സംഗീത നാടക അക്കാദമി ഏതെങ്കിലും സവര്‍ണ്ണജന്മിയുടെ ജാതിഭാവനകള്‍ പൂത്തുവിടരേണ്ട ഇടമല്ല
മോഹിനിയാട്ടത്തില്‍ ഡിപ്ലോമ , പോസ്റ്റ് ഡിപ്ലോമ , മോഹിനിയാട്ടത്തില്‍ ബിരുദാനന്തര ബിരുദം , എം ഫില്‍ ,മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് , പന്ത്രണ്ട് വര്‍ഷത്തോളമായി ഗസ്റ്റ് അധ്യാപകനായി മോഹിനിയാട്ടം പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ,നിരവധി വേദികളില്‍ മോഹിനിയാട്ടം അവതരിപ്പിച്ച ആള്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനായ വ്യക്തിയാണ് RLV രാമകൃഷ്ണന്‍ .അദ്ദേഹത്തെ പോലൊരാളെ കേരള സംഗീത നാടക അക്കാദമിയുടെ വേദിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന വാശി ചിലര്‍ക്കുണ്ടാകുമ്പോള്‍ അതില്‍ ജാതി വിവേചനമുണ്ട് ,ലിംഗ വിവേചനമുണ്ട് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ.
സ്ത്രീകള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നല്ല മോഹിനിയാട്ടം .സ്ത്രീകള്‍ മാത്രം ചെയ്യേണ്ട കലാരൂപവുമല്ല മോഹിനിയാട്ടം .കോളേജുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സീറ്റ് അനുവദിച്ചതില്‍ അഭിമാനം കൊള്ളുന്ന ഒരു ഭരണകൂടത്തിന്റെ മൂക്കിന്‍ കീഴില്‍ ഇരുന്നുകൊണ്ടാണ് ചിലര്‍ മോഹിനിയാട്ട കലാകാരന്മാരെ ലിംഗവിവേചനത്തിനും ജാതി വിവേചനത്തിനും വിധേയരാകുന്നത് . കലാരംഗത്തെ ജാതി അയിത്തങ്ങളുടെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇപ്പോള്‍ രാമകൃഷ്ണന് അനുഭവിക്കേണ്ടി വന്നത് .പുരുഷന്മാര്‍ മോഹിനിയാട്ടം കളിച്ചാല്‍ ആരുടെ ജാത്യാഭിമാനമാണ് തകര്‍ന്നുപോകുന്നത് .ആരുടെ പട്ടും വളയും കോണകവുമാണ് ഊരിപ്പോകുന്നത് .
മോഹിനിയാട്ടം എന്നത് സുന്ദരിയായ വെളുത്ത സവര്‍ണ്ണ സ്ത്രീയുടെ ആട്ടം എന്ന് കരുതുന്നിടത്താണ് പ്രശ്‌നം .നൃത്തത്തിനകത്ത് അഭിനയത്തിന്റെ ഒരു തലമുണ്ട് .എന്താണോ നര്‍ത്തകന്‍[കി ] ചെയ്യുന്നത് അത് കാണികളെ വിശ്വസിപ്പിക്കുക എന്ന തലം .അവിടെയാണ് മോഹിനിയാട്ടം ഒരു പ്രത്യേക ജനുസ്സില്‍ പെട്ട സ്ത്രീകളുടെ മാത്രം കുത്തക അല്ലാതാകുന്നത് .കാണികളില്‍ ആര്‍ക്കാണോ വിശ്വസനീയത കൊണ്ടുവരുവാന്‍ കഴിയുന്നത് ,അത് ആണോ പെണ്ണോ ട്രാന്‍സ് ജന്‍ഡറോ എന്ന് നോക്കാതെ അവര്‍ക്കാ കലാരൂപം അവതരിപ്പിക്കാന്‍ പറ്റണം . ഏതെല്ലാം കലാരൂപങ്ങളില്‍ സ്ത്രീവേഷങ്ങള്‍ പുരുഷന്മാര്‍ കെട്ടിയാടുന്നു. കേരളത്തിന്റെ കലാചരിത്രത്തില്‍ സ്ത്രീകളെ തോല്‍പ്പിച്ച സ്ത്രീവേഷങ്ങള്‍ കെട്ടിയാടിയ പുരുഷന്മാര്‍ ഉണ്ടായിട്ടുണ്ട് .മോഹിനിയാട്ടം സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്ത ഒന്നായി ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത്തരം വിവരക്കേടുകളെ ,ജാതി ഹുങ്കുകളെ സമ്മതിച്ചു കൊടുക്കുന്ന ആളുകള്‍ ദയവ് ചെയ്ത് ഹത്രയിലെ പെണ്‍കുട്ടിയ്ക്കായി പൂങ്കണ്ണീര്‍ പൊഴിക്കരുത് .ഈ പ്രഹസന പാപ ഭാരമൊക്കെ നമ്മളെവിടെ കൊണ്ടുപോയി ഒഴുക്കിക്കളയും .
കേരള സംഗീത നാടക അക്കാദമി ഏതെങ്കിലും സവര്‍ണ്ണ ജന്മിയുടെ ജാതി ഭാവനകള്‍ പൂത്തുവിടരേണ്ട ഇടമല്ല .കേരളീയ കലാലോകത്തെ ജാതിയുടെ അയിത്തത്തിന്റെ വൃത്തികെട്ട പിന്നാമ്പുറ ഇടങ്ങളിലേക്ക് പൊതുസമൂഹത്തിന് ഒന്നെത്തിനോക്കാനുള്ള അവസരമായി കണ്ടാല്‍ മതി രാമകൃഷ്ണന്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തിന്റെ നേര്‍ത്ത ശബ്ദങ്ങള്‍ . മതേതരവും തുല്യതയുടെ ഇടങ്ങളുമായി പ്രദര്‍ശിപ്പിച്ച് വെച്ചിട്ടുള്ള എല്ലാ കലാ ഇടങ്ങളും ജാതിയും അയിത്തവും അസ്പൃശ്യതയും കൊണ്ട് പുഴുത്ത് നാറിയവ ആണെന്ന് നമ്മളെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുവാന്‍ ഇനിയും ഉണ്ടാകും രാമകൃഷ്ണന്മാര്‍ .
സാംസ്‌കാരിക കേരളത്തിലെ ശൂദ്രാധിപത്യത്തിനെതിരെ ആണ് രാമകൃഷ്ണന്‍ സംസാരിച്ചത് .തീര്‍ച്ചയായും അതിനുള്ള പിഴ അദ്ദേഹം ഒടുക്കേണ്ടി വരും എന്നത് തീര്‍ച്ചയാണ് .കാരണം ജാതി പ്രവര്‍ത്തിക്കുന്നത് ശുപാര്‍ശകളിലൂടെയും ബഹിഷ്‌കരണത്തിലൂടെയും ആണ് .ഏതൊരു സ്വകാര്യ സ്ഥാപനങ്ങളുടേയും മൂത്രപ്പുരകള്‍ ആരാണ് വൃത്തിയാക്കുന്നതെന്ന് നോക്കിയാല്‍ അമ്പതുശതമാനത്തിനും മുകളില്‍ സമൂഹത്തിലെ താഴ്ന്നതെന്ന് പറയപ്പെടുന്ന ജാതിക്കാര്‍ തന്നെയാണ് .ഇത് ചുമ്മാതങ് സംഭവിക്കുന്നതല്ല .ഒരാള്‍ക്കെത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും അയാളുടെ ജാതി മാത്രം നോക്കി അയാളുടെ തൊഴില്‍ സാധ്യതകള്‍ക്ക് പരിധി നിര്‍ണ്ണയിക്കുന്ന അവസ്ഥയാണ് ഇന്നും ഇന്ത്യയില്‍ ഉള്ളത് .നിങ്ങള്‍ മൂത്രപ്പുരയൊക്കെ വൃത്തിയാക്കി കഴിഞ്ഞാല്‍ മതി എന്ന കേരളത്തിലെ ചിന്തയുടെ കുറച്ചുകൂടി വൃത്തികെട്ട അവസ്ഥയാണ് ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലുമൊക്കെ ഉള്ള തോട്ടിപ്പണി .ബ്രാഹ്മണ/ സവര്‍ണ്ണ കരാറുകാരന്റെ കീശ വീര്‍പ്പിക്കുന്നതിനായാണ് ലക്ഷകണക്കിന് ദലിത് മനുഷ്യരെ മൃഗീയതയിലും താഴ്ന്ന അവസ്ഥയില്‍ തോട്ടിപ്പണി എടുത്ത് ജീവിക്കാന്‍ നിര്‍ബന്ധിതര്‍ ആക്കുന്നത് .
നീ മോഹിനിയാട്ടം എന്റെ തറവാട്ട് മുറ്റത്ത് കളിക്കേണ്ട എന്ന് പറയുന്നത് ഫലത്തില്‍ നീ തോട്ടിപ്പണി ചെയ്താല്‍ മതി മോഹിനിയാട്ടം ഞങ്ങള്‍ കളിച്ചോളാം എന്ന ജാതി ഹുങ്കിന്റെ മറ്റൊരു രൂപം മാത്രമാണ് . രാമകൃഷ്ണന്‍ നേരിട്ട അവഗണന അപമാനം വിവേചനം അതൊരു പറയന്റെ മാത്രം പ്രശ്‌നമായി കേരളത്തിലെ ദലിത് സമൂഹം മനസ്സിലാക്കുന്നതാണ് കേരളത്തിലെ ദലിത് അവകാശ പോരാട്ടങ്ങളെ ദുര്‍ബലമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് .അയാള്‍ നേരിടുന്ന ജാതി അവഗണന ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കേരളത്തിലെ മുഴുവന്‍ ദലിതരും അനുഭവിക്കുന്നതാണെന്ന് എല്ലാ ദലിതരും തിരിച്ചറിയുകയും അയാള്‍ക്കൊപ്പം നില്‍ക്കുകയും വേണം .രാമകൃഷ്ണന്‍ അനുഭവിക്കുന്നത് പറയന്റെയോ ദലിതന്റെയോ മാത്രം പ്രശ്നമല്ലെന്നും ഇത് മനുഷ്യരുടെ പ്രശ്‌നമാണെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങളും തിരിച്ചറിയുമ്പോഴാണ് ”നവോഥാനം ” ഒരു ജീവിത അനുഭവം ആകുന്നത് .
RLV രാമകൃഷ്ണന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജാതി വിവേചനവും അവഗണനയും വിവേചനവും പറയന്റെ മാത്രം പ്രശ്‌നമാണ് എന്ന് കരുതുന്ന ആളുകള്‍ക്ക് ‘കേരളത്തില്‍ ജാതിയില്ലെന്നും എനിക്ക് ഒട്ടുമേ ഇല്ലെന്നും ഭാവിച്ചുകൊണ്ട് ജാതിവാല്‍ ഇല്ലാത്ത പുരോഗമന ശിരോമണി പട്ടം ആസനത്തില്‍ തൂക്കിയിട്ട് സാംസ്‌കാരിക കേരളത്തിന്റെ ഉത്തരം താങ്ങി പല്ലികളായി ജീവിക്കാം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in