
ശരീരം, വേദന, ആനന്ദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
വേദനയും/യാതനയും (pain/suffering), സന്തോഷവും/ആനന്ദവും (happiness/bliss) സംബന്ധിച്ച് വിവിധങ്ങളായ സമീപനങ്ങള്‍ നിലനില്ക്കുന്നുണ്ട്. രണ്ടിനെയും, ശരീരവും മനസ്സുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന അനുഭവങ്ങളായി തന്നെയാണ് അംഗീകരിച്ചിരുന്നത്. ചേതനയുള്ള ശരീരത്തില്‍ മാത്രമാണ് രണ്ടും അനുഭവവേദ്യമാകുന്നത്. ആ നിലയില്‍ അവയുടെ ആസ്പദം ശരീരമാണ്. പക്ഷേ എങ്ങിനെയാണ് വേദനയെന്ന ഇന്ദ്രിയാനുഭവം മനസ്സിലാക്കപ്പെടേണ്ടത് എന്ന വിശദാംശങ്ങളിലേക്ക് വരുമ്പോള്‍ അഭിപ്രായഭേദങ്ങള്‍ ഉടലെടുക്കുകയായി. ഏതെങ്കിലും ശരീരഭാഗത്ത് കേന്ദ്രീകരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ locatable sense of pain, അനുഭവങ്ങളില്‍ തെളിയുന്ന ഗുണം എന്ന നിലയില്‍ മസ്തിഷ്‌കത്തിന്റെ cognitive funcion മുതലായ രീതികളിലൊക്കെ വേദനയെയും ആനന്ദത്തെയും നിര്‍വ്വചിക്കാനും വിശദീകരിക്കാനുമുള്ള സൈദ്ധാന്തിക പരിശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.
വേദനയും ആഹ്ലാദവും ആനന്ദവുമൊക്കെ മുജ്ജന്മ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ എന്നാണ് ഭാരതീയ കര്‍മ്മസിദ്ധാന്തം അവതരിപ്പിക്കുന്നത്. ആ അര്‍ത്ഥത്തില്‍, ഒഴിവാക്കാന്‍ സാധിക്കാത്ത, സമചിത്തതയോടെ സമീപിക്കേണ്ടതായ അനുഭവമാണ് വേദന. ഇഹജീവിതയാതനകള്‍ ആകസ്മികമോ നിഷേധാത്മകമോ അല്ല. ഭൗതിക വസ്തുക്കളോടും സുഖഭോഗങ്ങളോടുമുള്ള അനുരാഗമാണ് അതിന്റെ ഹേതു. അവയോട് അനുവര്‍ത്തിക്കുന്ന വൈരാഗ്യമാണ് മോക്ഷമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വേദന-ആനന്ദം എന്ന അവസ്ഥകളോട് സമ്യക്കായ സമീപനവും, പ്രപഞ്ച ചൈതന്യവുമായി താദാത്മ്യപ്പെടലുമാണ് സംസാര ദുഃഖങ്ങളില്‍ നിന്നുള്ള മോക്ഷമാര്‍ഗ്ഗം. ബുദ്ധിസമാണെങ്കില്‍ യാതനയെ അതിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നു. Suffering is the inherent nature of life, desire is its cause; the noble eightfold path the way to Nirvana എന്നുമാണ് അത് പഠിപ്പിക്കുക. ഭാരതീയ ദര്‍ശന പാരമ്പര്യത്തില്‍ ആനന്ദം (bliss), ആഹ്ലാദ (happiness) ത്തിന് ഒരുപടി മുകളിലാണ്. പ്രപഞ്ചചൈതന്യവുമായി ഒന്നാവുന്ന ആത്മാനുഭവത്തെയാണ് ആനന്ദം എന്നതുകൊണ്ട് അര്‍ത്ഥമാക്കേണ്ടത്.
വേദന, ആനന്ദം തുടങ്ങി ഇന്ദ്രിയാനുഭവങ്ങളുടെയെല്ലാം ഉറവിടവും ഇരിപ്പിടവും ഭൗതിക പ്രത്യക്ഷമായ എന്റെ ശരീരമാണ്. അതില്ലെങ്കില്‍ ഞാനില്ല. ആഹ്ലാദിക്കുന്നത്, വേദനിക്കുന്നത്, പ്രണയിക്കുന്നത്, യുദ്ധം ചെയ്യുന്നത് ഞാനാണ്. ശരീരമാണ്. ഒരേസമയം അത് ഇതിന്റെയെല്ലാം ഉറവിടവും അനുഭവി (experiencer) യുമാണ്. മനസ്സ് (mind), ആത്മാവ് (self) എന്നീ നാമങ്ങളില്‍ സൂചിപ്പിക്കപ്പെടുന്നതെല്ലാം സംഭവിക്കുന്നത് ഈ ശരീരത്തില്‍, അതിന്റെ ചേതനാവസ്ഥയില്‍ മാത്രമാണ്. അതാണ് നമ്മുടെ ആനുഭവിക സത്യം. സാമാന്യജ്ഞാനം.
പ്രക്ഷുബ്ധമായ തന്റെ മനസ്സിനെ ശാന്തിയിലേക്കും സ്വസ്ഥതയിലേക്കും വീണ്ടെടുക്കാനായി ഒരിക്കല്‍ ഒരു ചൈനീസ് ചക്രവര്‍ത്തി ബോധിധര്‍മ്മനെ സമീപിച്ചു. ”വെളുപ്പിന് നാല് മണിക്ക് അകമ്പടിക്കാര്‍ ആരുമില്ലാതെ തന്നെ വന്ന് കാണുക. പക്ഷേ മനസ്സിനെ കൂടെ കൊണ്ടുവരാന്‍ മറക്കരുത്,” സഹായിക്കാമെന്നേറ്റ ആ മഹാസാധു പറഞ്ഞു. കൃത്യസമയത്ത് ഏകനായി എത്തിയ തിരുമനസ്സിനോട് അദ്ദേഹം ചോദിച്ചു: ”മനസ്സ് എവിടെ? കൊണ്ടുവന്നിട്ടില്ലേ?” അല്പം ഈര്‍ഷ്യയോടെ ചക്രവര്‍ത്തി പറഞ്ഞു: ”മറന്നുവെക്കാവുന്ന എന്തോ വസ്തുവല്ലല്ലോ മനസ്സ്. അത് എന്റെ ഉള്ളില്‍ തന്നെയല്ലേ ഉള്ളത്?” ഉടന്‍ വന്നു മറുപടി: ”എങ്കില്‍ ഉള്ളില്‍ അത് എവിടെ ഇരിക്കുന്നു എന്ന് കണ്ടെത്തുക. ഞാന്‍ അതിനെ ചികിത്സിച്ച് സുഖപ്പെടുത്താം.” ഏറെനേരം ആലോചിച്ചിട്ടും, ധ്യാനിച്ചിട്ടും പരാജയപ്പെട്ട ചക്രവര്‍ത്തി പറഞ്ഞു: ”കണ്ടെത്താനായി മനസ്സ് എന്നൊന്നില്ല.” ഗുരുമുഖത്തുനിന്ന് ഒഴുകിപ്പരന്ന അപാരമായ സാന്ത്വനത്തില്‍ അദ്ദേഹം പ്രശാന്തചിത്തനായി വിടകൊണ്ടു എന്നാണ് കഥ.
ശരീരത്തില്‍ നിന്ന് ആപേക്ഷിക ഓട്ടോണമിയുള്ള മനസ്സ് സദാ പ്രക്ഷുബ്ധമായിരിക്കും. അതിനെ എന്റെ ഇച്ഛയുടെ (will) വരുതിയില്‍ നിര്‍ത്തുകയെന്നത്, ഒരു തടാകശാന്തിയിലേക്ക് കൊണ്ടുവരികയെന്നത് സമാധാനപൂര്‍ണ്ണമായ ജീവിതത്തിന്റെ മുന്‍ഉപാധിയാണ്.
മനുഷ്യശരീരം ഒരേസമയം പ്രകൃതിയുടേയും സംസ്‌കാരത്തിന്റെയും ഉല്പന്നമാണ്. ഒരു നാഗരികതയുടെ വിശ്വാസഘടനക്കും മൂല്യബോധത്തിനും വിധേയമായി നിരന്തരം ഉല്പാദിപ്പിക്കപ്പെടുകയും പുനരുല്പാദിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നതാണ് ശരീരം. മിക്കവാറും എല്ലാ നാഗരികതകളും, ശരീരത്തെ അധമമായി പരിഗണിക്കാനാണ് മനുഷ്യനെ ശീലിപ്പിച്ചിട്ടുള്ളത്. മനുഷ്യപതനത്തെക്കുറിച്ചുള്ള (The fall) ക്രിസ്തീയ വിശ്വാസം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒരു പൂവിനെയെന്നപോലെ സ്വന്തം ശരീരങ്ങളെ ആസ്വദിക്കാനല്ല നാം പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത്. ശരീരത്തിന്റെ നൈസര്‍ഗ്ഗികമായ ഉത്സവങ്ങള്‍ പലപ്പോഴും നിഷിദ്ധങ്ങളായിരുന്നു. യഥാര്‍ത്ഥത്തില്‍ സാദ്ധ്യതകളുടെ ഒരു ക്ഷേത്രമായി അതിനെ മനസ്സിലാക്കുകയാണ് വേണ്ടത്. ശരീരത്തിനു ചുറ്റും നിലനിര്‍ത്തിപ്പോന്നിട്ടുള്ള കുറ്റബോധത്തിന്റെയും ലജ്ജയുടേതുമായ വ്യവഹാരങ്ങള്‍ തള്ളിക്കളയുകയാണ് വേണ്ടത്. ശരീരം ആത്മാവിന്റെ വെറും ഉടയാടയല്ല. മുഷിഞ്ഞ വസ്ത്രങ്ങള്‍ എന്നപോലെ ഉപേക്ഷിക്കപ്പെടേണ്ടതുമല്ല. നാം ഓരോരുത്തരും ആദ്യം ശരീരമാണ്. അതിനെ പാപബോധം കൊണ്ട് പൊതിയരുത്. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദങ്ങളിലേക്ക് അവ നിങ്ങളെ നയിക്കും. ഇന്ദ്രിയ സുഖങ്ങള്‍ ഇകഴ്ത്തപ്പെടേണ്ടതോ, വര്‍ജ്ജിക്കപ്പെടേണ്ടതോ അല്ലതന്നെ. പുല്‍ക്കൊടി മുതല്‍ ദൈവം വരെ, പ്രപഞ്ചത്തിലുള്ളതെല്ലാം സൃഷ്ടിയുടെ അനുഗ്രഹങ്ങളാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വേദന-ആനന്ദം, ഇവ രണ്ടിനെയും ഇന്ദ്രിയാനുഭവങ്ങളുടെ രണ്ട് വിരുദ്ധചേരികളിലാണ് നാം സാധാരണഗതിയില്‍ സ്ഥാപിക്കാറുള്ളത്. രണ്ടിനുമിടയില്‍ കലര്‍പ്പ് അനുവദിക്കപ്പെടാറില്ല. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അത് അങ്ങിനെതന്നെയാണെന്ന് പറയാന്‍ കഴിയുമോ? പൂര്‍ണ്ണമായും വേദനാരഹിതം എന്ന് പറയാവുന്ന ഒരു അവസ്ഥ ഉണ്ടോ? അത് ജീവിതത്തിന്റെ അവിഭാജ്യഘടകമല്ലേ? നമ്മുടെ നിഴലുപോലെ. മരണം പോലെ. ജനനം മുതല്‍ അവ നമ്മുടെ കൂടെ കഴിയുന്നില്ലേ? ഏതെങ്കിലും ഒന്നിന്റെ വ്യഥയൊഴിഞ്ഞ ഒരു നിമിഷമെങ്കിലും വ്യക്തിയുടെ ജീവിതത്തില്‍ ഇല്ലെന്നതല്ലേ വാസ്തവം? മുറിവുകള്‍, ഒടിവുകള്‍, ക്ഷതങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയ ശാരീരിക അവസ്ഥകള്‍ തരുന്ന വേദനകളെയും യാതനകളെയും കുറിച്ച് മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഒരാള്‍ക്ക് വ്യക്തിപരമായി സംഭവിച്ചേക്കാവുന്ന നിര്‍ഭാഗ്യകരമായ എന്തിനെയെങ്കിലും കുറിച്ചുമല്ല. ഉക്രൈന്‍-റഷ്യ, ഗാസ യുദ്ധങ്ങള്‍ വ്യക്തിപരമായി നമ്മളില്‍ ആര്‍ക്കെങ്കിലും വേദന ഏല്‍പ്പിക്കുന്നില്ലായിരിക്കും. എന്നിട്ടും നാം പലരും എന്തുകൊണ്ട് ആ യുദ്ധങ്ങള്‍ക്കെതിരെ, എല്ലാ യുദ്ധങ്ങള്‍ക്കും ഹിംസകള്‍ക്കുമെതിരെ നിലപാടെടുക്കുന്നു? വ്യക്തിപരവും സങ്കുചിതവുമായ തലത്തിലല്ലാതെ, സാര്‍വ്വലൗകികമായ ഒരു തലത്തില്‍കൂടി വേദനയെന്ന അനുഭവം മനസ്സിലാക്കപ്പെടേണ്ടതില്ലേ? മുടന്തുന്ന കുഞ്ഞാടിനെ കണ്ട് ബുദ്ധന്‍ വേദനിച്ചതുപോലെ. കുതിരക്കാരന്‍ കുതിരയെ പൊതിരെ തല്ലുന്നതുകണ്ട്, അയാളെ തള്ളിമാറ്റി കുതിരയുടെ കഴുത്തില്‍ കെട്ടിപ്പിടിച്ച് കരഞ്ഞ ഫ്രീഡ്‌റിച്ച് നീത്‌ഷേയെപോലെ. ബുദ്ധന്റെ ഉപദേശപ്രകാരം മരണം മൂലം ആരും വേദനിക്കാത്ത ഒരു വീട്ടില്‍ നിന്ന് കടുകുതേടി അലഞ്ഞ സ്ത്രീ വേദനയുടെ സാര്‍വ്വലൗകികത തിരിച്ചറിഞ്ഞതുപോലെ. അവള്‍ അവളുടെ തന്നെ നൈതിക സ്വത്വത്തിലേക്ക് ഉയരുകയായിരുന്നു. കൂട്ടത്തില്‍, വ്യക്തിശരീരത്തിന്റെ അവസ്ഥാഭേദങ്ങളുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്ന അതിന്റെ തന്നെ സങ്കുചിതത്വത്തില്‍ നിന്ന്, വ്യക്തിയുടെ തന്നെ മാനസികവും നൈതികവുമായ വേദനകളെ കൂടി ഉള്‍ക്കൊള്ളാനാവും വിധം വേദന എന്ന പരികല്പന അതിന്റെ സാര്‍വ്വലൗകികതയിലേക്ക് വളരുക കൂടിയായിരുന്നു.
തത്വചിന്തയാവട്ടെ, കലാ-സാഹിത്യാദികളാവട്ടെ, ധൈഷണിക ജീവിയെന്ന നിലയില്‍ പൊതുവില്‍ മനുഷ്യന്റെ ബൗദ്ധികവ്യാപാരങ്ങളില്‍ ശരീരത്തിന്, അതിന്റെ ആരോഗ്യ-അനാരോഗ്യത്തിന് നിര്‍ണ്ണായകമായ സ്വാധീനമുള്ളതായി ന്യായമായി കരുതാനാവും. മനസ്സും, നൈതിക സ്വത്വവുമെല്ലാം കൂടിച്ചേരുന്ന ഒരൊറ്റ യൂണിറ്റായിട്ടാണ് ശരീരം ഇവിടെ പരിഗണിക്കപ്പെടുന്നത്. അതേ സമഗ്രതയില്‍ തന്നെയാണ് ആരോഗ്യം, വേദന, ആനന്ദം എന്നിവയും കണക്കാക്കപ്പെടുന്നത്. ഫിലോസഫി എന്ന പദസംയുക്തത്തിന്റെ സാരം Love of the truth എന്നാണല്ലോ. സത്യത്തെയാണ് അത് തിരയുന്നത് എന്ന് വിവക്ഷ. എല്ലാ ജ്ഞാന സമ്പാദന ശാഖകളും അതതിന്റെ മേഖലകളില്‍ ഇതേ ലക്ഷ്യം വെച്ചുതന്നെയാണല്ലോ പ്രവര്‍ത്തിക്കുന്നത്. പല തത്വചിന്തകരും സത്യാന്വേഷണത്തെക്കുറിച്ചുള്ള തത്വചിന്തയുടെ ഈ അവകാശവാദത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരാണ്. രോഗവും ആരോഗ്യവും, വേദനയും ആനന്ദവും സാന്ത്വനവുമെല്ലാമടങ്ങുന്ന ശരീരസംബന്ധിയായ ഉല്‍കണ്ഠകള്‍; തത്വചിന്തയുടെ ലക്ഷ്യത്തില്‍തന്നെ നിര്‍ണ്ണായകമായ ചില ദിശാവ്യതിയാനങ്ങള്‍; പരോക്ഷമായെങ്കിലും, ചിലപ്പോഴെല്ലാം പ്രത്യക്ഷമായിപ്പോലും വരുത്തുന്നുണ്ട് എന്നാണ് അവരുടെ നിരീക്ഷണം. പ്രാതിഭാസിക ലോകവും ജീവിതവും മറികടന്ന് അവക്കുപരിയായി, ദൈവം, സ്വര്‍ഗ്ഗം, Absolute, ബ്രഹ്മന്‍ തുടങ്ങിയ മതപരവും ദാര്‍ശനികവുമായ പരികല്പനകളെ ചൂഴ്ന്ന് നില്ക്കുന്ന താത്വിക വ്യവഹാരങ്ങളെയാണ് അവര്‍ അവരുടെ നിരീക്ഷണത്തിന് തെളിവുകളായി നിരത്തുന്നത്.
രോഗാതുരവും വേദനാജനകവുമായ വ്യക്തി-സാമൂഹ്യജീവിതത്തിന്റെ പശ്ചാത്തലത്തില്‍, അറിഞ്ഞോ അറിയാതെയോ, അതിനുള്ള സാന്ത്വനമായി മാറുന്നു ‘ധീരമായ ഭ്രാന്തുകള്‍’ എന്ന് വിളിക്കപ്പെടുന്ന അതിഭൗതിക വ്യവഹാരങ്ങള്‍ എന്നാണ് അവരുടെ പക്ഷം. രോഗകാരണങ്ങളെ നേരിട്ട് ചികിത്സിക്കുകയല്ല; അതിന്റെ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെ ലഘൂകരിക്കുകയും സഹനീയമാക്കുകയും ചെയ്യുന്ന സാന്ത്വന ചികിത്സയുടെ (palliative care) പങ്കാണ് ഈ ദര്‍ശനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. കാള്‍ മാര്‍ക്‌സിന്റെ രണ്ട് സുപ്രസിദ്ധങ്ങളായ നിരീക്ഷണങ്ങള്‍ ഇതിനോടൊപ്പം ചേര്‍ത്ത് വെക്കുന്നത് കൗതുകകരമായിരിക്കും. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ നിശ്വാസവും, ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത ലോകത്തിലെ ആത്മാവുമാണ്.’, ‘തത്വചിന്തകര്‍ ലോകത്തെ പലവിധത്തില്‍ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്; പ്രധാനകാര്യം അതിനെ മാറ്റിമറിക്കലാണ്.’ മത-ദാര്‍ശനിക വ്യാവഹാരങ്ങള്‍ സ്വാന്ത്വന ചികിത്സയുടെ പങ്കാണ് നിര്‍വ്വഹിക്കുന്നതെന്ന് മാര്‍ക്‌സ് പറയാതെ പറയുകയല്ലേ ചെയ്യുന്നത്? രോഗാതുരമായ, വേദനാജനകമായ ലോകത്തിന്റെ വ്യാഖ്യാനങ്ങളില്‍ രോഗാവസ്ഥ, അതിന്റെ ഉത്കണ്ഠകള്‍, അതിന്റെ സ്വാന്ത്വനങ്ങള്‍ നിര്‍ണ്ണായക സ്വാധീനങ്ങളാകാതിരിക്കുന്നതെങ്ങനെ? ദൈനംദിന ജീവിതത്തില്‍നിന്ന് ‘അവധിയെടുത്ത ഭാഷ’ (Language gone on holiday) എന്ന വിറ്റ്‌ഗെന്‍സ്റ്റൈന്റെ തത്വചിന്ത നിര്‍വ്വചനത്തിലും ഈ അര്‍ത്ഥം തന്നെയാണ് നിഴലിക്കുന്നത്. സാഹിത്യ-കലാ നിര്‍മ്മിതികളിലും, അതത് കാലത്തിലെ യാതനകള്‍ക്കും ആനന്ദ നിഷേധങ്ങള്‍ക്കുമെതിരായി ഈ പാലിയേറ്റീവ് ഇന്‍സ്റ്റിങ്റ്റ് തന്നെയായിരിക്കണം ഉള്‍പ്രേരണയായി പ്രവര്‍ത്തിക്കുന്നത്. തോമസ്മന്‍, ഗുന്തര്‍ഗ്രാസ്, സോള്‍ഷെനിറ്റ്‌സിന്‍, ഒ.വി.വിജയന്‍, കാഫ്ക, കാമു, വാന്‍ഗോഗ്, പിക്കാസോ, നീത്‌ഷേ… ആരെ വേണമെങ്കിലും ഉദാഹരിക്കുവാന്‍ കഴിയും. സിസിലി സോണ്ടേഴ്‌സി (Cicely Saunders)ന്റെ ‘Total health’ സമ്പൂര്‍ണ്ണ ആരോഗ്യം എന്ന സങ്കല്പത്തെ ഒന്നുകൂടി വിപുലപ്പെടുത്തി ഒരു Philosophical Physicianന്, പ്രത്യേകിച്ചും palliative care instinct ഉള്ള ഒരാള്‍ക്ക് പിന്തുടരാവുന്ന ഗവേണ വിഷയം തന്നെയാണ് ഇത്.
”ഭൂമിക്ക് ഒരു ചര്‍മ്മമുണ്ട്, ആ ചര്‍മ്മത്തില്‍ രോഗങ്ങളും. അവയിലൊരു രോഗത്തിന്റെ പേരാണ് മനുഷ്യന്‍”- പറയുന്നത് നീത്‌ഷേയാണ്. വളരെ ചെറിയ പ്രായത്തില്‍തന്നെ അച്ഛന്‍ മരിച്ചു. സഹോദരനും. പരാധീനതകള്‍ നിറഞ്ഞ ജീവിതം. രോഗപീഢകള്‍ യൗവ്വനത്തുടക്കത്തിലേ ഉണ്ട്. മുപ്പത്തിയഞ്ച് വയസ്സാകുമ്പോഴേക്കും പലവിധ രോഗങ്ങളാല്‍ ദുരിതപൂര്‍ണ്ണമായിരുന്നു നീത്‌ഷേയുടെ ജീവിതം. ജോലി രാജിവെക്കേണ്ടിവരുന്നു. സാമ്പത്തിക ഞെരുക്കം, ഏകാന്തത, ഒറ്റപ്പെടല്‍, അനാഥത്വം. ഉറ്റ സുഹൃത്തായ പോള്‍ റീയു (Paul Ree) യുമായുള്ള സൗഹൃദവും, ലൂ ആന്‍ഡ്രിയാസ് സലോമ (Lou Andreas Salome) യുമായുള്ള പ്രണയവും തകര്‍ന്നു. ഒരാള്‍ക്ക് താങ്ങാനാവുന്നതിലുമധികം, സഹിക്കാനാവുന്നതിലുമധികം ആയിരുന്നു. 1889 തോടുകൂടി ശാരീരികവും മാനസികവുമായി തകര്‍ന്നു. അതില്‍ നിന്ന് 1900 ത്തിലെ മരണം വരെ അദ്ദേഹം മോചിതനായില്ല. കുറെക്കാലം ഉന്മാദചികിത്സക്ക് മാനസികാശുപത്രിയിലടക്കപ്പെട്ടു. ആധുനിക യൂറോപ്യന്‍ തത്വചിന്തയെ ആധുനികോത്തരതയിലേക്ക് കൈപിടിച്ചു കയറ്റിയ അതിപ്രശസ്തനായ ഫ്രെഡറിക് നീത്‌ഷേയുടെ ലഘു ജീവിതചിത്രമാണിത്.
അലസമായ ഒരു ശരാശരി ജീവിതത്തിന്റെ സമതല ശാന്തിയിലായിരിക്കില്ല, കഠിനവേദനകളുടെ കൊടുമുടി കയറിയിറങ്ങുമ്പോഴായിരിക്കും, ആകസ്മികമായി, സ്വന്തം സ്വത്വത്തിന്റെ ആഴങ്ങളിലേക്കുള്ള അടരുകള്‍ അനാവൃതമാവുക. നിനച്ചിരിക്കാത്ത തലങ്ങളിലേക്ക്, സാദ്ധ്യതകളിലേക്ക് തുറക്കപ്പെടുന്നത്. രോഗാവസ്ഥയെ, വേദനയെ, കാല്പനികവല്ക്കരിക്കുവാന്‍ ശ്രമിക്കുകയല്ല. സ്വീകരിക്കുകയല്ലാതെ, സഹവസിക്കുകയല്ലാതെ മറ്റൊരു തിരഞ്ഞെടുപ്പിനുള്ള ഓപ്ഷന്‍ ഇല്ലാതെയെത്തുന്ന വേദനകളുമായി ജീവിക്കുമ്പോഴും ആനന്ദത്തിന്റെ തിരി കെട്ടുപോകാതിരിക്കുന്നതെങ്ങനെ എന്നാണ് ആലോചിക്കുന്നത്. ആ പരിഗണനയിലാണ്, അതിഥിയായെത്തുന്ന ഒരു രോഗം, ഒരപകടം, ആത്മാവിന്റെ ആഴങ്ങളില്‍ മറഞ്ഞിരിക്കുന്ന മറുസാദ്ധ്യതകളെ ഉദ്ദീപിപ്പിക്കുന്ന ത്വരകമായി മാറുന്നത്. നമുക്കിടയിലുള്ള പലരുടെയും ജീവിതങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുമായിരിക്കും. തിരിച്ചറിയപ്പെടാതെ പോകുമായിരുന്ന കാരുണ്യത്തിന്റെ ഉറവകള്‍ തുറക്കപ്പെടുന്നതിന് അത് നിമിത്തമാവുകയാണ്. സ്വയം അനുഭവിക്കുന്ന കഠിന വേദനകള്‍ മാത്രമല്ല, പ്രിയപ്പെട്ടവരാരുടെയെങ്കിലും അത്തരമൊരു അവസ്ഥക്ക് സാക്ഷ്യം വഹിക്കേണ്ടിവരുന്നവരില്‍ പോലും ചില നിര്‍ണ്ണായക വഴിത്തിരിവുകള്‍ക്ക് അത് കാരണമാകാറുണ്ട്. ‘നാം ഓരോരുത്തരും എവിടെ നില്ക്കുന്നോ, അവിടെ ആഴത്തില്‍ കുഴിക്കുക’ (where you stand, there dig deep) എന്ന് നീത്‌ഷേ പറയുന്നുണ്ട്. ഇരക്കുകയും, വിലപിക്കുകയുമല്ല വേണ്ടത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. നിസ്സഹായതയിലേക്ക് പതിക്കേണ്ടതുമില്ല. ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ടതുപോലുമില്ല.
അത്യന്തം പ്രക്ഷുബ്ധമായ ഒരു സമുദ്രത്തിലൂടെ, ഏത് നിമിഷവും മുങ്ങിപ്പോകാമെന്ന നിലയില്‍, നിറയെ യാത്രക്കാരുമായി ഒരു കപ്പല്‍. ഭയചകിതരായ മുഴുവന്‍ പേരും, രക്ഷിക്കപ്പെട്ടാല്‍ വിലപിടിച്ച വഴിപാടുകള്‍ നേര്‍ന്നുകൊണ്ട് ദൈവത്തോടുള്ള പ്രാര്‍ത്ഥനയിലാണ്. ഒരു സൂഫി സന്യാസി മാത്രം അവരില്‍ നിന്ന് മാറി ശാന്തചിത്തനായി ഒരു മൂലയില്‍ ഇരിക്കുകയാണ്. ”എന്തുകൊണ്ട് നിങ്ങള്‍ക്കും പ്രാര്‍ത്ഥിച്ചുകൂട. നിങ്ങളുടെ ദൈവനിന്ദയുടെ ഫലം ഞങ്ങളും അനുഭവിക്കണോ?” എന്ന് അവര്‍ അയാളോട് കയര്‍ക്കുന്നു. സൂഫിയുടെ മറുപടി ഇങ്ങനെ: ”പ്രപഞ്ചം ദൈവത്തിന്റെ ബിസിനസ്സാണ്. എനിക്കതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. വഴിപാടുകളും ഓഫറുകളുമായി ദൈവത്തെ സ്വാധീനിക്കാമെന്നും ഞാന്‍ കരുതുന്നില്ല. ദൈവഹിതം എന്തായാലും എനിക്ക് സ്വീകാര്യമാണ്. ജനനവും മരണവും ജീവികളുടെ തീരുമാനമല്ലല്ലോ.” നിശ്ശബ്ദനായി സന്യാസി ധ്യാനം തുടര്‍ന്നു. സ്വന്തം ആഴങ്ങളിലേക്ക് കുഴിക്കുകയാണ് സൂഫി ചെയ്തത്. ഒരു പരിഭ്രമവുമില്ലാതെ. വേദനയുടെ ഗിരിശൃംഖങ്ങളില്‍നിന്ന് സാന്ത്വനത്തിന്റെ സമതല ശാന്തിയിലേക്ക് ഒരുവഴി, എപ്പോഴും എവിടെയെങ്കിലുമുണ്ടാകും.
ഏത് ശരീരമാണ് വേദന അറിയാത്തതായി ഉള്ളത്. ഏതൊന്നിനാണ് പൂര്‍ണ്ണ സ്വാസ്ഥ്യം അവകാശപ്പെടാനാവുക? ഏത് ജിവിയും ഈ ഭൂമുഖത്ത് പൂര്‍ണ്ണ സമാധാനത്തോടെ, വേദനയറിയാതെ, ആഹ്ലാദങ്ങളില്‍ മാത്രം ഒഴുകി നടന്ന ഏതെങ്കിലുമൊരു കാലമുണ്ടോ? രണ്ട് കാലങ്ങളില്‍ മാത്രമാണ് മനുഷ്യര്‍ ജീവിച്ചിട്ടുള്ളത്, ഈ കാലമത്രയും. ഇനിയും അതേ സാദ്ധ്യമാവു. യുദ്ധകാലത്തും, യുദ്ധത്തിനായുള്ള തയ്യാറെടുപ്പിന്റെ കാലത്തും! രണ്ടാമത്തേതിനെ നാം സമാധാനകാലം എന്ന് തെറ്റിദ്ധരിക്കുകയാണ്. അതുപോലെ, രോഗാവസ്ഥയും, രോഗം കണ്ടെത്തപ്പെടാത്ത അവസ്ഥയും മാത്രമാണുള്ളത്. രോഗമില്ലാത്ത, വേദനകളില്ലാത്ത ഒരു കാലം എന്നത് തെറ്റിദ്ധാരണയാണ്. The great leveller എന്ന് ഷേക്‌സ്പിയര്‍ വിശേഷിപ്പിച്ച മരണവും അങ്ങിനെതന്നെ. നിഴലായി നമ്മുടെ കൂടെ എപ്പോഴുമുണ്ട്. സന്തതസഹചാരിയായി. മറ്റുള്ളവരുടെ മരണം മാത്രം കണ്ടുശീലിച്ചിട്ടുള്ള മനുഷ്യര്‍ കരുതുകയാണ് എനിക്ക് അത് സംഭവിക്കില്ല. എന്താണ് ഭൂമിയിലെ ഏറ്റവും വലിയ അത്ഭുതം എന്ന് ആരാഞ്ഞപ്പോള്‍ യുധിഷ്ഠിരന്റെ മറുപടി ഇതായിരുന്നു: ”തന്റെ ചുറ്റിനും ആളുകള്‍ മരണപ്പെടുന്നത് കാണുമ്പോഴും തനിക്ക് മാത്രം മരണമില്ല എന്ന് കരുതുന്ന മനുഷ്യനേക്കാള്‍ അത്ഭുതകരമായി മറ്റെന്തുണ്ട് ഭൂമിയില്‍.”
വേദനയ്ക്ക് കീഴടങ്ങാതിരിക്കാന്‍ മാത്രമാണ് മനുഷ്യന് സ്വാതന്ത്ര്യമുള്ളത്. മരണത്തിനും. അതിന് ഒരു മാര്‍ഗ്ഗമേയുള്ളു. അവയോട് യുദ്ധം പ്രഖ്യാപിക്കാതിരിക്കുക. അനിവാര്യതകളായി അംഗീകരിച്ച് സ്വീകരിക്കുക. വാറണ്ടുമായി കൂടെ കൂട്ടാനെത്തിയ തന്റെ മരണത്തെ അതിഥിയായി സ്വീകരിച്ചിരുത്തി, അതുമായി സൗഹൃദ ചെസ്സ് മത്സരത്തിലേര്‍പ്പെടുന്ന ബര്‍ഗ്മാന്‍ സിനിമയിലെ നായക കഥാപാത്രത്തെപോലെ. ഭയന്നാലും ഭയന്നില്ലെങ്കിലും സംഭവിക്കുന്ന ഒരു യഥാര്‍ത്ഥ്യമായി അതിനെ കാണാവുന്ന സമചിത്തത ആര്‍ജിക്കുവാനേ നമുക്ക് ഓപ്ഷനുള്ളു. എപ്പോള്‍ വേണമെങ്കിലും വന്നുകയറാവുന്ന ഒരു ചങ്ങാതിയാണത്. മറ്റുപല അനിവാര്യതകള്‍ പോലെ ഒന്ന്. വേദനയും അങ്ങിനെത്തന്നെ. ശരീരമുണ്ടെങ്കില്‍ വേദനയുണ്ട്, മരണവും. ജീവന്‍ ഉടല്‍ എടുക്കുമ്പോള്‍തന്നെ നാം അത് സ്വീകരിച്ചു കഴിഞ്ഞതാണ്. സ്ഥൈര്യത്തോടെ അവയെ കൂടെ കൂട്ടാനുള്ള സന്നദ്ധതയാണ് ആവശ്യം. ‘എന്നെ കൊല്ലാത്തതെന്തും, എന്നെ കൂടുതല്‍ ബലവാനാക്കുന്നു’ (That dosent’ kill me, makes me stronger) എന്ന് നീത്‌ഷേ പറഞ്ഞതുപോലെ. സ്ഥായിഭാവത്തോടുള്ള, അനശ്വരതയോടുള്ള ആഭിമുഖ്യമാണ് ജീവിതയാതനകളുടെ പ്രഭവകേന്ദ്രമെന്നാണ് ബുദ്ധന്‍ പഠിപ്പിക്കുന്നത്. അനിത്യതയെ, നശ്വരതയെ സ്വീകരിക്കുന്നതോടെ, പ്രഭാതസൂര്യനില്‍ മഞ്ഞുരുകുന്നപോലെ ജീവചൈതന്യം തെളിയുകയായി. വേദനയല്ല മനുഷ്യനെ വേദനിപ്പിക്കുന്നത്. രോഗവുമല്ല. മരണവുമല്ല. സ്വന്തം മരണം ഒരിക്കലും ഒരാളുടെ അനുഭവമല്ല. അവയെക്കുറിച്ചും, പൊതുവെ ജീവിതത്തെക്കുറിച്ചുമുള്ള യാഥാര്‍ത്ഥ്യബോധത്തോടുകൂടിയ കാഴ്ചപ്പാടിന്റെ അഭാവമാണ്; തെറ്റായ അല്‍ഗോരിതങ്ങള്‍ ഉണ്ടാക്കുന്ന ആഖ്യാനങ്ങളാണ് വേദനിപ്പിക്കുന്നത്. ‘ഹോമോസാപ്പിയന്‍ ഒരു പഴഞ്ചന്‍ അല്‍ഗോരിതം’ എന്ന് സമകാലീന ചിന്തകനും ചരിത്രകാരനുമായ യുവാല്‍ നോവാ ഹരാരി പറയുന്നത് അതുകൊണ്ടുകൂടിയാവാം.
പഴയ അല്‍ഗോരിതങ്ങളും, സോഫ്റ്റ്‌വെയറുകളും അപ്‌ഡേറ്റ് ചെയ്യേണ്ടിയിരിക്കുന്നു. സന്തോഷം, ആഹ്ലാദം, ആനന്ദം, അതെല്ലാം പോലെ വേദനകളും യാതനകളും ശരീരത്തിന്റെ അവസ്ഥാന്തരങ്ങളാണ്. ഒന്നിനെ കളഞ്ഞ് മറ്റൊന്നിനെ മാത്രം സ്വീകരിക്കുക അസാദ്ധ്യം. രണ്ടും ചേര്‍ന്ന ഒരു പാക്കേജ് ഡീലാണ് ജീവിതം. ഇവയൊന്നും ആത്യന്തികങ്ങളുമല്ല, പരസ്പരം ഒഴുകിപ്പടരുന്ന അവസ്ഥകളാണ്. ആപേക്ഷികങ്ങളാണ്. മോണിംഗ് സ്റ്റാര്‍ തന്നെയാണ് ഈവനിംഗ് സ്റ്റാര്‍. ഒരേ നക്ഷത്രത്തെ രണ്ട് കാഴ്ചപ്പാടുകളില്‍ കാണുക മാത്രമാണ്. പൂര്‍ണ്ണമായും വേദനാരഹിതവും, പരമവുമായ ആനന്ദം മരണമാണ്. ജീവിതാന്ത്യം. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം കുഴിച്ചെടുക്കുന്ന ഒരു തലയോട്ടിയുടെ മുഖത്ത് കാണുന്ന വിടര്‍ന്ന, നിറഞ്ഞ ചിരിയില്ലേ അതാണ് ഒരിക്കലും മായാത്ത, പരമാനന്ദം. എത്ര സ്വച്ഛം. പരിപൂര്‍ണ്ണം. ആത്യന്തികം. യുദ്ധങ്ങല്‍ വെട്ടി, അഭിയാനങ്ങള്‍ അനവധി കഴിഞ്ഞ് വിജയശ്രീലാളിതനായ ഈഡിപ്പസ് രാജാവിന്റെ ജീവിതാന്ത്യത്തില്‍ സോഫോക്ലീസ് കോറസ്സിനെകൊണ്ട് പറയിക്കുന്നു: ”count no man happy till he dies free of pain atlast.” ഈ മനുഷ്യാവസ്ഥക്ക് അടിവരയിടുന്ന അനുഭവമായിരുന്നു കോവിഡ് കാലം. വേദനകള്‍ വരുന്നത് ഏതുവഴി? എപ്പോള്‍? ആര്‍ക്കറിയാം. ആര്‍ക്ക് പ്രവചിക്കാനാവും. ജാതി, മത, വംശ, വര്‍ണ്ണ വര്‍ഗ്ഗവ്യത്യാസമില്ലാതെ ഭൂമിയിലെ മുഴുവന്‍ മനുഷ്യരുടെയും vulnarability, നിസ്സഹായത, ഒരു വെളിപാടിന്റെ ആഘാതത്തോടെ തിരിച്ചറിയപ്പെട്ട ദുരന്തമായിരുന്നു കോവിഡ് കാലം. ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പ് എന്ന് പറയുംപോലെ കോവിഡിന് മുന്‍പ് പിന്‍പ് എന്ന് കാലം നെടുകെ പിളര്‍ന്നു. മനുഷ്യര്‍ മുഴുവന്‍ ഒരുപോലെ പരാധീനരായി. ന്യൂക്ലിയര്‍ ബോംബുകളെയും, ദൈവത്തേയും പിശാചിനെയും കാലാവസ്ഥ വ്യതിയാനത്തെപോലും ഭയപ്പെടാത്ത മനുഷ്യര്‍ അദൃശ്യമായ ഒരു വൈറസിനു മുന്നില്‍ ഭയചകിതരായി. യാതനകള്‍ സാര്‍വ്വലൗകികമായി. മരണഭീതി തുല്യമായി വിതരണം ചെയ്യപ്പെട്ടു. it was socialism of terror, pain, suffering, unhappiness പൂര്‍ണ്ണമായും രോഗാതുരമായ ഒരു ലോകം. ഫാസിസ്റ്റ്, കമ്മ്യൂണിസ്റ്റ്, താലിബാന്‍, സമഗ്രാധിപത്യങ്ങള്‍പോലെ. അവിടങ്ങളിലും ഇവയുടെയൊക്കെ തുല്യവിതരണം തന്നെയായിരുന്നല്ലോ!
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങള്‍ക്കുമൊന്നുമില്ല മനുഷ്യശരീരം പോലെ ക്രമാനുഗതം വികസിച്ച ഒരു ശരീരഘടന. അതൊരു വിസ്മയഘടന തന്നെയാണ്. പക്ഷേ ഏറ്റവുമധികം കീഴടക്കപ്പെട്ടിട്ടുള്ളതും, പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളതും, മുറിവുകള്‍ ഏറ്റുവാങ്ങിയിട്ടുള്ളതും, രോഗങ്ങള്‍ ഒന്നിനു പിറകിലൊന്നായി കയറിമെതിച്ചിട്ടുള്ളതും മനുഷ്യശരീരങ്ങളിലാണ്. മനുഷ്യേതര ജന്തുശരീരങ്ങളുടെ സ്ഥിതി ഇതിലും എത്രയോ ദയനീയമാണ്. നേരമ്പോക്കിനും, ഭക്ഷണത്തിനും, കെട്ടുകാഴ്ചകള്‍ക്കുമായി, തങ്ങള്‍ക്ക് ഒരു പങ്കുമില്ലാത്ത മനുഷ്യരുടെ യുദ്ധങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും വേണ്ടി, സംസ്‌കാരങ്ങള്‍ കെട്ടിപ്പൊക്കുന്നതിനും, അവരുടെ ദൈവങ്ങള്‍ക്ക് ബലിയായും ഇരകളാക്കപ്പെട്ടിട്ടുള്ള ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജന്തുശരീരങ്ങള്‍ കോടാനുകോടികളാണ്. ഭൂമിയിലെ ഏറ്റവും ഇംപീരിയലിസ്റ്റായ ജീവി എന്ന് മേതില്‍ വിശേഷിപ്പിക്കുന്ന ജീവിയായ മനുഷ്യനാല്‍ ഉന്മൂലനം ചെയ്യപ്പെട്ട മൃഗജാതികള്‍ ദശലക്ഷക്കണക്കിനാണ്. നാം എത്ര രക്തം ഒഴുക്കി അവയുടെ? അവയുടെ ദീനരോദനങ്ങള്‍ ഇപ്പോഴും പ്രതിധ്വനിക്കുന്നത് കേള്‍ക്കുന്നില്ലേ? അവരുടെ ആവാസവ്യവസ്ഥകളില്‍ കടന്നുകയറി അവയെ ചിതറിത്തെറിപ്പിച്ച മനുഷ്യന്‍ ഭൂമിഗാത്രത്തിലും അന്യജീവികളിലും വലിയ വിഭാഗം മനുഷ്യരില്‍ തന്നെയും ഏല്പിച്ച വേദനകള്‍, യാതനകള്‍ അവര്‍ണ്ണനീയമാണ്. ഇപ്പോഴും അത് തുടരുകയാണ്. അപ്പോഴും വേദനയുടെ ആഖ്യാനങ്ങളില്‍ മനുഷ്യരുടെ വേദന മാത്രമെ പരിഗണിക്കപ്പെടാറുള്ളു! ശരിയായിരിക്കാം. നമുക്ക് നമ്മുടെ വേദനകളല്ലേ പ്രധാനം? വേദനയിലെങ്കിലും നമുക്ക് സ്വാര്‍ത്ഥരായിക്കൂടേ? അപ്പോഴും ഭൂമിയിലെ വേദനയുടെയെല്ലാം ഉറവിടവും മൊത്തക്കച്ചവടവും ഭൂമി ചര്‍മ്മത്തിലെ രോഗമായ മനുഷ്യനിലാണ് എന്ന വസ്തുത അവശേഷിക്കുന്നു.
പ്രജാശരീരത്തിലടിച്ചേല്‍പ്പിക്കുന്ന വേദനയിലൂടെയാണ് അധികാരസ്വരൂപങ്ങള്‍, ഭരണകൂടങ്ങള്‍ അനുസരണയും അച്ചടക്കവും ഉറപ്പു വരുത്തുന്നത്. രാഷ്ട്രങ്ങള്‍ കെട്ടിപ്പൊക്കിയിട്ടുള്ളത് വേദനയുടെ മേലെയാണ്. നിയമവ്യവസ്ഥകളും, ഭരണകൂട മര്‍ദ്ദനോപാധികളും, സദാചാര സംഹിതകളും എപ്പോഴും ലക്ഷ്യം വെച്ചിട്ടുള്ളത് ശരീരങ്ങളെയാണ്. പ്രജാശരീരങ്ങള്‍, പൗരശരീരങ്ങള്‍, ദളിത്-ആദിവാസി ശരീരങ്ങള്‍, സവര്‍ണ്ണ, അവര്‍ണ്ണ, മതശരീരങ്ങള്‍, സ്ത്രീ-പുരുഷ ശരീരങ്ങള്‍ എന്നിങ്ങനെ ശരീരങ്ങളെ ചെത്തിമിനുക്കി വര്‍ഗ്ഗീകരിച്ചിട്ടുണ്ട്. അധികാരത്തിന്റെ ആവാസവ്യവസ്ഥ ശരീരങ്ങളാണ്. രോഗങ്ങള്‍ ശരീരങ്ങളിലേല്‍പ്പിക്കുന്ന വേദനകള്‍ ഇതുമായി തട്ടിക്കുമ്പോള്‍ തുലോം എത്ര തുച്ഛമാണ്. ലോക്കപ്പു മുതല്‍ കഴുമരം വരെയുള്ളതെല്ലാം ഉന്നം വെക്കുന്നത് ശീലക്കേട് കാണിക്കുന്ന, വഴങ്ങാത്ത, അനുസരണയില്ലാത്ത ശരീരങ്ങളെ! മിഷേല്‍ ഫുക്കോ പള്ളികളേയും സ്‌കൂളുകളേയും കുടുംബത്തേയും ആശുപത്രികളേയും ഈ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എല്ലാം ചേര്‍ന്നാണ് വേദനയുടെ വ്യാപാരം നടത്തുന്നത്, ലൈംഗികോര്‍ജ്ജമടക്കം ശരീരത്തിന്റെ എല്ലാ ആനന്ദങ്ങളെയും വരുതിയില്‍ നിര്‍ത്തുന്നത്. ശരീരം വേദന ആനന്ദം എന്നിവ കേവലം വൈദ്യശാസ്ത്രത്തിന്റെ ആതുര ചികിത്സയുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ല. മനുഷ്യശരീരം നേരത്തെ പറഞ്ഞ അനവധി സ്ഥാപനങ്ങളുടെ കൂട്ടുകൃഷിയിലൂടെ നിര്‍മ്മിക്കപ്പെടുന്ന നിര്‍മ്മിതികളാണ്. ഭൂമിയില്‍ ആഹ്ലാദവും ആനന്ദവും നന്നേ കുറവ്; ധാരാളമുള്ളത് വേദനയും. കാര്‍മേഘാവൃതമായ ആകാശത്തില്‍ മിന്നല്‍ പിണര്‍പോലെ അപൂര്‍വ്വം! അതുകൊണ്ടാണ്, ‘ആനന്ദമാണ് പങ്കുവെക്കപ്പെടേണ്ടത്, വേദനയല്ല (Share Joy not Pain) എന്ന് നീത്‌ഷെ പറഞ്ഞത്.
കൊടും വേദനയിലും അപരര്‍ക്ക് നന്മ വരുന്നതില്‍ ആനന്ദിക്കുന്നവരാണ് മഹാമനീഷികള്‍. പ്രോമിത്യൂസിനെപോലെ. കൃസ്തുവിനെപോലെ. അപകടകരമായി ജീവിക്കാനും കൊടും വേദനകളെപോലും അതിജീവിക്കാനും കഴിയുന്നവര്‍. വേദനയെ ആനന്ദമായി രൂപാന്തരപ്പെടുത്തുന്ന ആല്‍ക്കെമിസ്റ്റുകള്‍. അവരുടെ സ്വന്തം ദൈവങ്ങളെ അവര്‍തന്നെ സൃഷ്ടിക്കും. ഹോമര്‍ സൃഷ്ടിച്ച ഒളിമ്പ്യന്‍ ദൈവങ്ങളെപോലെ. താന്‍ കണ്ട വേദനകളും യാതനകളും വാര്‍ദ്ധക്യപീഢകളും മരണങ്ങളും സിദ്ധാര്‍ത്ഥനെ ബുദ്ധനാക്കിയില്ലേ? ജീവിതം എന്താണെന്ന് എനിക്കറിയാം, അത് നഷ്ടപ്പെടുന്നതിന്റെ വക്കില്‍ നിന്ന്, മരണത്തെ തൊട്ട് മടങ്ങിയവനാണ് ഞാന്‍ എന്ന് പലരും പറയാറില്ലേ? മരണവും വേദനയുമാണ് അവരെ വിവേകികളാക്കുന്നത്. ആഹ്ലാദങ്ങള്‍ കടലിലെ തിരകളാണ്. ഉപരിതലങ്ങളാണ്. നൈമിഷികം. പെട്ടെന്ന് കത്തിയമരുന്ന ജ്വാലപോലെ. ക്രൗഞ്ചപക്ഷികളുടെ വേദനയില്‍ നിന്നല്ലേ ആദികാവ്യത്തിന്റെ ജന്മം. വേദന അനന്യമാണ്. ടോള്‍സ്റ്റോയിയുടെ അന്നാകരനീനയിലെ ആദ്യ വാചകം ഓര്‍മ്മയില്ലേ: ‘All happy families are alike; each unhappy family is unhappy in its own way.’ വേദനയില്‍ വിനയമുണ്ടാവും. ഐക്യപ്പെടലും. അത് വ്യക്തികളെ ചേര്‍ത്ത് നിര്‍ത്തും. മനസ്സുകൊണ്ടും സ്വര്‍ശം കൊണ്ടും. ആഹ്ലാദത്തില്‍ ചിതറലാണ്. അസൂയയും, മത്സരവും, ശത്രുതയും, അപകര്‍ഷതയും അതിന്റെ ഉപോത്പന്നങ്ങളാകാനിടയുണ്ട്. ഒരാള്‍ വേദനിക്കുന്നത് കാണുമ്പോള്‍ നാം അസൂയപ്പെടാറില്ലല്ലോ, എനിക്കും ആ വേദന കിട്ടിയില്ലല്ലോ എന്നോര്‍ത്ത്! പക്ഷേ പുതിയ കാര്‍ വാങ്ങുമ്പോള്‍, മാളിക വെക്കുമ്പോള്‍, ലോട്ടറി കിട്ടുമ്പോള്‍ അങ്ങിനെയല്ല, മറിച്ചാണ് സംഭവിക്കുക.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാദ്ധ്യമായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷവും ഏറ്റവും കുറഞ്ഞ അളവില്‍ വേദനയും ഉറപ്പാക്കുകയാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം എന്ന് തോന്നുന്നു. അത് എത്രത്തോളം സാദ്ധ്യമാണെന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. സ്വര്‍ഗ്ഗത്തോളം ആനന്ദിക്കുന്നവര്‍ നരകത്തോളം വേദനിക്കേണ്ടി വന്നാലോ? പുരാതന ഗ്രീസിലെ സ്റ്റോയിക്കുകള്‍ ചോദിക്കുകയാണ്. ഏറ്റവും കുറഞ്ഞ അളവിലുള്ള ആനന്ദം മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഏറ്റവും കുറഞ്ഞ വേദന എന്ന ലക്ഷ്യം എങ്കിലേ സാദ്ധ്യമാകൂ എന്നാണ് അവരുടെ പ്രമാണം. ആധുനിക സമൂഹങ്ങള്‍ ഇതിന് നേര്‍ എതിര്‍ദിശയിലാണോ സഞ്ചരിക്കുന്നത്? അത് ഒരുപാട് രോഗങ്ങള്‍ തുടച്ചുനീക്കി. അനവധി വേദനകള്‍ ഇല്ലാതാക്കി. സഹനീയമാക്കി. കൃത്യതയും കാര്യക്ഷമതയുമുള്ള വേദന സംഹാരികളും പ്രക്രിയകളും ആധുനിക വൈദ്യത്തിന്റെ ആര്‍മറിയിലുണ്ട്. ആഹ്ലാദം/ആനന്ദം നേര്‍രേഖയില്‍ ഉച്ചിയിലേക്ക് കുതിക്കുകയാണോ? അറിയില്ല. വാര്‍ദ്ധക്യവും മരണവും പോലും കീഴടക്കാനാവുമെന്ന തരത്തില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. ധൈഷണികതയുള്ള യന്ത്രമനുഷ്യന്‍ വന്നുകഴിഞ്ഞു. മനുഷ്യരെയെല്ലാം അശ്വത്ഥാമാക്കളാക്കാനുള്ള മോഹചിന്തയിലാണ് ശാസ്ത്രം! പക്ഷേ അദ്ദേഹം ചെയ്തുകൂട്ടിയെന്ന് പറയപ്പെടുന്ന കൊടും പാപങ്ങള്‍ക്കുള്ള ശിക്ഷയായിട്ടാണ് ഭഗവാന്‍ കൃഷ്ണന്‍ അശ്വത്ഥാമാവിന് അമരത്വം ശപിക്കുന്നത്. മരണമില്ലായ്മ ഒരു ശാപമാണ്, അനുഗ്രഹമല്ല എന്നല്ലേ അതിന്റെ ഗുണപാഠം. മരണമാണ് ജീവിതത്തെ മനോഹരമാക്കുന്നതും, ജീവിക്കാന്‍ കൊള്ളാവുന്നതാക്കുന്നതും. അതില്ലെങ്കില്‍ മടുപ്പിക്കുന്ന, ക്ഷീണിപ്പിക്കുന്ന വെറുപ്പിക്കുന്ന ഒരു ഏര്‍പ്പാടാവില്ലേ ജീവിതം?
വെട്ടിപ്പിടുത്തവും, കീഴടക്കലും ശാസ്ത്രത്തിന്റെ ഡി.എന്‍.എയിലുണ്ടെന്ന് തോന്നിപ്പോകും. എന്തൊക്കെയായാലും അത് ഒരു കൊളോണിയല്‍ കസിനല്ലേ? സത്യം കണ്ടെത്താനുള്ള യുദ്ധസമാനമായ ഒരു instinct അതിനുണ്ട്. പഴയ സമൂഹങ്ങളുടെ ‘അന്ധവിശ്വാസങ്ങളെ’ മാറ്റിമറിക്കാനുള്ള ഒരു missionary spirit അതിന് സ്വന്തമാണ്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയില്‍ ഇതെല്ലാം ചേര്‍ന്ന് ഭൂമിയെ മാറാരോഗങ്ങളിലേക്ക് എത്തിച്ചിരിക്കുന്നുവെന്നതും വസ്തുതയാണ്. ഭൂമി ആസന്നമരണയാണ്, കവി പാടിയതുപോലെ. എലിയറ്റിന്റെ waste land കവിതയില്‍ നിന്ന് നാട്ടിലിറങ്ങി. നഗരങ്ങളും നാട്ടിന്‍പുറങ്ങളും ആഴിയും പര്‍വ്വതങ്ങളും ശൂന്യാകാശവും കീഴടക്കി. ഭൂമിയുടെ രോഗമാണ് മനുഷ്യന്‍ എന്നത് അതിശയോക്തിയല്ലാതായതുപോലെ. ആന്ത്രോപ്പോസീന്‍ എന്ന ജിയോളജിക്കല്‍ കല്പനയും കൊളോണിയല്‍ കസിനും ഇരട്ടകളായിരുന്നുവെന്ന് നമുക്ക് തിരിച്ചറിവായി.
എല്ലാം അറിയുന്നതിനുള്ള ശാസ്ത്രവ്യഗ്രതയില്‍ ‘എല്ലാം അറിയുന്നത് വിഡ്ഢികള്‍ മാത്രമാണ്’ എന്ന ആഫ്രിക്കന്‍ പഴമൊഴിയിലെ വിവേകം തമസ്‌കൃതമായി. ഈജിപ്തില്‍ നിന്നുള്ള ഒരു പഴയ കഥയും ഈ ഉള്‍ക്കാഴ്ച പങ്കുവെക്കുന്നതാണ്. ഒരു ക്ഷേത്രത്തില്‍ തിരശ്ശീലകൊണ്ട് മൂടിയിട്ട ഐസിസ് ദേവതയുടെ ഒരു വിഗ്രഹമുണ്ട്. അതിന്റെ താഴെ ശിലാഫലകത്തില്‍ ഇങ്ങിനെ കുറിച്ചിരിക്കുന്നു: I am all that is, was, and will be, No mortal has ever lifted my veil.’ സത്യമറിയാനുള്ള ജ്വരത്തില്‍ ഒരു യുവാവ് രാത്രിയില്‍ രഹസ്യമായി ക്ഷേത്രത്തിലെത്തി തിരശ്ശീല മാറ്റിനോക്കുന്നു. പ്രഭാതത്തില്‍ അയാളുടെ മൃതദേഹമാണ് ക്ഷേത്രത്തിലെത്തിയവര്‍ കണ്ടതെന്നാണ് കഥ. ഭൂമിയിലെ മറ്റൊരു ജീവിക്കും വേണ്ടാത്ത വേഗം, toxic pleasures, സൗന്ദര്യം, ആയുര്‍ദൈര്‍ഘ്യം, സമ്പത്ത്, ഉപഭോഗം… അങ്ങിനെ പോകുന്നു മനുഷ്യന്റെ ആര്‍ത്തിയുടെ ഒടുങ്ങാത്ത പരമ്പര. ദുരിതപര്‍വ്വങ്ങളുടെ ആരംഭത്തില്‍ തന്നെ ഇതിന്റെ ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി കാണുന്നതിനും മുന്നറിയിപ്പുകള്‍ നല്കുന്നതിനും മഹാമനീഷികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. തര്‍ക്കോവ്‌സ്‌കി തന്റെ സിനിമയില്‍ പറഞ്ഞതുപോലെ യൂടേണ്‍ എടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഭൂമിയുടെയും മനുഷ്യനടങ്ങുന്ന മുഴുവന്‍ ജന്തുക്കളുടെയും പ്രകൃതിയുടെയും ഭൂമിയുടേയും മഹാവേദനകള്‍ ദീര്‍ഘദര്‍ശനം ചെയ്യാനായ ഒരു വൃദ്ധനും പറഞ്ഞിരുന്നു: ‘ഭൂമിയിലെ മുഴുവന്‍ ആളുകള്‍ക്കും വേണ്ടത് വേണ്ടുവോളം ഉണ്ട്, പക്ഷേ ആര്‍ത്തിക്കുള്ളത് ഉണ്ടാവില്ല.’ അതെല്ലാം ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചത്. പക്ഷേ വൈകാതെതന്നെ ഭൂമി സര്‍വ്വം സഹയല്ലെന്ന് വിളിച്ചുപറയാന്‍ തുടങ്ങി. ഭൂമിയുടെ മഹാവേദനകള്‍ക്കുള്ള, മുറിവുകള്‍ക്കുള്ള സാന്ത്വന ചികിത്സ എന്താണ്? ഭൂമിയുടെ, അതിലെ മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ, വൃക്ഷലതാദികളുടെ സ്വാസ്ഥ്യവും ആനന്ദവും വീണ്ടെടുക്കുന്നതെങ്ങിനെ? അതിന്റെ പ്രോട്ടോക്കോളുകള്‍ എവിടെ? വ്യക്തമായ ഉത്തരങ്ങള്‍ ഇല്ലാതെ ചോദ്യങ്ങള്‍ അനാഥമായി അലയുന്നു.
വേദനകളുടെ ഈ മഹാപ്രപഞ്ചം തുറന്നിട്ടത് നിരാശയിലേക്ക് രാജിയാവാനല്ല. എത്രമാത്രം വേദനകള്‍ക്ക് വിധേയപ്പെടുമ്പോഴും പ്രതീക്ഷകള്‍ ഉലയാതെ സൂക്ഷിക്കേണ്ടതുണ്ട്. ജീവിതത്തോടുള്ള ആഭിമുഖ്യം, വേദനിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന, ആനന്ദം പകരുന്ന ഒരു തലോടല്‍, ഞങ്ങള്‍ ഒപ്പമുണ്ട് എന്ന് പറയാനുള്ള സന്നദ്ധത- ഇതെല്ലാം മനുഷ്യനായി തുടരുന്നതിന്റെ അനിവാര്യതകളാണ്. എല്ലാ വേദനകള്‍ക്കു നടുവിലും, ഒരാള്‍ ജീവിതത്തിന്റെ കേവലാനന്ദം അറിയുന്നുവോ എന്നതാണ് കാര്യം. വേദനകളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍, അതേജീവിതം പലതവണകള്‍ ആവര്‍ത്തിക്കട്ടെ എന്ന് ശപിക്കുന്ന പിശാചിനോട് ”നീ എത്ര നല്ലവനാണ്. ഇത്രയും ദൈവീകമായ ഒരു വാചകം ഞാന്‍ കേട്ടിട്ടില്ല.” എന്ന സരതുഷ്ട്ര പ്രവാചകന്റെ പ്രതികരണത്തിലെ പൊരുള്‍ അതാണ്.
