തിന്റെ ഉദ്ദേശം ആളുകളെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും മറ്റുവിധത്തില്‍ സാമൂഹികമായി ബഹിഷ്‌കരിക്കുകയും ചെയ്യുക എന്നതാണ്. 1950 മുതല്‍ 1954 വരെ അമേരിക്കയില്‍ ഉടലെടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ ഹിസ്റ്റീരിയയായിരുന്ന ‘മക്കാര്‍ത്തിയിസം’ ഓര്‍മ്മവരുന്നുവെങ്കില്‍ അതില്‍ കാതലുണ്ട്. ട്രംപും കൂട്ടരും ആരെയാണ് ‘ആന്റിഫാ’ അല്ലെങ്കില്‍ ദേശദ്രോഹി എന്ന് മുദ്ര കുത്താന്‍ പോകുന്നത് എന്ന് ഇന്നിപ്പോള്‍ തീര്‍ച്ചയില്ല. ആന്റിഫയും തീവ്ര വലതു പക്ഷത്തിനെതിരെ ‘ഡോക്‌സിംഗി’ല്‍ ഏര്‍പ്പെടാറുണ്ട്.

അമേരിക്കയിലെ തീവ്ര ഇടതു പക്ഷവും വലതുപക്ഷവും തമ്മില്‍ ചില സുപ്രധാന വ്യത്യാസങ്ങളുണ്ട്. അമേരിക്കയില്‍, ‘തീവ്ര വലതുപക്ഷം’, ‘തീവ്ര ഇടതുപക്ഷം’ എന്നീ പദങ്ങള്‍ രാഷ്ട്രീയ മുഖ്യധാരയ്ക്ക് പുറത്തുള്ള അതായത് റിപ്പബ്ലിക്കന്‍ അല്ലെങ്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുറത്തുള്ള പ്രത്യയശാസ്ത്രങ്ങളുള്ള ഗ്രൂപ്പുകളെയാണ് വിവരിക്കുന്നത്, എന്നിരുന്നാലും അവരുടെ കാതലായ വിശ്വാസങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. സാമൂഹികവും സാമ്പത്തികവുമായ അസമത്വം പരിഹരിക്കുന്നതിനായി തീവ്ര ഇടതുപക്ഷം സമൂലമായ മാറ്റങ്ങള്‍ പിന്തുടരുന്നു. ലിംഗനീതി, അബോര്‍ഷന്‍ റൈറ്‌സ്, ആവാസപരിസര പരിരക്ഷ, വംശീയ സമത്വം, മുതലാളിത്ത ചൂഷണ വിമര്‍ശനം, സോഷ്യലിസ്റ്റ് നീക്കുപോക്കുകള്‍ എന്നിങ്ങനെ പോകുന്നു ‘തീവ്ര ഇടതുപക്ഷ’ത്തിന്റെ ലക്ഷ്യങ്ങള്‍. അതേസമയം തീവ്ര വലതുപക്ഷം പരമ്പരാഗത മൂല്യങ്ങളും ശ്രേണികളും സംരക്ഷിക്കാനോ പുനഃസ്ഥാപിക്കാനോ ശ്രമിക്കുന്നു. പുരുഷാധിപത്യം, അബോര്‍ഷന്‍ വിരുദ്ധത, ബൈനറി ലിംഗഭേദം, ഘഏആഠ+/ക്വിയര്‍/ട്രാന്‍സ് ലിംഗ ഭേദങ്ങളോടുള്ള വെറുപ്പ്, വെളുത്തവര്‍ഗ്ഗ വംശീയത, ക്രിസ്ത്യന്‍ ദേശീയത എന്നിങ്ങനെ പോകുന്നു ‘തീവ്ര വലതു പക്ഷ’ത്തിന്റെ ലക്ഷ്യങ്ങള്‍. തീവ്ര ഇടതുപക്ഷ, തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍ അതിരുകടന്ന വീക്ഷണകോണുകളെയാണ് പ്രതിനിധീകരിക്കുന്നത്. ഈ നൂറ്റാണ്ടില്‍ ധ്രുവീകരണം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും സാധാരണ അമേരിക്കക്കാര്‍ രാഷ്ട്രീയമായി ഇത്രയും തീവ്രമായ അതിരുകളെക്കാളും സ്വയം വിശേഷിപ്പിക്കുക ഈ വീക്ഷണകോണുകളുടെ നടുക്ക് എവിടെയെങ്കിലും നില്‍ക്കുന്നവരാണെന്നായിരിക്കും.

അമേരിക്കയില്‍ രാഷ്ട്രീയ അക്രമത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടും ഈ നൂറ്റാണ്ടും മാത്രം എടുത്താല്‍ തന്നെ, 1960കളുടെ അവസാനത്തിലും 1970കളിലും വംശീയമായ സമത്വത്തിനു വേണ്ടിയും, സാമൂഹിക-പാരിസ്ഥിതിക-മൃഗാവകാശങ്ങളുടെ പേരിലും പ്രത്യക്ഷമായി പൊരുതിയിരുന്നത് ഇടതുപക്ഷമായിരുന്നു. പ്രധാനമായും കെട്ടിടങ്ങളും കാറുകളും കത്തിച്ചും ബോംബെറിഞ്ഞും മറ്റുമായിരുന്നു ഈ കലാപങ്ങള്‍. 1970 കളുടെ അവസാനം മുതല്‍, വെളുത്ത വംശീയ മേധാവിത്വത്തിന്റെ തിരിച്ചുവരവോടെ, അബോര്‍ഷന്‍ വിരുദ്ധ സംഘടനകളുടെ രൂപീകരണത്തോടെ, ഫെഡറല്‍ ഗവണ്‍മെന്റിനെതിരെയുള്ള മിലിഷ്യ ഗ്രൂപ്പുകളുടെ ഉദയത്തോടെ രാഷ്ട്രീയ അക്രമം വലത്തേക്ക് മാറി. അക്രമത്തിന്റെ ലക്ഷ്യങ്ങള്‍ കെട്ടിടങ്ങളില്‍ നിന്നും കാറുകളില്‍ നിന്നും ആളുകളിലേക്ക് മാറി. അബോര്‍ഷന്‍ ചെയ്യുന്ന ക്ലിനിക്കുകള്‍ കത്തിക്കപ്പെടുക മാത്രമല്ല അവിടുത്തെ ഡോക്ടര്‍മാരും കൊല്ലപ്പെട്ടു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ എബ്രഹാം ലിങ്കണിന്റെ കൊലപാതകം കഴിഞ്ഞാല്‍, കഴിഞ്ഞ നൂറ്റാണ്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും കൊലപാതക ശ്രമങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോള്‍, ജോണ്‍ എഫ്.കെന്നഡി, റോബര്‍ട്ട് എഫ്.കെന്നഡി, ഹ്യൂയി ലോങ്ങ്, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, മാല്‍ക്കം എക്‌സ് തുടങ്ങിയവരുടെ പേരാണ് നമുക്കോര്‍മ്മ വരുന്നത്. എന്നാല്‍ 21ാം നൂറ്റാണ്ടിലെ അമേരിക്കയില്‍, രാഷ്ട്രീയ അക്രമത്തിന്റെ ഇരകളില്‍ സെനറ്റര്‍മാരും റെപ്രെസെന്ററ്റീവ്‌സും സംസ്ഥാന നിയമസഭാംഗങ്ങളും ഗവര്‍ണര്‍മാരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ടതും നിയമിക്കപ്പെട്ടതുമായ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും.

കെര്‍ക്കിനെ കൊലപ്പെടുത്തിയ റ്റയിലര്‍ റോബിന്‍സണ്‍ എന്ന 22 വയസ്സുകാരന്‍ തീവ്ര ഇടതുപക്ഷമാണോ എന്നറിയാറായിട്ടില്ല. കെര്‍ക്കിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട് റോബിന്‍സണ്‍ പുച്ഛം പ്രകടിപ്പിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ ആഴ്ച, യുഎസ് നീതിന്യായ വകുപ്പ് (DoJ) അമേരിക്കയിലെ തീവ്ര വലതുപക്ഷ തീവ്രവാദം ‘മറ്റെല്ലാ തരത്തിലുള്ള അക്രമ തീവ്രവാദങ്ങളെയും’ മറികടക്കുന്നുവെന്ന് കണ്ടെത്തിയ രാഷ്ട്രീയ അക്രമത്തെക്കുറിച്ചുള്ള ഒരു പഠനം അതിന്റെ ആര്‍കൈവ്‌സില്‍ നിന്നും നീക്കം ചെയ്തു എന്ന് ബിബിസി വെളിപ്പെടുത്തിയിട്ടുണ്ട്. 2024ല്‍ വകുപ്പിന്റെ ഗവേഷണ ഏജന്‍സി പ്രസിദ്ധീകരിച്ച പഠനം എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന ബിബിസിയുടെ ചോദ്യത്തിന് ‘അഭിപ്രായമില്ല’എന്നാണ് ഉത്തരം ലഭിച്ചതെന്നും ബിബിസി വ്യക്തമാക്കുന്നു.

മാത്രമല്ല, ‘വലത്’ അല്ലെങ്കില്‍ ‘ഇടത്’ പ്രത്യയശാസ്ത്രത്തിന് സ്ഥിരമായതോ സാര്‍വത്രികമോ ആയ നിര്‍വചനം ഇല്ലാത്തതിനാല്‍, കാലക്രമേണ രാഷ്ട്രീയ അക്രമത്തിലെ പ്രവണതകള്‍ അളക്കാന്‍ ഈ വിഭജനം ഒരു ശരിയായ അളവുകോലല്ല എന്നും ബിബിസി വെളിപ്പെടുത്തുന്നു. എന്നാല്‍ എല്ലാ പഠനങ്ങളും വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്: ഒരു രാഷ്ട്രീയ നേതാവ് ഒരു രാഷ്ട്രീയ അക്രമത്തിന് ഒരു വശത്തെ കുറ്റപ്പെടുത്തുമ്പോള്‍ അത് അവരുടെ അനുയായികളുടെ ഇടയില്‍ രാഷ്ട്രീയ അക്രമത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്നു.

(കടപ്പാട് പാഠഭേദം)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply