മുത്തങ്ങയുടെ ഒരു വാര്‍ഷികം കൂടി

ഞങ്ങള്‍ ഒരിടത്തും ഒന്നാം തരം പൗരന്‍മാരല്ലല്ലോ? ഇലക്ഷന്‍ വരുമ്പോള്‍ വോട്ട് ചെയ്യാന്‍ പോകുന്ന സമയത്ത് മാത്രമാണ് ഞങ്ങള്‍ ഒന്നാംതരം പൗരന്മാരാകുന്നത് – ഇന്ന് മുത്തങ്ങ ദിനം. പാഠഭേദം സംഘടിപ്പിച്ച ചായല്‍ സബാള്‍ട്ടേണ്‍ ഫെസ്റ്റിവലില്‍ മുത്തങ്ങ@20 സെഷനില്‍ സി കെ ജാനു നടത്തിയ പ്രഭാഷണം.

ഈ ഫെബ്രുവരി 19 വരുമ്പോള്‍ മുത്തങ്ങ സമരം നടന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. മുത്തങ്ങയില്‍ ഒരു സമരമുണ്ടാകാനുള്ള സാഹചര്യം പരിശോധിക്കാം ആദ്യം.

പാരമ്പര്യമായി കാടിന്റെ അവകാശികളും അധിപരുമായിരുന്നു ഒരു കാലത്ത് ആദിവാസികളെല്ലാരും തന്നെ. ആദിവാസികളുടെ ഊര്, പഞ്ചായത്ത്, ഗ്രാമം – അങ്ങനെയായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. കാലക്രമേണ അവരുടെ നാട്, അവരുടെ മണ്ണ്, അവരുടെ പൈതൃകങ്ങള്‍, അവരുടെ ഐഡന്റിറ്റി, അവരുടെ അസ്തിത്വം ഒക്കെ നിരന്തരമായിട്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥ ഉണ്ടായി. അധിനിവേശത്തിന്റേയും കടന്നുകയറ്റത്തിന്റേയുമൊക്കെ ഭാഗമായി ഈ മനുഷ്യരെല്ലാം ഭൂരഹിതരായി മാറുന്ന അവസ്ഥയുണ്ടായി.

കേരളം പോലൊരു സംസ്ഥാനം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് ഭൂപരിഷ്‌കരണം നടപ്പിലാക്കിയ സംസ്ഥാനം എന്നുള്ളതുകൊണ്ടാണ്. ഭൂപരിഷ്‌ക്കരണം പോലും നടപ്പിലാക്കിയ സംസ്ഥാനത്ത് ഇവിടുത്തെ പ്രകൃതിയുടേയും കാടിന്റേയും മണ്ണിന്റേയും അവകാശികളായിരുന്ന ആളുകള്‍ക്ക് ഇന്ന് ഒരു ചെറിയ കുടില് വെക്കാന്‍ സ്ഥലമില്ലാതെ, മരിച്ചാല്‍ അടക്കംചെയ്യാന്‍ ആറടി മണ്ണില്ലാതെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയില്‍ ആദിവാസികളുടെ ജീവിതം ഭീകരമായ ഒരു അന്തരീക്ഷത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ശരിക്കും മുത്തങ്ങ പോലൊരു സമരം ഉണ്ടാവുന്നത്. മുത്തങ്ങ സമരം ഉണ്ടാവുന്നതിന് മുമ്പ് 2001ല്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ കുടില്‍കെട്ടല്‍ സമരം നടക്കുന്നുണ്ട്.

2001ല്‍ കേരളത്തില്‍ 36 ഓളം ആദിവാസികള്‍ പട്ടിണി കിടന്ന് മരിച്ചുപോയി. അതില്‍ എറ്റവും കൂടുതല്‍ പട്ടിണി മരണം നടന്നത് വയനാട് ജില്ലയില്‍ ആയിരുന്നു. വയനാട് ജില്ലയില്‍തന്നെ പുല്‍പ്പള്ളി, മരക്കടവ് കോളനിയില്‍. ഈ പട്ടിണിമരണങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ കുടില്‍ കെട്ടല്‍ സമരം നടത്തുന്നത്.

കുടില്‍ കെട്ടല്‍ സമരത്തെ തുടര്‍ന്ന് അന്ന് അധികാരത്തിലുണ്ടായിരുന്ന ആന്റണി ഗവണ്‍മെന്റ് കേരളത്തിലെ മുഴുവന്‍ ആദിവാസികള്‍ക്കും 6 മാസത്തേക്ക് സൗജന്യ റേഷന്‍ കൊടുക്കും എന്നൊരു പ്രഖ്യാപനം നടത്തി. ആദിവാസികളുടെ ജീവിതം 6 മാസം കൊണ്ട് തീരില്ലാത്തതിനാല്‍ കൃഷി ചെയ്ത് ജീവിക്കാന്‍ ഭൂമിയാണ് വേണ്ടത് എന്നും അതുകൊണ്ട് ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കിക്കൊണ്ട് മാത്രമേ പട്ടിണി മരണങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ എന്നുമാണ് അന്ന് ഗവണ്‍മെന്റുമായി നടന്ന ചര്‍ച്ചയില്‍ വളരെ കര്‍ക്കശമായി പറഞ്ഞിരുന്നത്.

ആ സമരത്തെ തുടര്‍ന്നാണ് കേരളത്തിലെ മുഴുവന്‍ ഭൂരഹിതരായ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാകുന്നതിനനുസരിച്ച് ഒരേക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമി നല്‍കും എന്നൊരു കരാര്‍ ഗവണ്‍മെന്റും ഗോത്രമഹാസഭയും തമ്മില്‍ ഉണ്ടാകുന്നത്. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ഭൂവിതരണം നടന്നുകൊണ്ടിരുന്നത്. അതിനുവേണ്ടി മാത്രം പ്രത്യേകമായൊരു ട്രൈബല്‍ മിഷന് രൂപം കൊടുത്തു. ഈ ട്രൈബല്‍ മിഷനാണ് ഭൂരഹിതരായ ആദിവാസികളെ കണ്ടെത്തുക, ഭൂമി എവിടെയുണ്ടെന്ന് കണ്ടെത്തുക, ഭൂമി വിതരണം ചെയ്യുക എന്നതൊക്കെ നടപ്പാക്കിക്കൊണ്ടിരുന്നത്.

ട്രൈബല്‍ മിഷന്‍ ഉണ്ടാക്കാനുള്ള കാരണം, കേരളത്തിലെ വില്ലേജ് ഓഫീസുകള്‍ വഴി അവരുടെ സ്ഥിരം ജോലികള്‍ക്കിടയില്‍ ഭൂരഹിതരായ ആദിവാസികളേയും അവര്‍ക്ക് വേണ്ട ഭൂമിയും കണ്ടെത്താന്‍ ഉദേ്യാഗസ്ഥര്‍ക്ക് സമയമില്ല എന്ന് പറഞ്ഞതുകൊണ്ടാണ്. അങ്ങനെയാണ് ട്രൈബല്‍ മിഷന് രൂപം കൊടുത്ത്, അങ്ങനെ ഒരു പ്രത്യേക സെക്ഷന്‍ തന്നെ ഗവണ്‍മെന്റ് ഉണ്ടാക്കുന്നത്.

ഇതിന്റെ ഭാഗമായി കേരളത്തില്‍ പലയിടങ്ങളിലായി ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്തിട്ടുണ്ട്. ഇതുവരെ കേരളത്തിലെ മുപ്പത്തി അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് ഭൂമി കൊടുത്തിട്ടുണ്ട്. അതില്‍ പല ഭൂമിയും വാസയോഗ്യമല്ല, ആ ഭൂമി കൊടുക്കുന്ന സമയത്തുതന്നെ ഞങ്ങള്‍ ഗവണ്‍മെന്റിനോട് പറഞ്ഞിരുന്നു, ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി കൊടുത്താല്‍ പോരാ, മൂന്ന് വര്‍ഷത്തേക്ക് ഒരു പുനരധിവാസ പാക്കേജും അതിനോടൊപ്പം നടപ്പാക്കണം എന്ന്. അപ്പോള്‍ മാത്രമേ ആ ആളുകളുടെ കൈയ്യില്‍ ആ ഭൂമി ഉണ്ടാവുകയുള്ളൂ. ഒരേക്കര്‍ ഭൂമി കൊടുത്ത് അതില്‍ പണിയെടുത്താല്‍ അവരുടെ കുടുംബം പട്ടിണിയാകും. അപ്പോള്‍ സ്വന്തം സ്ഥലത്ത് അവര്‍ പണിയെടുക്കാതെ കൂലിപ്പണിക്ക് പോയിക്കൊണ്ടിരിക്കും. അങ്ങനെ വന്നാല്‍ ആദിവാസികള്‍ക്ക് ഭൂമി കൊടുത്തിട്ട് അവര്‍ ആ ഭൂമിയില്‍ പണിയെടുക്കുന്നില്ല എന്ന് പുറത്തുള്ളവര്‍ പറയുകയും പിന്നീട് ആ ഭൂമി അന്യാധീനപ്പെടുന്ന അവസ്ഥയും ഉണ്ടാകും, അതാണ് ശരിക്കും നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ അന്ന് പറഞ്ഞത് 3 വര്‍ഷത്തെ ഒരു പുനരധിവാസ പാക്കേജും അതിനോടൊപ്പം വേണം എന്ന്. വൈദ്യുതി, വീട്, വഴി, വെള്ളം തുടങ്ങി അവരുടെ ഭൂമിയില്‍ പണിയെടുക്കുന്നതിനുള്ള സാമ്പത്തിക സഹായം എന്നിവകൂടി ചെയ്തുകൊടുത്താല്‍ മൂന്നുവര്‍ഷം കഴിയുമ്പോള്‍ അവര്‍ അത് സ്വയം പരിപാലിച്ച് മുന്നോട്ട് പോയിക്കോളും. പിന്നീട് ഈ ആനുകൂല്യം എന്ന വ്യവസ്ഥ കൂടി നിര്‍ത്തലാക്കിയാലും ആളുകള്‍ക്ക് പ്രശ്‌നമില്ല.

പുനരധിവാസ പാക്കേജ് കൂടി ഞങ്ങള്‍ ആവശ്യപ്പെട്ടിരിരുന്നെങ്കിലും ഗവണ്‍മെന്റ് അത് ചെയ്തില്ല. മാത്രമല്ല വാസയോഗ്യമല്ലാത്ത വിതരണം ചെയ്ത ഭൂമി അപ്പപ്പോള്‍ തന്നെ പരാതിയിലൂടെ ഗവണ്‍മെന്റിന്റെ മുമ്പില്‍ എത്തിച്ചിട്ടും ഇതുവരെ വാസയോഗ്യമായ ഭൂമി കണ്ടെത്തിക്കൊടുത്തിട്ടുമില്ല.

കേരളത്തില്‍ ആദിവാസികള്‍ക്ക് എറ്റവും കൂടുതല്‍ ഭൂമി ഒരോ പ്രദേശത്തും ഉണ്ടായിരുന്ന കാലം 1960 ന് മുമ്പായിരുന്നു. ഭൂമിയുടെ നിയമവും വ്യവസ്ഥയും ഒക്കെ വരുന്നതിന് മുമ്പുള്ള കാലത്താണ് ആദിവാസികള്‍ക്ക് ഭൂമി ഉണ്ടായിരുന്നത്. ഈ നിയമങ്ങളൊക്കെ വരുന്ന സമയത്ത് ഗവണ്‍മെന്റ് വളരെ ബുദ്ധിപരമായി ആദിവാസികളെ മാത്രം അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരുന്നു. ഈ നിയമവും വ്യവസ്ഥയും ഒന്നും ബാധകമല്ലാത്ത രീതിയില്‍ ആദിവാസികളെ മാത്രം അതിര്‍വരമ്പിട്ട് മാറ്റി നിര്‍ത്തുകയാണുണ്ടായത്. മറ്റുള്ളവര്‍ക്ക് എല്ലാം പട്ടയം കൊടുക്കുമ്പോഴും ആദിവാസികള്‍ക്ക് അവര്‍ പട്ടയം കൊടുത്തില്ല. ആ സമയത്ത് അവര് പറഞ്ഞ ഒരു കാരണം ആദിവാസികള്‍ക്ക് വിദ്യാഭ്യാസവും വിവരവും ഇല്ല. ആദിവാസികളാരും പഠിച്ച ആളുകള്‍ അല്ല. അതുകൊണ്ട് അവര്‍ക്ക് പട്ടയം കൊടുത്താല്‍ ആ ഭൂമി മറ്റുള്ള ആളുകള്‍ക്ക് വിറ്റുകളയും. ഇതാണ് ആദിവാസികള്‍ക്ക് പട്ടയം കൊടുക്കാത്തതിന്റെ കാരണമായി ഗവണ്‍മെന്റ് പറഞ്ഞത്.

പക്ഷെ 1960ല്‍ ഗവണ്‍മെന്റ് ഭൂപരിഷ്‌കരണ നിയമം കൊണ്ടു വന്നപ്പോള്‍, ഈ പട്ടയമില്ലാത്ത മുഴുവന്‍ ഭൂമിയും ഗവണ്‍മെന്റ് മിച്ചഭൂമിയായിട്ട് പിടിച്ചെടുക്കുന്നുണ്ടായിരുന്നു. ഗവണ്‍മെന്റാണ് ആദ്യമായി ആദിവാസികളെ ഭൂരഹിതരാക്കുന്ന നിലപാട് എടുത്തത്. അതിനുശേഷമാണ് കുടിയേറ്റ കര്‍ഷകരും കൈയ്യേറ്റക്കാരും നാട്ടുകാരും അപ്പുറത്തുള്ളവരും ഇപ്പുറത്തുള്ളവരുമൊക്കെ വന്നു തുടങ്ങുന്നത്. ആദ്യം ആദിവാസികളെ ഭൂരഹിതരാക്കുന്നത് ഭരണാധികാരികളാണ്. അതും പ്രത്യേകിച്ച് ഇടതുപക്ഷ ഗവണ്‍മെന്റ്. അവര്‍ 57ല്‍ അധികാരത്തില്‍ വന്നതിനേത്തുടര്‍ന്നാണ് ഭൂപരിഷ്‌കരണം കൊണ്ടുവരുന്നത്.

ഈ ഭൂപരിഷ്‌കരണം കൊണ്ടുവന്നപ്പോള്‍ കേരളത്തിലെ പട്ടികജാതിക്കാരേയും പട്ടികവര്‍ഗ്ഗക്കാരേയും അതിനകത്ത് ഉള്‍പ്പെടുത്തിയില്ല. പല മീറ്റിംഗുകളിലും, അവസരങ്ങളിലും ഇ.എം.എസും ഒക്കെയായി സംസാരിച്ചപ്പോള്‍ ഭൂപരിഷ്‌കരണത്തില്‍ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ട് എന്ന് സമ്മതിച്ചതായിട്ട് എനിക്കറിയാം. ഈ വിഭാഗങ്ങളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞിട്ടുമുണ്ട്. അങ്ങനെ ഈ വിഭാഗങ്ങളെ ഭൂരഹിതരാക്കിയിട്ട് അവരുടെ ഒരു ഔദാര്യമായി 5 സെന്റില്‍ താഴെ ഒരു കുടികെടപ്പ് അവകാശമാണ് നല്‍കിയത്.

ആദിവാസികളുടെ ഭൂമി മുഴുവന്‍ പിടിച്ചെടുത്ത് അവരെ 5 സെന്റ് ചങ്ങലയില്‍ തളയ്ക്കുന്ന ഒരു പരിപാടിയാണ് അന്നുതൊട്ട് നിരന്തരം നടത്തിക്കൊണ്ടിരുന്നത്. ഇങ്ങനെ നമ്മള്‍ നമ്മുടെ ഭൂമിയുടെ ചരിത്രം ഒന്നുകൂടി പഠിക്കാന്‍ പുറകോട്ട് പോയാല്‍ എങ്ങനെയാണ് ഈ അവസ്ഥ വന്നത് എന്ന് മനസ്സിലാകും.
ഈ പിടിച്ചെടുത്ത ഭൂമി മൊത്തം കേരളത്തിന്റെ ലാന്റ്ബാങ്കില്‍ ആണ് ഗവണ്‍മെന്റ് നിക്ഷേപിച്ചത്, 1974 വരേയും ഇങ്ങനെ മിച്ചഭൂമിയായി പിടിച്ചെടുക്കുന്ന മുഴുവന്‍ ഭൂമിയും ലാന്റ്ബാങ്കിന്റെ കൈയ്യില്‍ വയ്ക്കുകയും 1974ല്‍ വെസ്റ്റിംഗ് ആന്റ് അസൈന്റ്‌മെന്റ് ആക്ട് എന്ന ഒരു പുതിയ ആക്ട് കൊണ്ടുവരികയുമാണ് സംഭവിച്ചത്. മാധവമേനോന്‍ കമ്മീഷന്റെ ശുപാര്‍ശയില്‍ ഉണ്ടാക്കിയതാണ് ഈ ആക്ട്.

കേരളത്തിലെ റവന്യൂ വകുപ്പിന് ഈ ഭൂമി മുഴുവന്‍ പരിപാലിച്ച് കൊണ്ടുനടക്കാന്‍ കഴിയാത്തതിനാലാണ് കുറച്ച് ഭാഗം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കൂടി നോക്കണം എന്നു പറഞ്ഞ് ഫോറസ്റ്റിന് വെസ്റ്റഡ് ഫോറസ്റ്റ് ആയിട്ട് ഭൂമി കൊടുക്കുന്നത്. ഈ വെസ്റ്റഡ് ഫോറസ്റ്റ് ആയി ഭൂമി കൊടുക്കുമ്പോള്‍, മാധവമേനോന്‍ കമ്മീഷന്റെ ശുപാര്‍ശയില്‍ വ്യക്തമായിട്ട് പറയുന്നുണ്ട്, ഇതില്‍ പിടിച്ചെടുക്കുന്ന ഭൂമിയുടെ 50% വും, ഒരു ആദിവാസി കുടുംബത്തിന് 5 ഏക്കര്‍ വച്ച് കൊടുക്കണം എന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.

മിച്ചഭൂമിയായി ആദിവാസികളുടെ ഭൂമി മുഴുവന്‍ ഗവണ്‍മെന്റ് തട്ടിയെടുത്തിട്ട് ആദിവാസികള്‍ക്ക് വേണ്ടി ഇങ്ങനെ ഒരു വ്യവസ്ഥ, നിയമം ഉണ്ടാക്കി. 75 ലെ ഭൂമിയുടെ കാര്യം ഒക്കെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അട്ടപ്പാടിയില്‍ ആണ്. അവരുടെ കൈവശമായിരുന്നു അവസാനം വരെ ഭൂമിയുണ്ടായിരുന്നത്. വയനാട് പോലുള്ള പ്രദേശങ്ങളില്‍ എല്ലാം 60 കളില്‍ത്തന്നെ മുഴുവന്‍ ഭൂമിയും പിടിച്ചെടുത്തു കഴിഞ്ഞിരുന്നു. അട്ടപ്പാടിയിലെ ആദിവാസികള്‍ മാത്രമാണ് ചെറുത്തുനിന്ന് പിന്നീടും കുറേ ഭൂമിയെങ്കിലും അവരുടെ കയ്യില്‍ വച്ചുകൊണ്ടിരുന്നത്.

അതാണ് അന്യാധീനപ്പെട്ട ലിസ്റ്റിലേക്ക് ശരിക്കും പോയിട്ടുള്ളത്. അന്യാധീനപ്പെട്ട ഭൂമിയുടെ വ്യവസ്ഥ പറയുന്നത് 1960 ജനുവരി 1 മുതല്‍ കൈയ്യേറിയ ഭൂമി മുഴുവന്‍ വിട്ടു കൊടുക്കണം എന്നാണ്. മുഴുവന്‍ ഭൂമിയും വിട്ടുകൊടുത്താല്‍ മുഴുവന്‍ ആളുകള്‍ക്കും കൊടുക്കുവാനുള്ള ഭൂമി ഉണ്ടാവും, എന്നാല്‍ അത് വിട്ടുകൊടുത്തിട്ടില്ല. അതിന് പകരം, 1986ല്‍ നായനാര്‍ ഗവണ്‍മെന്റ് വന്നപ്പോള്‍ ആ നിയമം ഭേദഗതി ചെയ്തു. 1986ന് ശേഷം കൈയ്യേറിയ ഭൂമി മാത്രം ആദിവാസികള്‍ക്ക് തിരിച്ചു കൊടുക്കാമെന്നും അതിന് മുമ്പ് കൈയ്യേറിയത് ആരാണോ അവര്‍ക്ക് പട്ടയം കൊടുക്കുക എന്ന ഭേദഗതിയാണ് കൊണ്ടുവന്നത്. ഈ ഭേദഗതി കൊണ്ടുവരുമ്പോഴേക്കും ആദിവാസികളുടെ കൈയ്യില്‍ ഭൂമി ഉണ്ടായിരുന്നില്ല. അതിന് മുമ്പേ തന്നെ മുഴുവന്‍ ഭൂമിയും ആദിവാസികളുടെ കൈയ്യില്‍ നിന്നും പോയിരുന്നു. അപ്പോള്‍ 86ലെ ആക്ട് വരുമ്പോള്‍ പിന്നെ ഭൂമി തിരിച്ചെടുക്കാന്‍ ഇല്ല. അങ്ങനെ ആദിവാസി ഭൂമിയില്‍ മറ്റുള്ളവര്‍ക്ക് പട്ടയം കൊടുക്കാനുള്ള ഒരു അവസരം ഇടതുപക്ഷ ഗവണ്‍മന്റ് തന്നെ സ്ഥാപിച്ചെടുക്കുന്നുണ്ട്. ഇങ്ങനെ ഓരോ സമയത്തുണ്ടായ ഭൂമിയെ സംബന്ധിച്ച നിയമങ്ങളും വ്യവസ്ഥകളും നമ്മള്‍ പരിശോധിച്ചാല്‍ ആദിവാസികള്‍ ഭൂരഹിതരായതിന്റെ ചരിത്രം തെളിയും.

1974ലെ വെസ്റ്റിംഗ് ആന്റ് അസൈന്റ്‌മെന്റ് ആക്ട് പ്രകാരം വയനാട് ജില്ലയിലെ മൂന്ന് താലുക്കുകള്‍, മാനന്തവാടി, ബത്തേരി, വൈത്തിരി താലൂക്ക്, അതില്‍ ഞാന്‍ താമസിക്കുന്നത് മാനന്തവാടി താലൂക്കില്‍ ആണ്, ഈ മാനന്തവാടി താലൂക്കില്‍ മാത്രം വെസ്റ്റിംഗ് ആന്റ് അസൈന്റ്‌മെന്റ് അക്ടില്‍ ഉള്‍പ്പെടുത്തിയ 23000 ഹെക്ടര്‍ ഭൂമിയുണ്ട്. ബത്തേരി താലൂക്കിലും, വൈത്തിരി താലൂക്കിലും അതിലും കൂടുതല്‍ ഭൂമിയുണ്ട്. അപ്പോള്‍ മാനന്തവാടി താലൂക്കിലെ 23000 ഹെക്ടര്‍ ഭൂമി തിരിച്ചെടുത്താല്‍ അതിന്റെ 50% കൊണ്ട് ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും 5 ഏക്കര്‍ വീതം ഭൂമി കൊടുത്തതിന് ശേഷം ഭൂരഹിതരായ ആദിവാസികളല്ലാത്ത മറ്റുള്ളവര്‍ക്കും ഭൂമി കൊടുക്കാന്‍ ഉണ്ടാവും. ഈ നിയമങ്ങളും വ്യവസ്ഥകളും ഒന്നും വച്ചിട്ട് ഗവണ്‍മെന്റ് ഭൂമിയുടെ കാര്യത്തില്‍ ഒന്നും ചെയ്യാതെ വന്നപ്പോഴാണ് നമ്മള്‍ സെക്രട്ടറിയേറ്റ് നടയിലെ കുടില്‍ കെട്ടല്‍പോലുള്ള സമരത്തിലേക്ക് ശരിക്കും വരേണ്ടി വന്നത്.

വെസ്റ്റിംഗ് ആന്റ് അസൈന്റ്‌മെന്റ് ആക്ടില്‍ ഉള്‍പ്പെട്ട 12000 ഏക്കര്‍ ഭൂമിയുണ്ട്, മുത്തങ്ങയില്‍ മാത്രം. മാധവമേനോന്‍ കമ്മീഷന്റെ 50% ഭൂമി എന്ന വ്യവസ്ഥ പ്രകാരം അവിടെയുള്ള 6000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് നിരുപാധികം വിട്ടുകൊടുക്കണം. അതുകൂടാതെ 1914 ലെ ബ്രിട്ടീഷുകാരുടെ ഒരു ഗവണ്‍മെന്റ് ഓര്‍ഡര്‍ പ്രകാരം മുത്തങ്ങ പ്രദേശത്തിന്റെ പാരമ്പര്യാവകാശം ആദിവാസികള്‍ക്കുണ്ട്. അത് രണ്ട് സമുദായത്തിലുള്ള ആദിവാസികള്‍ക്കാണ് ഉണ്ടായിരുന്നത്, ഒന്ന് പണിയ സമുദായത്തിലുള്ള ആദിവാസികള്‍ക്കും മറ്റൊന്ന് കാട്ടുനായ്ക്ക സമുദായത്തിലുള്ള ആദിവാസികള്‍ക്കും. ഇങ്ങനെ എല്ലാ വ്യവസ്ഥകള്‍ പ്രകാരവും നിയമപ്രകാരവും ആദിവാസികള്‍ക്ക് കൊടുക്കേണ്ട ഭൂമിയാണ് ശരിക്കും മുത്തങ്ങയിലെ ഭൂമി.

എന്നാല്‍ ഗവണ്‍മെന്റ് കരാര്‍ പ്രകാരമുള്ള ഭൂവിതരണത്തില്‍ നിന്നും പിന്നോട്ട് പോയപ്പോള്‍ മുത്തങ്ങയില്‍ ഞങ്ങള്‍ പ്രതീകാത്മക കുടില്‍ കെട്ടല്‍ സമരം നടത്തിയപ്പോള്‍ മുഴുവന്‍ ആളുകളും പറഞ്ഞത്, മുത്തങ്ങ റിസര്‍വ്ഡ് ഫോറസ്റ്റാണ് എന്നാണ്. ആദിവാസികള്‍ റിസര്‍വ്ഡ് ഫോറസ്റ്റാണ് നശിപ്പിക്കുന്നത്, അതുകൊണ്ട് ആദിവാസികളെ വെടിവെച്ച് കൊല്ലണം എന്ന് പറഞ്ഞുകൊണ്ടാണ് എല്ലാവരും മുന്നോട്ട് വന്നത്.

സത്യത്തില്‍ മുത്തങ്ങ ഇപ്പോഴും റിസര്‍വ്ഡ് ഫോറസ്‌റ്റേ അല്ല. ഈ പരിസ്ഥിതിപ്രേമികള്‍ എന്നു പറയുന്ന കുറേ ആളുകള്‍ ഉണ്ട്, അവരൊക്കെ ശരിക്കും പ്രകൃതി കൊള്ളയടിക്കുന്ന ആളുകളാണ്, വന മാഫിയയുടെ ആളുകളാണ്. റിസര്‍വ്ഡ് ഫോറസ്റ്റ് നശിപ്പിക്കുന്ന ആദിവാസികളെ വെടിവച്ച് കൊന്നിട്ടായാലും അവിടെനിന്ന് ഇറക്കണമെന്ന് അന്ന് പറഞ്ഞതവരാണ്.

ബിര്‍ളയ്ക്ക് യൂക്കാലികൃഷി ചെയ്യാന്‍ പാട്ടത്തിന് കൊടുത്ത പാട്ട ഭൂമിയെന്ന രേഖയാണ് റിക്കാര്‍ഡിക്കലി ഇപ്പോഴും ഗവണ്‍മെന്റിന്റെ കൈയ്യില്‍ ഉള്ളത്. വേറെ ഒരു റിക്കാര്‍ഡും ഗവണ്‍മെന്റിന്റെ കൈയ്യില്‍ ഇല്ല. ആ ഭൂമിയില്‍ കയറിയതിന് ഞങ്ങള്‍ 600 ഓളം ആളുകളുടെ പേരില്‍ 14 ഓളം വകുപ്പുകളില്‍ കേസ്സ് എടുത്തിട്ടുണ്ടായിരുന്നു. ഫോറസ്റ്റിന്റെ മുഴുവന്‍ ആക്ടുകളും വച്ചിട്ടുള്ള കേസ്സുകളാണ് അന്ന് എടുത്തത്. ബത്തേരി കോടതിയില്‍ ഞങ്ങള്‍ പ്രതികളും ഗവണ്‍മെന്റ് വാദിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഞങ്ങള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടത് നിങ്ങള്‍ മുത്തങ്ങ പ്രദേശത്തെ ഭൂമിയുടെ രേഖ കോടതിയില്‍ കൊണ്ടുവന്ന് ഹാജരാക്കണമെന്നാണ്.

റിസര്‍വ്ഡ് ഫോറസ്റ്റ് ആണെങ്കില്‍ ആ രേഖ ഹാജരാക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന് ഹാജരാക്കിയ ഒരു കടലാസ് ബിര്‍ളയ്ക്ക് യൂക്കാലി പ്ലാന്റ് ചെയ്യാന്‍ പാട്ടത്തിന് കൊടുത്തിട്ടുള്ള ഭൂമിയുടെ 14 വര്‍ഷമായിട്ട് ലീസ് അടക്കാതെ അനധികൃതമായി കൈവശം വച്ചിരിക്കുന്നു എന്നുള്ള ഒരു രേഖ! കേന്ദ്ര ഗവണ്‍മെന്റിന് ഈ ഭൂമി റിസര്‍വ്ഡ് ഫോറസ്റ്റ് ആക്കിത്തരണമെന്ന് പറഞ്ഞുകൊണ്ട് അയച്ച ഒരു കത്തിന്റെ കോപ്പിയുമാണ് അവര്‍ രേഖകളായി കോടതിയില്‍ കൊണ്ടുവന്നത്.

ഇതുകൊണ്ടുതന്നെ ഞങ്ങള്‍ 600 പേരുടെ മേല്‍ 14 വകുപ്പുകളില്‍ എടുത്ത മുഴുവന്‍ കേസുകളും അന്നു തന്നെ തള്ളിപ്പോയി. കാരണം മുത്തങ്ങ ഫോറസ്റ്റ് അല്ലാത്തതു കൊണ്ടു തന്നെ.

പക്ഷെ അതേക്കുറിച്ച് പറഞ്ഞത് ആദിവാസികള്‍ വനഭൂമി വെട്ടിനശിപ്പിക്കുന്നു എന്നാണ്. ആദിവാസികള്‍ കാട് വെട്ടിനശിപ്പിച്ചിരുന്നെങ്കില്‍ ഈ ലോകത്ത് എവിടേയും ഒരു തരി കാടുപോലും അവശേഷിക്കില്ലായിരുന്നു എന്നുള്ളതാണ് സത്യം. ആദിവാസികള്‍ ഉള്ളിടത്ത് മാത്രമാണ് ഈ കാടും പ്രകൃതിയും മണ്ണും ആകാശവും മലിനമാകാതെ നിലനില്‍ക്കുന്നത്.

ആദിവാസികള്‍ മരങ്ങളേയും പ്രകൃതിയേയുമൊക്കെയാണ് ആരാധിക്കുന്നത്. ഇപ്പോള്‍ ഞങ്ങളുടെ പ്രദേശത്ത് ഒരു വലിയ മരം ഉണ്ടെങ്കില്‍ അതിന്റെ ഇല ഞങ്ങള്‍ പറിക്കില്ല, കൊമ്പ് കൊത്തില്ല, ആ പ്രദേശം ഞങ്ങള്‍ മലിനമാകാതെ സംരക്ഷിക്കും. പൂജ നടത്താന്‍ പൂജാമുറി എങ്ങനെയാണോ സൂക്ഷിക്കുന്നത് അതുപോലെയാണ് ആ പ്രദേശത്തെ ഞങ്ങള്‍ സംരക്ഷിച്ച് നിലനിര്‍ത്തുന്നത്. ആദിവാസികള്‍ എവിടെയൊക്കെ ഉണ്ടോ അവിടെ മാത്രമാണ് ഇപ്പോള്‍ സ്വാഭാവിക വനങ്ങള്‍ ഉള്ളത്.

ഏറ്റവും ആദ്യമായിട്ട് ലോകത്തില്‍ നാഷനല്‍ പാര്‍ക്ക് ഉണ്ടാവുന്നത് അമേരിക്കയില്‍ ആണ്. 150 ഏക്കറില്‍ അവിടുത്തെ ആദിവാസികളെ കുടിയിറക്കിക്കൊണ്ടാണ് അവിടെ ആ നാഷണല്‍ പാര്‍ക്ക് ഉണ്ടാക്കുന്നത്. ആദിവാസികള്‍ ഉണ്ടായിരുന്നപ്പോള്‍ അവിടെ ഉറവകളും നീരൊഴുക്കുകളും ജീവജാലങ്ങളും പുഷ്ടിയുള്ള മണ്ണും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ആദിവാസികളെ കുടിയിറക്കി ലോകത്ത് ആദ്യമായി ഉണ്ടാക്കിയ നാഷനല്‍ പാര്‍ക്ക് വെള്ളം വറ്റി ഭൂമി വിണ്ടുകീറി നമ്മുടെ നാട്ടിലെ കൊള്ളുകോരുന്നതുപോലുള്ള ഗര്‍ത്തങ്ങളുണ്ടായി നശിച്ചുപോയി എന്നതാണ് അവസ്ഥ.

എല്ലായിടങ്ങളിലും കാടും പ്രകൃതിയും ഒക്കെ നിലനിര്‍ത്തിയിരുന്നത് ആദിവാസികള്‍ തന്നെയാണ് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അതേ സമയം മറ്റുള്ളവര്‍ കേറിയ ഇടങ്ങളില്‍ ഒന്നും അവശേഷിക്കുന്നില്ല. ഞാന്‍ അട്ടപ്പാടിയെക്കുറിച്ച് ചിന്തിക്കാറുണ്ട്. അട്ടപ്പാടി ഇപ്പോള്‍ വെറും മൊട്ടക്കുന്നുകള്‍ മാത്രമാണ്. അവിടെ മരങ്ങളില്ല, നീരുറവകളില്ല, അവിടെ അക്കുപ്പതി എന്നൊരു പുഴയുണ്ടായിരുന്നു. ആ അക്കുപ്പതി പുഴയിലൂടെ പണ്ട് അപ്പുറത്തേക്കും ഇപ്പുറത്തേക്കും നമുക്ക് ക്രോസ് ചെയ്ത് കടക്കാന്‍ പറ്റില്ല. ഇപ്പോള്‍ അവിടെ ചെന്നാല്‍ കാറ്റ് വന്ന് മണലും നമ്മളേയും ഒരുമിച്ച് അടിച്ച് പറത്തിക്കൊണ്ടു പോകും. അവിടെ ഒരു തുള്ളി വെള്ളംപോലും ഇല്ല. ഓരോ സ്ഥലവും ഒരോ പ്രദേശവും ഇങ്ങനെയാണ് ശരിക്കും നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.

അപ്പോള്‍ അതിനൊക്കെ എതിരായിട്ടുള്ള ഒരു അവകാശ സമരമാണ് മുത്തങ്ങ പോലുള്ള ഒരു പ്രദേശത്ത് നടന്നത്. മുത്തങ്ങയില്‍ വനാവകാശ നിയമം വച്ച് 14 ഏക്കര്‍ ഭൂമി വീതം ആദിവാസികള്‍ക്ക് അളന്നുകൊടുക്കാനുള്ള നിയമപരമായ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആദിവാസികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഈ സാധ്യതകള്‍ എല്ലാം നാളെ ഗവണ്‍മെന്റിന് ചെയ്യേണ്ടിവരും.

അപ്പോള്‍ എല്ലാവരും ചോദിക്കുന്നത് ഇവിടെ ആദിവാസികള്‍ക്ക് മാത്രം ഭൂമി മതിയോ എന്നാണ്, ഞങ്ങള്‍ ഭൂസമരം നടത്തിയപ്പോള്‍ ആദിവാസികള്‍ക്ക് 5 ഏക്കര്‍ ഭൂമിയുടെ കാര്യം പറഞ്ഞപ്പോള്‍ വന്ന ചോദ്യം ആദിവാസികള്‍ക്ക് എന്തിനാണ് 5 ഏക്കര്‍ ഭൂമി? ഞങ്ങള്‍ ഒക്കെ 5 സെന്റ് ഭൂമിയില്‍ വീട് വച്ചിട്ടാണ് ജീവിക്കുന്നത് എന്നാണ്.

ആദിവാസികളില്‍ ജോലി കിട്ടി ഒരു ലക്ഷം, രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങിക്കുന്നവര്‍ ആരുമില്ല. അവര്‍ മണ്ണിലധ്വാനിച്ച് വിഭവങ്ങള്‍ ഉണ്ടാക്കി ഉപജീവനം കഴിയുന്നവരാണ്. അതുകൊണ്ട് മണ്ണ് ആദിവാസികള്‍ക്ക് നിര്‍ബന്ധമായിട്ടും വേണം. അതുപയോഗിച്ചാണ് അവര്‍ മക്കളെ പഠിപ്പിക്കുന്നത്. മറ്റു കാര്യങ്ങളൊക്കെയും ചെയ്യുന്നത്. മണ്ണ് എന്നത് ഇങ്ങനെയുള്ള മനുഷ്യരുടെ മൗലീകാവകാശമാണ്, അതേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടേയോ മന്ത്രിമാരുടേയോ എംഎല്‍എ മാരുടേയോ ഔദാര്യമേയല്ല.

മണ്ണ് മനുഷ്യന്റെ മൗലീകാവകാശമാണ്. അത് ഇല്ലാതാക്കുന്ന കൊടിയ മനുഷ്യാവകാശ ലംഘനമാണ് കേരളം പോലുള്ള സംസ്ഥാനത്ത് നടക്കുന്നത്. ഇവിടെ രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥകള്‍ എന്തുമാത്രമാണ് അധഃപതിച്ചിരിക്കുന്നതെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കൊക്കെ അറിയാം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരമൊരു അവസ്ഥയിലാണ് മുത്തങ്ങയിലേത് പോലുള്ള ഒരു സമരം ഉണ്ടാവുന്നത്. മുത്തങ്ങ സമരത്തേത്തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം മുപ്പത്തയ്യായിരം കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്തിട്ടുണ്ട് എന്നുള്ളത് ശരി തന്നെയാണ്. പക്ഷെ അപ്പോള്‍പോലും കേരളത്തിലെ ഒന്നാംതരം പൗരനെപ്പോലെ ആദിവാസികളെ പരിഗണിച്ചിട്ടില്ല എന്നതാണ് വസ്തുത. ഓരോ സ്ഥലത്തും ആദിവാസികള്‍ക്ക് പട്ടയം നല്‍കുമ്പോള്‍ ആ മേളയുടെ പേര് പട്ടയമേള എന്നാണ്, വലിയ ബോര്‍ഡ് വയ്ക്കും, പട്ടയമേളയെന്ന്. എന്നിട്ട് അവിടെ ആദിവാസികള്‍ 50 പേരുണ്ടാകും. അനാദിവാസികളായിട്ടുള്ളവരും 50 പേരുണ്ടാകും. അനാദിവാസികളായിട്ടുള്ള 50 പേര്‍ക്ക് ഒറിജിനല്‍ പട്ടയം കൊടുക്കും. ആദിവാസികളായ 50 പേര്‍ക്ക് കൈവശരേഖയും കൊടുക്കും.

ഈ കൈവശരേഖ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. നമ്മളൊക്കെ അവിടെ വീട് വച്ച് വാടക കൊടുക്കാതെ താമസിക്കുന്നുണ്ട്. അതുമാത്രമേ ഒരു ഗുണമുള്ളൂ. വേറെ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. ഇപ്പോഴുള്ള ആദിവാസി മക്കളൊക്കെ ഒരു വിധം എല്ലാവര്‍ക്കും ആവശ്യത്തിന് വിദ്യാഭ്യാസം ഉള്ളവരാണ്. അവരുടെ ഉപരിപഠനത്തിന് ആ ഭൂമി പണയം വച്ച് ഒരു ലോണെടുക്കാനോ, അങ്ങനെയുള്ള ഒന്നും സാധിക്കില്ല. ജനാധിപത്യ ഇന്ത്യയിലെ ഒരു പൗരന് കിട്ടുന്ന യാതൊരു അവകാശവും ഇപ്പോഴും ഒരു ആദിവാസിക്ക് കിട്ടുന്നില്ല . ആദിവാസികളെ ഗവണ്‍മെന്റ് തന്നെ ബുദ്ധിപൂര്‍വ്വം മാറ്റി മാറ്റിനിര്‍ത്തിക്കൊണ്ട് രണ്ടാംതരം പൗരന്‍മാരെ സൃഷ്ടിക്കുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

ഞങ്ങള്‍ ഒരിടത്തും ഒന്നാം തരം പൗരന്‍മാരല്ലല്ലോ? ഇലക്ഷന്‍ വരുമ്പോള്‍ വോട്ട് ചെയ്യാന്‍ പോകുന്ന സമയത്ത് മാത്രമാണ് ഞങ്ങള്‍ ഒന്നാംതരം പൗരന്മാരാകുന്നത്. വോട്ട് ചോദിച്ച് വരുന്നവന്മാരുടെ മോന്തക്കിട്ട് കൊടുക്കണം നമ്മള്‍ ആദിവാസികള്‍ എന്നാണ് ഞാന്‍ പറയുന്നത്. വോട്ടിന് വേണ്ടി മാത്രം ഒന്നാംതരം പൗരന്‍മാരാക്കുകയും മറ്റെല്ലാ സമയത്തും മാറ്റി നിര്‍ത്തി, രണ്ടാംതരം പൗരന്മാരാക്കുകയും ചെയ്യുന്ന പരിപാടി തുടരുകയാണ്.

ഈ അടുത്ത കാലത്ത് എനിക്കുണ്ടായ ചില പ്രശ്‌നങ്ങള്‍ ഞാന്‍ പറയാം. ഇപ്പോള്‍ മുപ്പത്തയ്യായിരം പേര്‍ക്ക് ഭൂമി കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞല്ലോ, അതില്‍ പലതിലും രേഖ മാത്രമേയുള്ളൂ ഭൂമി ഇതുവരെ കാണിച്ചു കൊടുത്തിട്ടില്ല. അതിനി കാണിച്ചുതരുന്നതിനായി അടുത്ത സമരം നടത്തേണ്ടുന്ന അവസ്ഥയാണ് ഉള്ളത്.

ഈ അവസ്ഥയില്‍ ഞങ്ങളുടെ കുറച്ച് ആളുകളെ അവിടെയും ഇവിടെയുമൊക്കെയായി കള്ളക്കേസില്‍ പെടുത്തിയിട്ടുണ്ട്, അത് കോടികള്‍ ഡോളര്‍ കടത്തിയതോ സ്വര്‍ണ്ണം കടത്തിയതോ ഒന്നുമല്ല, അടക്ക പറിച്ചത്, അവിടെനിന്നും താഴെവീണ ഒരു തേങ്ങ എടുത്തത് എന്നൊക്കെപ്പറഞ്ഞുള്ള കള്ളക്കേസുകളാണ്. ഈ കള്ളക്കേസിന്റെ പേരില്‍ ഞങ്ങളുടെ ആളുകളെ ജയിലിലേക്ക് കൊണ്ടുപോയി.

ജയിലില്‍ എത്തിയ ഇവര്‍ക്ക് ജാമ്യം എടുക്കാന്‍ പറ്റുന്നില്ല. കാരണം ഇവരുടെ ഭൂമിക്ക് കരം അടയ്ക്കാന്‍ പറ്റില്ല. ഈ കരം അടച്ച രസീത് അവിടെ കൊണ്ടു കൊടുത്താലേ ജാമ്യം കിട്ടുകയുള്ളൂ. അവസാനം അടക്കിപെറുക്കി, തേങ്ങ പെറുക്കി എന്നുള്ള കേസില്‍ ഈ പാവപ്പെട്ടവര്‍ അവരുടെ കേസ് തീരുന്നതുവരെ ജയിലില്‍ കിടക്കേണ്ടിവന്നു.

എന്ത് ജനാധിപത്യമാണ് ഇവിടെ നടക്കുന്നത്? എന്ത് സോഷ്യലിസമാണ് ഇവിടെ നടത്തുന്നത്? കേരളത്തില്‍ മാറി മാറി വന്നുകൊണ്ടിരിക്കുന്ന ഗവണ്‍മെന്റുകള്‍ നിരന്തരം ആദിവാസികളെ ഇങ്ങനെ രണ്ടാംതരം പൗരന്മാരായി മാറ്റിമാറ്റി നിര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു അവസ്ഥയ്ക്ക് ശരിക്കും ഒരു മാറ്റം ഉണ്ടാവണം.

മുത്തങ്ങ സമരത്തിനകത്ത് ബിജെപി യിലുള്ള ആദിവാസികള്‍ ഉണ്ടായിരുന്നു, കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന ആദിവാസികള്‍ ഉണ്ടായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉണ്ടായിരുന്ന ആദിവാസികള്‍ ഉണ്ടായിരുന്നു, എല്ലാ വിഭാഗത്തില്‍ നിന്നുള്ള ആദിവാസികളുമുണ്ടായിരുന്നു. ഞങ്ങള്‍ അവരെല്ലാവരേയും ആദിവാസികള്‍ എന്ന് മാത്രം കണ്ടു, കോണ്‍ഗ്രസ് എന്നോ ബിജെപി എന്നോ കമ്യൂണിസ്റ്റ് എന്നോ കണ്ടില്ല. അതുകൊണ്ട് ഞങ്ങള്‍ അവരെ എല്ലാവരേയും അതിനകത്ത് കൂട്ടി. ആദിവാസി ആളുകളുടെ ഇടയില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായാല്‍ ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ ഞങ്ങളെ രക്ഷിച്ചോളും എന്നുള്ള അന്ധമായൊരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ മുത്തങ്ങ സമരത്തിന്റെ ഒറ്റ ദിവസംകൊണ്ട് ആ വിശ്വാസം തകര്‍ന്ന് തരിപ്പണമായിപ്പോയി. ഈ ആളുകള്‍ സഹായത്തിനായി അവരുടെ അടുത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസ്സുകാരനും ബിജെപിക്കാരനും മാര്‍ക്‌സിസ്റ്റുകാരനുമെല്ലാം മുത്തങ്ങ സമരത്തില്‍ വരാത്ത ആളുകളേപ്പോലും കേസില്‍ കുടുക്കിക്കളഞ്ഞു.

സമരം ചെയ്ത് പിടിച്ചെടുത്ത ഭൂമിയിലാണ് ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത്. അവിടെയുള്ള ആളുകള്‍ക്ക് അത്യാവശ്യം ഭൂമിയുണ്ട്. ഞങ്ങള്‍ 52 വീട്ടുകാരാണ് അവിടെയുള്ളത്. മുത്തങ്ങ സമരത്തേത്തുടര്‍ന്ന് എന്നെ വെടിവച്ച് കൊന്നു എന്ന് എങ്ങനയോ അറിഞ്ഞ് എന്റെ ബോഡി എടുക്കാന്‍ ഒരു 12 വീട്ടുകാര് വന്നു. അങ്ങനെയാണ് അവരോട് പറഞ്ഞത്, സി.കെ. ജാനുവിനെ വെടിവെച്ചുകൊന്നു എന്ന്. അങ്ങനെ എന്റെ ബോഡി എടുക്കാന്‍ വേണ്ടി വന്നപ്പോള്‍ അവര്‍ പ്രതികളായി. അവരിപ്പോള്‍ പോലീസിനെക്കൊന്ന കൊലക്കുറ്റത്തിലെ പ്രതികളാണ്. അവര് മുത്തങ്ങയേ കണ്ടിട്ടില്ല. മുത്തങ്ങയില്‍ വരാത്ത, അവിടുത്തെ സമരത്തില്‍ പങ്കെടുക്കാത്ത അവരിപ്പോള്‍ പോലീസിനെക്കൊന്ന കേസിലെ പ്രതികളായി അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കുകയാണ്. ഇതാണ് ശരിക്കും അവസ്ഥ. അന്നവിടെയുണ്ടായിരുന്ന മുഴുവനാളുകളും, കൊടകില്‍ പണിക്ക് പോയിരുന്നവര്‍ വരെ ആ കേസുകളില്‍ പ്രതികളാണ്.

സുരേന്ദ്രന്‍ മാഷിനെയൊക്കെ അന്ന് പോലീസ് സ്‌റ്റേഷന്റെ അകത്തു വച്ചിട്ടാണ് ആദ്യമായി കാണുന്നത്. അതുവരെ ഞാന്‍ മാഷെ കണ്ടിട്ടുമില്ല, അറിയുക പോലുമില്ല. പോലിസ് സ്‌റ്റേഷന്റെ അകത്തുവച്ച് മാഷെ കൂട്ടിക്കൊണ്ടു വന്നിട്ട് എന്നോട് ചോദിച്ചു, മാഷിനെ അറിയുമോ എന്ന്. ഞാനതു വരെ മാഷിനെ കണ്ടിട്ടില്ലാത്തതു കൊണ്ട് മാഷിനെ അറിയില്ല എന്നു പറഞ്ഞു. അപ്പോള്‍ കണ്ടിട്ടില്ലേ എന്നു പറഞ്ഞുകൊണ്ട് മാഷുടെ മുമ്പിലിട്ട് എന്നെ അവര് തല്ലി, എന്നിട്ട് മാഷിനും കൊടുത്തു അടി. മാഷും എന്നെ കണ്ടിട്ടില്ല, അതുകൊണ്ട് മാഷും പറഞ്ഞു, എന്നെ കണ്ടിട്ടില്ല എന്ന്… അങ്ങനെയാണ് എനിക്കും മാഷിനും അടി കിട്ടിയത്. ഇങ്ങനെയാണ് ഓരോ കാര്യങ്ങളും നടക്കുന്നത്. എനിക്ക് മാഷിനേയോ മാഷിന് എന്നെയോ അറിയില്ല എന്നതാണ് സത്യം, ഗീതാനന്ദന്‍ മാഷിന്റെ ഡയറിയില്‍ സുരേന്ദ്രന്‍ മാഷിന്റെ ഒരു നമ്പര്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. അതും എനിക്ക് അറിയില്ല. എന്നിട്ടാണ് മാഷിനെ അടിച്ച് അദ്ദേഹത്തിന്റെ കരണമൊക്കെപ്പൊട്ടിക്കുന്ന സംഭവത്തിലേക്ക് എത്തുന്നത്.

അപ്പോള്‍ 20 വര്‍ഷത്തിലേക്ക് നമ്മുടെ മുത്തങ്ങ സമരം വരുമ്പോഴും ഭൂമിക്ക് വേണ്ടി നിരന്തരം ആദിവാസികള്‍ക്ക് സമരം ചെയ്യേണ്ടിവരുന്ന അവസ്ഥയാണ് ഉള്ളത്. ഈ അടുത്ത് എനിക്കൊരു ആക്‌സിഡന്റ് ഉണ്ടായത് നിലമ്പൂര്‍ കഠഉജ ഓഫീസിന് മുമ്പില്‍ നടക്കുന്ന ഭൂസമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ്. അവിടെ ഇപ്പോഴും ആദിവാസികള്‍ തങ്ങള്‍ക്ക് വീടുവച്ച് താമസിക്കാന്‍വേണ്ടി സ്ഥലം വേണം എന്ന് പറഞ്ഞുകൊണ്ട് സമരം നടക്കുന്നുണ്ട്. 200 കുടുംബങ്ങള്‍ 225 ദിവസങ്ങളായി ഭൂമിക്ക് വേണ്ടി സമരം ചെയ്തു കൊണ്ടിരിക്കുന്നു. അതിന് തൊട്ടപ്പുറത്ത് സര്‍ക്കാര്‍ ഉണ്ടാക്കിയ കാരാഗൃഹം ഞാന്‍ പോയി കണ്ടു. ഫ്‌ളാറ്റ് എന്നാണ് പറയുന്നത്. ഇവിടുത്തെ ജയില്‍ അതിനേക്കാള്‍ എത്രയോ സൗകര്യമുള്ള ഇടമാണ്. ഞാനിപ്പോള്‍ ഇടക്കിടക്ക് ജയിലില്‍ പോകാറുള്ളതുകൊണ്ട് ജയിലിന്റെ അകവും പുറവും എല്ലാം എനിക്ക് നന്നായിട്ട് അറിയാം. ജയിലിനേക്കാള്‍ ദുരിതമയമായിട്ടുള്ള സ്ഥലമാണ് അവിടെ ഫ്‌ളാറ്റ് ആയിട്ട് ഉണ്ടാക്കി കൊടുത്തിട്ടുള്ളത്. എന്നിട്ട് അതിനകത്ത് ഒരു കുടുംബം, അതിന് ഒരു വാതില്‍, എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളും അതില്‍ നിന്ന് രക്ഷപ്പെടില്ല, ഒറ്റയടിക്ക് എല്ലാവരും തീര്‍ന്നു പോകും.

അങ്ങനെ ഭീകരമായിട്ടുള്ള ഒരു കാരാഗൃഹമാണ് അവിടെ ഉണ്ടാക്കിവച്ചിട്ടുള്ളത്. അതൊക്കെ ഇടിച്ച് തകര്‍ക്കണമെന്നാണ് ഞാന്‍ പറയുന്നത്. ആദിവാസികള്‍ ആകാശത്തിലും ഫ്‌ളാറ്റിലും ഒന്നും ജീവിക്കുന്ന ആളുകളല്ല. അങ്ങനെ ബലമായി ആദിവാസികളെ താമസിപ്പിക്കുമ്പോള്‍ അവരുടെ അസ്തിത്വം, അവരുടെ ഐഡന്റിറ്റി, അവരുടെ വിശ്വാസങ്ങള്‍, അവരുടെ സംസ്‌കാരം എല്ലാം പൂര്‍ണ്ണമായിട്ട് ഇല്ലാതാവുകയാണ്. ഈ മണ്ണുമായി ബന്ധപ്പെട്ടാണ് ഞങ്ങളുടെ അസ്തിത്വവും ഐഡന്റിറ്റിയും ഞങ്ങളുടെ ആചാരങ്ങളും ഒക്കെ നിലനില്‍ക്കുന്നത്. ഈ മണ്ണില്ലെങ്കില്‍ ഞങ്ങളുടെ ആചാരങ്ങളും ഇല്ല. എല്ലാം തീര്‍ന്നു അതോടുകൂടി. അങ്ങനെ ഞങ്ങളെ അസ്തിത്വവും വ്യക്തിത്വവും ഇല്ലാത്ത ആളുകള്‍ ആക്കി മാറ്റി. ചെകുത്താനും കടലിനും ഇടയിലാണ് ഈ ആദിവാസി മനുഷ്യരെ മുഴുവന്‍ നിര്‍ത്തിയിരിക്കുന്നത്.

ഇത്രയൊക്കെ വ്യക്തമായി ഞങ്ങള്‍ ഇതു പറഞ്ഞു കൊണ്ടിരുന്നിട്ടും ഈ ജനാധിപത്യ കേരളത്തിന് ഇത് മനസിലാകാത്തതെന്താണ് എന്നതാണ് എന്റെ ഒരു പ്രശ്‌നം. സോഷ്യലിസവും സാക്ഷരതയിലെ നൂറ് ശതമാനവും ഒക്കെ കൊട്ടിഘോഷിക്കുന്ന കേരളം സ്ത്രീകളൊക്കെ ഏറ്റവും മുന്‍പന്തിയിലാണ് നില്‍ക്കുന്നത്, അവരൊക്കെ എല്ലാം നേടിക്കഴിഞ്ഞു എന്നൊക്കെപ്പറയുന്ന കേരളത്തില്‍. ഈ മണ്ണിന്റേയും പ്രകൃതിയുടേയും മക്കള്‍, മരിച്ചാല്‍ അടക്കാന്‍ ആറടി മണ്ണിന് വേണ്ടി യാചിച്ച് സമരം ചെയ്യുന്ന അവസ്ഥയില്‍ ഈ കേരളത്തിന്റെ വികസനം എവിടെയാണ്? എങ്ങനെയാണ് ഈ വികസനം ഉണ്ടാക്കിയത്? ആര്‍ക്കു വേണ്ടിയിട്ടാണ് അത് നടത്തിയത്? ഈ ആളുകളെ എവിടെയാണ് ശരിക്കും പരിഗണിച്ചത്? ഇപ്പോഴും പഴയ മാടമ്പി/അടിമത്വത്തിനപ്പുറത്തേക്ക് ഒരു സംവിധാനവും മാറിയിട്ടില്ല എന്നതാണ് ശരിക്കും വസ്തുത. അതിന് മാറ്റമുണ്ടാവണം. സാമൂഹ്യ വ്യവസ്ഥയില്‍തന്നെ ഒരു മാറ്റം ഉണ്ടാവണം. അത്തരത്തിലൊരു മാറ്റത്തിലേക്ക് വന്നാലേ ഈ കാര്യത്തിലൊക്കെ ഒരു ഇടപെടല്‍ നടത്താന്‍ നമുക്ക് പറ്റുകയുള്ളൂ.

പണ്ടുകാലത്ത് ജന്മിയും അടിമയും ആയിരുന്നു. എന്റെ അച്ഛനും അമ്മയുമൊക്കെ ജന്മിയുടെ അടിമപ്പണിക്കാരായിരുന്നു. ഈ ജന്മികള്‍ ഒരു കാലഘട്ടത്തില്‍ ഇല്ലാതായി. ഈ ജന്മികള്‍ മുഴുവന്‍ രാഷ്ട്രീയത്തമ്പുരാക്കന്മാരായി രൂപാന്തരപ്പെട്ടു. എന്നാല്‍ ഈ അടിമകളെപ്പോഴും അടിമകളായിട്ടു തന്നെ നിലനില്ക്കുന്നു. ഇപ്പോള്‍ ജന്മി ഇല്ലാത്തതു കൊണ്ട് ഈ ആളുകള്‍ പാര്‍ട്ടികള്‍ക്ക് അടിമകളാണ്. ജന്മികള്‍ രാഷ്ട്രീയത്തമ്പുരാക്കന്മാരായി രൂപാന്തരപ്പെട്ടതുകൊണ്ട് അവര്‍ എംഎല്‍എ, എംപി, മന്ത്രി ഒക്കെ ആയി പരിവര്‍ത്തനപ്പെട്ടു. എന്നാല്‍ അടിമകള്‍ ഇപ്പോഴും പരിവര്‍ത്തനപ്പെടാതെ അവിടെത്തന്നെ നില്‍ക്കുകയാണ്. ഇതിന് എന്താണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്, എങ്ങനെയാണ് ഇതില്‍ ഇടപെട്ട് കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുക? പ്രസംഗിക്കുകയും കാര്യങ്ങള്‍ പറയുകയും ഒക്കെ ചെയ്യുക എന്നതിനപ്പുറത്തേക്ക് പ്രായോഗികമായി എന്ത് ചെയ്യാന്‍ കഴിയും എന്നാണ് ആലോചിക്കേണ്ടത്.

എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം ഇങ്ങനെ സംഭവിക്കുന്നത്? മറ്റു സ്‌റ്റേറ്റുകളിലേക്ക് പോകുമ്പോള്‍ അവിടെയുള്ളവര്‍ പറയുന്നത് കാര്യങ്ങള്‍ ഒക്കെ നന്നായി നടത്തുന്നതുകൊണ്ടാണ് സി.കെ. ജാനുവിനേപ്പോലൊരു നേതാവ് ഉണ്ടായതെന്നാണ് . ഇവിടുത്തെ കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെ തിക്തഫലമായിട്ടാണ് സി.കെ. ജാനു ഉണ്ടായിവന്നിട്ടുള്ളത് എന്ന് അവര്‍ക്ക് അറിയില്ലല്ലോ? ഞാനിവിടെ എന്തെങ്കിലും ചെയ്ത്കളയാം എന്ന് വിചാരിച്ചിട്ട് തുനിഞ്ഞ് ഇറങ്ങാന്‍ സാഹചര്യമുള്ള ആളൊന്നുമല്ല, സമാധാനത്തോടെ പണിയെടുത്ത് മക്കളേയും പോറ്റി വീട്ടില്‍ കിടന്നുറങ്ങി ജീവിക്കണമെന്ന് ആഗ്രഹമുള്ള ആളുകളാണ് ഞങ്ങള്‍, ദിവസവും സമരവും സംഘര്‍ഷവുമായി നടക്കാന്‍ ഒരാള്‍ക്കും ആഗ്രഹമില്ല. പക്ഷെ നിവൃത്തിയില്ലെങ്കില്‍ എന്തു ചെയ്യും?

മുത്തങ്ങ സമരത്തിന്റെ 20 വര്‍ഷം തികയുന്ന ഈ സമയത്തു പോലും മനുഷ്യര്‍ മരിച്ചാല്‍ അടക്കം ചെയ്യാന്‍ മണ്ണിനുവേണ്ടി സമരം ചെയ്യുന്ന ഒരു അവസ്ഥയുണ്ട് ഇവിടെ. ഈ ഒരു അവസ്ഥയെ എങ്ങിനെയാണ് നമുക്ക് മറികടക്കാന്‍ പറ്റുക? ഇവിടെ ഭൂമി ഇല്ലാത്തതൊന്നുമല്ല പ്രശ്‌നം, ഇവിടെ ഭൂപരിഷ്‌കരണം നടത്തി, എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ കാലമത്രയും കേരളത്തില്‍ ഒരു ജനാധിപത്യ ഗവണ്‍മെന്റ് ഉണ്ടായിട്ടില്ല. വെറും കൂട്ടിക്കൊടുപ്പുകാരായിട്ടുള്ള ദല്ലാള്‍ ഗവണ്‍മെന്റുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.

1957ല്‍ അധികാരത്തില്‍ വന്നത് ഇ.എം.എസ്. ഗവണ്‍മെന്റാണ്, ഭൂപരിഷ്‌കരണം ഉണ്ടാക്കിയത് അവരാണ്. തോട്ടംഭൂമി ഭൂപരിഷ്‌കരണത്തിനകത്ത് അവര്‍ പെടുത്തിയില്ല, ട്രസ്റ്റുകളുടെ ഭൂമി അവര്‍ പെടുത്തിയില്ല, ക്ഷേത്രങ്ങളുടെ ഭൂമി പെടുത്തിയില്ല. കേരളത്തിലെ എല്ലാ ഭൂമിയും ഭൂപരിഷ്‌കരണത്തില്‍ വരേണ്ടതല്ലേ? എന്തുകൊണ്ട് തോട്ടം ഭൂമി വന്നില്ല? എന്തുകൊണ്ട് ട്രസ്റ്റുകളുടെ ഭൂമി വന്നില്ല? എന്തുകൊണ്ട് ക്ഷേത്രങ്ങളുടെ ഭൂമി വന്നില്ല? അപ്പോള്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടേയും അമ്പലങ്ങളുടേയും പള്ളികളുടേയും കൂട്ടിക്കൊടുപ്പുകാരായാണ് അവര്‍ അധികാരത്തില്‍ വരുന്നത്. ഇപ്പോഴും അതുതന്നെയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നതും.

ഒരു ജനാധിപത്യ ഗവണ്‍മെന്റും ജനാധിപത്യ പ്രക്രിയയും ഇക്കാലമത്രയും കേരളത്തില്‍ വന്നിട്ടില്ല എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. അങ്ങനെയൊന്ന് വന്നാല്‍ മാത്രമേ നമ്മെപ്പോലുള്ള വിഭാഗങ്ങളെ പരിഗണിക്കാന്‍ സാഹചര്യമുണ്ടാവു. അല്ലാത്തിടത്തോളം കാലം ഇത്തരത്തിലുള്ള മനുഷ്യരെ പരിഗണിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ എപ്പോഴും രണ്ടാംതരം പൗരന്മാരായി മാറ്റി മാറ്റി നിര്‍ത്തപ്പെടുന്നത് തുടര്‍ന്നുപോകും.

ആരെങ്കിലും സംസാരിക്കുമ്പോള്‍ ഈ കാര്യങ്ങളുടെയൊക്കെ ഉള്ളിലേക്ക് ഇറങ്ങി പരിശോധിക്കാനും പഠിക്കാനും ചര്‍ച്ച ചെയ്യാനും തയ്യാറാകുന്നുണ്ടോ? കേരളത്തില്‍ ഉള്ള ആളുകളുടെ ഒരു സ്വഭാവം, മുകളില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് പാടിപ്പാടി നടക്കുന്ന ഒരു രീതിയിലു ള്ളതാണ്. ഈ പാടിക്കൊണ്ടിരിക്കുന്നത് നല്ല വരിയാണോ, ചീത്ത വരിയാണോ എന്നുള്ളത് ഒന്ന് പരിശോധിക്കാനുള്ള മനസ്സുപോലും മലയാളികള്‍ക്കില്ല. അവര് പാടിത്തന്നത് നമ്മളും പാടുന്നു, അത്ര തന്നെ! അതിനപ്പുറത്തേക്ക് വേറെ പരിപാടികളൊന്നുമില്ല. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിട്ടുള്ള ഒരു സംഭവം ശരിക്കും ഉണ്ടാവണം.

ആദിവാസികള്‍ ഭൂമി വേണം എന്ന് പറയുന്നത് ആദിവാസികള്‍ക്ക് ജീവിക്കാന്‍ വേണ്ടി മാത്രമല്ല, ആദിവാസികള്‍ ഒരു വര്‍ഷം കൃഷി ചെയ്ത് ഉണ്ടാക്കുന്നത് മുഴുവന്‍ ആദിവാസികള്‍ തന്നെ തിന്ന് തീര്‍ക്കുന്നില്ലല്ലോ. തൊട്ടടുത്ത മാര്‍ക്കറ്റില്‍ എത്തുന്ന വിഭവങ്ങള്‍ വാങ്ങിച്ചുതിന്നുന്ന നിങ്ങള്‍ ഓരോരുത്തരും ഈ സമരത്തിന്റെ ഗുണവശത്തിന്റെ പങ്കാളികളല്ലേ? പിന്നെയെങ്ങനെയാണ് ഇത് ആദിവാസികള്‍ക്ക് വേണ്ടി മാത്രമുള്ളതായി മാറുക? ആദിവാസികള്‍ അവരുടെ വിയര്‍പ്പും അധ്വാനവും ഈ മണ്ണില്‍ അര്‍പ്പിച്ച് ഉണ്ടാക്കുന്ന വിഭവങ്ങള്‍ വാങ്ങിച്ച് തിന്നിട്ടാണ് നിങ്ങള്‍ ഇങ്ങനെ തടിമാടന്മാരായി കഴിയുന്നത്. നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ ഇതൊന്നും ചെയ്യില്ല. ഇത് ആദ്യം മുതല്‍ക്കുതന്നെ ആദിവാസികള്‍ നന്നായിട്ട് ചെയ്യുന്നുണ്ട്, കാലങ്ങളായിട്ട് ഈ മനുഷ്യര്‍ ഇതു ചെയ്യുന്നതുകൊണ്ടാണ് നിങ്ങളൊക്കെ വലിയ പാന്റും കോട്ടും എല്ലാമിട്ട് ഡയറിയും കക്ഷത്തില്‍ വച്ച് നടക്കുന്നത്. ലോകത്ത് ആരോ ആയിപ്പോയി എന്നാണ് വിചാരം! ഒരു മണ്ണാംകട്ടയുമല്ല നിങ്ങള്‍.

അപ്പോള്‍ ആ രീതിയില്‍ നിങ്ങളെ ആക്കുന്നതില്‍പോലും ഈ ആളുകള്‍ക്ക് നല്ല പങ്കുണ്ട്. ഭൂമിയില്ലെങ്കിലും മറ്റുള്ളവരുടെ ഭൂമിയില്‍ പോയിട്ട് വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്ന പണിയാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബാക്കിയുള്ള ആളുകള്‍ക്ക് സ്ഥലം കിട്ടിയാല്‍ അവര്‍ അവിടെ റബ്ബറ് വെയ്ക്കും, എത്ര ആളുകള്‍ ഇവിടെ റബ്ബര്‍ഷീറ്റ് തിന്ന് ജീവിച്ചിട്ടുണ്ട്? തിന്നാനുള്ള മുഴുവന്‍ വിഭവങ്ങളും ഉണ്ടാക്കിക്കൊടുത്തത് ഈ പാവപ്പെട്ട മനുഷ്യരാണ്. കേരളത്തിലെ പട്ടികജാതിക്കാരനും പട്ടികവര്‍ഗ്ഗക്കാരനും തന്നെയാണ് ഇതെല്ലാം ഉണ്ടാക്കുന്നത്. അത് കഴിച്ച് അതിന്റെ അഹങ്കാരം മുറ്റിയ ആളുകളാണ് നിങ്ങളൊക്കെ.

കുറച്ച് കാലമായി ഞാന്‍ സജീവമല്ലായിരുന്നു, രണ്ട് വര്‍ഷം കൊറോണയായിട്ട് വിട്ടില്‍ത്തന്നെ നിന്നു. പിന്നെ ആത്മകഥ തീര്‍ക്കാനായി അതിന്റെ കാര്യങ്ങളുമായി നിന്നു. പിന്നെ ഒരു വര്‍ഷം. എന്റെ മോള് വീട്ടില്‍ ഉള്ളതുകൊണ്ട് മോളെ ഇട്ടിട്ട് പോകാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ത്തന്നെ നില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും ഞാന്‍ മോളെ ഹോസ്റ്റലില്‍ ആക്കിയിട്ട് സജീവമായി ഈ പ്രശ്‌നങ്ങളുമായി ഇറങ്ങുകയാണ്. ഇപ്പോള്‍ എനിക്ക് മനസിലായി, ഞാന്‍ നിറുത്തിയതിനേക്കാള്‍ വളരെ ഭീകരമായ ഒരു അന്തരീക്ഷത്തിലാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്ന്.

മുത്തങ്ങയേക്കാള്‍ വലിയ സമരങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറന്നു വന്നുകൊണ്ടിരിക്കുകയാണ് കേരളത്തില്‍. മുത്തങ്ങയുടെ 20 വര്‍ഷം കഴിഞ്ഞിട്ടും അവസ്ഥകള്‍ മാറിയിട്ടില്ല എന്നുള്ളത് ആദിവാസികളുടെ ഗതികേടായി ഈ സമൂഹം കാണരുത് എന്നുള്ളതാണ് എനിക്ക് ഇതേക്കുറിച്ച് പറയാനുള്ളത്. ഇവിടെയുള്ള മറ്റുള്ള ആളുകളുടെയൊക്കെ അകറ്റി നിര്‍ത്തലുകളുടെ, അയിത്തത്തിന്റെ ഒക്കെ തിക്തഫലമായിട്ടാണ് ഇത് ഇങ്ങനെയൊക്കെ ഉണ്ടാവുന്നത്. ഇത് തിരിച്ചറിയാനുള്ള ഒരു സാമാന്യബോധം നമ്മുടെ ആളുകള്‍ക്ക് ഉണ്ടാവണം എന്ന് പറയാനാണ് ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നത്.

വളരെ ശക്തമായ സമരങ്ങളല്ലാതെ ആദിവാസികളുടെ മുന്നില്‍ വേറെയൊരു മാര്‍ഗ്ഗവും ഇല്ല. ഇനി സമരം ചെയ്ത് കൂട്ടത്തോടെ മരിക്കാനാണെങ്കില്‍ ആ മാര്‍ഗ്ഗം സ്വീകരിക്കുക. അതല്ലാതെ വേറെ ഒരു ബദല്‍ സംവിധാനം ഉണ്ടാവേണ്ടേ? ഒരു ബദല്‍ സംവിധാനം ഉണ്ടായാല്‍ മാത്രമല്ലേ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യതയുണ്ടെന്ന് പറയാന്‍ പറ്റുകയുള്ളൂ. അതില്ലല്ലോ, ശരിക്കും അത് ഇല്ലാത്തപ്പോള്‍ വേറെ എന്തു ചെയ്യും?

മുത്തങ്ങ പോലൊരു സമരം നടന്നപ്പോള്‍ ലോകം മുഴുവന്‍ അത് അറിഞ്ഞു. അതുപോലെ കേരളത്തില്‍ ഭൂമിയുണ്ട് എന്നും ലോകം അറിഞ്ഞു. അതുവരെ ഞങ്ങള്‍ സമരം ചെയ്തപ്പോള്‍ പറഞ്ഞത് കേരളത്തില്‍ 5 സെന്റില്‍ കൂടുതല്‍ തരാന്‍ ഭൂമിയില്ല എന്നാണ്. അതിനുശേഷം രാജമാണിക്യം കമ്മീഷന്‍ വന്ന് സര്‍വ്വേ നടത്തി. അതിനുംശേഷം രംഗനാഥന്‍ കമ്മീഷന്‍ വന്നു. ഇവരൊക്കെ കോടിക്കണക്കിന് ഹെക്ടര്‍ ഭൂമി ഓരോരുത്തരുടേയും കൈവശം അനധികൃതമായി ഉണ്ട് എന്ന് കണ്ടെത്തി. അങ്ങനെ കണ്ടെത്തിയ ഭൂമി തിരിച്ചെടുക്കാന്‍ രാഷട്രീയ ഇച്ഛാശക്തിയും നട്ടെല്ലും തന്റേടവുമില്ലാത്ത ഗവണ്‍മെന്റുകള്‍ കാലാകാലമായി വന്നുകൊണ്ടിരിക്കുമ്പോള്‍ എന്തു ചെയ്യാന്‍ കഴിയും? അത് തിരിച്ചെടുക്കാനുള്ള ആണത്തവും ആര്‍ജ്ജവവുമെങ്കിലും കാണിക്കേണ്ടേ? അതും ചെയ്യുന്നില്ല. ഇങ്ങനെയുള്ള ഒരു അവസ്ഥയില്‍ സമരമല്ലാതെ വേറെ എന്താണ് ഒരു മാര്‍ഗ്ഗം? വളരെ ശക്തമായ ഒരു സമരത്തിന്റെ സാഹചര്യങ്ങള്‍ ഉണ്ടായി വരുകയാണ്. മുത്തങ്ങയേക്കാള്‍ വലിയ സമരങ്ങള്‍ ചെയ്യേണ്ടി വരും.

എനിക്കിവിടെ രണ്ട് വാക്ക് കൂടെ പറയാനുള്ളത് ഈ അടുത്ത ദിവസം മരണപ്പെട്ടുപോയ കുഞ്ഞാമന്‍ സാറിനേക്കുറിച്ചാണ്. കുഞ്ഞാമന്‍ സാറിന് വേണ്ടി വേറെയും വലിയൊരു അനുസ്മരണ യോഗം നടത്തണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്, കുഞ്ഞാമന്‍ സാറിനെ 1994 മുതല്‍ എനിക്ക് അറിയാം. ഞാന്‍ ആദ്യമായി സാറിനെ പരിചയപ്പെടുന്നത് എറണാകുളത്തു വച്ച് നടന്ന ഒരു സെമിനാറില്‍ വച്ചാണ്. സാമ്പത്തിക വിഷയത്തേക്കുറിച്ചുള്ള സെമിനാറാണ് അന്ന് സാര്‍ നടത്തിയത്, അതിനുശേഷം പിന്നെ നിരന്തരമായി കുഞ്ഞാമന്‍ സാറുമായിട്ട് ആശയവിനിമയം നടത്തിപ്പോന്നു. ഫോണ്‍വിളികളും സംസാരങ്ങളും മീറ്റിംഗുകളും ഒക്കെയായി ഒരു പാട് അവസരങ്ങള്‍, കേരളത്തില്‍ ശരിക്കും സമരയോദ്ധാവായിട്ടുള്ള ആളാണ് കുഞ്ഞാമന്‍ സാറ്.

എല്ലാ കാര്യത്തിലും കുഞ്ഞാമന്‍ സാറ് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും, പറയുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കാര്യവട്ടം യൂനിവേഴ്‌സറ്റിയില്, ഡല്‍ഹിയിലെ ജെഎന്‍യുവില് ഒക്കെ സാര്‍ ഉണ്ടായിരുന്നപ്പോള്‍ സാറിന്റെ പരിപാടികളിലേക്ക് ഞാന്‍ പോയിട്ടുണ്ട്. സാധാരണ ആളുകളേപ്പോലെയല്ലാതെ പീഢനങ്ങളും അവഗണനകളും ഒക്കെ നേരിട്ട് ജീവിച്ച ഒരു മനുഷ്യന്റെ ഉള്ള് പുറത്തേക്ക് പ്രകടിപ്പിക്കുന്ന സമീപനമാണ് കുഞ്ഞാമന്‍ സാറില്‍നിന്നും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കാര്യവട്ടം കാമ്പസില്‍ ഒരു അഞ്ച് പത്ത് പ്രാവശ്യമെങ്കിലും ഞാനും സാറും ഒക്കെ ഒരുമിച്ച് ഇരുന്നിട്ടുണ്ട്. ഡല്‍ഹിയില്‍ ആണെങ്കിലും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണെങ്കിലും അവിടെ എല്ലാം ഒരുമിച്ച് ഇരുന്നിട്ടുണ്ട്. പറയാനുള്ളത് വളരെ സ്പഷ്ടമായും വ്യക്തമായും പറയുന്ന ഒരാളാണ്. സാര്‍ ചെറുപ്പകാലത്ത് അനുഭവിച്ച ദുരിതമൊന്നും ഞാന്‍ അനുഭവിച്ചിട്ടില്ല എന്ന് തോന്നുന്നു. സാറ് പറയുന്നത് കുഴി കുത്തിയിട്ട് ആ കുഴിയില്‍ ഇല വിരിച്ചിട്ട് ആ കുഴിയില്‍നിന്ന് സാറ് കഞ്ഞി കുടിച്ചിട്ടുണ്ട്. ഞാനൊന്നും കുഴിയില്‍ നിന്ന് കഞ്ഞി കുടിച്ചിട്ടില്ല, സാറൊന്നും ഇപ്പോള്‍ മരിക്കണ്ട ആളേ അല്ല. സാറിനൊക്കെ ഒരു പാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനായിട്ട് ഉണ്ടായിരുന്നു. സാറിന്റെ ജീവിതത്തില്‍ നിരന്തരമായി ഒരു ഫൈറ്റിംഗ് തന്നെയാണ് നടന്നുകൊണ്ടിരുന്നത്. ഫൈറ്റിംഗിന്റെ അവസാനം ഒരു മരണ ഫൈറ്റിംഗില്‍ തന്നെ അവസാനിപ്പിക്കുകയായിരുന്നു, ആത്മഹത്യയും ഒരു സമരമാണ് സത്യത്തില്‍. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ കരയുന്നത് ഒരു സമരമാണ്. അതിന്റെ ആവശ്യങ്ങള്‍ക്കായുള്ള ഒരു സമരം. അങ്ങനെ ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ മുതല്‍ മരിക്കുമ്പോള്‍ വരെ സമരം തന്നെയാണ്. അത് നമ്മള്‍ എങ്ങനെ പരിഗണിക്കുന്നു എന്ന ഇടത്തിലാണ് അതിന് പ്രസക്തിയും അപ്രസക്തിയും ഉണ്ടാവുന്നത്.

എതിര് എന്ന ആത്മകഥയില്‍ കാര്യങ്ങള്‍ എല്ലാം സാറ് തുറന്നു പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷം പോലെയുള്ളവരുടെ കാപട്യങ്ങള്‍ തുറന്നു കാണിച്ചുകൊണ്ടാണ് അദ്ദേഹം ആത്മകഥ പറഞ്ഞുപോകുന്നത്.

ഞാനൊക്കെ ഇടക്ക് സാറിനെ കാണാറുണ്ട് അപ്പോള്‍ സാറ് പറയും, അക്കാദമിക്ക് ലവലില്‍ സാമ്പത്തിക പണ്ഡിതനാണ് ഞാന്‍, പക്ഷെ ജീവിതത്തില്‍ ഞാന്‍ തോറ്റയാളാണ് എന്ന്. അപ്പോള്‍ ഞാന്‍ പറയും, സാര്‍ ഒരിക്കലും തോറ്റ ആളല്ല, ജയിച്ചു നില്‍ക്കുന്ന ആളാണ് എന്ന്. അപ്പോള്‍ സാറ് പറയും, അങ്ങനെ അല്ല മോളേ, മോള് കാണുന്ന ഒരു തലവും ഞാന്‍ കാണുന്ന ഒരു തലവും വ്യത്യസ്തമാണ്, അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത് എന്ന്. സാറൊക്കെ അവസാനം വരെ ഫൈറ്റിംഗില്‍ തന്നെയാണ് ഉണ്ടായിരുന്നത്. അതിനൊക്കെ ചില പ്രശ്‌നങ്ങളും കാരണങ്ങളും ഒക്കെ ഉണ്ട്. അതൊന്നും ഞാനിപ്പോള്‍ വിശദീകരിക്കുന്നില്ല .

കുഞ്ഞാമന്‍ സാറൊക്കെ ഇനിയും ഒരുപാട് കാലം ജീവിക്കുകയും ഞങ്ങളെ പോലുള്ളവര്‍ക്കൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടിയിരുന്ന ആളുമാണ്. ആ ഒരു നഷ്ടം എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ നഷ്ടം തന്നെയാണ്. ഇനി അത്തരമൊരു കാര്യമൊന്നും ആരുടേയും ഭാഗത്തുനിന്നും ഉണ്ടാവരുത് എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഞാനൊക്കെ ഒരു നൂറുവട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷെ ഞാനൊരിക്കലും ആത്മഹത്യ ചെയ്യില്ല, അതെന്റെ തീരുമാനമാണ്. തല്ലിക്കൊന്നാലും ഞാന്‍ ആത്മഹത്യ ചെയ്യില്ല. അതൊരു നിലപാടാണ്. ചില ഘട്ടങ്ങളില്‍ ഇങ്ങനെ വരുന്ന ചില സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് മറികടക്കാന്‍ കഴിയും.

എന്തായാലും മുത്തങ്ങ സമരത്തിന്റെ ഇരുപതാം വര്‍ഷത്തില്‍ അതിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയ ഈ പരിപാടി സംഘടിപ്പിച്ചതില്‍ ഒരു പാട് സന്തോഷം ഉണ്ട്. മുത്തങ്ങ പോലെയുള്ള സമരങ്ങള്‍ ഇനിയും ഉയര്‍ന്നു വരേണ്ടതായിട്ടുണ്ട് . ഞാനൊന്നും അങ്ങനെ ഒരു സമരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നേയില്ല. കാരണം ഞാന്‍ ആഗ്രഹിക്കുന്നത് എനിക്ക് കുറച്ച് റെസ്റ്റ് വേണം എന്നുതന്നെയാണ്. വീട്ടില്‍ കഴിയണം എന്ന് ആഗ്രഹിക്കുന്ന സമയമാണ് ഇപ്പോള്‍. പക്ഷേ ഈ രംഗത്തു നില്‍ക്കുമ്പോള്‍ അങ്ങനെ ഇറങ്ങാതിരിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഒരു ജനാധിപത്യ പ്രക്രിയക്ക് വേണ്ടി, ജനാധിപത്യ സംവിധാനത്തിന് വേണ്ടി നമുക്ക് ഒക്കെ ഒരുമിച്ച് നില്‍ക്കാം. എപ്പോഴാണ് അത് സംഭവിക്കുക എന്നൊന്നും അറിയില്ല.. ഇക്കാലമത്രയും പരിശ്രമിച്ചിട്ട് അങ്ങനെ ഒരു അവസ്ഥയിലേക്ക് വന്നിട്ടില്ല. എപ്പോള്‍ വരും എന്നുള്ള ഒരു കണക്കുകൂട്ടലും ഇല്ല. പക്ഷെ ചില ആദിവാസി കോളനികളില്‍ പോയാല്‍ ഈ ആളുകള്‍ ഇത്ര ദിവസത്തിനുള്ളില്‍ മരിക്കും എന്ന് എനിക്ക് പറയാന്‍ കഴിയും. കാരണം ആ ആളുകളുടെ ശാരീരിക സ്ഥിതി അങ്ങനെയാണ്. പക്ഷെ ജനാധിപത്യം എപ്പോള്‍ വരും എന്ന് നമുക്ക് പറയാന്‍ കഴിയില്ല. കാപട്യം നിറഞ്ഞ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ജീര്‍ണ്ണതകള്‍ക്കിടയിലാണ് നമ്മള്‍ ഫൈറ്റു ചെയ്യുന്നത്, അതുകൊണ്ട് ഇനിയും ഒരുപാട് കാലം മുമ്പോട്ട് ഇത്തരം ഫൈറ്റുകള്‍ വേണ്ടിവരും. അതിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം.

ഇത്രയും സമയം ഇവിടെ സംസാരിക്കാനും കേള്‍ക്കാനും എല്ലാമുള്ള അവസരം ഒരുക്കിയ പാഠഭേദത്തിന്റെ മുഴുവന്‍ ആളുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ആത്മാര്‍ത്ഥമായി ഒരായിരം പ്രണാമമര്‍പ്പിച്ചു കൊണ്ട് ഞാനെന്റെ വാക്കുകള്‍ നിര്‍ത്തുന്നു നിങ്ങള്‍ക്ക് എന്റെ നമസ്‌കാരം.

(കേട്ടെഴുത്ത്: ജയലാല്‍, കടപ്പാട് പാഠഭേദം)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply