ജാതിപ്രശ്‌നം : മാവോയിസ്റ്റ് മുരളിയുടേത് മാര്‍ക്‌സിസ്റ്റ് നിലപാടല്ല

അംബേദ്കര്‍ ചരമദിനത്തോടനുബന്ധിച്ച് മാവോയിസ്റ്റ് സൈദ്ധാന്തികന്‍ കെ. മുരളി നടത്തിയ പ്രഭാഷണവുമായി ബന്ധപ്പെട്ടു ക്രിട്ടിക്കില്‍ നടക്കുന്ന ചര്‍ച്ചയോടുള്ള പ്രതികരണം

ജാതി വര്‍ഗ്ഗബന്ധത്തെക്കുറിച്ച് കെ.മുരളി അവതരിപ്പിച്ച കാഴ്ചപ്പാടുകള്‍ യാന്ത്രിക മാര്‍ക്‌സിസത്തിന്റെ വിനിമയമാണെന്ന പ്രേംബാബുവിന്റെ വിമര്‍ശനത്തിനു മറുപടിയായി ശ്രീകാന്ത് ഇങ്ങിനെ എഴുതുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തുടര്‍ന്നുവന്ന യാന്ത്രിക നിലപാടുകളെയും അംബേദ്കറുടെ ഏകപക്ഷീയ വീക്ഷണത്തെയും വിമര്‍ശനാത്മകമായി വിലയിരുത്തുന്ന മുരളി യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ് നിലപാടില്‍ നിന്നുകൊണ്ട് ജാതിവര്‍ഗബന്ധത്തെ പ്രശ്‌നവല്‍ക്കരിക്കുന്നു. തന്റെ വാദഗതിയെ സാധൂകരിക്കുന്നതിനായി അദ്ദേഹം മുരളിയെ ഉദ്ധരിക്കുന്നു.

”മതവും സാമൂഹിക പദവിയും സമ്പത്തും ആധിപത്യത്തിന്റെ ഉപാധികളാണ്. ഇതില്‍ ഇന്ത്യയെ സംബന്ധിച്ച് മതവും സാമൂഹിക പദവിയുമാണ് പ്രധാനം. അതുകൊണ്ട് ജാതിവിരുദ്ധ ബ്രാഹ്മണ്യവിരുദ്ധ സമരമാണ് പ്രാഥമികം. വര്‍ഗാധിപത്യത്തില്‍ ഊന്നുന്ന കമ്മ്യൂണിസ്റ്റുകാരുടെ യാന്ത്രിക നിലപാടിനെ അപേക്ഷിച്ച് അബേദ്കറുടെ ഈ നിലപാട് മികച്ചതാണെങ്കിലും ഇന്ത്യയിലെ സവിശേഷ സാമൂഹിക പ്രതിഭാസമായ ജാതിയെ ആഴത്തിലും സമഗ്രതയിലും മനസ്സിലാക്കാന്‍ അംബേദ്കറിനു സാധിച്ചിട്ടില്ല” മുരളിയുടെ പ്രസ്തുത നിലപാട് യാന്ത്രികതയെ മറികടക്കുന്നതാണെന്ന ശ്രീകാന്തിന്റെ അവകാശവാദം വസ്തുതയ്ക്കു നിരക്കുന്നതല്ല.

ഇന്ത്യയിലെ യാന്ത്രികവാദികളായ കമ്മ്യൂണിസ്റ്റുകാരും അംബേദ്കറും ജാതിപ്രശ്‌നത്തെ നോക്കിക്കണ്ടതില്‍ നിന്നും ഭിന്നമായി മാര്‍ക്‌സ് ജാതിയെ സംബന്ധിച്ച് സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതു മനസ്സിലാക്കാന്‍ മുരളി ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അംബേദ്കര്‍ നിലപാടും മാര്‍ക്‌സിസ്റ്റ് നിലപാടും തമ്മിലുള്ള ഗുണപരമായ അന്തരത്തെക്കുറിച്ച് അദ്ദേഹം ബോധവാനല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭൗതിക വൈരുധ്യവാദ വിചിന്തന രീതി ഉപയോഗിച്ച് ജാതിപ്രശ്‌നം വിശകലന വിധേയമാക്കാന്‍ കഴിയാതിരുന്ന അംബേദ്കര്‍ ജാതിയുടെ സാമ്പത്തിക- വര്‍ഗാധിപത്യതലത്തെ പരിഗണിച്ചില്ല. ഇതിന്റെ ഫലമായി കേവലം സാമൂഹിക വിപ്ലവത്തിന്റെ മണ്ഡലത്തില്‍ കേന്ദ്രീകരിക്കുകയും രാഷ്ട്രീയവിപ്ലവത്തെ ഒഴിവാക്കുകയും ചെയ്യുന്ന ഏകപക്ഷീയ നിലപാടില്‍  എത്തിപ്പെട്ടു.

ഇന്ത്യയിലെ പ്രാചീന തൊഴില്‍ വിഭജനത്തില്‍ നിന്നുടലെടുത്ത ജാതി മതത്തിലും ഭരണകൂടത്തിലും നിലനില്‍ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ മാര്‍ക്‌സിന്റെ സമീപനം രാഷ്ട്രീയ വിപ്ലവത്തിലൂടെ സാമൂഹിക വിപ്ലവത്തിന്റെ കടമകള്‍കൂടി പൂര്‍ത്തീകരിക്കുന്നതാണ്. മാര്‍ക്‌സിന്റെ അന്വേഷണത്തിന്റെ ആരംഭബിന്ദു ഭൗതികോല്പാദന പ്രക്രിയയാണ്. അതുകൊണ്ടുതന്നെ ഭൗതികവാദ നിലപാടില്‍ നിന്നുകൊണ്ട് ജാതിയെ പഠിക്കാനാണ് മാര്‍ക്‌സ് ശ്രമിച്ചത്. എന്നാല്‍ അംബേദ്കറിന്റെ അന്വേഷണത്തിന്റെ ആരംഭബിന്ദു മതവും അതിന്റെ പ്രത്യയശാസ്ത്രവുമായതുകൊണ്ടുതന്നെ ആശയവാദ നിലപാടില്‍ നിന്ന് ജാതിയെ വിശകലനവിധേയമാക്കാനാണ് അംബേദ്കര്‍ ശ്രമിച്ചത്. ഇത് പ്രത്യക്ഷവാദ (PositÈst) രീതിയാണ്.

വര്‍ഗ്ഗസമരത്തിന്റെ സ്വാഭാവികഗതിക്രമത്തിനിടയില്‍ പരിഹരിക്കപ്പെടുന്നതാണ് ജാതിപ്രശ്‌നം എന്നുവിലയിരുത്തിയ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാര്‍കിസ്റ്റ് വിചിന്തനരീതിയുടെ വിപ്ലവാത്മക സ്വഭാവം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അംബേദ്കറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ജാതിയെ സത്തയില്‍ വര്‍ഗ്ഗസമരമായി കണ്ടില്ല. കെ. മുരളിയാകട്ടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യാന്ത്രികതയെ മറികടക്കാനായി ജാതിയെ സവിശേഷ പ്രതിഭാസമായി വിലയിരുത്തുകയും തന്റെതായ രീതിയില്‍ മാര്‍ക്‌സിസത്തേയും അംബേദ്കര്‍ നിലപാടിനെയും പൊരുത്തപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുരളിയുടേത് ഫലത്തില്‍ സമ്മിശ്രവാദപരമായി പ്രശ്‌നത്തെ സമീപിക്കുന്ന രീതിയാണ്. ഈ മൂന്നുനിലപാടുകള്‍ക്കും ജാതിപ്രശ്‌നത്തെ സംബന്ധിച്ച സമഗ്രവീക്ഷണം മുന്നോട്ടുവെക്കാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ കാര്യം നോക്കാം. ജാതിയെ ഉപരിഘടനാ പ്രശ്മായാണോ അടിത്തറയുടെ പ്രശ്‌നമായാണോ വിലയിരിത്തേണ്ടത് എന്നതിനെച്ചൊല്ലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ആശയകുഴപ്പം നിലനിന്നിരുന്നുവെന്നും അവരുടെ യാന്ത്രികസമീപനം കാരണം മറ്റെല്ലാ സാമൂഹിക പ്രതിഭാസങ്ങളെയും അപ്രധാനമായി കാണുകയും വര്‍ഗ്ഗത്തിന്റെ പ്രാഥമികത്വത്തില്‍ ഊന്നുകയും അതുവഴി അടിത്തറയില്‍ ജാതിയുടെ പങ്ക് നിഷേധിക്കുകയും ചെയ്തു. ഇതില്‍നിന്നു ഭിന്നമായി ഒരേസമയം തൊഴില്‍ വിഭജനമായും തൊഴിലാളികള്‍ക്കിടയിലെ വിഭജനവുമായി വര്‍ത്തിക്കുന്ന ജാതി അടിത്തറയിലും ഉപരിഘടനയിലും അതിന്റെ സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്ന് മുരളിയെ ഉദ്ധരിച്ചുകൊണ്ട് ശ്രീകാന്ത് വ്യക്തമാക്കുന്നു. ആദ്യത്തേതില്‍ അത് ഉല്പാദന ബന്ധങ്ങളുടെ, അടിത്തറയുടെ ഭാഗമാണ്. രണ്ടാമത്തേതില്‍ അദ്ധ്വാനശക്തിക്കുമേലുള്ള നിയന്ത്രണവും ആധിപത്യവുമെന്നുള്ള നിലയ്ക്ക് അതു ഉപരിഘടനയില്‍ ഉള്‍പ്പെടുന്നു. ജാതിപ്രശ്‌നത്തെ ഈ രീതിയില്‍ വിശകലന വിധേയമാക്കുന്ന മുരളിയുടെ നിലപാടിനെ ഏങ്ങിനെയാണ് യാന്ത്രികതയായി മുദ്രകുത്താന്‍ കഴിയുക എന്നാണ് ശ്രീകാന്ത് ചോദിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജാതിപ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റൂകാര്‍ യാന്ത്രിക സമീപനം സ്വീകരിക്കുവാന്‍ ഇടയായതിന്റെ കാരണം ശ്രീകാന്ത് പറയുംപോലെ അടിത്തറ ഉപരിഘടന പ്രശ്‌നവുമായി ബന്ധപ്പെട്ടുണ്ടായ ആശയകുഴപ്പം കാരണമല്ല. യൂറോപ്യന്‍ സമൂഹങ്ങളില്‍ നിന്നും ഭിന്നമായി ഇന്ത്യയില്‍ നിലനിന്നിരുന്ന സവിശേഷമായ ഉത്പാദനരീതിയെ കുറിച്ച് അന്വേഷിക്കാന്‍ അവര്‍ തയ്യാറാകാത്തതുകൊണ്ടായിരുന്നു. ഭൗതികോത്പാദന പ്രക്രിയയുമായി ബന്ധപ്പെടുത്തി സാമൂഹിക പ്രതിഭാസങ്ങളെയും പ്രക്രിയകളെയും പഠിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ തെറ്റായ വിലയിരുത്തലില്‍ എത്തിച്ചേരും. ഇത് മുരളിക്കും ബാധകമാണ്.

ജാതി തൊഴില്‍ വിഭജനം മാത്രമല്ല; തൊഴിലെടുക്കുന്നവര്‍ക്കിടയിലുള്ള വിഭജനം കൂടിയാണെന്ന് അംബേദ്കര്‍ മുമ്പേ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍, തൊഴില്‍ വിഭജനവും സ്വകാര്യസ്വത്തും തമ്മിലുള്ള അനന്യമായ ബന്ധത്തെക്കുറിച്ചും അവ തമ്മിലുള്ള വിരുദ്ധതയെക്കുറിച്ചും അദ്ദേഹത്തിന് ശാസ്ത്രീയമായ ധാരണ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയ ഇന്ത്യയിലെ ചരക്കുല്പ്പാദനവുമായി ബന്ധമില്ലാത്ത പ്രാചീന തൊഴില്‍ വിഭജനത്തിന്റെ സവിശേഷതയിലേക്ക് അംബേദ്കര്‍ ചിന്തയ്ക്ക് കടന്നു ചെല്ലാനായില്ല. എന്നാല്‍, ശരിയായ മാര്‍ക്‌സിസ്റ്റ് ധാരണയില്‍ നിന്നുകൊണ്ട് ജാതിപ്രശ്‌നം ചര്‍ച്ചചെയ്യാന്‍ തയ്യാറായി എന്നവകാശപ്പെടുന്ന മുരളിയ്ക്ക് മാര്‍ക്‌സിന്റെ രീതി മനസ്സിലായിട്ടില്ലെന്നതാണ് വസ്തുത. ഒരു നിര്‍ദ്ദിഷ്ട സാമ്പത്തിക രാഷ്ട്രീയക്രമത്തെ ശാസ്ത്രീയമായി മനസ്സിലാക്കണമെങ്കില്‍ അവിടുത്തെ ഉല്പാദനരീതിയുടെ സവിശേഷത പഠിക്കേണ്ടതുണ്ട്. പ്രാചീന ഇന്ത്യയിലെ തൊഴില്‍ വിഭജനം ചാതുര്‍വര്‍ണ്യത്തിനും ജാതിവ്യവസ്ഥയ്ക്കും രൂപം നല്‍കിയെന്നു പറയുമ്പോള്‍ ജാതിയെ ഭൗതികവാദപരമായി വിലയിരുത്തുകയാണ് മാര്‍ക്‌സ് ചെയ്തിട്ടുള്ളത്. ഇത്തരം ശാസ്ത്രീയ കാഴ്ചപ്പാടില്‍ നിന്ന് തീര്‍ത്തും ഭിന്നമായി ജാതിയുടെ ഉല്‍പത്തിയെ സംബന്ധിച്ച് ഊഹാത്മക നിഗമനങ്ങളാണ് മാവോയിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്നത്. B.C.1500 നും 500 നും ഇടയില്‍ വടക്കുപടിഞ്ഞാറന്‍ നാടുകളില്‍ നിന്ന് ആര്യന്‍ നാടോടിഗോത്രങ്ങള്‍ രാജ്യത്തേക്കു കുടിയേറുകയും അവര്‍ തദ്ദേശീയ ഗോത്രജനതയുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് വര്‍ഗ്ഗങ്ങള്‍ എന്ന നിലയില്‍ വര്‍ണങ്ങള്‍ നിലവില്‍ വരികയും ചെയ്തു എന്നാണ് ജാതിപ്രശ്‌നത്തെക്കുറിച്ചുള്ള അവരുടെ പാര്‍ട്ടിരേഖയില്‍ പറയുന്നത്. ഈ നിലപാട് അംഗീകരിക്കുന്ന മുരളി ചരിത്രപരമായ ഭൗതിക വാദ രീതിയാണ് പിന്‍തുടരുന്നത് എന്ന് പറയാന്‍ കഴിയുമോ?

ഇന്ത്യയിലേക്ക് കുടിയേറിയ ആര്യന്‍മാരാണ് വര്‍ണ്ണ വ്യവസ്ഥ കൊണ്ടുവന്നത് എന്ന് പറഞ്ഞാല്‍ ഇവിടുത്തെ ഭൗതിക ഉല്‍പാദന സാഹചര്യങ്ങളും അവര്‍ കൊണ്ടുവന്നതാണെന്ന് പറയേണ്ടിവരില്ലേ ? ഇത്തരം പ്രസ്താവനകള്‍ അസംബന്ധ ജഡിലമാണ്. പണ്ട് സാമൂതിരിയോട് നമ്മുടെ കുരുമുളക് ചെടികള്‍ സായിപ്പ് അവരുടെ നാട്ടിലേക്ക് കൊണ്ടുപോയതിനെ കുറിച്ച് അറിയിച്ചപ്പോള്‍, സമൂതിരി പറഞ്ഞ മുറുപടി വളരെ പ്രസിദ്ധമാണ്. നമ്മുടെ തിരുവാതിര ഞാറ്റുവേല അവര്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്നായിരുന്നു സാമൂതിരിയുടെ മറുപടി.

മാര്‍ക്‌സിസത്തിന്റെ ചരിത്രവീക്ഷണം വര്‍ത്തമാനത്തില്‍ നിന്നുകൊണ്ട് ഭൂതകാലസംഭവ വികാസങ്ങളെയും പ്രതിഭാസങ്ങളെയും നോക്കികാണുകയും പ്രവചനാത്മക സ്വഭാവത്തോടെ ഭാവികാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഇവിടെ മാവോയിസ്റ്റുകള്‍ ഊഹാത്മകനിഗമനങ്ങള്‍ അവതരിപ്പിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് രീതി ശാസ്ത്രത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞത കൊണ്ടാണ് ഗൗരവതരമായ ഇത്തരം തെറ്റുകള്‍ സംഭവിക്കുന്നത്. മുകളില്‍ ചൂണ്ടിക്കാട്ടിയതുപോലെ അന്വേഷണത്തിന്റെ ആരംഭബിന്ദു ഉല്പാദന പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ ചരിത്രത്തെ അഭ്യൂഹാത്മക ചിന്തയിലേക്ക് ന്യൂനീകരിക്കേണ്ടിവരും.

വര്‍ഗസമരം എന്ന പരികല്‍പ്പന മാര്‍ക്‌സിനെ സംബന്ധിച്ച് തത്വചിന്താപരമായ ഒന്നാണ്. അതുകൊണ്ടുതന്നെ വിചിന്തന ശാസ്ത്രത്തിന്റെ മണ്ഡലത്തില്‍ നിന്നുകൊണ്ട് അന്വേഷണങ്ങള്‍ നടത്തുമ്പോഴേ ശാസ്ത്രീയ വിശകലനം സാധ്യമാകൂ. സാമ്പത്തികാടിത്തറയും ഉപരിഘടനയും തമ്മില്‍ മാര്‍ക്‌സിസ്റ്റ് രീതി ശാസ്ത്രത്തില്‍ ദ്വന്ദ്വാത്മക ഭിന്നതയില്ല. വസ്തുതയും മൂല്യവും തമ്മില്‍ വൈരുദ്ധ്യാത്മക ബന്ധമാണ് ഈ രീതി ശാസ്ത്രത്തില്‍ നിലനില്‍ക്കുന്നത്. വസ്തുതയ്ക്ക് വേണ്ടി മൂല്യത്തെയോ മൂല്യത്തിനുവേണ്ടി വസ്തുതയെയോ കൈയൊഴിയുന്ന സമീപനം മാര്‍ക്‌സിത്തിന്റെതല്ല. ജാതി അടിത്തറയിലും ഉപരിഘടനയിലും നില്‍നില്‍ക്കുന്നുണ്ട് എന്നുപറയുന്ന മുരളി ഉല്പാദന രീതിയുടെ സവിശേഷതയുമായി ബന്ധപ്പെടുത്തി ജാതിയുടെ ഉല്പത്തിയെക്കുറിച്ചുള്ള പരിശോധന നടത്താന്‍ തയ്യാറാകാത്തതുകൊണ്ടുതന്നെ ശാസ്ത്രീയമായ നിലപാട് അവതരിപ്പിക്കാന്‍ സാധ്യമാകാതെ വരുന്നു.

അടിത്തറ ഉപരിഘടന എന്ന വാസ്തു ശില്പ മാതൃകയിലുള്ള വിശേഷണത്തിന്റെ പരിമിതികളെക്കുറിച്ച് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം പ്രമേയം ഏറെ തെറ്റിദ്ധരിക്കപ്പെട്ട നിലയിലാണ് പലരും മനസ്സിലാക്കപ്പെട്ടതെന്ന് ഏംഗല്‍സ് തന്നെ സൂചിപ്പിക്കുകയുണ്ടായി. ജോസഫ് ബ്ലോക്കിനെഴുതിയ കത്തില്‍ ഇതു വ്യക്തമാക്കുന്നുണ്ട്. വൈരുധ്യാത്മക വിചിന്തനരീതി അംഗീകരിക്കുന്ന ഒരാളെ സംബന്ധിച്ച് ഇവ വെവ്വേറെ നില്‍ക്കുന്ന കാര്യങ്ങളല്ല. അടിത്തറയും ഉപരിഘടനയും തമ്മില്‍ വൈരുധ്യാത്മകമായ ബന്ധമാണുള്ളത്. ചില നിര്‍ദ്ദിഷ്ട ഘട്ടങ്ങളില്‍ ഉപരിഘടന നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്യും.

ഭൗതികോല്പാദന പ്രക്രിയയുമായി ബന്ധപ്പെട്ടു അതിനനുരൂപമായാണ് ഉപരിഘടനയില്‍ നിയമം കലാ-സാഹിത്യരംഗം രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ആശയശാസ്ത്രം ഉള്‍പ്പെടെ രൂപംകൊള്ളുക എന്നുപറയുമ്പോഴും ആശയത്തിന് തിരിച്ച് വസ്തുനിഷ്ട സാഹചര്യത്തെ മാറ്റിത്തീര്‍ക്കാനുള്ള കഴിവുണ്ടെന്നുകൂടിയാണ് ‘പുതിയ’ ഭൗതികവാദ നിലപാടു മുന്നോട്ടുവെച്ചുകൊണ്ട് മാര്‍ക്‌സും ഏംഗല്‍സും വ്യക്തമാക്കിയത്. ഈ നിലപാടില്‍ നിന്ന് പരിശോധിക്കുമ്പോള്‍ പ്രാചീന ഇന്ത്യയില്‍ നിലനിന്നിരുന്ന സവിശേഷമായ ഉല്പാദന രീതിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ തത്വചിന്താമണ്ഡലവും വികസിച്ചുവന്നതെന്നു കാണാന്‍ കഴിയും. ഇതുപില്‍ക്കാലത്ത് വര്‍ണ്ണവ്യവസ്ഥയെയും ജാതിവ്യവസ്ഥയെയും ദൃഢികരിക്കുന്നതില്‍ പ്രമുഖ പങ്കുവഹിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥയെ തകര്‍ക്കണമെങ്കില്‍ ബ്രഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്ര ആധിപത്യത്തെ തകര്‍ത്തെറിയേണ്ടതുണ്ട്.

ജാതിയെ സ്വത്വപ്രശ്‌നമായി അവതരിപ്പിക്കുന്ന സ്വത്വവാദികളുടെ നിലപാടില്‍ നിന്നു ഭിന്നമാണ് മാക്‌സിസ്റ്റ് നിലപാട്. സ്വത്വത്തെ അംഗീകരിക്കുമ്പോള്‍തന്നെ ചലനാത്മകമായ കര്‍തൃത്വത്തിന്റെ പ്രശ്‌നമായി സ്വത്വത്തെ പരിഗണിക്കുന്നതാണ് മാക്‌സിസ്റ്റ് രീതി. പ്രാചീന ഇന്ത്യയില്‍ നിലനിന്നിരുന്ന പ്രാചീന ഉല്‍പാദന സമ്പ്രദായം പിന്നീട് ചരക്ക് ഉല്‍പാദന വ്യവസ്ഥക്ക് വഴിമായി. തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വം ആധിപത്യമുറപ്പിച്ചപ്പോള്‍ ബ്രാഹ്മണ്യം അതുമായി സഖ്യം സ്ഥാപിച്ചു. ആധുനീക സമൂഹത്തില്‍ ചരക്കുല്പാദനവുമായി ബന്ധപ്പെട്ട തൊഴില്‍ വിഭജനമാണ് നിലനില്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജാതിവ്യവസ്ഥയും പുതിയ രൂപഭാവങ്ങള്‍ ആര്‍ജ്ജിച്ചിട്ടുണ്ട്. ഇത്തരം ചരിത്രപ്രക്രിയകളെ ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കുമ്പോള്‍ മാത്രമാണ് ആധുനികതയ്കത്തുനിന്നുകൊണ്ട് ബ്രാഹ്മണ്യത്തെയും ജാതിയെയും പ്രശ്‌നവല്‍ക്കരിക്കാന്‍ കഴിയുക. അഥവാ പഴയകാലത്തെ ചതുര്‍വര്‍ണ്ണ്യവും ജാതിയുമല്ല പുതിയകാലത്തേത്.

ജാതിയെ വര്‍ഗത്തിന്റെ രൂപമായി ഇ.എം.എസ്. വിലയിരുത്തി. ഇതിന്റെ ഭാഗമായി ജാതി ജന്മി നാടുവാഴിത്തം എന്ന പുതിയൊരു പരികല്‍പനയും അദ്ദേഹം രാഷ്ട്രീയ രംഗത്ത് മുന്നോട്ടുവെക്കുകയുണ്ടായി. ഇത് യാന്ത്രികവാദ രീതിയില്‍ അധിഷ്ടിതമായിരുന്നു. ഇത്തരമൊരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഇന്ത്യയിലെ സവിശേഷ പ്രതിഭാസമായ ജാതിയെക്കുറിച്ച് ശാസ്ത്രീയമായ വീക്ഷണം മുന്നോട്ടുവെക്കാനാകില്ല. മാര്‍കിസ്റ്റ് രീതിയെക്കുറിച്ചുള്ള (വൈരുദ്ധ്യാത്മ വിചിന്തനരീതി) ഇ.എം.എസ്സിന്റെ അജ്ഞതയാണ് ഇവിടെ പ്രകടമാകുന്നുത്. ഇന്ത്യന്‍ തത്വചിന്തയുടെ ചരിത്രപരമായ വികാസത്തെ വിലയിരുത്തുന്ന കാര്യത്തിലും ഇതേ തെറ്റ് അദ്ദേഹത്തിന് സംഭവിക്കുന്നതായി കാണാം.

യൂറോപ്യന്‍ തത്വചിന്താരംഗത്ത് ഹെഗലിനുള്ള സ്ഥാനമാണ് ഇന്ത്യന്‍ തത്വചിന്താരംഗത്ത് ശ്രീശങ്കരനുള്ളതെന്ന് അദ്ദേഹം വിലയിരുത്തി. ഹെഗലിന്റെ രീതിയും ശ്രീശങ്കരന്റെ രീതിയും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. വസ്തുനിഷ്ഠ ആശയവാദ ദര്‍ശനമാണ് രണ്ടുപേരും മുന്നോട്ടുവെക്കുന്നതെങ്കിലും ഹെലിന്റെ കേവലാശയം (Aboslute Idea) സത്തയില്‍ വൈരുദ്ധ്യത്തെ ഉള്‍കൊള്ളുന്നതാണ്. എന്നാല്‍ ശ്രീശങ്കരന്റെ നിര്‍ഗുണപരബ്രഹ്മം എന്ന ആശയം സത്തയില്‍ വൈരുധ്യത്തെ ഉള്‍ക്കൊള്ളുന്നില്ല. ഹെഗലിന്റെ ആശയം സത്തയില്‍ വൈരുദ്ധ്യമുള്ളതുകൊണ്ട് സ്വയം ചലനവും വികാസവും ഉള്ളതാകുമ്പോള്‍ ശങ്കരന്റെ പരബ്രഹ്മം സ്ഥായിയായി നില്‍ക്കുന്നു. അതുകൊണ്ടുതന്നെ മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലെ കാര്യങ്ങള്‍ വിലയിരുത്താന്‍ ‘മായ’ എന്ന പരികല്‍പ്പന ശങ്കരനു മുന്നോട്ടുവെക്കേണ്ടിവന്നു. വിചിന്തന ശാസ്ത്രത്തില്‍ ഡയലക്ടിക്കല്‍ ലോജിക്ക് മുന്നോട്ടുവെച്ചുകൊണ്ടു ശാസ്ത്രീയ അന്വേഷണരീതി വികസിപ്പിച്ച ഹെഗലിന്റെ സംഭാവന മനസ്സിലാക്കാത്തതുകൊണ്ടാണ് ഹെഗലിനേയും ശ്രീശങ്കരനെയും തത്തുല്ല്യരായി ഇ.എം.എസ്സിന് പരിഗണിക്കേണ്ടി വന്നത്.

തത്വചിന്താരംഗത്തെ മര്‍മ്മപ്രധാനചോദ്യമായ എന്താണ് കേവലത (Aboslute) എന്നതിനെക്കുറിച്ച് ഇ.എം.എസ്സ്. അന്വേഷിക്കുന്നതേയില്ല ഇതേക്കുറിച്ച് ഹെഗല്‍ ഇപ്രകാരം പറയുന്നു. കേവലത എന്നാല്‍ വിഷയിയും (Subject) വിഷയവും (Object) തമ്മിലുള്ള അനന്യതയും (Idenitty) വിഷയവും വിഷയിയും തമ്മിലുള്ള അനന്യതയില്ലായ്മയും (Non idenitty)തമ്മിലുള്ള അനന്യതയാണ്. വൈരുദ്ധ്യാത്മകമായ ഇത്തരമൊരു വിചിന്തനരീതി ഇ.എം.എസ്സിന് അജ്ഞാതമായതുകൊണ്ട് വിചാരപ്രധാനമായ ചിന്തയാണ് (ContemplatÇ thought) അദ്ദേഹം പിന്തുടര്‍ന്നത്. അതുകൊണ്ടുതന്നെ ശ്രീശങ്കരനും ഹെഗലും തമ്മില്‍ തത്വചിന്താരംഗത്തു നിലനില്‍ക്കുന്ന മൗലിക ഭിന്നത മനസ്സിലാക്കാനും അദ്ദേഹത്തിന് സാധിച്ചില്ല.

ഇതേ തകരാറ് മുരളിയുടെ വീക്ഷണത്തിലും പ്രകടമാണ്. അദ്ദേഹം അടുത്തകാലത്ത് പുറത്തിറക്കിയ ബ്രാഹ്മണ്യവിമര്‍ശം എന്ന കൃതിയില്‍ ശ്രീശങ്കരന്റെ ദാര്‍ശനിക വീക്ഷണത്തെക്കുറിച്ച് ഇങ്ങിനെ പറയുന്നു. ”ഇവിടെകാണുന്ന ഏകാത്മദര്‍ശനം സംഗ്രഹസംശ്ലേഷണങ്ങളുടെ ഉയര്‍ന്നൊരുതലത്തെ പ്രതിനീധികരിക്കുന്നുണ്ട്. എന്നാല്‍, ദാര്‍ശനികവും ആത്മീയവുമായ ഇത്തരം മേന്മകള്‍ ഉണ്ടെങ്കിലും ഒരു മതദര്‍ശനമെന്ന നിലയില്‍ അതിനു വലിയ പരിമിതിയുണ്ടായിരുന്നു”. സത്തയില്‍ വൈരുദ്ധ്യത്തെ അംഗീകരിക്കാത്ത ഒരു ദര്‍ശന പദ്ധതിയില്‍ സംഗ്രഹ സംശ്ലേഷണങ്ങളുടെ ഉയര്‍ന്ന ഒരുതലം ഏങ്ങിനെയാണ് രൂപപ്പെടുക എന്ന കാര്യം മുരളി വ്യക്തമാക്കേണ്ടതാണ്.

പ്രത്യക്ഷവാദ രീതി (PositÈst) പിന്തുടര്‍ന്ന അംബേദ്കര്‍ ചാതുര്‍വര്‍ണ്ണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും ഉല്‍പത്തിയെക്കുറിച്ചുള്ള അശാസ്ത്രീയമായ വിലയിരുത്തലാണ് നടത്തിയത്. ഭൗതികോല്‍പ്പാദന പ്രക്രിയയ്ക്കിടയില്‍ രൂപംകൊണ്ട പ്രത്യയശാസ്ത്രവ്യവസ്ഥകളാണ് ഇവ രണ്ടും. പുത്തന്‍കൊളോണിയ ഘട്ടത്തില്‍ മുതലാളിത്ത പ്രത്യയശാസ്ത്രവും ബ്രാഹ്മണ്യപ്രത്യയശാസ്ത്രവും തമ്മില്‍ സഖ്യത്തിലാണ്. അംബേദ്കര്‍ കൊളോണിയല്‍ഘട്ടത്തിലും പിന്നീടും ഇതുതിരിച്ചറിഞ്ഞില്ല. ഹിന്ദുമതത്തില്‍ നിന്ന് രൂപംകൊണ്ട പ്രത്യയശാസ്ത്ര വ്യവസ്ഥയായി ഇതിനെ കണ്ടതുകൊണ്ടാണ് ബ്രാഹ്മണ്യത്തെ ബോംബിട്ട് തകര്‍ത്താല്‍ ജാതിവ്യവസ്ഥ തകരുമെന്ന തെറ്റായ കാഴ്ചപ്പാടില്‍ അദ്ദേഹം എത്തിച്ചേര്‍ന്നത്.

ആധുനികതയ്ക്ക് അകത്താണ് ബ്രാഹ്മണ്യം എന്ന് മുരളി പറയുന്നുണ്ടെങ്കിലും അധുനികതയില്‍ നിന്നു വേര്‍പെടുത്തി അതിനെ പഠിക്കുന്ന രീതിയാണ് മുരളി അവലംബിക്കുന്നത്. അതുകൊണ്ടുതന്നെ അംബേദ്കറുടെ ബ്രാഹ്മണ്യവിമര്‍ശം ഉപരിവിപ്ലവമാണെന്ന കാര്യം മുരളിയും ശ്രീകാന്തും തിരിച്ചറിയുന്നില്ല.

ഈ സന്ദര്‍ഭത്തില്‍ ലെനിന്‍ ചൂണ്ടിക്കാട്ടിയ കാര്യം വളരെയേറെ പ്രസക്തമാകുന്നുണ്ട്. ഹെഗലിന്റെ ലോജിക്ക് പഠിക്കാതെ മാര്‍ക്‌സിനെ മനസ്സിലാക്കാനാകില്ലെന്ന കാര്യമാണത്.

ജാതിയുടെ ദൈനംദിന സങ്കീര്‍ണതകളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത പ്രത്യക്ഷവാദയുക്തികള്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply