ബ്രാഹ്മണിസത്തെ ഫാസിസം എന്നല്ല വിളിക്കേണ്ടത്
ഇന്ത്യയിലിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഫാസിസമോ അതോ ബ്രാഹ്മണിസമോ – കോസ്റ്റ്‌ഫോര്‍ഡ് തൃശൂരില്‍ സംഘടിപ്പിച്ച ഇ എം എസ് സ്മൃതിയില്‍ ഇന്ത്യയെന്ന ആശയം എന്ന വിഷയത്തില്‍ കെ സച്ചിദാനന്ദന്‍ നടത്തിയ പ്രഭാഷണത്തോട് അംബേദ്കറൈറ്റ് ചിന്തകനായ അജിത് വാസുവിന്റെ പ്രതികരണം.
‘ബ്രാഹ്മണിസമെന്ന നിന്നെയിഹ ഫാസിസമെന്ന് കണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍ ‘!
ബ്രിടീഷുകാര്‍ക്കും മുമ്പായി നൂറ്റാണ്ടുകളായി ഇവിടെ നിലനിന്ന് പോരുന്ന മനുസ്മൃതിയിലധിഷ്ഠിതമായ ബ്രാഹ്മണിക് മേല്‍ക്കോയ്മയുടെ അനുസ്യൂതമായ ഒരുതുടര്‍ച്ചയാണ് ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക ദുരവസ്ഥ. പ്രത്യക്ഷത്തില്‍ ‘ഫാസിസം’ പോലെ തോന്നാമെങ്കിലും ഫാസിസത്തെക്കാള്‍ അത്യാപല്‍ക്കരമായ ‘ബ്രാഹ്മണിസമാണ്’ ഇന്ത്യയില്‍ നടക്കുന്നതെന്ന് പലര്‍ക്കും മനസ്സിലാവുന്നില്ല എന്നതാണ് വാസ്തവം. പതിറ്റാണ്ടുകള്‍ ദൈര്‍ഘ്യമുള്ള സാമൂഹ്യപ്രവര്‍ത്തന പാരമ്പര്യമുള്ള സാംസ്‌കാരികനായകന്മാര്‍പോലും അതുമനസ്സിലാക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം. അതോ അത് മനസ്സിലാക്കിയിട്ടും പുറത്തുപറയാത്തതോ..? It may look like ‘fascism’ but it is ‘Brahmanism’ which is more dangerous than fascism in in India.
രാജ്യം രാജഭരണത്തില്‍ കീഴില്‍ ആയിരുന്നപ്പോള്‍ ”മനുസ്മൃതിശ്രേഷ്ഠന്മാര്‍ക്ക്” സാമൂഹിക അധികാരം കൈപ്പിടിയില്‍ ഒതുക്കാന്‍ ഒരു ഭൂരിപക്ഷത്തിന്റെ ആവശ്യമേ ഇല്ലായിരുന്നു. ആത്മീയനേതൃത്വം തങ്ങളുടെ കൈപ്പിടിയിലായിരുന്നതുകൊണ്ട്, മനുസ്മൃതി പോലെയുള്ള ഒരു ‘ ഫിക്ഷന്‍ ഗ്രന്ഥം’ അടിസ്ഥാനമാക്കി പടുത്തുയത്തിയ ഒരു അധികാരം മാത്രം മതിയായിരുന്നു ജനങ്ങളെയും രാജാക്കന്മാരെയും ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ . തന്നെയുമല്ല അന്നവര്‍ക്ക് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയുടെ അടിസ്ഥാന ജനവിഭാഗങ്ങളെ തീണ്ടാപ്പാട് അകലെ നിര്‍ത്തി സ്വയം ‘Elite ന്യൂനപക്ഷങ്ങള്‍ ‘ ആയി നിലകൊള്ളാനായിരുന്നു താത്പര്യവും . അന്നൊന്നും മുസ്ലിങ്ങളോ, ബ്രിട്ടീഷുകളോ അവര്‍ക്കു പ്രതിയോഗികളായിരുന്നില്ല. അന്നവര്‍ക്ക് രാജ്യസ്‌നേഹം ആയിരുന്നില്ല മറിച്ച് സ്വന്തം വര്‍ണ ജാതി സ്‌നേഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ബ്രിട്ടീഷുകാര്‍ ജനാധിപത്യം ഇന്ത്യയില്‍ കൊണ്ടുവരുമ്പോള്‍ മാത്രമാണ് തങ്ങള്‍ ഒരു ഭൂരിപക്ഷമായി മാറേണ്ടതിന്റെ ആവശ്യകത സവര്‍ണര്‍ക്ക് തോന്നിയത്. ഉടന്‍ തന്നെ അവര്‍ണ സ്‌നേഹവും,സ്വരാജ്യ സ്‌നേഹവും ഒക്കെ എവിടുന്നോ പൊട്ടിമുളച്ചു. അതുവരെ ഇല്ലാതിരുന്ന ഒരു ‘ഹിന്ദു’ പ്രേമവും പൊടുന്നനെ ഉണ്ടായി. ദയാനന്ദ സരസ്വതിയുടെ വാക്കുകളില്‍ ‘ഹിന്ദു എന്നത് മുഗളന്മാര്‍ ഉപയോഗിച്ച ഒരു അസഭ്യവാക്കായിരുന്നത്രെ (Ref : Sathyarthaprakash – Swamy Dayanand Saraswati). ജസിയ എന്ന കരം മുഗളന്മാര്‍ ഇന്ത്യക്കാര്‍ക്ക് ബാധകമാക്കുന്ന കാലത്ത്, തങ്ങള്‍ ഇന്ത്യക്കാരല്ലെന്നും വിദേശികള്‍ ആണെന്നും വേദങ്ങള്‍ ഉദ്ധരിച്ച് സ്ഥാപിച്ച്, ആ കരത്തില്‍ നിന്നും ഒഴിവായവരാണ് പ്രസ്തുത ‘മനുസ്മൃതി ശ്രേഷ്ഠന്മാര്‍’… (Ref : History of Medieval India- V.D. Mahajan-S.Chand & co. -Tenth Edition.) അവരാണ് ഇന്ന് രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്നത്..
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജനാധിപത്യ അന്തരീക്ഷത്തില്‍ ഹിന്ദു എന്ന പദം മനസ്സില്ലാമനസോടെ ഉപയോഗിച്ച് ഭൂരിപക്ഷം ഉണ്ടാക്കുമ്പോഴും ‘നമ്പൂരിയെ നമ്പൂരി ആയിട്ടും നായാടിയെ നായാടിയായും നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു ‘ ഭൂരിപക്ഷം’ മാത്രമാണ് അവര്‍ക്ക് ആവശ്യം. അതാകട്ടെ പൊതുശത്രുക്കളും കലാപങ്ങളും ഇല്ലാതെ സാധിക്കുകയുമില്ല.
രാജഭരണക്കാലത്തും ബ്രാഹ്മണന് സമഗ്ര മേഖലകളിലും സര്‍വ്വാധിപത്യം ആണുണ്ടായിരുന്നത്. ദേവസ്വവും ബ്രഹ്മസ്വവും ഒന്നും മറക്കാന്‍ സമയമായിട്ടില്ല . അന്നതിനെ ആരും ‘ഫാസിസം ‘എന്ന് വിളിച്ചിട്ടില്ല. ഇന്ന് ജനാധിപത്യത്തിന്റെ സങ്കേതങ്ങളുപയോഗിച്ച് ബ്രാഹ്മണര്‍ സമഗ്രാധിപത്യം കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ അതിനെ ‘ഫാസിസം’ എന്നുള്ള കള്ളപ്പേരില്‍ എന്തിനു വിശേഷിപ്പിക്കുന്നു..?
പഴയ മനുസ്മൃതി ഇന്ന് നേരിട്ടെടുത്ത് ഉപയോഗിക്കാന്‍ പറ്റാത്തത് കൊണ്ട് ജനാധിപത്യത്തിന്റെ നെടും തൂണുകളെ മറ്റുപലരീതികള്‍ അവലംബിച്ച് ഒന്നൊന്നായി ബ്രാഹ്മണ ആധിപത്യത്തിന്‍ കീഴിലാക്കുന്നു എന്നത് മാത്രമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. മാറിയ സാഹചര്യത്തില്‍ ജനാധിപത്യകാലത്ത് ഇങ്ങനെ മാത്രമേ ബ്രാഹ്മണ സര്‍വ്വാധിപത്യം നടപ്പിലാക്കാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ ഇത് ”ബ്രാഹ്മണിസം” അല്ലാതാകുന്നില്ല.
ഈ ‘ബ്രാഹ്മണിസത്തെ’ വിശേഷിപ്പിക്കുവാന്‍ അങ്ങ് ജര്‍മനിയിലോ, ഇറ്റലിയിലോ ഉള്ള താരതമ്യേന ലഘുവായ ‘ഫാസിസവുമായി’ താരതമ്യം ചെയ്യുകയോ, ആ പദത്തെ ഇങ്ങോട്ട് ഇറക്കുമതി ചെയ്യുകയോ ചെയ്യേണ്ടകാര്യമില്ല. അവിടങ്ങളിളൊക്കെ ഫാസിസം ഉണ്ടാവുന്നതിന് മുമ്പു തന്നെ ഇന്ത്യയില്‍ ഈ ബ്രാഹ്മണിസം ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യത്തോടനുബന്ധിച്ചുള്ള അമ്പതോ, അറുപതോ വര്‍ഷത്തേയ്ക്ക് ജാതി-വര്‍ണ മനോഭാവത്തില്‍ സവര്‍ണ്ണര്‍ ഒരു ചെറിയ അയവ് വരുത്തിയിട്ടുണ്ട് എന്ന് കരുതി ‘ബ്രാഹ്മണിസം’ ഇവിടെ അന്യം നിന്നുപോവുകയോ തത്സ്ഥാനത്ത് ഇവിടെ ഒരു പുതിയ ‘ഹിന്ദുത്വ ഫാസിസം’ ഉണ്ടാവുകയോ ചെയ്തിട്ടില്ല.
പണ്ടത്തെ ബ്രാഹ്മണ മേല്‍ക്കോയ്മയുടെ അതേ തുടര്‍ച്ച തന്നെയാണ് ഇന്നും ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.അതിന്റെ പ്രയോഗരീതിയില്‍ അല്പം മാറ്റം ഉണ്ടായിട്ടുണ്ടെന്നു മാത്രം. അതുകൊണ്ട് തന്നെ ‘ബ്രാഹ്മണിസത്ത’ ”ബ്രാഹ്മണിസം” എന്ന് തന്നെയാണ് വിളിക്കേണ്ടത്. അതിനെ ‘ഹിന്ദുത്വ’ എന്നോ, ‘ഫാസിസം’ എന്നോ വിശേഷിപ്പിക്കുമ്പോള്‍ സമൂഹത്തെ മന :പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല തികച്ചും വൈദേശികമായ ‘ഫാസിസം’ എന്ന പദത്തെ ഇന്ത്യയില്‍ ഉപയോഗിക്കുമ്പോള്‍ മനുസ്മൃതിപ്രോക്തമായ ”ബ്രാഹ്മണ്യം” എന്ന ഹിംസാത്മക ഐഡിയോളജിയെ വ്യംഗ്യമായ് രക്ഷപ്പെടുത്തി ഒളിപ്പിച്ചുനിര്‍ത്താന്‍ ഉള്ള ഒരു വ്യഗ്രതയാണ് തെളിഞ്ഞുകാണുന്നത്.. അങ്ങനെ എന്തിനാണ് മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗിയെ ഒളിപ്പിച്ചു നിര്‍ത്തുന്നത്?
ബ്രാഹ്മണിസവും, ഫാസിസവും തമ്മിലുള്ള വ്യത്യാസങ്ങള്‍.
പ്രത്യക്ഷത്തില്‍ ബ്രാഹ്മണ്യത്തിനും, ഫാസിസത്തിനും ചില സമാന ലക്ഷണങ്ങളുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ചില വ്യക്തികളുടെ ഏകാധിപത്യ സ്വഭാവങ്ങള്‍, വംശീയപരമായ അടിച്ചമര്‍ത്തലുകള്‍, സര്‍വ്വമേഖലകളിലുമുള്ള സമഗ്രാധിപത്യം, വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തല്‍ തുടങ്ങിയവ രണ്ടിലും പ്രകടമാണ്. മിക്കപ്പോഴും ‘ഫാസിസം’ ഏതെങ്കിലുമൊരു സ്വേച്ഛാധിപത്യ പ്രവണതയുള്ള വ്യക്തിയുടെ അപ്രമാദിത്വ ആഗ്രഹങ്ങളുടെ സഫലീകരണമാണ്.
ഉദാഹരണത്തിന് ഹിറ്റ്‌ലര്‍ എന്ന സ്വേച്ഛാധിപതിയുടെ അധികാരപ്രമത്തതയുടെ സഫലീകരണമാണ് ജര്‍മനിയില്‍ കണ്ടത്. അതുപോലെയായിരുന്നു ഇറ്റലിയില്‍ മുസ്സോളിനിയും, റഷ്യയില്‍ സര്‍ ചക്രവര്‍ത്തിയും, ഫ്രാന്‍സില്‍ ലൂയി പതിനാലാമനും. എന്നാല്‍ അത്തരത്തിലുള്ള ഒരു സ്വേച്ഛാധിപതിയല്ല ഇന്ത്യയിലെ നരേന്ദ്രമോഡി. ഇന്ത്യയില്‍ ബ്രാഹ്മണരുടെ, പ്രത്യേകിച്ച് ചിത്പാവന്‍ ബ്രാഹ്മണരുടെ സമഗ്രാധിപത്യത്തിന് വേണ്ടി, ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം മാത്രമാണ് മോഡി. മോഡിയെ മുന്നില്‍ നിര്‍ത്തി ചരടുകള്‍ മുഴുവന്‍ വലിക്കുന്നത് സവര്‍ണ്ണസമൂഹങ്ങളാണ്. അവിടെ വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്കല്ല പ്രാധാന്യം മറിച്ച് ബ്രാഹ്മണര്‍ എന്ന വര്‍ണ്ണത്തിന്റെ ആഗ്രഹപൂര്‍ത്തീകരണമാണ് നടക്കുന്നത്. ഒരു ഹെഡ്‌ഗേവാര്‍ പോയാല്‍ മറ്റൊരു ഗോള്‍വാള്‍ക്കര്‍ വരും. സുദര്‍ശനന്‍ പോയാല്‍, മറ്റൊരു മോഹന്‍ ഭഗവത് വരും. മോഡിയെപ്പോലെ ഇനിയും പല ”ഉപകരണങ്ങളും” വരും, പോകും. സമഗ്രാധിപത്യത്തിന് വേണ്ടിയിട്ടുള്ള ബ്രാഹ്മണവര്‍ഗ്ഗത്തിന്റെ ത്വര മാത്രം എന്നെന്നും മാറ്റമില്ലാതെ തുടരും.
ചുരുക്കത്തില്‍ വിദേശങ്ങളില്‍ സമഗ്രാധിപത്യം വ്യക്തി കേന്ദ്രീകൃതമായിരുന്നെങ്കില്‍ ഇന്ത്യയിലത് ഒരു മതത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ണ്ണത്തിന്റെ താത്പര്യത്തില്‍ കേന്ദ്രീകൃതമാണ്.
രണ്ടാമതായി, ഫാസിസ്റ്റുകളുടെ പക്കല്‍ ഒരു മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നു. ആ ഭൂരിപക്ഷം ഉപയോഗിച്ചാണ് അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയത് . എന്നാല്‍ ഇന്ത്യയില്‍ സവര്‍ണര്‍ക്ക്, ‘ഇല്ലാത്ത ഭൂരിപക്ഷം ‘ കൃത്രിമമായി സൃഷ്ടിക്കാനാണ് ന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി വേട്ടയാടുന്നത്. ഇന്ത്യയില്‍ കലാപങ്ങള്‍ ഇല്ലാതായാല്‍ എണ്ണത്തിന് വേണ്ടിമാത്രം പിണിയാളുകളായി കൂടെനിര്‍ത്തിയിരിക്കുന്ന എസ് സി /എസ് ടി / ഒ ബി സി വിഭാഗങ്ങള്‍ താന്താങ്ങളുടെ ലാവണങ്ങളിലേയ്ക്ക് പൊയ്പ്പോകും . സവര്‍ണര്‍ ന്യൂനപക്ഷമാണെന്നുള്ള പൂച്ച് പുറത്താകും.
അതുകൊണ്ട്തന്നെ ഫാസിസവുമായി അടിസ്ഥാനപരമായി തന്നെ ഇന്ത്യയിലെ ബ്രാഹ്മണിസം വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതൊന്നും കണക്കിലെടുക്കാതെ ഇന്ത്യയിലെ ബ്രാഹ്മണിസത്തെ ഫാസിസം എന്ന് തെറ്റിച്ചുവിളിക്കുന്നവര്‍ അവരുടെ ഉള്ളിലെ മൃദുഹിന്ദുത്വസമീപനത്തെയാണ് വെളിവാക്കുന്നത്. ബ്രാഹ്മണിസത്തെ ഒരു മതം എന്ന് തെറ്റിദ്ധരിക്കുമ്പോള്‍ മറ്റു പലര്‍ക്കും സംഭവിക്കുന്ന അതേ പിഴവാണ് ഇവിടെയും സംഭവിക്കുന്നത്. ദൈവവും, ആരാധനയും ഉണ്ട് എന്നതൊഴിച്ചാല്‍ ഒരു മതം അനുഷ്ഠിക്കേണ്ട യാതൊരു ധര്‍മങ്ങളും (സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം) ഹിന്ദുമതം അഥവാ ബ്രാഹ്മണമതം പ്രദാനം ചെയ്യുന്നില്ല. ഇത് മനസിലാക്കിയാല്‍ ഹിന്ദുസമൂഹത്തിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ഒരു ശരിയായ മതം ഇനിയും സ്വീകരിക്കേണ്ടതായിട്ടാണ് ഇരിക്കുന്നത്.
വര്‍ണവ്യവസ്ഥയുടെ നിലനില്‍പ്പിന് നുണകള്‍ എന്നും ആവശ്യമാണ്.
ശ്രീ സച്ചിദാനന്ദന്‍ തന്റെ പ്രസംഗത്തില്‍ ഹിന്ദുത്വ ശക്തികളുടെ ചില നുണകളെ തുറന്നുകാട്ടാന്‍ ശ്രമിക്കുന്നുണ്ട്. അതിനദ്ദേഹം ഒട്ടേറെ തെളിവുകളെ നമുക്ക് മുമ്പില്‍ കൃത്യമായി നിരത്തുന്നുമുണ്ട്. പക്ഷെ ഇന്ത്യയിലെ ഇന്നത്തെ ‘രാഷ്ട്രീയ ആധിപത്യം’ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപരമോ ഫാസിസമോ അല്ലെന്നും തികച്ചും മതപരമായ വര്‍ണ്ണവ്യവസ്ഥയുടെ പ്രയോഗവല്‍ക്കരണം തന്നെയാണെന്നും തിരിച്ചറിഞ്ഞാല്‍, ഹിന്ദുത്വ നുണകളെ തുറന്നുകാട്ടുവാന്‍ ഇത്രയൊന്നും പണിപ്പെടേണ്ട ആവശ്യമില്ല. കാരണം ബ്രാഹ്മണിസത്തിന്റെ അടിത്തറ തന്നെ കല്ല് വച്ച നുണകളില്‍ അധിഷ്ഠിതമാണെന്നും, തങ്ങള്‍ നുണകളുടെ പ്രയോക്താക്കള്‍ ആണെന്നും പലവട്ടം അവര്‍ തെളിയിച്ചിട്ടുള്ളതാണ്.
ബ്രാഹ്മണര്‍, വിരാട് പുരുഷന്റെ മുഖത്ത് നിന്ന് ഉത്ഭവിച്ചതാണെന്നും മറ്റു വര്‍ണക്കാര്‍ മറ്റു ശരീരഭാഗങ്ങളില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും അരുളിച്ചെയ്യുന്ന, ‘പുരുഷസൂക്തം ‘ എന്ന ‘പെരുംനുണയുടെ’ അടിസ്ഥാനത്തിലാണ് ‘ഹിന്ദുമതം’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ‘ബ്രാഹ്മണിസം’ കെട്ടിപ്പൊക്കിയിട്ടുള്ളത്. അങ്ങനെയൊന്നുമല്ല മനുഷ്യരാശി ഉടലെടുത്തിട്ടുള്ളതെന്ന് ഇക്കാലത്ത് എല്ലാവര്‍ക്കും അറിയാം. (ഡാര്‍വിനും, പരിണാമസിദ്ധാന്തവും കേന്ദ്രസിലബസില്‍ നിന്ന് പുറന്തള്ളപ്പെട്ടത് യാദൃശ്ചികമൊന്നുമല്ല) ആ പെരുംനുണയുടെ മാത്രം അടിസ്ഥാനത്തിലാണ് ബ്രാഹ്മണന്‍ ബ്രാഹ്മണന്‍ ആയതും ഇന്ത്യന്‍ വംശജരെ ചൂഷണം ചെയ്തതും ഭൂമിയും, വിദ്യാഭ്യാസവും, സമ്പത്തും അടക്കം എല്ലാം കൈവശപ്പെടുത്തിയതും. തങ്ങള്‍ ഭൂമിയിലെ ദേവന്മാരാണെന്നും, തങ്ങളുടെ ഭാഷ ‘ദേവഭാഷയായ സംസ്‌കൃതമാണെന്നും’ സംസ്‌കൃതമാണ് ആദിഭാഷയെന്നുമായി അടുത്ത നുണ. പക്ഷേ തമിഴ് അതിലും പുരാതനമാണെന്ന് തെളിഞ്ഞതോടെ ആ നുണയുടെ ഗ്യാസും പോയി!
ഇഷ്ടമില്ലാത്തവരെയൊക്കെ കൊന്നുതള്ളുന്ന ‘ധര്‍മസംസ്ഥാപനം ‘ ഒരിക്കലും ഇന്ത്യന്‍ മണ്ണിന്റെ സംസ്‌കാരം ആയിരുന്നില്ല. മഹാബലിയെ പാതാളത്തി ലേയ്ക്ക് ചവിട്ടി താഴ്ത്തിയതും പരശുരാമന്‍ മഴുവെറിഞ്ഞു കേരളം ഉണ്ടാക്കിയതും രണ്ടായിരത്തിന്റെ നോട്ടിന്റെ ചിപ്പിന്റെ കഥ പോലെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ മാത്രമാണെന്ന് ആര്‍ക്കാണറിയാത്തത്. ഇന്ന് ഇന്ത്യ പിതൃഭൂമിയാണെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടര്‍ ഒരുകാലത്ത് വേദങ്ങള്‍ ഉദ്ധരിച്ച് സ്ഥാപിച്ചിരുന്നത് തങ്ങള്‍ ഉത്തരധ്രുവത്തില്‍ നിന്ന് വന്നവരാണെന്നായിരുന്നു. (Our Arctic home in the Vedas – ബാലഗംഗാധര തിലക്, The Orion – ബാലഗംഗാധരതിലക് , Volga to Ganga – രാഹുല്‍ സംകൃത്യായന്‍). ഇന്ന് അവരത് മാറ്റിപ്പറയുന്നുണ്ടെങ്കില്‍, അത് ജനാധിപത്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ പുതിയ നുണകള്‍ കൂടിയേ തീരൂ എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് കൂടിയാണ്.
തരാതരംപോലെ ഇങ്ങനെ നുണകള്‍ പറയുന്ന ഇക്കൂട്ടരുടെ നുണകള്‍ക്കെല്ലാം ഉത്തരം പറയാന്‍ പോയാല്‍ മനുഷ്യായുസ്സുകള്‍ തികയാതെ വരും. അതുകൊണ്ട് ”ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് ഫാസിസമല്ല, മറിച്ച് ബ്രാഹ്മണിസമാണ്” എന്ന് ജനങ്ങളെ ഉത്‌ബോധിപ്പിക്കുകയാണ് യഥാര്‍ത്ഥ പരിഹാരം. അങ്ങിനെ ചെയ്താല്‍, നുണഫാക്ടറികളെ ജനങ്ങള്‍ തന്നെ തിരസ്‌കരിച്ചുകൊള്ളും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പക്ഷെ അതിന് ലിബറല്‍ ബുദ്ധിജീവികള്‍ സ്വന്തം മനസാക്ഷിയോട് കൂറ് പുലര്‍ത്തുവാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്. തങ്ങള്‍ ഉള്‍പ്പെടുന്ന ഹിന്ദുമതം യഥാര്‍ത്ഥത്തില്‍ ഒരു മതമേയല്ല എന്നും, ‘ബ്രാഹ്മണന്‍ ബ്രാഹ്മണനുവേണ്ടി ബ്രാഹ്മണനാല്‍’ സൃഷ്ടിച്ചെടുത്ത വെറുമൊരു exploitative ideology ആണെന്നും, രാജ്യത്തിന് അതൊരു കാന്‍സര്‍ ആണെന്നും മനസ്സിലാക്കി, ബ്രാഹ്മണിസ ചട്ടക്കൂടിന്റെ ചൂഷണ സ്വഭാവങ്ങളെയും ബ്രാഹ്മണ പൗരോഹിത്യകുത്തകയെയും ബ്രാഹ്മണ പൂജാകര്‍മ്മകാണ്ഡങ്ങളെയും സ്വജീവിതത്തില്‍നിന്നുതന്നെ വലിച്ചെറിയേണ്ടതാണെന്ന ഒരു നിലപാട് സ്വന്തം നിലയില്‍ത്തന്നെ എടുക്കേണ്ടതുണ്ട്. ഇവിടെയാണ് ലിബറല്‍ ബുദ്ധിജീവികള്‍ പലരും, ‘ആമ തോടിനുള്ളിലേക്കു ഉള്‍വലിയുന്നതുപോലെയുള്ള’ ഒരു സ്വഭാവം കാട്ടുന്നത് …
സച്ചിദാനന്ദനെപ്പോലെ ധീരമായ നിലപാടുകള്‍ പ്രകടിപ്പിച്ചിട്ടുള്ളവരില്‍നിന്നു അത്തരമൊരു സമീപനമാണ്, സവര്‍ണ്ണമനോഭാവം ഉള്ളവര്‍ ഒഴിച്ചുള്ള ഭൂരിപക്ഷസമൂഹം പ്രതീക്ഷിക്കുന്നത്. നിരാശപ്പെടുത്തരുത്..! ബ്രാഹ്മണിസത്തെ ”ബ്രാഹ്മണിസം” എന്ന് തന്നെ അക്ഷരം തെറ്റാതെ വിളിക്കണം. ഇസ്പേഡിനെ ഇസ്പേഡ് എന്ന് തന്നെ വിളിക്കണം. ക്ലാവര്‍ എന്ന് വിളിക്കരുത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
BIJU KUMAR K
June 25, 2023 at 8:47 am
ഇന്ത്യയിലെ ചരിത്ര യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാൻ കഴിയുന്ന ശ്രീ സച്ചിദാനന്ദനെ പോലെയുള്ളവർ സത്യം സത്യമായി തന്നെ വിളിച്ചു പറയണം അല്ലാതെ എസ്പീഡിനെ ക്ലാവർ എന്ന് പറയരുത് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.
PARAMESWARAN NK
June 25, 2023 at 11:32 am
അങ്ങിനെ യാണെങ്കിൽ പിന്നെ നിങ്ങൾ എന്തിന് ഞങ്ങളുടെ അഭിപ്രായങ്ങൾ ആരായുന്നു… ഞങ്ങൾ വെറുതെ ഒന്ന് വായിച്ചു പോകാം….. അഭിപ്രായം പറയണോ?? വായനക്കാരൻ ഇവരുടെ ശത്രുക്കളാക്കാനോ