വട്ടവട അയിത്താചരണം ബാര്‍ബര്‍ ഷാപ്പുകളിലൊതുങ്ങുന്നില്ലെന്ന് അന്വേഷണസംഘം

വട്ടവട പഞ്ചായത്തിലെ ചക്‌ളിയ സമുദായത്തിനെതിരെ നടക്കുന്ന അയിത്താചരണം തുടരുന്നതിനുള്ള കാരണം സര്‍ക്കാര്‍-ഭരണ സംവിധാനങ്ങളില്‍ നിന്നുള്ള അവഗണന കൂടിയാണെന്ന് ‘ദലിത്-ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്മ’ ആരോപിച്ചു. വട്ടവടിയില്‍ പോയി തെളിവെടുപ്പു നടത്തിയശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചക്‌ളിയ സമുദായത്തില്‍പെട്ടവര്‍ക്ക് ബാര്‍ബര്‍ഷാപ്പുകളില്‍ പ്രവേശനം നിഷേധിക്കുന്നതിന് പരിഹാരമായി പഞ്ചായത്ത് ഭരണസമിതി നേരിട്ട് പുതിയ ബാര്‍ബര്‍ ഷാപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് താല്ക്കാലികമായ ഒരു പരിഹാരം മാത്രമാണ്. ജാതി വിവേചനം നടത്തിയവര്‍ക്കെതിരെ നടപടികളെടുത്തതായി കാണുന്നില്ല. അയിത്താചരണം നടത്തിയവരുടെ കടകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെങ്കിലും മറ്റ് ക്രിമിനല്‍ ്് നിയമനടപടികള്‍ കൈക്കൊണ്ടിട്ടില്ല. കുറ്റം ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നില്ലെങ്കില്‍, കുറ്റവാളികള്‍ അയിത്താചരണം തുടര്‍ന്നുകൊണ്ടിരിക്കും.

ചക്‌ളിയ സമുദായം നേരിടുന്ന ജാതിവിവേചനം ബാര്‍ബര്‍ഷാപ്പില്‍ മാത്രം ഒതുങ്ങുന്നതുമല്ല. ഭരണകൂട സംവിധാനവും പഞ്ചായത്ത് ഭരണസംവിധാനങ്ങളും ജാതിവിവേചനം നിലനിര്‍ത്തുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, പാര്‍പ്പിടം തുടങ്ങിയ എല്ലാ മേഖലകളിലും ചക്‌ളിയ സമുദായം വിവേചനം നേരിടുന്നു. വട്ടവടയിലെ മൂന്ന് പ്രധാന ചക്‌ളിയ സമുദായക്കാരുടെ സങ്കേതങ്ങളില്‍ ‘ബാര്‍ബര്‍ ഷാപ്പ്’ വിവാദ കേന്ദ്രമായ കോവില്ലൂര്‍ അംബേദ്കര്‍ കോളനിയില്‍ മാത്രം എസ്എസ്എല്‍സി പാസ്സായ 50 ഓളം പേരും, പ്ലസ് 2 പാസ്സായ 16 പേരും, ഡിഗ്രി കഴിഞ്ഞ 4 പേരുമുണ്ട്. നാളിതുവരെ ആര്‍ക്കും തൊഴിലുകള്‍ നല്‍കിയിട്ടില്ല. യു.പി. വിദ്യാഭ്യാസം മാത്രം യോഗ്യതയുള്ള മറ്റു സമുദായക്കാര്‍ക്ക് പൊതുസ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കിയിട്ടുമുണ്ട്. വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ചക്‌ളിയ സമുദായക്കാര്‍ക്ക് ശുചീകരണ തൊഴില്‍ മാത്രമെ നല്‍കിയിട്ടുള്ളൂ. ശുചീകരണ തൊഴില്‍ ചെയ്യുന്ന 18 പേര്‍ക്ക് കുറഞ്ഞ വേതനത്തില്‍ താല്ക്കാലിക ജോലി മാത്രമാണ് നല്‍കുന്നത്. കോടതി ഉത്തരവുണ്ടായിട്ടും അവരെ സ്ഥിരപ്പെടുത്തിയിട്ടില്ല. 24 കുടുംബങ്ങള്‍ക്ക് യു.ഡി.എഫ്. ഭരണകാലത്ത് ‘സീറോലാന്റ്‌ലെസ്സ്’ പദ്ധതിയനുസരിച്ച് ഭൂമി അനുവദിച്ചെങ്കിലും നാളിതുവരെ അത് നല്‍കിയിട്ടില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ ഫ്‌ളാറ്റ് സമുച്ചയ പദ്ധതിയോട് ചക്‌ളിയ സമുദായക്കാര്‍ക്ക് യോജിപ്പില്ല. വട്ടവടയിലെ ഭൂഘടനയ്ക്ക് ഫ്‌ളാറ്റുകള്‍ പറ്റിയതല്ലെന്നും ഊര് നിവാസികള്‍ പറയുന്നു. നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന കോവില്ലൂര്‍ കോളനിക്കാര്‍ക്ക് കമ്മ്യൂണിറ്റി ഹാള്‍ പോലുള്ള പൊതുഇടങ്ങളില്ല. വലിയ ജനസംഖ്യ ഉണ്ടെങ്കിലും ഒരു അംഗന്‍വാടി മാത്രമാണുള്ളത്. ജാതി വിവേചനം കാരണം കുട്ടികള്‍ പഠനം നിര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാളേറെ, മറ്റ് മതസ്ഥാപനങ്ങള്‍ നടത്തുന്ന ഹോസ്റ്റലുകളെ ആശ്രയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതമാകുന്നു.

സ്വന്തമായി കൃഷിഭൂമിയില്ലെങ്കിലും, ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. കാര്‍ഷികവൃത്തിയിലും വിദഗ്ധരാണ്. ‘സുഭിക്ഷം’ കാര്‍ഷിക പദ്ധതി പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്നുണ്ടെങ്കിലും പാട്ടകൃഷി ചെയ്യുന്ന ദലിതര്‍ക്ക് പ്രത്യേക പാക്കേജ് ഒന്നും പഞ്ചായത്ത് നടപ്പാക്കിയിട്ടില്ല. സമീപ പ്രദേശത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൃഷി ഭൂമി ലഭ്യമാണെങ്കിലും ഭൂമി നല്‍കി പുനരധിവസിപ്പിക്കാനുള്ള പദ്ധതികളൊന്നും സര്‍ക്കാര്‍ ആലോചിച്ചിട്ടുപോലുമില്ല. രണ്ട് വര്‍ഷം മുന്‍പ് ഗോവിന്ദാപുരം ചക്‌ളിയ കോളനിയില്‍ നിലനില്‍ക്കുന്ന ജാതിവിവേചനത്തിന്റെ മാതൃകയിലുള്ള നിരവധി പരാധീനതകള്‍ കോവില്ലൂരും, സമീപ പ്രദേശങ്ങളിലും പഞ്ചായത്തുകളിലുമുള്ള പട്ടികജാതി വിഭാഗത്തിലെ അതിപിന്നോക്ക വിഭാഗക്കാരായ ചക്‌ളിയ സമുദായക്കാര്‍ക്ക് പറയാനുണ്ട്. കേരളത്തിലെ നിരവധി അതിര്‍ത്തി ഗ്രാമങ്ങളില്‍ ചക്‌ളിയര്‍ തുടങ്ങിയ നിരവധി പിന്നോക്ക വര്‍ഗ്ഗക്കാര്‍ നേരിടുന്ന വിവേചനം ഗുരുതരമാണ്. ചക്‌ളിയ സമുദായം സംസ്ഥാനതലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന ദേശീയ പട്ടിക-ഗോത്ര വര്‍ഗ്ഗ കമ്മീഷനുകള്‍ അടിയന്തരമായി ഇടപെടണം. മാത്രമല്ല, എസ്സി വിഭാഗത്തിലെ അതിപിന്നോക്ക വിഭാഗങ്ങളായ ചക്‌ളിയര്‍, അരുന്ധതിയാര്‍, വേടര്‍, നായാടി, കല്ലാടി തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കി സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സവിശേഷപദ്ധതിക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ രൂപം നല്‍കേണ്ടതാണ്. പട്ടികവര്‍ഗ്ഗക്കാരില്‍ ചില വിഭാഗങ്ങള്‍ക്ക് പി.വി.ടി.ജി. (Perticularity Vulnerable Tribal Group) പദവി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്; പ്രത്യേക പാക്കേജുകളുമുണ്ട്. മേല്‍പറഞ്ഞ പട്ടികജാതി വിഭാഗക്കാരെ പരാധീനതകളുള്ള (Vulnerable) സമുദായങ്ങളായി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക വികസന പാക്കേജുകള്‍ ആവിഷ്‌ക്കരിച്ചിട്ടില്ല.

ചക്‌ളിയര്‍ ഉള്‍പ്പെടെയുള്ള വിഭാഗക്കാരുടെ സവിശേഷ പദ്ധതിക്ക് വേണ്ടി വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ മേഖലകളില്‍ സമഗ്രമായ വിവരശേഖരണം നടത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ അവതരിപ്പിക്കാനും ‘ദലിത്-ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്മ’ തീരുമാനിച്ചു. എം. ഗീതാനന്ദന്‍, സി.എസ്. മുരളീശങ്കര്‍, ആദിവാസി ആക്റ്റിവിസ്റ്റ് ആയ രാമചന്ദ്രന്‍ ഷോല, ‘ആദിശക്തി സമ്മര്‍ സ്‌കൂള്‍’ കോ-ഓര്‍ഡിനേറ്റര്‍ മേരി ലിഡിയ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply