
ഉള്ളില്‍ കൊടിയ ചതിയും പുറമെ മതേതര നാട്യവും
വിവാദം ഉണ്ടാക്കുകയും അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ കുടിലതന്ത്രമാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ വര്‍ത്തമാനകാലം വെറുതെയൊന്ന് ചികഞ്ഞു നോക്കിയാല്‍ ഇത് കാണാനാകും.
2018ല്‍ സുപ്രിംകോടതി ശബരിമലയില്‍ 50 വയസിനു താഴെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹീനമായ ആചാരത്തെ റദ്ദാക്കിയ ദിവസം, ആ ഉത്തരവിനെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയടക്കമുള്ള ഇടതുപക്ഷവും രാഷ്ട്രീയ സ്വയം സേവകര്‍ നയിക്കുന്ന ബിജെപിയും സെക്യുലറിസ്റ്റുകളെന്നു നടിക്കുന്ന കോണ്‍ഗ്രസും സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. എന്നാല്‍ പിറ്റേന്നുതന്നെ ആര്‍ എസ് എസും ബിജെപിയും ആ ഉത്തരവിനെ തള്ളിപ്പറഞ്ഞ്, ഹൈന്ദവ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഏത് ഹിംസയും ചെയ്യുമെന്ന് തെരുവുകളില്‍ ആക്രോശിച്ചു. കോണ്‍ഗ്രസ് ഹിന്ദുത്വയുടെ മൃദുസമീപനം കൈക്കൊണ്ടു. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയാകട്ടെ തങ്ങള്‍ സുപ്രിംകോടതി ഉത്തരവിനെ സെക്യുലറിസ്റ്റ് വിജയമായി കാണുന്നുവെന്ന് പുറമേക്ക് മതേതരത്വം പുലമ്പി. ആ ഉത്തരവിനെ ഉള്ളാലെ വഞ്ചിച്ച് നിയമസമാധാനത്തിന്റെ പേരില്‍, ആചാരം ലംഘിച്ച് ക്ഷേത്രപ്രവേശനത്തിനെത്തിയ 50 വയസിനു താഴെയുള്ള സ്ത്രീകളെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടി ഓടിച്ചു. ചിലരെ കസ്റ്റഡിയിലെടുത്ത്, അടിവാരത്തോ ഇടത്താവളങ്ങളിലോ വിട്ട് പോലീസ് നിരീക്ഷണത്തിലാക്കി. അശ്ലീലമായ ഇരട്ടത്താപ്പും വഞ്ചനയും. 2024 ലോകസഭാ തെരഞ്ഞെടുപ്പു കാലത്ത് തൃശിവപ്പേരൂര്‍ പൂരം കലക്കി ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ വാഴിക്കാനുള്ള ഗൂഢതന്ത്രമാക്കി മാറ്റിയതിന്റെ ഫലമാണ് തൃശൂരില്‍ അദ്ദേഹത്തിന്റെ വിജയമെന്നത് ഇന്ന് ഏറെക്കുറെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉന്നത നേതൃത്വവും ബിജെപി നേതൃത്വവും തമ്മിലുള്ള ഒരിടപാടായിട്ടാണ് ഇത് സാധാരണക്കാരന് കാണാന്‍ കഴിയുക. തൃശൂരിലെ കൃസ്ത്യന്‍ സഭാ നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളും ഇതിനുണ്ടായിരുന്നു എന്ന് സുവിദിതമാണ്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട, ബിജെപിക്കുവേണ്ടി മാറ്റിവെക്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആദ്യപരീക്ഷണത്തിന്റെ ആദ്യപടിയാണോ എന്ന് സംശയം തോന്നുന്ന പ്രവര്‍ത്തികളാണ് കഴകം ജോലിയില്‍ ബി എ ബാലുവിനെ നിയമിക്കുന്നതും തുടര്‍ന്ന് അദ്ദേഹത്തെ ആ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതും. കൂടല്‍ മാണിക്യം ക്ഷേത്രഭരണസമിതിയും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡും ദേവസ്വം ചട്ടങ്ങളും നിയമന നടപടികളും അറിയാതെയാണോ കഴകം ജോലിക്ക് അപേക്ഷ ക്ഷണിച്ചത്? ഈഴവ സമുദായത്തില്‍പെട്ട ബാലുവിനെ കഴകക്കാരനായി നിയമിച്ചത്? 2025 ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 7 വരെ അദ്ദേഹം കഴകം ജോലി ചെയ്തിട്ടുമുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
1984ല്‍ കഴകത്തില്‍ നിന്നുള്ള തുച്ഛവരുമാനം കൊണ്ട് ജീവസന്ധാരണം സാധിക്കില്ലെന്ന് കൂടല്‍ മാണിക്യം ദേവസ്വത്തെ പാരമ്പര്യ കഴകക്കാര്‍ അറിയിച്ചതോടെയാണ് ദേവസ്വം കഴകക്കാരനായി പാരമ്പര്യകഴകക്കാരില്‍ നിന്ന് ഒരാളെ കഴകജോലിക്ക് നിയമിച്ചത്. 1995 മുതല്‍ അദ്ദേഹത്തിന് ദേവസ്വം സ്‌കെയിലില്‍ ശബളം ലഭിച്ചിരുന്നു. 2020ല്‍ അദ്ദേഹം വിരമിച്ചതോടെ താല്‍ക്കാലികമായി പാരമ്പര്യ കുടുംബത്തില്‍ നിന്നൊരാളെ കഴകക്കാരനായി ദേവസ്വം നിയമിച്ചു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് താല്‍ക്കാലികക്കാരനെ പിരിച്ചുവിട്ടാണ് 2025ല്‍ ബാലുവിനെ നിയമിക്കുന്നത്.
കഴകക്കാരന്റെ നിയമനം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ച നിയമത്തിലില്ലെന്ന് പാരമ്പര്യക്കാര്‍ക്കുവേണ്ടി സാമന്തസമാജം സെന്‍ട്രല്‍ കമ്മിറ്റി പറയുന്നു. ഗുരുവായൂര്‍ ദേവസ്വത്തില്‍ പാരമ്പര്യ ആചാരം തന്നെയാണെന്നും. ഇതു ശരിയാണെങ്കില്‍ പിന്നെയെന്തിന് സര്‍ക്കാര്‍ നിയമിച്ച കൊച്ചിന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡും കൂടല്‍ മാണിക്യക്ഷേത്രവും കഴകം ജോലിക്ക് ബാലുവിനെ നിയമിച്ചു? എന്തുകൊണ്ട് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 6 വരെ കഴകജോലി ചെയ്ത ബാലുവിനെ ആ തസ്തികയില്‍ നിന്ന് മാറ്റി? അപ്പോള്‍ ആരാണ് ഈ പ്രശ്‌നം ഉണ്ടാക്കിയത്? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അവര്‍ നിയമിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡും കൂടല്‍ മാണിക്യ ദേവസ്വ ഭരണസംവിധാനവുമാണ് ഇതിന്റെ ഉത്തരവാദികള്‍. കഴകജോലി ചെയ്യാന്‍ ഈഴവനും ദളിതനും മനുഷ്യാവകാശമുണ്ടെന്ന് പാര്‍ട്ടി ദേവസ്വം ബോര്‍ഡിലൂടെ പരസ്യമായി പറയാനും വാദിക്കാനും എന്തുകൊണ്ട് വരുന്നില്ല? എന്തുകൊണ്ട് തന്ത്രിമാരേയും പാരമ്പര്യ കഴകക്കാരേയും തള്ളിപ്പറയുന്നില്ല? അതോ ഇരിങ്ങാലക്കുട സീറ്റ് ബിജെപിക്ക് കാഴ്ച വെക്കാനുള്ള ഗൂഢനീക്കമാണോ ഇത്? കരുവന്നൂര്‍ സ ഹകരണ ബാങ്കിന്റെ തീവെട്ടിക്കൊള്ളയില്‍ ഇരിങ്ങാലക്കുട തങ്ങള്‍ക്ക് അപ്രാപ്യമായേക്കാമെന്ന തിരിച്ചറിവ് ഇതിന്റെ പിന്നിലുണ്ടാകാം.
തന്ത്രിമാരുടേയും കഴകക്കാരുടേയും പാരമ്പര്യങ്ങളിലും അവരില്‍ നിന്നു കേള്‍ക്കുന്ന ‘ആചാരാനുഷ്ഠാനങ്ങളുടെ വിശുദ്ധിയി’ലും ഈ ലേഖകന് തരിമ്പും വിശ്വാസമില്ല. തന്ത്രസ്ഥാനങ്ങളും കഴകപണികളും അവര്‍ സ്വമേധയാ ഉപേക്ഷിച്ച് മറ്റു തൊഴിലുകളിലേര്‍പ്പെട്ടാല്‍ ദൈവങ്ങളുടെ മഹത്വത്തിനോ കീര്‍ത്തിക്കോ യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. രാഷ്ട്രീയക്കാര്‍ക്ക് ക്ഷേത്രങ്ങളുടെ പേരില്‍ ചൂഷണം നടത്താനുള്ള അവസരം ഒരുപരിധിവരെ ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കാം. സെക്യുലറിസ്റ്റുകളെന്നു നടിക്കുന്ന സിപിഎംകാര്‍ക്ക് അവരുടെ കൊടിയ വഞ്ചനകളില്‍ നിന്ന് ഇക്കാര്യത്തിലെങ്കിലും അല്‍പ്പം മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞേക്കാം.
2024ല്‍ ഒബിസി വിഭാഗക്കാരനായ പ്രധാനമന്ത്രി പൂണൂലിട്ട് ബ്രാഹ്മണവേഷത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയതോടെയാണ് ഇന്ത്യ സ്വതന്ത്രയായതെന്ന് ആര്‍ എസ് എസ് മുഖ്യന്‍ പറയും പ്രകാരമാണെങ്കില്‍ കേരളത്തിന് സ്വാതന്ത്ര്യം നല്‍കാന്‍ ഒബിസി വിഭാഗത്തില്‍ പെട്ട ആര്‍ എസ് എസ് നേതാക്കളെ ഗുരുവായൂര്‍, ശബരിമല, കൂടല്‍മാണിക്യം തുടങ്ങിയ ക്ഷേത്രങ്ങളുടെ കാര്യങ്ങളില്‍ അത്തരമൊരു പരീക്ഷണം നടത്താന്‍ നിയോഗിക്കാവുന്നതാണ്. സംസ്ഥാന ഭരണത്തിലെത്താന്‍ അതും ഒരു വഴിയാകാം.
‘ആര്യപുത്രാ ഇതിലെ’ (തന്ത്രിമുഖ്യാ ഇതിലെ) എന്ന ആഹ്വാനം കേട്ട് പിന്തിരിഞ്ഞപ്പോള്‍ പുരോഹിതന്റെ പിന്നാലെ രാഷ്ട്രീയക്കാരന്‍. അയാളുടെ കൈയിലും ചങ്ങലയുണ്ട് – മോചനത്തിനെന്ന കളവു പറഞ്ഞ് മനുഷ്യസമുദായത്തെ പൂട്ടിയിടുക തന്നെ ലക്ഷ്യം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇങ്ങനെ മേധാവിത്തത്തിന്റെ, അജ്ഞതയുടെ ഈതിബാധ നമ്മെ വിടാതെ പിന്തുടരുന്നു. പിടി കൊടുക്കുക വളരെ എളുപ്പമാണ്. ശരാശരി ഇന്ത്യക്കാരന്‍ (കേരളീയനും) ഇന്നു ചെയ്തു വരുന്നതും അതാണ്. എന്നാല്‍ പിടികൊടുക്കാതെ ഉച്ഛ്യംഖലമായ സ്വാതന്ത്ര്യബോധത്തോടെ വെളിച്ചത്തെ വാരിപ്പിടിക്കാന്‍ തുനിയുന്നത് ക്ലേശകരമാണെങ്കിലും ആഹ്ലാദപൂര്‍ണമാണ്. അത്തരമൊരു ചലനം എവിടെ നിന്നുണ്ടാകുന്നതും സ്വാഗതാര്‍ഹമാണ്. 1980ല്‍ വി ടി എഴുതിയതാണ്. ജീവിച്ചതാണ്. (പുറം 537 വി ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍)
ദൈവാധീനം ജഗത്സര്‍വം
മന്ത്രാധീനം തു ദൈവതം
ബ്രാഹ്മണോ മമ ദൈവതം
‘ഏതു ശപ്പനാണ് ഈ സംസ്്കൃത ശ്ലോകത്തിന്റെ കര്‍ത്താവ് എന്ന് എനിക്കറിഞ്ഞുകൂടാ’. വി ടി തുടരുന്നു. ‘ചിരപുരാതന കാലത്ത് ഇവിടെ കുടിയേറിപാര്‍ത്ത ആര്യബ്രാഹ്മണര്‍ പരശു വീശി വെട്ടിപ്പിടിച്ച പുല്ലും പുണ്യാഹവും കൊണ്ട് ആധിപത്യം നേടി…’ (പുറം 152). ഈ വസ്തുത തന്ത്രിമാരും പാരമ്പര്യക്കാരും മനസ്സിലാക്കിയെങ്കില്‍..!
കഴിഞ്ഞില്ല. വി ടിയുടെ ധാര്‍മ്മികരോഷം. ‘ജീവിതത്തിന്റെ മൂല്യം ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ സാഹിത്യകാരന്മാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും കഴിയുന്നില്ല. എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കേണ്ട സാഹിത്യകാരന്‍ എല്ലാവര്‍ക്കും മുമ്പേ ഉറങ്ങുന്നു. മൂല്യതകര്‍ച്ചയുടെ ആദ്യത്തെ ഞെരക്കം കേള്‍ക്കുകയും അവ ഉറക്കെ മാലോകരെ കേള്‍പ്പിക്കുകയും ചെയ്യേണ്ട സാഹിത്യകാരന്‍ ബധിരത നടിച്ച് കിടക്കുന്നു. പുരോഹിതനേയും രാഷ്ട്രീയക്കാരനേയും അതിശയിപ്പിക്കുന്ന സ്വാര്‍ത്ഥത ഇവനേയും പിടികൂടി. ഇവന്‍ രാഷ്ട്രീയക്കാരന്‍ അടിമയായി മാറി. ‘ (പുറം 510)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in