സംസാരിക്കാം ‘ബ്രാഹ്മണിസ’ ത്തെ കുറിച്ചുതന്നെ
ഓരോ കാലത്തും അതത് ഇടങ്ങളിലെ മര്‍ദ്ദക പ്രത്യയശാസ്ത്രങ്ങളെ തിരിച്ചറിയുക, അവയുടെ കാലങ്ങളായി തുടര്‍ന്നുവരുന്ന പാറ്റേണുകളെ തിരിച്ചറിയുക, അവയെ പൊളിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടിവരുമെന്ന് വിഭാവനം ചെയ്യുക, സ്പഷ്ടമായി പറഞ്ഞുവയ്ക്കുക എന്നതൊക്കെയാണ് ഓരോ മര്‍ദ്ദിത സമൂഹങ്ങളും നേരിടുന്ന ചരിത്രപരമായ വെല്ലുവിളികളില്‍ പ്രധാനപ്പെട്ടത്. പ്രശ്‌നഭരിതമായ ഇക്കാലത്ത് ഫാഷിസത്തെക്കുറിച്ച് തുടര്‍ന്നുവരുന്ന ചര്‍ച്ചകളില്‍ ബ്രാഹ്മണിസം, ബ്രാഹ്മണ പിതൃമേധാവിത്തം എന്നതൊക്കെ സ്ഥിരമായി നമ്മളുടെ ചര്‍ച്ചയില്‍ വരുന്നു. എന്നാല്‍ എന്താണ് ഈ ബ്രാഹ്മണിസം എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളും അനുഭവങ്ങളുമാണുള്ളത്.
ബ്രാഹ്മണിസം എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാ ബ്രാഹ്മണരും പ്രശ്‌നക്കാരല്ല എന്നു പറയുന്നവരുണ്ട്. ശരിയാണ്, എല്ലാ ആണുങ്ങളുമല്ല പിതൃമേധാവിത്തമാണ് പ്രശ്‌നം. എല്ലാ മുതലാളിമാരുമല്ല മുതലാളിത്തമാണ് പ്രശ്‌നം എന്നു പറഞ്ഞു തുടങ്ങേണ്ടി വരുന്ന വിഷയമാണിത്. ഇത് നൂറ്റാണ്ടുകളായി ഒരു പ്രത്യേക വംശത്തിലെ ആളുകള്‍ മറ്റുള്ളവരേക്കാള്‍ ‘മെച്ചപ്പെട്ടവരാണ്’ എന്ന്, അവര്‍ക്ക് മറ്റുള്ള എല്ലാവരേക്കാളും കൂടിയ എന്തോ ഉണ്ട് എന്ന് പല വിഭാഗം മനുഷ്യരെ, അവര് ചോദ്യം ചെയ്യാന്‍പോലും വിസമ്മതിക്കുന്ന രീതിയില്‍ തലമുറ തലമുറകളായി പഠിപ്പിക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞതിനെക്കുറിച്ചാണ് പറയുന്നത്. ഇത് ഒരാളെക്കുറിച്ചോ ഒരു കാര്യത്തെക്കുറിച്ചോ അല്ല, ഒരു ബൃഹത്തായ അധികാര വ്യവസ്ഥയെക്കുറിച്ചാണ്.
പിതൃമേധാവിത്തത്തെപ്പോലെ, മുതലാളിത്തത്തെപ്പോലെ വിശദാംശങ്ങളില്‍, നിത്യജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണിത്. ഈ അധികാരവ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയെന്തെന്നാല്‍ പല മനുഷ്യരോട് പല കഥകളും കള്ളങ്ങളും പറഞ്ഞാണ് ഇത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നത് എന്നതാണ്. ജാതീയത/ വംശീയത, പിതൃമേധാവിത്തം എന്നീ വിവേചന വ്യവസ്ഥകളാണ് ഇന്ത്യന്‍ ബ്രാഹ്മിണിസത്തിന്റെ അടിസ്ഥാന ശിലകള്‍. ഈ ശിലകളോരോന്നിനും ഉള്ളത് നൂറ്റാണ്ടുകളുടെ പ്രവര്‍ത്തന ചരിത്രമാണ്. ഇവയെ വിശദമായി മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്രാഹ്മിണിസത്തെ മനസിലാവില്ല.
പ്രീ കൊളോനിയല്‍ കാലഘട്ടത്തില്‍
പലതരം അഭിപ്രായങ്ങളും തര്‍ക്കങ്ങളും നിലവിലുള്ള ഒരു കാലഘട്ടത്തെക്കുറിച്ച് തീര്‍പ്പുകളിലെത്താനാവില്ല. എന്നാല്‍ ആര്യന്‍/ ദാസന്‍, ദാസ്യു എന്ന വിവേചന വ്യവസ്ഥയെക്കുറിച്ച് ഏറ്റവുമാദ്യം എഴുതപ്പെട്ട വേദങ്ങളില്‍ നിന്നാണ് ഇതിന്റെയെല്ലാം തുടക്കം എന്നതില്‍ തര്‍ക്കിക്കാനുള്ള കാര്യമേ ഇല്ല. റിഗ് വേദത്തിലും മറ്റു പുസ്തകങ്ങളിലും ഈ ‘ദാസ’രില്‍ പെട്ടവരെ നശിപ്പിക്കുക, അവരുടെ സ്വത്ത് കവര്‍ച്ച ചെയ്യുക, അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുക എന്നൊക്കെ വളരെ തുറന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ആരാണ് ദാസന്‍? ‘ഉത്തമമായ പ്രവര്‍ത്തികള്‍ ചെയ്യാത്തവര്‍’ ‘മെരുക്കപ്പെടാത്തവര്‍’ എന്നൊക്കെ പറയുന്നു. ‘ആര്യ’രീതികളോട് വിയോജിച്ചിരുന്ന ചില ഗോത്രങ്ങളാണ് ഇവ എന്ന് പറയുന്നവരുണ്ട്. ഈ വേദങ്ങള്‍ പ്രകാരം ഈ ‘ഉത്തമമായ പ്രവര്‍ത്തികളില്‍’ പെടുന്നത് ബലികള്‍, യാഗങ്ങള്‍ പോലെയുള്ള performance കളാണ്, ‘ആര്യ’വിശ്വാസങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍ എതിര്‍ക്കുന്നവരെ പേരിട്ടുവിളിക്കാനും കൊലവിളിക്കാനുമുള്ള ലൈസന്‍സുകള്‍ കൂടിയായിരുന്നു വേദങ്ങള്‍.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈ ചിന്താപദ്ധതിയോടുള്ള ബുദ്ധന്റെ എതിര്‍പ്പുകളെ, നീതി ബോധത്തെ ഒക്കെ ബുദ്ധന്റെ വലിയ ശിഷ്യഗണം ഉണ്ടാക്കിയ സാഹിത്യത്തെയും കലകളെയും വളച്ചൊടിച്ചു തന്നെയാണ് ബ്രാഹ്മണര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്. എല്ലാ പ്രജകളോടും ഒരുപോലെ നീതി കാണിച്ച ജാതക കഥയിലെ ‘രാമ’നെ ബ്രാഹ്മണ അധികാരം നിലനിര്‍ത്താനും സ്ത്രീയെ ചാരിത്ര്യത്തില്‍ തളച്ചിടാനുമൊക്കെ കഴിയുന്ന ക്രൂരനാക്കി മാറ്റിയെഴുതി. പല കഥകള്‍ ചേര്‍ത്ത് ‘കൃഷ്ണ’നെ ഉണ്ടാക്കി. S N സദാശിവന്റെ ‘A Social History of India’ എന്ന പുസ്തകത്തില്‍, ബ്രാഹ്മണ വംശീയതയെ ഏറ്റവുമധികം ന്യായീകരിക്കുന്ന ഒരു പുസ്തകമായി മഹാഭാരത കഥയെ മനസിലാക്കുന്നു. കൃഷ്ണനെപ്പോലെ ഒരു യാദവന്, അതുപോലെ മറ്റു പല ‘താഴ്ന്ന’ വംശങ്ങളില്‍ പെട്ടവര്‍ക്ക് സ്വന്തം കുലത്തില്‍പ്പെട്ട പ്രമുഖരെ, നീതിമാന്‍മാരായവരെ കൊല്ലേണ്ടി വരുന്നു, ബ്രാഹ്മണിസത്തോട് കൂറു കാണിക്കാന്‍. പ്രാദേശിക ഗോത്രവിശ്വാസങ്ങളെ, കുരങ്ങു ദൈവത്തിലും ആന ദൈവത്തിലുമൊക്കെ വിശ്വസിച്ചിരുന്ന ഗോത്രങ്ങളെ കള്ളക്കഥകളുണ്ടാക്കി ബ്രാഹ്മണരുടെ ആളുകളാക്കി മാറ്റുന്നു. വളരെയധികം ധ്യാനവും മറ്റും ആവശ്യപ്പെട്ട ബുദ്ധമതത്തിലെ ‘നിര്‍വാണ’ത്തിനെ യാഗം പോലുള്ള മാജിക്കുകള്‍ ഉപയോഗിച്ച് ബ്രാഹ്മണിസം ചില്ലറ കാശിനു വയ്ക്കുന്നു.
അറിവ് രഹസ്യമായി വയ്ക്കുന്നു. അത് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കു മാത്രമാണെന്നും ബാക്കിയുള്ളവരെല്ലാം തങ്ങളുടെ കീഴിലാണെന്നും ഉറച്ചു വിശ്വസിക്കുന്നു, പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഉമ ചക്രവര്‍ത്തി തന്റെ ബ്രാഹ്മണിസ്റ്റ് പിതൃമേധാവിത്തത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ പറയുന്നു – ശൂദ്രരോട് ബ്രാഹ്മണിസം നിങ്ങളുടെ യഥാര്‍ഥ ‘ഉള്‍വിളി’ (instinct) ബ്രാഹ്മണരെ സേവിക്കുക എന്നതാണെന്നും സ്വന്തം ഉള്‍വിളിയെ പിന്തുടരുന്ന ശൂദ്രര്‍ക്ക് മോക്ഷം ലഭിക്കുമെന്നും പറയുന്നു. അതേ സമയം സ്വന്തം സമൂഹത്തിലെയും മറ്റും സ്ത്രീകളോട് നിങ്ങളുടെ ഉള്‍വിളി ലൈംഗികമാണെന്നും അത് വളരെ പാപം നിറഞ്ഞതാണെന്നും പതിവ്രതകള്‍ക്കാണ് മോക്ഷം എന്നും പറയുന്നു.
ബ്രാഹ്മണിസവും അക്രമവും
ആരെയും വേദനിപ്പിക്കാത്തവരെന്നും ആര്‍ക്കും ദോഷം ചെയ്യാത്തവരെന്നുമൊക്കെ സ്വയം ചിത്രമുണ്ടാക്കിയ ചരിത്രമുള്ളതാണ് ബ്രാഹ്മിണിസത്തിന്. പരശുരാമനാണ് ആയുധധാരിയായ ഏക ബ്രാഹ്മണന്‍ എന്നാണ് കഥ. എന്നാല്‍ ഈ ഭൂപ്രദേശങ്ങളിലുണ്ടായിരുന്ന അനേകം ബുദ്ധവിഹാരങ്ങളെ നശിപ്പിക്കാനും അവയിലെ അന്തേവാസികളെ കൊന്നുതള്ളാനും ക്ഷത്രിയരെന്ന് അവര്‍ വിളിച്ചവരുടെ കടമയാണെന്ന് വരുത്തിത്തീര്‍ത്തവരാണ് ബ്രാഹ്മിണിസ്റ്റുകള്‍. അക്രമത്തില്‍ വിശ്വസിക്കാതിരുന്ന ബുദ്ധഭിക്ഷുക്കളെ കൊന്നുതള്ളാന്‍ വളരെ എളുപ്പമായിരുന്നു, മാത്രമല്ല അറിവുകളും ചരിത്രവും രേഖപ്പെടുത്തി വച്ച ഗ്രന്ഥശാലകള്‍ക്ക് തീവയ്ക്കാനും ‘ക്ഷത്രിയര്‍’/ ആയുധധാരികള്‍ മറന്നില്ല. കേരളത്തിലെ പ്രമുഖ ‘ബ്രാഹ്മണ’ ക്ഷേത്രങ്ങളുടെ ചരിത്രങ്ങള്‍ സാക്ഷി. കോഴിക്കോട്ട് തളിക്ഷേത്രത്തത്തിലെ ശ്രീകോവില്‍ ഭാഗത്തുള്ള പഴയ കൊത്തുപണികള്‍ക്ക് എന്തുകൊണ്ടാണ് ബുദ്ധിസ്റ്റ് ശില്‍പങ്ങളോട് സാമ്യം എന്ന് ചോദിച്ചുനോക്കൂ. ഈ ചോര നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് ടി മുരളി എന്നദ്ദേഹം ഒരുപാടെഴുതുകയും അവയെ വരയ്ക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
കൊളോനിയല്‍ കാലഘട്ടം
ഈ കാലഘട്ടത്തെ സ്വന്തം വളര്‍ച്ചയ്ക്ക് ഏറ്റവും ഉപയോഗിക്കാന്‍ കഴിഞ്ഞത് ബ്രാഹ്മിണിസത്തിനു തന്നെയാണ്. ‘അക്ഷര’ങ്ങളെ എല്ലാ ഇടപെടലുകളുടേയും അടിസ്ഥാനമാക്കി മാറ്റിയ ഒരു പ്രധാനകാലഘട്ടമായിരുന്നു അത്. എന്നാല്‍ ഇന്നാട്ടില്‍ അക്ഷരങ്ങള്‍ ബ്രാഹ്മണന്റെ ജന്മാവകാശവും. നാട്ടുനടപ്പായും വായ്‌മൊഴിയായും മറ്റും കൈമാറപ്പെട്ടിരുന്ന ഭൂ അവകാശങ്ങള്‍ മൊത്തത്തില്‍ ബ്രാഹ്മണ/ ‘സ’വര്‍ണ ജാതികള്‍ക്ക് കിട്ടി. ഭൂരിപക്ഷ സമുദായങ്ങളുടെ എഴുതപ്പെടാത്ത, വാമൊഴിയായും അഭ്യാസമായും ആചാരമായും ഒക്കെ പ്രചരിച്ചിരുന്ന അറിവുകള്‍ പരിശോധിക്കപ്പെടുക പോലും ചെയ്യാതെ റദ്ദു ചെയ്യപ്പെട്ടു.
പല ജാതിസമൂഹങ്ങളെ കൂട്ടമായി, എളുപ്പത്തിന് ‘ഹിന്ദു’ എന്ന് വിളിച്ചതും കൊളോനിയല്‍ അധികാരികളാണ്. ഈ ‘ഹിന്ദു’ മതഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടതായി ബ്രാഹ്മണിസ്റ്റ് പുരാണങ്ങളെയും മറ്റും പ്രതിഷ്ഠിച്ചതിലും ഇവയുടെ പ്രചാരം അസവര്‍ണ ജാതി സമൂഹങ്ങളില്‍ വ്യാപിപ്പിച്ചതിലും കൊളോനിയലിസത്തിന് കാര്യമായ പങ്കുണ്ട്. ബൗദ്ധികമായി ബ്രാഹ്മണിസം ഏറ്റവുമധികം വായിക്കപ്പെട്ടതും ഇന്ന് പ്രചാരത്തിലുള്ള പല ‘ഹിന്ദു’ പുസ്തകങ്ങളും വീണ്ടെടുക്കപ്പെട്ടതും ഈ കാലത്താണ്. മനുസ്മൃതി, നാട്യശാസ്ത്രം എന്നു തുടങ്ങി…
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടു നൂറ്റാണ്ടുകളുടെ കൊളോനിയല്‍ കാലഘട്ടത്തില്‍ ജാതീയതയില്‍നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ അസവര്‍ണര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇതേ സമയത്തുതന്നെയാണ് ഉണ്ടായിരുന്നതിനേക്കാള്‍ പതിന്‍മടങ്ങ് അധികാരം – രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വൈകാരിക അധികാരം ബ്രാഹ്മണിസ്റ്റുകള്‍ കൊളോനിയല്‍ അധികാരികളോട് ചേര്‍ന്ന് ഉണ്ടാക്കിയെടുത്തത്. കൊളോനിയല്‍ വംശീയതയോട് ചേര്‍ന്നു നിന്ന, വിഭജനാത്മകമായ അധികാര പ്രത്യയശാസ്ത്രമായതു കൊണ്ടാവാം ഇവര്‍ തമ്മില്‍ സജീവമായ അന്തര്‍ധാരയുണ്ടായത്.
പിതൃമേധാവിത്തം എന്ന, വെള്ളക്കാരുടെ ആദര്‍ശ ജീവിത രീതി ഇവിടെ പ്രധാനമായും പിന്തുടര്‍ന്നിരുന്നതും ബ്രാഹ്മണസമൂഹങ്ങളാണ്. ഈ പ്രത്യേകതയും ഇവര്‍ക്കിടയില്‍ ‘വംശശുദ്ധി’ തുടങ്ങിയ ധാരണകളിലെ സമാനതയുമൊക്കെ ‘പുരോഗമിച്ച’ ഏക ഹിന്ദു സമുദായം ബ്രാഹ്മണസമുദായമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സഹായകമായി. വന്‍ തോതില്‍ എല്ലാ ജാതി സമൂഹങ്ങളിലും സ്ത്രീ ശരീരങ്ങളെ പ്രാഥമികമായി ലൈംഗിക വസ്തുക്കളായി കാണാന്‍ പ്രേരിപ്പിക്കുന്ന മൂല്യങ്ങള്‍ ആധുനിക മൂല്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടു. പെണ്‍മുലകളെ കച്ചകള്‍ കെട്ടി മറച്ചുവയ്‌ക്കേണ്ട ഒന്നെന്ന് കോണ്‍വന്റ് സ്‌കൂളുകളിലും പള്ളികളിലും പഠിപ്പിച്ചു. പല സദാചാരമൂല്യങ്ങളിലും സ്‌നേഹ സങ്കല്‍പ്പങ്ങളിലും നൂറ്റാണ്ടുകള്‍ കഴിച്ച സമൂഹങ്ങളെ ‘ആധുനിക അണുകുടുംബങ്ങളാ’ക്കി മാറ്റാന്‍ പ്രചരണം നടത്തി. ഇക്കാലഘട്ടത്തില്‍ ബ്രാഹ്മണിസത്തിനു ലഭിച്ച ഈ മൈലേജ് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ബ്രാഹ്മിണിസത്തിന്റെ അസാമാന്യ വളര്‍ച്ചയുണ്ടാക്കി.
സ്വാതന്ത്ര്യാനന്തര ബ്രാഹ്മണിസം
വംശീയതയെ ന്യായീകരിക്കാന്‍ സാങ്കേതിക വളര്‍ച്ചയെ, ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയെ ഉപയോഗിച്ചവരാണ് വെള്ളക്കാര്‍. ‘പുരോഗമന’ത്തിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കീഴ്‌പ്പെടുത്തിയത് എന്നാണ് അവര്‍ ചെയ്ത കോളനി വല്‍ക്കരണത്തിനെയും അടിമത്തത്തെയുമൊക്കെ ന്യായീകരിച്ചത്. ചോരയൊഴുകിയ സാമ്രാജ്യത്തെയാണ് അവര്‍ ‘സൂര്യനസ്തമിക്കാത്ത’ വിധത്തില്‍ നിര്‍മിച്ചത്.
ഇതിനോട് സമാനമായ ‘വംശീയ ശ്രേഷ്ഠത’യാണ് ഇവിടെ ബ്രാഹ്മണസമുദായം അവകാശപ്പെട്ടത്. അക്ഷരാഭ്യാസം എന്ന ചരിത്രപരമായ ‘മുന്‍തൂക്ക’ത്തിന്റെ പേരില്‍ ആദ്യമാദ്യം കൊളോനിയല്‍ സ്‌കൂളുകളില്‍ പഠിക്കാനും ഈ ശാസ്ത്ര സാങ്കേതിക വിദ്യ മനസിലാക്കാനുമുള്ള അവസരം ലഭിച്ചതും ഇവര്‍ക്കാണ്. ഇക്കാലത്ത് ‘തീവണ്ടി എഞ്ചിന്‍ എന്തു മനോഹരമായ സൃഷ്ടിയാണ്’ എന്ന രീതിയില്‍ പലതും എഴുതപ്പെട്ടത് കാണാം. പ്രാദേശികമായ കലകളെയും കൈത്തൊഴിലുകളെയുമൊക്കെ നശിപ്പിക്കുന്നതിലും പ്രാദേശിക ജനതയുടെ ജീവിതം താറുമാറാക്കുന്നതിലുമൊക്കെ തീവണ്ടികളുടെ പങ്ക് എഴുതപ്പെട്ടതാണ്. ഫാക്ടറികള്‍ ഉണ്ടാവുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യന്ത്രസഹായത്താലാക്കുക എന്ന നയങ്ങളൊക്കെ കൊളോനിയല്‍ കൊള്ളലാഭത്തിനായാണ് പ്രയോഗിക്കപ്പെട്ടത്. എന്നാല്‍ ഇതൊക്കെയാണ് പുരോഗമനത്തിന്റെ ശരിയായ രീതി എന്നും ഇവിടെയില്ലാത്ത എന്തോ ഒന്നാണ് ലോകം എന്നുമൊക്കെ പ്രാദേശിക സമൂഹങ്ങളെ പറഞ്ഞു പഠിപ്പിച്ചത് ബ്രാഹ്മണിസം കൂടി ചേര്‍ന്നാണ്.
സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്ത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പലപ്പോഴും പറഞ്ഞിട്ടുള്ളത് ഇന്ത്യയെ യൂറോപ്പുപോലെ വികസിപ്പിക്കണം എന്നാണ്. ഇതേ ആശയത്തിന്റെ പുത്തന്‍ വ്യാഖ്യാനം തന്നെയാണ് ഇന്നിവിടെ bjp യും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പറയുന്നത്. വികസനത്തെക്കുറിച്ചുള്ള ധാരണ പ്രാദേശിക അറിവുകളുടെയും സാങ്കേതിക വിദ്യയുടെയും സമൂഹത്തിന്റെയുമൊക്കെ സഹായത്താല്‍ ഉണ്ടാവേണ്ടത് / ഉണ്ടാക്കേണ്ടത് ആണ് എന്ന തിരിച്ചറിവിലേക്ക് പല സമൂഹങ്ങളും എത്തിയിട്ടും നാട്ടുകാരെ പുറത്താക്കി, അവരുടെ സമ്മതമില്ലാതെ ഉണ്ടാക്കുന്ന വീതി കൂടിയ റോഡുകളും ഡാമുകളുമൊക്കെയാണ് വികസനം എന്ന അക്രമാസക്തമായ ആശയം ആണ് ഇവിടെ ബാക്കിയായിട്ടുള്ളത്. കൊളോനിയല്‍ ഹാംങ് ഓവര്‍ എന്നൊക്കെ വിളിക്കപ്പെടുന്ന ധാരണയാണിത്.
കൊളോനിയല്‍ കാലഘട്ടത്തില്‍ അധികമായി കൈവന്ന അധികാര അവകാശങ്ങള്‍ ഉപയോഗിച്ച്, ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ മേല്‍ക്കൈ ഉറപ്പിക്കുകയാണ് ബ്രാഹ്മണിസം ചെയ്തത്. ദൂരദര്‍ശനില്‍ ടെലകാസ്റ്റ് ചെയ്യപ്പെട്ട രാമായണ, മഹാഭാരതങ്ങള്‍ മുതല്‍ ഇന്നത്തെ ട്വിറ്റര്‍ വരെ ഈ ബ്രാഹ്മണ മതത്തിന്റെ പ്രചരണത്തിനായും ഈ ജാതീയ/വംശീയ/ വര്‍ഗീയ പ്രത്യയശാസ്ത്രത്തിന്റെ പ്രചരണത്തിനായും ഉപയോഗിക്കപ്പെട്ടു. ബാബാ സാഹിബ് അംബേദ്കര്‍ വിശദീകരിച്ചപോലെ പല തട്ടുകളിലായി നില്‍ക്കുന്ന ഈ അധികാര സംവിധാനം ചില സമൂഹങ്ങള്‍ക്ക് മറ്റു ചില സമൂഹങ്ങളുടെ മേല്‍ അധികാരം നല്‍കുന്നു. തങ്ങളുടെ ‘മുകളിലുള്ള’വരുടെ പീഢനങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍പ്പോലും തങ്ങളുടെ കീഴിലുള്ളവരെ ഭരിക്കാനുള്ള അവകാശം ഈ വ്യവസ്ഥയെ നിലനിര്‍ത്തി പോരുന്നു. ഇതിനുള്ള ന്യായീകരണങ്ങളായി രാമായണ/മഹാഭാരത കഥകള്‍, ബ്രാഹ്മണ പുരാണങ്ങള്‍ നിരത്തപ്പെടുന്നു.
ഇനി?
ഇന്ന് ഇവിടെ ബ്രാഹ്മണിസ്റ്റ് ഫാഷിസം നിലവിലുണ്ടെങ്കില്‍ അത് ഒരു തിരഞ്ഞെടുപ്പുകൊണ്ടു സാധിച്ചെടുത്തതല്ല. വംശീയത/ജാതീയതയുടെ പിതൃമേധാവിത്തത്തിന്റെ അക്രമങ്ങളുടെ നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഇന്ന് ഒരു നരേന്ദ്ര മോഡിയായി മുന്നില്‍… കൊറോണ കാലഘട്ടത്തിലും മതത്തിന്റെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കാന്‍ മടിയില്ലാത്ത തരത്തില്‍, മനുഷ്യവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നാണമില്ലാത്ത തരത്തില്‍ വികലമാണ് വിവേചനങ്ങളിലധിഷഠിതമായ ഈ പ്രത്യയശാസ്ത്രം.
ഇതിനെതിരെ പ്രതിരോധങ്ങള്‍ ഓരോരുത്തര്‍ക്കും ഒരുമിച്ചും തീര്‍ക്കേണ്ടതാണ് എന്നാണ് മനസിലാക്കല്‍. സമയമെടുത്തുതന്നെ പഠിക്കപ്പെടേണ്ട/ തകര്‍ക്കപ്പെടേണ്ട ഒന്നാണ് ബ്രാഹ്മണിസം. ഓരോരുത്തരുടെയും ഉള്ളിലെ ബ്രാഹ്മണ ധാരണകള്‍ അപനിര്‍മ്മിക്കപ്പെടണം. ലോകത്തെ പല ആദിവാസി സമൂഹങ്ങളും ‘decolonise your mind’ എന്നു പറയുന്നപോലെ ‘debrahminise your mind’ എന്ന് നമ്മള്‍ പറഞ്ഞേ തീരൂ. ഈ എഴുത്ത് ചര്‍ച്ചയ്ക്ക് വയ്ക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in